A         A         A         A

008 രൂത്ത് - Ruth

ബൈബിള്‍ - സത്യവേദപുസ്തകം
 <  1 2 3 4

* ----------------------------------------

രൂത്ത് അദ്ധ്യായം 1  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22

1:1 ന്യായാധിപന്മാർ ന്യായപാലനം നടത്തിയ കാലത്തു ഒരിക്കൽ ദേശത്തു ക്ഷാമം ഉണ്ടായി; യെഹൂദയിലെ ബേത്ത്ളേഹെമിലുള്ള ഒരു ആൾ തന്റെ ഭാര്യയും രണ്ടു പുത്രന്മാരുമായി മോവാബ്‌ദേശത്ത് പരദേശിയായി പാർപ്പാൻ പോയി.

1:2 അവന്നു എലീമേലെൿ എന്നും ഭാര്യക്കു നൊവൊമി എന്നും രണ്ടു പുത്രന്മാർക്കു മഹ്ളോൻ എന്നും കില്യോൻ എന്നും പേർ. അവർ യെഹൂദയിലെ ബേത്ത്ളഹെമിൽനിന്നുള്ള എഫ്രാത്യർ ആയിരുന്നു; അവർ മോവാബ്‌ദേശത്തു ചെന്നു അവിടെ താമസിച്ചു.

1:3 എന്നാൽ നൊവൊമിയുടെ ഭർത്താവായ എലീമേലെൿ മരിച്ചു; അവളും രണ്ടു പുത്രന്മാരും ശേഷിച്ചു.

1:4 അവർ മോവാബ്യസ്ത്രീകളെ വിവാഹം കഴിച്ചു. ഒരുത്തിക്കു ഒർപ്പാ എന്നും മറ്റവൾക്കു രൂത്ത് എന്നും പേർ; അവർ ഏകദേശം പത്തു സംവത്സരം അവിടെ പാർത്തു.

1:5 പിന്നെ മഹ്ളോനും കില്യോനും ഇരുവരും മരിച്ചു; അങ്ങനെ രണ്ടു പുത്രന്മാരും ഭർത്താവും കഴിഞ്ഞിട്ടു ആ സ്ത്രീ മാത്രം ശേഷിച്ചു.

 < 
1:6 യഹോവ തന്റെ ജനത്തെ സന്ദർശിച്ചു ആഹാരം കൊടുത്തപ്രകാരം അവൾ മോവാബ്‌ദേശത്തുവെച്ചു കേട്ടിട്ടു മോവാബ്‌ദേശം വിട്ടു മടങ്ങിപ്പോകുവാൻ തന്റെ മരുമക്കളോടുകൂടെ പുറപ്പെട്ടു.

1:7 അങ്ങനെ അവൾ മരുമക്കളുമായി പാർത്തിരുന്ന സ്ഥലം വിട്ടു യെഹൂദാദേശത്തേക്കു മടങ്ങിപ്പോകുവാൻ യാത്രയായി.

1:8 എന്നാൽ നൊവൊമി മരുമക്കൾ ഇരുവരോടും: നിങ്ങൾ താന്താന്റെ അമ്മയുടെ വീട്ടിലേക്കു മടങ്ങിപ്പോകുവിൻ; മരിച്ചവരോടും എന്നോടും നിങ്ങൾ ചെയ്തതുപോലെ യഹോവ നിങ്ങളോടും ദയചെയ്യുമാറാകട്ടെ.

1:9 നിങ്ങൾ താന്താന്റെ ഭർത്താവിന്റെ വീട്ടിൽ വിശ്രാമം പ്രാപിക്കേണ്ടതിന്നു യഹോവ നിങ്ങൾക്കു കൃപ നല്കുമാറാകട്ടെ എന്നു പറഞ്ഞു അവരെ ചുംബിച്ചു; അവർ ഉച്ചത്തിൽ കരഞ്ഞു.

1:10 അവർ അവളോടു: ഞങ്ങളും നിന്നോടുകൂടെ നിന്റെ ജനത്തിന്റെ അടുക്കൽ പോരുന്നു എന്നു പറഞ്ഞു.

 < 
1:11 അതിന്നു നൊവൊമി പറഞ്ഞതു: എന്റെ മക്കളേ, നിങ്ങൾ മടങ്ങിപ്പൊയ്ക്കൊൾവിൻ; എന്തിന്നു എന്നോടുകൂടെ പോരുന്നു? നിങ്ങൾക്കു ഭർത്താക്കന്മാരായിരിപ്പാൻ ഇനി എന്റെ ഉദരത്തിൽ പുത്രന്മാർ ഉണ്ടോ?

1:12 എന്റെ മക്കളേ, മടങ്ങിപ്പൊയ്ക്കൊൾവിൻ; ഒരു പുരുഷന്നു ഭാര്യയായിരിപ്പാൻ എനിക്കു പ്രായം കഴിഞ്ഞുപോയി; അല്ല, അങ്ങനെ ഒരു ആശ എനിക്കുണ്ടായിട്ടു ഈ രാത്രി തന്നേ ഒരു പുരുഷന്നു ഭാര്യയായി പുത്രന്മാരെ പ്രസവിച്ചാലും

1:13 അവർക്കു പ്രായമാകുവോളം നിങ്ങൾ അവർക്കായിട്ടു കാത്തിരിക്കുമോ? നിങ്ങൾ ഭർത്താക്കന്മാരെ എടുക്കാതെ നില്ക്കുമോ? അതു വേണ്ടാ, എന്റെ മക്കളേ; യഹോവയുടെ കൈ എനിക്കു വിരോധമായി പുറപ്പെട്ടിരിക്കയാൽ നിങ്ങളെ വിചാരിച്ചു ഞാൻ വളരെ വ്യസനിക്കുന്നു.

1:14 അവർ പിന്നെയും പൊട്ടിക്കരഞ്ഞു; ഒർപ്പാ അമ്മാവിയമ്മയെ ചുംബിച്ചു പിരിഞ്ഞു; രൂത്തോ അവളോടു പറ്റിനിന്നു.

1:15 അപ്പോൾ അവൾ: നിന്റെ സഹോദരി തന്റെ ജനത്തിന്റെയും തന്റെ ദേവന്റെയും അടുക്കൽ മടങ്ങിപ്പോയല്ലോ; നീയും നിന്റെ സഹോദരിയുടെ പിന്നാലെ പൊയ്ക്കൊൾക എന്നു പറഞ്ഞു.

 < 
1:16 അതിന്നു രൂത്ത്: നിന്നെ വിട്ടുപിരിവാനും നിന്റെ കൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാർക്കുന്നേടത്തു ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം.

1:17 നീ മരിക്കുന്നേടത്തു ഞാനും മരിച്ചു അടക്കപ്പെടും; മരണത്താലല്ലാതെ ഞാൻ നിന്നെ വിട്ടുപിരിഞ്ഞാൽ യഹോവ തക്കവണ്ണവും അധികവും എന്നോടു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.

1:18 തന്നോടു കൂടെ പോരുവാൻ അവൾ ഉറെച്ചിരിക്കുന്നു എന്നു കണ്ടപ്പോൾ അവൾ അവളോടു സംസാരിക്കുന്നതു മതിയാക്കി.

1:19 അങ്ങനെ അവർ രണ്ടുപേരും ബേത്ത്ളേഹെംവരെ നടന്നു; അവർ ബേത്ത്ളേഹെമിൽ എത്തിയപ്പോൾ പട്ടണം മുഴുവനും അവരുടെനിമിത്തം ഇളകി; ഇവൾ നൊവൊമിയോ എന്നു സ്ത്രീജനം പറഞ്ഞു.

1:20 അവൾ അവരോടു പറഞ്ഞതു: നൊവൊമി എന്നല്ല മാറാ എന്നു എന്നെ വിളിപ്പിൻ; സർവ്വശക്തൻ എന്നോടു ഏറ്റവും കൈപ്പായുള്ളതു പ്രവർത്തിച്ചിരിക്കുന്നു.

 < 
1:21 നിറഞ്ഞവളായി ഞാൻ പോയി, ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കിവരുത്തിയിരിക്കുന്നു; യഹോവ എനിക്കു വിരോധമായി സാക്ഷീകരിക്കയും സർവ്വശക്തൻ എന്നെ ദുഃഖിപ്പിക്കയും ചെയ്തിരിക്കെ നിങ്ങൾ എന്നെ നൊവൊമി എന്നു വിളിക്കുന്നതു എന്തു?

1:22 ഇങ്ങനെ നൊവൊമി മോവാബ്‌ദേശത്തുനിന്നു കൂടെ പോന്ന മരുമകൾ രൂത്ത് എന്ന മോവാബ്യസ്ത്രീയുമായി മടങ്ങിവന്നു; അവർ യവക്കൊയ്ത്തിന്റെ ആരംഭത്തിൽ ബേത്ത്ളേഹെമിൽ എത്തി.


* ----------------------------------------

രൂത്ത് അദ്ധ്യായം 2  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23

2:1 നൊവൊമിക്കു തന്റെ ഭർത്താവായ എലീമേലെക്കിന്റെ കുടുംബത്തിൽ മഹാധനവാനായ ഒരു ചാർച്ചക്കാരൻ ഉണ്ടായിരുന്നു; അവന്നു ബോവസ് എന്നു പേർ.

2:2 എന്നാൽ മോവാബ്യസ്ത്രീയായ രൂത്ത് നൊവൊമിയോടു: ഞാൻ വയലിൽ ചെന്നു എന്നോടു ദയ കാണിക്കുന്നവനെ ആശ്രയിച്ചു കതിർ പെറുക്കട്ടെ എന്നു ചോദിച്ചു. പൊയ്ക്കൊൾക മകളേ എന്നു അവൾ അവളോടു പറഞ്ഞു.

2:3 അങ്ങനെ അവൾ പോയി; വയലിൽ കൊയ്ത്തുകാരുടെ പിന്നാലെ ചെന്നു പെറുക്കി; ഭാഗ്യവശാൽ അവൾ എലീമേലെക്കിന്റെ കുടുംബക്കാരനായ ബോവസിന്നുള്ള വയലിൽ ആയിരുന്നു ചെന്നതു.

2:4 അപ്പോൾ ഇതാ, ബോവസ് ബേത്ത്ളെഹെമിൽനിന്നു വരുന്നു; അവൻ കൊയ്ത്തുകാരോടു: യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ എന്നു പറഞ്ഞു. യഹോവ നിന്നെ അനുഗ്രഹിക്കട്ടെ എന്നു അവർ അവനോടും പറഞ്ഞു.

2:5 കൊയ്ത്തുകാരുടെ മേലാളായിരുന്ന ഭൃത്യനോടു: ഈ യുവതി ഏതു എന്നു ബോവസ് ചോദിച്ചു.

 < 
2:6 കൊയ്ത്തുകാരുടെ മേലാളായ ഭൃത്യൻ: ഇവൾ മോവാബ്ദേശത്തുനിന്നു നൊവൊമിയോടുകൂടെ വന്ന മോവാബ്യയുവതിയാകുന്നു;

2:7 ഞാൻ കൊയ്ത്തുകാരുടെ പിന്നാലെ കറ്റകളുടെ ഇടയിൽ പെറുക്കിക്കൊള്ളട്ടെ എന്നു അവൾ ചോദിച്ചു; അങ്ങനെ അവൾ കാലത്തു വന്നു ഇതുവരെ പെറുക്കിക്കൊണ്ടിരിക്കുന്നു; വീട്ടിൽ അല്പനേരമേ താമസിച്ചുള്ളു എന്നുത്തരം പറഞ്ഞു.

2:8 ബോവസ് രൂത്തിനോടു: കേട്ടോ മകളേ, പെറുക്കുവാൻ വേറൊരു വയലിൽ പോകേണ്ടാ; ഇവിടം വിടുകയും വേണ്ടാ; ഇവിടെ എന്റെ ബാല്യക്കാരത്തികളോടു ചേർന്നുകൊൾക.

2:9 അവർ കൊയ്യുന്ന നിലത്തിന്മേൽ ദൃഷ്ടിവെച്ചു അവരുടെ പിന്നാലെ പൊയ്ക്കൊൾക; ബാല്യക്കാർ നിന്നെ തൊടരുതെന്നു ഞാൻ അവരോടു കല്പിച്ചിട്ടുണ്ടു. നിനക്കു ദാഹിക്കുമ്പോൾ പാത്രങ്ങൾക്കരികെ ചെന്നു ബാല്യക്കാർ കോരിവെച്ചതിൽനിന്നു കുടിച്ചുകൊൾക എന്നു പറഞ്ഞു.

2:10 എന്നാറെ അവൾ സാഷ്ടാംഗം വീണു അവനോടു: ഞാൻ അന്യദേശക്കാരത്തി ആയിരിക്കെ നീ എന്നെ വിചാരിപ്പാൻ തക്കവണ്ണം നിനക്കു എന്നോടു ദയതോന്നിയതു എങ്ങനെ എന്നു പറഞ്ഞു.

 < 
2:11 ബോവസ് അവളോടു: നിന്റെ ഭർത്താവു മരിച്ചശേഷം അമ്മാവിയമ്മെക്കു നീ ചെയ്തിരിക്കുന്നതും നിന്റെ അപ്പനെയും അമ്മയെയും സ്വദേശത്തെയും വിട്ടു, മുമ്പെ അറിയാത്ത ജനത്തിന്റെ അടുക്കൽ വന്നിരിക്കുന്നതുമായ വിവരമൊക്കെയും ഞാൻ കേട്ടിരിക്കുന്നു.

2:12 നിന്റെ പ്രവൃത്തിക്കു യഹോവ പകരം നല്കട്ടെ; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻ കീഴെ ആശ്രയിച്ചുവന്നിരിക്കുന്ന നിനക്കു അവൻ പൂർണ്ണപ്രതിഫലം തരുമാറാകട്ടെ എന്നുത്തരം പറഞ്ഞു.

2:13 അതിന്നു അവൾ: യജമാനനേ, ഞാൻ നിന്റെ ദാസിമാരിൽ ഒരുത്തിയെപ്പോലെയല്ല എന്നുവരികിലും നീ എന്നെ ആശ്വസിപ്പിക്കയും അടിയനോടു ദയയായി സംസാരിക്കയും ചെയ്‍വാൻ തക്കവണ്ണം എന്നോടു നിനക്കു കൃപതോന്നിയല്ലോ എന്നു പറഞ്ഞു.

2:14 ഭക്ഷണസമയത്തു ബോവസ് അവളോടു: ഇവിടെ വന്നു ഭക്ഷണം കഴിക്ക; കഷണം ചാറ്റിൽ മുക്കിക്കൊൾക എന്നു പറഞ്ഞു. അങ്ങനെ അവൾ കൊയ്ത്തുകാരുടെ അരികെ ഇരുന്നു; അവൻ അവൾക്കു മലർ കൊടുത്തു; അവൾ തിന്നു തൃപ്തയായി ശേഷിപ്പിക്കയും ചെയ്തു.

2:15 അവൾ പെറുക്കുവാൻ എഴുന്നേറ്റപ്പോൾ ബോവസ് തന്റെ ബാല്യക്കാരോടു: അവൾ കറ്റകളുടെ ഇടയിൽതന്നേ പെറുക്കിക്കൊള്ളട്ടെ; അവളെ ഉപദ്രവിക്കരുതു.

 < 
2:16 പെറുക്കേണ്ടതിന്നു അവൾക്കായിട്ടു കറ്റകളിൽനിന്നു വലിച്ചിട്ടേക്കേണം; അവളെ ശകാരിക്കരുതു എന്നു കല്പിച്ചു.

2:17 ഇങ്ങനെ അവൾ വൈകുന്നേരംവരെ പെറുക്കി; പെറുക്കിയതു മെതിച്ചപ്പോൾ ഏകദേശം ഒരുപറ യവം ഉണ്ടായിരുന്നു.

2:18 അവൾ അതു എടുത്തുംകൊണ്ടു പട്ടണത്തിലേക്കു പോയി; അവൾ പെറുക്കിക്കൊണ്ടുവന്നതു അമ്മാവിയമ്മ കണ്ടു; താൻ തിന്നു ശേഷിപ്പിച്ചിരുന്നതും അവൾ എടുത്തു അവൾക്കു കൊടുത്തു.

2:19 അമ്മാവിയമ്മ അവളോടു: നീ ഇന്നു എവിടെയായിരുന്നു പെറുക്കിയതു? എവിടെയായിരുന്നു വേല ചെയ്തതു? നിന്നോടു ആദരവു കാണിച്ചവൻ ആനുഗ്രഹിക്കപ്പെട്ടവൻ എന്നു പറഞ്ഞു. താൻ ഇന്ന ആളുടെ അടുക്കലായിരുന്നു വേല ചെയ്തതു എന്നു അവൾ അമ്മാവിയമ്മയോടു അറിയിച്ചു: ബോവസ് എന്നൊരു ആളുടെ അടുക്കലായിരുന്നു ഞാൻ ഇന്നു വേല ചെയ്തതു എന്നു പറഞ്ഞു.

2:20 നൊവൊമി മരുമകളോടു: ജീവനുള്ളവരോടും മരിച്ചവരോടും ദയവിടാതിരിക്കുന്ന യഹോവയാൽ അവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു പറഞ്ഞു. അയാൾ നമുക്കു അടുത്ത ചാർച്ചക്കാരനും നമ്മുടെ വീണ്ടെടുപ്പുകാരിൽ ഒരുത്തനും ആകുന്നു എന്നും നൊവൊമി അവളോടു പറഞ്ഞു.

 < 
2:21 എന്റെ ബാല്യക്കാർ കൊയ്ത്തെല്ലാം തീർക്കുവോളം അവരോടു ചേന്നിരിക്ക എന്നുകൂടെ അവൻ എന്നോടു പറഞ്ഞു എന്നു മോവാബ്യസ്ത്രീയായ രൂത്ത് പറഞ്ഞു.

2:22 നൊവൊമി തന്റെ മരുമകളായ രൂത്തിനോടു: മകളേ, വെറൊരു വയലിൽവെച്ചു ആരും നിന്നെ ഉപദ്രവിക്കാതിരിക്കേണ്ടതിന്നു നീ അവന്റെ ബാല്യക്കാരത്തികളോടുകൂടെ തന്നേ പോകുന്നതു നന്നു എന്നു പറഞ്ഞു.

2:23 അങ്ങനെ അവൾ യവക്കൊയ്ത്തും കോതമ്പുകൊയ്ത്തും തീരുവോളം പെറുക്കുവാൻ ബോവസിന്റെ ബാല്യക്കാരത്തികളോടു ചേർന്നിരിക്കയും അമ്മാവിയമ്മയോടുകൂടെ പാർക്കയും ചെയ്തു.


* ----------------------------------------

രൂത്ത് അദ്ധ്യായം 3  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18

3:1 അനന്തരം അവളുടെ അമ്മാവിയമ്മയായ നൊവൊമി അവളോടു പറഞ്ഞതു: മകളേ, നിനക്കു നന്നായിരിക്കേണ്ടതിന്നു ഞാൻ നിനക്കു വേണ്ടി ഒരു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടയോ?

3:2 നീ ചേർന്നിരുന്ന ബാല്യക്കാരത്തികളുടെ യജമാനനായ ബോവസ് നമ്മുടെ ചാർച്ചക്കാരനല്ലയോ? അവൻ ഇന്നു രാത്രി കളത്തിൽ യവം തൂറ്റുന്നു.

3:3 ആകയാൽ നീ കുളിച്ചു തൈലം പൂശി വസ്ത്രം ധരിച്ചു കളത്തിൽ ചെല്ലുക; ആയാൾ തിന്നു കുടിച്ചു കഴിയുംവരെ നിന്നെ കാണരുതു.

3:4 ഉറങ്ങുവാൻ പോകുമ്പോൾ അവൻ കിടക്കുന്ന സ്ഥലം മനസ്സിലാക്കി ചെന്നു അവന്റെ കാലിന്മേലുള്ള പുതപ്പു പൊക്കി അവിടെ കിടന്നു കൊൾക; എന്നാൽ നീ എന്തു ചെയ്യേണമെന്നു അവൻ നിനക്കു പറഞ്ഞുതരും.

3:5 അതിന്നു അവൾ: നീ പറയുന്നതൊക്കെയും ഞാൻ ചെയ്യാം എന്നു അവളോടു പറഞ്ഞു.

 < 
3:6 അങ്ങനെ അവൾ കളത്തിൽ ചെന്നു അമ്മാവിയമ്മ കല്പിച്ചതുപോലെ ഒക്കെയും ചെയ്തു.

3:7 ബോവസ് തിന്നു കുടിച്ചു ഹൃദയം തെളിഞ്ഞശേഷം യവക്കൂമ്പാരത്തിന്റെ ഒരു വശത്തു ചെന്നു കിടന്നു; അവളും പതുക്കെ ചെന്നു അവന്റെ കാലിന്മേലുള്ള പുതപ്പു പൊക്കി അവിടെ കിടന്നു.

3:8 അർദ്ധരാത്രിയിൽ അവൻ ഞെട്ടിത്തിരിഞ്ഞു, തന്റെ കാൽക്കൽ ഒരു സ്ത്രീ കിടക്കുന്നതു കണ്ടു. നീ ആർ എന്നു അവൻ ചോദിച്ചു.

3:9 ഞാൻ നിന്റെ ദാസിയായ രൂത്ത്; നിന്റെ പുതപ്പു അടിയന്റെ മേൽ ഇടേണമേ; നീ വീണ്ടെടുപ്പുകാരനല്ലോ എന്നു അവൾ പറഞ്ഞു.

3:10 അതിന്നു അവൻ പറഞ്ഞതു: മകളേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൾ; ദരിദ്രന്മാരോ ധനവാന്മാരോ ആയ ബാല്യക്കാരെ നീ പിന്തുടരാതിരിക്കയാൽ ആദ്യത്തേതിൽ അധികം ദയ ഒടുവിൽ കാണിച്ചിരിക്കുന്നു.

 < 
3:11 ആകയാൽ മകളേ ഭയപ്പെടേണ്ടാ; നീ ചോദിക്കുന്നതൊക്കെയും ഞാൻ ചെയ്തുതരാം; നീ ഉത്തമ സ്ത്രീ എന്നു എന്റെ ജനമായ പട്ടണക്കാർക്കും എല്ലാവർക്കും അറിയാം.

3:12 ഞാൻ നിന്റെ വീണ്ടെടുപ്പുകാരൻ എന്നതു സത്യം തന്നേ; എങ്കിലും എന്നെക്കാൾ അടുത്ത ഒരു വീണ്ടെടുപ്പുകാരൻ ഉണ്ടു.

3:13 ഈ രാത്രി താമസിക്ക; നാളെ അവൻ നിനക്കു വീണ്ടെടുപ്പുകാരന്റെ മുറ നിവർത്തിച്ചാൽ കൊള്ളാം; അവൻ നിവർത്തിക്കട്ടെ; വീണ്ടെടുപ്പുകാരന്റെ മുറ നിവർത്തിപ്പാൻ അവന്നു മനസ്സില്ലെങ്കിലോ യഹോവയാണ ഞാൻ നിനക്കു വീണ്ടെടുപ്പുകാരന്റെ മുറ നിർവർത്തിച്ചുതരും; രാവിലെവരെ കിടന്നുകൊൾക.

3:14 അങ്ങനെ അവൾ രാവിലെവരെ അവന്റെ കാൽക്കൽ കിടന്നു; ഒരു സ്ത്രീ കളത്തിൽ വന്നതു ആരും അറിയരുതെന്നു അവൻ പറഞ്ഞിരുന്നതുകൊണ്ടു ആളറിയാറാകുംമുമ്പെ അവൾ എഴുന്നേറ്റു.

3:15 നീ ധരിച്ചിരിക്കുന്ന പുതപ്പു കൊണ്ടുവന്നു പിടിക്ക എന്നു അവൻ പറഞ്ഞു. അവൾ അതു പിടിച്ചപ്പോൾ അവൻ ആറിടങ്ങഴി യവം അതിൽ അളന്നുകൊടുത്തു; അവൾ പട്ടണത്തിലേക്കു പോയി.

 < 
3:16 അവൾ അമ്മാവിയമ്മയുടെ അടുക്കൽ വന്നപ്പോൾ: നിന്റെ കാര്യം എന്തായി മകളേ എന്നു അവൾ ചോദിച്ചു; ആയാൾ തനിക്കു ചെയ്തതൊക്കെയും അവൾ അറിയിച്ചു.

3:17 അമ്മാവിയമ്മയുടെ അടുക്കൽ വെറുങ്കയ്യായി പോകരുതു എന്നു അവൻ എന്നോടു പറഞ്ഞു ഈ ആറിടങ്ങഴി യവവും എനിക്കു തന്നു എന്നു അവൾ പറഞ്ഞു.

3:18 അതിന്നു അവൾ: എന്റെ മകളേ, ഈ കാര്യം എന്താകുമെന്നു അറിയുവോളം നീ അനങ്ങാതിരിക്ക; ഇന്നു ഈ കാര്യം തീർക്കുംവരെ ആയാൾ സ്വസ്ഥമായിരിക്കയില്ല എന്നു പറഞ്ഞു.


* ----------------------------------------

രൂത്ത് അദ്ധ്യായം 4  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22

4:1 എന്നാൽ ബോവസ് പട്ടണവാതിൽക്കൽ ചെന്നു അവിടെ ഇരുന്നു; ബോവസ് പറഞ്ഞിരുന്ന വീണ്ടെടുപ്പുകാരൻ കടന്നുപോകുന്നതു കണ്ടു: എടോ, ഇങ്ങോട്ടു വന്നു ഇവിടെ ഇരിക്ക എന്നു അവനോടു പറഞ്ഞു. അവൻ ചെന്നു അവിടെ ഇരുന്നു.

4:2 പിന്നെ അവൻ പട്ടണത്തിലെ മൂപ്പന്മാരിൽ പത്തുപേരെ വരുത്തി; ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു; അവരും ഇരുന്നു.

4:3 അപ്പോൾ അവൻ ആ വീണ്ടെടുപ്പുകാരനോടു പറഞ്ഞതു: മോവാബ്ദേശത്തുനിന്നു മടങ്ങിവന്നിരിക്കുന്ന നൊവൊമി നമ്മുടെ സഹോദരനായ എലീമേലെക്കിന്റെ വയൽ വില്ക്കുന്നു. ആകയാൽ നിന്നോടു അതു അറിയിപ്പാൻ ഞാൻ വിചാരിച്ചു; ഇവിടെ ഇരിക്കുന്നവരുടെയും ജനത്തിന്റെ മൂപ്പന്മാരുടെയും മുമ്പാകെ നീ അതു വിലെക്കു വാങ്ങുക;

4:4 നിനക്കു വീണ്ടെടുപ്പാൻ മനസ്സുണ്ടെങ്കിൽ വീണ്ടെടുക്ക; വീണ്ടെടുപ്പാൻ നിനക്കു മനസ്സില്ലെങ്കിൽ ഞാൻ അറിയേണ്ടതിന്നു എന്നോടു പറക; നീയും നീ കഴിഞ്ഞിട്ടു ഞാനും അല്ലാതെ വീണ്ടെടുപ്പാൻ ആരും ഇല്ല.

4:5 അതിന്നു അവൻ: ഞാൻ വീണ്ടെടുക്കാം എന്നു പറഞ്ഞു. അപ്പോൾ ബോവസ്: നീ നൊവൊമിയോടു വയൽ വാങ്ങുന്ന നാളിൽ മരിച്ചവന്റെ അവകാശത്തിന്മേൽ അവന്റെ പേർ നിലനിർത്തുവാൻ തക്കവണ്ണം മരിച്ചവന്റെ ഭാര്യ മോവാബ്യസ്ത്രീയായ രൂത്തിനെയും വാങ്ങേണം എന്നു പറഞ്ഞു.

 < 
4:6 അതിന്നു വീണ്ടെടുപ്പുകാരൻ: എനിക്കു അതു വീണ്ടെടുപ്പാൻ കഴികയില്ല; എന്റെ സ്വന്ത അവകാശം നഷ്ടമാക്കേണ്ടിവരും; ആകയാൽ ഞാൻ വീണ്ടെടുക്കേണ്ടതു നീ വീണ്ടെടുത്തുകൊൾക; എനിക്കു വീണ്ടെടുപ്പാൻ കഴികയില്ല എന്നു പറഞ്ഞു.

4:7 എന്നാൽ വീണ്ടെടുപ്പും കൈമാറ്റവും സംബന്ധിച്ചുള്ള കാര്യം ഉറപ്പാക്കുവാൻ ഒരുത്തൻ തന്റെ ചെരിപ്പൂരി മറ്റേവന്നു കൊടുക്കുന്നതു യിസ്രായേലിൽ പണ്ടു നടപ്പായിരുന്നു; ഇതായിരുന്നു യിസ്രായേലിൽ ഉറപ്പാക്കുന്ന വിധം.

4:8 അങ്ങനെ ആ വീണ്ടെടുപ്പുകാരൻ ബോവസിനോടു: നീ അതു വാങ്ങിക്കൊൾക എന്നു പറഞ്ഞു തന്റെ ചെരിപ്പൂരിക്കൊടുത്തു.

4:9 അപ്പോൾ ബോവസ് മൂപ്പന്മാരോടും സകല ജനത്തോടും പറഞ്ഞതു: എലീമേലെക്കിന്നുള്ളതൊക്കെയും കില്യോന്നും മഹ്ളോന്നും ഉള്ളതൊക്കെയും ഞാൻ നൊവൊമിയോടു വാങ്ങിയിരിക്കുന്നു എന്നതിന്നു നിങ്ങൾ ഇന്നു സാക്ഷികൾ ആകുന്നു.

4:10 അത്രയുമല്ല മരിച്ചവന്റെ പേർ അവന്റെ സഹോദരന്മാരുടെ ഇടയിൽനിന്നും അവന്റെ പട്ടണവാതിൽക്കൽനിന്നും മാഞ്ഞുപോകാതവണ്ണം മരിച്ചവന്റെ പേർ അവന്റെ അവകാശത്തിന്മേൽ നിലനിർത്തേണ്ടതിന്നു മഹ്ളോന്റെ ഭാര്യ മോവാബ്യസ്ത്രീയായ രൂത്തിനെയും എനിക്കു ഭാര്യയായി വാങ്ങിയിരിക്കുന്നു എന്നതിന്നും നിങ്ങൾ ഇന്നു സാക്ഷികൾ ആകുന്നു.

 < 
4:11 അതിന്നു പട്ടണവാതിൽക്കൽ ഇരുന്ന സകലജനവും മൂപ്പന്മാരും പറഞ്ഞതു: ഞങ്ങൾ സാക്ഷികൾ തന്നേ; നിന്റെ വീട്ടിൽ വന്നിരിക്കുന്ന സ്ത്രീയെ യഹോവ റാഹേലിനെപ്പോലെയും ലേയയെപ്പോലെയും ആക്കട്ടെ; അവർ ഇരുവരുമല്ലോ യിസ്രായേൽഗൃഹം പണിതതു; എഫ്രാത്തയിൽ നീ പ്രബലനും ബേത്ത്ളേഹെമിൽ വിശ്രുതനുമായിരിക്ക.

4:12 ഈ യുവതിയിൽനിന്നു യഹോവ നിനക്കു നല്കുന്ന സന്തതിയാൽ നിന്റെ ഗൃഹം താമാർ യെഹൂദെക്കു പ്രസവിച്ച ഫേരെസിന്റെ ഗൃഹം പോലെ ആയ്തീരട്ടെ.

4:13 ഇങ്ങനെ ബോവസ് രൂത്തിനെ പരിഗ്രഹിച്ചു; അവൾ അവന്നു ഭാര്യയായി; അവൻ അവളുടെ അടുക്കൽ ചെന്നപ്പോൾ യഹോവ അവൾക്കു ഗർഭംനല്കി; അവൾ ഒരു മകനെ പ്രസവിച്ചു.

4:14 എന്നാറെ സ്ത്രീകൾ നൊവൊമിയോടു: ഇന്നു നിനക്കു ഒരു വീണ്ടെടുപ്പുകാരനെ നല്കിയിരിക്കകൊണ്ടു യഹോവ വാഴ്ത്തപ്പെട്ടവൻ; അവന്റെ പേർ യിസ്രായേലിൽ വിശ്രുതമായിരിക്കട്ടെ.

4:15 അവൻ നിനക്കു ആശ്വാസപ്രദനും നിന്റെ വാർദ്ധക്യത്തിങ്കൽ പോഷകനും ആയിരിക്കും. നിന്നെ സ്നേഹിക്കുന്നവളും ഏഴു പുത്രന്മാരെക്കാൾ നിനക്കു ഉത്തമയുമായിരിക്കുന്ന നിന്റെ മരുമകളല്ലോ അവനെ പ്രസവിച്ചതു എന്നു പറഞ്ഞു.

 < 
4:16 നൊവൊമി കുഞ്ഞിനെ എടുത്തു മടിയിൽ കിടത്തി അവന്നു ധാത്രിയായ്തീർന്നു.

4:17 അവളുടെ അയൽക്കാരത്തികൾ: നൊവൊമിക്കു ഒരു മകൻ ജനിച്ചു എന്നു പറഞ്ഞു അവന്നു ഓബേദ് എന്നു പേർ വിളിച്ചു; ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ അപ്പൻ ഇവൻ തന്നേ.

4:18 ഫേരെസിന്റെ വംശപാരമ്പര്യമാവിതു: ഫേരെസ് ഹെസ്രോനെ ജനിപ്പിച്ചു. ഹെസ്രോൻ രാമിനെ ജനിപ്പിച്ചു.

4:19 രാം അമ്മീനാദാബിനെ ജനിപ്പിച്ചു.

4:20 അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോൻ സല്മോനെ ജനിപ്പിച്ചു.

 < 
4:21 സല്മോൻ ബോവസിനെ ജനിപ്പിച്ചു; ബോവസ് ഓബേദിനെ ജനിപ്പിച്ചു.

4:22 ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു; യിശ്ശായി ദാവീദിനെ ജനിപ്പിച്ചു.

* ----------------------------------------

അന്തം  < 
































Ruth

Indian Malayalam Bible (IMM)