A         A         A         A

020 സദൃശ്യവാക്യങ്ങൾ - Proverbs

ബൈബിള്‍ - സത്യവേദപുസ്തകം
 <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31

* ----------------------------------------

സദൃശ്യവാക്യങ്ങൾ അദ്ധ്യായം 1  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33

1:1 യിസ്രായേൽരാജാവായി ദാവീദിന്റെ മകനായ ശലോമോന്റെ സദൃശവാക്യങ്ങൾ.

1:2 ജ്ഞാനവും പ്രബോധനവും പ്രാപിപ്പാനും വിവേകവചനങ്ങളെ ഗ്രഹിപ്പാനും

1:3 പരിജ്ഞാനം, നീതി, ന്യായം, നേർ എന്നിവെക്കായി പ്രബോധനം ലഭിപ്പാനും

1:4 അല്പബുദ്ധികൾക്കു സൂക്ഷ്മബുദ്ധിയും ബാലന്നു പരിജ്ഞാനവും വകതിരിവും നല്കുവാനും

1:5 ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധിപ്രാപിപ്പാനും, ബുദ്ധിമാൻ സദുപദേശം സമ്പാദിപ്പാനും

 < 
1:6 സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും ജ്ഞാനികളുടെ മൊഴികളും കടങ്കഥകളും മനസ്സിലാക്കുവാനും അവ ഉതകുന്നു.

1:7 യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.

1:8 മകനേ, അപ്പന്റെ പ്രബോധനം കേൾക്ക. അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു;

1:9 അവ നിന്റെ ശിരസ്സിന്നു അലങ്കാരമാലയും നിന്റെ കഴുത്തിന്നു സരപ്പളിയും ആയിരിക്കും.

1:10 മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ വഴിപ്പെട്ടുപോകരുതു.

 < 
1:11 ഞങ്ങളോടുകൂടെ വരിക; നാം രക്തത്തിന്നായി പതിയിരിക്ക; നിർദ്ദോഷിയെ കാരണം കൂടാതെ പിടിപ്പാൻ ഒളിച്ചിരിക്ക.

1:12 പാതാളംപോലെ അവരെ ജീവനോടെയും കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ അവരെ സർവ്വാംഗമായും വിഴുങ്ങിക്കളക.

1:13 നമുക്കു വലിയേറിയ സമ്പത്തൊക്കെയും കിട്ടും; നമ്മുടെ വീടുകളെ കൊള്ളകൊണ്ടു നിറെക്കാം.

1:14 നിനക്കു ഞങ്ങളോടുകൂടെ സമാംശം കിട്ടും; നമുക്കു എല്ലാവർക്കും സഞ്ചി ഒന്നായിരിക്കും; എന്നിങ്ങനെ അവർ പറഞ്ഞാൽ;

1:15 മകനേ, നീ അവരുടെ വഴിക്കു പോകരുതു; നിന്റെ കാൽ അവരുടെ പാതയിൽ വെക്കയുമരുതു.

 < 
1:16 അവരുടെ കാൽ ദോഷം ചെയ്‍വാൻ ഓടുന്നു; രക്തം ചൊരിയിപ്പാൻ അവർ ബദ്ധപ്പെടുന്നു.

1:17 പക്ഷി കാൺകെ വലവിരിക്കുന്നതു വ്യർത്ഥമല്ലോ.

1:18 അവർ സ്വന്ത രക്തത്തിന്നായി പതിയിരിക്കുന്നു; സ്വന്തപ്രാണഹാനിക്കായി ഒളിച്ചിരിക്കുന്നു.

1:19 ദുരാഗ്രഹികളായ ഏവരുടെയും വഴികൾ അങ്ങനെ തന്നേ; അതു അവരുടെ ജീവനെ എടുത്തുകളയുന്നു.

1:20 ജ്ഞാനമായവൾ വീഥിയിൽ ഘോഷിക്കുന്നു; വിശാലസ്ഥലത്തു സ്വരം കേൾപ്പിക്കുന്നു.

 < 
1:21 അവൾ ആരവമുള്ള തെരുക്കളുടെ തലെക്കൽ നിന്നു വിളിക്കുന്നു; നഗരദ്വാരങ്ങളിലും നഗരത്തിന്നകത്തും പ്രസ്താവിക്കുന്നതു:

1:22 ബുദ്ധിഹീനരേ, നിങ്ങൾ ബുദ്ധീഹിനതയിൽ രസിക്കയും പരിഹാസികളേ, നിങ്ങൾ പരിഹാസത്തിൽ സന്തോഷിക്കയും ഭോഷന്മാരേ, നിങ്ങൾ പരിജ്ഞാനത്തെ വെറുക്കയും ചെയ്യുന്നതു എത്രത്തോളം?

1:23 എന്റെ ശാസനെക്കു തിരിഞ്ഞുകൊൾവിൻ; ഞാൻ എന്റെ മനസ്സു നിങ്ങൾക്കു പൊഴിച്ചു തരും; എന്റെ വചനങ്ങൾ നിങ്ങളെ അറിയിക്കും.

1:24 ഞാൻ വിളിച്ചിട്ടു നിങ്ങൾ ശ്രദ്ധിക്കാതെയും ഞാൻ കൈ നീട്ടീട്ടു ആരും കൂട്ടാക്കാതെയും

1:25 നിങ്ങൾ എന്റെ ആലോചന ഒക്കെയും ത്യജിച്ചുകളകയും എന്റെ ശാസനയെ ഒട്ടും അനുസരിക്കാതിരിക്കയും ചെയ്തതുകൊണ്ടു

 < 
1:26 ഞാനും നിങ്ങളുടെ അനർത്ഥദിവസത്തിൽ ചിരിക്കും; നിങ്ങൾ ഭയപ്പെടുന്നതു നിങ്ങൾക്കു ഭവിക്കുമ്പോൾ പരിഹസിക്കും.

1:27 നിങ്ങൾ ഭയപ്പെടുന്നതു നിങ്ങൾക്കു കൊടുങ്കാറ്റുപോലെയും നിങ്ങളുടെ ആപത്തു ചുഴലിക്കാറ്റുപോലെയും വരുമ്പോൾ, കഷ്ടവും സങ്കടവും നിങ്ങൾക്കു വരുമ്പോൾ തന്നേ.

1:28 അപ്പോൾ അവർ എന്നെ വിളിക്കും; ഞാൻ ഉത്തരം പറകയില്ല. എന്നെ ജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല.

1:29 അവർ പരിജ്ഞാനത്തെ വെറുത്തല്ലോ; യഹോവാഭക്തിയെ തിരഞ്ഞെടുത്തതുമില്ല.

1:30 അവർ എന്റെ ആലോചന അനുസരിക്കാതെ എന്റെ ശാസന ഒക്കെയും നിരസിച്ചുകളഞ്ഞതുകൊണ്ടു

 < 
1:31 അവർ സ്വന്തവഴിയുടെ ഫലം അനുഭവിക്കയും തങ്ങളുടെ ആലോചനകളാൽ തൃപ്തി പ്രാപിക്കയും ചെയ്യും.

1:32 ബുദ്ധിഹീനരുടെ പിന്മാറ്റം അവരെ കൊല്ലും; ഭോഷന്മാരുടെ നിശ്ചിന്ത അവരെ നശിപ്പിക്കും.

1:33 എന്റെ വാക്കു കേൾക്കുന്നവനോ നിർഭയം വസിക്കയും ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും.


* ----------------------------------------

സദൃശ്യവാക്യങ്ങൾ അദ്ധ്യായം 2  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22

2:1 മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു

2:2 എന്റെ വചനങ്ങളെ കൈക്കൊണ്ടു എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ,

2:3 നീ ബോധത്തിന്നായി വിളിച്ചു വിവേകത്തിന്നായി ശബ്ദം ഉയർത്തുന്നു എങ്കിൽ,

2:4 അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ,

2:5 നീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.

 < 
2:6 യഹോവയല്ലോ ജ്ഞാനം നല്കുന്നതു; അവന്റെ വായിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു.

2:7 അവൻ നേരുള്ളവർക്കു രക്ഷ സംഗ്രഹിച്ചുവെക്കുന്നു: നഷ്കളങ്കമായി നടക്കുന്നവർക്കു അവൻ ഒരു പരിച തന്നേ.

2:8 അവൻ ന്യായത്തിന്റെ പാതകളെ കാക്കുന്നു; തന്റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു.

2:9 അങ്ങനെ നീ നീതിയും ന്യായവും നേരും സകലസന്മാർഗ്ഗവും ഗ്രഹിക്കും.

2:10 ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന്നു ഇമ്പമായിരിക്കും.

 < 
2:11 വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും.

2:12 അതു നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നും വികടം പറയുന്നവരുടെ കൂട്ടത്തിൽനിന്നും വിടുവിക്കും.

2:13 അവർ ഇരുട്ടുള്ള വഴികളിൽ നടക്കേണ്ടതിന്നു നേരെയുള്ള പാത വിട്ടുകളകയും

2:14 ദോഷപ്രവൃത്തിയിൽ സന്തോഷിക്കയും ദുഷ്ടന്റെ വികടങ്ങളിൽ ആനന്ദിക്കയും ചെയ്യുന്നു.

2:15 അവർ വളഞ്ഞവഴിക്കു പോകുന്നവരും ചൊവ്വല്ലാത്ത പാതയിൽ നടക്കുന്നവരും ആകുന്നു.

 < 
2:16 അതു നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും.

2:17 അവൾ തന്റെ യൌവനകാന്തനെ ഉപേക്ഷിച്ചു തന്റെ ദൈവത്തിന്റെ നിയമം മറന്നുകളഞ്ഞിരിക്കുന്നു.

2:18 അവളുടെ വീടു മരണത്തിലേക്കും അവളുടെ പാതകൾ പ്രേതന്മാരുടെ അടുക്കലേക്കും ചാഞ്ഞിരിക്കുന്നു.

2:19 അവളുടെ അടുക്കൽ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല; ജീവന്റെ പാതകളെ പ്രാപിക്കുന്നതുമില്ല.

2:20 അതുകൊണ്ടു നീ സജ്ജനത്തിന്റെ വഴിയിൽ നടന്നു നീതിമാന്മാരുടെ പാതകളെ പ്രമാണിച്ചുകൊൾക.

 < 
2:21 നേരുള്ളവർ ദേശത്തു വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും.

2:22 എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകും..


* ----------------------------------------

സദൃശ്യവാക്യങ്ങൾ അദ്ധ്യായം 3  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35

3:1 മകനേ, എന്റെ ഉപദേശം മറക്കരുതു; നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ.

3:2 അവ ദീർഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വർദ്ധിപ്പിച്ചുതരും.

3:3 ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുതു; അവയെ നിന്റെ കഴുത്തിൽ കെട്ടിക്കൊൾക; നിന്റെ ഹൃദയത്തിന്റെ പലകയിൽ എഴുതിക്കൊൾക.

3:4 അങ്ങനെ നീ ദൈവത്തിന്നും മനുഷ്യർക്കും ബോദ്ധ്യമായ ലാവണ്യവും സൽബുദ്ധിയും പ്രാപിക്കും.

3:5 പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു.

 < 
3:6 നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും;

3:7 നിനക്കു തന്നേ നീ ജ്ഞാനിയായ്തോന്നരുതു; യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടുമാറുക.

3:8 അതു നിന്റെ നാഭിക്കു ആരോഗ്യവും അസ്ഥികൾക്കു തണുപ്പും ആയിരിക്കും.

3:9 യഹോവയെ നിന്റെ ധനംകൊണ്ടും എല്ലാവിളവിന്റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്ക.

3:10 അങ്ങനെ നിന്റെ കളപ്പുരകൾ സമൃദ്ധിയായി നിറയും; നിന്റെ ചക്കുകളിൽ വീഞ്ഞു കവിഞ്ഞൊഴുകും.

 < 
3:11 മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുതു; അവന്റെ ശാസനയിങ്കൽ മുഷികയും അരുതു.

3:12 അപ്പൻ ഇഷ്ടപുത്രനോടു ചെയ്യുന്നതുപോലെ യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.

3:13 ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ.

3:14 അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലതു.

3:15 അതു മുത്തുകളിലും വിലയേറിയതു; നിന്റെ മനോഹരവസ്തുക്കൾ ഒന്നും അതിന്നു തുല്യമാകയില്ല.

 < 
3:16 അതിന്റെ വലങ്കയ്യിൽ ദീർഘായുസ്സും ഇടങ്കയ്യിൽ ധനവും മാനവും ഇരിക്കുന്നു.

3:17 അതിന്റെ വഴികൾ ഇമ്പമുള്ള വഴികളും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു.

3:18 അതിനെ പിടിച്ചുകൊള്ളുന്നവർക്കു അതു ജീവ വൃക്ഷം; അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ.

3:19 ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താൽ അവൻ ആകാശത്തെ ഉറപ്പിച്ചു.

3:20 അവന്റെ പരിജ്ഞാനത്താൽ ആഴങ്ങൾ പിളർന്നു; മേഘങ്ങൾ മഞ്ഞു പൊഴിക്കുന്നു.

 < 
3:21 മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊൾക; അവ നിന്റെ ദൃഷ്ടിയിൽനിന്നു മാറിപ്പോകരുതു.

3:22 അവ നിനക്കു ജീവനും നിന്റെ കഴുത്തിന്നു അലങ്കാരവും ആയിരിക്കും.

3:23 അങ്ങനെ നീ നിർഭയമായി വഴിയിൽ നടക്കും; നിന്റെ കാൽ ഇടറുകയുമില്ല.

3:24 നീ കിടപ്പാൻ പോകുമ്പോൾ നിനക്കു പേടി ഉണ്ടാകയില്ല; കിടക്കുമ്പോൾ നിന്റെ ഉറക്കം സുഖകരമായിരിക്കും.

3:25 പെട്ടെന്നുള്ള പേടി ഹേതുവായും ദുഷ്ടന്മാർക്കു വരുന്ന നാശംനിമിത്തവും നീ ഭയപ്പെടുകയില്ല.

 < 
3:26 യഹോവ നിന്റെ ആശ്രയമായിരിക്കും; അവൻ നിന്റെ കാൽ കുടുങ്ങാതവണ്ണം കാക്കും.

3:27 നന്മ ചെയ്‍വാൻ നിനക്കു പ്രാപ്തിയുള്ളപ്പോൾ അതിന്നു യോഗ്യന്മാരായിരിക്കുന്നവർക്കു ചെയ്യാതിരിക്കരുതു.

3:28 നിന്റെ കയ്യിൽ ഉള്ളപ്പോൾ കൂട്ടുകാരനോടു: പോയിവരിക, നാളെത്തരാം എന്നു പറയരുതു.

3:29 കൂട്ടുകാരൻ സമീപേ നിർഭയം വസിക്കുമ്പോൾ, അവന്റെ നേരെ ദോഷം നിരൂപിക്കരുതു.

3:30 നിനക്കു ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോടു നീ വെറുതെ ശണ്ഠയിടരുതു.

 < 
3:31 സാഹസക്കാരനോടു നീ അസൂയപ്പെടരുതു; അവന്റെ വഴികൾ ഒന്നും തിരഞ്ഞെടുക്കയുമരുതു.

3:32 വക്രതയുള്ളവൻ യഹോവെക്കു വെറുപ്പാകുന്നു; നീതിമാന്മാർക്കോ അവന്റെ സഖ്യത ഉണ്ടു.

3:33 യഹോവയുടെ ശാപം ദുഷ്ടന്റെ വീട്ടിൽ ഉണ്ടു; നീതിമാന്മാരുടെ വാസസ്ഥലത്തെയോ അവൻ അനുഗ്രഹിക്കുന്നു.

3:34 പരിഹാസികളെ അവൻ പരിഹസിക്കുന്നു; എളിയവക്കോ അവൻ കൃപ നല്കുന്നു.

3:35 ജ്ഞാനികൾ ബഹുമാനത്തെ അവകാശമാക്കും; ഭോഷന്മാരുടെ ഉയർച്ചയോ അപമാനം തന്നേ.

 < 

* ----------------------------------------

സദൃശ്യവാക്യങ്ങൾ അദ്ധ്യായം 4  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27

4:1 മക്കളേ, അപ്പന്റെ പ്രബോധനം കേട്ടു വിവേകം പ്രാപിക്കേണ്ടതിന്നു ശ്രദ്ധിപ്പിൻ.

4:2 ഞാൻ നിങ്ങൾക്കു സൽബുദ്ധി ഉപദേശിച്ചുതരുന്നു; എന്റെ ഉപദേശം നിങ്ങൾ ഉപേക്ഷിക്കരുതു.

4:3 ഞാൻ എന്റെ അപ്പന്നു മകനും എന്റെ അമ്മെക്കു ഓമനയും ഏകപുത്രനും ആയിരുന്നു;

4:4 അവൻ എന്നെ പഠിപ്പിച്ചു, എന്നോടു പറഞ്ഞതു: എന്റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊൾക; എന്റെ കല്പനകളെ പ്രമാണിച്ചു ജീവിക്ക.

4:5 ജ്ഞാനം സമ്പാദിക്ക: വിവേകം നേടുക; മറക്കരുതു; എന്റെ വചനങ്ങളെ വിട്ടുമാറുകയുമരുതു.

 < 
4:6 അതിനെ ഉപേക്ഷിക്കരുതു; അതു നിന്നെ കാക്കും; അതിൽ പ്രിയം വെക്കുക; അതു നിന്നെ സൂക്ഷിക്കും;

4:7 ജ്ഞാനംതന്നേ പ്രധാനം; ജ്ഞാനം സമ്പാദിക്ക; നിന്റെ സകലസമ്പാദ്യത്താലും വിവേകം നേടുക.

4:8 അതിനെ ഉയർത്തുക; അതു നിന്നെ ഉയർത്തും; അതിനെ ആലിംഗനം ചെയ്താൽ അതു നിനക്കു മാനം വരുത്തും.

4:9 അതു നിന്റെ തലയെ അലങ്കാരമാല അണിയിക്കും; അതു നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും.

4:10 മകനേ കേട്ടു എന്റെ വചനങ്ങളെ കൈക്കൊൾക; എന്നാൽ നിനക്കു ദീർഘായുസ്സുണ്ടാകും.

 < 
4:11 ജ്ഞാനത്തിന്റെ മാർഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു: നേരെയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു.

4:12 നടക്കുമ്പോൾ നിന്റെ കാലടിക്കു ഇടുക്കം വരികയില്ല; ഓടുമ്പോൾ നീ ഇടറുകയുമില്ല.

4:13 പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുതു; അതിനെ കാത്തുകൊൾക, അതു നിന്റെ ജീവനല്ലോ.

4:14 ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുതു; ദുർജ്ജനത്തിന്റെ വഴിയിൽ നടക്കയുമരുതു;

4:15 അതിനോടു അകന്നുനിൽക്ക; അതിൽ നടക്കരുതു; അതു വിട്ടുമാറി കടന്നുപോക.

 < 
4:16 അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല; വല്ലവരെയും വീഴിച്ചിട്ടല്ലാതെ അവർക്കു ഉറക്കം വരികയില്ല.

4:17 ദുഷ്ടതയുടെ ആഹാരംകൊണ്ടു അവർ ഉപജീവിക്കുന്നു; ബലാൽക്കാരത്തിന്റെ വീഞ്ഞു അവർ പാനം ചെയ്യുന്നു.

4:18 നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു.

4:19 ദുഷ്ടന്മാരുടെവഴി അന്ധകാരംപോലെയാകുന്നു; ഏതിങ്കൽ തട്ടി വീഴും എന്നു അവർ അറിയുന്നില്ല.

4:20 മകനേ, എന്റെ വചനങ്ങൾക്കു ശ്രദ്ധതരിക; എന്റെ മൊഴികൾക്കു നിന്റെ ചെവി ചായിക്ക.

 < 
4:21 അവ നിന്റെ ദൃഷ്ടിയിൽനിന്നു മാറിപ്പോകരുതു; നിന്റെ ഹൃദയത്തിന്റെ നടുവിൽ അവയെ സൂക്ഷിച്ചുവെക്കുക.

4:22 അവയെ കിട്ടുന്നവർക്കു അവ ജീവനും അവരുടെ സർവ്വദേഹത്തിന്നും സൌഖ്യവും ആകുന്നു.

4:23 സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു.

4:24 വായുടെ വക്രത നിങ്കൽനിന്നു നീക്കിക്കളക; അധരങ്ങളുടെ വികടം നിങ്കൽനിന്നകറ്റുക.

4:25 നിന്റെ കണ്ണു നേരെ നോക്കട്ടെ; നിന്റെ കണ്ണിമ ചൊവ്വെ മുമ്പോട്ടു മിഴിക്കട്ടെ.

 < 
4:26 നിന്റെ കാലുകളുടെ പാതയെ നിരപ്പാക്കുക; നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.

4:27 ഇടത്തോട്ടോ വലത്തോട്ടോ തിരിയരുതു; നിന്റെ കാലിനെ ദോഷം വിട്ടകലുമാറാക്കുക.


* ----------------------------------------

സദൃശ്യവാക്യങ്ങൾ അദ്ധ്യായം 5  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23

5:1 മകനേ, വകതിരിവിനെ കാത്തുകൊള്ളേണ്ടതിന്നും നിന്റെ അധരങ്ങൾ പരിജ്ഞാനത്തെ പാലിക്കേണ്ടതിന്നും

5:2 ജ്ഞാനത്തെ ശ്രദ്ധിച്ചു എന്റെ ബോധത്തിന്നു ചെവി ചായിക്ക.

5:3 പരസ്ത്രീയുടെ അധരങ്ങളിൽനിന്നു തേൻ ഇറ്റിറ്റു വീഴുന്നു; അവളുടെ അണ്ണാക്കു എണ്ണയെക്കാൾ മൃദുവാകുന്നു.

5:4 പിന്നത്തേതിലോ അവൾ കാഞ്ഞിരംപോലെ കൈപ്പും ഇരുവായ്ത്തലവാൾപോലെ മൂർച്ചയും ഉള്ളവൾ തന്നേ.

5:5 അവളുടെ കാലുകൾ മരണത്തിലേക്കു ഇറങ്ങിച്ചെല്ലുന്നു; അവളുടെ കാലടികൾ പാതാളത്തിലേക്കു ഓടുന്നു.

 < 
5:6 ജീവന്റെ മാർഗ്ഗത്തിൽ അവൾ ചെല്ലാതവണ്ണം അവളുടെ പാതകൾ അസ്ഥിരമായിരിക്കുന്നു; അവൾ അറിയുന്നതുമില്ല.

5:7 ആകയാൽ മക്കളേ, എന്റെ വാക്കു കേൾപ്പിൻ; എന്റെ വായിലെ മൊഴികളെ വിട്ടുമാറരുതു.

5:8 നിന്റെ വഴിയെ അവളോടു അകറ്റുക; അവളുടെ വീട്ടിന്റെ വാതിലോടു അടുക്കരുതു.

5:9 നിന്റെ യൌവനശക്തി അന്യന്മാർക്കും നിന്റെ ആണ്ടുകൾ ക്രൂരന്നും കൊടുക്കരുതു.

5:10 കണ്ടവർ നിന്റെ സമ്പത്തു തിന്നുകളയരുതു. നിന്റെ പ്രയത്നഫലം വല്ലവന്റെയും വീട്ടിൽ ആയ്പോകരുതു.

 < 
5:11 നിന്റെ മാംസവും ദേഹവും ക്ഷയിച്ചിട്ടു നീ ഒടുവിൽ നെടുവീർപ്പിട്ടുകൊണ്ടു:

5:12 അയ്യോ! ഞാൻ പ്രബോധനം വെറുക്കയും എന്റെ ഹൃദയം ശാസനയെ നിരസിക്കയും ചെയ്തുവല്ലോ.

5:13 എന്റെ ഉപദേഷ്ടാക്കന്മാരുടെ വാക്കു ഞാൻ അനുസരിച്ചില്ല; എന്നെ പ്രബോധിപ്പിച്ചവർക്കു ഞാൻ ചെവികൊടുത്തില്ല.

5:14 സഭയുടെയും സംഘത്തിന്റെയും മദ്ധ്യേ ഞാൻ ഏകദേശം സകലദോഷത്തിലും അകപ്പെട്ടുപോയല്ലോ എന്നിങ്ങനെ പറവാൻ സംഗതിവരരുതു.

5:15 നിന്റെ സ്വന്തജലാശയത്തിലെ തണ്ണീരും സ്വന്തകിണറ്റിൽനിന്നു ഒഴുകുന്ന വെള്ളവും കുടിക്ക.

 < 
5:16 നിന്റെ ഉറവുകൾ വെളിയിലേക്കും നിന്റെ നീരൊഴുക്കുകൾ വീഥിയിലേക്കും ഒഴുകിപ്പോകേണമോ?

5:17 അവ നിനക്കും അന്യന്മാർക്കും കൂടെയല്ല നിനക്കു മാത്രമേ ഇരിക്കാവു.

5:18 നിന്റെ ഉറവു അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; നിന്റെ യൌവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊൾക.

5:19 കൌതുകമുള്ള പേടമാനും മനോഹരമായ ഇളമാൻ പേടയും പോലെ അവളുടെ സ്തനങ്ങൾ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താൽ നീ എല്ലായ്പോഴും മത്തനായിരിക്ക.

5:20 മകനേ, നീ പരസ്ത്രീയെ കണ്ടു ഭ്രമിക്കുന്നതും അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്തു?

 < 
5:21 മനുഷ്യന്റെ വഴികൾ യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു; അവന്റെ നടപ്പു ഒക്കെയും അവൻ തൂക്കിനോക്കുന്നു.

5:22 ദുഷ്ടന്റെ അകൃത്യങ്ങൾ അവനെ പിടിക്കും; തന്റെ പാപപാശങ്ങളാൽ അവൻ പിടിപെടും.

5:23 പ്രബോധനം കേൾക്കായ്കയാൽ അവൻ മരിക്കും; മഹാഭോഷത്വത്താൽ അവൻ വഴിതെറ്റിപ്പോകും.


* ----------------------------------------

സദൃശ്യവാക്യങ്ങൾ അദ്ധ്യായം 6  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35

6:1 മകനേ, കൂട്ടുകാരന്നു വേണ്ടി നീ ജാമ്യം നിൽക്കയോ അന്യന്നു വേണ്ടി കയ്യടിക്കയോ ചെയ്തിട്ടുണ്ടെങ്കിൽ,

6:2 നിന്റെ വായിലെ വാക്കുകളാൽ നീ കുടുങ്ങിപ്പോയി; നിന്റെ വായിലെ മൊഴികളാൽ പിടിപ്പെട്ടിരിക്കുന്നു.

6:3 ആകയാൽ മകനേ, ഇതു ചെയ്ക; നിന്നെത്തന്നേ വിടുവിക്ക; കൂട്ടുകാരന്റെ കയ്യിൽ നീ അകപ്പെട്ടുപോയല്ലോ; നീ ചെന്നു, താണുവീണു കൂട്ടുകാരനോടു മുട്ടിച്ചപേക്ഷിക്ക.

6:4 നിന്റെ കണ്ണിന്നു ഉറക്കവും നിന്റെ കണ്ണിമെക്കു നിദ്രയും കൊടുക്കരുതു.

6:5 മാൻ നായാട്ടുകാരന്റെ കയ്യിൽനിന്നും പക്ഷി വേട്ടക്കാരന്റെ കയ്യിൽനിന്നും എന്നപോലെ നീ നിന്നെത്തന്നേ വിടുവിക്ക,

 < 
6:6 മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധിപഠിക്ക.

6:7 അതിന്നു നായകനും മേൽവിചാരകനും അധിപതിയും ഇല്ലാതിരുന്നിട്ടും

6:8 വേനൽക്കാലത്തു തന്റെ ആഹാരം ഒരുക്കുന്നു; കൊയ്ത്തുകാലത്തു തന്റെ തീൻ ശേഖരിക്കുന്നു.

6:9 മടിയാ, നീ എത്രനേരം കിടന്നുറങ്ങും? എപ്പോൾ ഉറക്കത്തിൽ നിന്നെഴുന്നേല്ക്കും?

6:10 കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര; കുറെക്കൂടെ കൈകെട്ടിക്കിടക്ക.

 < 
6:11 അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ടു ആയുധപാണിയെപ്പോലെയും വരും.

6:12 നിസ്സാരനും ദുഷ്കർമ്മിയുമായവൻ വായുടെ വക്രതയോടെ നടക്കുന്നു.

6:13 അവൻ കണ്ണിമെക്കുന്നു; കാൽകൊണ്ടു പരണ്ടുന്നു; വിരൽകൊണ്ടു ആംഗ്യം കാണിക്കുന്നു.

6:14 അവന്റെ ഹൃദയത്തിൽ വക്രതയുണ്ടു; അവൻ എല്ലായ്പോഴും ദോഷം നിരൂപിച്ചു വഴക്കുണ്ടാക്കുന്നു.

6:15 അതുകൊണ്ടു അവന്റെ ആപത്തു പെട്ടെന്നു വരും; ക്ഷണത്തിൽ അവൻ തകർന്നുപോകും; പ്രതിശാന്തിയുണ്ടാകയുമില്ല.

 < 
6:16 ആറു കാര്യം യഹോവ വെറുക്കുന്നു; ഏഴു കാര്യം അവന്നു അറെപ്പാകുന്നു:

6:17 ഗർവ്വമുള്ള കണ്ണും വ്യാജമുള്ള നാവും കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും

6:18 ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിന്നു ബദ്ധപ്പെട്ടു ഓടുന്ന കാലും

6:19 ഭോഷ്കു പറയുന്ന കള്ളസാക്ഷിയും സഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനും തന്നേ.

6:20 മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു.

 < 
6:21 അതു എല്ലായ്പോഴും നിന്റെ ഹൃദയത്തോടു ബന്ധിച്ചുകൊൾക; നിന്റെ കഴുത്തിൽ അതു കെട്ടിക്കൊൾക.

6:22 നീ നടക്കുമ്പോൾ അതു നിനക്കു വഴികാണിക്കും. നീ ഉറങ്ങുമ്പോൾ അതു നിന്നെ കാക്കും; നീ ഉണരുമ്പോൾ അതു നിന്നോടു സംസാരിക്കും.

6:23 കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും പ്രബോധനത്തിന്റെ ശാസനകൾ ജീവന്റെ മാർഗ്ഗവും ആകുന്നു.

6:24 അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തിൽനിന്നും പരസ്ത്രീയുടെ ചക്കരവാക്കുകളിൽനിന്നും നിന്നെ രക്ഷിക്കും.

6:25 അവളുടെ സൌന്ദര്യത്തെ നിന്റെ ഹൃദയത്തിൽ മോഹിക്കരുതു; അവൾ കണ്ണിമകൊണ്ടു നിന്നെ വശീകരിക്കയുമരുതു.

 < 
6:26 വേശ്യാസ്ത്രീനിമിത്തം പെറുക്കിത്തിന്നേണ്ടിവരും; വ്യഭിചാരിണി വിലയേറിയ ജീവനെ വേട്ടയാടുന്നു.

6:27 ഒരു മനുഷ്യന്നു തന്റെ വസ്ത്രം വെന്തു പോകാതെ മടിയിൽ തീ കൊണ്ടുവരാമോ?

6:28 ഒരുത്തന്നു കാൽ പൊള്ളാതെ തീക്കനലിന്മേൽ നടക്കാമോ?

6:29 കൂട്ടുകാരന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുന്നവൻ ഇങ്ങനെ തന്നേ; അവളെ തൊടുന്ന ഒരുത്തനും ശിക്ഷവരാതെയിരിക്കയില്ല.

6:30 കള്ളൻ വിശന്നിട്ടു വിശപ്പടക്കുവാൻ മാത്രം കട്ടാൽ ആരും അവനെ നിരസിക്കുന്നില്ല.

 < 
6:31 അവനെ പിടികിട്ടിയാൽ അവൻ ഏഴിരട്ടി മടക്കിക്കൊടുക്കാം; തന്റെ വീട്ടിലെ വസ്തുവക ഒക്കെയും കൊടുക്കാം;

6:32 സ്ത്രീയോടു വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനൻ; അങ്ങനെ ചെയ്യുന്നവൻ സ്വന്തപ്രാണനെ നശിപ്പിക്കുന്നു.

6:33 പ്രഹരവും അപമാനവും അവന്നു ലഭിക്കും; അവന്റെ നിന്ദ മാഞ്ഞുപോകയുമില്ല.

6:34 ജാരശങ്ക പുരുഷന്നു ക്രോധഹേതുവാകുന്നു; പ്രതികാരദിവസത്തിൽ അവൻ ഇളെക്കുകയില്ല.

6:35 അവൻ യാതൊരു പ്രതിശാന്തിയും കൈക്കൊള്ളുകയില്ല; എത്ര സമ്മാനം കൊടുത്താലും അവൻ തൃപ്തിപ്പെടുകയുമില്ല.

 < 

* ----------------------------------------

സദൃശ്യവാക്യങ്ങൾ അദ്ധ്യായം 7  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27

7:1 മകനേ, എന്റെ വചനങ്ങളെ പ്രമാണിച്ചു എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചുകൊൾക.

7:2 നീ ജീവിച്ചിരിക്കേണ്ടതിന്നു എന്റെ കല്പനകളെയും ഉപദേശത്തെയും നിന്റെ കണ്ണിന്റെ കൃഷ്ണമണിയെപ്പോലെ കാത്തുകൊൾക.

7:3 നിന്റെ വിരലിന്മേൽ അവയെ കെട്ടുക; ഹൃദയത്തിന്റെ പലകയിൽ എഴുതുക.

7:4 ജ്ഞാനത്തോടു: നീ എന്റെ സഹോദരി എന്നു പറക; വിവേകത്തിന്നു സഖി എന്നു പേർ വിളിക്ക.

7:5 അവ നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും കാക്കും.

 < 
7:6 ഞാൻ എന്റെ വീട്ടിന്റെ കിളിവാതിൽക്കൽ അഴിക്കിടയിൽകൂടി നോക്കിക്കൊണ്ടിരിക്കുമ്പോൾ

7:7 ഭോഷന്മാരുടെ ഇടയിൽ ഒരുത്തനെ കണ്ടു; യൌവനക്കാരുടെ കൂട്ടത്തിൽ ബുദ്ധിഹീനനായോരു യുവാവിനെ കണ്ടറിഞ്ഞു.

7:8 അവൻ വൈകുന്നേരം, സന്ധ്യാസമയത്തു, ഇരുട്ടും അന്ധകാരവുമുള്ള ഒരു രാത്രിയിൽ,

7:9 അവളുടെ വീട്ടിന്റെ കോണിന്നരികെ വീഥിയിൽകൂടി കടന്നു, അവളുടെ വീട്ടിലേക്കുള്ള വഴിയെ നടന്നു ചെല്ലുന്നു.

7:10 പെട്ടെന്നു ഇതാ, വേശ്യാവസ്ത്രം ധരിച്ചും ഹൃദയത്തിൽ ഉപായം പൂണ്ടും ഉള്ളോരു സ്ത്രീ അവനെ എതിരേറ്റുവരുന്നു.

 < 
7:11 അവൾ മോഹപരവശയും തന്നിഷ്ടക്കാരത്തിയും ആകുന്നു; അവളുടെ കാൽ വീട്ടിൽ അടങ്ങിയിരിക്കയില്ല.

7:12 ഇപ്പോൾ അവളെ വീഥിയിലും പിന്നെ വിശാലസ്ഥലത്തും കാണാം; ഓരോ കോണിലും അവൾ പതിയിരിക്കുന്നു.

7:13 അവൾ അവനെ പിടിച്ചു ചുംബിച്ചു, ലജ്ജകൂടാതെ അവനോടു പറയുന്നതു:

7:14 എനിക്കു സമാധാനയാഗങ്ങൾ ഉണ്ടായിരുന്നു; ഇന്നു ഞാൻ എന്റെ നേർച്ചകളെ കഴിച്ചിരിക്കുന്നു.

7:15 അതുകൊണ്ടു ഞാൻ നിന്നെ കാണ്മാൻ ആഗ്രഹിച്ചു. നിന്നെ എതിരേല്പാൻ പുറപ്പെട്ടു നിന്നെ കണ്ടെത്തിയിരിക്കുന്നു.

 < 
7:16 ഞാൻ എന്റെ കട്ടിലിന്മേൽ പരവതാനികളും മിസ്രയീമ്യനൂൽകൊണ്ടുള്ള വരിയൻ പടങ്ങളും വിരിച്ചിരിക്കുന്നു.

7:17 മൂറും അകിലും ലവംഗവുംകൊണ്ടു ഞാൻ എന്റെ മെത്ത സുഗന്ധമാക്കിയിരിക്കുന്നു.

7:18 വരിക; വെളുക്കുംവരെ നമുക്കു പ്രേമത്തിൽ രമിക്കാം; കാമവിലാസങ്ങളാൽ നമുക്കു സുഖിക്കാം.

7:19 പുരുഷൻ വീട്ടിൽ ഇല്ല; ദൂരയാത്ര പോയിരിക്കുന്നു;

7:20 പണമടിശ്ശീല കൂടെ കൊണ്ടുപോയിട്ടുണ്ടു; പൌർണ്ണമാസിക്കേ വീട്ടിൽ വന്നെത്തുകയുള്ളു.

 < 
7:21 ഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാൽ അവൾ അവനെ വശീകരിച്ചു അധരമാധുര്യംകൊണ്ടു അവനെ നിർബ്ബന്ധിക്കുന്നു.

7:22 അറുക്കുന്നേടത്തേക്കു കാളയും ചങ്ങലയിലേക്കു ഭോഷനും പോകുന്നതുപോലെയും,

7:23 പക്ഷി ജീവഹാനിക്കുള്ളതെന്നറിയാതെ കണിയിലേക്കു ബദ്ധപ്പെടുന്നതുപോലെയും കരളിൽ അസ്ത്രം തറെക്കുവോളം അവൻ അവളുടെ പിന്നാലെ ചെല്ലുന്നു.

7:24 ആകയാൽ മക്കളേ, എന്റെ വാക്കു കേൾപ്പിൻ; എന്റെ വായിലെ വചനങ്ങളെ ശ്രദ്ധിപ്പിൻ.

7:25 നിന്റെ മനസ്സു അവളുടെ വഴിയിലേക്കു ചായരുതു; അവളുടെ പാതകളിലേക്കു നീ തെറ്റിച്ചെല്ലുകയുമരുതു.

 < 
7:26 അവൾ വീഴിച്ച ഹതന്മാർ അനേകർ; അവൾ കൊന്നുകളഞ്ഞവർ ആകെ വലിയോരു കൂട്ടം ആകുന്നു.

7:27 അവളുടെ വീടു പാതാളത്തിലേക്കുള്ള വഴിയാകുന്നു; അതു മരണത്തിന്റെ അറകളിലേക്കു ചെല്ലുന്നു.


* ----------------------------------------

സദൃശ്യവാക്യങ്ങൾ അദ്ധ്യായം 8  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36

8:1 ജ്ഞാനമായവൾ വിളിച്ചുപറയുന്നില്ലയോ? ബുദ്ധിയായവൾ തന്റെ സ്വരം കേൾപ്പിക്കുന്നില്ലയോ?

8:2 അവൾ വഴിയരികെ മേടുകളുടെ മുകളിൽ പാതകൾ കൂടുന്നേടത്തു നില്ക്കുന്നു.

8:3 അവൾ പടിവാതിലുകളുടെ അരികത്തും പട്ടണവാതിൽക്കലും ഗോപുരദ്വാരത്തിങ്കലും ഘോഷിക്കുന്നതു:

8:4 പുരുഷന്മാരേ, ഞാൻ നിങ്ങളോടു വിളിച്ചു പറയുന്നു; എന്റെ സ്വരം മനുഷ്യപുത്രന്മാരുടെ അടുക്കലേക്കു വരുന്നു.

8:5 അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചുകൊൾവിൻ; മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിൻ.

 < 
8:6 കേൾപ്പിൻ, ഞാൻ ഉൽകൃഷ്ടമായതു സംസാരിക്കും; എന്റെ അധരങ്ങളെ തുറക്കുന്നതു നേരിന്നു ആയിരിക്കും.

8:7 എന്റെ വായ് സത്യം സംസാരിക്കും; ദുഷ്ടത എന്റെ അധരങ്ങൾക്കു അറെപ്പാകുന്നു.

8:8 എന്റെ വായിലെ മൊഴി ഒക്കെയും നീതിയാകുന്നു; അവയിൽ വക്രവും വികടവുമായതു ഒന്നുമില്ല.

8:9 അവയെല്ലാം ബുദ്ധിമാന്നു തെളിവും പരിജ്ഞാനം ലഭിച്ചവർക്കു നേരും ആകുന്നു.

8:10 വെള്ളിയെക്കാൾ എന്റെ പ്രബോധനവും മേത്തരമായ പൊന്നിനെക്കാൾ പരിജ്ഞാനവും കൈക്കൊൾവിൻ.

 < 
8:11 ജ്ഞാനം മുത്തുകളെക്കാൾ നല്ലതാകുന്നു; മനോഹരമായതൊന്നും അതിന്നു തുല്യമാകയില്ല.

8:12 ജ്ഞാനം എന്ന ഞാൻ സൂക്ഷ്മബുദ്ധിയെ എന്റെ പാർപ്പിടമാക്കുന്നു; പരിജ്ഞാനവും വകതിരിവും ഞാൻ കണ്ടു പിടിക്കുന്നു.

8:13 യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു; ഡംഭം, അഹങ്കാരം, ദുർമ്മാർഗ്ഗം, വക്രതയുള്ള വായ് എന്നിവയെ ഞാൻ പകെക്കുന്നു.

8:14 ആലോചനയും പരിജ്ഞാനവും എനിക്കുള്ളതു; ഞാൻ തന്നേ വിവേകം; എനിക്കു വീര്യബലം ഉണ്ടു.

8:15 ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു; പ്രഭുക്കന്മാർ നീതിയെ നടത്തുന്നു.

 < 
8:16 ഞാൻ മുഖാന്തരം അധിപതിമാരും പ്രധാനികളും ഭൂമിയിലെ ന്യായാധിപന്മാരൊക്കെയും ആധിപത്യം നടത്തുന്നു.

8:17 എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു; എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും.

8:18 എന്റെ പക്കൽ ധനവും മാനവും പുരാതനസമ്പത്തും നീതിയും ഉണ്ടു.

8:19 എന്റെ ഫലം പൊന്നിലും തങ്കത്തിലും എന്റെ ആദായം മേത്തരമായ വെള്ളിയിലും നല്ലതു.

8:20 എന്നെ സ്നേഹിക്കുന്നവർക്കു വസ്തുവക അവകാശമാക്കിക്കൊടുക്കയും അവരുടെ ഭണ്ഡാരങ്ങളെ നിറെക്കയും ചെയ്യേണ്ടതിന്നു

 < 
8:21 ഞാൻ നീതിയുടെ മാർഗ്ഗത്തിലും ന്യായത്തിന്റെ പാതകളിലും നടക്കുന്നു.

8:22 യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി.

8:23 ഞാൻ പുരാതനമേ, ആദിയിൽ തന്നേ, ഭൂമിയുടെ ഉൽപത്തിക്കു മുമ്പെ നിയമിക്കപ്പെട്ടിരിക്കുന്നു.

8:24 ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകൾ ഇല്ലാതിരുന്നപ്പോൾ തന്നേ.

8:25 പർവ്വതങ്ങളെ സ്ഥാപിച്ചതിന്നു മുമ്പെയും കുന്നുകൾക്കു മുമ്പെയും ഞാൻ ജനിച്ചിരിക്കുന്നു.

 < 
8:26 അവൻ ഭൂമിയെയും വയലുകളെയും ഭൂതലത്തിന്റെ പൊടിയുടെ തുകയെയും ഉണ്ടാക്കീട്ടില്ലാത്ത സമയത്തു തന്നേ.

8:27 അവൻ ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു; അവൻ ആഴത്തിന്റെ ഉപരിഭാഗത്തു വൃത്തം വരെച്ചപ്പോഴും

8:28 അവൻ മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴത്തിന്റെ ഉറവുകൾ തടിച്ചപ്പോഴും

8:29 വെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം അവൻ സമുദ്രത്തിന്നു അതിർ വെച്ചപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും

8:30 ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ടു ദിനംപ്രതി അവന്റെ പ്രമോദമായിരുന്നു.

 < 
8:31 അവന്റെ ഭൂതലത്തിൽ ഞാൻ വിനോദിച്ചുകൊണ്ടിരുന്നു; എന്റെ പ്രമോദം മനുഷ്യപുത്രന്മാരോടുകൂടെ ആയിരുന്നു.

8:32 ആകയാൽ മക്കളേ, എന്റെ വാക്കു കേട്ടുകൊൾവിൻ; എന്റെ വഴികളെ പ്രമാണിക്കുന്നവർ ഭാഗ്യവാന്മാർ.

8:33 പ്രബോധനം കേട്ടു ബുദ്ധിമാന്മാരായിരിപ്പിൻ; അതിനെ ത്യജിച്ചുകളയരുതു.

8:34 ദിവസംപ്രതി എന്റെ പടിവാതിൽക്കൽ ജാഗരിച്ചും എന്റെ വാതിൽക്കട്ടളെക്കൽ കാത്തുകൊണ്ടും എന്റെ വാക്കു കേട്ടനുസരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.

8:35 എന്നെ കണ്ടെത്തുന്നവൻ ജീവനെ കണ്ടെത്തുന്നു; അവൻ യഹോവയുടെ കടാക്ഷം പ്രാപിക്കുന്നു.

 < 
8:36 എന്നോടു പിഴെക്കുന്നവനോ തനിക്കു പ്രാണഹാനി വരുത്തുന്നു; എന്നെ ദ്വേഷിക്കുന്നവരൊക്കെയും മരണത്തെ ഇച്ഛിക്കുന്നു.


* ----------------------------------------

സദൃശ്യവാക്യങ്ങൾ അദ്ധ്യായം 9  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18

9:1 ജ്ഞാനമായവൾ തനിക്കു ഒരു വീടുപണിതു; അതിന്നു ഏഴു തൂൺ തീർത്തു.

9:2 അവൾ മൃഗങ്ങളെ അറുത്തു, വീഞ്ഞു കലക്കി, തന്റെ മേശ ചമയിച്ചുമിരിക്കുന്നു.

9:3 അവൾ തന്റെ ദാസികളെ അയച്ചു പട്ടണത്തിലെ മേടകളിൽനിന്നു വിളിച്ചു പറയിക്കുന്നതു:

9:4 അല്പബുദ്ധിയായവൻ ഇങ്ങോട്ടു വരട്ടെ; ബുദ്ധിഹീനനോടോ അവൾ പറയിക്കുന്നതു;

9:5 വരുവിൻ, എന്റെ അപ്പം തിന്നുകയും ഞാൻ കലക്കിയ വീഞ്ഞു കുടിക്കയും ചെയ്‍വിൻ!

 < 
9:6 ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ടു ജീവിപ്പിൻ! വിവേകത്തിന്റെ മാർഗ്ഗത്തിൽ നടന്നുകൊൾവിൻ.

9:7 പരിഹാസിയെ ശാസിക്കുന്നവൻ ലജ്ജ സമ്പാദിക്കുന്നു; ദുഷ്ടനെ ഭർത്സിക്കുന്നവന്നു കറ പറ്റുന്നു.

9:8 പരിഹാസി നിന്നെ പകെക്കാതിരിക്കേണ്ടതിന്നു അവനെ ശാസിക്കരുതു; ജ്ഞാനിയെ ശാസിക്ക; അവൻ നിന്നെ സ്നേഹിക്കും.

9:9 ജ്ഞാനിയെ പ്രബോധിപ്പിക്ക, അവന്റെ ജ്ഞാനം വർദ്ധിക്കും; നീതിമാനെ ഉപദേശിക്ക അവൻ വിദ്യാഭിവൃദ്ധി പ്രാപിക്കും.

9:10 യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു.

 < 
9:11 ഞാൻ മുഖാന്തരം നിന്റെ നാളുകൾ പെരുകും; നിനക്കു ദീർഘായുസ്സു ഉണ്ടാകും.

9:12 നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടി തന്നേ ജ്ഞാനിയായിരിക്കും; പരിഹസിക്കുന്നു എങ്കിലോ, നീ തന്നേ സഹിക്കേണ്ടിവരും.

9:13 ഭോഷത്വമായവൾ മോഹപരവശയായിരിക്കുന്നു; അവൾ ബുദ്ധിഹീന തന്നേ, ഒന്നും അറിയുന്നതുമില്ല.

9:14 തങ്ങളുടെ പാതയിൽ നേരെ നടക്കുന്നവരായി കടന്നുപോകുന്നവരെ വിളിക്കേണ്ടതിന്നു

9:15 അവൾ പട്ടണത്തിലെ മേടകളിൽ തന്റെ വീട്ടുവാതിൽക്കൽ ഒരു പീഠത്തിന്മേൽ ഇരിക്കുന്നു.

 < 
9:16 അല്പബുദ്ധിയായവൻ ഇങ്ങോട്ടു വരട്ടെ; ബുദ്ധിഹീനനോടോ അവൾ പറയുന്നതു;

9:17 മോഷ്ടിച്ച വെള്ളം മധുരവും ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു.

9:18 എങ്കിലും മൃതന്മാർ അവിടെ ഉണ്ടെന്നും അവളുടെ വിരുന്നുകാർ പാതാളത്തിന്റെ ആഴത്തിൽ ഇരിക്കുന്നു എന്നും അവൻ അറിയുന്നില്ല.


* ----------------------------------------

സദൃശ്യവാക്യങ്ങൾ അദ്ധ്യായം 10  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32

10:1 ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; ഭോഷനായ മകൻ അമ്മെക്കു വ്യസനഹേതുവാകുന്നു.

10:2 ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു.

10:3 യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല; ദുഷ്ടന്മാരുടെ കൊതിയോ അവൻ തള്ളിക്കളയുന്നു.

10:4 മടിയുള്ള കൈകൊണ്ടു പ്രവർത്തിക്കുന്നവൻ ദരിദ്രനായ്തീരുന്നു; ഉത്സാഹിയുടെ കയ്യോ സമ്പത്തുണ്ടാക്കുന്നു.

10:5 വേനൽക്കാലത്തു ശേഖരിച്ചുവെക്കുന്നവൻ ബുദ്ധിമാൻ; കൊയ്ത്തുകാലത്തു ഉറങ്ങുന്നവനോ നാണംകെട്ടവൻ.

 < 
10:6 നീതിമാന്റെ ശിരസ്സിന്മേൽ അനുഗ്രഹങ്ങൾ വരുന്നു; എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു.

10:7 നീതിമാന്റെ ഓർമ്മ അനുഗ്രഹിക്കപ്പെട്ടതു; ദുഷ്ടന്മാരുടെ പേരോ കെട്ടുപോകും.

10:8 ജ്ഞാനഹൃദയൻ കല്പനകളെ കൈക്കൊള്ളുന്നു; വിടുവായനായ ഭോഷനോ വീണുപോകും.

10:9 നേരായി നടക്കുന്നവൻ നിർഭയമായി നടക്കുന്നു; നടപ്പിൽ വക്രതയുള്ളവനോ വെളിപ്പെട്ടുവരും.

10:10 കണ്ണുകൊണ്ടു ആംഗ്യം കാട്ടുന്നവൻ ദുഃഖം വരുത്തുന്നു; തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു.

 < 
10:11 നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു. എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു.

10:12 പക വഴക്കുകൾക്കു കാരണം ആകുന്നു; സ്നേഹമോ, സകലലംഘനങ്ങളെയും മൂടുന്നു.

10:13 വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ടു; ബുദ്ധിഹീനന്റെ മുതുകിന്നോ വടികൊള്ളാം.

10:14 ജ്ഞാനികൾ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്റെ വായോ അടുത്തിരിക്കുന്ന നാശം.

10:15 ധനവാന്റെ സമ്പത്തു, അവന്നു ഉറപ്പുള്ളോരു പട്ടണം; എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നേ.

 < 
10:16 നീതിമാന്റെ സമ്പാദ്യം ജീവഹേതുവും ദുഷ്ടന്റെ ആദായം പാപകാരണവും ആകുന്നു.

10:17 പ്രബോധനം പ്രമാണിക്കുന്നവൻ ജീവമാർഗ്ഗത്തിൽ ഇരിക്കുന്നു; ശാസന ത്യജിക്കുന്നവനോ ഉഴന്നുനടക്കുന്നു;

10:18 പക മറെച്ചുവെക്കുന്നവൻ പൊളിവായൻ; ഏഷണി പറയുന്നവൻ ഭോഷൻ.

10:19 വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ.

10:20 നീതിമാന്റെ നാവു മേത്തരമായ വെള്ളി; ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം.

 < 
10:21 നീതിമാന്റെ അധരങ്ങൾ പലരെയും പോഷിപ്പിക്കും; ഭോഷന്മാരോ ബുദ്ധിഹീനതയാൽ മരിക്കുന്നു.

10:22 യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താൽ അതിനോടു ഒന്നും കൂടുന്നില്ല.

10:23 ദോഷം ചെയ്യുന്നതു ഭോഷന്നു കളിയാകുന്നു; ജ്ഞാനം വിവേകിക്കു അങ്ങനെ തന്നേ.

10:24 ദുഷ്ടൻ പേടിക്കുന്നതു തന്നേ അവന്നു ഭവിക്കും; നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും.

10:25 ചുഴലിക്കാറ്റു കടന്നുപോകുമ്പോൾ ദുഷ്ടൻ ഇല്ലാതെയായി; നീതിമാനോ ശാശ്വതമായ അടിസ്ഥാനം ഉള്ളവൻ.

 < 
10:26 ചൊറുക്ക പല്ലിന്നും പുക കണ്ണിന്നും ആകുന്നതുപോലെ മടിയൻ തന്നേ അയക്കുന്നവർക്കു ആകുന്നു.

10:27 യഹോവാഭക്തി ആയുസ്സിനെ ദീർഘമാക്കുന്നു; ദുഷ്ടന്മാരുടെ സംവത്സരങ്ങളോ കുറഞ്ഞുപോകും.

10:28 നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു; ദുഷ്ടന്മാരുടെ പ്രതീക്ഷെക്കോ ഭംഗം വരും.

10:29 യഹോവയുടെ വഴി നേരുള്ളവന്നു ഒരു ദുർഗ്ഗം; ദുഷ്‌പ്രവൃത്തിക്കാർക്കോ അതു നാശകരം.

10:30 നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകയില്ല; ദുഷ്ടന്മാരോ ദേശത്തു വസിക്കയില്ല.

 < 
10:31 നീതിമാന്റെ വായ് ജ്ഞാനം മുളെപ്പിക്കുന്നു; വക്രതയുള്ള നാവോ ഛേദിക്കപ്പെടും.

10:32 നീതിമാന്റെ അധരങ്ങൾ പ്രസാദകരമായതു അറിയുന്നു; ദുഷ്ടന്മാരുടെ വായോ വക്രതയുള്ളതാകുന്നു.


* ----------------------------------------

സദൃശ്യവാക്യങ്ങൾ അദ്ധ്യായം 11  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31

11:1 കള്ളത്തുലാസ്സു യഹോവെക്കു വെറുപ്പു; ഒത്ത പടിയോ അവന്നു പ്രസാദം.

11:2 അഹങ്കാരം വരുമ്പോൾ ലജ്ജയും വരുന്നു; താഴ്മയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ടു.

11:3 നേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴിനടത്തും; ദ്രോഹികളുടെ വികടമോ അവരെ നശിപ്പിക്കും.

11:4 ക്രോധദിവസത്തിൽ സമ്പത്തു ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു.

11:5 നിഷ്കളങ്കന്റെ നീതി അവന്റെ വഴിയെ ചൊവ്വാക്കും; ദുഷ്ടനോ തന്റെ ദുഷ്ടതകൊണ്ടു വീണു പോകും.

 < 
11:6 നേരുള്ളവരുടെ നീതി അവരെ വിടുവിക്കും; ദ്രോഹികളോ തങ്ങളുടെ ദ്രോഹത്താൽ പിടിപെടും.

11:7 ദുഷ്ടൻ മരിക്കുമ്പോൾ അവന്റെ പ്രതീക്ഷ നശിക്കുന്നു; നീതികെട്ടവരുടെ ആശെക്കു ഭംഗം വരുന്നു.

11:8 നീതിമാൻ കഷ്ടത്തിൽനിന്നു രക്ഷപ്പെടുന്നു; ദുഷ്ടൻ അവന്നു പകരം അകപ്പെടുന്നു.

11:9 വഷളൻ വായ്കൊണ്ടു കൂട്ടുകാരനെ നശിപ്പിക്കുന്നു; നീതിമാന്മാരോ പരിജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു.

11:10 നീതിമാന്മാർ ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു; ദുഷ്ടന്മാർ നശിക്കുമ്പോൾ ആർപ്പുവിളി ഉണ്ടാകുന്നു.

 < 
11:11 നേരുള്ളവരുടെ അനുഗ്രഹംകൊണ്ടു പട്ടണം അഭ്യുദയം പ്രാപിക്കുന്നു; ദുഷ്ടന്മാരുടെ വായ്കൊണ്ടോ അതു ഇടിഞ്ഞുപോകുന്നു.

11:12 കൂട്ടുകാരനെ നിന്ദിക്കുന്നവൻ ബുദ്ധിഹീനൻ; വിവേകമുള്ളവനോ മിണ്ടാതിരിക്കുന്നു.

11:13 ഏഷണിക്കാരനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; വിശ്വസ്തമാനസനോ കാര്യം മറെച്ചുവെക്കുന്നു.

11:14 പരിപാലനം ഇല്ലാത്തേടത്തു ജനം അധോഗതി പ്രാപിക്കുന്നു; മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ടു.

11:15 അന്യന്നുവേണ്ടി ജാമ്യം നില്ക്കുന്നവൻ അത്യന്തം വ്യസനിക്കും! ജാമ്യം നില്പാൻ പോകാത്തവനോ നിർഭയനായിരിക്കും.

 < 
11:16 ലാവണ്യമുള്ള സ്ത്രീ മാനം രക്ഷിക്കുന്നു; വിക്രമന്മാർ സമ്പത്തു സൂക്ഷിക്കുന്നു.

11:17 ദയാലുവായവൻ സ്വന്തപ്രാണന്നു നന്മ ചെയ്യുന്നു; ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു.

11:18 ദുഷ്ടൻ വൃഥാലാഭം ഉണ്ടാക്കുന്നു; നീതി വിതെക്കുന്നവനോ വാസ്തവമായ പ്രതിഫലം കിട്ടും.

11:19 നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവൻ ജീവനെ പ്രാപിക്കുന്നു; ദോഷത്തെ പിന്തുടരുന്നവനോ തന്റെ മരണത്തിന്നായി പ്രവർത്തിക്കുന്നു.

11:20 വക്രബുദ്ധികൾ യഹോവെക്കു വെറുപ്പു; നിഷ്കളങ്കമാർഗ്ഗികളോ അവന്നു പ്രസാദം.

 < 
11:21 ദുഷ്ടന്നു ശിക്ഷ വരാതിരിക്കയില്ല എന്നതിന്നു ഞാൻ കയ്യടിക്കാം; നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും.

11:22 വിവേകമില്ലാത്ത ഒരു സുന്ദരി പന്നിയുടെ മൂക്കിൽ പൊൻ മൂകൂത്തിപോലെ.

11:23 നീതിമാന്മാരുടെ ആഗ്രഹം നന്മ തന്നേ; ദുഷ്ടന്മാരുടെ പ്രതീക്ഷയോ ക്രോധമത്രേ.

11:24 ഒരുത്തൻ വാരിവിതറീട്ടും വർദ്ധിച്ചുവരുന്നു; മറ്റൊരുത്തൻ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളു.

11:25 ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും.

 < 
11:26 ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങൾ ശപിക്കും; അതു വില്ക്കുന്നവന്റെ തലമേലോ അനുഗ്രഹംവരും.

11:27 നന്മെക്കായി ഉത്സാഹിക്കുന്നവൻ രഞ്ജന സമ്പാദിക്കുന്നു; തിന്മയെ തിരയുന്നവന്നോ അതു തന്നേ കിട്ടും.

11:28 തന്റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും; നീതിമാന്മാരോ പച്ചയിലപോലെ തഴെക്കും.

11:29 സ്വഭവനത്തെ വലെക്കുന്നവന്റെ അനുഭവം വായുവത്രെ; ഭോഷൻ ജ്ഞാനഹൃദയന്നു ദാസനായ്തീരും.

11:30 നീതിമാന്നു ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവൻ ഹൃദയങ്ങളെ നേടന്നു.

 < 
11:31 നീതിമാന്നു ഭൂമിയിൽ പ്രതിഫലം കിട്ടുന്നു എങ്കിൽ ദുഷ്ടന്നും പാപിക്കും എത്ര അധികം?


* ----------------------------------------

സദൃശ്യവാക്യങ്ങൾ അദ്ധ്യായം 12  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28

12:1 പ്രബോധനം ഇഷ്ടപ്പെടുന്നവൻ പരിജ്ഞാനം ഇഷ്ടപ്പെടുന്നു; ശാസന വെറുക്കുന്നവനോ മൃഗപ്രായൻ.

12:2 ഉത്തമൻ യഹോവയോടു പ്രസാദം പ്രാപിക്കുന്നു; ദുരുപായിക്കോ അവൻ ശിക്ഷ വിധിക്കുന്നു.

12:3 ഒരു മനുഷ്യനും ദുഷ്ടതകൊണ്ടു സ്ഥിരപ്പെടുകയില്ല; നീതിമാന്മാരുടെ വേരോ ഇളകിപ്പോകയില്ല.

12:4 സാമർത്ഥ്യമുള്ള സ്ത്രീ ഭർത്താവിന്നു ഒരു കിരീടം; നാണംകെട്ടവളോ അവന്റെ അസ്ഥികൾക്കു ദ്രവത്വം.

12:5 നീതിമാന്മാരുടെ വിചാരങ്ങൾ ന്യായം, ദുഷ്ടന്മാരുടെ നിരൂപണങ്ങളോ ചതിവത്രെ.

 < 
12:6 ദുഷ്ടന്മാർ പ്രാണഹാനി വരുത്തുവാൻ പറഞ്ഞൊക്കുന്നു; നേരുള്ളവരുടെ വാക്കോ അവരെ വിടുവിക്കുന്നു.

12:7 ദുഷ്ടന്മാർ മറിഞ്ഞുവീണു ഇല്ലാതെയാകും; നീതിമാന്മാരുടെ ഭവനമോ നിലനില്ക്കും.

12:8 മനുഷ്യൻ തന്റെ ബുദ്ധിക്കു ഒത്തവണ്ണം ശ്ളാഘിക്കപ്പെടുന്നു; വക്രബുദ്ധിയോ നിന്ദിക്കപ്പെടുന്നു.

12:9 മാന്യഭാവം നടിച്ചിട്ടും ഉപജീവനത്തിന്നു മുട്ടുള്ളവനെക്കാൾ ലഘുവായി മതിക്കപ്പെട്ടിട്ടും ഒരു ഭൃത്യനുള്ളവൻ ശ്രേഷ്ഠൻ ആകുന്നു.

12:10 നീതിമാൻ തന്റെ മൃഗത്തിന്റെ പ്രാണാനുഭവം അറിയുന്നു; ദുഷ്ടന്മാരുടെ ഉള്ളമോ ക്രൂരമത്രെ.

 < 
12:11 നിലം കൃഷി ചെയ്യുന്നവന്നു ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിൻചെല്ലുന്നവനോ ബുദ്ധിഹീനൻ.

12:12 ദുഷ്ടൻ ദോഷികളുടെ കവർച്ച ആഗ്രഹിക്കുന്നു; നീതിമാന്മാരുടെ വേരോ ഫലം നല്കുന്നു.

12:13 അധരങ്ങളുടെ ലംഘനത്തിൽ വല്ലാത്ത കണിയുണ്ടു; നീതിമാനോ കഷ്ടത്തിൽനിന്നു ഒഴിഞ്ഞുപോരും.

12:14 തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിച്ചു തൃപ്തനാകും; തന്റെ കൈകളുടെ പ്രവൃത്തിക്കു തക്കവണ്ണം അവന്നു കിട്ടും.

12:15 ഭോഷന്നു തന്റെ വഴി ചൊവ്വായ്തോന്നുന്നു; ജ്ഞാനിയോ ആലോചന കേട്ടനുസരിക്കുന്നു.

 < 
12:16 ഭോഷന്റെ നീരസം തൽക്ഷണം വെളിപ്പെടുന്നു; വിവേകമുള്ളവനോ ലജ്ജ അടക്കിവെക്കുന്നു.

12:17 സത്യം പറയുന്നവൻ നീതി അറിയിക്കുന്നു; കള്ളസാക്ഷിയോ വഞ്ചന അറിയിക്കുന്നു.

12:18 വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ടു; ജ്ഞാനികളുടെ നാവോ സുഖപ്രദം.

12:19 സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും; വ്യാജം പറയുന്ന നാവോ മാത്രനേരത്തേക്കേയുള്ളു.

12:20 ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ ചതിവു ഉണ്ടു; സമാധാനം ആലോചിക്കുന്നവർക്കോ സന്തോഷം ഉണ്ടു.

 < 
12:21 നീതിമാന്നു ഒരു തിന്മയും ഭവിക്കയില്ല; ദുഷ്ടന്മാരോ അനർത്ഥംകൊണ്ടു നിറയും.

12:22 വ്യാജമുള്ള അധരങ്ങൾ യഹോവെക്കു വെറുപ്പു; സത്യം പ്രവർത്തിക്കുന്നവരോ അവന്നു പ്രസാദം.

12:23 വിവേകമുള്ള മനുഷ്യൻ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്മാരുടെ ഹൃദയമോ ഭോഷത്വം പ്രസിദ്ധമാക്കുന്നു.

12:24 ഉത്സാഹികളുടെ കൈ അധികാരം നടത്തും; മടിയനോ ഊഴിയവേലെക്കു പോകേണ്ടിവരും.

12:25 മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു; ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു.

 < 
12:26 നീതിമാൻ കൂട്ടുകാരന്നു വഴികാട്ടിയാകുന്നു; ദുഷ്ടന്മാരുടെ വഴിയോ അവരെ തെറ്റി നടക്കുമാറാക്കുന്നു.

12:27 മടിയൻ ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല; ഉത്സാഹമോ മനുഷ്യന്നു വിലയേറിയ സമ്പത്താകുന്നു.

12:28 നീതിയുടെ മാർഗ്ഗത്തിൽ ജീവനുണ്ടു; അതിന്റെ പാതയിൽ മരണം ഇല്ല.


* ----------------------------------------

സദൃശ്യവാക്യങ്ങൾ അദ്ധ്യായം 13  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25

13:1 ജ്ഞാനമുള്ള മകൻ അപ്പന്റെ പ്രബോധനഫലം; പരിഹാസിയോ ശാസന കേട്ടനുസരിക്കുന്നില്ല.

13:2 തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിക്കും; ദ്രോഹികളുടെ ആഗ്രഹമോ സാഹസം തന്നേ.

13:3 വായെ കാത്തുകൊള്ളുന്നവൻ പ്രാണനെ സൂക്ഷിക്കുന്നു; അധരങ്ങളെ പിളർക്കുന്നവന്നോ നാശം ഭവിക്കും.

13:4 മടിയൻ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല; ഉത്സാഹികളുടെ പ്രാണന്നോ പുഷ്ടിയുണ്ടാകും.

13:5 നീതിമാൻ ഭോഷ്കു വെറുക്കുന്നു; ദുഷ്ടനോ ലജ്ജയും നിന്ദയും വരുത്തുന്നു.

 < 
13:6 നീതി സന്മാർഗ്ഗിയെ കാക്കുന്നു; ദുഷ്ടതയോ പാപിയെ മറിച്ചുകളയുന്നു.

13:7 ഒന്നും ഇല്ലാഞ്ഞിട്ടും ധനികൻ എന്നു നടിക്കുന്നവൻ ഉണ്ടു; വളരെ ധനം ഉണ്ടായിട്ടും ദരിദ്രൻ എന്നു നടിക്കുന്നവനും ഉണ്ടു;

13:8 മനുഷ്യന്റെ ജീവന്നു മറുവില അവന്റെ സമ്പത്തു തന്നേ; ദരിദ്രനോ ഭീഷണിപോലും കേൾക്കേണ്ടിവരുന്നില്ല

13:9 നീതിമാന്റെ വെളിച്ചം പ്രകാശിക്കുന്നു; ദുഷ്ടന്മാരുടെ വിളക്കോ കെട്ടുപോകും.

13:10 അഹങ്കാരംകൊണ്ടു വിവാദംമാത്രം ഉണ്ടാകുന്നു; ആലോചന കേൾക്കുന്നവരുടെ പക്കലോ ജ്ഞാനം ഉണ്ടു;

 < 
13:11 അന്യായമായി സമ്പാദിച്ച ധനം കുറഞ്ഞു കുറഞ്ഞു പോകും; അദ്ധ്വാനിച്ചു സമ്പാദിക്കുന്നവനോ വർദ്ധിച്ചു വർദ്ധിച്ചു വരും.

13:12 ആശാവിളംബനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു; ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നേ.

13:13 വചനത്തെ നിന്ദിക്കുന്നവൻ അതിന്നു ഉത്തരവാദി. കല്പനയെ ഭയപ്പെടുന്നവനോ പ്രതിഫലം പ്രാപിക്കുന്നു.

13:14 ജ്ഞാനിയുടെ ഉപദേശം ജീവന്റെ ഉറവാകുന്നു; അതിനാൽ മരണത്തിന്റെ കണികളെ ഒഴിഞ്ഞുപോകും.

13:15 സൽബുദ്ധിയാൽ രഞ്ജനയുണ്ടാകുന്നു; ദ്രോഹിയുടെ വഴിയോ ദുർഘടം.

 < 
13:16 സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു; ഭോഷനോ തന്റെ ഭോഷത്വം വിടർത്തു കാണിക്കുന്നു.

13:17 ദുഷ്ടദൂതൻ ദോഷത്തിൽ അകപ്പെടുന്നു; വിശ്വസ്തനായ സ്ഥാനാപതിയോ സുഖം നല്കുന്നു.

13:18 പ്രബോധനം ത്യജിക്കുന്നവന്നു ദാരിദ്ര്യവും ലജ്ജയും വരും. ശാസനകൂട്ടാക്കുന്നവനോ ബഹുമാനം ലഭിക്കും.

13:19 ഇച്ഛാനിവൃത്തി മനസ്സിന്നു മധുരമാകുന്നു; ദോഷം വിട്ടകലുന്നതോ ഭോഷന്മാർക്കു വെറുപ്പു.

13:20 ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.

 < 
13:21 ദോഷം പാപികളെ പിന്തുടരുന്നു; നീതിമാന്മാർക്കോ നന്മ പ്രതിഫലമായി വരും.

13:22 ഗുണവാൻ മക്കളുടെ മക്കൾക്കു അവകാശം വെച്ചേക്കുന്നു; പാപിയുടെ സമ്പത്തോ നീതിമാന്നു വേണ്ടി സംഗ്രഹിക്കപ്പെടുന്നു.

13:23 സാധുക്കളുടെ കൃഷി വളരെ ആഹാരം നല്കുന്നു; എന്നാൽ അന്യായം ചെയ്തിട്ടു നശിച്ചുപോകുന്നവരും ഉണ്ടു.

13:24 വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകെക്കുന്നു; അവനെ സ്നേഹിക്കുന്നവനോ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു.

13:25 നീതിമാൻ വേണ്ടുവോളം ഭക്ഷിക്കുന്നു; ദുഷ്ടന്മാരുടെ വയറോ വിശന്നുകൊണ്ടിരിക്കും.

 < 

* ----------------------------------------

സദൃശ്യവാക്യങ്ങൾ അദ്ധ്യായം 14  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35

14:1 സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു; ഭോഷത്വമുള്ളവളോ അതു സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു.

14:2 നേരായി നടക്കുന്നവൻ യഹോവാഭക്തൻ; നടപ്പിൽ വക്രതയുള്ളവനോ അവനെ നിന്ദിക്കുന്നു.

14:3 ഭോഷന്റെവായിൽ ഡംഭത്തിന്റെ വടിയുണ്ടു; ജ്ഞാനികളുടെ അധരങ്ങളോ അവരെ കാത്തുകൊള്ളുന്നു.

14:4 കാളകൾ ഇല്ലാത്തെടത്തു തൊഴുത്തു വെടിപ്പുള്ളതു; കാളയുടെ ശക്തികൊണ്ടോ വളരെ ആദായം ഉണ്ടു.

14:5 വിശ്വസ്തസാക്ഷി ഭോഷ്കു പറകയില്ല; കള്ളസ്സാക്ഷിയോ ഭോഷ്കു നിശ്വസിക്കുന്നു.

 < 
14:6 പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; വിവേകമുള്ളവന്നോ പരിജ്ഞാനം എളുപ്പം.

14:7 മൂഢന്റെ മുമ്പിൽനിന്നു മാറിപ്പോക; പരിജ്ഞാനമുള്ള അധരങ്ങൾ നീ അവനിൽ കാണുകയില്ല.

14:8 വഴി തിരിച്ചറിയുന്നതു വിവേകിയുടെ ജ്ഞാനം; ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്വം.

14:9 ഭോഷന്മാരെ അകൃത്യയാഗം പരിഹസിക്കുന്നു. നേരുള്ളവർക്കോ തമ്മിൽ പ്രീതി ഉണ്ടു.

14:10 ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; അതിന്റെ സന്തോഷത്തിലും അന്യൻ ഇടപെടുന്നില്ല.

 < 
14:11 ദുഷ്ടന്മാരുടെ വീടു മുടിഞ്ഞുപോകും; നീതിമാന്റെ കൂടാരമോ തഴെക്കും.

14:12 ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികൾ അത്രേ.

14:13 ചിരിക്കുമ്പോൾ തന്നേയും ഹൃദയം ദുഃഖിച്ചിരിക്കാം; സന്തോഷത്തിന്റെ അവസാനം ദുഃഖമാകയുമാം.

14:14 ഹൃദയത്തിൽ വിശ്വാസത്യാഗമുള്ളവന്നു തന്റെ നടപ്പിൽ മടുപ്പുവരും; നല്ല മനുഷ്യനോ തന്റെ പ്രവൃത്തിയാൽ തന്നേ തൃപ്തിവരും.

14:15 അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.

 < 
14:16 ജ്ഞാനി ഭയപ്പെട്ടു ദോഷം അകറ്റിനടക്കുന്നു; ഭോഷനോ ധിക്കാരംപൂണ്ടു നിർഭയനായി നടക്കുന്നു.

14:17 മുൻകോപി ഭോഷത്വം പ്രവർത്തിക്കുന്നു. ദുരുപായി ദ്വേഷിക്കപ്പെടും.

14:18 അല്പബുദ്ധികൾ ഭോഷത്വം അവകാശമാക്കിക്കൊള്ളുന്നു; സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു.

14:19 ദുർജ്ജനം സജ്ജനത്തിന്റെ മുമ്പിലും ദുഷ്ടന്മാർ നീതിമാന്മാരുടെ വാതിൽക്കലും വണങ്ങിനില്ക്കുന്നു.

14:20 ദരിദ്രനെ കൂട്ടുകാരൻ പോലും പകെക്കുന്നു; ധനവാന്നോ വളരെ സ്നേഹിതന്മാർ ഉണ്ടു.

 < 
14:21 കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു; എളിയവരോടു കൃപകാണിക്കുന്നവനോ ഭാഗ്യവാൻ.

14:22 ദോഷം നിരൂപിക്കുന്നവർ ഉഴന്നുപോകുന്നില്ലയോ? നന്മ നിരൂപിക്കുന്നവർക്കോ ദയയും വിശ്വസ്തതയും ലഭിക്കുന്നു.

14:23 എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും; അധരചർവ്വണംകൊണ്ടോ ഞെരുക്കമേ വരു.

14:24 ജ്ഞാനികളുടെ ധനം അവർക്കു കിരീടം; മൂഢന്മാരുടെ ഭോഷത്വമോ ഭോഷത്വം തന്നെ.

14:25 സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു; ഭോഷ്കു നിശ്വസിക്കുന്നവനോ വഞ്ചന ചെയ്യുന്നു.

 < 
14:26 യഹോവാഭക്തന്നു ദൃഢധൈര്യം ഉണ്ടു; അവന്റെ മക്കൾക്കും ശരണം ഉണ്ടാകും.

14:27 യഹോവാഭക്തി ജീവന്റെ ഉറവാകുന്നു; അതിനാൽ മരണത്തിന്റെ കണികളെ ഒഴിഞ്ഞുപോകും.

14:28 പ്രജാബാഹുല്യം രാജാവിന്നു ബഹുമാനം; പ്രജാന്യൂനതയോ പ്രഭുവിന്നു നാശം.

14:29 ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ; മുൻകോപിയോ ഭോഷത്വം ഉയർത്തുന്നു.

14:30 ശാന്തമനസ്സു ദേഹത്തിന്നു ജീവൻ; അസൂയയോ അസ്തികൾക്കു ദ്രവത്വം.

 < 
14:31 എളിയവനെ പീഡിപ്പിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ദരിദ്രനോടു കൃപകാണിക്കുന്നവനോ അവനെ ബഹുമാനിക്കുന്നു.

14:32 ദുഷ്ടന്നു തന്റെ ദുഷ്ടതയാൽ വീഴ്ച വരുന്നു; നീതിമാന്നോ മരണത്തിലും പ്രത്യാശയുണ്ടു.

14:33 വിവേകമുള്ളവന്റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാർക്കുന്നു; മൂഢന്മാരുടെ അന്തരംഗത്തിൽ ഉള്ളതോ വെളിപ്പെട്ടുവരുന്നു.

14:34 നീതി ജാതിയെ ഉയർത്തുന്നു; പാപമോ വംശങ്ങൾക്കു അപമാനം.

14:35 ബുദ്ധിമാനായ ദാസന്നു രാജാവിന്റെ പ്രീതി ലഭിക്കുന്നു. നാണംകെട്ടവന്നോ അവന്റെ കോപം നേരിടും.

 < 

* ----------------------------------------

സദൃശ്യവാക്യങ്ങൾ അദ്ധ്യായം 15  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33

15:1 മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.

15:2 ജ്ഞാനിയുടെ നാവു നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു. മൂഢന്മാരുടെ വായോ ഭോഷത്വം പൊഴിക്കുന്നു.

15:3 യഹോവയുടെ കണ്ണു എല്ലാടവും ഉണ്ടു; ആകാത്തവരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.

15:4 നാവിന്റെ ശാന്തത ജീവവൃക്ഷം; അതിന്റെ വക്രതയോ മനോവ്യസനം.

15:5 ഭോഷൻ അപ്പന്റെ പ്രബോധനം നിരസിക്കുന്നു; ശാസനയെ കൂട്ടാക്കുന്നവനോ വിവേകിയായ്തീരും.

 < 
15:6 നീതിമാന്റെ വീട്ടിൽ വളരെ നിക്ഷേപം ഉണ്ടു; ദുഷ്ടന്റെ ആദായത്തിലോ അനർത്ഥം.

15:7 ജ്ഞാനികളുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു; മൂഢന്മാരുടെ ഹൃദയമോ നേരുള്ളതല്ല.

15:8 ദുഷ്ടന്മാരുടെ യാഗം യഹോവെക്കു വെറുപ്പു; നേരുള്ളവരുടെ പ്രാർത്ഥനയോ അവന്നു പ്രസാദം.

15:9 ദുഷ്ടന്മാരുടെ വഴി യഹോവെക്കു വെറുപ്പു; എന്നാൽ നീതിയെ പിന്തുടരുന്നവനെ അവൻ സ്നേഹിക്കുന്നു.

15:10 സന്മാർഗ്ഗം ത്യജിക്കുന്നവന്നു കഠിനശിക്ഷ വരും; ശാസന വെറുക്കുന്നവൻ മരിക്കും.

 < 
15:11 പാതാളവും നരകവും യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു; മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങൾ എത്ര അധികം!

15:12 പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല; ജ്ഞാനികളുടെ അടുക്കൽ ചെല്ലുന്നതുമില്ല.

15:13 സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു; ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം ക്ഷയിക്കുന്നു.

15:14 വിവേകമുള്ളവന്റെ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു; മൂഢന്മാരുടെ വായോ ഭോഷത്വം ആചരിക്കുന്നു.

15:15 അരിഷ്ടന്റെ ജീവനാൾ ഒക്കെയും കഷ്ടകാലം; സന്തുഷ്ടഹൃദയന്നോ നിത്യം ഉത്സവം.

 < 
15:16 ബഹു നിക്ഷേപവും അതിനോടുകൂടെ കഷ്ടതയും ഉള്ളതിനെക്കാൾ യഹോവാഭക്തിയോടുകൂടെ അല്പധനം ഉള്ളതു നന്നു.

15:17 ദ്വേഷമുള്ളെടത്തെ തടിപ്പിച്ച കാളയെക്കാൾ സ്നേഹമുള്ളെടത്തെ ശാകഭോജനം നല്ലതു.

15:18 ക്രോധമുള്ള കലഹം ഉണ്ടാക്കുന്നു; ദീർഘക്ഷമയുള്ളവനോ കലഹം ശമിപ്പിക്കുന്നു.

15:19 മടിയന്റെ വഴി മുള്ളുവേലിപോലെയാകുന്നു; നീതിമാന്മാരുടെ പാതയോ പെരുവഴി തന്നേ.

15:20 ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; മൂഢനോ അമ്മയെ നിന്ദിക്കുന്നു.

 < 
15:21 ഭോഷത്വം ബുദ്ധിഹീനന്നു സന്തോഷം; വിവേകിയോ ചൊവ്വായി നടക്കുന്നു.

15:22 ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശങ്ങൾ സാധിക്കാതെ പോകുന്നു; ആലോചനക്കാരുടെ ബഹുത്വത്താലോ അവ സാധിക്കുന്നു.

15:23 താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന്നു സന്തോഷം വരും; തക്കസമയത്തു പറയുന്ന വാക്കു എത്ര മനോഹരം!

15:24 ബുദ്ധിമാന്റെ ജീവയാത്ര മേലോട്ടാകുന്നു; കീഴെയുള്ള പാതാളത്തെ അവൻ ഒഴിഞ്ഞുപോകും.

15:25 അഹങ്കാരിയുടെ വീടു യഹോവ പൊളിച്ചുകളയും; വിധവയുടെ അതിരോ അവൻ ഉറപ്പിക്കും.

 < 
15:26 ദുരുപായങ്ങൾ യഹോവെക്കു വെറുപ്പു; ദയാവാക്കോ നിർമ്മലം.

15:27 ദുരാഗ്രഹി തന്റെ ഭവനത്തെ വലെക്കുന്നു; കോഴ വെറുക്കുന്നവനോ ജീവിച്ചിരിക്കും.

15:28 നീതിമാൻ മനസ്സിൽ ആലോചിച്ചു ഉത്തരം പറയുന്നു; ദുഷ്ടന്മാരുടെ വായോ ദോഷങ്ങളെ പൊഴിക്കുന്നു.

15:29 യഹോവ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു; നീതിമാന്മാരുടെ പ്രാർത്ഥനയോ അവൻ കേൾക്കുന്നു.

15:30 കണ്ണിന്റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; നല്ല വർത്തമാനം അസ്ഥികളെ തണുപ്പിക്കുന്നു.

 < 
15:31 ജീവാർത്ഥമായ ശാസന കേൾക്കുന്ന ചെവിയുള്ളവൻ ജ്ഞാനികളുടെ മദ്ധ്യേ വസിക്കും.

15:32 പ്രബോധനം ത്യജിക്കുന്നവൻ തന്റെ പ്രാണനെ നിരസിക്കുന്നു; ശാസന കേട്ടനുസരിക്കുന്നവനോ വിവേകം സമ്പാദിക്കുന്നു.

15:33 യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു; മാനത്തിന്നു വിനയം മുന്നോടിയാകുന്നു.


* ----------------------------------------

സദൃശ്യവാക്യങ്ങൾ അദ്ധ്യായം 16  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33

16:1 ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യന്നുള്ളവ; നാവിന്റെ ഉത്തരമോ യഹോവയാൽ വരുന്നു.

16:2 മനുഷ്യന്നു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു.

16:3 നിന്റെ പ്രവൃത്തികളെ യഹോവെക്കു സമർപ്പിക്ക; എന്നാൽ നിന്റെ ഉദ്ദേശങ്ങൾ സാധിക്കും.

16:4 യഹോവ സകലത്തെയും തന്റെ ഉദ്ദേശത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനർത്ഥദിവസത്തിന്നായി ദുഷ്ടനെയും കൂടെ.

16:5 ഗർവ്വമുള്ള ഏവനും യഹോവെക്കു വെറുപ്പു; അവന്നു ശിക്ഷ വരാതിരിക്കയില്ല എന്നതിന്നു ഞാൻ കയ്യടിക്കുന്നു.

 < 
16:6 ദയയും വിശ്വസ്തതയുംകൊണ്ടു അകൃത്യം പരിഹരിക്കപ്പെടുന്നു; യഹോവാഭക്തികൊണ്ടു മനുഷ്യർ ദോഷത്തെ വിട്ടകലുന്നു.

16:7 ഒരുത്തന്റെ വഴികൾ യഹോവെക്കു ഇഷ്ടമായിരിക്കുമ്പോൾ അവൻ അവന്റെ ശത്രുക്കളെയും അവനോടു ഇണക്കുന്നു.

16:8 ന്യായരഹിതമായ വലിയ വരവിനെക്കാൾ നീതിയോടെയുള്ള അല്പം നല്ലതു.

16:9 മനുഷ്യന്റെ ഹൃദയം തന്റെ വഴിയെ നിരൂപിക്കുന്നു; അവന്റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു.

16:10 രാജാവിന്റെ അധരങ്ങളിൽ അരുളപ്പാടുണ്ടു; ന്യായവിധിയിൽ അവന്റെ വായ് പിഴെക്കുന്നതുമില്ല.

 < 
16:11 ഒത്ത വെള്ളിക്കോലും ത്രാസും യഹോവെക്കുള്ളവ; സഞ്ചിയിലെ പടി ഒക്കെയും അവന്റെ പ്രവൃത്തിയാകുന്നു.

16:12 ദുഷ്ടത പ്രവർത്തിക്കുന്നതു രാജാക്കന്മാർക്കും വെറുപ്പു; നീതികൊണ്ടല്ലോ സിംഹാസനം സ്ഥിരപ്പെടുന്നതു.

16:13 നീതിയുള്ള അധരങ്ങൾ രാജാക്കന്മാർക്കും പ്രസാദം; നേർ പറയുന്നവനെ അവർ സ്നേഹിക്കുന്നു.

16:14 രാജാവിന്റെ ക്രോധം മരണദൂതന്നു തുല്യം; ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും.

16:15 രാജാവിന്റെ മുഖപ്രകാശത്തിൽ ജീവൻ ഉണ്ടു; അവന്റെ പ്രസാദം പിന്മഴെക്കുള്ള മേഘം പോലെയാകുന്നു.

 < 
16:16 തങ്കത്തെക്കാൾ ജ്ഞാനത്തെ സമ്പാദിക്കുന്നതു എത്ര നല്ലതു! വെള്ളിയെക്കാൾ വിവേകം സമ്പാദിക്കുന്നതു എത്ര ഉത്തമം!

16:17 ദോഷം അകറ്റിനടക്കുന്നതു നേരുള്ളവരുടെ പെരുവഴി; തന്റെ വഴി സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കാത്തുകൊള്ളുന്നു.

16:18 നാശത്തിന്നു മുമ്പെ ഗർവ്വം; വീഴ്ചകൂ മുമ്പെ ഉന്നതഭാവം.

16:19 ഗർവ്വികളോടുകൂടെ കവർച്ച പങ്കിടുന്നതിനെക്കാൾ താഴ്മയുള്ളവരോടുകൂടെ താഴ്മയുള്ളവനായിരിക്കുന്നതു നല്ലതു.

16:20 തിരുവചനം പ്രമാണിക്കുന്നവൻ നന്മ കണ്ടെത്തും; യഹോവയിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ.

 < 
16:21 ജ്ഞാനഹൃദയൻ വിവേകി എന്നു വിളിക്കപ്പെടും; അധരമാധുര്യം വിദ്യയെ വർദ്ധിപ്പിക്കുന്നു.

16:22 വിവേകം വിവേകിക്കു ജീവന്റെ ഉറവാകുന്നു. ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്വം തന്നേ.

16:23 ജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പഠിപ്പിക്കുന്നു; അവന്റെ അധരങ്ങൾക്കു വിദ്യ വർദ്ധിപ്പിക്കുന്നു.

16:24 ഇമ്പമുള്ള വാക്കു തേൻ കട്ടയാകുന്നു; മനസ്സിന്നു മധുരവും അസ്ഥികൾക്കു ഔഷധവും തന്നേ;

16:25 ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നുന്നു. അതിന്റെ അവസാനമോ മരണവഴികൾ അത്രേ.

 < 
16:26 പണിക്കാരന്റെ വിശപ്പു അവനെക്കൊണ്ടു പണി ചെയ്യിക്കുന്നു; അവന്റെ വായ് അവനെ അതിന്നായി നിർബ്ബന്ധിക്കുന്നു.

16:27 നിസ്സാരമനുഷ്യൻ പാതകം എന്ന കുഴികുഴിക്കുന്നു; അവന്റെ അധരങ്ങളിൽ കത്തുന്ന തീ ഉണ്ടു.

16:28 വക്രതയുള്ള മനുഷ്യൻ വഴക്കു ഉണ്ടാക്കുന്നു; ഏഷണിക്കാരൻ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.

16:29 സഹാസക്കാരൻ കൂട്ടുകാരനെ വശീകരിക്കയും കൊള്ളരുതാത്ത വഴിയിൽ നടത്തുകയും ചെയ്യുന്നു.

16:30 കണ്ണു അടെക്കുന്നവൻ വക്രത നിരൂപിക്കുന്നു; വപ്പു കടിക്കുന്നവൻ ദോഷം നിവർത്തിക്കുന്നു.

 < 
16:31 നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം.

16:32 ദീർഘക്ഷമയുള്ളവൻ യുദ്ധവീരനിലും ജിതമാനസൻ പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠൻ.

16:33 ചീട്ടു മടിയിൽ ഇടുന്നു; അതിന്റെ വിധാനമോ യഹോവയാലത്രേ.


* ----------------------------------------

സദൃശ്യവാക്യങ്ങൾ അദ്ധ്യായം 17  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28

17:1 കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലതു.

17:2 നാണംകെട്ട മകന്റെമേൽ ബുദ്ധിമാനായ ദാസൻ കർത്തൃത്വം നടത്തും; സഹോദരന്മാരുടെ ഇടയിൽ അവകാശം പ്രാപിക്കും.

17:3 വെള്ളിക്കു പുടം, പൊന്നിന്നു മൂശ; ഹൃദയങ്ങളെ ശോധന ചെയ്യുന്നവനോ യഹോവ.

17:4 ദുഷ്കർമ്മി നീതികെട്ട അധരങ്ങൾക്കു ശ്രദ്ധകൊടുക്കുന്നു; വ്യാജം പറയുന്നവൻ വഷളത്വമുള്ള നാവിന്നു ചെവികൊടുക്കുന്നു.

17:5 ദരിദ്രനെ പരിഹസിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ആപത്തിൽ സന്തോഷിക്കുന്നവന്നു ശിക്ഷ വരാതിരിക്കയില്ല.

 < 
17:6 മക്കളുടെ മക്കൾ വൃദ്ധന്മാർക്കും കിരീടമാകുന്നു; മക്കളുടെ മഹത്വം അവരുടെ അപ്പന്മാർ തന്നേ.

17:7 സുഭാഷിതം പറയുന്ന അധരം ഭോഷന്നു യോഗ്യമല്ല; വ്യാജമുള്ള അധരം ഒരു പ്രഭുവിന്നു എങ്ങിനെ?

17:8 സമ്മാനം വാങ്ങുന്നവന്നു അതു രത്നമായി തോന്നും; അതു ചെല്ലുന്നെടത്തൊക്കെയും കാര്യം സാധിക്കും.

17:9 സ്നേഹം തേടുന്നവൻ ലംഘനം മറെച്ചുവെക്കുന്നു; കാര്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.

17:10 ഭോഷനെ നൂറു അടിക്കുന്നതിനെക്കാൾ ബുദ്ധിമാനെ ഒന്നു ശാസിക്കുന്നതു അധികം ഫലിക്കും.

 < 
17:11 മത്സരക്കാരൻ ദോഷം മാത്രം അന്വേഷിക്കുന്നു; ക്രൂരനായോരു ദൂതനെ അവന്റെ നേരെ അയക്കും.

17:12 മൂഢനെ അവന്റെ ഭോഷത്വത്തിൽ എതിരിടുന്നതിനെക്കാൾ കുട്ടികൾ കാണാതെപോയ കരടിയെ എതിരിടുന്നതു ഭേദം.

17:13 ഒരുത്തൻ നന്മെക്കു പകരം തിന്മ ചെയ്യുന്നു എങ്കിൽ അവന്റെ ഭവനത്തെ തിന്മ വിട്ടുമാറുകയില്ല.

17:14 കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; ആകയാൽ കലഹമാകുംമുമ്പെ തർക്കം നിർത്തിക്കളക.

17:15 ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും രണ്ടുപേരും യഹോവെക്കു വെറുപ്പു.

 < 
17:16 മൂഢന്നു ബുദ്ധിയില്ലാതിരിക്കെ ജ്ഞാനം സമ്പാദിപ്പാൻ അവന്റെ കയ്യിൽ ദ്രവ്യം എന്തിനു?

17:17 സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്തീരുന്നു.

17:18 ബുദ്ധിഹീനനായ മനുഷ്യൻ കയ്യടിച്ചു കൂട്ടുകാരന്നു വേണ്ടി ജാമ്യം നില്ക്കുന്നു.

17:19 കലഹപ്രിയൻ ലംഘനപ്രിയൻ ആകുന്നു; പടിവാതിൽ പൊക്കത്തിൽ പണിയുന്നവൻ ഇടിവു ഇച്ഛിക്കുന്നു.

17:20 വക്രഹൃദയമുള്ളവൻ നന്മ കാണുകയില്ല; വികട നാവുള്ളവൻ ആപത്തിൽ അകപ്പെടും.

 < 
17:21 ഭോഷനെ ജനിപ്പിച്ചവന്നു അതു ഖേദകാരണമാകും; മൂഢന്റെ അപ്പന്നു സന്തോഷം ഉണ്ടാകയില്ല.

17:22 സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു; തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.

17:23 ദുഷ്ടൻ ന്യായത്തിന്റെ വഴികളെ മറിക്കേണ്ടതിന്നു ഒളിച്ചുകൊണ്ടുവരുന്ന സമ്മാനം വാങ്ങുന്നു.

17:24 ജ്ഞാനം ബുദ്ധിമാന്റെ മുമ്പിൽ ഇരിക്കുന്നു; മൂഢന്റെ കണ്ണോ ഭൂമിയുടെ അറുതികളിലേക്കു നോക്കുന്നു.

17:25 മൂഢനായ മകൻ അപ്പന്നു വ്യസനവും തന്നെ പ്രസവിച്ചവൾക്കു കൈപ്പും ആകുന്നു.

 < 
17:26 നീതിമാന്നു പിഴ കല്പിക്കുന്നതും ശ്രേഷ്ഠന്മാരെ നേർനിമിത്തം അടിക്കുന്നതും നന്നല്ല.

17:27 വാക്കു അടക്കിവെക്കുന്നവൻ പരിജ്ഞാനമുള്ളവൻ; ശാന്തമാനസൻ ബുദ്ധിമാൻ തന്നേ.

17:28 മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും അധരം അടെച്ചുകൊണ്ടാൽ വിവേകിയായും എണ്ണും.


* ----------------------------------------

സദൃശ്യവാക്യങ്ങൾ അദ്ധ്യായം 18  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24

18:1 കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവൻ കയർക്കുംന്നു.

18:2 തന്റെ മനസ്സു വെളിപ്പെടുത്തുന്നതിൽ അല്ലാതെ മൂഢന്നു ബോധത്തിൽ ഇഷ്ടമില്ല.

18:3 ദുഷ്ടനോടുകൂടെ അപമാനവും ദുഷ്കീർത്തിയോടുകൂടെ നിന്ദയും വരുന്നു.

18:4 മനുഷ്യന്റെ വായിലെ വാക്കു ആഴമുള്ള വെള്ളവും ജ്ഞാനത്തിന്റെ ഉറവു ഒഴുക്കുള്ള തോടും ആകുന്നു.

18:5 നീതിമാനെ ന്യായവിസ്താരത്തിൽ തോല്പിക്കേണ്ടതിന്നു ദുഷ്ടന്റെ പക്ഷം പിടിക്കുന്നതു നന്നല്ല.

 < 
18:6 മൂഢന്റെ അധരങ്ങൾ വഴക്കിന്നു ഇടയാക്കുന്നു; അവന്റെ വായ് തല്ലു വിളിച്ചുവരുത്തുന്നു.

18:7 മൂഢന്റെ വായ് അവന്നു നാശം; അവന്റെ അധരങ്ങൾ അവന്റെ പ്രാണന്നു കണി.

18:8 ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെയിരിക്കുന്നു; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു.

18:9 വേലയിൽ മടിയനായവൻ മുടിയന്റെ സഹോദരൻ.

18:10 യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു.

 < 
18:11 ധനവാന്നു തന്റെ സമ്പത്തു ഉറപ്പുള്ള പട്ടണം; അതു അവന്നു ഉയർന്ന മതിൽ ആയിത്തോന്നുന്നു.

18:12 നാശത്തിന്നു മുമ്പെ മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു; മാനത്തിന്നു മുമ്പെ താഴ്മ.

18:13 കേൾക്കുംമുമ്പെ ഉത്തരം പറയുന്നവന്നു അതു ഭോഷത്വവും ലജ്ജയും ആയ്തീരുന്നു.

18:14 പുരുഷന്റെ ധീരത അവന്റെ ദീനത്തെ സഹിക്കും; തകർന്ന മനസ്സിനെയോ ആർക്കു സഹിക്കാം?

18:15 ബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു; ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു.

 < 
18:16 മനുഷ്യൻ വെക്കുന്ന കാഴ്ചയാൽ അവന്നു പ്രവേശനം കിട്ടും; അവൻ മഹാന്മാരുടെ സന്നിധിയിൽ ചെല്ലുവാൻ ഇടയാകും.

18:17 തന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവൻ നീതിമാൻ എന്നു തോന്നും; എന്നാൽ അവന്റെ പ്രതിയോഗി വന്നു അവനെ പരിശോധിക്കും.

18:18 ചീട്ടു തർക്കങ്ങളെ തീർക്കയും ബലവാന്മാരെ തമ്മിൽ വേറുപെടുത്തുകയും ചെയ്യുന്നു.

18:19 ദ്രോഹിക്കപ്പെട്ട സഹോദരൻ ഉറപ്പുള്ള പട്ടണത്തെക്കാൾ ദുർജ്ജയനാകുന്നു; അങ്ങനെയുള്ള പിണക്കം അരമനയുടെ ഓടാമ്പൽപോലെ തന്നേ.

18:20 വായുടെ ഫലത്താൽ മനുഷ്യന്റെ ഉദരം നിറയും; അധരങ്ങളുടെ വിളവുകൊണ്ടു അവന്നു തൃപ്തിവരും;

 < 
18:21 മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും.

18:22 ഭാര്യയെ കിട്ടുന്നവന്നു നന്മ കിട്ടുന്നു; യഹോവയോടു പ്രസാദം ലഭിച്ചുമിരിക്കുന്നു.

18:23 ദരിദ്രൻ യാചനാരീതിയിൽ സംസാരിക്കുന്നു; ധനവാനോ കഠിനമായി ഉത്തരം പറയുന്നു.

18:24 വളരെ സ്നേഹിതന്മാരുള്ള മനുഷ്യന്നു നാശം വരും; എന്നാൽ സഹോദരനെക്കാളും പറ്റുള്ള സ്നേഹിതന്മാരും ഉണ്ടു.


* ----------------------------------------

സദൃശ്യവാക്യങ്ങൾ അദ്ധ്യായം 19  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29

19:1 വികടാധരം ഉള്ള മൂഢനെക്കാൾ പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ.

19:2 പരിജ്ഞാനമില്ലാത്ത മനസ്സു നന്നല്ല; തത്രപ്പെട്ടു കാൽ വെക്കുന്നവനോ പിഴെച്ചുപോകുന്നു.

19:3 മനുഷ്യന്റെ ഭോഷത്വം അവന്റെ വഴിയെ മറിച്ചുകളയുന്നു; അവന്റെ ഹൃദയമോ യഹോവയോടു മുഷിഞ്ഞുപോകുന്നു.

19:4 സമ്പത്തു സ്നേഹിതന്മാരെ വർദ്ധിപ്പിക്കുന്നു; എളിയവനോ കൂട്ടുകാരനോടു അകന്നിരിക്കുന്നു.

19:5 കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; ഭോഷ്കു നിശ്വസിക്കുന്നവൻ ഒഴിഞ്ഞുപോകയുമില്ല.

 < 
19:6 പ്രഭുവിന്റെ പ്രീതി സമ്പാദിപ്പാൻ പലരും നോക്കുന്നു; ദാനം ചെയ്യുന്നവന്നു ഏവനും സ്നേഹിതൻ.

19:7 ദരിദ്രന്റെ സഹോദരന്മാരെല്ലാം അവനെ പകെക്കുന്നു; അവന്റെ സ്നേഹിതന്മാർ എത്ര അധികം അകന്നുനില്ക്കും? അവൻ വാക്കു തിരയുമ്പോഴേക്കു അവരെ കാണ്മാനില്ല.

19:8 ബുദ്ധി സമ്പാദിക്കുന്നവൻ തന്റെ പ്രാണനെ സ്നേഹിക്കുന്നു; ബോധം കാത്തുകൊള്ളുന്നവൻ നന്മ പ്രാപിക്കും.

19:9 കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; ഭോഷ്കു നിശ്വസിക്കുന്നവൻ നശിച്ചുപോകും.

19:10 സുഖജീവനം ഭോഷന്നു യോഗ്യമല്ല; പ്രഭുക്കന്മാരുടെമേൽ കർത്തൃത്വം നടത്തുന്നതോ ദാസന്നു എങ്ങനെ?

 < 
19:11 വിവേകബുദ്ധിയാൽ മനുഷ്യന്നു ദീർഘക്ഷമവരുന്നു; ലംഘനം ക്ഷമിക്കുന്നതു അവന്നു ഭൂഷണം.

19:12 രാജാവിന്റെ ക്രോധം സിംഹഗർജ്ജനത്തിന്നു തുല്യം; അവന്റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ.

19:13 മൂഢനായ മകൻ അപ്പന്നു നിർഭാഗ്യം; ഭാര്യയുടെ കലമ്പൽ തീരാത്ത ചോർച്ചപോലെ.

19:14 ഭവനവും സമ്പത്തും പിതാക്കന്മാർ വെച്ചേക്കുന്ന അവകാശം; ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം.

19:15 മടി ഗാഢനിദ്രയിൽ വീഴിക്കുന്നു; അലസചിത്തൻ പട്ടണികിടക്കും.

 < 
19:16 കല്പന പ്രമാണിക്കുന്നവൻ പ്രാണനെ കാക്കുന്നു; നടപ്പു സൂക്ഷിക്കാത്തവനോ മരണശിക്ഷ അനുഭവിക്കും.

19:17 എളിയവനോടു കൃപ കാട്ടുന്നവൻ യഹോവെക്കു വായ്പ കൊടുക്കുന്നു; അവൻ ചെയ്ത നന്മെക്കു അവൻ പകരം കൊടുക്കും.

19:18 പ്രത്യാശയുള്ളേടത്തോളം നിന്റെ മകനെ ശിക്ഷിക്ക; എങ്കിലും അവനെ കൊല്ലുവാൻ തക്കവണ്ണം ഭാവിക്കരുതു.

19:19 മുൻകോപി പിഴ കൊടുക്കേണ്ടിവരും; നീ അവനെ വിടുവിച്ചാൽ അതു പിന്നെയും ചെയ്യേണ്ടിവരും.

19:20 പിന്നത്തേതിൽ നീ ജ്ഞാനിയാകേണ്ടതിന്നു ആലോചന കേട്ടു പ്രബോധനം കൈക്കൊൾക.

 < 
19:21 മനുഷ്യന്റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ടു; യഹോവയുടെ ആലോചനയോ നിവൃത്തിയാകും.

19:22 മനുഷ്യൻ തന്റെ മനസ്സുപോലെ ദയ കാണിക്കും; ഭോഷ്കു പറയുന്നവനെക്കാൾ ദരിദ്രൻ ഉത്തമൻ.

19:23 യഹോവാഭക്തി ജീവഹേതുകമാകുന്നു; അതുള്ളവൻ തൃപ്തനായി വസിക്കും; അനർത്ഥം അവന്നു നേരിടുകയില്ല.

19:24 മടിയൻ തന്റെ കൈ തളികയിൽ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരികയില്ല.

19:25 പരിഹാസിയെ അടിച്ചാൽ അല്പബുദ്ധി വിവേകം പഠിക്കും; ബുദ്ധിമാനെ ശാസിച്ചാൽ അവൻ പരിജ്ഞാനം പ്രാപിക്കും.

 < 
19:26 അപ്പനെ ഹേമിക്കയും അമ്മയെ ഓടിച്ചുകളകയും ചെയ്യുന്നവൻ ലജ്ജയും അപമാനവും വരുത്തുന്ന മകനാകുന്നു.

19:27 മകനേ, പരിജ്ഞാനത്തിന്റെ വചനങ്ങളെ വിട്ടുമാറേണ്ടതിന്നുള്ള ഉപദേശം കേൾക്കുന്നതു മതിയാക്കുക.

19:28 നിസ്സാരസാക്ഷി ന്യായത്തെ പരിഹസിക്കുന്നു; ദുഷ്ടന്മാരുടെ വായ് അകൃത്യത്തെ വിഴുങ്ങുന്നു.

19:29 പരിഹാസികൾക്കായി ശിക്ഷാവിധിയും മൂഢന്മാരുടെ മുതുകിന്നു തല്ലും ഒരുങ്ങിയിരിക്കുന്നു.


* ----------------------------------------

സദൃശ്യവാക്യങ്ങൾ അദ്ധ്യായം 20  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30

20:1 വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല.

20:2 രാജാവിന്റെ ഭീഷണം സിംഹഗർജ്ജനം പോലെ; അവനെ കോപിപ്പിക്കുന്നവൻ തന്റെ പ്രാണനോടു ദ്രോഹം ചെയ്യുന്നു.

20:3 വ്യവഹാരം ഒഴിഞ്ഞിരിക്കുന്നതു പുരുഷന്നു മാനം; എന്നാൽ ഏതു ഭോഷനും ശണ്ഠകൂടും.

20:4 മടിയൻ ശീതംനിമിത്തം ഉഴാതിരിക്കുന്നു; കൊയ്ത്തുകാലത്തു അവൻ ഇരക്കും; ഒന്നും കിട്ടുകയുമില്ല.

20:5 മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷനോ അതു കോരി എടുക്കും.

 < 
20:6 മിക്ക മനുഷ്യരും തങ്ങളോടു ദയാലുവായ ഒരുത്തനെ കാണും; എന്നാൽ വിശ്വസ്തനായ ഒരുത്തനെ ആർ കണ്ടെത്തും?

20:7 പരമാർത്ഥതയിൽ നടക്കുന്നവൻ നീതിമാൻ; അവന്റെ ശേഷം അവന്റെ മക്കളും ഭാഗ്യവാന്മാർ.

20:8 ന്യായാസനത്തിൽ ഇരിക്കുന്ന രാജാവു തന്റെ കണ്ണുകൊണ്ടു സകലദോഷത്തെയും പേറ്റിക്കളയുന്നു.

20:9 ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചു പാപം ഒഴിഞ്ഞു നിർമ്മലനായിരിക്കുന്നു എന്നു ആർക്കു പറയാം?

20:10 രണ്ടുതരം തൂക്കവും രണ്ടുതരം അളവും രണ്ടും ഒരുപോലെ യഹോവെക്കു വെറുപ്പു.

 < 
20:11 ബാല്യത്തിലെ ക്രിയകളാൽ തന്നേ ഒരുത്തന്റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതാകുമോ എന്നു അറിയാം.

20:12 കേൾക്കുന്ന ചെവി, കാണുന്ന കണ്ണു, ഇവ രണ്ടും യഹോവ ഉണ്ടാക്കി.

20:13 ദരിദ്രനാകാതെയിരിക്കേണ്ടതിന്നു നിദ്രാപ്രിയനാകരുതു; നീ കണ്ണു തുറക്ക; നിനക്കു വേണ്ടുവോളം ആഹാരം ഉണ്ടാകും.

20:14 വിലെക്കു വാങ്ങുന്നവൻ ചീത്തചീത്ത എന്നു പറയുന്നു; വാങ്ങി തന്റെ വഴിക്കു പോകുമ്പോഴോ അവൻ പ്രശംസിക്കുന്നു.

20:15 പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ; പരിജ്ഞാനമുള്ള അധരങ്ങളോ വിലയേറിയ ആഭരണം.

 < 
20:16 അന്യന്നു വേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം എടുത്തുകൊൾക; അന്യജാതിക്കാരന്നു വേണ്ടി ഉത്തരവാദി ആകുന്നവനോടു പണയം വാങ്ങുക.

20:17 വ്യാജത്താൽ നേടിയ ആഹാരം മനുഷ്യന്നു മധുരം; പിന്നത്തേതിലോ അവന്റെ വായിൽ ചരൽ നിറയും.

20:18 ഉദ്ദേശങ്ങൾ ആലോചനകൊണ്ടു സാധിക്കുന്നു; ആകയാൽ ഭരണസാമർത്ഥ്യത്തോടെ യുദ്ധം ചെയ്ക.

20:19 നുണയനായി നുടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; ആകയാൽ വിടുവായനോടു ഇടപെടരുതു.

20:20 ആരെങ്കിലും അപ്പനെയോ അമ്മയെയോ ദുഷിച്ചാൽ അവന്റെ വിളക്കു കൂരിരുട്ടിൽ കെട്ടുപോകും.

 < 
20:21 ഒരു അവകാശം ആദിയിൽ ബദ്ധപ്പെട്ടു കൈവശമാക്കാം; അതിന്റെ അവസാനമോ അനുഗ്രഹിക്കപ്പെട്ടിരിക്കയില്ല.

20:22 ഞാൻ ദോഷത്തിന്നു പ്രതികാരം ചെയ്യുമെന്നു നീ പറയരുതു; യഹോവയെ കാത്തിരിക്ക; അവൻ നിന്നെ രക്ഷിക്കും.

20:23 രണ്ടുതരം തൂക്കം യഹോവെക്കു വെറുപ്പു; കള്ളത്തുലാസും കൊള്ളരുതു.

20:24 മനുഷ്യന്റെ ഗതികൾ യഹോവയാൽ നിയമിക്കപ്പെടുന്നു; പിന്നെ മനുഷ്യന്നു തന്റെ വഴി എങ്ങനെ ഗ്രഹിക്കാം?

20:25 “ഇതു നിവേദിതം” എന്നു തത്രപ്പെട്ടു നേരുന്നതും നേർന്നശേഷം നിരൂപിക്കുന്നതും മനുഷ്യന്നു ഒരു കണി.

 < 
20:26 ജ്ഞാനമുള്ള രാജാവു ദുഷ്ടന്മാരെ പേറ്റിക്കളയുന്നു; അവരുടെ മേൽ അവൻ മെതിവണ്ടി ഉരുട്ടുന്നു.

20:27 മനുഷ്യന്റെ ആത്മാവു യഹോവയുടെ ദീപം; അതു ഉദരത്തിന്റെ അറകളെ ഒക്കെയും ശോധനചെയ്യുന്നു.

20:28 ദയയും വിശ്വസ്തതയും രാജാവിനെ കാക്കുന്നു; ദയകൊണ്ടു അവൻ തന്റെ സിംഹാസനത്തെ ഉറപ്പിക്കുന്നു.

20:29 യൌവനക്കാരുടെ ശക്തി അവരുടെ പ്രശംസ; വൃദ്ധന്മാരുടെ നര അവരുടെ ഭൂഷണം.

20:30 ഉദരത്തിന്റെ അറകളിലേക്കു ചെല്ലുന്ന തല്ലും പൊട്ടിപ്പോകത്തക്ക അടിയും ദോഷത്തെ അടിച്ചുവാരിക്കളയുന്നു.

 < 

* ----------------------------------------

സദൃശ്യവാക്യങ്ങൾ അദ്ധ്യായം 21  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31

21:1 രാജാവിന്റെ ഹൃദയം യഹോവയുടെ കയ്യിൽ നീർത്തോടുകണക്കെ ഇരിക്കുന്നു; തനിക്കു ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവൻ അതിനെ തിരിക്കുന്നു.

21:2 മനുഷ്യന്റെ വഴി ഒക്കെയും അവന്നു ചൊവ്വായിത്തോന്നുന്നു; യഹോവയോ ഹൃദയങ്ങളെ തൂക്കിനോക്കുന്നു.

21:3 നീതിയും ന്യായവും പ്രവർത്തിക്കുന്നതു യഹോവെക്കു ഹനനയാഗത്തെക്കാൾ ഇഷ്ടം.

21:4 ഗർവ്വമുള്ള കണ്ണും അഹങ്കാരഹൃദയവും ദുഷ്ടന്മാരുടെ ദീപവും പാപം തന്നേ.

21:5 ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിഹേതുകങ്ങൾ ആകുന്നു; ബദ്ധപ്പാടുകാരൊക്കെയും ബുദ്ധിമുട്ടിലേക്കത്രേ ബദ്ധപ്പെടുന്നതു.

 < 
21:6 കള്ളനാവുകൊണ്ടു ധനം സമ്പാദിക്കുന്നതു പാറിപ്പോകുന്ന ആവിയാകുന്നു; അതിനെ അന്വേഷിക്കുന്നവർ മരണത്തെ അന്വേഷിക്കുന്നു.

21:7 ദുഷ്ടന്മാരുടെ സാഹസം അവർക്കു നാശഹേതുവാകുന്നു; ന്യായം ചെയ്‍വാൻ അവർക്കു മനസ്സില്ലല്ലോ.

21:8 അകൃത്യഭാരം ചുമക്കുന്നവന്റെ വഴി വളഞ്ഞിരിക്കുന്നു; നിർമ്മലന്റെ പ്രവൃത്തിയോ ചൊവ്വുള്ളതു തന്നേ.

21:9 ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടിൽ പാർക്കുന്നതിനെക്കാൾ മേൽപുരയുടെ ഒരു കോണിൽ പാർക്കുന്നതു നല്ലതു.

21:10 ദുഷ്ടന്റെ മനസ്സു ദോഷത്തെ ആഗ്രഹിക്കുന്നു; അവന്നു കൂട്ടുകാരനോടു ദയ തോന്നുന്നതുമില്ല.

 < 
21:11 പരിഹാസിയെ ശിക്ഷിച്ചാൽ അല്പബുദ്ധി ജ്ഞാനിയായ്തീരും; ജ്ഞാനിയെ ഉപദേശിച്ചാൽ അവൻ പരിജ്ഞാനം പ്രാപിക്കും.

21:12 നീതിമാനായവൻ ദുഷ്ടന്റെ ഭവനത്തിന്മേൽ ദൃഷ്ടിവെക്കുന്നു; ദുഷ്ടന്മാരെ നാശത്തിലേക്കു മറിച്ചുകളയുന്നു.

21:13 എളിയവന്റെ നിലവിളിക്കു ചെവി പൊത്തിക്കളയുന്നവൻ താനും വിളിച്ചപേക്ഷിക്കും; ഉത്തരം ലഭിക്കയില്ല.

21:14 രഹസ്യത്തിൽ ചെയ്യുന്ന ദാനം കോപത്തെയും മടിയിൽ കൊണ്ടുവരുന്ന സമ്മാനം ഉഗ്രകോപത്തെയും ശമിപ്പിക്കുന്നു.

21:15 ന്യായം പ്രവർത്തിക്കുന്നതു നീതിമാന്നു സന്തോഷവും ദുഷ്‌പ്രവൃത്തിക്കാർക്കു ഭയങ്കരവും ആകുന്നു.

 < 
21:16 വിവേകമാർഗ്ഗം വിട്ടുനടക്കുന്നവൻ മൃതന്മാരുടെ കൂട്ടത്തിൽ വിശ്രമിക്കും.

21:17 ഉല്ലാസപ്രിയൻ ദരിദ്രനായ്തീരും; വീഞ്ഞും തൈലവും പ്രിയപ്പെടുന്നവൻ ധനവാനാകയില്ല.

21:18 ദുഷ്ടൻ നീതിമാന്നു മറുവിലയാകും; ദ്രോഹി നേരുള്ളവർക്കും പകരമായ്തീരും.

21:19 ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടെ പാർക്കുന്നതിലും നിർജ്ജനപ്രദേശത്തു പോയി പാർക്കുന്നതു നല്ലതു.

21:20 ജ്ഞാനിയുടെ പാർപ്പിടത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ടു; മൂഢനോ അവയെ ദുർവ്യയം ചെയ്തുകളയുന്നു.

 < 
21:21 നീതിയും ദയയും പിന്തുടരുന്നവൻ ജീവനും നീതിയും മാനവും കണ്ടെത്തും.

21:22 ജ്ഞാനി വീരന്മാരുടെ പട്ടണത്തിൽ കയറുകയും അതിന്റെ ആശ്രയമായ കോട്ടയെ ഇടിച്ചുകളകയും ചെയ്യുന്നു.

21:23 വായും നാവും സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കഷ്ടങ്ങളിൽനിന്നു സൂക്ഷിക്കുന്നു.

21:24 നിഗളവും ഗർവ്വവും ഉള്ളവന്നു പരിഹാസി എന്നു പേർ; അവൻ ഗർവ്വത്തിന്റെ അഹങ്കാരത്തോടെ പ്രവർത്തിക്കുന്നു.

21:25 മടിയന്റെ കൊതി അവന്നു മരണഹേതു; വേലചെയ്‍വാൻ അവന്റെ കൈകൾ മടിക്കുന്നുവല്ലോ.

 < 
21:26 ചിലർ നിത്യം അത്യാഗ്രഹത്തോടെ ഇരിക്കുന്നു; നീതിമാനോ ലോഭിക്കാതെ കൊടുത്തുകൊണ്ടിരിക്കുന്നു.

21:27 ദുഷ്ടന്മാരുടെ ഹനനയാഗം വെറുപ്പാകുന്നു; അവൻ ദുരാന്തരത്തോടെ അതു അർപ്പിച്ചാൽ എത്ര അധികം!

21:28 കള്ളസ്സാക്ഷി നശിച്ചുപോകും; ശ്രദ്ധിച്ചുകേൾക്കുന്നവന്നോ എപ്പോഴും സംസാരിക്കാം.

21:29 ദുഷ്ടൻ മുഖധാർഷ്ട്യം കാണിക്കുന്നു; നേരുള്ളവനോ തന്റെ വഴി നന്നാക്കുന്നു.

21:30 യഹോവെക്കെതിരെ ജ്ഞാനവുമില്ല, ബുദ്ധിയുമില്ല, ആലോചനയുമില്ല.

 < 
21:31 കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു; ജയമോ യഹോവയുടെ കൈവശത്തിലിരിക്കുന്നു.


* ----------------------------------------

സദൃശ്യവാക്യങ്ങൾ അദ്ധ്യായം 22  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29

22:1 അനവധിസമ്പത്തിലും സൽകീർത്തിയും വെള്ളിയിലും പൊന്നിലും കൃപയും നല്ലതു.

22:2 ധനവാനും ദരിദ്രനും തമ്മിൽ കാണുന്നു; അവരെ ഒക്കെയും ഉണ്ടാക്കിയവൻ യഹോവ തന്നേ.

22:3 വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.

22:4 താഴ്മെക്കും യഹോവഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു.

22:5 വക്രന്റെ വഴിയിൽ മുള്ളും കുടുക്കും ഉണ്ടു; തന്റെ പ്രാണനെ സൂക്ഷിക്കുന്നവൻ അവയോടു അകന്നിരിക്കട്ടെ.

 < 
22:6 ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.

22:7 ധനവാൻ ദരിദ്രന്മാരെ ഭരിക്കുന്നു; കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവന്നു ദാസൻ.

22:8 നീതികേടു വിതെക്കുന്നവൻ ആപത്തു കൊയ്യും; അവന്റെ കോപത്തിന്റെ വടി ഇല്ലാതെയാകും.

22:9 ദയാകടാക്ഷമുള്ളവൻ അനുഗ്രഹിക്കപ്പെടും; അവൻ തന്റെ ആഹാരത്തിൽനിന്നു അഗതിക്കു കൊടുക്കുന്നുവല്ലോ.

22:10 പരിഹാസിയെ നീക്കിക്കളക; അപ്പോൾ പിണക്കം പോയ്ക്കൊള്ളും; കലഹവും നിന്ദയും നിന്നുപോകും.

 < 
22:11 ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന്നു അധരലാവണ്യം ഉണ്ടു; രാജാവു അവന്റെ സ്നേഹിതൻ.

22:12 യഹോവയുടെ കണ്ണു പരിജ്ഞാനമുള്ളവനെ കാക്കുന്നു; ദ്രോഹികളുടെ വാക്കോ അവൻ മറിച്ചുകളയുന്നു.

22:13 വെളിയിൽ സിംഹം ഉണ്ടു, വീഥിയിൽ എനിക്കു ജീവഹാനി വരും എന്നു മടിയൻ പറയുന്നു.

22:14 പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു; യഹോവയാൽ ത്യജിക്കപ്പെട്ടവൻ അതിൽ വീഴും.

22:15 ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു; ശിക്ഷെക്കുള്ള വടി അതിനെ അവനിൽ നിന്നു അകറ്റിക്കളയും.

 < 
22:16 ആദായം ഉണ്ടാക്കേണ്ടതിന്നു എളിയവനെ പീഡിപ്പിക്കുന്നവനും ധനവാന്നു കൊടുക്കുന്നവനും മുട്ടുള്ളവനായ്തീരും.

22:17 ജ്ഞാനികളുടെ വചനങ്ങളെ ചെവിചായിച്ചു കേൾക്കുക; എന്റെ പരിജ്ഞാനത്തിന്നു മനസ്സുവെക്കുക.

22:18 അവയെ നിന്റെ ഉള്ളിൽ സൂക്ഷിക്കുന്നതും നിന്റെ അധരങ്ങളിൽ അവ ഒക്കെയും ഉറെച്ചിരിക്കുന്നതും മനോഹരം.

22:19 നിന്റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന്നു ഞാൻ ഇന്നു നിന്നോടു, നിന്നോടു തന്നേ, ഉപദേശിച്ചിരിക്കുന്നു.

22:20 നിന്നെ അയച്ചവർക്കും നീ നേരുള്ള മറുപടി കൊണ്ടുപോകേണ്ടതിന്നു നിനക്കു നേരുള്ള മറുപടിയുടെ നിശ്ചയം അറിയിച്ചുതരുവാൻ

 < 
22:21 ആലോചനയും പരിജ്ഞാനവും അടങ്ങിയ സാരസംഗതികളെ ഞാൻ നിനക്കു എഴുതീട്ടുണ്ടല്ലോ.

22:22 എളിയവനോടു അവൻ എളിയവനാകകൊണ്ടു കവർച്ച ചെയ്യരുതു; അരിഷ്ടനെ പടിവാതിൽക്കൽവെച്ചു പീഡിപ്പിക്കയും അരുതു.

22:23 യഹോവ അവരുടെ വ്യവഹാരം നടത്തും; അവരെ കൊള്ളയിട്ടവരുടെ ജീവനെ കൊള്ളയിടും.

22:24 കോപശീലനോടു സഖിത്വമരുതു; ക്രോധമുള്ള മനുഷ്യനോടുകൂടെ നടക്കയും അരുതു.

22:25 നീ അവന്റെ വഴികളെ പഠിപ്പാനും നിന്റെ പ്രാണൻ കണിയിൽ അകപ്പെടുവാനും സംഗതി വരരുതു.

 < 
22:26 നീ കയ്യടിക്കുന്നവരുടെ കൂട്ടത്തിലും കടത്തിന്നു ജാമ്യം നില്ക്കുന്നവരുടെ കൂട്ടത്തിലും ആയ്പോകരുതു.

22:27 വീട്ടുവാൻ നിനക്കു വകയില്ലാതെ വന്നിട്ടു നിന്റെ കീഴിൽനിന്നു നിന്റെ മെത്ത എടുത്തുകളവാൻ ഇടവരുത്തുന്നതു എന്തിനു?

22:28 നിന്റെ പിതാക്കന്മാർ ഇട്ടിരിക്കുന്ന പണ്ടത്തെ അതിർ നീ മാറ്റരുതു.

22:29 പ്രവൃത്തിയിൽ സാമർത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ? അവൻ രാജാക്കന്മാരുടെ മുമ്പിൽ നില്ക്കും; നീചന്മാരുടെ മുമ്പിൽ അവൻ നിൽക്കയില്ല.


* ----------------------------------------

സദൃശ്യവാക്യങ്ങൾ അദ്ധ്യായം 23  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35

23:1 നീ അധിപതിയോടുകൂടെ ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ നിന്റെ മുമ്പിൽ ഇരിക്കുന്നവൻ ആരെന്നു കരുതിക്കൊൾക.

23:2 നീ ഭോജനപ്രിയൻ ആകുന്നുവെങ്കിൽ നിന്റെ തൊണ്ടെക്കു ഒരു കത്തി വെച്ചുകൊൾക.

23:3 അവന്റെ സ്വാദുഭോജനങ്ങളെ കൊതിക്കരുതു; അവ വഞ്ചിക്കുന്ന ഭോജനമല്ലോ.

23:4 ധനവാനാകേണ്ടതിന്നു പണിപ്പെടരുതു; അതിന്നായുള്ള ബുദ്ധി വിട്ടുകളക.

23:5 നിന്റെ ദൃഷ്ടി ധനത്തിന്മേൽ പതിക്കുന്നതു എന്തിന്നു? അതു ഇല്ലാതെയായ്പോകുമല്ലോ. കഴുകൻ ആകാശത്തേക്കു എന്നപോലെ അതു ചിറകെടുത്തു പറന്നുകളയും.

 < 
23:6 കണ്ണുകടിയുള്ളവന്റെ അപ്പം തിന്നരുതു; അവന്റെ സ്വാദുഭോജ്യങ്ങളെ ആഗ്രഹിക്കയുമരുതു.

23:7 അവൻ തന്റെ മനസ്സിൽ കണക്കു കൂട്ടുന്നതുപോലെ ആകുന്നു; തിന്നു കുടിച്ചുകൊൾക എന്നു അവൻ നിന്നോടു പറയും; അവന്റെ ഹൃദയമോ നിനക്കു അനുകൂലമല്ല.

23:8 നീ തിന്ന കഷണം ഛർദ്ദിച്ചുപോകും; നിന്റെ മാധുര്യവാക്കു നഷ്ടമായെന്നും വരും.

23:9 ഭോഷൻ കേൾക്കെ നീ സംസാരിക്കരുതു; അവൻ നിന്റെ വാക്കുകളുടെ ജ്ഞാനത്തെ നിരസിച്ചുകളയും.

23:10 പണ്ടേയുള്ള അതിർ നീക്കരുതു; അനാഥന്മാരുടെ നിലം ആക്രമിക്കയുമരുതു.

 < 
23:11 അവരുടെ പ്രതികാരകൻ ബലവാനല്ലോ; അവർക്കു നിന്നോടുള്ള വ്യവഹാരം അവൻ നടത്തും.

23:12 നിന്റെ ഹൃദയം പ്രബോധനത്തിന്നും നിന്റെ ചെവി പരിജ്ഞാനവചനങ്ങൾക്കും സമർപ്പിക്ക.

23:13 ബാലന്നു ശിക്ഷ കൊടുക്കാതിരിക്കരുതു; വടികൊണ്ടു അടിച്ചാൽ അവൻ ചത്തുപോകയില്ല.

23:14 വടികൊണ്ടു അവനെ അടിക്കുന്നതിനാൽ നീ അവന്റെ പ്രാണനെ പാതാളത്തിൽനിന്നു വിടുവിക്കും.

23:15 മകനേ, നിന്റെ ഹൃദയം ജ്ഞാനത്തെ പഠിച്ചാൽ എന്റെ ഹൃദയവും സന്തോഷിക്കും.

 < 
23:16 നിന്റെ അധരം നേർ സംസാരിച്ചാൽ എന്റെ അന്തരംഗങ്ങൾ ആനന്ദിക്കും.

23:17 നിന്റെ ഹൃദയം പാപികളോടു അസൂയപ്പെടരുതു; നീ എല്ലായ്പോഴും യഹോവഭക്തിയോടിരിക്ക.

23:18 ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിന്റെ പ്രത്യാശെക്കു ഭംഗം വരികയുമില്ല.

23:19 മകനേ, കേട്ടു ജ്ഞാനം പഠിക്ക; നിന്റെ ഹൃദയത്തെ നേർവഴിയിൽ നടത്തിക്കൊൾക.

23:20 നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുതു.

 < 
23:21 കുടിയനും അതിഭക്ഷകനും ദരിദ്രരായ്തീരും; നിദ്രാലുത്വം പഴന്തുണി ഉടുക്കുമാറാക്കും.

23:22 നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേൾക്ക; നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുതു.

23:23 നീ സത്യം വിൽക്കയല്ല വാങ്ങുയത്രേ വേണ്ടതു; ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നേ.

23:24 നീതിമാന്റെ അപ്പൻ ഏറ്റവും ആനന്ദിക്കും; ജ്ഞാനിയുടെ ജനകൻ അവനിൽ സന്തോഷിക്കും.

23:25 നിന്റെ അമ്മയപ്പന്മാർ സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവൾ ആനന്ദിക്കട്ടെ.

 < 
23:26 മകനേ, നിന്റെ ഹൃദയം എനിക്കു തരിക; എന്റെ വഴി നിന്റെ കണ്ണിന്നു ഇമ്പമായിരിക്കട്ടെ.

23:27 വേശ്യാസ്ത്രീ ആഴമുള്ള കുഴിയും പരസ്ത്രീ ഇടുക്കമുള്ള കിണറും ആകുന്നു.

23:28 അവൾ പിടിച്ചുപറിക്കാരനെപ്പോലെ പതിയിരിക്കുന്നു; മനുഷ്യരിൽ ദ്രോഹികളെ വർദ്ധിപ്പിക്കുന്നു.

23:29 ആർക്കു കഷ്ടം, ആർക്കു സങ്കടം, ആർക്കു കലഹം? ആർക്കു ആവലാതി, ആർക്കു അനാവശ്യമായ മുറിവുകൾ, ആർക്കു കൺചുവപ്പു?

23:30 വീഞ്ഞു കുടിച്ചുകൊണ്ടു നേരം വൈകിക്കുന്നവർക്കും മദ്യം രുചിനോക്കുവാൻ പോകുന്നവർക്കും തന്നേ.

 < 
23:31 വീഞ്ഞു ചുവന്നു പാത്രത്തിൽ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുതു.

23:32 ഒടുക്കം അതു സർപ്പംപോലെ കടിക്കും; അണലിപോലെ കൊത്തും.

23:33 നിന്റെ കണ്ണു പരസ്ത്രീകളെ നോക്കും; നിന്റെ ഹൃദയം വക്രത പറയും.

23:34 നീ നടുക്കടലിൽ ശയിക്കുന്നവനെപ്പോലെയും പാമരത്തിന്റെ മുകളിൽ ഉറങ്ങുന്നവനെപ്പോലെയും ആകും.

23:35 അവർ എന്നെ അടിച്ചു എനിക്കു നൊന്തില്ല; അവർ എന്നെ തല്ലി, ഞാൻ അറിഞ്ഞതുമില്ല. ഞാൻ എപ്പോൾ ഉണരും? ഞാൻ ഇനിയും അതു തന്നേ തേടും എന്നു നീ പറയും.

 < 

* ----------------------------------------

സദൃശ്യവാക്യങ്ങൾ അദ്ധ്യായം 24  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34

24:1 ദുഷ്ടന്മാരോടു അസൂയപ്പെടരുതു; അവരോടുകൂടെ ഇരിപ്പാൻ ആഗ്രഹിക്കയുമരുതു.

24:2 അവരുടെ ഹൃദയം സാഹസം ചിന്തിക്കുന്നു; അവരുടെ അധരം വേണ്ടാതനം പറയുന്നു.

24:3 ജ്ഞാനംകൊണ്ടു ഭവനം പണിയുന്നു; വിവേകംകൊണ്ടു അതു സ്ഥിരമായിവരുന്നു.

24:4 പരിജ്ഞാനംകൊണ്ടു അതിന്റെ മുറികളിൽ വലിയേറിയതും മനോഹരവുമായ സകല സമ്പത്തും നിറഞ്ഞുവരുന്നു.

24:5 ജ്ഞാനിയായ പുരുഷൻ ബലവാനാകുന്നു; പരിജ്ഞാനമുള്ളവൻ ബലം വർദ്ധിപ്പിക്കുന്നു.

 < 
24:6 ഭരണസാമർത്ഥ്യത്തോടെ നീ യുദ്ധം നടത്തി ജയിക്കും; മന്ത്രിമാരുടെ ബഹുത്വത്തിൽ രക്ഷയുണ്ടു.

24:7 ജ്ഞാനം ഭോഷന്നു അത്യുന്നതമായിരിക്കുന്നു; അവൻ പട്ടണവാതിൽക്കൽ വായ് തുറക്കുന്നില്ല.

24:8 ദോഷം ചെയ്‍വാൻ നിരൂപിക്കുന്നവനെ ദുഷ്കർമ്മി എന്നു പറഞ്ഞുവരുന്നു;

24:9 ഭോഷന്റെ നിരൂപണം പാപം തന്നേ; പരിഹാസി മനുഷ്യർക്കു വെറുപ്പാകുന്നു.

24:10 കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ നിന്റെ ബലം നഷ്ടം തന്നേ.

 < 
24:11 മരണത്തിന്നു കൊണ്ടുപോകുന്നവരെ വിടുവിക്ക; കുലെക്കായി വിറെച്ചു ചെല്ലുന്നവരെ രക്ഷിപ്പാൻ നോക്കുക.

24:12 ഞങ്ങൾ അറിഞ്ഞില്ലല്ലോ എന്നു നീ പറഞ്ഞാൽ ഹൃദയങ്ങളെ തൂക്കിനോക്കുന്നവൻ ഗ്രഹിക്കയില്ലയോ? നിന്റെ പ്രാണനെ കാക്കുന്നവൻ അറികയില്ലയോ? അവൻ മനുഷ്യന്നു പ്രവൃത്തിക്കു തക്കവണ്ണം പകരം കൊടുക്കയില്ലയോ?

24:13 മകനേ, തേൻ തിന്നുക; അതു നല്ലതല്ലോ; തേങ്കട്ട നിന്റെ അണ്ണാക്കിന്നു മധുരമത്രേ.

24:14 ജ്ഞാനവും നിന്റെ ഹൃദയത്തിന്നു അങ്ങനെ തന്നേ എന്നറിക; നീ അതു പ്രാപിച്ചാൽ പ്രതിഫലം ഉണ്ടാകും; നിന്റെ പ്രത്യാശെക്കു ഭംഗം വരികയുമില്ല.

24:15 ദുഷ്ടാ, നീ നീതിമാന്റെ പാർപ്പിടത്തിന്നു പതിയിരിക്കരുതു; അവന്റെ വിശ്രാമസ്ഥലത്തെ നശിപ്പിക്കയുമരുതു.

 < 
24:16 നീതിമാൻ ഏഴുപ്രാവശ്യം വീണാലും എഴുന്നേല്ക്കും; ദുഷ്ടന്മാരോ അനർത്ഥത്തിൽ നശിച്ചുപോകും.

24:17 നിന്റെ ശത്രു വീഴുമ്പോൾ സന്തോഷിക്കരുതു; അവൻ ഇടറുമ്പോൾ നിന്റെ ഹൃദയം ആനന്ദിക്കരുതു.

24:18 യഹോവ കണ്ടിട്ടു അവന്നു ഇഷ്ടക്കേടാകുവാനും തന്റെ കോപം അവങ്കൽനിന്നു മാറ്റിക്കളവാനും മതി.

24:19 ദുഷ്‌പ്രവൃത്തിക്കാർ നിമിത്തം മുഷിയരുതു; ദുഷ്ടന്മാരോടു അസൂയപ്പെടുകയും അരുതു.

24:20 ദോഷിക്കു പ്രതിഫലമുണ്ടാകയില്ല; ദുഷ്ടന്റെ വിളക്കു കെട്ടുപോകും.

 < 
24:21 മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക; മത്സരികളോടു ഇടപെടരുതു.

24:22 അവരുടെ ആപത്തു പെട്ടെന്നു വരും; രണ്ടു കൂട്ടർക്കും വരുന്ന നാശം ആരറിയുന്നു?

24:23 ഇവയും ജ്ഞാനികളുടെ വാക്യങ്ങൾ. ന്യായവിസ്താരത്തിൽ മുഖദാക്ഷിണ്യം നന്നല്ല.

24:24 ദുഷ്ടനോടു നീ നീതിമാൻ എന്നു പറയുന്നവനെ ജാതികൾ ശപിക്കയും വംശങ്ങൾ വെറുക്കുകയും ചെയ്യും.

24:25 അവനെ ശാസിക്കുന്നവർക്കോ നന്മ ഉണ്ടാകും; നല്ലോരനുഗ്രഹം അവരുടെ മേൽ വരും.

 < 
24:26 നേരുള്ള ഉത്തരം പറയുന്നവൻ അധരങ്ങളെ ചുംബനം ചെയ്യുന്നു.

24:27 വെളിയിൽ നിന്റെ വേല ചെയ്ക; വയലിൽ എല്ലാം തീർക്കുക; പിന്നെത്തേതിൽ നിന്റെ വീടു പണിയുക.

24:28 കാരണം കൂടാതെ കൂട്ടുകാരന്നു വിരോധമായി സാക്ഷിനിൽക്കരുതു; നിന്റെ അധരംകൊണ്ടു ചതിക്കയും അരുതു.

24:29 അവൻ എന്നോടു ചെയ്തതുപോലെ ഞാൻ അവനോടു ചെയ്യുമെന്നും ഞാൻ അവന്നു അവന്റെ പ്രവൃത്തിക്കു പകരം കൊടുക്കും എന്നും നീ പറയരുതു.

24:30 ഞാൻ മടിയന്റെ കണ്ടത്തിന്നരികെയും ബുദ്ധിഹീനന്റെ മുന്തിരിത്തോട്ടത്തിന്നു സമീപെയും കൂടി പോയി.

 < 
24:31 അവിടെ മുള്ളു പടർന്നുപിടിച്ചിരിക്കുന്നതും തൂവ നിറഞ്ഞു നിലം മൂടിയിരിക്കുന്നതും അതിന്റെ കന്മതിൽ ഇടിഞ്ഞുകിടക്കുന്നതും കണ്ടു.

24:32 ഞാൻ അതു നോക്കി വിചാരിക്കയും അതു കണ്ടു ഉപദേശം പ്രാപിക്കയും ചെയ്തു.

24:33 കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, കുറെക്കൂടെ കൈ കെട്ടി കിടക്ക.

24:34 അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ടു ആയുധപാണിയെപ്പോലെയും വരും.


* ----------------------------------------

സദൃശ്യവാക്യങ്ങൾ അദ്ധ്യായം 25  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28

25:1 ഇവയും ശലോമോന്റെ സദൃശവാക്യങ്ങൾ; യെഹൂദാരാജാവായ ഹിസ്കീയാവിന്റെ ആളുകൾ അവയെ ശേഖരിച്ചിരിക്കുന്നു.

25:2 കാര്യം മറെച്ചുവെക്കുന്നതു ദൈവത്തിന്റെ മഹത്വം; കാര്യം ആരായുന്നതോ രാജാക്കന്മാരുടെ മഹത്വം.

25:3 ആകാശത്തിന്റെ ഉയരവും ഭൂമിയുടെ ആഴവും രാജാക്കന്മാരുടെ ഹൃദയവും അഗോചരം.

25:4 വെള്ളിയിൽനിന്നു കീടം നീക്കിക്കളഞ്ഞാൽ തട്ടാന്നു ഒരു ഉരുപ്പടി കിട്ടും.

25:5 രാജസന്നിധിയിൽനിന്നു ദുഷ്ടനെ നീക്കിക്കളഞ്ഞാൽ അവന്റെ സിംഹാസനം നീതിയാൽ സ്ഥിരപ്പെടും.

 < 
25:6 രാജസന്നിധിയിൽ വമ്പു കാണിക്കരുതു; മഹാന്മാരുടെ സ്ഥാനത്തു നിൽക്കയും അരുതു.

25:7 നീ കണ്ടിരുന്ന പ്രഭുവിന്റെ മുമ്പിൽ നിനക്കു താഴ്ച ഭവിക്കുന്നതിനെക്കാൾ ഇവിടെ കയറിവരിക എന്നു നിന്നോടു പറയുന്നതു നല്ലതു.

25:8 ബദ്ധപ്പെട്ടു വ്യവഹാരത്തിന്നു പുറപ്പെടരുതു; അല്ലെങ്കിൽ ഒടുക്കം കൂട്ടുകാരൻ നിന്നെ ലജ്ജിപ്പിച്ചാൽ നീ എന്തു ചെയ്യും?

25:9 നിന്റെ വഴക്കു കൂട്ടുകാരനുമായി പറഞ്ഞു തീർക്ക; എന്നാൽ മറ്റൊരുത്തന്റെ രഹസ്യം വെളിപ്പെടുത്തരുതു.

25:10 കേൾക്കുന്നവൻ നിന്നെ നിന്ദിപ്പാനും നിനക്കു തീരാത്ത അപമാനം വരുവാനും ഇടവരരുതു.

 < 
25:11 തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തിൽ പൊൻ നാരങ്ങാപോലെ.

25:12 കേട്ടനുസരിക്കുന്ന കാതിന്നു ജ്ഞാനിയായോരു ശാസകൻ പൊൻ കടുക്കനും തങ്കം കൊണ്ടുള്ള ആഭരണവും ആകുന്നു.

25:13 വിശ്വസ്തനായ ദൂതൻ തന്നെ അയക്കുന്നവർക്കു കൊയ്ത്തു കാലത്തു ഹിമത്തിന്റെ തണുപ്പുപോലെ; അവൻ യജമാനന്മാരുടെ ഉള്ളം തണുപ്പിക്കുന്നു.

25:14 ദാനങ്ങളെച്ചൊല്ലി വെറുതെ പ്രശംസിക്കുന്നവൻ മഴയില്ലാത്ത മേഘവും കാറ്റും പോലെയാകുന്നു.

25:15 ദീർഘക്ഷാന്തികൊണ്ടു ന്യായാധിപന്നു സമ്മതം വരുന്നു; മൃദുവായുള്ള നാവു അസ്ഥിയെ നുറുക്കുന്നു.

 < 
25:16 നിനക്കു തേൻ കിട്ടിയാൽ വേണ്ടുന്നതേ ഭുജിക്കാവു; അധികം നിറഞ്ഞിട്ടു ഛർദ്ദിപ്പാൻ ഇടവരരുതു.

25:17 കൂട്ടുകാരൻ നിന്നെക്കൊണ്ടു മടുത്തു നിന്നെ വെറുക്കാതെയിരിക്കേണ്ടതിന്നു അവന്റെ വീട്ടിൽ കൂടക്കൂടെ ചെല്ലരുതു.

25:18 കൂട്ടുകാരന്നു വിരോധമായി കള്ളസ്സാക്ഷ്യം പറയുന്ന മനുഷ്യൻ മുട്ടികയും വാളും കൂർത്ത അമ്പും ആകുന്നു.

25:19 കഷ്ടകാലത്തു വിശ്വാസപാതകനെ ആശ്രയിക്കുന്നതു മുറിഞ്ഞ പല്ലും ഉളുക്കിയ കാലുംപോലെ ആകുന്നു.

25:20 വിഷാദമുള്ള ഹൃദയത്തിന്നു പാട്ടു പാടുന്നവൻ ശീതകാലത്തു വസ്ത്രം കളയുന്നതുപോലെയും യവക്ഷാരത്തിന്മേൽ ചൊറുക്ക പകരുന്നതു പോലെയും ആകുന്നു.

 < 
25:21 ശത്രുവിന്നു വിശക്കുന്നു എങ്കിൽ അവന്നു തിന്മാൻ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക.

25:22 അങ്ങനെ നീ അവന്റെ തലമേൽ തീക്കനൽ കുന്നിക്കും; യഹോവ നിനക്കു പ്രതിഫലം നല്കുകയും ചെയ്യും.

25:23 വടതിക്കാറ്റു മഴ കൊണ്ടുവരുന്നു; ഏഷണിവാക്കു കോപഭാവത്തെ ജനിപ്പിക്കുന്നു;

25:24 ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടിൽ പാർക്കുന്നതിനെക്കാൾ മേൽപുരയുടെ ഒരു കോണിൽ പാർക്കുന്നതു നല്ലതു.

25:25 ദാഹമുള്ളവന്നു തണ്ണീർ കിട്ടുന്നതും ദൂരദേശത്തുനിന്നു നല്ല വർത്തമാനം വരുന്നതും ഒരുപോലെ.

 < 
25:26 ദുഷ്ടന്റെ മുമ്പിൽ കുലുങ്ങിപ്പോയ നീതിമാൻ കലങ്ങിയ കിണറ്റിന്നും മലിനമായ ഉറവിന്നും സമം.

25:27 തേൻ ഏറെ കുടിക്കുന്നതു നന്നല്ല; പ്രയാസമുള്ളതു ആരായുന്നതോ മഹത്വം.

25:28 ആത്മസംയമം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണം പോലെയാകുന്നു.


* ----------------------------------------

സദൃശ്യവാക്യങ്ങൾ അദ്ധ്യായം 26  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28

26:1 വേനൽകാലത്തു ഹിമവും കൊയ്ത്തുകാലത്തു മഴയും എന്നപോലെ ഭോഷന്നു ബഹുമാനം പൊരുത്തമല്ല.

26:2 കുരികിൽ പാറിപ്പോകുന്നതും മീവൽപക്ഷിപറന്നുപോകുന്നതും പോലെ കാരണം കൂടാതെ ശാപം പറ്റുകയില്ല.

26:3 കുതിരെക്കു ചമ്മട്ടി, കഴുതെക്കു കടിഞ്ഞാൺ, മൂഢന്മാരുടെ മുതുകിന്നു വടി.

26:4 നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന്നു അവന്റെ ഭോഷത്വംപോലെ അവനോടു ഉത്തരം പറയരുതു.

26:5 മൂഢന്നു താൻ ജ്ഞാനിയെന്നു തോന്നാതിരിക്കേണ്ടതിന്നു അവന്റെ ഭോഷത്വത്തിന്നു ഒത്തവണ്ണം അവനോടു ഉത്തരം പറക.

 < 
26:6 മൂഢന്റെ കൈവശം വർത്തമാനം അയക്കുന്നവൻ സ്വന്തകാൽ മുറിച്ചുകളകയും അന്യായം കുടിക്കയും ചെയ്യുന്നു.

26:7 മൂഢന്മാരുടെ വായിലെ സദൃശവാക്യം മുടന്തന്റെ കാൽ ഞാന്നു കിടക്കുന്നതുപോലെ.

26:8 മൂഢന്നു ബഹുമാനം കൊടുക്കുന്നതു കവിണയിൽ കല്ലു കെട്ടി മുറുക്കുന്നതുപോലെ.

26:9 മൂഢന്മാരുടെ വായിലെ സദൃശവാക്യം മത്തന്റെ കയ്യിലെ മുള്ളുപോലെ.

26:10 എല്ലാവരെയും മുറിവേല്പിക്കുന്ന വില്ലാളിയും മൂഢനെ കൂലിക്കു നിർത്തുന്നവനും കണ്ടവരെ കൂലിക്കു നിർത്തുന്നവനും ഒരുപോലെ.

 < 
26:11 നായി ഛർദ്ദിച്ചതിലേക്കു വീണ്ടും തിരിയുന്നതും മൂഢൻ തന്റെ ഭോഷത്വം ആവർത്തിക്കുന്നതും ഒരുപോലെ.

26:12 തനിക്കുതന്നേ ജ്ഞാനിയെന്നു തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ? അവനെക്കുറിച്ചുള്ളതിനെക്കാളും മൂഢനെക്കുറിച്ചു അധികം പ്രത്യാശയുണ്ടു.

26:13 വഴിയിൽ കേസരി ഉണ്ടു, തെരുക്കളിൽ സിംഹം ഉണ്ടു എന്നിങ്ങനെ മടിയൻ പറയുന്നു.

26:14 കതകു ചുഴിക്കുറ്റിയിൽ എന്നപോലെ മടിയൻ തന്റെ കിടക്കയിൽ തിരിയുന്നു.

26:15 മടിയൻ തന്റെ കൈ തളികയിൽ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരുന്നതു അവന്നു പ്രയാസം.

 < 
26:16 ബുദ്ധിയോടെ പ്രതിവാദിപ്പാൻ പ്രാപ്തിയുള്ള ഏഴു പേരിലും താൻ ജ്ഞാനി എന്നു മടിയന്നു തോന്നുന്നു.

26:17 തന്നെ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവൻ വഴിയെപോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവനെപ്പോലെ.

26:18 കൂട്ടുകാരനെ വഞ്ചിച്ചിട്ടു അതു കളി എന്നു പറയുന്ന മനുഷ്യൻ

26:19 തീക്കൊള്ളികളും അമ്പുകളും മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു.

26:20 വിറകു ഇല്ലാഞ്ഞാൽ തീ കെട്ടു പോകും; നുണയൻ ഇല്ലാഞ്ഞാൽ വഴക്കും ഇല്ലാതെയാകും.

 < 
26:21 കരി കനലിന്നും വിറകു തീക്കും എന്നപോലെ വഴക്കുകാരൻ കലഹം ജ്വലിക്കുന്നതിന്നു കാരണം.

26:22 ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെ; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു.

26:23 സ്നേഹം ജ്വലിക്കുന്ന അധരവും ദുഷ്ടഹൃദയവും വെള്ളിക്കീടം പൊതിഞ്ഞ മൺകുടംപോലെയാകുന്നു.

26:24 പകെക്കുന്നവൻ അധരംകൊണ്ടു വേഷം ധരിക്കുന്നു; ഉള്ളിലോ അവൻ ചതിവു സംഗ്രഹിച്ചു വെക്കുന്നു.

26:25 അവൻ ഇമ്പമായി സംസാരിക്കുമ്പോൾ അവനെ വിശ്വസിക്കരുതു; അവന്റെ ഹൃദയത്തിൽ ഏഴു വെറുപ്പു ഉണ്ടു.

 < 
26:26 അവന്റെ പക കപടംകൊണ്ടു മറെച്ചു വെച്ചാലും അവന്റെ ദുഷ്ടത സഭയുടെ മുമ്പിൽ വെളിപ്പെട്ടുവരും.

26:27 കുഴി കുഴിക്കുന്നവൻ അതിൽ വീഴും; കല്ലു ഉരുട്ടുന്നവന്റെമേൽ അതു തിരിഞ്ഞുരുളും.

26:28 ഭോഷ്കു പറയുന്ന നാവു അതിനാൽ തകർന്നവരെ ദ്വേഷിക്കുന്നു; മുഖസ്തുതി പറയുന്ന വായി നാശം വരുത്തുന്നു.


* ----------------------------------------

സദൃശ്യവാക്യങ്ങൾ അദ്ധ്യായം 27  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27

27:1 നാളത്തെ ദിവസംചൊല്ലി പ്രശംസിക്കരുതു; ഒരു ദിവസത്തിൽ എന്തെല്ലാം സംഭവിക്കും എന്നു അറിയുന്നില്ലല്ലോ.

27:2 നിന്റെ വായല്ല മറ്റൊരുത്തൻ, നിന്റെ അധരമല്ല വേറൊരുത്തൻ നിന്നെ സ്തുതിക്കട്ടെ.

27:3 കല്ലു ഘനമുള്ളതും മണൽ ഭാരമുള്ളതും ആകുന്നു; ഒരു ഭോഷന്റെ നീരസമോ ഇവ രണ്ടിലും ഘനമേറിയതു.

27:4 ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു; ജാരശങ്കയുടെ മുമ്പിലോ ആർക്കു നിൽക്കാം?

27:5 മറഞ്ഞ സ്നേഹത്തിലും തുറന്ന ശാസന നല്ലൂ.

 < 
27:6 സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം; ശത്രുവിന്റെ ചുംബനങ്ങളോ കണക്കിലധികം.

27:7 തിന്നു തൃപ്തനായവൻ തേൻ കട്ടയും ചവിട്ടിക്കളയുന്നു; വിശപ്പുള്ളവന്നോ കൈപ്പുള്ളതൊക്കെയും മധുരം.

27:8 കൂടുവിട്ടലയുന്ന പക്ഷിയും നാടു വിട്ടുഴലുന്ന മനുഷ്യനും ഒരുപോലെ.

27:9 തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; ഹൃദ്യാലോചനയുള്ള സ്നേഹിതന്റെ മാധുര്യവും അങ്ങനെ തന്നേ.

27:10 നിന്റെ സ്നേഹിതനെയും അപ്പന്റെ സ്നേഹിതനെയും ഉപേക്ഷിക്കരുതു; തന്റെ കഷ്ടകാലത്തു സഹോദരന്റെ വീട്ടിൽ പോകയും അരുതു; ദൂരത്തെ സഹോദരനിലും സമീപത്തെ അയൽക്കാരൻ നല്ലതു.

 < 
27:11 മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.

27:12 വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.

27:13 അന്യന്നുവേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം എടുത്തുകൊൾക; പരസ്ത്രീക്കു വേണ്ടി ഉത്തരവാദിയാകുന്നവനോടു പണയം വാങ്ങുക.

27:14 അതികാലത്തു എഴുന്നേറ്റു സ്നേഹിതനെ ഉച്ചത്തിൽ അനുഗ്രഹിക്കുന്നവന്നു അതു ശാപമായി എണ്ണപ്പെടും.

27:15 പെരുമഴയുള്ള ദിവസത്തിൽ ഇടവിടാത്ത ചോർച്ചയും കലഹക്കാരത്തിയായ സ്ത്രീയും ഒരുപോലെ.

 < 
27:16 അവളെ ഒതുക്കുവാൻ നോക്കുന്നവൻ കാറ്റിനെ ഒതുക്കുവാൻ നോക്കുന്നു; അവന്റെ വലങ്കൈകൊണ്ടു എണ്ണയെ പിടിപ്പാൻ പോകുന്നു.

27:17 ഇരിമ്പു ഇരിമ്പിന്നു മൂർച്ചകൂട്ടുന്നു; മനുഷ്യൻ മനുഷ്യന്നു മൂർച്ചകൂട്ടുന്നു.

27:18 അത്തികാക്കുന്നവൻ അതിന്റെ പഴം തിന്നും; യജമാനനെ സൂക്ഷിക്കുന്നവൻ ബഹുമാനിക്കപ്പെടും.

27:19 വെള്ളത്തിൽ മുഖത്തിന്നൊത്തവണ്ണം മുഖത്തെ കാണുന്നു; മനുഷ്യൻ തന്റെ ഹൃദയത്തിന്നൊത്തവണ്ണം മനുഷ്യനെ കാണുന്നു.

27:20 പാതാളത്തിന്നും നരകത്തിന്നും ഒരിക്കലും തൃപ്തി വരുന്നില്ല; മനുഷ്യന്റെ കണ്ണിന്നും ഒരിക്കലും തൃപ്തിവരുന്നില്ല.

 < 
27:21 വെള്ളിക്കു പുടവും പൊന്നിന്നു മൂശയും ശോധന; മനുഷ്യന്നോ അവന്റെ പ്രശംസ.

27:22 ഭോഷനെ ഉരലിൽ ഇട്ടു ഉലക്കകൊണ്ടു അവിൽപോലെ ഇടിച്ചാലും അവന്റെ ഭോഷത്വം വിട്ടുമാറുകയില്ല.

27:23 നിന്റെ ആടുകളുടെ അവസ്ഥ അറിവാൻ ജാഗ്രതയായിരിക്ക; നിന്റെ കന്നുകാലികളിൽ നന്നായി ദൃഷ്ടിവെക്കുക.

27:24 സമ്പത്തു എന്നേക്കും ഇരിക്കുന്നതല്ലല്ലോ; കിരീടം തലമുറതലമുറയോളം ഇരിക്കുമോ?

27:25 പുല്ലു ചെത്തി കൊണ്ടുപോകുന്നു; ഇളമ്പുല്ലു മുളെച്ചുവരുന്നു; പർവ്വതങ്ങളിലെ സസ്യങ്ങളെ ശേഖരിക്കുന്നു.

 < 
27:26 കുഞ്ഞാടുകൾ നിനക്കു ഉടുപ്പിന്നും കോലാടുകൾ നിലത്തിന്റെ വിലെക്കും ഉതകും.

27:27 കോലാടുകളുടെ പാൽ നിന്റെ ആഹാരത്തിന്നും നിന്റെ ഭവനക്കാരുടെ അഹോവൃത്തിക്കും നിന്റെ ദാസിമാരുടെ ഉപജീവനത്തിന്നും മതിയാകും.


* ----------------------------------------

സദൃശ്യവാക്യങ്ങൾ അദ്ധ്യായം 28  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28

28:1 ആരും ഓടിക്കാതെ ദുഷ്ടന്മാർ ഓടിപ്പോകുന്നു; നീതിമാന്മാരോ ബാലസിംഹംപോലെ നിർഭയമായിരിക്കുന്നു.

28:2 ദേശത്തെ അതിക്രമംനിമിത്തം അതിലെ പ്രഭുക്കന്മാർ പലരായിരിക്കുന്നു; ബുദ്ധിയും പരിജ്ഞാനവും ഉള്ളവർ മുഖാന്തരമോ അതിന്റെ വ്യവസ്ഥ ദീർഘമായി നില്ക്കുന്നു.

28:3 അഗതികളെ പീഡിപ്പിക്കുന്ന ദരിദ്രൻ വിളവിനെ വെച്ചേക്കാതെ ഒഴുക്കിക്കളയുന്ന മഴപോലെയാകുന്നു.

28:4 ന്യായപ്രമാണത്തെ ഉപേക്ഷിക്കുന്നവർ ദുഷ്ടനെ പ്രശംസിക്കുന്നു; ന്യായപ്രമാണത്തെ കാക്കുന്നവരോ അവരോടു എതിർക്കുന്നു.

28:5 ദുഷ്ടന്മാർ ന്യായം തിരിച്ചറിയുന്നില്ല; യഹോവയെ അന്വേഷിക്കുന്നവരോ സകലവും തിരിച്ചറിയുന്നു.

 < 
28:6 തന്റെ വഴികളിൽ വക്രനായി നടക്കുന്ന ധനവാനെക്കാൾ പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ.

28:7 ന്യായപ്രമാണത്തെ പ്രമാണിക്കുന്നവൻ ബുദ്ധിയുള്ള മകൻ; അതിഭക്ഷകന്മാർക്കു സഖിയായവനോ അപ്പനെ അപമാനിക്കുന്നു.

28:8 പലിശയും ലാഭവും വാങ്ങി സമ്പത്തു വർദ്ധിപ്പിക്കുന്നവൻ അഗതികളോടു കൃപാലുവായവന്നു വേണ്ടി അതു ശേഖരിക്കുന്നു.

28:9 ന്യായപ്രമാണം കേൾക്കാതെ ചെവി തിരിച്ചുകളഞ്ഞാൽ അവന്റെ പ്രാർത്ഥനതന്നെയും വെറുപ്പാകുന്നു.

28:10 നേരുള്ളവരെ ദുർമ്മാർഗ്ഗത്തിലേക്കു തെറ്റിക്കുന്നവൻ താൻ കുഴിച്ച കുഴിയിൽ തന്നേ വീഴും; നിഷ്കളങ്കന്മാരോ നന്മ അവകാശമാക്കും.

 < 
28:11 ധനവാൻ തനിക്കുതന്നേ ജ്ഞാനിയായി തോന്നുന്നു; ബുദ്ധിയുള്ള അഗതിയോ അവനെ ശോധന ചെയ്യുന്നു.

28:12 നീതിമാന്മാർ ജയഘോഷം കഴിക്കുമ്പോൾ മഹോത്സവം; ദുഷ്ടന്മാർ ഉയർന്നുവരുമ്പോഴോ ആളുകൾ ഒളിച്ചുകൊള്ളുന്നു.

28:13 തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണലഭിക്കും.

28:14 എപ്പോഴും ഭയത്തോടിരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; ഹൃദയത്തെ കഠിനമാക്കുന്നവനോ അനർത്ഥത്തിൽ അകപ്പെടും.

28:15 അഗതികളിൽ കർത്തൃത്വം നടത്തുന്ന ദുഷ്ടൻ ഗർജ്ജിക്കുന്ന സിംഹത്തിന്നും ഇരതേടി നടക്കുന്ന കരടിക്കും തുല്യൻ.

 < 
28:16 ബുദ്ധിഹീനനായ പ്രഭു മഹാ പീഡകനും ആകുന്നു; ദ്രവ്യാഗ്രഹം വെറുക്കുന്നവനോ ദീർഘായുസ്സോടെ ഇരിക്കും.

28:17 രക്തപാതകഭാരം ചുമക്കുന്നവൻ കുഴിയിലേക്കു ബദ്ധപ്പെടും; അവനെ ആരും തടുക്കരുതു.

28:18 നിഷ്കളങ്കനായി നടക്കുന്നവൻ രക്ഷിക്കപ്പെടും; നടപ്പിൽ വക്രതയുള്ളവനോ പെട്ടെന്നു വീഴും.

28:19 നിലം കൃഷിചെയ്യുന്നവന്നു ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിൻചെല്ലുന്നവനോ വേണ്ടുവോളം ദാരിദ്ര്യം അനുഭവിക്കും.

28:20 വിശ്വസ്തപുരുഷൻ അനുഗ്രഹസമ്പൂർണ്ണൻ; ധനവാനാകേണ്ടതിന്നു ബദ്ധപ്പെടുന്നവന്നോ ശിക്ഷ വരാതിരിക്കയില്ല.

 < 
28:21 മുഖദാക്ഷിണ്യം കാണിക്കുന്നതു നന്നല്ല; ഒരു കഷണം അപ്പത്തിന്നായും മനുഷ്യൻ അന്യായം ചെയ്യും.

28:22 കണ്ണുകടിയുള്ളവൻ ധനവാനാകുവാൻ ബദ്ധപ്പെടുന്നു; ബുദ്ധിമുട്ടു വരുമെന്നു അവൻ അറിയുന്നതുമില്ല.

28:23 ചക്കരവാക്കു പറയുന്നവനെക്കാൾ ശാസിക്കുന്നവന്നു പിന്നീടു പ്രീതി ലഭിക്കും.

28:24 അപ്പനോടോ അമ്മയോടോ പിടിച്ചുപറിച്ചിട്ടു അതു അക്രമമല്ല എന്നു പറയുന്നവൻ നാശകന്റെ സഖി.

28:25 അത്യാഗ്രഹമുള്ളവൻ വഴക്കുണ്ടാക്കുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ പുഷ്ടി പ്രാപിക്കും.

 < 
28:26 സ്വന്തഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢൻ; ജ്ഞാനത്തോടെ നടക്കുന്നവനോ രക്ഷിക്കപ്പെടും.

28:27 ദരിദ്രന്നു കൊടുക്കുന്നവന്നു കുറെച്ചൽ ഉണ്ടാകയില്ല; കണ്ണു അടെച്ചുകളയുന്നവന്നോ ഏറിയൊരു ശാപം ഉണ്ടാകും.

28:28 ദുഷ്ടന്മാർ ഉയർന്നുവരുമ്പോൾ ആളുകൾ ഒളിച്ചുകൊള്ളുന്നു; അവർ നശിക്കുമ്പോഴോ നീതിമാന്മാർ വർദ്ധിക്കുന്നു.


* ----------------------------------------

സദൃശ്യവാക്യങ്ങൾ അദ്ധ്യായം 29  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27

29:1 കൂടക്കൂടെ ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻ നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകും.

29:2 നീതിമാന്മാർ വർദ്ധിക്കുമ്പോൾ ജനം സന്തോഷിക്കുന്നു; ദുഷ്ടൻ ആധിപത്യം നടത്തുമ്പോഴോ ജനം നെടുവീർപ്പിടുന്നു.

29:3 ജ്ഞാനത്തിൽ ഇഷ്ടപ്പെടുന്നവൻ തന്റെ അപ്പനെ സന്തോഷിപ്പിക്കുന്നു; വേശ്യകളോടു സഹവാസം ചെയ്യുന്നവനോ തന്റെ സമ്പത്തു നശിപ്പിക്കുന്നു.

29:4 രാജാവു ന്യായപാലനത്താൽ രാജ്യത്തെ നിലനിർത്തുന്നു; നികുതി വർദ്ധിപ്പിക്കുന്നവനോ അതിനെ നശിപ്പിക്കുന്നു.

29:5 കൂട്ടുകാരനോടു മുഖസ്തുതി പറയുന്നവൻ അവന്റെ കാലിന്നു ഒരു വല വിരിക്കുന്നു.

 < 
29:6 ദുഷ്കർമ്മി തന്റെ ലംഘനത്തിൽ കുടുങ്ങുന്നു; നീതിമാനോ ഘോഷിച്ചാനന്ദിക്കുന്നു.

29:7 നീതിമാൻ അഗതികളുടെ കാര്യം അറിയുന്നു; ദുഷ്ടനോ പരിജ്ഞാനം ഇന്നതെന്നു അറിയുന്നില്ല.

29:8 പരിഹാസികൾ പട്ടണത്തിൽ കോപാഗ്നി ജ്വലിപ്പിക്കുന്നു. ജ്ഞാനികളോ ക്രോധത്തെ ശമിപ്പിക്കുന്നു.

29:9 ജ്ഞാനിക്കും ഭോഷന്നും തമ്മിൽ വാഗ്വാദം ഉണ്ടായിട്ടു അവൻ കോപിച്ചാലോ ചിരിച്ചാലോ ശമനം വരികയില്ല.

29:10 രക്തപാതകന്മാർ നിഷ്കളങ്കനെ ദ്വേഷിക്കുന്നു; നേരുള്ളവരോ അവന്റെ പ്രാണരക്ഷ അന്വേഷിക്കുന്നു.

 < 
29:11 മൂഢൻ തന്റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു.

29:12 അധിപതി നുണ കേൾപ്പാൻ തുടങ്ങിയാൽ അവന്റെ ഭൃത്യന്മാരൊക്കെയും ദുഷ്ടന്മാരാകും.

29:13 ദരിദ്രനും പീഡകനും തമ്മിൽ എതിർപെടുന്നു; ഇരുവരുടെയും കണ്ണു യഹോവ പ്രകാശിപ്പിക്കുന്നു.

29:14 അഗതികൾക്കു വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്ന രാജാവിന്റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും.

29:15 വടിയും ശാസനയും ജ്ഞാനത്തെ നല്കുന്നു; തന്നിഷ്ടത്തിന്നു വിട്ടിരുന്ന ബാലനോ അമ്മെക്കു ലജ്ജ വരുത്തുന്നു.

 < 
29:16 ദുഷ്ടന്മാർ പെരുകുമ്പോൾ അതിക്രമം പെരുകുന്നു; നീതിമാന്മാരോ അവരുടെ വീഴ്ച കാണും.

29:17 നിന്റെ മകനെ ശിക്ഷിക്ക; അവൻ നിനക്കു ആശ്വാസമായ്തീരും; അവൻ നിന്റെ മനസ്സിന്നു പ്രമോദംവരുത്തും.

29:18 വെളിപ്പാടു ഇല്ലാത്തെടത്തു ജനം മര്യാദവിട്ടു നടക്കുന്നു; ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാൻ.

29:19 ദാസനെ ഗുണീകരിപ്പാൻ വാക്കു മാത്രം പോരാ; അവൻ അതു ഗ്രഹിച്ചാലും കൂട്ടാക്കുകയില്ലല്ലോ.

29:20 വാക്കിൽ ബദ്ധപ്പാടുള്ള മനുഷ്യനെ നീ കാണുന്നുവോ? അവനെക്കാൾ മൂഢനെക്കുറിച്ചു അധികം പ്രത്യാശയുണ്ടു.

 < 
29:21 ദാസനെ ബാല്യംമുതൽ ലാളിച്ചുവളർത്തുന്നവനോടു അവൻ ഒടുക്കം ദുശ്ശാഠ്യം കാണിക്കും.

29:22 കോപമുള്ളവൻ വഴക്കുണ്ടാക്കുന്നു; ക്രോധമുള്ളവൻ അതിക്രമം വർദ്ധിപ്പിക്കുന്നു.

29:23 മനുഷ്യന്റെ ഗർവ്വം അവനെ താഴ്ത്തിക്കളയും; മനോവിനയമുള്ളവനോ മാനം പ്രാപിക്കും.

29:24 കള്ളനുമായി പങ്കു കൂടുന്നവൻ സ്വന്ത പ്രാണനെ പകെക്കുന്നു; അവൻ സത്യവാചകം കേൾക്കുന്നു; ഒന്നും പ്രസ്താവിക്കുന്നില്ലതാനും.

29:25 മാനുഷഭയം ഒരു കണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും.

 < 
29:26 അനേകർ അധിപതിയുടെ മുഖപ്രസാദം അന്വേഷിക്കുന്നു; മനുഷ്യന്റെ ന്യായവിധിയോ യഹോവയാൽ വരുന്നു.

29:27 നീതികെട്ടവൻ നീതിമാന്മാർക്കു വെറുപ്പു; സന്മാർഗ്ഗി ദുഷ്ടന്മാർക്കും വെറുപ്പു.


* ----------------------------------------

സദൃശ്യവാക്യങ്ങൾ അദ്ധ്യായം 30  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33

30:1 യാക്കേയുടെ മകനായ ആഗൂരിന്റെ വചനങ്ങൾ; ഒരു അരുളപ്പാടു; ആ പുരുഷന്റെ വാക്യമാവിതു: ദൈവമേ, ഞാൻ അദ്ധ്വാനിച്ചു, ദൈവമേ, ഞാൻ അദ്ധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു.

30:2 ഞാൻ സകലമനുഷ്യരിലും മൃഗപ്രായനത്രേ; മാനുഷബുദ്ധി എനിക്കില്ല;

30:3 ഞാൻ ജ്ഞാനം അഭ്യസിച്ചിട്ടില്ല; പരിശുദ്ധനായവന്റെ പരിജ്ഞാനം എനിക്കില്ല.

30:4 സ്വർഗ്ഗത്തിൽ കയറുകയും ഇറങ്ങിവരികയും ചെയ്തവൻ ആർ? കാറ്റിനെ തന്റെ മുഷ്ടിയിൽ പിടിച്ചടക്കിയവൻ ആർ? വെള്ളങ്ങളെ വസ്ത്രത്തിൽ കെട്ടിയവൻ ആർ? ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവൻ ആർ? അവന്റെ പേരെന്തു? അവന്റെ മകന്റെ പേർ എന്തു? നിനക്കറിയാമോ?

30:5 ദൈവത്തിന്റെ സകലവചനവും ശുദ്ധിചെയ്തതാകുന്നു; തന്നിൽ ആശ്രയിക്കുന്നവർക്കു അവൻ പരിച തന്നേ.

 < 
30:6 അവന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുതു; അവൻ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാൻ ഇട വരരുതു.

30:7 രണ്ടു കാര്യം ഞാൻ നിന്നോടു അപേക്ഷിക്കുന്നു; ജീവപര്യന്തം അവ എനിക്കു നിഷേധിക്കരുതേ;

30:8 വ്യാജവും ഭോഷ്കും എന്നോടു അകറ്റേണമേ; ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ.

30:9 ഞാൻ തൃപ്തനായിത്തീർന്നിട്ടു: യഹോവ ആർ എന്നു നിന്നെ നിഷേധിപ്പാനും ദരിദ്രനായിത്തീർന്നിട്ടു മോഷ്ടിച്ചു എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ.

30:10 ദാസനെക്കുറിച്ചു യജമാനനോടു ഏഷണി പറയരുതു; അവൻ നിന്നെ ശപിപ്പാനും നീ കുറ്റക്കാരനായിത്തീരുവാനും ഇടവരരുതു.

 < 
30:11 അപ്പനെ ശപിക്കയും അമ്മയെ അനുഗ്രഹിക്കാതിരിക്കയും ചെയ്യുന്നോരു തലമുറ!

30:12 തങ്ങൾക്കു തന്നേ നിർമ്മലരായിത്തോന്നുന്നവരും അശുദ്ധി കഴുകിക്കളയാത്തവരുമായോരു തലമുറ!

30:13 അയ്യോ ഈ തലമുറയുടെ കണ്ണുകൾ എത്ര ഉയർന്നിരിക്കുന്നു -- അവരുടെ കണ്ണിമകൾ എത്ര പൊങ്ങിയിരിക്കുന്നു --

30:14 എളിയവരെ ഭൂമിയിൽനിന്നും ദരിദ്രരെ മനുഷ്യരുടെ ഇടയിൽനിന്നും തിന്നുകളവാൻ തക്കവണ്ണം മുമ്പല്ലു വാളായും അണപ്പല്ലു കത്തിയായും ഇരിക്കുന്നോരു തലമുറ!

30:15 കന്നട്ടെക്കു: തരിക, തരിക എന്ന രണ്ടു പുത്രിമാർ ഉണ്ടു; ഒരിക്കലും തൃപ്തിവരാത്തതു മൂന്നുണ്ടു; മതി എന്നു പറയാത്തതു നാലുണ്ടു:

 < 
30:16 പാതാളവും വന്ധ്യയുടെ ഗർഭപാത്രവും വെള്ളം കുടിച്ചു തൃപ്തിവരാത്ത ഭൂമിയും മതി എന്നു പറയാത്ത തീയും തന്നേ.

30:17 അപ്പനെ പരിഹസിക്കയും അമ്മയെ അനുസരിക്കാതിരിക്കയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കയും കഴുകിൻ കുഞ്ഞുകൾ തിന്നുകയും ചെയ്യും.

30:18 എനിക്കു അതിവിസ്മയമായി തോന്നുന്നതു മൂന്നുണ്ടു; എനിക്കു അറിഞ്ഞുകൂടാത്തതു നാലുണ്ടു:

30:19 ആകാശത്തു കഴുകന്റെ വഴിയും പാറമേൽ സർപ്പത്തിന്റെ വഴിയും സമുദ്രമദ്ധ്യേ കപ്പലിന്റെ വഴിയും കന്യകയോടുകൂടെ പുരുഷന്റെ വഴിയും തന്നേ.

30:20 വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നേ. അവൾ തിന്നു വായ് തുടെച്ചിട്ടു ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ലെന്നു പറയുന്നു.

 < 
30:21 മൂന്നിന്റെ നിമിത്തം ഭൂമി വിറെക്കുന്നു; നാലിന്റെ നിമിത്തം അതിന്നു സഹിച്ചു കൂടാ:

30:22 ദാസൻ രാജാവായാൽ അവന്റെ നിമിത്തവും ഭോഷൻ തിന്നു തൃപ്തനായാൽ അവന്റെ നിമിത്തവും

30:23 വിലക്ഷണെക്കു വിവാഹം കഴിഞ്ഞാൽ അവളുടെ നിമിത്തവും ദാസി യജമാനത്തിയുടെ സ്ഥാനം പ്രാപിച്ചാൽ അവളുടെ നിമിത്തവും തന്നേ.

30:24 ഭൂമിയിൽ എത്രയും ചെറിയവയെങ്കിലും അത്യന്തം ജ്ഞാനമുള്ളവയായിട്ടു നാലുണ്ടു:

30:25 ഉറുമ്പു ബലഹീനജാതി എങ്കിലും അതു വേനൽക്കാലത്തു ആഹാരം സമ്പാദിച്ചു വെക്കുന്നു.

 < 
30:26 കുഴിമുയൽ ശക്തിയില്ലാത്ത ജാതി എങ്കിലും അതു പാറയിൽ പാർപ്പിടം ഉണ്ടാക്കുന്നു.

30:27 വെട്ടുക്കിളിക്കു രാജാവില്ല എങ്കിലും അതൊക്കെയും അണിയണിയായി പുറപ്പെടുന്നു.

30:28 പല്ലിയെ കൈകൊണ്ടു പിടിക്കാം എങ്കിലും അതു രാജാക്കന്മാരുടെ അരമനകളിൽ പാർക്കുന്നു.

30:29 ചന്തമായി നടകൊള്ളുന്നതു മൂന്നുണ്ടു; ചന്തമായി നടക്കുന്നതു നാലുണ്ടു:

30:30 മൃഗങ്ങളിൽവെച്ചു ശക്തിയേറിയതും ഒന്നിന്നും വഴിമാറാത്തതുമായ സിംഹവും

 < 
30:31 നായാട്ടുനായും കോലാട്ടുകൊറ്റനും സൈന്യസമേതനായ രാജാവും തന്നേ.

30:32 നീ നിഗളിച്ചു ഭോഷത്വം പ്രവർത്തിക്കയോ ദോഷം നിരൂപിക്കയോ ചെയ്തുപോയെങ്കിൽ കൈകൊണ്ടു വായ് പൊത്തിക്കൊൾക.

30:33 പാൽ കടഞ്ഞാൽ വെണ്ണയുണ്ടാകും; മൂകൂ ഞെക്കിയാൽ ചോര വരും; കോപം ഇളക്കിയാൽ വഴക്കുണ്ടാകും.


* ----------------------------------------

സദൃശ്യവാക്യങ്ങൾ അദ്ധ്യായം 31  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31

31:1 ലെമൂവേൽരാജാവിന്റെ വചനങ്ങൾ; അവന്റെ അമ്മ അവന്നു ഉപദേശിച്ചു കൊടുത്ത അരുളപ്പാടു.

31:2 മകനേ, എന്തു? ഞാൻ പ്രസവിച്ച മകനേ എന്തു? എന്റെ നേർച്ചകളുടെ മകനേ, എന്തു?

31:3 സ്ത്രീകൾക്കു നിന്റെ ബലത്തെയും രാജാക്കന്മാരെ നശിപ്പിക്കുന്നവർക്കു നിന്റെ വഴികളെയും കൊടുക്കരുതു.

31:4 വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാർക്കു കൊള്ളരുതു; ലെമൂവേലേ, രാജാക്കന്മാർക്കു അതു കൊള്ളരുതു; മദ്യസക്തി പ്രഭുക്കന്മാർക്കു കൊള്ളരുതു.

31:5 അവർ കുടിച്ചിട്ടു നിയമം മറന്നുപോകുവാനും അരിഷ്ടന്മാരുടെ ന്യായം മറിച്ചുകളവാനും ഇടവരരുതു.

 < 
31:6 നശിക്കുമാറായിരിക്കുന്നവന്നു മദ്യവും മനോവ്യസനമുള്ളവന്നു വീഞ്ഞും കൊടുക്ക.

31:7 അവൻ കുടിച്ചിട്ടു തന്റെ ദാരിദ്ര്യം മറക്കയും തന്റെ അരിഷ്ടത ഓർക്കാതിരിക്കയും ചെയ്യട്ടെ.

31:8 ഊമന്നു വേണ്ടി നിന്റെ വായ് തുറക്ക; ക്ഷയിച്ചുപോകുന്ന ഏവരുടെയും കാര്യത്തിൽ തന്നേ.

31:9 നിന്റെ വായ് തുറന്നു നീതിയോടെ ന്യായം വിധിക്ക; എളിയവന്നും ദരിദ്രന്നും ന്യായപാലനം ചെയ്തുകൊടുക്ക.

31:10 സാമർത്ഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും? അവളുടെ വില മുത്തുകളിലും ഏറും.

 < 
31:11 ഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു; അവന്റെ ലാഭത്തിന്നു ഒരു കുറവുമില്ല.

31:12 അവൾ തന്റെ ആയുഷ്കാലമൊക്കെയും അവന്നു തിന്മയല്ല നന്മ തന്നേ ചെയ്യുന്നു.

31:13 അവൾ ആട്ടുരോമവും ചണവും സമ്പാദിച്ചു താല്പര്യത്തോടെ കൈകൊണ്ടു വേലചെയ്യുന്നു.

31:14 അവൾ കച്ചവടക്കപ്പൽ പോലെയാകുന്നു; ദൂരത്തുനിന്നു ആഹാരം കൊണ്ടുവരുന്നു.

31:15 അവൾ നന്നരാവിലെ എഴുന്നേറ്റു, വീട്ടിലുള്ളവർക്കു ആഹാരവും വേലക്കാരത്തികൾക്കു ഓഹരിയും കൊടുക്കുന്നു.

 < 
31:16 അവൾ ഒരു നിലത്തിന്മേൽ ദൃഷ്ടിവെച്ചു അതു മേടിക്കുന്നു; കൈനേട്ടംകൊണ്ടു അവൾ ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കുന്നു.

31:17 അവൾ ബലംകൊണ്ടു അര മുറക്കുകയും ഭുജങ്ങളെ ശക്തീകരിക്കയും ചെയ്യുന്നു.

31:18 തന്റെ വ്യാപാരം ആദായമുള്ളതെന്നു അവൾ ഗ്രഹിക്കുന്നു; അവളുടെ വിളക്കു രാത്രിയിൽ കെട്ടുപോകുന്നതുമില്ല.

31:19 അവൾ വിടുത്തലെക്കു കൈ നീട്ടുന്നു; അവളുടെ വിരൽ കതിർ പിടിക്കുന്നു.

31:20 അവൾ തന്റെ കൈ എളിയവർക്കു തുറക്കുന്നു; ദരിദ്രന്മാരുടെ അടുക്കലേക്കു കൈ നീട്ടുന്നു.

 < 
31:21 തന്റെ വീട്ടുകാരെച്ചൊല്ലി അവൾ ഹിമത്തെ പേടിക്കുന്നില്ല; അവളുടെ വീട്ടിലുള്ളവർക്കൊക്കെയും ചുവപ്പു കമ്പളി ഉണ്ടല്ലോ.

31:22 അവൾ തനിക്കു പരവതാനി ഉണ്ടാക്കുന്നു; ശണപടവും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പു.

31:23 ദേശത്തിലെ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോൾ അവളുടെ ഭർത്താവു പട്ടണവാതിൽക്കൽ പ്രസിദ്ധനാകുന്നു.

31:24 അവൾ ശണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു; അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു.

31:25 ബലവും മഹിമയും അവളുടെ ഉടുപ്പു; ഭാവികാലം ഓർത്തു അവൾ പുഞ്ചിരിയിടുന്നു.

 < 
31:26 അവൾ ജ്ഞാനത്തോടെ വായ് തുറക്കുന്നു; ദയയുള്ള ഉപദേശം അവളുടെ നാവിന്മേൽ ഉണ്ടു.

31:27 വീട്ടുകാരുടെ പെരുമാറ്റം അവൾ സൂക്ഷിച്ചു നോക്കുന്നു; വെറുതെ ഇരുന്നു അഹോവൃത്തി കഴിക്കുന്നില്ല.

31:28 അവളുടെ മക്കൾ എഴുന്നേറ്റു അവളെ ഭാഗ്യവതി എന്നു പുകഴ്ത്തുന്നു; അവളുടെ ഭർത്താവും അവളെ പ്രശംസിക്കുന്നതു:

31:29 അനേകം തരുണികൾ സാമർത്ഥ്യം കാണിച്ചിട്ടുണ്ടു; നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു.

31:30 ലാവണ്യം വ്യാജവും സൌന്ദര്യം വ്യർത്ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.

 < 
31:31 അവളുടെ കൈകളുടെ ഫലം അവൾക്കു കൊടുപ്പിൻ; അവളുടെ സ്വന്തപ്രവൃത്തികൾ പട്ടണവാതിൽക്കൽ അവളെ പ്രശംസിക്കട്ടെ.

* ----------------------------------------

അന്തം  < 
































Proverbs

Indian Malayalam Bible (IMM)