* ----------------------------------------
വിലാപങ്ങൾ അദ്ധ്യായം 1
<
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
1:1 അയ്യോ, ജനപൂർണ്ണയായിരുന്ന നഗരം ഏകാന്തയായിരിക്കുന്നതെങ്ങനെ? ജാതികളിൽ മഹതിയായിരുന്നവൾ വിധവയെപ്പോലെ ആയതെങ്ങനെ? സംസ്ഥാനങ്ങളുടെ നായകിയായിരുന്നവൾ ഊഴിയവേലക്കാരത്തിയായതെങ്ങനെ?
1:2 രാത്രിയിൽ അവൾ കരഞ്ഞുകൊണ്ടിരിക്കുന്നു. അവളുടെ കവിൾത്തടങ്ങളിൽ കണ്ണുനീർ കാണുന്നു; അവളുടെ സകലപ്രിയന്മാരിലും അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല; അവളുടെ സ്നേഹിതന്മാരൊക്കെയും അവൾക്കു ശത്രുക്കളായി ദ്രോഹം ചെയ്തിരിക്കുന്നു.
1:3 കഷ്ടതയും കഠിനദാസ്യവുംനിമിത്തം യെഹൂദാ പ്രവാസത്തിലേക്കു പോകേണ്ടിവന്നു; അവൾ ജാതികളുടെ ഇടയിൽ പാർക്കുന്നു; വിശ്രാമം കണ്ടെത്തുന്നതുമില്ല; അവളെ പിന്തുടരുന്നവരൊക്കെയും ഇടുക്കിടങ്ങളിൽവെച്ചു അവളെ എത്തിപ്പിടിക്കുന്നു.
1:4 ഉത്സവത്തിന്നു ആരും വരായ്കകൊണ്ടു സീയോനിലേക്കുള്ള വഴികൾ ദുഃഖിക്കുന്നു; അവളുടെ വാതിലുകളൊക്കെയും ശൂന്യമായി. പുരോഹിതന്മാർ നെടുവീർപ്പിടുന്നു; അവളുടെ കന്യകമാർ ഖേദിക്കുന്നു; അവൾക്കും വ്യസനം പിടിച്ചിരിക്കുന്നു.
1:5 അവളുടെ അതിക്രമബാഹുല്യംനിമിത്തം യഹോവ അവൾക്കു സങ്കടം വരുത്തിയതിനാൽ അവളുടെ വൈരികൾക്കു പ്രാധാന്യം ലഭിച്ചു, അവളുടെ ശത്രുക്കൾ ശുഭമായിരിക്കുന്നു; അവളുടെ കുഞ്ഞുങ്ങൾ വൈരിയുടെ മുമ്പായി പ്രവാസത്തിലേക്കു പോകേണ്ടിവന്നു.
<
1:6 സീയോൻ പുത്രിയുടെ മഹത്വമൊക്കെയും അവളെ വിട്ടുപോയി; അവളുടെ പ്രഭുക്കന്മാർ മേച്ചൽ കാണാത്ത മാനുകളെപ്പോലെ ആയി; പിന്തുടരുന്നവന്റെ മുമ്പിൽ അവർ ശക്തിയില്ലാതെ നടക്കുന്നു.
1:7 കഷ്ടാരിഷ്ടതകളുടെ കാലത്തു യെരൂശലേം പണ്ടത്തെ മനോഹരവസ്തുക്കളെയൊക്കെയും ഓർക്കുന്നു; സഹായിപ്പാൻ ആരുമില്ലാതെ അവളുടെ ജനം വൈരിയുടെ കയ്യിൽ അകപ്പെട്ടപ്പോൾ, വൈരികൾ അവളെ നോക്കി അവളുടെ നാശത്തെക്കുറിച്ചു ചിരിച്ചു.
1:8 യെരൂശലേം കഠിനപാപം ചെയ്തിരിക്കകൊണ്ടു മലിനയായിരിക്കുന്നു; അവളെ ബഹുമാനിച്ചവരൊക്കെയും അവളുടെ നഗ്നത കണ്ടിട്ടു അവളെ നിന്ദിക്കുന്നു; അവളോ നെടുവീർപ്പിട്ടുകൊണ്ടു പിന്നോക്കം തിരിയുന്നു.
1:9 അവളുടെ മലിനത ഉടുപ്പിന്റെ വിളുമ്പിൽ കാണുന്നു; അവൾ ഭാവികാലം ഓർത്തില്ല; അവൾ അതിശയമാംവണ്ണം വീണുപോയി; അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല; യഹോവേ, ശത്രു വമ്പു പറയുന്നു; എന്റെ സങ്കടം നോക്കേണമേ.
1:10 അവളുടെ സകലമനോഹരവസ്തുക്കളിന്മേലും വൈരി കൈവെച്ചിരിക്കുന്നു; നിന്റെ സഭയിൽ പ്രവേശിക്കരുതെന്നു നീ കല്പിച്ച ജാതികൾ അവളുടെ വിശുദ്ധമന്ദിരത്തിൽ കടന്നതു അവൾ കണ്ടുവല്ലോ.
<
1:11 അവളുടെ സർവ്വജനവും നെടുവീർപ്പിട്ടുകൊണ്ടു ആഹാരം തിരയുന്നു; വിശപ്പടക്കുവാൻ ആഹാരത്തിന്നു വേണ്ടി അവർ തങ്ങളുടെ മനോഹര വസ്തുക്കളെ കൊടുത്തുകളയുന്നു; യഹോവേ, ഞാൻ നിന്ദിതയായിരിക്കുന്നതു കടാക്ഷിക്കേണമേ.
1:12 കടന്നുപോകുന്ന ഏവരുമായുള്ളോരേ, ഇതു നിങ്ങൾക്കു ഏതുമില്ലയോ? യഹോവ തന്റെ ഉഗ്രകോപദിവസത്തിൽ ദുഃഖിപ്പിച്ചിരിക്കുന്ന എനിക്കു അവൻ വരുത്തിയ വ്യസനം പോലെ ഒരു വ്യസനം ഉണ്ടോ എന്നു നോക്കുവിൻ!
1:13 ഉയരത്തിൽനിന്നു അവൻ എന്റെ അസ്ഥികളിൽ തീ അയച്ചിരിക്കുന്നു; അതു കടന്നുപിടിച്ചിരിക്കുന്നു; എന്റെ കാലിന്നു അവൻ വല വിരിച്ചു, എന്നെ മടക്കിക്കളഞ്ഞു; അവൻ എന്നെ ശൂന്യയും നിത്യരോഗിണിയും ആക്കിയിരിക്കുന്നു.
1:14 എന്റെ അതിക്രമങ്ങളുടെ നുകം അവൻ സ്വന്തകയ്യാൽ പിണെച്ചിരിക്കുന്നു, അവ എന്റെ കഴുത്തിൽ പിണെഞ്ഞിരിക്കുന്നു; അവൻ എന്റെ ശക്തി ക്ഷയിപ്പിച്ചു; എനിക്കു എതിർത്തുനില്പാൻ കഴിയാത്തവരുടെ കയ്യിൽ കർത്താവു എന്നെ ഏല്പിച്ചിരിക്കുന്നു.
1:15 എന്റെ നടുവിലെ സകലബലവാന്മാരെയും കർത്താവു നിരസിച്ചുകളഞ്ഞു; എന്റെ യൌവനക്കാരെ തകർത്തുകളയേണ്ടതിന്നു അവൻ എന്റെ നേരെ ഒരു ഉത്സവയോഗം വിളിച്ചുകൂട്ടി; യെഹൂദാപുത്രിയായ കന്യകയെ കർത്താവു ചക്കിൽ ഇട്ടു ചിവിട്ടിക്കളഞ്ഞിരിക്കുന്നു.
<
1:16 ഇതുനിമിത്തം ഞാൻ കരയുന്നു; എന്റെ കണ്ണു കണ്ണുനീരൊഴുക്കുന്നു; എന്റെ പ്രാണനെ തണുപ്പിക്കേണ്ടുന്ന ആശ്വാസപ്രദൻ എന്നോടു അകന്നിരിക്കുന്നു; ശത്രു പ്രബലനായിരിക്കയാൽ എന്റെ മക്കൾ നശിച്ചിരിക്കുന്നു.
1:17 സീയോൻ കൈ മലർത്തുന്നു; അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല; യഹോവ യാക്കോബിന്നു അവന്റെ ചുറ്റും വൈരികളെ കല്പിച്ചാക്കിയിരിക്കുന്നു; യെരൂശലേം അവരുടെ ഇടയിൽ മലിനയായിരിക്കുന്നു.
1:18 യഹോവ നീതിമാൻ; ഞാൻ അവന്റെ കല്പനയോടു മത്സരിച്ചു; സകലജാതികളുമായുള്ളോരേ, കേൾക്കേണമേ, എന്റെ വ്യസനം കാണേണമേ; എന്റെ കന്യകമാരും യൌവനക്കാരും പ്രവാസത്തിലേക്കു പോയിരിക്കുന്നു.
1:19 ഞാൻ എന്റെ പ്രിയന്മാരെ വിളിച്ചു; അവരോ എന്നെ ചതിച്ചു; എന്റെ പുരോഹിതന്മാരും മൂപ്പന്മാരും വിശപ്പടക്കേണ്ടതിന്നു ആഹാരം തിരഞ്ഞുനടക്കുമ്പോൾ നഗരത്തിൽ വെച്ചു പ്രാണനെ വിട്ടു.
1:20 യഹോവേ, നോക്കേണമേ; ഞാൻ വിഷമത്തിലായി എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാൻ കഠിനമായി മത്സരിക്കകൊണ്ടു എന്റെ ഹൃദയം എന്റെ ഉള്ളിൽ മറിഞ്ഞിരിക്കുന്നു; പുറമേ വാൾ സന്തതിനാശം വരുത്തുന്നു; വീട്ടിലോ മരണം തന്നേ.
<
1:21 ഞാൻ നെടുവീർപ്പിടുന്നതു അവർ കേട്ടു; എന്നെ ആശ്വസിപ്പിപ്പാൻ ആരുമില്ല; എന്റെ ശത്രുക്കളൊക്കെയും എന്റെ അനർത്ഥം കേട്ടു, നീ അതു വരുത്തിയതുകൊണ്ടു സന്തോഷിക്കുന്നു; നീ കല്പിച്ച ദിവസം നീ വരുത്തും; അന്നു അവരും എന്നെപ്പോലെയാകും.
1:22 അവരുടെ ദുഷ്ടതയൊക്കെയും തിരുമുമ്പിൽ വരട്ടെ; എന്റെ സകല അതിക്രമങ്ങളും നിമിത്തം നീ എന്നോടു ചെയ്തതുപോലെ അവരോടും ചെയ്യേണമേ; എന്റെ നെടുവിർപ്പു വളരെയല്ലോ; എന്റെ ഹൃദയം രോഗാർത്തമായിരിക്കുന്നു.
* ----------------------------------------
വിലാപങ്ങൾ അദ്ധ്യായം 2
<
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
2:1 അയ്യോ! യഹോവ സീയോൻ പുത്രിയെ തന്റെ കോപത്തിൽ മേഘംകൊണ്ടു മറെച്ചതെങ്ങനെ? അവൻ യിസ്രായേലിന്റെ മഹത്വം ആകാശത്തുനിന്നു ഭൂമിയൽ ഇട്ടുകളഞ്ഞു; തന്റെ കോപദിവസത്തിൽ അവൻ തന്റെ പാദപീഠത്തെ ഓർത്തതുമില്ല,
2:2 കർത്താവു കരുണ കാണിക്കാതെ യാക്കോബിന്റെ മേച്ചൽപുറങ്ങളെയൊക്കെയും നശിപ്പിച്ചിരിക്കുന്നു; തന്റെ ക്രോധത്തിൽ അവൻ യെഹൂദാപുത്രിയുടെ കോട്ടകളെ ഇടിച്ചുകളഞ്ഞിരിക്കുന്നു; രാജ്യത്തെയും അതിലെ പ്രഭുക്കന്മാരെയും അവൻ നിലത്തിട്ടു അശുദ്ധമാക്കിയിരിക്കുന്നു.
2:3 തന്റെ ഉഗ്രകോപത്തിൽ അവൻ യിസ്രായേലിന്റെ കൊമ്പു ഒക്കെയും വെട്ടിക്കളഞ്ഞു; തന്റെ വലങ്കയ്യെ അവൻ ശത്രുവിൻ മുമ്പിൽ നിന്നു പിൻവലിച്ചുകളഞ്ഞു; ചുറ്റും ദഹിപ്പിക്കുന്ന ജ്വാലപോലെ അവൻ യാക്കോബിനെ ദഹിപ്പിച്ചുകളഞ്ഞു.
2:4 ശത്രു എന്നപോലെ അവൻ വില്ലു കുലെച്ചു, വൈരി എന്നപോലെ അവൻ വലങ്കൈ ഓങ്ങി; കണ്ണിന്നു കൌതുകമുള്ളതു ഒക്കെയും നശിപ്പിച്ചുകളഞ്ഞു. സീയോൻ പുത്രിയുടെ കൂടാരത്തിൽ തന്റെ ക്രോധം തീപോലെ ചൊരിഞ്ഞു;
2:5 കർത്താവു ശത്രുവെപ്പോലെ ആയി, യിസ്രായേലിനെ മുടിച്ചുകളഞ്ഞു; അവളുടെ അരമനകളെ ഒക്കെയും മുടിച്ചു, അവളുടെ കോട്ടകളെ നശിപ്പിച്ചുകളഞ്ഞു; യെഹൂദാപുത്രിക്കു ദുഃഖവും വിലാപവും വർദ്ധിപ്പിച്ചിരിക്കുന്നു.
<
2:6 അവൻ തിരുനിവാസം ഒരു തോട്ടംപോലെ നീക്കിക്കളഞ്ഞു; തന്റെ ഉത്സവസ്ഥലം നശിപ്പിച്ചിരിക്കുന്നു; യഹോവ സീയോനിൽ ഉത്സവവും ശബ്ബത്തും മറക്കുമാറാക്കി, തന്റെ ഉഗ്രകോപത്തിൽ രാജാവിനെയും പുരോഹിതനെയും നിരസിച്ചുകളഞ്ഞു.
2:7 കർത്താവു തന്റെ യാഗപീഠം തള്ളിക്കളഞ്ഞു, തന്റെ വിശുദ്ധമന്ദിരം വെറുത്തിരിക്കുന്നു; അവളുടെ അരമനമതിലുകളെ അവൻ ശത്രുവിന്റെ കയ്യിൽ ഏല്പിച്ചു; അവർ ഉത്സവത്തിൽ എന്നപോലെ യഹോവയുടെ ആലയത്തിൽ ആരവം ഉണ്ടാക്കി.
2:8 യഹോവ സീയോൻ പുത്രിയുടെ മതിൽ നശിപ്പിപ്പാൻ നിർണ്ണയിച്ചു; അവൻ അളന്നു നശിപ്പിക്കുന്നതിൽനിന്നു കൈ പിൻവലിച്ചില്ല; അവൻ കോട്ടയും മതിലും ദുഃഖത്തിലാക്കി; അവ ഒരുപോലെ ക്ഷയിച്ചിരിക്കുന്നു.
2:9 അവളുടെ വാതിലുകൾ മണ്ണിൽ പൂണ്ടുപോയിരിക്കുന്നു; അവളുടെ ഓടാമ്പൽ അവൻ തകർത്തു നശിപ്പിച്ചിരിക്കുന്നു; അവളുടെ രാജാവും പ്രഭുക്കന്മാരും ന്യായപ്രമാണം ഇല്ലാത്ത ജാതികളുടെ ഇടയിൽ ഇരിക്കുന്നു; അവളുടെ രാജാവും പ്രഭുക്കന്മാരും ന്യായപ്രമാണം ഇല്ലാത്ത ജാതികളുടെ ഇടയിൽ ഇരിക്കുന്നു; അവളുടെ പ്രവാചകന്മാർക്കു യഹോവയിങ്കൽ നിന്നു ദർശനം ഉണ്ടാകുന്നതുമില്ല.
2:10 സീയോൻ പുത്രിയുടെ മൂപ്പന്മാർ മിണ്ടാതെ നിലത്തിരിക്കുന്നു; അവർ തലയിൽ പൊടി വാരിയിട്ടു രട്ടുടുത്തിരിക്കുന്നു; യെരൂശലേം കന്യകമാർ നിലത്തോളം തല താഴ്ത്തുന്നു.
<
2:11 എന്റെ ജനത്തിൻ പുത്രിയുടെ നാശം നിമിത്തം ഞാൻ കണ്ണുനീർ വാർത്തു കണ്ണു മങ്ങിപ്പോകുന്നു; എന്റെ ഉള്ളം കലങ്ങി കരൾ നിലത്തു ചൊരിഞ്ഞുവീഴുന്നു; പൈതങ്ങളും ശിശുക്കളും നഗരവീഥികളിൽ തളർന്നുകിടക്കുന്നു.
2:12 അവർ നിഹതന്മാരെപ്പോലെ നഗരവീഥികളിൽ തളർന്നുകിടക്കുമ്പോഴും അമ്മമാരുടെ മാർവ്വിൽവെച്ചു പ്രാണൻ വിടുമ്പോഴും ആഹാരവും വീഞ്ഞും എവിടെ എന്നു അമ്മമാരോടു ചോദിക്കുന്നു.
2:13 യെരൂശലേംപുത്രിയേ, ഞാൻ നിന്നോടു എന്തു സാക്ഷീകരിക്കേണ്ടു? എന്തൊന്നിനെ നിന്നോടു സദൃശമാക്കേണ്ടു? സീയോൻ പുത്രിയായ കന്യകേ, ഞാൻ നിന്നെ ആശ്വസിപ്പിപ്പാൻ എന്തൊന്നു നിന്നോടുപമിക്കേണ്ടു? നിന്റെ മുറിവു സമുദ്രംപോലെ വലുതായിരിക്കുന്നു; ആർ നിനക്കു സൌഖ്യം വരുത്തും?
2:14 നിന്റെ പ്രവാചകന്മാർ നിനക്കു ഭോഷത്വവും വ്യാജവും ദർശിച്ചിരിക്കുന്നു; അവർ നിന്റെ പ്രവാസം മാറ്റുവാൻ തക്കവണ്ണം നിന്റെ അകൃത്യം വെളിപ്പെടുത്താതെ വ്യാജവും പ്രവാസകാരണവുമായ പ്രവാചകം ദർശിച്ചിരിക്കുന്നു.
2:15 കടന്നുപോകുന്ന ഏവരും നിന്നെ നോക്കി കൈ കൊട്ടുന്നു; അവർ യെരൂശലേംപുത്രിയെച്ചൊല്ലി ചൂളകുത്തി തലകുലുക്കി: സൌന്ദര്യപൂർത്തി എന്നും സർവ്വമഹീതലമോദം എന്നും വിളിച്ചുവന്ന നഗരം ഇതു തന്നേയോ എന്നു ചോദിക്കുന്നു.
<
2:16 നിന്റെ ശത്രുക്കളൊക്കെയും നിന്റെ നേരെ വായ്പിളർക്കുന്നു; അവർ ചൂളകുത്തി, പല്ലുകടിച്ചു: നാം അവളെ വിഴുങ്ങിക്കളഞ്ഞു. നാം കാത്തിരുന്ന ദിവസം ഇതുതന്നേ, നമുക്കു സാദ്ധ്യമായി നാം കണ്ടു രസിപ്പാൻ ഇടയായല്ലോ എന്നു പറയുന്നു.
2:17 യഹോവ നിർണ്ണയിച്ചതു അനുഷ്ടിച്ചിരിക്കുന്നു; പുരാതനകാലത്തു അരുളിച്ചെയ്തതു നിവർത്തിച്ചിരിക്കുന്നു. കരുണകൂടാതെ അവൻ ഇടിച്ചുകളഞ്ഞു; അവൻ ശത്രുവിനെ നിന്നെച്ചൊല്ലി സന്തോഷിപ്പിച്ചു വൈരികളുടെ കൊമ്പു ഉയർത്തിയിരിക്കുന്നു.
2:18 അവരുടെ ഹൃദയം കർത്താവിനോടു നിലവിളിച്ചു; സീയോൻ പുത്രിയുടെ മതിലേ, രാവും പകലും ഓലോല കണ്ണുനീരൊഴുക്കുക; നിനക്കുതന്നേ സ്വസ്ഥത നല്കരുതു; നിന്റെ കണ്മണി വിശ്രമിക്കയുമരുതു.
2:19 രാത്രിയിൽ, യാമാരംഭത്തിങ്കൽ എഴുന്നേറ്റു നിലവിളിക്ക; നിന്റെ ഹൃദയത്തെ വെള്ളംപോലെ കർത്തൃ സന്നിധിയിൽ പകരുക; വീഥികളുടെ തലെക്കലൊക്കെയും വിശപ്പുകൊണ്ടു തളർന്നുകിടക്കുന്ന നിന്റെ കുഞ്ഞുങ്ങളുടെ ജീവരക്ഷെക്കായി അവങ്കലേക്കു കൈ മലർത്തുക.
2:20 യഹോവേ, ആരോടാകുന്നു നീ ഇങ്ങനെ ചെയ്തതെന്നു ഓർത്തു കടാക്ഷിക്കേണമേ! സ്ത്രീകൾ ഗർഭഫലത്തെ, കയ്യിൽ താലോലിച്ചു പോരുന്ന കുഞ്ഞുളെ തന്നേ തിന്നേണമോ? കർത്താവിന്റെ വിശുദ്ധമന്ദിരത്തിൽ പുരോഹിതനും പ്രവാചകനും കൊല്ലപ്പെടേണമോ?
<
2:21 വീഥികളിൽ ബാലനും വൃദ്ധനും നിലത്തു കിടക്കുന്നു; എന്റെ കന്യകമാരും യൌവനക്കാരും വാൾകൊണ്ടു വീണിരിക്കുന്നു; നിന്റെ കോപദിവസത്തിൽ നീ അവരെ കൊന്നു കരുണകൂടാതെ അറുത്തുകളഞ്ഞു.
2:22 ഉത്സവത്തിന്നു വിളിച്ചുകൂട്ടുംപോലെ നീ എനിക്കു സർവ്വത്രഭീതികളെ വിളിച്ചുകൂട്ടിയിരിക്കുന്നു; യഹോവയുടെ കോപദിവസത്തിൽ ആരും ചാടിപ്പോകയില്ല; ആരും ശേഷിച്ചതുമില്ല; ഞാൻ കയ്യിൽ താലോലിച്ചു വളർത്തിയവരെ എന്റെ ശത്രു മുടിച്ചിരിക്കുന്നു.
* ----------------------------------------
വിലാപങ്ങൾ അദ്ധ്യായം 3
<
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
3:1 ഞാൻ അവന്റെ കോപത്തിന്റെ വടികൊണ്ടു കഷ്ടം കണ്ട പുരുഷനാകുന്നു.
3:2 അവൻ എന്നെ വെളിച്ചത്തിലല്ല, ഇരുട്ടിലത്രേ നടത്തിക്കൊണ്ടു പോന്നിരിക്കുന്നതു.
3:3 അതേ, അവൻ ഇടവിടാതെ പിന്നെയും പിന്നെയും തന്റെ കൈ എന്റെ നേരെ തിരിക്കുന്നു.
3:4 എന്റെ മാംസത്തെയും ത്വക്കിനെയും അവൻ ജീർണ്ണമാക്കി, എന്റെ അസ്ഥികളെ തകർത്തിരിക്കുന്നു.
3:5 അവൻ എന്റെ നേരെ പിണിതു, നഞ്ചും പ്രയാസവും എന്നെ ചുറ്റുമാറാക്കിയിരിക്കുന്നു.
<
3:6 ശാശ്വതമൃതന്മാരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു.
3:7 പുറത്തു പോകുവാൻ കഴിയാതവണ്ണം അവൻ എന്നെ വേലികെട്ടിയടച്ചു എന്റെ ചങ്ങലയെ ഭാരമാക്കിയിരിക്കുന്നു.
3:8 ഞാൻ ക്കുകി നിലവിളിച്ചാലും അവൻ എന്റെ പ്രാർത്ഥന തടുത്തുകളയുന്നു.
3:9 വെട്ടുകല്ലുകൊണ്ടു അവൻ എന്റെ വഴി അടെച്ചു, എന്റെ പാതകളെ വികടമാക്കിയിരിക്കുന്നു.
3:10 അവൻ എനിക്കു പതിയിരിക്കുന്ന കരടിയെപ്പോലെയും മറഞ്ഞുനില്ക്കുന്ന സിംഹത്തെപ്പോലെയും ആകുന്നു.
<
3:11 അവൻ എന്റെ വഴികളെ തെറ്റിച്ചു എന്നെ കടിച്ചുകീറി ശൂന്യമാക്കിയിരിക്കുന്നു.
3:12 അവൻ വില്ലു കുലെച്ചു എന്നെ അമ്പിന്നു ലാക്കാക്കിയിരിക്കുന്നു.
3:13 അവൻ തന്റെ പൂണിയിലെ അമ്പുകളെ എന്റെ അന്തരംഗങ്ങളിൽ തറെപ്പിച്ചിരിക്കുന്നു.
3:14 ഞാൻ എന്റെ സർവ്വജനത്തിന്നും പരിഹാസവും ഇടവിടാതെ അവരുടെ പാട്ടും ആയിത്തീർന്നിരിക്കുന്നു.
3:15 അവൻ എന്നെ കൈപ്പുകൊണ്ടു നിറെച്ചു, കാഞ്ഞിരംകൊണ്ടു മത്തുപിടിപ്പിച്ചിരിക്കുന്നു;
<
3:16 അവൻ കല്ലുകൊണ്ടു എന്റെ പല്ലു തകർത്തു, എന്നെ വെണ്ണീരിൽ ഇട്ടുരുട്ടിയിരിക്കുന്നു.
3:17 നീ എന്റെ പ്രാണനെ സമാധാനത്തിൽനിന്നു നീക്കി; ഞാൻ സുഖം മറന്നിരിക്കുന്നു.
3:18 എന്റെ മഹത്വവും യഹോവയിങ്കലുള്ള എന്റെ പ്രത്യാശയും പൊയ്പോയല്ലോ എന്നു ഞാൻ പറഞ്ഞു.
3:19 നീ എന്റെ കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കൈപ്പും ഓർക്കേണമേ.
3:20 എന്റെ പ്രാണൻ എന്റെ ഉള്ളിൽ എപ്പോഴും അവയെ ഓർത്തു ഉരുകിയിരിക്കുന്നു.
<
3:21 ഇതു ഞാൻ ഓർക്കും; അതുകൊണ്ടു ഞാൻ പ്രത്യാശിക്കും.
3:22 നാം മുടിഞ്ഞുപോകാതിരിക്കുന്നതു യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീർന്നു പോയിട്ടില്ലല്ലോ;
3:23 അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്ഥത വലിയതും ആകുന്നു.
3:24 യഹോവ എന്റെ ഓഹരി എന്നു എന്റെ ഉള്ളം പറയുന്നു; അതുകൊണ്ടു ഞാൻ അവനിൽ പ്രത്യാശവെക്കുന്നു.
3:25 തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവന്നും യഹോവ നല്ലവൻ.
<
3:26 യഹോവയുടെ രക്ഷെക്കായി മിണ്ടാതെ കാത്തിരിക്കുന്നതു നല്ലതു.
3:27 ബാല്യത്തിൽ നുകം ചുമക്കുന്നതു ഒരു പുരുഷന്നു നല്ലതു.
3:28 അവൻ അതു അവന്റെ മേൽ വെച്ചിരിക്ക കൊണ്ടു അവൻ തനിച്ചു മൌനം ആയിരിക്കട്ടെ.
3:29 അവൻ തന്റെ മുഖത്തെ പൊടിയോളം താഴ്ത്തട്ടെ; പക്ഷെ പ്രത്യാശ ശേഷിക്കും.
3:30 തന്നെ അടിക്കുന്നവന്നു അവൻ കവിൾ കാണിക്കട്ടെ; അവൻ വേണ്ടുവോളം നിന്ദ അനുഭവിക്കട്ടെ.
<
3:31 കർത്താവു എന്നേക്കും തള്ളിക്കളകയില്ലല്ലോ.
3:32 അവൻ ദുഃഖിപ്പിച്ചാലും തന്റെ മഹാദയെക്കു ഒത്തവണ്ണം അവന്നു കരുണതോന്നും.
3:33 മനസ്സോടെയല്ലല്ലോ അവൻ മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ചു വ്യസനിപ്പിക്കുന്നതു.
3:34 ഭൂമിയിലെ സകലബദ്ധന്മാരെയും കാല്കീഴിട്ടു മെതിക്കുന്നതും.
3:35 അത്യുന്നതന്റെ സന്നിധിയിൽ മനുഷ്യന്റെ ന്യായം മറിച്ചുകളയുന്നതും.
<
3:36 മനുഷ്യനെ വ്യവഹാരത്തിൽ തെറ്റിച്ചുകളയുന്നതും കർത്താവു കാണുകയില്ലയോ?
3:37 കർത്താവു കല്പിക്കാതെ ആർ പറഞ്ഞിട്ടാകുന്നു വല്ലതും സംഭവിക്കുന്നതു?
3:38 അത്യുന്നതന്റെ വായിൽനിന്നു നന്മയും തിന്മയും പുറപ്പെടുന്നില്ലയോ?
3:39 മനുഷ്യൻ ജീവനുള്ളന്നു നെടുവീർപ്പിടുന്നതെന്തു? ഓരോരുത്തൻ താന്താന്റെ പാപങ്ങളെക്കുറിച്ചു നെടുവീർപ്പിടട്ടെ.
3:40 നാം നമ്മുടെ നടുപ്പു ആരാഞ്ഞു ശോധനചെയ്തു യഹോവയുടെ അടുക്കലേക്കു തിരിയുക.
<
3:41 നാം കൈകളെയും ഹൃദയത്തെയും സ്വർഗ്ഗസ്ഥനായ ദൈവത്തിങ്കലേക്കു ഉയർത്തുക.
3:42 ഞങ്ങൾ അതിക്രമം ചെയ്തു മത്സരിച്ചു; നീ ക്ഷമിച്ചതുമില്ല.
3:43 നീ കോപം പുതെച്ചു ഞങ്ങളെ പിന്തുടർന്നു, കരുണകൂടാതെ കൊന്നുകളഞ്ഞു.
3:44 ഞങ്ങളുടെ പ്രാർത്ഥന കടക്കാതവണ്ണം നീ മേഘംകൊണ്ടു നിന്നെത്തന്നേ മറെച്ചു.
3:45 നീ ഞങ്ങളെ ജാതികളുടെ ഇടയിൽ ചവറും എച്ചിലും ആക്കിയിരിക്കുന്നു.
<
3:46 ഞങ്ങളുടെ ശത്രുക്കളൊക്കെയും ഞങ്ങളുടെ നേരെ വായ്പിളർന്നിരിക്കുന്നു.
3:47 പേടിയും കണിയും ശൂന്യവും നാശവും ഞങ്ങൾക്കു ഭവിച്ചിരിക്കുന്നു.
3:48 എന്റെ ജനത്തിൻ പുത്രിയുടെ നാശംനിമിത്തം നീർത്തോടുകൾ എന്റെ കണ്ണിൽനിന്നൊഴുകുന്നു.
3:49 യഹോവ സ്വർഗ്ഗത്തിൽനിന്നു നോക്കി കടാക്ഷിക്കുവോളം
3:50 എന്റെ കണ്ണു ഇടവിടാതെ പൊഴിക്കുന്നു; ഇളെക്കുന്നതുമില്ല.
<
3:51 എന്റെ നഗരത്തിലെ സകലസ്ത്രീജനത്തെയും കുറിച്ചു എന്റെ കണ്ണു എന്റെ പ്രാണനെ വ്യസനിപ്പിക്കുന്നു.
3:52 കാരണംകൂടാതെ എന്റെ ശത്രുക്കളായവർ എന്നെ ഒരു പക്ഷിയെപ്പോലെ വേട്ടയാടിയിരിക്കുന്നു;
3:53 അവർ എന്റെ ജീവനെ കുണ്ടറയിൽ ഇട്ടു നശിപ്പിച്ചു, എന്റെ മേൽ കല്ലു എറിഞ്ഞിരിക്കുന്നു.
3:54 വെള്ളം എന്റെ തലെക്കുമീതെ കവിഞ്ഞൊഴുകി; ഞാൻ നശിച്ചുപോയി എന്നു ഞാൻ പറഞ്ഞു.
3:55 യഹോവേ, ഞാൻ ആഴമുള്ള കുണ്ടറയിൽനിന്നു നിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചിരിക്കുന്നു.
<
3:56 എന്റെ നെടുവീർപ്പിന്നും എന്റെ നിലവിളിക്കും ചെവി പൊത്തിക്കളയരുതേ എന്നുള്ള എന്റെ പ്രാർത്ഥന നീ കേട്ടിരിക്കുന്നു.
3:57 ഞാൻ നിന്നെ വിളിച്ചപേക്ഷിച്ച നാളിൽ നീ അടുത്തുവന്നു: ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.
3:58 കർത്താവേ, നീ എന്റെ വ്യവഹാരം നടത്തി, എന്റെ ജീവനെ വീണ്ടെടുത്തിരിക്കുന്നു.
3:59 യഹോവേ, ഞാൻ അനുഭവിച്ച അന്യായം നീ കണ്ടിരിക്കുന്നു; എന്റെ വ്യവഹാരം തീർത്തുതരേണമേ.
3:60 അവർ ചെയ്ത സകലപ്രതികാരവും എനിക്കു വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും നീ കണ്ടിരിക്കുന്നു.
<
3:61 യഹോവേ, അവരുടെ നിന്ദയും എനിക്കു വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും
3:62 എന്റെ എതിരികളുടെ വാക്കുകളും ഇടവിടാതെ എനിക്കു വിരോധമായുള്ള നിനവും നീ കേട്ടിരിക്കുന്നു.
3:63 അവരുടെ ഇരിപ്പും എഴുന്നേല്പും നോക്കേണമേ; ഞാൻ അവരുടെ പാട്ടായിരിക്കുന്നു.
3:64 യഹോവേ, അവരുടെ പ്രവൃത്തിക്കു തക്കവണ്ണം അവർക്കു പകരം ചെയ്യേണമേ;
3:65 നീ അവർക്കു ഹൃദയകാഠിന്യം വരുത്തും; നിന്റെ ശാപം അവർക്കു വരട്ടെ.
<
3:66 നീ അവരെ കോപത്തോടെ പിന്തുടർന്നു, യഹോവയുടെ ആകാശത്തിൻ കീഴിൽനിന്നു നശിപ്പിച്ചുകളയും.
* ----------------------------------------
വിലാപങ്ങൾ അദ്ധ്യായം 4
<
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
4:1 അയ്യോ, പൊന്നു മങ്ങിപ്പോയി, നിർമ്മല തങ്കം മാറിപ്പോയി, വിശുദ്ധരത്നങ്ങൾ സകലവീഥികളുടെയും തലെക്കൽ ചൊരിഞ്ഞു കിടക്കുന്നു.
4:2 തങ്കത്തോടു തുല്യരായിരുന്ന സീയോന്റെ വിശിഷ്ടപുത്രന്മാരെ കുശവന്റെ പണിയായ മൺപാത്രങ്ങളെപ്പോലെ എണ്ണിയിരിക്കുന്നതെങ്ങനെ?
4:3 കുറുനരികൾപോലും മുലകാണിച്ചു കുട്ടികളെ കുടിപ്പിക്കുന്നു; എന്റെ ജനത്തിന്റെ പുത്രിയോ മരുഭൂമിയിലെ ഒട്ടകപ്പക്ഷിയെപ്പോലെ ക്രൂരയായ്തീർന്നിരിക്കുന്നു
4:4 മുലകുടിക്കുന്ന കുഞ്ഞിന്റെ നാവു ദാഹംകൊണ്ടു അണ്ണാക്കോടു പറ്റിയിരിക്കുന്നു; പൈതങ്ങൾ അപ്പം ചോദിക്കുന്നു; ആരും നുറുക്കിക്കൊടുക്കുന്നതുമില്ല.
4:5 സ്വാദുഭോജ്യങ്ങളെ അനുഭവിച്ചുവന്നവർ വീഥികളിൽ പട്ടിണികിടക്കുന്നു; ധൂമ്രവസ്ത്രം ധരിച്ചു വളർന്നവർ കുപ്പകളെ ആലിംഗനം ചെയ്യുന്നു.
<
4:6 കൈ തൊടാതെ പെട്ടെന്നു മറിഞ്ഞുപോയ സൊദോമിന്റെ പാപത്തെക്കാൾ എന്റെ ജനത്തിന്റെ പുത്രിയുടെ അകൃത്യം വലുതാകുന്നു.
4:7 അവളുടെ പ്രഭുക്കന്മാർ ഹിമത്തിലും നിർമ്മലന്മാരും പാലിലും വെളുത്തവരുമായിരുന്നു; അവരുടെ ദേഹം പവിഴത്തിലും ചുവപ്പുള്ളതും അവരുടെ ശോഭ നീലക്കല്ലുപോലെയും ആയിരുന്നു.
4:8 അവരുടെ മുഖം കരിക്കട്ടയെക്കാൾ കറുത്തിരിക്കുന്നു; വീഥികളിൽ അവരെ കണ്ടിട്ടു ആരും അറിയുന്നില്ല; അവരുടെ ത്വൿ അസ്ഥികളോടു പറ്റി ഉണങ്ങി മരംപോലെ ആയിത്തീർന്നിരിക്കുന്നു.
4:9 വാൾകൊണ്ടു മരിക്കുന്നവർ വിശപ്പുകൊണ്ടു മരിക്കുന്നവരിലും ഭാഗ്യവാന്മാർ; അവർ നിലത്തിലെ അനുഭവമില്ലയാകയാൽ ബാധിതരായി ക്ഷീണിച്ചുപോകുന്നു.
4:10 കരുണയുള്ള സ്ത്രീകൾ തങ്ങളുടെ പൈതങ്ങളെ സ്വന്തകൈകൊണ്ടു പാകം ചെയ്തു; അവർ എന്റെ ജനത്തിൻ പുത്രിയുടെ നാശത്തിങ്കൽ അവർക്കു ആഹാരമായിരുന്നു.
<
4:11 യഹോവ തന്റെ ക്രോധം നിവർത്തിച്ചു, തന്റെ ഉഗ്രകോപം ചൊരിഞ്ഞിരിക്കുന്നു; അവൻ സീയോനിൽ തീ കത്തിച്ചു: അതു അതിന്റെ അടിസ്ഥാനങ്ങളെ ദഹിപ്പിച്ചുകളഞ്ഞു.
4:12 വൈരിയും ശത്രുവും യെരൂശലേമിന്റെ വാതിലുകൾക്കകത്തു കടക്കും എന്നു ഭൂരാജാക്കന്മാരും ഭൂവാസികൾ ആരും വിശ്വസിച്ചിരുന്നില്ല.
4:13 അതിന്റെ നടുവിൽ നീതിമാന്മാരുടെ രക്തം ചൊരിഞ്ഞിട്ടുള്ള പ്രവാചകന്മാരുടെ പാപങ്ങളും പുരോഹിതന്മാരുടെ അകൃത്യങ്ങളും ഹേതുവായി.
4:14 അവർ കുരടന്മാരായി വീഥികളിൽ ഉഴന്നു രക്തം പുരണ്ടു നടക്കുന്നു; അവരുടെ വസ്ത്രം ആർക്കും തൊട്ടുകൂടാ.
4:15 മാറുവിൻ! അശുദ്ധൻ! മാറുവിൻ! മാറുവിൻ! തൊടരുതു! എന്നു അവരോടു വിളിച്ചുപറയും; അവർ ഓടി ഉഴലുമ്പോൾ: അവർ ഇനി ഇവിടെ വന്നു പാർക്കയില്ല എന്നു ജാതികളുടെ ഇടയിൽ പറയും.
<
4:16 യഹോവയുടെ നോട്ടം അവരെ ചിതറിച്ചു; അവൻ അവരെ കടാക്ഷിക്കയില്ല; അവർ പുരോഹിതന്മാരെ ആദരിച്ചില്ല, വൃദ്ധന്മാരോടു കൃപ കാണിച്ചതുമില്ല.
4:17 വ്യർത്ഥസഹായത്തിന്നായി നോക്കി ഞങ്ങളുടെ കണ്ണു ഇപ്പോഴും മങ്ങുന്നു; രക്ഷിപ്പാൻ കഴിയാത്ത ജാതിക്കായി ഞങ്ങൾ ഞങ്ങളുടെ കാവൽമാളികയിൽ കാത്തിരിക്കുന്നു.
4:18 ഞങ്ങളുടെ വീഥികളിൽ ഞങ്ങൾക്കു നടന്നു കൂടാതവണ്ണം അവർ ഞങ്ങളുടെ കാലടികൾക്കു പതിയിരിക്കുന്നു; ഞങ്ങളുടെ അവസാനം അടുത്തു, ഞങ്ങളുടെ കാലം തികഞ്ഞു, ഞങ്ങളുടെ അവസാനം വന്നിരിക്കുന്നു.
4:19 ഞങ്ങളെ പിന്തുടർന്നവർ ആകാശത്തിലെ കഴുക്കളിലും വേഗമുള്ളവർ; അവർ മലകളിൽ ഞങ്ങളെ പിന്തുടർന്നു, മരുഭൂമിയിൽ ഞങ്ങൾക്കായി പതിയിരുന്നു.
4:20 ഞങ്ങളുടെ ജീവശ്വാസമായി, യഹോവയുടെ അഭിഷിക്തനായവൻ അവരുടെ കുഴികളിൽ അകപ്പെട്ടിരിക്കുന്നു; അവന്റെ നിഴലിൽ നാം ജാതികളുടെ മദ്ധ്യേ ജിവിക്കും എന്നു ഞങ്ങൾ വിചാരിച്ചിരുന്നു.
<
4:21 ഊസ് ദേശത്തു പാർക്കുന്ന എദോംപുത്രിയേ, സന്തോഷിച്ചു ആനന്ദിക്ക; പാനപാത്രം നിന്റെ അടുക്കലേക്കും വരും; നീ ലഹരിപിടിച്ചു നിന്നെത്തന്നേ നഗ്നയാക്കും.
4:22 സീയോൻ പുത്രിയേ, നിന്റെ അകൃത്യം തീർന്നിരിക്കുന്നു; ഇനി അവൻ നിന്നെ പ്രവാസത്തിലേക്കു അയക്കയില്ല; എദോംപുത്രിയേ അവൻ നിന്റെ അകൃത്യം സന്ദർശിക്കയും നിന്റെ പാപങ്ങൾ വെളിപ്പെടുത്തുകയും ചെയ്യും.
* ----------------------------------------
വിലാപങ്ങൾ അദ്ധ്യായം 5
<
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
5:1 യഹോവേ, ഞങ്ങൾക്കു എന്തു ഭവിക്കുന്നു എന്നു ഓർക്കേണമേ; ഞങ്ങൾക്കു നേരിട്ടിരിക്കുന്ന നിന്ദ നോക്കേണമേ.
5:2 ഞങ്ങളുടെ അവകാശം അന്യന്മാർക്കും ഞങ്ങളുടെ വീടുകൾ അന്യജാതിക്കാർക്കും ആയ്പോയിരിക്കുന്നു.
5:3 ഞങ്ങൾ അനാഥന്മാരും അപ്പനില്ലാത്തവരും ആയിരിക്കുന്നു; ഞങ്ങളുടെ അമ്മമാർ വിധവമാരായ്തീർന്നിരിക്കുന്നു.
5:4 ഞങ്ങളുടെ വെള്ളം ഞങ്ങൾ വിലെക്കു വാങ്ങി കുടിക്കുന്നു; ഞങ്ങളുടെ വിറകു ഞങ്ങൾ വിലകൊടുത്തു മേടിക്കുന്നു.
5:5 ഞങ്ങളെ പിന്തുടരുന്നവർ ഞങ്ങളുടെ കഴുത്തിൽ എത്തിയിരിക്കുന്നു; ഞങ്ങൾ തളർന്നിരിക്കുന്നു; ഞങ്ങൾക്കു വിശ്രാമവുമില്ല.
<
5:6 അപ്പം തിന്നു തൃപ്തരാകേണ്ടതിന്നു ഞങ്ങൾ മിസ്രയീമ്യർക്കും അശ്ശൂർയ്യർക്കും കീഴടങ്ങിയിരിക്കുന്നു.
5:7 ഞങ്ങളുടെ പിതാക്കന്മാർ പാപം ചെയ്തു ഇല്ലാതെയായിരിക്കുന്നു; അവരുടെ അകൃത്യങ്ങൾ ഞങ്ങൾ ചുമക്കുന്നു.
5:8 ദാസന്മാർ ഞങ്ങളെ ഭരിക്കുന്നു; അവരുടെ കയ്യിൽനിന്നു ഞങ്ങളെ വിടുവിപ്പാൻ ആരുമില്ല.
5:9 മരുഭൂമിയിലെ വാൾനിമിത്തം പ്രാണഭയത്തോടെ ഞങ്ങൾ ആഹാരം ചെന്നു കൊണ്ടുവരുന്നു.
5:10 ക്ഷാമത്തിന്റെ കാഠിന്യം നിമിത്തം ഞങ്ങളുടെ ത്വൿ അടുപ്പുപോലെ കറുത്തിരിക്കുന്നു.
<
5:11 അവർ സീയോനിൽ സ്ത്രീകളെയും യെഹൂദാപട്ടണങ്ങളിൽ കന്യകമാരെയും വഷളാക്കിയിരിക്കുന്നു.
5:12 അവൻ സ്വന്തകൈകൊണ്ടു പ്രഭുക്കന്മാരെ തൂക്കിക്കളഞ്ഞു; വൃദ്ധന്മാരുടെ മുഖം ആദരിച്ചതുമില്ല.
5:13 യൌവനക്കാർ തിരികല്ലു ചുമക്കുന്നു; ബാലന്മാർ വിറകുചുമടുംകൊണ്ടു വീഴുന്നു.
5:14 വൃദ്ധന്മാരെ പട്ടണവാതിൽക്കലും യൌവനക്കാരെ സംഗീതത്തിന്നും കാണുന്നില്ല.
5:15 ഞങ്ങളുടെ ഹൃദയസന്തോഷം ഇല്ലാതെയായി; ഞങ്ങളുടെ നൃത്തം വിലാപമായ്തീർന്നിരിക്കുന്നു.
<
5:16 ഞങ്ങളുടെ തലയിലെ കിരീടം വീണുപോയി; ഞങ്ങൾ പാപം ചെയ്കകൊണ്ടു ഞങ്ങൾക്കു അയ്യോ കഷ്ടം!
5:17 ഇതുകൊണ്ടു ഞങ്ങളുടെ ഹൃദയത്തിന്നു രോഗം പിടിച്ചിരിക്കുന്നു; ഇതുനിമിത്തം ഞങ്ങളുടെ കണ്ണു മങ്ങിയിരിക്കുന്നു.
5:18 സീയോൻ പർവ്വതം ശൂന്യമായി കുറുക്കന്മാർ അവിടെ സഞ്ചരിക്കുന്നതുകൊണ്ടു തന്നേ.
5:19 യഹോവേ, നീ ശാശ്വതനായും നിന്റെ സിംഹാസനം തലമുറതലമുറയായും ഇരിക്കുന്നു.
5:20 നീ സദാകാലം ഞങ്ങളെ മറക്കുന്നതും ദീർഘകാലം ഞങ്ങളെ ഉപേക്ഷിക്കുന്നതും എന്തു?
<
5:21 യഹോവേ, ഞങ്ങൾ മടങ്ങിവരേണ്ടതിന്നു ഞങ്ങളെ നിങ്കലേക്കു മടക്കിവരുത്തേണമേ; ഞങ്ങൾക്കു പണ്ടത്തെപ്പോലെ ഒരു നല്ല കാലം വരുത്തേണമേ;
5:22 അല്ല, നീ ഞങ്ങളെ അശേഷം ത്യജിച്ചുകളഞ്ഞിരിക്കുന്നുവോ? ഞങ്ങളോടു നീ അതികഠിനമായി കോപിച്ചിരിക്കുന്നുവോ?
* ----------------------------------------
അന്തം <