A         A         A         A

027 ദാനീയേൽ - Daniel

ബൈബിള്‍ - സത്യവേദപുസ്തകം
 <  1 2 3 4 5 6 7 8 9 10 11 12

* ----------------------------------------

ദാനീയേൽ അദ്ധ്യായം 1  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21

1:1 യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ ബാബേൽ രാജാവായ നെബൂഖദ്നേസർ യെരൂശലേമിലേക്കു വന്നു അതിനെ നിരോധിച്ചു.

1:2 കർത്താവു യെഹൂദാരാജാവായ യെഹോയാക്കീമിനെയും ദൈവത്തിന്റെ ആലയത്തിലെ പാത്രങ്ങളിൽ ചിലതിനെയും അവന്റെ കയ്യിൽ ഏല്പിച്ചു; അവൻ അവയെ ശിനാർദേശത്തു തന്റെ ദേവന്റെ ക്ഷേത്രത്തിലേക്കു കൊണ്ടു പോയി; ആ പാത്രങ്ങളെ അവൻ തന്റെ ദേവന്റെ ഭണ്ഡാരഗൃഹത്തിൽ വെച്ചു.

1:3 അനന്തരം രാജാവു തന്റെ ഷണ്ഡന്മാരിൽ പ്രധാനിയായ അശ്പെനാസിനോടു: യിസ്രായേൽമക്കളിൽ രാജസന്തതിയിലും കുലീനന്മാരിലും വെച്ചു

1:4 അംഗഭംഗമില്ലാത്തവരും സുന്തരന്മാരും സകലജ്ഞാനത്തിലും നിപുണന്മാരും അറിവിൽ സമർത്ഥന്മാരും വിദ്യാപരിജ്ഞാനികളും രാജധാനിയിൽ പരിചരിപ്പാൻ യോഗ്യന്മാരും ആയ ചില ബാലന്മാരെ വരുത്തുവാനും അവരെ കല്ദയരുടെ വിദ്യയും ഭാഷയും അഭ്യസിപ്പിപ്പാനും കല്പിച്ചു.

1:5 രാജാവു അവർക്കു രാജഭോജനത്തിൽനിന്നും താൻ കുടിക്കുന്ന വീഞ്ഞിൽനിന്നും നിത്യവൃത്തി നിയമിച്ചു; ഇങ്ങനെ അവരെ മൂന്നു സംവത്സരം വളർത്തീട്ടു അവർ രാജസന്നിധിയിൽ നിൽക്കേണം എന്നു കല്പിച്ചു.

 < 
1:6 അവരുടെ കൂട്ടത്തിൽ ദാനീയേൽ, ഹനന്യാവു, മീശായേൽ, അസർയ്യാവു എന്നീ യെഹൂദാപുത്രന്മാർ ഉണ്ടായിരുന്നു.

1:7 ഷണ്ഡാധിപൻ അവർക്കു പേരിട്ടു; ദാനീയേലിന്നു അവർ ബേൽത്ത് ശസ്സർ എന്നും ഹനന്യവിന്നു ശദ്രൿ എന്നും മീശായേലിന്നു മേശൿ എന്നും അസർയ്യാവിന്നു അബേദ്-നെഗോ എന്നും പേരുവിളിച്ചു.

1:8 എന്നാൽ രാജാവിന്റെ ഭോജനംകൊണ്ടും അവൻ കുടിക്കുന്ന വീഞ്ഞുകൊണ്ടും തന്നെത്താൻ അശുദ്ധമാക്കുകയില്ല എന്നു ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു, തനിക്കു അശുദ്ധി ഭവിപ്പാൻ ഇടവരുത്തരുതെന്നു ഷണ്ഡാധിപനോടു അപേക്ഷിച്ചു.

1:9 ദൈവം ദാനീയേലിന്നു ഷണ്ഡാധിപന്റെ മുമ്പിൽ ദയയും കരുണയും ലഭിപ്പാൻ ഇടവരുത്തി.

1:10 ഷണ്ഡാധിപൻ ദാനീയേലിനോടു: നിങ്ങളുടെ ഭക്ഷണവും പാനീയവും നിയമിച്ചിട്ടുള്ള എന്റെ യജമാനനായ രാജാവിനെ ഞാൻ ഭയപ്പെടുന്നു; അവൻ നിങ്ങളുടെ മുഖം നിങ്ങളുടെ സമപ്രായക്കാരായ ബാലന്മാരുടേതിനോടു ഒത്തുനോക്കിയാൽ മെലിഞ്ഞുകാണുന്നതു എന്തിന്നു? അങ്ങനെയായാൽ നിങ്ങൾ രാജസന്നിധിയിൽ എന്റെ തലെക്കു അപകടം വരുത്തും എന്നു പറഞ്ഞു.

 < 
1:11 ദാനീയേലോ ഷണ്ഡാധിപൻ ദാനീയേലിന്നും ഹനന്യാവിന്നും മീശായേലിന്നും അസർയ്യാവിന്നും വിചാരകനായി നിയമിച്ചിരുന്ന മെൽസറിനോടു:

1:12 അടിയങ്ങളെ പത്തു ദിവസം പരീക്ഷിച്ചുനോക്കിയാലും; അവർ ഞങ്ങൾക്കു തിന്മാൻ ശാകപദാർത്ഥവും കുടിപ്പാൻ പച്ചവെള്ളവും തന്നു നോക്കട്ടെ.

1:13 അതിന്റെ ശേഷം ഞങ്ങളുടെ മുഖവും രാജഭോജനം കഴിക്കുന്ന ബാലന്മാരുടെ മുഖവും തമ്മിൽ നീ ഒത്തു നോക്കുക; പിന്നെ കാണുന്നതുപോലെ അടിയങ്ങളോടു ചെയ്തുകൊൾക എന്നു പറഞ്ഞു.

1:14 അവൻ ഈ കാര്യത്തിൽ അവരുടെ അപേക്ഷ കേട്ടു പത്തു ദിവസം അവരെ പരീക്ഷിച്ചു.

1:15 പത്തു ദിവസം കഴിഞ്ഞശേഷം അവരുടെ മുഖം രാജഭോജനം കഴിച്ചുവന്ന സകലബാലന്മാരുടേതിലും അഴകുള്ളതും അവർ മാംസപുഷ്ടിയുള്ളവരും എന്നു കണ്ടു.

 < 
1:16 അങ്ങനെ മെൽസർ അവരുടെ ഭോജനവും അവർ കുടിക്കേണ്ടുന്ന വീഞ്ഞും നീക്കി അവർക്കു ശാകപദാർത്ഥം കൊടുത്തു.

1:17 ഈ നാലു ബാലന്മാർക്കോ ദൈവം സകലവിദ്യയിലും ജ്ഞാനത്തിലും നീപുണതയും സമാർത്ഥ്യവും കൊടുത്തു; ദാനീയേൽ സകലദർശനങ്ങളെയും സ്യ്‍വപ്നങ്ങളെയും സംബന്ധിച്ചു വിവേകിയായിരുന്നു.

1:18 അവരെ സന്നിധിയിൽ കൊണ്ടുവരുവാൻ രാജാവു കല്പിച്ചിരുന്ന കാലം തികഞ്ഞപ്പോൾ ഷണ്ഡാധിപൻ അവരെ നെബൂഖദ് നേസരിന്റെ സന്നിധിയിൽ കൊണ്ടുചെന്നു.

1:19 രാജാവു അവരോടു സംസാരിച്ചാറെ അവരിൽ എല്ലാവരിലും വെച്ചു ദാനീയേൽ, ഹനന്യാവു, മീശായേൽ, അസർയ്യാവു എന്നിവർക്കു തുല്യമായി ഒരുത്തനെയും കണ്ടില്ല; അവർ രാജസന്നിധിയിൽ ശുശ്രൂഷെക്കു നിന്നു.

1:20 രാജാവു അവരോടു ജ്ഞാനവിവേകസംബന്ധമായി ചോദിച്ചതിൽ ഒക്കെയും അവരെ തന്റെ രാജ്യത്തെല്ലാടവുമുള്ള സകല മന്ത്രവാദികളിലും ആഭിചാരകന്മാരിലും പത്തിരട്ടി വിശിഷ്ടന്മാരെന്നു കണ്ടു.

 < 
1:21 ദാനീയേലോ കോരെശ്‌രാജാവിന്റെ ഒന്നാം ആണ്ടുവരെ ജീവിച്ചിരുന്നു.


* ----------------------------------------

ദാനീയേൽ അദ്ധ്യായം 2  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49

2:1 നെബൂഖദ് നേസരിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടിൽ നെബൂഖദ് നേസർ സ്വപ്നം കണ്ടു; അവന്റെ മനസ്സു വ്യാകുലപ്പെട്ടു; അവന്നു ഉറക്കമില്ലാതെയായി.

2:2 രാജാവിനോടു സ്വപ്നം അറിയിപ്പാൻ മന്ത്രവാദികളെയും ആഭിചാരകന്മാരെയും ക്ഷുദ്രക്കാരെയും കല്ദയരെയും വിളിപ്പാൻ രാജാവു കല്പിച്ചു; അവർ വന്നു രാജസന്നിധിയിൽ നിന്നു.

2:3 രാജാവു അവരോടു: ഞാൻ ഒരു സ്വപ്നംകണ്ടു; സ്വപ്നം ഓർക്കാഞ്ഞിട്ടു എന്റെ മനസ്സു വ്യാകുലപ്പെട്ടിരിക്കുന്നു എന്നു കല്പിച്ചു.

2:4 അതിന്നു കല്ദയർ അരാമ്യഭാഷയിൽ രാജാവിനോടു: രാജാവു ദീർഘായുസ്സായിരിക്കട്ടെ; സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അർത്ഥം ബോധിപ്പിക്കാം എന്നുണർത്തിച്ചു.

2:5 രാജാവു കല്ദയരോടു ഉത്തരം അരുളിയതു: വിധി കല്പിച്ചു പോയി; സ്വപ്നവും അർത്ഥവും അറിയിക്കാഞ്ഞാൽ നിങ്ങളെ കഷണംകഷണമായി ശകലിക്കയും വീടുകളെ കുപ്പക്കുന്നാക്കുകയും ചെയ്യും,

 < 
2:6 സ്വപ്നവും അർത്ഥവും അറിയിച്ചാലോ നിങ്ങൾക്കു സമ്മാനവും പ്രതിഫലവും ബഹുമാനവും ലഭിക്കും; അതുകൊണ്ടു സ്വപ്നവും അർത്ഥവും അറിയിപ്പിൻ.

2:7 അവർ പിന്നെയും: രാജാവു സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അർത്ഥം ബോധിപ്പിക്കാം എന്നു ഉണർത്തിച്ചു.

2:8 അതിന്നു രാജാവു മറുപടി കല്പിച്ചതു: വിധികല്പിച്ചുപോയി എന്നു കണ്ടിട്ടു നിങ്ങൾ കാലതാമസം വരുത്തുവാൻ നോക്കുന്നു എന്നു എനിക്കു മനസ്സിലായി.

2:9 നിങ്ങൾ സ്വപ്നം അറിയിക്കാഞ്ഞാൽ നിങ്ങൾക്കു ഒരു വിധി മാത്രമേയുള്ളു; സമയം മാറുവോളം എന്റെ മുമ്പിൽ വ്യാജവും പൊളിവാക്കും പറവാൻ നിങ്ങൾ യോജിച്ചിരിക്കുന്നു; സ്വപ്നം പറവിൻ; എന്നാൽ അർത്ഥവും അറിയിപ്പാൻ നിങ്ങൾക്കു കഴിയും എന്നു എനിക്കു ബോധ്യമാകും.

2:10 കല്ദയർ രാജസന്നിധിയിൽ ഉത്തരം ബോധിപ്പിച്ചതു: രാജാവിന്റെ കാര്യം അറിയിപ്പാൻ കഴിയുന്ന ഒരു മനുഷ്യനും ഭൂമിയിൽ ഇല്ല; എത്രയും മഹാനും ബലവാനുമായ ഏതൊരു രാജാവും ഇങ്ങിനെയുള്ള കാര്യം ഒരു മന്ത്രവാദിയോടോ ആഭിചാരകനോടോ കല്ദയനോടോ ഒരിക്കലും ചോദിച്ചിട്ടില്ല.

 < 
2:11 രാജാവു ചോദിക്കുന്ന കാര്യം പ്രയാസമുള്ളതാകുന്നു; തിരുമുമ്പിൽ അതു അറിയിപ്പാൻ ജഡവാസമില്ലാത്ത ദേവന്മാർക്കല്ലാതെ മറ്റാർക്കും കഴികയില്ല.

2:12 ഇതു ഹേതുവായിട്ടു രാജാവു കോപിച്ചു അത്യന്തം ക്രുദ്ധിച്ചു ബാബേലിലെ സകല വിദ്വാന്മരെയും നശിപ്പിപ്പാൻ കല്പന കൊടുത്തു.

2:13 അങ്ങനെ വിദ്വാന്മാരെ കൊല്ലുവാനുള്ള തീർപ്പു പുറപ്പെട്ടു; അവർ ദാനീയേലിനെയും കൂട്ടുകാരനെയും കൂടെ കൊല്ലുവാൻ അന്വേഷിച്ചു.

2:14 എന്നാൽ രാജാവിന്റെ അകമ്പടിനായകനായി ബാബേലിലെ വിദ്വാന്മാരെ കൊന്നുകളവാൻ പുറപ്പെട്ടു അർയ്യോക്കിനോടു ദാനീയേൽ ബുദ്ധിയോടും വിവേകത്തോടും കൂടെ ഉത്തരം പറഞ്ഞു.

2:15 രാജ സന്നിധിയിൽനിന്നു ഇത്ര കഠിനകല്പന പുറപ്പെടുവാൻ സംഗതി എന്തു എന്നു അവൻ രാജാവിന്റെ സേനാപതിയായ അർയ്യോക്കിനോടു ചോദിച്ചു; അർയ്യോൿ ദാനീയേലിനോടു കാര്യം അറിയിച്ചു;

 < 
2:16 ദാനീയേൽ അകത്തു ചെന്നു രാജാവിനോടു തനിക്കു സമയം തരേണം എന്നും താൻ രാജാവിനോടു അർത്ഥം അറിയിക്കാമെന്നും ബോധിപ്പിച്ചു.

2:17 പിന്നെ ദാനീയേൽ വീട്ടിൽ ചെന്നു, താനും കൂട്ടുകാരും ബാബേലിലെ ശേഷം വിദ്വാന്മാരോടുകൂടെ നശിച്ചുപോകാതിരിക്കേണ്ടതിന്നു

2:18 ഈ രഹസ്യത്തെക്കുറിച്ചു സ്വർഗ്ഗസ്ഥനായ ദൈവത്തിന്റെ കരുണ അപേക്ഷിപ്പാൻ തക്കവണ്ണം കൂട്ടുകാരനായ ഹനന്യാവോടും മീശായേലിനോടും അസർയ്യാവോടും കാര്യം അറിയിച്ചു.

2:19 അങ്ങനെ ആ രഹസ്യം ദാനീയേലിന്നു രാത്രിദർശനത്തിൽ വെളിപ്പെട്ടു; ദാനീയേൽ സ്വർഗ്ഗസ്ഥനായ ദൈവത്തെ സ്തുതിച്ചുപറഞ്ഞതു:

2:20 ദൈവത്തിന്റെ നാമം എന്നും എന്നേക്കും സ്തുതിക്കപ്പെടുമാറാകട്ടെ; ജ്ഞാനവും ബലവും അവന്നുള്ളതല്ലോ.

 < 
2:21 അവൻ കാലങ്ങളെയും സമയങ്ങളെയും മാറ്റുന്നു; അവൻ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കയും ചെയ്യുന്നു; അവൻ ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്കു ബുദ്ധിയും കൊടുക്കുന്നു.

2:22 അവൻ അഗാധവും ഗൂഢവുമായതു വെളിപ്പെടുത്തുന്നു; അവൻ ഇരുട്ടിൽ ഉള്ളതു അറിയുന്നു; വെളിച്ചം അവനോടുകൂടെ വസിക്കുന്നു.

2:23 എന്റെ പിതാക്കന്മാരുടെ ദൈവമായുള്ളോവേ, നീ എനിക്കു ജ്ഞാനവും ബലവും തന്നു, ഞങ്ങൾ നിന്നോടു അപേക്ഷിച്ചതു ഇപ്പോൾ എന്നെ അറിയിച്ചു രാജാവിന്റെ കാര്യം ഞങ്ങൾക്കു വെളിപ്പെടുത്തിത്തന്നിരിക്കകൊണ്ടു ഞാൻ നിന്നെ വാഴ്ത്തി സ്തുതിക്കുന്നു.

2:24 അതുകൊണ്ടു ദാനീയേൽ, ബാബേലിലെ വിദ്വാന്മാരെ നിശിപ്പിപ്പാൻ രാജാവു നിയോഗിച്ചിരുന്ന അർയ്യോക്കിന്റെ അടുക്കൽ ചെന്നു അവനോടു: ബാബേലിലെ വിദ്വാന്മാരെ നശിപ്പിക്കരുതു; എന്നെ രാജസന്നിധിയിൽ കൊണ്ടുപോകേണം; ഞാൻ രാജാവിനെ അർത്ഥം ബോധിപ്പിക്കാം എന്നു പറഞ്ഞു.

2:25 അർയ്യോൿ ദാനീയേലിനെ വേഗം രാജസന്നിധിയിൽ കൊണ്ടുചെന്നു: രാജാവിനെ അർത്ഥം ബോധിപ്പിക്കേണ്ടതിന്നു യെഹൂദാപ്രവാസികളിൽ ഒരുത്തനെ ഞാൻ കണ്ടെത്തിയിരിക്കുന്നു എന്നു ഉണർത്തിച്ചു.

 < 
2:26 ബേൽത്ത് ശസ്സർ എന്നും പേരുള്ള ദാനീയേലിനോടു രാജാവു: ഞാൻ കണ്ട സ്വപ്നവും അർത്ഥവും അറിയിപ്പാൻ നിനക്കു കഴിയുമോ എന്നു ചോദിച്ചു.

2:27 ദാനീയേൽ രാജസാന്നിധിയിൽ ഉത്തരം ബോധിപ്പിച്ചതു: രാജാവു ചോദിച്ച ഗുപ്തകാര്യം വിദ്വാന്മാർക്കും ആഭിചാരകന്മാർക്കും മന്ത്രവാദികൾക്കും ശകുനവാദികൾക്കും രാജാവിനെ അറിയിപ്പാൻ കഴിയുന്നതല്ല.

2:28 എങ്കിലും രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ടു; അവൻ ഭാവികാലത്തു സംഭവിപ്പാനിരിക്കുന്നതു നെബൂഖദ്നേസർ രാജാവിനെ അറിയിച്ചിരിക്കുന്നു. സ്വപ്നവും പള്ളിമെത്തയിൽവെച്ചു തിരുമനസ്സിൽ ഉണ്ടായ ദർശനങ്ങളും ആവിതു:

2:29 രാജാവേ, ഇനിമേൽ സംഭവിപ്പാനിരിക്കുന്നതു എന്തെന്നുള്ള വിചാരം പള്ളിമെത്തയിൽവെച്ചു തിരുമനസ്സിൽ ഉണ്ടായി; രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവൻ സംഭവിപ്പാനിരിക്കുന്നതു അറിയിച്ചുമിരിക്കുന്നു.

2:30 എനിക്കോ ജീവനോടിരിക്കുന്ന യാതൊരുത്തനെക്കാളും അധികമായ ജ്ഞാനം ഒന്നും ഉണ്ടായിട്ടല്ല, രാജാവിനോടു അർത്ഥം ബോധിപ്പിക്കേണ്ടതിന്നും തിരുമനസ്സിലെ വിചാരം തിരുമനസ്സുകൊണ്ടു അറിയേണ്ടതിന്നും അത്രേ ഈ രഹസ്യം എനിക്കു വെളിപ്പെട്ടിരിക്കുന്നതു.

 < 
2:31 രാജാവു കണ്ട ദർശനമോ: വലിയൊരു ബിംബം; വലിപ്പമേറിയതും വിശഷശോഭ യുള്ളതുമായ ആ ബിംബം തിരുമുമ്പിൽ നിന്നു; അതിന്റെ രൂപം ഭയങ്കരമായിരുന്നു.

2:32 ബിംബത്തിന്റെ തല തങ്കംകൊണ്ടും നെഞ്ചും കയ്യും വെള്ളികൊണ്ടും വയറും അരയും താമ്രംകൊണ്ടും തുട ഇരിമ്പു കൊണ്ടു

2:33 കാൽ പാതി ഇരിമ്പുകൊണ്ടും പാതി കളിമണ്ണുകൊണ്ടും ആയയിരുന്നു.

2:34 തിരുമനസ്സുകൊണ്ടു നോക്കിക്കൊണ്ടിരിക്കുമ്പോൾ കൈ തൊടാതെ ഒരു കല്ലു പറിഞ്ഞുവന്നു ബിംബത്തെ ഇരിമ്പും കളിമണ്ണുംകൊണ്ടുള്ള കാലിൽ അടിച്ചു തകർത്തുകളഞ്ഞു.

2:35 ഇരിമ്പും കളിമണ്ണും താമ്രവും വെള്ളിയും പൊന്നും ഒരുപോലെ തകർന്നു വേനൽക്കാലത്തു കളത്തിലെ പതിർപോലെ ആയിത്തീർന്നു; ഒരിടത്തും തങ്ങാതവണ്ണം കാറ്റു അവയെ പറപ്പിച്ചു കൊണ്ടുപോയി; ബിംബത്തെ അടിച്ച കല്ലു ഒരു മഹാപർവ്വതമായിത്തീർന്നു ഭൂമിയിൽ ഒക്കെയും നിറഞ്ഞു.

 < 
2:36 ഇതത്രേ സ്വപ്നം; അർത്ഥവും അടിയങ്ങൾ തിരുമനസ്സു അറിയിക്കാം.

2:37 രാജാവേ, തിരുമനസ്സുകൊണ്ടു രാജാധിരാജാവാകുന്നു; സ്വർഗ്ഗസ്ഥനായ ദൈവം തിരുമനസ്സിലേക്കു രാജത്വവും ഐശ്വര്യവും ശക്തിയും മഹത്വവും നല്കിയിരിക്കുന്നു.

2:38 മനുഷ്യർ പാർക്കുന്നേടത്തൊക്കെയും അവരെയും കാട്ടിലെ മൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും അവൻ തൃക്കയ്യിൽ തന്നു, എല്ലാറ്റിന്നും തിരുമനസ്സിലെ അധിപതി ആക്കിയിരിക്കുന്നു; പൊന്നുകൊണ്ടുള്ള തല തിരുമനസ്സുകൊണ്ടു തന്നേ.

2:39 തിരുമനസ്സിലെ ശേഷം തിരുമേനിയെക്കാൾ താണതായ മറ്റൊരു രാജത്വവും സർവ്വഭൂമിയിലും വാഴുവാനിരിക്കുന്നതായി താമ്രംകൊണ്ടുള്ള മൂന്നാമതൊരു രാജത്വവും ഉത്ഭവിക്കും.

2:40 നാലാമത്തെ രാജത്വം ഇരിമ്പുപോലെ ബലമുള്ളതായിരിക്കും; ഇരിമ്പു സകലത്തെയും തകർത്തു കീഴടക്കുന്നുവല്ലോ. തകർക്കുന്ന ഇരിമ്പുപോലെ അതു അവയെ ഒക്കെയും ഇടിച്ചു തകർത്തുകളയും.

 < 
2:41 കാലും കാൽ വിരലും പാതി കളിമണ്ണും പാതി ഇരുമ്പുംകൊണ്ടുള്ളതായി കണ്ടതിന്റെ താല്പര്യമോ: അതു ഒരു ഭിന്നരാജത്വം ആയിരിക്കും; എങ്കിലും ഇരിമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതുപോലെ അതിൽ ഇരിമ്പിന്നുള്ള ബലം കുറെ ഉണ്ടായിരിക്കും.

2:42 കാൽവിരൽ പാതി ഇരിമ്പും പാതി കളിമണ്ണുംകൊണ്ടു ആയിരുന്നതുപോലെ രാജത്വം ഒട്ടു ബലമുള്ളതും ഒട്ടു ഉടഞ്ഞുപോകുന്നതും ആയിരിക്കും.

2:43 ഇരിമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതിന്റെ താല്പര്യമോ: അവർ മനുഷ്യബീജത്താൽ തമ്മിൽ ഇടകലരുമെങ്കിലും ഇരിമ്പും കളിമണ്ണും തമ്മിൽ ചേരാതിരിക്കുന്നതുപോലെ അവർ തമ്മിൽ ചേരുകയില്ല.

2:44 ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനിൽക്കയും ചെയ്യും.

2:45 കൈ തൊടാതെ ഒരു കല്ലു പർവ്വതത്തിൽനിന്നു പറിഞ്ഞുവന്നു ഇരിമ്പും താമ്രവും കളിമണ്ണും വെള്ളിയും പൊന്നും തകർത്തുകളഞ്ഞതായി കണ്ടതിന്റെ താല്പര്യമോ: മഹാദൈവം മേലാൽ സംഭവിപ്പാനുള്ളതു രാജാവിനെ അറിയിച്ചിരിക്കുന്നു; സ്വപ്നം നിശ്ചയവും അർത്ഥം സത്യവും ആകുന്നു.

 < 
2:46 അപ്പോൾ നെബൂഖദ്നേസർരാജാവു സാഷ്ടാംഗം വീണു ദാനീയേലിനെ നമസ്കരിച്ചു, അവന്നു ഒരു വഴിപാടും സൌരഭ്യവാസനയും അർപ്പിക്കേണമെന്നു കല്പിച്ചു. രാജാവു ദാനീയേലിനോടു:

2:47 നീ ഈ രഹസ്യം വെളിപ്പെടുത്തുവാൻ പ്രാപ്തനായതുകൊണ്ടു നിങ്ങളുടെ ദൈവം ദൈവാധി ദൈവവും രാജാധികർത്താവും രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനും ആകുന്നു സത്യം എന്നു കല്പിച്ചു.

2:48 രാജാവു ദാനീയേലിനെ മഹാനാക്കി, അവന്നു അനേകം വലിയ സമ്മാനങ്ങളും കൊടുത്തു, അവനെ ബാബേൽസംസ്ഥാനത്തിന്നൊക്കെയും അധിപതിയും ബാബേലിലെ സകലവിദ്വാന്മാർക്കും പ്രധാനവിചാരകനും ആക്കിവെച്ചു.

2:49 ദാനീയേലിന്റെ അപേക്ഷപ്രകാരം രാജാവു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും ബാബേൽ സംസ്ഥാനത്തിലെ കാര്യാദികൾക്കു മേൽവിചാരകരാക്കി; ദാനീയേലോ രാജാവിന്റെ കോവിലകത്തു പാർത്തു.


* ----------------------------------------

ദാനീയേൽ അദ്ധ്യായം 3  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30

3:1 നെബൂഖദ് നേസർരാജാവു പൊന്നുകൊണ്ടു ഒരു ബിംബം ഉണ്ടാക്കി; അതിന്റെ ഉയരം അറുപതു മുഴവും വണ്ണം ആറു മുഴവും ആയിരുന്നു; അവൻ അതിനെ ബാബേൽസംസ്ഥാനത്തു ദൂരാസമഭൂമിയിൽ നിർത്തി.

3:2 നെബൂഖദ് നേസർരാജാവു പ്രധാനദേശാധിപന്മാരും സ്ഥാനാപതിമാരും ദേശാധിപന്മാരും ന്യായാധിപന്മാരും, ഭണ്ഡാരവിചാരകന്മാരും മന്ത്രിമാരും നഗരാധിപന്മാരും സകലസംസ്ഥാനപാലകന്മാരും നെബൂഖദ്നേസർരാജാവു നിർത്തിയ ബിംബത്തിന്റെ പ്രതിഷ്ഠെക്കു വന്നുകൂടുവാൻ ആളയച്ചു.

3:3 അങ്ങനെ പ്രധാനദേശാധിപന്മാരും സ്ഥാനാപതിമാരും ദേശാധിപന്മാരും ന്യായാധിപന്മാരും ഭണ്ഡാരവിചാരകന്മാരും മന്ത്രിമാരും നഗരാധിപന്മാരും സകലസംസ്ഥാനപാലകന്മാരും നെബൂഖദ്നേസർരാജാവു നിർത്തിയ ബിംബത്തിന്റെ പ്രതിഷ്ഠെക്കു വന്നുകൂടി, നെബൂഖദ് നേസർ നിർത്തിയ ബിംബത്തിന്റെ മുമ്പാകെ നിന്നു.

3:4 അപ്പോൾ ഘോഷകൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞതു: വംശങ്ങളും ജാതികളും ഭാഷക്കാരുമായുള്ളോരേ, നിങ്ങളോടു കല്പിക്കുന്നതെന്തെന്നാൽ:

3:5 കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധവാദ്യനാദവും കേൾക്കുമ്പോൾ, നിങ്ങൾ വീണു, നെബൂഖദ്നേസർരാജാവു നിർത്തിയിരിക്കുന്ന സ്വർണ്ണബിംബത്തെ നമസ്കരിക്കേണം

 < 
3:6 ആരെങ്കിലും വീണു നമസ്കരിക്കാതെ ഇരുന്നാൽ, അവനെ ആ നാഴികയിൽ തന്നേ, എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയും.

3:7 അതുകൊണ്ടു സകലവംശങ്ങളും കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ മുതലായ സകലവിധ വാദ്യനാദവും കേട്ടപ്പോൾ സകലവംശങ്ങളും ജാതികളും ഭാഷക്കാരും വീണു നെബൂഖദ് നേസർരാജാവു നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിച്ചു.

3:8 എന്നാൽ ആ സമയത്തു ചില കല്ദയർ അടുത്തുവന്നു യെഹൂദന്മാരെ കുറ്റം ചുമത്തി.

3:9 അവർ നെബൂഖദ് നേസർരാജാവിനെ ബോധിപ്പിച്ചതു: രാജാവു ദീർഘായുസ്സായിരിക്കട്ടെ!

3:10 രാജാവേ, കാഹളം കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധ വാദ്യനാദവും കേൾക്കുന്ന ഏവനും വീണു സ്വർണ്ണബിംബത്തെ നമസ്കരിക്കേണമെന്നും

 < 
3:11 ആരെങ്കിലും വീണു നമസ്കരിക്കാതെയിരുന്നാൽ അവനെ എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയുമെന്നും ഒരു തീർപ്പു കല്പിച്ചുവല്ലോ.

3:12 ബാബേൽസംസ്ഥാനത്തിലെ കാര്യാദികൾക്കു മേൽവിചാരകന്മാരായി നിയമിച്ച ശദ്രക്, മേശക്, അബേദ്നെഗോ എന്ന ചില യെഹൂദന്മാരുണ്ടല്ലോ: ഈ പുരുഷന്മാർ രാജാവിനെ കൂട്ടാക്കിയില്ല; അവർ തിരുമനസ്സിലെ ദേവന്മാരെ സേവിക്കയോ തിരുമനസ്സുകൊണ്ടു നിർത്തിയ സ്വർണ്ണ ബിംബത്തെ നമസ്കരിക്കയോ ചെയ്യുന്നില്ല.

3:13 അപ്പോൾ നെബൂഖദ്നേസർ ഉഗ്രകോപവും ക്രോധവും പൂണ്ടു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും കൊണ്ടുവരുവാൻ കല്പിച്ചു; ആ പുരുഷന്മാരെ രാജസന്നിധിയിൽ കൊണ്ടുവന്നു.

3:14 നെബൂഖദ് നേസർ അവരോടു കല്പിച്ചതു: ശദ്രക്കേ, മേശക്കേ, അബേദ്നെഗോവേ, നിങ്ങൾ എന്റെ ദേവന്മാരെ സേവിക്കയോ ഞാൻ നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കയോ ചെയ്യുന്നില്ല എന്നുള്ളതു നേർതന്നേയോ?

3:15 ഇപ്പോൾ കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധ വാദ്യനാദവും കേൾക്കുന്ന സമയത്തു നിങ്ങൾ, ഞാൻ പ്രതിഷ്ഠിച്ച ബിംബത്തെ വീണു നമസ്കരിപ്പാൻ ഒരുങ്ങിയിരുന്നാൽ നന്നു; നമസ്കരിക്കാതെയിരുന്നാലോ ഈ നാഴികയിൽ തന്നേ നിങ്ങളെ എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയും; നിങ്ങളെ എന്റെ കയ്യിൽനിന്നു വിടുവിക്കാകുന്ന ദേവൻ ആർ?

 < 
3:16 ശദ്രക്കും മേശക്കും അബേദ്നെഗോവും രാജാവിനോടു: നെബൂഖദ്നേസരേ, ഈ കാര്യത്തിൽ ഉത്തരം പറവാൻ ആവശ്യമില്ല.

3:17 ഞങ്ങൾ സേവിക്കുന്ന ദൈവത്തിന്നു ഞങ്ങളെ വിടുവിപ്പാൻ കഴിയുമെങ്കിൽ, അവൻ ഞങ്ങളെ എരിയുന്ന തീച്ചൂളയിൽനിന്നും രാജാവിന്റെ കയ്യിൽനിന്നും വിടുവിക്കും.

3:18 അല്ലെങ്കിലും ഞങ്ങൾ രാജാവിന്റെ ദേവന്മാരെ സേവിക്കയില്ല. രാജാവു നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കയുമില്ല എന്നു അറിഞ്ഞാലും എന്നു ഉത്തരം പറഞ്ഞു.

3:19 അപ്പോൾ നെബൂഖദ് നേസരിന്നു കോപം മുഴുത്തു ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും നേരെ മുഖഭാവം മാറി; ചൂള പതിവായി ചൂടുപിടിപ്പിച്ചതിൽ ഏഴുമടങ്ങു ചൂടുപിടിപ്പിപ്പാൻ അവൻ കല്പിച്ചു.

3:20 അവൻ തന്റെ സൈന്യത്തിലെ മഹാബലവാന്മാരായ ചില പുരുഷന്മാരോടു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും ബന്ധിച്ചു എരിയുന്ന തീച്ചൂളയിൽ ഇട്ടുകളവാൻ കല്പിച്ചു.

 < 
3:21 അങ്ങനെ അവർ ആ പുരുഷന്മാരെ, അവരുടെ കാൽചട്ട, കുപ്പായം, മേലാട മുതലായ വസ്ത്രങ്ങളോടുകൂടെ ബന്ധിച്ചു എരിയുന്ന തീച്ചൂളയിൽ ഇട്ടുകളഞ്ഞു.

3:22 രാജകല്പന കർശനമായിരിക്കകൊണ്ടും ചൂള അത്യന്തം ചൂടായിരിക്കകൊണ്ടും ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും എടുത്തു കൊണ്ടുപോയ പുരുഷന്മാരെ അഗ്നിജ്വാല ദഹിപ്പിച്ചുകളഞ്ഞു.

3:23 ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു പുരുഷന്മാരോ ബന്ധിക്കപ്പെട്ടവരായി എരിയുന്ന തീച്ചൂളയിൽ വീണു.

3:24 നെബൂഖദ്നേസർരാജാവു ഭ്രമിച്ചു വേഗത്തിൽ എഴുന്നേറ്റു മന്ത്രിമാരോടു: നാം മൂന്നു പുരുഷന്മാരെ അല്ലയോ ബന്ധിച്ചു തീയിൽ ഇട്ടതു ഇന്നു ചോദിച്ചതിന്നു അവർ: സത്യം തന്നേ രാജാവേ എന്നു രാജാവിനോടു ഉണർത്തിച്ചു.

3:25 അതിന്നു അവൻ: നാലു പുരുഷന്മാർ കെട്ടഴിഞ്ഞു തീയിൽ നടക്കുന്നതു ഞാൻ കാണുന്നു; അവർക്കു ഒരു കേടും തട്ടീട്ടില്ല; നാലാമത്തവന്റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു എന്നു കല്പിച്ചു.

 < 
3:26 നെബൂഖദ് നേസർ എരിയുന്ന തീച്ചൂളയുടെ വാതിൽക്കൽ അടുത്തു ചെന്നു; അത്യുന്നതദൈവത്തിന്റെ ദാസന്മാരായ ശദ്രക്കേ, മേശക്കേ, അബേദ് നെഗോവേ, പുറത്തുവരുവിൻ എന്നു കല്പിച്ചു; അങ്ങനെ ശദ്രക്കും മേശക്കും അബേദ്നെഗോവും തീയിൽനിന്നു പുറത്തുവന്നു.

3:27 പ്രധാനദേശാധിപതിമാരും സ്ഥാനാപതിമാരും ദേശാധിപതിമാരും രാജമന്ത്രിമാരും വന്നുകൂടി, ആ പുരുഷന്മാരുടെ ദേഹത്തിന്നു തീ പിടിക്കാതെയും അവരുടെ തലമുടി കരിയാതെയും കാൽചട്ടെക്കു കേടു പറ്റാതെയും അവർക്കു തീയുടെ മണംപോലും തട്ടാതെയും ഇരുന്നതു കണ്ടു.

3:28 അപ്പോൾ നെബൂഖദ് നേസർ കല്പിച്ചതു: ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെട്ടവൻ; തങ്കൽ ആശ്രയിക്കയും സ്വന്തദൈവത്തെയല്ലാതെ വേറൊരു ദൈവത്തെയും സേവിക്കയോ നമസ്കരിക്കയോ ചെയ്യാതിരിക്കത്തക്കവണ്ണം രാജകല്പനക്കുടെ മറുത്തു തങ്ങളുടെ ദേഹത്തെ ഏല്പിച്ചുകൊടുക്കയും ചെയ്ത തന്റെ ദാസന്മാരെ അവൻ സ്വദൂതനെ അയച്ചു വിടുവിച്ചിരിക്കുന്നുവല്ലോ.

3:29 ഈ വിധത്തിൽ വിടുവിപ്പാൻ കഴിയുന്ന മറ്റൊരു ദൈവവും ഇല്ലായ്കകൊണ്ടു ഏതു ജാതിക്കാരിലും വംശക്കാരിലും ഭാഷക്കാരിലും ആരെങ്കിലും ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവത്തിന്നു വിരോധമായി വല്ല തെറ്റും പറഞ്ഞാൽ അവനെ കഷണംകഷണമായി ശകലിക്കയും അവന്റെ വീടു കുപ്പക്കുന്നാക്കുകയും ചെയ്യുമെന്നു ഞാൻ ഒരു വിധി കല്പിക്കുന്നു.

3:30 പിന്നെ രാജാവു ശദ്രക്കിന്നും മേശക്കിന്നും അബേദ്നെഗോവിന്നും ബാബേൽസംസ്ഥാനത്തു സ്ഥാനമാനങ്ങൾ കല്പിച്ചുകൊടുത്തു

 < 

* ----------------------------------------

ദാനീയേൽ അദ്ധ്യായം 4  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37

4:1 നെബൂഖദ്നേസർരാജാവു സർവ്വഭൂമിയിലും പാർക്കുന്ന സകലവംശങ്ങൾക്കും ജാതികൾക്കും ഭാഷക്കാർക്കും എഴുതുന്നതു: നിങ്ങൾക്കു ശുഭം വർദ്ധിച്ചുവരട്ടെ.

4:2 അത്യുന്നതനായ ദൈവം എങ്കൽ പ്രവർത്തിച്ച അടയാളങ്ങളും അത്ഭുതങ്ങളും പ്രസിദ്ധമാക്കുന്നതു നന്നെന്നു എനിക്കു തോന്നിയിരിക്കുന്നു.

4:3 അവന്റെ അടയാളങ്ങൾ എത്ര വലിയവ! അവന്റെ അത്ഭുതങ്ങൾ എത്ര ശ്രേഷ്ഠമായവ! അവന്റെ രാജത്വം എന്നേക്കുമുള്ള രാജത്വവും അവന്റെ ആധിപത്യം തലമുറതലമുറയായുള്ളതും ആകുന്നു.

4:4 നെബൂഖദ് നേസർ എന്ന ഞാൻ എന്റെ അരമനയിൽ സ്വൈരമായും എന്റെ രാജധാനിയിൽ സുഖമായും വസിച്ചിരിക്കുമ്പോൾ ഒരു സ്വപ്നം കണ്ടു,

4:5 അതുനിമിത്തം ഭയപ്പെട്ടു, കിടക്കയിൽവെച്ചു എനിക്കുണ്ടായ നിരൂപണങ്ങളാലും ദർശനങ്ങളാലും വ്യാകുലപ്പെട്ടു.

 < 
4:6 സ്വപ്നത്തിന്റെ അർത്ഥം അറിയിക്കേണ്ടതിന്നു ബാബേലിലെ സകലവിദ്വാന്മാരെയും എന്റെ മുമ്പിൽ കൊണ്ടുവരുവാൻ ഞാൻ കല്പിച്ചു.

4:7 അങ്ങനെ മന്ത്രവാദികളും ആഭിചാരകന്മാരും കല്ദയരും ശകുനവാദികളും അകത്തു വന്നു; ഞാൻ സ്വപ്നം അവരോടു വിവരിച്ചുപറഞ്ഞു; അവർ അർത്ഥം അറിയിച്ചില്ല താനും.

4:8 ഒടുവിൽ എന്റെ ദേവന്റെ നാമദേധപ്രകാരം ബേൽത്ത് ശസ്സർ എന്നു പേരുള്ളവനും വിശുദ്ധദേവന്മാരുടെ ആത്മാവുള്ളവനുമായ ദാനീയേൽ എന്റെ മുമ്പിൽ വന്നു; അവനോടു ഞാൻ സ്വപ്നം വിവരിച്ചതെന്തെന്നാൽ:

4:9 മന്ത്രവാദിശ്രേഷ്ഠനായ ബേൽത്ത് ശസ്സരേ, വിശുദ്ധദേവന്മാരുടെ ആത്മാവു നിന്നിൽ ഉണ്ടെന്നും ഒരു രഹസ്യവും നിനക്കു വിഷമമല്ലെന്നും ഞാൻ അറിയുന്നതുകൊണ്ടു ഞാൻ കണ്ട സ്വപ്നത്തിന്റെ താല്പര്യവും അർത്ഥവും പറക.

4:10 കിടക്കയിൽവെച്ചു എനിക്കു ഉണ്ടായ ദർശനമാവിതു: ഭൂമിയുടെ നടുവിൽ ഞാൻ ഒരു വൃക്ഷം കണ്ടു; അതു ഏറ്റവും ഉയരമുള്ളതായിരുന്നു.

 < 
4:11 ആ വൃക്ഷം വളർന്നു ബലപ്പെട്ടു; അതു ആകാശത്തോളം ഉയരമുള്ളതും സർവ്വഭൂമിയുടെയും അറ്റത്തോളം കാണാകുന്നതും ആയിരുന്നു.

4:12 അതിന്റെ ഇല ഭംഗിയുള്ളതും ഫലം അനവധിയും ആയിരുന്നു; എല്ലാവർക്കും അതിൽ ആഹാരം ഉണ്ടായിരുന്നു; കാട്ടുമൃഗങ്ങൾ അതിന്റെ കീഴെ തണലിളെച്ചുവന്നു; ആകാശത്തിലെ പക്ഷികൾ അതിന്റെ കൊമ്പുകളിൽ വസിച്ചു; സകലജഡവും അതുകൊണ്ടു ഉപജീവനം കഴിച്ചുപോന്നു.

4:13 കിടക്കയിൽവെച്ചു എനിക്കു ഉണ്ടായ ദർശനത്തിൽ ഒരു ദൂതൻ, ഒരു പരിശുദ്ധൻ തന്നേ, സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു.

4:14 അവൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞതു: വൃക്ഷം വെട്ടിയിട്ടു, അതിന്റെ കൊമ്പു മുറിച്ചു, ഇല കുടഞ്ഞു, കായി ചിതറിച്ചുകളവിൻ; അതിന്റെ കീഴിൽനിന്നു മൃഗങ്ങളും കൊമ്പുകളിൽനിന്നു പക്ഷികളും പൊയ്ക്കൊള്ളട്ടെ.

4:15 അതിന്റെ തായ് വേരോ വയലിലെ ഇളമ്പുല്ലിൽ ഇരിമ്പും താമ്രവുംകൊണ്ടുള്ള ബന്ധനത്തോടെ ഭൂമിയിൽ വെച്ചേക്കുവിൻ; അവൻ ആകാശത്തിലെ മഞ്ഞുകൊണ്ടു നനയട്ടെ; അവന്നു മൃഗങ്ങളോടുകൂടെ നിലത്തെ പുല്ലു ഉപജീവനം ആയിരിക്കട്ടെ.

 < 
4:16 അവന്റെ മാനുഷസ്വഭാവം മാറി മൃഗസ്വഭാവമായിത്തീരട്ടെ; അങ്ങനെ അവന്നു ഏഴു കാലം കഴിയട്ടെ.

4:17 അത്യുന്നതനായവൻ മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും മനുഷ്യരിൽ അധമനായവനെ അതിന്മേൽ വാഴിക്കയും ചെയ്യുന്നു എന്നു ജീവനോടിരിക്കുന്നവർ അറിയേണ്ടതിന്നു ഈ വിധി ദൂതന്മാരുടെ നിർണ്ണയവും കാര്യം വിശുദ്ധന്മാരുടെ കല്പനയും ആകുന്നു.

4:18 നെബൂഖദ്നേസർരാജാവായ ഞാൻ ഈ സ്വപ്നം കണ്ടു; എന്നാൽ ബേൽത്ത് ശസ്സരേ, എന്റെ രാജ്യത്തിലെ വിദ്വാന്മാർക്കു ആർക്കും അതിന്റെ അർത്ഥം അറിയിപ്പാൻ കഴിയായ്കകൊണ്ടു നീ അതിന്റെ അർത്ഥം അറിയിച്ചുതരേണം; വിശുദ്ധദേവന്മാരുടെ ആത്മാവു നിന്നിൽ ഉള്ളതുകൊണ്ടു നീ അതിന്നു പ്രാപ്തനാകുന്നു.

4:19 അപ്പോൾ ബേൽത്ത് ശസ്സർ എന്നും പേരുള്ള ദാനീയേൽ കുറെ നേരത്തേക്കു സ്തംഭിച്ചിരുന്നു; അവർ വിചാരങ്ങളാൽ പരവശനായി. രാജാവു അവനോടു: ബേൽത്ത് ശസ്സരേ, സ്വപ്നവും അതിന്റെ അർത്ഥവുംനിമിത്തം നീ പരവശനാകരുതേ എന്നു കല്പിച്ചു. ബേൽത്ത ശസ്സർ ഉത്തരം പറഞ്ഞതു: യജമാനനേ, സ്വപ്നം തിരുമനസ്സിലെ ശത്രുക്കൾക്കും അതിന്റെ അർത്ഥം തിരുമനസ്സിലെ വൈരികൾക്കും ഭവിക്കട്ടെ.

4:20 വളർന്നു ബലപ്പെട്ടതും ആകാശത്തോളം ഉയരമുള്ളതും ഭൂമിയിൽ എല്ലാടത്തുനിന്നും കാണാകുന്നതും

 < 
4:21 ഭംഗിയുള്ള ഇലയും അനവധി ഫലവും എല്ലാവർക്കും ആഹാരവും ഉള്ളതും കീഴെ കാട്ടുമൃഗങ്ങൾ വസിച്ചതും കൊമ്പുകളിൽ ആകാശത്തിലെ പക്ഷികൾക്കു പാർപ്പിടം ഉണ്ടായിരുന്നതുമായി കണ്ട വൃക്ഷം,

4:22 രാജാവേ, വർദ്ധിച്ചു ബലവാനായി തീർന്നിരിക്കുന്ന തിരുമേനി തന്നേ; തിരുമനസ്സിലെ മഹത്വം വർദ്ധിച്ചു ആകാശംവരെയും ആധിപത്യം ഭൂമിയുടെ അറുതിവരെയും എത്തിയിരിക്കുന്നു.

4:23 ഒരു ദൂതൻ, ഒരു പരിശുദ്ധൻ തന്നേ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു: വൃക്ഷത്തെ വെട്ടിയിട്ടു നശിപ്പിച്ചുകളവിൻ; എങ്കിലും അതിന്റെ തായ് വേർ വയലിലെ ഇളമ്പുല്ലിൽ ഇരിമ്പും താമ്രവും കൊണ്ടുള്ള ബന്ധനത്തോടുകൂടെ ഭൂമിയിൽ വെച്ചേക്കുവിൻ; അവൻ ആകാശത്തിലെ മഞ്ഞുകൊണ്ടു നനയട്ടെ; അവന്നു ഏഴുകാലം കഴിയുന്നതുവരെ അവന്റെ ഉപജീവനം കാട്ടുമൃഗങ്ങളോടു കൂടെ ആയിരിക്കട്ടെ എന്നിങ്ങനെ പറയുന്നതു രാജാവു കണ്ടുവല്ലോ.

4:24 രാജാവേ, അതിന്റെ അർത്ഥം ഇതാകുന്നു; എന്റെ യജമാനനായ രാജാവിന്റെമേൽ വരുന്ന അത്യുന്നതനായവന്റെ വിധി ഇതു തന്നേ;

4:25 തിരുമേനിയെ മനുഷ്യരുടെ ഇടയിൽനിന്നു നീക്കിക്കളയും; തിരുമനസ്സിലെ വാസം കാട്ടുമൃഗങ്ങളോടുകൂടെയാകും. തിരുമേനിയെ കാളയെപ്പോലെ പുല്ലു തീറ്റും; തിരുമേനി ആകാശത്തിലെ മഞ്ഞുകൊണ്ടു നനയും; മനുഷ്യരുടെ രാജത്വത്തിന്മേൽ അത്യുന്നതനായവൻ വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും ചെയ്യുന്നുവെന്നു തിരുമനസ്സുകൊണ്ടു അറിയുന്നതുവരെ ഏഴു കാലം കഴിയും.

 < 
4:26 വൃക്ഷത്തിന്റെ തായ് വേർ വെച്ചേക്കുവാൻ അവർ കല്പിച്ചതോ: വാഴുന്നതു സ്വർഗ്ഗമാകുന്നു എന്നു തിരുമനസ്സുകൊണ്ടു ഗ്രഹിച്ചശേഷം രാജത്വം തിരുമേനിക്കു സ്ഥിരമാകും എന്നത്രേ.

4:27 ആകയാൽ രാജാവേ, എന്റെ ആലോചന തിരുമനസ്സിലേക്കു പ്രസാദമായിരിക്കട്ടെ; നീതിയാൽ പാപങ്ങളെയും ദരിദ്രന്മാർക്കു കൃപകാട്ടുന്നതിനാൽ അകൃത്യങ്ങളെയും പരിഹരിച്ചുകൊൾക; അതിനാൽ പക്ഷേ തിരുമനസ്സിലെ സുഖകാലം ദീർഘമായി നില്ക്കും.

4:28 ഇതെല്ലാം നെബൂഖദ് നേസർരാജാവിന്നു വന്നു ഭവിച്ചു.

4:29 പന്ത്രണ്ടു മാസം കഴിഞ്ഞിട്ടു അവൻ ബാബേലിലെ രാജമന്ദിരത്തിന്മേൽ ഉലാവിക്കൊണ്ടിരുന്നു.

4:30 ഇതു ഞാൻ എന്റെ ധനമാഹാത്മ്യത്താൽ എന്റെ പ്രതാപമഹത്വത്തിന്നായിട്ടു രാജധാനിയായി പണിത മഹതിയാം ബാബേൽ അല്ലയോ എന്നു രാജാവു പറഞ്ഞുതുടങ്ങി.

 < 
4:31 ഈ വാക്കു രാജാവിന്റെ വായിൽ ഇരിക്കുമ്പോൾ തന്നേ, സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദം ഉണ്ടായതെന്തെന്നാൽ: നെബൂഖദ് നേസർരാജാവേ, നിന്നോടു ഇതു കല്പിക്കുന്നു: രാജത്വം നിന്നെ വിട്ടു നീങ്ങിയിരിക്കുന്നു.

4:32 നിന്നെ മനുഷ്യരുടെ ഇടയിൽനിന്നു നീക്കിക്കളയും; നിന്റെ പാർപ്പു കാട്ടിലെ മൃഗങ്ങളോടുകൂടെ ആയിരിക്കും; നിന്നെ കാളയെപ്പോലെ പുല്ലു തീറ്റും; അത്യുന്നതനായവൻ മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും ചെയ്യുന്നു എന്നു നീ അറിയുന്നതുവരെ നിനക്കു ഏഴു കാലം കഴിയും.

4:33 ഉടൻ തന്നേ ആ വാക്കു നെബൂഖദ് നേസരിന്നു നിവൃത്തിയായി; അവനെ മനുഷ്യരുടെ ഇടയിൽ നിന്നു നീക്കിക്കളഞ്ഞു; അവന്റെ രോമം കഴുകന്റെ തൂവൽപോലെയും അവന്റെ നഖം പക്ഷിയുടെ നഖംപോലെയും വളരുന്നതുവരെ, അവൻ കാള എന്നപോലെ പുല്ലു തിന്നുകയും അവന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനയുകയും ചെയ്തു.

4:34 ആ കാലം കഴിഞ്ഞിട്ടു നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗ്ഗത്തേക്കു കണ്ണുയർത്തി എന്റെ ബുദ്ധിയും എനിക്കു മടങ്ങിവന്നു; ഞാൻ അത്യുന്നതനായവനെ വാഴ്ത്തി, എന്നേക്കും ജീവിച്ചിരിക്കുന്നവനെ സ്മരിച്ചു ബഹുമാനിക്കയും ചെയ്തു; അവന്റെ ആധിപത്യം എന്നേക്കുമുള്ള ആധിപത്യവും അവന്റെ രാജത്വം തലമുറതലമുറയായുള്ളതും അല്ലോ.

4:35 അവൻ സർവ്വഭൂവാസികളെയും നാസ്തിയായി എണ്ണുന്നു; സ്വർഗ്ഗീയ സൈന്യത്തോടും ഭൂവാസികളോടും ഇഷ്ടംപോലെ പ്രവർത്തിക്കുന്നു; അവന്റെ കൈ തടുപ്പാനോ നീ എന്തു ചെയ്യുന്നു എന്നു അവനാടു ചോദിപ്പാനോ ആർക്കും കഴികയില്ല.

 < 
4:36 ആ നേരത്തു തന്നേ എന്റെ ബുദ്ധി മടങ്ങിവന്നു; എന്റെ രാജത്വത്തിന്റെ മഹത്വത്തിന്നായി എന്റെ മഹിമയും മുഖപ്രകാശവും മടങ്ങിവന്നു; എന്റെ മന്ത്രിമാരും മഹത്തുക്കളും എന്നെ അന്വേഷിച്ചു; ഞാൻ എന്റെ രാജത്വത്തിൽ യഥാസ്ഥാനപ്പെട്ടു, ശ്രേഷ്ഠമഹത്വം എനിക്കു അധികമായി സിദ്ധിച്ചു.

4:37 ഇപ്പോൾ നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗ്ഗസ്ഥനായ രാജാവിനെ സ്തുതിച്ചു പകഴ്ത്തി ബഹുമാനിക്കുന്നു; അവന്റെ പ്രവൃത്തികൾ ഒക്കെയും സത്യവും അവന്റെ വഴികൾ ന്യായവും ആകുന്നു; നിഗളിച്ചുനടക്കുന്നവരെ താഴ്ത്തുവാനും അവൻ പ്രാപ്തൻ തന്നേ.


* ----------------------------------------

ദാനീയേൽ അദ്ധ്യായം 5  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31

5:1 ബേൽശസ്സർരാജാവു തന്റെ മഹത്തുക്കളിൽ ആയിരം പേർക്കു ഒരു വലിയ വിരുന്നു ഒരുക്കി അവർ കാൺകെ വീഞ്ഞു കുടിച്ചു.

5:2 ബേൽശസ്സർ വീഞ്ഞു കുടിച്ചു രസിച്ചിരിക്കുമ്പോൾ, തന്റെ അപ്പനായ നെബൂഖദ്നേസർ യെരൂശലേമിലെ മന്ദിരത്തിൽനിന്നു എടുത്തുകൊണ്ടുവന്നിരുന്ന പൊൻ വെള്ളി പാത്രങ്ങളെ, രാജാവും മഹത്തുക്കളും അവന്റെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ കുടിക്കേണ്ടതിന്നായി കൊണ്ടുവരുവാൻ കല്പിച്ചു.

5:3 അങ്ങനെ അവർ യെരൂശലേമിലെ ദൈവാലയത്തിന്റെ മന്ദിരത്തിൽനിന്നു കൊണ്ടുവന്നിരുന്ന പൊൻ പാത്രങ്ങളെ കൊണ്ടുവന്നു രാജാവും മഹത്തുക്കളും അവന്റെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ കുടിച്ചു.

5:4 അവർ വീഞ്ഞു കുടിച്ചു പൊന്നും വെള്ളിയും താമ്രവും ഇരിമ്പും മരവും കല്ലും കൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു.

5:5 തൽക്ഷണം ഒരു മനുഷ്യന്റെ കൈവിരലുകൾ പറുപ്പെട്ടു വിളക്കിന്നു നേരെ രാജധാനിയുടെ ചുവരിന്റെ വെള്ളമേൽ എഴുതി; എഴുതി പ്പെത്തി രാജാവു കണ്ടു.

 < 
5:6 ഉടനെ രാജാവിന്റെ മുഖഭാവം മാറി; അവൻ വിചാരങ്ങളാൽ പരവശനായി: അരയുടെ ഏപ്പു അഴിഞ്ഞു കാൽമുട്ടുകൾ ആടിപ്പോയി.

5:7 രാജാവു ഉറക്കെ വിളിച്ചു: ആഭിചാരകന്മാരെയും കല്ദയരെയും ശകുനവാദികളെയും കൊണ്ടുവരുവാൻ കല്പിച്ചു. രാജാവു ബാബേലിലെ വിദ്വാന്മാരോടു: ആരെങ്കിലും ഈ എഴുത്തു വായിച്ചു അർത്ഥം അറിയിച്ചാൽ, അവൻ ധൂമ്രവസ്ത്രവും കഴുത്തിൽ പൊൻ മാലയും ധരിച്ചു, രാജ്യത്തിൽ മൂന്നാമനായി വാഴും എന്നു കല്പിച്ചു.

5:8 അങ്ങനെ രാജാവിന്റെ വിദ്വാന്മാരൊക്കെയും അകത്തുവന്നു; എങ്കിലും എഴുത്തു വായിപ്പാനും രാജാവിനെ അർത്ഥം അറിയിപ്പാനും അവർക്കു കഴിഞ്ഞില്ല.

5:9 അപ്പോൾ ബേൽശസ്സർരാജാവു അത്യന്തം വ്യാകുലപ്പെട്ടു, അവന്റെ മുഖഭാവം മാറി, അവന്റെ മഹത്തുക്കൾ അമ്പരന്നു പോയി.

5:10 രാജാവിന്റെ മഹത്തുക്കളുടെയും വാക്കു ഹേതുവായി രാജ്ഞി ഭോജനശാലയിൽ വന്നു: രാജാവു ദീർഘായുസ്സായിരിക്കട്ടെ; തിരുമനസ്സുകൊണ്ടു വിചാരങ്ങളാൽ പരവശനാകരുതു; മുഖഭാവം മാറുകയും അരുതു.

 < 
5:11 വിശുദ്ധദേവന്മാരുടെ ആത്മാവുള്ള ഒരു പുരുഷൻ തിരുമനസ്സിലെ രാജ്യത്തുണ്ടു; തിരുമേനിയുടെ അപ്പന്റെ കാലത്തു പ്രകാശവും ബുദ്ധിയും ദേവന്മാരുടെ ജ്ഞാനംപോലെയുള്ള ജ്ഞാനവും അവനിൽ കണ്ടിരുന്നു; തിരുമേനിയുടെ അപ്പനായ നെബൂഖദ്നേസർരാജാവു, രാജാവേ, തിരുമേനിയുടെ അപ്പൻ തന്നേ,

5:12 ബേൽത്ത് ശസ്സർ എന്നു പേരുവിളിച്ച ദാനീയേലിൽ ഉൽകൃഷ്ടമനസ്സും അറിവും ബുദ്ധിയും സ്വപ്നവ്യാഖ്യാനവും ഗൂഢാർത്ഥവാക്യ പ്രദർശനവും സംശയച്ഛേദനവും കണ്ടിരിക്കയാൽ, രാജാവു അവനെ മന്ത്രവാദികൾക്കും ആഭിചാരകന്മാർക്കും കല്ദയർക്കും ശകുനവാദികൾക്കും അധിപതിയാക്കിവെച്ചു; ഇപ്പോൾ ദാനീയേലിനെ വിളിക്കട്ടെ; അവൻ അർത്ഥം ബോധിപ്പിക്കും എന്നു ഉണർത്തിച്ചു.

5:13 അങ്ങനെ അവർ ദാനീയേലിനെ രാജസന്നിധിയിൽ കൊണ്ടു വന്നു; രാജാവു ദാനീയേലിനോടു കല്പിച്ചതു: എന്റെ അപ്പനായ രാജാവു യെഹൂദയിൽനിന്നു കൊണ്ടുവന്ന യെഹൂദാപ്രവാസികളിൽ ഉള്ളവനായ ദാനീയേൽ നീ തന്നേയോ?

5:14 ദേവന്മാരുടെ ആത്മാവു നിന്നിൽ ഉണ്ടെന്നും പ്രകാശവും ബുദ്ധിയും വിശേഷജ്ഞാനവും നിന്നിൽ കണ്ടിരിക്കുന്നു എന്നും ഞാൻ നിന്നെക്കുറിച്ചു കേട്ടിരിക്കുന്നു.

5:15 ഇപ്പോൾ ഈ എഴുത്തു വായിച്ചു അർത്ഥം അറിയിക്കേണ്ടതിന്നു വിദ്വാന്മാരെയും ആഭിചാരകന്മാരെയും എന്റെ മുമ്പാകെ വരുത്തിയിരുന്നു; എങ്കിലും കാര്യത്തിന്റെ അർത്ഥം അറിയിപ്പാൻ അവർക്കു കഴിഞ്ഞില്ല.

 < 
5:16 എന്നാൽ അർത്ഥം പറവാനും സംശയച്ഛേദനം ചെയ്‍വാനും നീ പ്രാപ്തനെന്നു ഞാൻ നിന്നെക്കുറിച്ചു കേട്ടിരിക്കുന്നു; ആകയാൽ ഈ എഴുത്തു വായിച്ചു, അതിന്റെ അർത്ഥം അറിയിപ്പാൻ നിനക്കു കഴിയുമെങ്കിൽ നീ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിച്ചു, രാജ്യത്തിലെ മൂന്നാമനായി വാഴും.

5:17 ദാനീയേൽ രാജസന്നിധിയിൽ ഉത്തരം ഉണർത്തിച്ചതു: ദാനങ്ങൾ തിരുമേനിക്കു തന്നേ ഇരിക്കട്ടെ; സമ്മാനങ്ങൾ മറ്റൊരുത്തന്നു കൊടുത്താലും; എഴുത്തു ഞാൻ രാജാവിനെ വായിച്ചുകേൾപ്പിച്ചു അർത്ഥം ബോധിപ്പിക്കാം;

5:18 രാജാവേ, അത്യുന്നതനായ ദൈവം തിരുമേനിയുടെ അപ്പനായ നെബൂഖദ് നേസരിന്നു രാജത്വവും മഹത്വവും പ്രതാപവും ബഹുമാനവും നല്കി.

5:19 അവന്നു നല്കിയ മഹത്വം ഹേതുവായി സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവന്റെ മുമ്പിൽ ഭയപ്പെട്ടു വിറെച്ചു; തനിക്കു ബോധിച്ചവനെ അവൻ കൊല്ലുകയും ബോധിച്ചവനെ ജീവനോടെവെക്കയും ബോധിച്ചവനെ ഉയർത്തുകയും ബോധിച്ചവനെ താഴ്ത്തുകയും ചെയ്തുവന്നു.

5:20 എന്നാൽ അവന്റെ ഹൃദയം ഗർവ്വിച്ചു, അവന്റെ മനസ്സു അഹങ്കാരത്താൽ കഠിനമായിപ്പോയ ശേഷം അവൻ രാജാസനത്തിൽനിന്നു നീങ്ങിപ്പോയി; അവർ അവന്റെ മഹത്വം അവങ്കൽനിന്നു എടുത്തുകളഞ്ഞു.

 < 
5:21 അങ്ങനെ അവൻ മനുഷ്യരുടെ ഇടയിൽനിന്നു നീങ്ങി; അവന്റെ ഹൃദയം മൃഗപ്രായമായ്തീർന്നു; അവന്റെ പാർപ്പു കാട്ടുകഴുതകളോടുകൂടെ ആയിരുന്നു; അവനെ കാളയെപ്പോലെ പുല്ലു തീറ്റി; മനുഷ്യരുടെ രാജത്വത്തിന്മേൽ അത്യുന്നതനായ ദൈവം വാഴുകയും തനിക്കു ബോധിച്ചവനെ അതിന്നു നിയമിക്കയും ചെയ്യുന്നു എന്നു അവൻ അറിഞ്ഞതുവരെ അവന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനഞ്ഞു.

5:22 അവന്റെ മകനായ ബേൽശസ്സരേ, ഇതൊക്കെയും അറിഞ്ഞിട്ടു തിരുമേനിയുടെ ഹൃദയത്തെ താഴ്ത്താതെ

5:23 സ്വർഗ്ഗസ്ഥനായ കർത്താവിന്റെ നേരെ തന്നെത്താൻ ഉയർത്തി അവന്റെ ആലയത്തിലെ പാത്രങ്ങളെ അവർ തിരുമുമ്പിൽ കൊണ്ടുവന്നു; തിരുമേനിയും മഹത്തുക്കളും തിരുമനസ്സിലെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ വീഞ്ഞുകടിച്ചു; കാണ്മാനും കേൾപ്പാനും അറിവാനും വഹിയാത്ത പൊന്നു, വെള്ളി, താമ്രം, ഇരിമ്പു, മരം, കല്ലു എന്നിവകൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു; തിരുമനസ്സിലെ ശ്വാസവും എല്ലാവഴികളും കൈവശമുള്ളവനായ ദൈവത്തെ മഹത്വീകരിച്ചതുമില്ല.

5:24 ആകയാൽ അവൻ ആ കൈപ്പത്തി അയച്ചു ഈ എഴുത്തു എഴുതിച്ചു.

5:25 എഴുതിയിരിക്കുന്ന എഴുത്തോ: മെനേ, മെനേ, തെക്കേൽ, ഊഫർസീൻ.

 < 
5:26 കാര്യത്തിന്റെ അർത്ഥമാവിതു: മെനേ എന്നുവെച്ചാൽ: ദൈവം നിന്റെ രാജത്വം എണ്ണി, അതിന്നു അന്തം വരുത്തിയിരിക്കുന്നു.

5:27 തെക്കേൽ എന്നുവെച്ചാൽ: തുലാസിൽ നിന്നെ തൂക്കി, കുറവുള്ളവനായി കണ്ടിരിക്കുന്നു.

5:28 പെറേസ് എന്നുവെച്ചാൽ: നിന്റെ രാജ്യം വിഭാഗിച്ചു മേദ്യർക്കും പാർസികൾക്കും കൊടുത്തിരിക്കുന്നു.

5:29 അപ്പോൾ ബേൽശസ്സരിന്റെ കല്പനയാൽ അവർ ദാനീയേലിനെ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിപ്പിച്ചു; അവൻ രാജ്യത്തിലെ മൂന്നാമനായി വാഴും എന്നു അവനെക്കുറിച്ചു പ്രസിദ്ധമാക്കി.

5:30 ആ രാത്രിയിൽ തന്നെ കല്ദയരാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു.

 < 
5:31 മേദ്യനായ ദാർയ്യാവേശ് അറുപത്തുരണ്ടു വയസ്സുള്ളവനായി രാജത്വം പ്രാപിച്ചു.


* ----------------------------------------

ദാനീയേൽ അദ്ധ്യായം 6  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28

6:1 രാജ്യം ഒക്കെയും ഭരിക്കേണ്ടതിന്നു രാജ്യത്തിന്മേൽ നൂറ്റിരുപതു പ്രധാന ദേശാധിപതികളെയും

6:2 അവരുടെമേൽ മൂന്നു അദ്ധ്യക്ഷന്മാരെയും നിയമിപ്പാൻ ദാർയ്യാവേശിന്നു ഇഷ്ടം തോന്നി; ഈ മൂവരിൽ ദാനീയേൽ ഒരുവനായിരുന്നു. രാജാവിന്നു നഷ്ടം വരാതിരിക്കേണ്ടതിന്നു പ്രധാനദേശാധിപതികൾ ഇവർക്കു കണക്കു ബോധിപ്പിക്കേണ്ടതായിരുന്നു.

6:3 എന്നാൽ ദാനീയേൽ ഉൾകൃഷ്ടമാനസനായിരുന്നതുകൊണ്ടു അവൻ അദ്ധ്യക്ഷന്മാരിലും പ്രധാനദേശാധിപന്മാരിലും വിശിഷ്ടനായ്‍വിളങ്ങി; രാജാവു അവനെ സർവ്വരാജ്യത്തിന്നും അധികാരിയാക്കുവാൻ വിചാരിച്ചു.

6:4 ആകയാൽ അദ്ധ്യക്ഷന്മാരും പ്രധാന ദേശാധിപന്മാരും രാജ്യം സംബന്ധിച്ചു ദാനീയേലിന്നു വിരോധമായി കാരണം കണ്ടെത്തുവാൻ അന്വേഷിച്ചു; എന്നാൽ യാതൊരു കാരണവും കുറ്റവും കണ്ടെത്തുവാൻ അവർക്കു കഴിഞ്ഞില്ല; അവൻ വിശ്വസ്തനായിരുന്നതുകൊണ്ടു ഒരു തെറ്റും കുറ്റുവും അവനിൽ കണ്ടെത്തിയില്ല.

6:5 അപ്പോൾ ആ പുരുഷന്മാർ: നാം ഈ ദാനീയേലിന്റെ നേരെ അവന്റെ ദൈവത്തിന്റെ ന്യായപ്രമാണം സംബന്ധിച്ചുള്ളതല്ലാതെ മറ്റൊരു കാരണവും കണ്ടെത്തുകയില്ല എന്നു പറഞ്ഞു.

 < 
6:6 അങ്ങനെ അദ്ധ്യക്ഷന്മാരും പ്രധാനദേശാധിപന്മാരും രാജാവിന്റെ അടുക്കൽ ബദ്ധപ്പെട്ടു ചെന്നു ഉണർത്തിച്ചതെന്തെന്നാൽ: ദാർയ്യാവേശ് രാജാവു ദീർഘായുസ്സായിരിക്കട്ടെ.

6:7 രാജാവേ, മുപ്പതു ദിവസത്തേക്കു തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ ആരെങ്കിലും അപേക്ഷ കഴിച്ചാൽ, അവനെ സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും എന്നൊരു രാജനിയമം നിശ്ചയിക്കയും ഖണ്ഡതമായോരു വിരോധം കല്പിക്കയും ചെയ്യേണമെന്നു രാജ്യത്തിലെ സകല അദ്ധ്യക്ഷന്മാരും സ്ഥാനാപതികളും പ്രധാനദേശാധിപന്മാരും മന്ത്രിമാരും ദേശാധിപന്മാരും കൂടി ആലേചിച്ചിരിക്കുന്നു.

6:8 ആകയാൽ രാജാവേ, മേദ്യരുടെയും പാർസികളുടെയും നീക്കം വരാത്ത നിയമപ്രകാരം മാറ്റം വരാതവണ്ണം ആ വിരോധകല്പന ഉറപ്പിച്ചു രേഖ എഴുതിക്കേണമേ.

6:9 അങ്ങനെ ദാർയ്യാവേശ് രാജാവു രേഖയും വിരോധകല്പനയും എഴുതിച്ചു.

6:10 എന്നാൽ രേഖ എഴുതിയിരിക്കുന്നു എന്നു ദാനീയേൽ അറിഞ്ഞപ്പോൾ അവൻ വീട്ടിൽ ചെന്നു,--അവന്റെ മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിന്നു നേരെ തുറന്നിരുന്നു--താൻ മുമ്പെ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ചു സ്തോത്രം ചെയ്തു.

 < 
6:11 അപ്പോൾ ആ പുരുഷന്മാർ ബദ്ധപ്പെട്ടു വന്നു, ദാനീയേൽ തന്റെ ദൈവത്തിൻ സന്നിധിയിൽ പ്രാർത്ഥിച്ചു അപേക്ഷിക്കുന്നതു കണ്ടു.

6:12 ഉടനെ അവർ രാജസന്നിധിയിൽ ചെന്നു രാജാവിന്റെ വിരോധകല്പനയെക്കുറിച്ചു സംസാരിച്ചു: രാജാവേ, മുപ്പതു ദിവസത്തേക്കു തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ അപേക്ഷ കഴിക്കുന്ന ഏതു മനുഷ്യനെയും സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും എന്നിങ്ങനെ ഒരു കല്പന എഴുതിച്ചിട്ടില്ലയോ എന്നു ചോദിച്ചു; അതിന്നു രാജാവു: മേദ്യരുടെയും പാർസികളുടെയും നീക്കം വരാത്ത നിയമപ്രകാരം ആ കാര്യം ഉറപ്പുതന്നേ എന്നുത്തരം കല്പിച്ചു.

6:13 അതിന്നു അവർ രാജസന്നിധിയിൽ രാജാവേ, യെഹൂദാപ്രവാസികളിൽ ഒരുത്തനായ ദാനീയേൽ തിരുമേനിയെയാകട്ടെ തിരുമനസ്സുകൊണ്ടു എഴുതിച്ച വിരോധകല്പനയാകട്ടെ കൂട്ടാക്കാതെ, ദിവസം മൂന്നു പ്രവാശ്യം അപേക്ഷ കഴിച്ചുവരുന്നു എന്നു ഉണർത്തിച്ചു.

6:14 രാജാവു ഈ വാക്കു കേട്ടപ്പോൾ അത്യന്തം വ്യസനിച്ചു, ദാനീയേലിനെ രക്ഷിപ്പാൻ മനസ്സുവെച്ചു അവനെ രക്ഷിപ്പാൻ സൂര്യൻ അസ്തമിക്കുവോളം പ്രയത്നം ചെയ്തു.

6:15 എന്നാൽ ആ പുരുഷന്മാർ രാജാവിന്റെ അടുക്കൽ ബദ്ധപ്പെട്ടു ചെന്നു: രാജാവേ, രാജാവു ഉറപ്പിക്കുന്ന ഒരു വിരോധകല്പനയോ നിയമമോ മാറ്റിക്കൂടാ എന്നിങ്ങനെയാകുന്നു മേദ്യരുടെയും പാർസികളുടെയും നിയമം എന്നു ബോദ്ധ്യമായിരിക്കേണം എന്നു രാജാവോടു ഉണർത്തിച്ചു.

 < 
6:16 അങ്ങനെ രാജാവിൻ കല്പനയാൽ അവർ ദാനീയേലിനെ കൊണ്ടുവന്നു സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളഞ്ഞു; രാജാവു ദാനീയേലിനോടു സംസാരിച്ചു: നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കും എന്നു കല്പിച്ചു.

6:17 അവർ ഒരു കല്ലുകൊണ്ടുവന്നു ഗുഹയുടെ വാതിൽക്കൽ വെച്ചു, ദാനീയേലിനെക്കുറിച്ചുള്ള നിർണ്ണയത്തിന്നു മാറ്റം വരാതെയിരിക്കേണ്ടതിന്നു രാജാവു തന്റെ മോതിരംകൊണ്ടും മഹത്തുക്കളുടെ മോതിരംകൊണ്ടും അതിന്നു മുദ്രയിട്ടു.

6:18 പിന്നെ രാജാവു രാജധാനിയിൽ ചെന്നു ഉപവസിച്ചു രാത്രി കഴിച്ചു; അവന്റെ സന്നിധിയിൽ വെപ്പാട്ടികളെ കൊണ്ടുവന്നില്ല; ഉറക്കം അവനെ വിട്ടുപോയി.

6:19 രാജാവു അതികാലത്തു എഴുന്നേറ്റു ബദ്ധപ്പെട്ടു സിംഹഗുഹയുടെ അരികെ ചെന്നു.

6:20 ഗുഹയുടെ അരികെ എത്തിയപ്പോൾ അവൻ ദുഃഖശബ്ദത്തോടെ ദാനീയേലിനെ വിളിച്ചു. രാജാവു ദാനീയേലിനോടു സംസാരിച്ചു: ജീവനുള്ള ദൈവത്തിന്റെ ദാസനായ ദാനീയേലേ, നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം സിംഹങ്ങളിൽനിന്നു നിന്നെ രക്ഷിപ്പാൻ പ്രാപ്തനായോ എന്നു ചോദിച്ചു.

 < 
6:21 ദാനീയേൽ രാജാവിനോടു: രാജാവു ദീർഘായുസ്സായിരിക്കട്ടെ.

6:22 സിംഹങ്ങൾ എനിക്കു കേടുവരുത്താതിരിക്കേണ്ടതിന്നു എന്റെ ദൈവം തന്റെ ദൂതനെ അയച്ചു അവയുടെ വായടെച്ചുകളഞ്ഞു; അവന്റെ സന്നിധിയിൽ ഞാൻ കുറ്റമില്ലാത്തവൻ; രാജാവേ, തിരുമുമ്പിലും ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല എന്നു ഉണർത്തിച്ചു.

6:23 അപ്പോൾ രാജാവു അത്യന്തം സന്തോഷിച്ചു, ദാനീയേലിനെ ഗുഹയിൽനിന്നു കയറ്റുവാൻ കല്പിച്ചു; അവർ ദാനീയേലിനെ ഗുഹയിൽനിന്നു കയറ്റി; അവൻ തന്റെ ദൈവത്തിൽ വിശ്വസിച്ചിരുന്നതുകൊണ്ടു അവന്നു യാതൊരു കേടും പറ്റിയതായി കണ്ടില്ല.

6:24 പിന്നെ രാജാവിന്റെ കല്പനയാൽ, അവൻ ദാനീയേലിനെ കുറ്റം ചുമത്തിയവരെ കൊണ്ടുവന്നു, അവരെയും മക്കളെയും ഭാര്യമാരെയും സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളഞ്ഞു; അവർ ഗുഹയുടെ അടിയിൽ എത്തുമ്മുമ്പെ സിംഹങ്ങൾ അവരെ പിടിച്ചു, അവരുടെ അസ്ഥികളൊക്കെയും തകർത്തുകളഞ്ഞു.

6:25 അന്നു ദാർയ്യാവേശ്‌രാജാവു സർവ്വഭൂമിയിലും വസിക്കുന്ന സകലവംശങ്ങൾക്കും ഭാഷക്കാർക്കും എഴുതിയതെന്തെന്നാൽ: നിങ്ങൾക്കു ശുഭം വർദ്ധിച്ചുവരട്ടെ.

 < 
6:26 എന്റെ രാജാധിപത്യത്തിൽ ഉൾപ്പെട്ട ഏവരും ദാനീയേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭയഭക്തിയോടിരിക്കേണമെന്നു ഞാൻ ഒരു തീർപ്പു കല്പിക്കുന്നു; അവൻ ജീവനുള്ള ദൈവവും എന്നേക്കും നിലനില്ക്കുന്നവനും അവന്റെ രാജത്വം നശിച്ചു പോകാത്തതും അവന്റെ ആധിപത്യം അവസാനംവരാത്തതും ആകുന്നു.

6:27 അവൻ രക്ഷിക്കയും വിടുവിക്കയും ചെയ്യുന്നു; അവൻ ആകാശത്തിലും ഭൂമിയിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുന്നു; അവൻ ദാനീയേലിനെ സിംഹവായിൽനിന്നു രക്ഷിച്ചിരിക്കുന്നു.

6:28 എന്നാൽ ദാനീയേൽ ദാർയ്യാവേശിന്റെ വാഴ്ചയിലും പാർസിരാജാവായ കോരെശിന്റെ വാഴ്ചയിലും ശുഭപ്പെട്ടിരുന്നു.


* ----------------------------------------

ദാനീയേൽ അദ്ധ്യായം 7  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28

7:1 ബാബേൽരാജാവായ ബേൽശസ്സരിന്റെ ഒന്നാം ആണ്ടിൽ ദാനീയേൽ ഒരു സ്വപ്നം കണ്ടു, അവന്നു കിടക്കയിൽവെച്ചു ദർശനങ്ങൾ ഉണ്ടായി; അവൻ സ്വപ്നം എഴുതി കാര്യത്തിന്റെ സാരം വിവരിച്ചു.

7:2 ദാനീയേൽ വിവരച്ചുപറഞ്ഞതെന്തെന്നാൽ: ഞാൻ രാത്രിയിൽ എന്റെ ദർശനത്തിൽ കണ്ടതു: ആകാശത്തിലെ നാലു കാറ്റും മഹാസമുദ്രത്തിന്റെ നേരെ അടിക്കുന്നതു ഞാൻ കണ്ടു.

7:3 അപ്പോൾ തമ്മിൽ ഭേദിച്ചിരിക്കുന്ന നാലു മഹാമൃഗങ്ങൾ സമുദ്രത്തിൽനിന്നു കരേറിവന്നു.

7:4 ഒന്നാമത്തേതു സിംഹത്തോടു സദൃശവും കഴുകിൻ ചിറകുള്ളതുമായിരുന്നു; ഞാൻ നോക്കിക്കൊണ്ടിരിക്കെ അതിന്റെ ചിറകു പറിഞ്ഞുപോയി; അതിനെ നിലത്തുനിന്നു പൊക്കി, മനുഷ്യനെപ്പോലെ നിവർത്തുനിർത്തി, അതിന്നു മാനുഷഹൃദയവും കൊടത്തു.

7:5 രണ്ടാമതു കരടിയോടു സദൃശമായ മറ്റൊരു മൃഗത്തെ കണ്ടു; അതു ഒരു പാർശ്വം ഉയർത്തിയും വായിൽ പല്ലിന്റെ ഇടയിൽ മൂന്നു വാരിയെല്ലു കടിച്ചുപിടിച്ചുംകൊണ്ടു നിന്നു; അവർ അതിനോടു: എഴുന്നേറ്റു മാംസം ധാരാളം തിന്നുക എന്നു പറഞ്ഞു.

 < 
7:6 പിന്നെ പുള്ളിപ്പുലിക്കു സദൃശമായ മറ്റൊന്നിനെ കണ്ടു, അതിന്റെ മുതുകത്തു പക്ഷിയുടെ നാലു ചുറകുണ്ടായിരുന്നു; മൃഗത്തിന്നു നാലു തലയും ഉണ്ടായിരുന്നു; അതിന്നു ആധിപത്യം ലഭിച്ചു.

7:7 രാത്രിദർശനത്തിൽ ഞാൻ പിന്നെയും ഘോരവും ഭയങ്കരവും അതിബലവും ഉള്ള നാലാമതൊരു മൃഗത്തെ കണ്ടു; അതിന്നു വലിയ ഇരിമ്പുപല്ലു ഉണ്ടായിരുന്നു; അതു തിന്നുകയും തകർക്കുകയും ചെയ്തിട്ടു ശേഷമുള്ളതിനെ കാൽകൊണ്ടു ചവിട്ടിക്കളഞ്ഞു; മുമ്പെ കണ്ട സകല മൃഗങ്ങളിലുംവെച്ചു ഇതു വ്യത്യാസമുള്ളതായിരുന്നു; അതിന്നു പത്തു കൊമ്പു ഉണ്ടായിരുന്നു.

7:8 ഞാൻ ആ കൊമ്പുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ, അവയുടെ ഇടയിൽ മറ്റൊരു ചെറിയ കൊമ്പു മുളെച്ചുവന്നു; അതിനാൽ മുമ്പിലത്തെ കൊമ്പുകളിൽ മൂന്നു വേരോടെ പറിഞ്ഞുപോയി; ഈ കൊമ്പിൽ മനുഷ്യന്റെ കണ്ണുപോലെ കണ്ണും വമ്പു പറയുന്ന വായും ഉണ്ടായിരുന്നു.

7:9 ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു.

7:10 ഒരു അഗ്നിനദി അവന്റെ മുമ്പിൽനിന്നു പുറപ്പെട്ടു ഒഴുകി; ആയിരമായിരം പേർ അവന്നു ശുശ്രൂഷചെയ്തു; പതിനായിരം പതിനായിരം പേർ അവന്റെ മുമ്പാകെ നിന്നു; ന്യായവിസ്താരസഭ ഇരുന്നു; പുസ്തകങ്ങൾ തുറന്നു.

 < 
7:11 കൊമ്പു സംസാരിച്ച വലിലയ വാക്കുകളുടെ ശബ്ദംനിമിത്തം ഞാൻ അന്നേരം നോക്കി; അവർ മൃഗത്തെ കൊല്ലുകയും അതിന്റെ ഉടലിനെ നശിപ്പിച്ചു തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യുവോളം ഞാൻ നോക്കിക്കൊണ്ടിരുന്നു.

7:12 ശേഷം മൃഗങ്ങളോ--അവയുടെ ആധിപത്യത്തിന്നു നീക്കം ഭവിച്ചു; എന്നിട്ടും അവയുടെ ആയുസ്സു ഒരു സമയത്തേക്കും കാലത്തേക്കും നീണ്ടുനിന്നു.

7:13 രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി.

7:14 സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.

7:15 ദാനീയേൽ എന്ന ഞാനോ എന്റെ ഉള്ളിൽ എന്റെ മനസ്സു വ്യസനിച്ചു: എനിക്കു ഉണ്ടായ ദർശനങ്ങളാൽ ഞാൻ പരവശനായി.

 < 
7:16 ഞാൻ അരികെ നില്ക്കുന്നവരിൽ ഒരുത്തന്റെ അടുക്കൽ ചെന്നു അവനോടു ഈ എല്ലാറ്റിന്റെയും സാരം ചോദിച്ചു; അവൻ കാര്യങ്ങളുടെ അർത്ഥം പറഞ്ഞുതന്നു.

7:17 ആ നാലു മഹാമൃഗങ്ങൾ ഭൂമിയിൽ ഉണ്ടാകുവാനിരിക്കുന്ന നാലു രാജാക്കന്മാരാകുന്നു.

7:18 എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.

7:19 എന്നാൽ മറ്റെ സകലമൃഗങ്ങളിലും വെച്ചു വ്യത്യാസമുള്ളതും ഇരിമ്പുപല്ലും താമ്രനഖങ്ങളും ഉള്ളതായി അതിഭയങ്കരമായതും തിന്നുകയും തകർക്കയും ശേഷിച്ചതിനെ കാൽകൊണ്ടു ചവിട്ടിക്കളകയും ചെയ്തതുമായ നാലാമത്തെ മൃഗത്തെക്കുറിച്ചും

7:20 അതിന്റെ തലയിലുള്ള പത്തു കൊമ്പുകളെക്കുറിച്ചു മുളെച്ചുവന്നതും മൂന്നു കൊമ്പു വീഴിച്ചതും കണ്ണും വമ്പു പറയുന്ന വായും ഉള്ളതും കൂട്ടുകൊമ്പുകളെക്കാൾ കാഴ്ചെക്കു വണ്ണമേറിയതുമായ മറ്റെ കൊമ്പിനെക്കുറിച്ചും ഉള്ള വിവരം അറിവാൻ ഞാൻ ഇച്ഛിച്ചു.

 < 
7:21 വയോധികനായവൻ വന്നു അത്യുന്നതനായവന്റെ വിശുദ്ധന്മാർക്കു ന്യായാധിപത്യം നല്കുകയും വിശുദ്ധന്മാർ രാജത്വം കൈവശമാക്കുന്ന കാലം വരികയും ചെയ്യുവോളം

7:22 ആ കൊമ്പു വിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ ജയിക്കുന്നതു ഞാൻ കണ്ടു.

7:23 അവൻ പറഞ്ഞതോ: നാലാമത്തെ മൃഗം ഭൂമിയിൽ നാലാമതായി ഉത്ഭവിപ്പാനുള്ള രാജ്യം തന്നേ; അതു സകലരാജ്യങ്ങളിലുംവെച്ചു വ്യത്യാസമുള്ളതായി സർവ്വഭൂമിയെയും തിന്നു ചവിട്ടിത്തകർത്തുകളയും.

7:24 ഈ രാജ്യത്തുനിന്നുള്ള പത്തു കൊമ്പുകളോ എഴുന്നേല്പാനിരിക്കുന്ന പത്തു രാജാക്കന്മാരാകുന്നു; അവരുടെ ശേഷം മറ്റൊരുത്തൻ എഴുന്നേല്ക്കും; അവൻ മുമ്പിലത്തവരോടു വ്യത്യാസമുള്ളവനായി മൂന്നു രാജാക്കന്മാരെ വീഴിച്ചുകളയും.

7:25 അവൻ അത്യുന്നതനായവന്നു വിരോധമായി വമ്പു പറകയും അത്യുന്നതനായവന്റെ വിശുദ്ധന്മാരെ ഒടുക്കിക്കളകയും സമയങ്ങളെയും നിയമങ്ങളെയും മാറ്റുവാൻ ശ്രമിക്കയും ചെയ്യും; കാലവും കാലങ്ങളും കാലാംശവും അവർ അവന്റെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കും.

 < 
7:26 എന്നാൽ ന്യായവിസ്താരസഭ ഇരുന്നുകൊണ്ടു അവന്റെ ആധിപത്യം എടുത്തുകളഞ്ഞു അന്തംവരെ നശിപ്പിച്ചു മുടിക്കും.

7:27 പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.

7:28 ഇങ്ങനെയാകുന്നു കാര്യത്തിന്റെ സമാപ്തി; ദാനീയേൽ എന്ന ഞാനോ എന്റെ വിചാരങ്ങളാൽ അത്യന്തം പരവശനായി എന്റെ മുഖഭാവവും മാറി; എങ്കിലും ഞാൻ ആ കാര്യം എന്റെ ഹൃദയത്തിൽ സംഗ്രഹിച്ചുവെച്ചു.


* ----------------------------------------

ദാനീയേൽ അദ്ധ്യായം 8  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27

8:1 ദാനീയേൽ എന്ന എനിക്കു ആദിയിൽ ഉണ്ടായതിന്റെ ശേഷം, ബേൽശസ്സർരാജാവിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ ഒരു ദർശനം ഉണ്ടായി.

8:2 ഞാൻ ഒരു ദർശനം കണ്ടു, ഏലാം സംസ്ഥാനത്തിലെ ശൂശൻ രാജധാനിയിൽ ആയിരുന്നപ്പോൾ അതു കണ്ടു; ഞാൻ ഊലായി നദീതീരത്തു നില്ക്കുന്നതായി ദർശനത്തിൽ കണ്ടു.

8:3 ഞാൻ തലപൊക്കിയപ്പോൾ, രണ്ടു കൊമ്പുള്ള ഒരു ആട്ടുകൊറ്റൻ നദീതീരത്തു നില്ക്കുന്നതു കണ്ടു; ആ കൊമ്പുകൾ നീണ്ടവയായിരുന്നു; ഒന്നു മറ്റേതിനെക്കാൾ അധികം നീണ്ടതു; അധികം നീണ്ടതു ഒടുക്കം മുളെച്ചുവന്നതായിരുന്നു.

8:4 ആ ആട്ടുകൊറ്റൻ പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും ഇടിക്കുന്നതു ഞാൻ കണ്ടു; ഒരു മൃഗത്തിന്നും അതിന്റെ മുമ്പാകെ നില്പാൻ കഴിഞ്ഞില്ല; അതിന്റെ കയ്യിൽനിന്നു രക്ഷിക്കാകുന്നവനും ആരുമില്ല; അതു ഇഷ്ടംപോലെ ചെയ്തു വമ്പു കാട്ടിപ്പോന്നു.

8:5 ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ, ഒരു കോലാട്ടുകൊറ്റൻ പടിഞ്ഞാറു നിന്നു നിലം തൊടാതെ സർവ്വ ഭൂതലത്തിലും കൂടിവന്നു; ആ കോലാട്ടുകൊറ്റന്നു കണ്ണുകളുടെ നടുവിൽ വിശേഷമായൊരു കൊമ്പുണ്ടായിരുന്നു.

 < 
8:6 അതു നദീതീരത്തു നില്ക്കുന്നതായി ഞാൻ കണ്ട രണ്ടു കൊമ്പുള്ള ആട്ടുകൊറ്റന്റെ നേരെ ഉഗ്രക്രോധത്തോടെ പാഞ്ഞു ചെന്നു.

8:7 അതു ആട്ടുകൊറ്റനോടു അടുക്കുന്നതു ഞാൻ കണ്ടു; അതു ആട്ടുകൊറ്റനോടു ക്രുദ്ധിച്ചു, അതിനെ ഇടിച്ചു അതിന്റെ കൊമ്പു രണ്ടും തകർത്തുകളഞ്ഞു; അതിന്റെ മുമ്പിൽ നില്പാൻ ആട്ടുകൊറ്റന്നു ശക്തിയില്ലാതെയിരുന്നു; അതു അതിനെ നിലത്തു തള്ളിയിട്ടു ചവിട്ടിക്കളഞ്ഞു; അതിന്റെ കയ്യിൽനിന്നു ആട്ടുകൊറ്റനെ രക്ഷിപ്പാൻ ആരും ഉണ്ടായിരുന്നില്ല.

8:8 കോലാട്ടുകൊറ്റൻ ഏറ്റവും വലുതായിത്തീർന്നു; എന്നാൽ അതു ബലപ്പെട്ടപ്പോൾ വലിയ കൊമ്പു തകർന്നുപോയി; അതിന്നു പകരം ആകാശത്തിലെ നാലു കാറ്റിന്നു നേരെ ഭംഗിയുള്ള നാലു കൊമ്പു മുളെച്ചുവന്നു.

8:9 അവയിൽ ഒന്നിൽനിന്നു ഒരു ചെറിയ കൊമ്പു പുറപ്പെട്ടു; അതു തെക്കോട്ടും കിഴക്കോട്ടും മനോഹരദേശത്തിന്നു നേരെയും ഏറ്റവും വലുതായിത്തീർന്നു.

8:10 അതു ആകാശത്തിലെ സൈന്യത്തോളം വലുതായിത്തീർന്നു, സൈന്യത്തിലും നക്ഷത്രങ്ങളിലും ചിലതിനെ നിലത്തു തള്ളിയിട്ടു ചവിട്ടിക്കളഞ്ഞു.

 < 
8:11 അതു സൈന്യത്തിന്റെ അധിപതിയോളം തന്നെത്താൻ വലുതാക്കി, അവന്നുള്ള നിരന്തരഹോമയാഗം അപഹരിക്കയും അവന്റെ വിശുദ്ധമന്ദിരം ഇടിച്ചുകളകയും ചെയ്തു.

8:12 അതിക്രമം ഹേതുവായി നിരന്തരഹോമയാഗത്തിന്നെതിരായി ഒരു സേവ നിയമിക്കപ്പെടും; അതു സത്യത്തെ നിലത്തു തള്ളിയിടുകയും കാര്യം നടത്തി സാധിപ്പിക്കയും ചെയ്യും.

8:13 അനന്തരം ഒരു വിശുദ്ധൻ സംസാരിക്കുന്നതു ഞാൻ കേട്ടു; സംസാരിച്ചുകൊണ്ടിരുന്ന വിശുദ്ധനോടു മറ്റൊരു വിശുദ്ധൻ: വിശുദ്ധമന്ദിരത്തെയും സേവയെയും ചവിട്ടിക്കളയേണ്ടതിന്നു ഏല്പിച്ചുകൊടുപ്പാൻ തക്കവണ്ണം നിരന്തരഹോമയാഗത്തെയും ശൂന്യമാക്കുന്ന അതിക്രമത്തെയും കുറിച്ചു ദർശനത്തിൽ കണ്ടിരിക്കുന്നതു എത്രത്തോളം നില്ക്കും എന്നു ചോദിച്ചു.

8:14 അതിന്നു അവൻ അവനോടു: രണ്ടായിരത്തിമുന്നൂറു സന്ധ്യയും ഉഷസ്സും തികയുവോളം തന്നേ; പിന്നെ വിശുദ്ധമന്ദിരം യഥാസ്ഥാനപ്പെടും.

8:15 എന്നാൽ ദാനീയേലെന്ന ഞാൻ ഈ ദർശനം കണ്ടിട്ടു അർത്ഥം ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പുരുഷരൂപം എന്റെ മുമ്പിൽ നില്ക്കുന്നതു കണ്ടു.

 < 
8:16 ഗബ്രീയേലേ, ഇവന്നു ഈ ദർശനം ഗ്രഹിപ്പിച്ചുകൊടുക്ക എന്നു ഊലായിതീരത്തുനിന്നു വിളിച്ചുപറയുന്ന ഒരു മനഷ്യന്റെ ശബ്ദം ഞാൻ കേട്ടു.

8:17 അപ്പോൾ ഞാൻ നിന്നെടത്തു അവൻ അടുത്തുവന്നു; അവൻ വന്നപ്പോൾ ഞാൻ ഭയപ്പെട്ടു സാഷ്ടാംഗം വീണു; എന്നാൽ അവൻ എന്നോടു: മനുഷ്യപുത്രാ, ഗ്രഹിച്ചുകൊൾക; ഈ ദർശനം അന്ത്യകാലത്തേക്കുള്ളതാകുന്നു എന്നു പറഞ്ഞു.

8:18 അവൻ എന്നോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ ബോധംകെട്ടു നിലത്തു കവിണ്ണു വീണു; അവൻ എന്നെ തൊട്ടു എഴുന്നേല്പിച്ചു നിർത്തി.

8:19 പിന്നെ അവൻ പറഞ്ഞതു: കോപത്തിന്റെ അന്ത്യകാലത്തിങ്കൽ സംഭവിപ്പാനിരിക്കുന്നതു ഞാൻ നിന്നെ ഗ്രഹിപ്പിക്കും; അതു അന്ത്യകാലത്തേക്കുള്ളതല്ലോ.

8:20 രണ്ടുകൊമ്പുള്ളതായി നീ കണ്ട ആട്ടുകൊറ്റൻ പാർസ്യ രാജാക്കന്മാരെ കുറിക്കുന്നു.

 < 
8:21 പരുപരുത്ത കോലാട്ടുകൊറ്റൻ യവനരാജാവും അതിന്റെ കണ്ണുകളുടെ നടുവിലുള്ള വലിയ കൊമ്പു ഒന്നാമത്തെ രാജാവും ആകുന്നു.

8:22 അതു തകർന്ന ശേഷം അതിന്നു പകരം നാലു കൊമ്പു മുളെച്ചതോ: നാലു രാജ്യം ആ ജാതിയിൽനിന്നുത്ഭവിക്കും; അതിന്റെ ശക്തിയോടെ അല്ലതാനും.

8:23 എന്നാൽ അവരുടെ രാജത്വത്തിന്റെ അന്ത്യകാലത്തു അതിക്രമക്കാരുടെ അതിക്രമം തികയുമ്പോൾ, ഉഗ്രഭാവവും ഉപായബുദ്ധിയും ഉള്ളോരു രാജാവു എഴുന്നേല്ക്കും.

8:24 അവന്റെ അധികാരം വലുതായിരിക്കും; സ്വന്ത ശക്തിയാൽ അല്ലതാനും; അവൻ അതിശയമാംവണ്ണം നാശം പ്രവർത്തിക്കയും കൃതാർത്ഥനായി അതു അനുഷ്ഠിക്കയും പലരെയും വിശുദ്ധ ജനത്തെയും നശിപ്പിക്കയും ചെയ്യും.

8:25 അവൻ നയബുദ്ധിയാൽ തന്റെ ഉപായം സാധിപ്പിക്കയും സ്വഹൃദയത്തിൽ വമ്പു ഭാവിച്ചു, നിശ്ചിന്തയോടെയിരിക്കുന്ന പലരെയും നശിപ്പിക്കയും കർത്താധികർത്താവിനോടു എതിർത്തുനിന്നു കൈ തൊടാതെ തകർന്നുപോകയും ചെയ്യും.

 < 
8:26 സന്ധ്യകളെയും ഉഷസ്സുകളെയും കുറിച്ചു പറഞ്ഞിരിക്കുന്ന ദർശനം സത്യമാകുന്നു; ദർശനം ബഹുകാലത്തേക്കുള്ളതാകയാൽ അതിനെ അടെച്ചുവെക്ക.

8:27 എന്നാൽ ദാനിയേലെന്ന ഞാൻ ബോധംകെട്ടു, കുറെ ദിവസം ദീനമായ്ക്കിടന്നു; അതിന്റെ ശേഷം ഞാൻ എഴുന്നേറ്റു രാജാവിന്റെ പ്രവൃത്തിനോക്കി; ഞാൻ ദർശനത്തെക്കുറിച്ചു വിസ്മയിച്ചു; ആർക്കും അതു മനസ്സിലായില്ലതാനും.


* ----------------------------------------

ദാനീയേൽ അദ്ധ്യായം 9  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27

9:1 കല്ദയ രാജ്യത്തിന്നു രാജാവായിത്തീർന്നവനും മേദ്യസന്തതിയിൽ ഉള്ള അഹശ്വേരോശിന്റെ മകനുമായ ദാർയ്യാവേശിന്റെ ഒന്നാം ആണ്ടിൽ,

9:2 അവന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ തന്നേ, ദാനീയേൽ എന്ന ഞാൻ: യെരൂശലേമിന്റെ ശൂന്യാവസ്ഥ എഴുപതു സംവത്സരംകൊണ്ടു തീരും എന്നിങ്ങനെ യഹോവയുടെ അരുളപ്പാടു യിരെമ്യാപ്രവാചകന്നുണ്ടായ പ്രകാരം ഒരു കാലസംഖ്യ പുസ്തകങ്ങളിൽനിന്നു ഗ്രഹിച്ചു.

9:3 അപ്പോൾ ഞാൻ ഉപവസിച്ചും രട്ടുടുത്തും വെണ്ണീരിൽ ഇരുന്നും കൊണ്ടു പ്രാർത്ഥനയോടും യാചനകളോടും കൂടെ അപേക്ഷിക്കേണ്ടതിന്നു ദൈവമായ കർത്താവിങ്കലേക്കു മുഖം തിരിച്ചു.

9:4 എന്റെ ദൈവമായ യഹോവയോടു ഞാൻ പ്രാർത്ഥിച്ചു ഏറ്റുപറഞ്ഞതെന്തെന്നാൽ: തന്നെ സ്നേഹിക്കുന്നവർക്കും തന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കും നിയമവും ദയയും പരിപാലിക്കുന്നവനായി മഹാനും ഭയങ്കരനുമായ ദൈവമായ കർത്താവേ,

9:5 ഞങ്ങൾ പാപം ചെയ്തു, വികടമായി നടന്നു, ദുഷ്ടത പ്രവർത്തിച്ചു; ഞങ്ങൾ മത്സരിച്ചു നിന്റെ കല്പനകളും വിധികളും വിട്ടുമാറിയിരിക്കുന്നു.

 < 
9:6 ഞങ്ങളുടെ രാജാക്കന്മാരോടും പ്രഭുക്കന്മാരോടും പിതാക്കന്മാരോടും ദേശത്തിലെ സകലജനത്തോടും നിന്റെ നാമത്തിൽ സംസാരിച്ച നിന്റെ ദാസന്മാരായ പ്രവാചകന്മാരുടെ വാക്കു ഞങ്ങൾ കേട്ടനുസരിച്ചതുമില്ല.

9:7 കർത്താവേ, നിന്റെ പക്കൽ നീതിയുണ്ടു; ഞങ്ങൾക്കോ ഇന്നുള്ളതു പോലെ ലജ്ജയത്രേ; നിന്നോടു ദ്രോഹിച്ചിരിക്കുന്ന ദ്രോഹം ഹേതുവായി നീ അവരെ നീക്കിക്കളഞ്ഞിരിക്കുന്ന സകലദേശങ്ങളിലും സമീപസ്ഥരും ദൂരസ്ഥരുമായ യെഹൂദാപുരുഷന്മാർക്കും യെരൂശലേംനിവാസികൾക്കും എല്ലായിസ്രായേലിന്നും തന്നേ.

9:8 കർത്താവേ, ഞങ്ങൾ നിന്നോടു പാപം ചെയ്തിരിക്കയാൽ ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പിതാക്കന്മാരും ലജ്ജിക്കേണ്ടതു തന്നേ.

9:9 ഞങ്ങുടെ ദൈവമായ കർത്താവിന്റെ പക്കൽ കരുണയും മോചനവും ഉണ്ടു; ഞങ്ങളോ അവനോടു മത്സരിച്ചു.

9:10 അവൻ തന്റെ ദാസന്മാരായ പ്രവാചകന്മാർ മുഖാന്തരം ഞങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്ന ന്യായപ്രമാണപ്രകാരം നടപ്പാൻ ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേട്ടനുസരിച്ചില്ല.

 < 
9:11 യിസ്രായേലൊക്കെയും നിന്റെ വചനം കേട്ടനുസരിക്കാതെ വിട്ടുമാറി നിന്റെ ന്യായപ്രമാണം ലംഘിച്ചിരിക്കുന്നു; ഇങ്ങനെ ഞങ്ങൾ അവനോടു പാപം ചെയ്തിരിക്കയാൽ ദൈവത്തിന്റെ ദാസനായ മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന ശാപവും ആണയും ഞങ്ങളുടെമേൽ ചൊരിഞ്ഞിരിക്കുന്നു.

9:12 അവൻ വലിയ അനർത്ഥം ഞങ്ങളുടെ മേൽ വരുത്തിയതിനാൽ ഞങ്ങൾക്കും ഞങ്ങൾക്കു ന്യായപാലനം നടത്തിവന്ന ന്യായാധിപന്മാർക്കും വിരോധമായി താൻ അരുളിച്ചെയ്ത വചനങ്ങളെ നിവർത്തിച്ചിരിക്കുന്നു; യെരൂശലേമിൽ സംഭവിച്ചതുപോലെ ആകാശത്തിൻ കീഴിലെങ്ങും സംഭവിച്ചിട്ടില്ലല്ലോ.

9:13 മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഞങ്ങൾക്കു ഈ അനർത്ഥം ഒക്കെയും വന്നിരിക്കുന്നു; എന്നിട്ടും ഞങ്ങൾ ഞങ്ങളുടെ അകൃത്യങ്ങളെ വിട്ടുതിരിഞ്ഞു നിന്റെ സത്യത്താൽ ബുദ്ധിപഠിക്കേണ്ടതിന്നു ഞങ്ങളുടെ ദൈവമായ യഹോവയുടെ കൃപെക്കായി യാചിച്ചില്ല.

9:14 അതുകൊണ്ടു യഹോവ അനർത്ഥത്തിന്നായി ജാഗരിച്ചിരുന്നു അതു ഞങ്ങളുടെമേൽ വരുത്തിയിരിക്കുന്നു; ഞങ്ങളുടെ ദൈവമായ യഹോവ താൻ ചെയ്യുന്ന സകല പ്രവൃത്തികളിലും നീതിമാനാകുന്നു; ഞങ്ങളോ അവന്റെ വചനം കേട്ടനുസരിച്ചില്ല.

9:15 നിന്റെ ജനത്തെ ബലമുള്ള കൈകൊണ്ടു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നു, ഇന്നുള്ളതുപോലെ നിനക്കു ഒരു നാമം ഉണ്ടാക്കിയവനായി ഞങ്ങളുടെ ദൈവമായ കർത്താവേ, ഞങ്ങൾ പാപം ചെയ്തു ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു.

 < 
9:16 കർത്താവേ, നിന്റെ സർവ്വനീതിക്കും ഒത്തവണ്ണം നിന്റെ കോപവും ക്രോധവും നിന്റെ വിശുദ്ധപർവ്വതമായ യെരൂശലേം നഗരത്തിൽനിന്നു നീങ്ങിപ്പോകുമാറാകട്ടെ; ഞങ്ങളുടെ പാപങ്ങൾനിമിത്തവും ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങൾനിമിത്തവും യെരൂശലേമും നിന്റെ ജനവും ഞങ്ങൾക്കു ചുറ്റും ഉള്ള എല്ലാവർക്കും നിന്ദയായി തീർന്നിരിക്കുന്നുവല്ലോ.

9:17 ആകയാൽ ഞങ്ങളുടെ ദൈവമേ, അടിയന്റെ പ്രാർത്ഥനയും യാചനകളും കേട്ടു ശൂന്യമായിരിക്കുന്ന നിന്റെ വിശുദ്ധമന്ദിരത്തിന്മേൽ കർത്താവിൻ നിമിത്തം തിരുമുഖം പ്രകാശിക്കുമാറാക്കേണമേ.

9:18 എന്റെ ദൈവമേ, ചെവി ചായിച്ചു കേൾക്കേണമേ; കണ്ണു തുറന്നു ഞങ്ങളുടെ നാശങ്ങളെയും നിന്റെ നാമം വിളിച്ചിരിക്കുന്ന നഗരത്തെയും കടാക്ഷിക്കേണമേ; ഞങ്ങൾ ഞങ്ങളുടെ നീതിപ്രവൃത്തികളിൽ അല്ല, നിന്റെ മഹാകരുണയിൽ അത്രേ ആശ്രയിച്ചുകൊണ്ടു ഞങ്ങളുടെ യാചനകളെ തിരുസന്നിധിയിൽ ബോധിപ്പിക്കുന്നു.

9:19 കർത്താവേ, കേൾക്കേണമേ; കർത്താവേ, ക്ഷമിക്കേണമേ; കർത്താവേ, ചെവിക്കൊണ്ടു പ്രവർത്തിക്കേണമേ; എന്റെ ദൈവമേ, നിന്നെത്തന്നെ ഓർത്തു തമാസിക്കരുതേ; നിന്റെ നാമം വിളിച്ചിരിക്കുന്നുവല്ലോ.

9:20 ഇങ്ങനെ ഞാൻ പ്രാർത്ഥിക്കയും എന്റെ പാപവും എന്റെ ജനമായ യിസ്രായേലിന്റെ പാപവും ഏറ്റുപറകയും എന്റെ ദൈവത്തിന്റെ വിശുദ്ധപർവ്വതത്തിന്നു വേണ്ടി എന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ അപേക്ഷ കഴിക്കയും ചെയ്തുകൊണ്ടിരിക്കുമ്പോൾ,

 < 
9:21 ഞാൻ എന്റെ പ്രാർത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ, ആദിയിങ്കൽ ഞാൻ അത്യന്തം ക്ഷീണിച്ചിരുന്ന സമയം ദർശനത്തിൽ കണ്ട ഗബ്രീയേൽ എന്ന പുരുഷൻ ഏകദേശം സന്ധ്യായാഗത്തിന്റെ നേരത്തു എന്നോടു അടുത്തുവന്നു.

9:22 അവൻ വന്നു എന്നോടു പറഞ്ഞതെന്തെന്നാൽ: ദാനീയേലേ, നിനക്കു ബുദ്ധി ഉപദേശിച്ചുതരേണ്ടതിന്നു ഞാൻ ഇപ്പോൾ വന്നിരിക്കുന്നു.

9:23 നീ ഏറ്റവും പ്രിയനാകയാൽ നിന്റെ യാചനകളുടെ ആരംഭത്തിങ്കൽ തന്നേ കല്പന പുറപ്പെട്ടു, നിന്നോടു അറിയിപ്പാൻ ഞാൻ വന്നുമിരിക്കുന്നു; അതുകൊണ്ടു നീ കാര്യം ചിന്തിച്ചു ദർശനം ഗ്രഹിച്ചുകൊൾക.

9:24 അതിക്രമത്തെ തടസ്ഥം ചെയ്തു പാപങ്ങളെ മുദ്രയിടുവാനും അകൃത്യത്തിന്നു പ്രായശ്ചിത്തം ചെയ്തു നിത്യനീതി വരുത്തുവാനും ദർശനവും പ്രവചനവും മുദ്രയിടുവാനും അതിപരിശുദ്ധമായതിനെ അഭിഷേകം ചെയ്‍വാനും തക്കവണ്ണം നിന്റെ ജനത്തിന്നും വിശുദ്ധനഗരത്തിന്നും എഴുപതു ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു.

9:25 അതുകൊണ്ടു നീ അറിഞ്ഞു ഗ്രഹിച്ചുകൊള്ളേണ്ടതെന്തെന്നാൽ: യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായോരു പ്രഭുവരെ ഏഴു ആഴ്ചവട്ടം; അറുപത്തുരണ്ടു ആഴ്ചവട്ടംകൊണ്ടു അതിനെ വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളിൽ തന്നേ വീണ്ടും പണിയും.

 < 
9:26 അറുപത്തു രണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തൻ ഛേദിക്കപ്പെടും; അവന്നു ആരും ഇല്ലെന്നു വരും; പിന്നെ വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യങ്ങളും നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.

9:27 അവൻ ഒരു ആഴ്ചവട്ടത്തേക്കു പലരോടും നിയമത്തെ കഠിനമാക്കും; ആഴ്ചവട്ടത്തിന്റെ മദ്ധ്യേ അവൻ ഹനനയാഗവും ഭോജനയാഗവും നിർത്തലാക്കിളക്കയും; മ്ളേച്ഛതകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരും; നിർണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ശൂന്യമാക്കുന്നവന്റെ മേൽ കോപം ചൊരിയും.


* ----------------------------------------

ദാനീയേൽ അദ്ധ്യായം 10  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21

10:1 പാർസിരാജാവായ കോരെശിന്റെ മൂന്നാം ആണ്ടിൽ ബേൽത്ത് ശസ്സർ എന്നു പേരുള്ള ദാനീയേലിന്നു ഒരു കാര്യം വെളിപ്പെട്ടു; ആ കാര്യം സത്യവും മഹാകഷ്ടമുള്ളതും ആയിരുന്നു; അവൻ ആ കാര്യം ചിന്തിച്ചു ദർശനത്തിന്നു ശ്രദ്ധവെച്ചു.

10:2 ആ കാലത്തു ദാനീയേൽ എന്ന ഞാൻ മൂന്നു ആഴ്ചവട്ടം മുഴുവനും ദുഃഖിച്ചുകൊണ്ടിരുന്നു.

10:3 മൂന്നു ആഴ്ചവട്ടം മുഴവനും കഴിയുവോളം ഞാൻ സ്വാദുഭോജനം ഭക്ഷിക്കയോ മാംസവും വീഞ്ഞും ആസ്വദിക്കയോ ചെയ്തിട്ടില്ല; എണ്ണ തേച്ചിട്ടുമില്ല.

10:4 എന്നാൽ ഒന്നാം മാസം ഇരുപത്തുനാലാം തിയ്യതി ഞാൻ ഹിദ്ദേക്കൽ എന്ന മഹാ നദീതീരത്തു ഇരിക്കയിൽ തലപൊക്കി നോക്കിപ്പോൾ,

10:5 ശണവസ്ത്രം ധരിച്ചും അരെക്കു ഊഫാസ് തങ്കംകൊണ്ടുള്ള കച്ച കെട്ടിയും ഇരിക്കുന്ന ഒരു പുരുഷനെ കണ്ടു.

 < 
10:6 അവന്റെ ദേഹം ഗോമേദകംപോലെയും മുഖം മിന്നൽ പ്രകാശംപോലെയും കണ്ണു തീപ്പന്തംപോലെയും ഭുജങ്ങളും കാലുകളും മിനുക്കിയ താമ്രത്തിന്റെ വർണ്ണംപോലെയും അവന്റെ വാക്കുകളുടെ ശബ്ദം ഒരു പുരുഷാരത്തിന്റെ ആരവംപോലെയും ആയിരുന്നു.

10:7 ദാനീയേൽ എന്ന ഞാൻ മാത്രം ഈ ദർശനം കണ്ടു; എന്നോടുകൂടെ ഉണ്ടായിരുന്ന ആളുകൾ ദർശനം കണ്ടില്ല; എങ്കിലും ഒരു മഹാഭ്രമം അവർക്കു പിടിച്ചിട്ടു അവർ ഓടിയൊളിച്ചു.

10:8 അങ്ങനെ ഞാൻ തനിച്ചു ശേഷിച്ചിരുന്നു ഈ മഹാദർശനം കണ്ടു; എന്നിൽ ഒട്ടും ബലം ശേഷിച്ചിരുന്നില്ല; എന്റെ മുഖശോഭ ക്ഷയിച്ചുപോയി; എനിക്കു ഒട്ടും ബലം ഇല്ലാതെയും ആയി.

10:9 എന്നാൽ ഞാൻ അവന്റെ വാക്കുകളുടെ ശബ്ദം കേട്ടു; അവന്റെ വാക്കുകളുടെ ശബ്ദം കേട്ടപ്പോൾ ഞാൻ ബോധംകെട്ടു നിലത്തു കവിണ്ണുവീണു.

10:10 എന്നാറെ ഒരു കൈ എന്നെ തൊട്ടു, എന്നെ മുഴങ്കാലും ഉള്ളങ്കയ്യും ഊന്നി വിറയലോടെ നില്ക്കുമാറാക്കി.

 < 
10:11 അവൻ എന്നോടു: ഏറ്റവും പ്രിയപുരുഷനായ ദാനീയേലേ, ഞാൻ നിന്നോടു പറയുന്ന വചനങ്ങളെ ശ്രദ്ധിച്ചു നിവിർന്നുനിൽക്ക; ഞാൻ ഇപ്പോൾ നിന്റെ അടുക്കൽ അയക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു; അവൻ ഈ വാക്കു എന്നോടു സംസാരിച്ചപ്പോൾ ഞാൻ വിറെച്ചുകൊണ്ടു നിവിർന്നുനിന്നു.

10:12 അവൻ എന്നോടു പറഞ്ഞതു: ദാനീയേലേ, ഭയപ്പെടേണ്ടാ; നീ തിരിച്ചറിയേണ്ടതിന്നും നിന്റെ ദൈവത്തിന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തേണ്ടതിന്നും മനസ്സുവെച്ച ആദ്യദിവസംമുതൽ നിന്റെ വാക്കു കേട്ടിരിക്കുന്നു; നിന്റെ വാക്കു ഹേതുവായി തന്നേ ഞാൻ വന്നിരിക്കുന്നു.

10:13 പാർസിരാജ്യത്തിന്റെ പ്രഭു ഇരുപത്തൊന്നു ദിവസം എന്നോടു എതിർത്തുനിന്നു; എങ്കിലും പ്രധാന പ്രഭുക്കന്മാരിൽ ഒരുത്തനായ മീഖായേൽ എന്നെ സഹായിപ്പാൻ വന്നു: അവനെ ഞാൻ പാർസിരാജാക്കന്മാരോടുകൂടെ അവിടെ വിട്ടേച്ചു,

10:14 നിന്റെ ജനത്തിന്നു ഭാവികാലത്തു സംഭവിപ്പാനുള്ളതു നിന്നെ ഗ്രഹിപ്പിക്കേണ്ടതിന്നു ഇപ്പോൾ വന്നിരിക്കുന്നു; ദർശനം ഇനിയും ബഹുകാലത്തേക്കുള്ളതാകുന്നു.

10:15 അവൻ ഈ വാക്കുകളെ എന്നോടു സംസാരിക്കുമ്പോൾ ഞാൻ മുഖം കുനിച്ചു ഊമനായ്തീർന്നു.

 < 
10:16 അപ്പോൾ മനുഷ്യരോടു സദൃശനായ ഒരുത്തൻ എന്റെ അധരങ്ങളെ തൊട്ടു; ഉടനെ ഞാൻ വായ്തുറന്നു സംസാരിച്ചു; എന്റെ മുമ്പിൽ നിന്നവനോടു: യജമാനനേ, ഈ ദർശനംനിമിത്തം എനിക്കു അതി വേദന പിടിപെട്ടു ശക്തിയില്ലാതായിരിക്കുന്നു.

10:17 അടിയന്നു യജമാനനോടു സംസാരിപ്പാൻ എങ്ങനെ കഴിയും? എനിക്കു പെട്ടെന്നു ശക്തിയില്ലാതായി ശ്വാസം ശേഷിച്ചിരിപ്പില്ല എന്നു പറഞ്ഞു.

10:18 അപ്പോൾ മനുഷ്യസാദൃശ്യത്തിലുള്ളവൻ പിന്നെയും വന്നു എന്നെ തൊട്ടു ബലപ്പെടുത്തി:

10:19 ഏറ്റവും പ്രിയപുരുഷാ, ഭിയപ്പെടേണ്ടാ; നിനക്കു സമാധാനം! ബലപ്പെട്ടിരിക്ക, ബലപ്പെട്ടിരിക്ക എന്നു പറഞ്ഞു; അവൻ എന്നോടു സംസാരിച്ചപ്പോൾ ഞാൻ ബലപ്പെട്ടു: യജമാനനേ, സംസാരിക്കേണമേ; നീ എന്നെ ബലപ്പെടുത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

10:20 അതിന്നു അവൻ എന്നോടു പറഞ്ഞതു: ഞാൻ നിന്റെ അടുക്കൽ വന്നിരിക്കുന്നതു എന്തിനെന്നു നീ അറിയുന്നുവോ? ഞാൻ ഇപ്പോൾ പാർസിപ്രഭുവിനോടു യുദ്ധംചെയ്‍വാൻ മടങ്ങിപ്പോകും; ഞാൻ പുറപ്പെട്ട ശേഷമോ, യവന പ്രഭു വരും.

 < 
10:21 എന്നാൽ സത്യഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതു ഞാൻ നിന്നെ അറിയിക്കാം: നിങ്ങളുടെ പ്രഭുവായ മീഖായേൽ അല്ലാതെ ഈ കാര്യങ്ങളിൽ എന്നോടുകൂടെ ഉറെച്ചുനില്ക്കുന്നവൻ ആരും ഇല്ല.


* ----------------------------------------

ദാനീയേൽ അദ്ധ്യായം 11  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45

11:1 ഞാനോ മേദ്യനായ ദാർയ്യാവേശിന്റെ ഒന്നാം ആണ്ടിൽ അവനെ ഉറപ്പിപ്പാനും ബലപ്പെടുത്തുവാനും എഴുന്നേറ്റുനിന്നു.

11:2 ഇപ്പോഴോ, ഞാൻ നിന്നോടു സത്യം അറിയിക്കാം: പാർസിദേശത്തു ഇനി മൂന്നു രാജാക്കന്മാർ എഴുന്നേല്ക്കും; നാലാമത്തവൻ എല്ലാവരിലും അധികം ധനവാനായിരിക്കും; അവൻ ധനംകൊണ്ടു ശക്തിപ്പെട്ടുവരുമ്പോൾ എല്ലാവരെയും യവനരാജ്യത്തിന്നു നേരെ ഉദ്യോഗിപ്പിക്കും.

11:3 പിന്നെ വിക്രമനായൊരു രാജാവു എഴുന്നേല്ക്കും; അവൻ വലിയ അധികാരത്തോടെ വാണു ഇഷ്ടംപോലെ പ്രവർത്തിക്കും.

11:4 അവൻ നില്ക്കുമ്പോൾ തന്നേ, അവന്റെ രാജ്യം തകർന്നു, ആകാശത്തിലെ നാലു കാറ്റിലേക്കും ഭേദിച്ചു പോകും; അതു അവന്റെ സന്തതിക്കല്ല അവൻ വാണിരുന്ന അധികാരംപോലയുമല്ല അവന്റെ രാജത്വം നിർമ്മൂലമായി അവർക്കല്ല അന്യർക്കും അധീനമാകും.

11:5 എന്നാൽ തെക്കെ ദേശത്തിലെ രാജാവു പ്രാബല്യം പ്രാപിക്കും; അവന്റെ പ്രഭുക്കന്മാരിൽ ഒരുത്തൻ അവനെക്കാൾ പ്രബലനായി വാഴും; അവന്റെ ആധിപത്യം മഹാധിപത്യമായ്തീരും.

 < 
11:6 കുറെക്കാലം കഴിഞ്ഞിട്ടു അവർ തമ്മിൽ ഏകോപിക്കും; തെക്കെ ദേശത്തിലെ രാജാവിന്റെ മകൾ വടക്കെദേശത്തിലെ രാജാവിന്റെ അടുക്കൽ ഉടമ്പടി ചെയ്‍വാൻ വരും; എങ്കിലും അതു നിൽക്കയില്ല; അവനും അവന്റെ സാഹിത്യവും നിലനിൽക്കയുമില്ല; അവളും അവളെ കൊണ്ടുചെന്നവരും അവളുടെ ജനകനും അവളെ തുണെച്ചവനും ഭീതിവിഷയങ്ങളായ്തീരും.

11:7 എന്നാൽ അവന്നു പകരം അവളുടെ വേരിൽനിന്നു മുളെച്ച തൈയായ ഒരുവൻ എഴുന്നേല്ക്കും; അവൻ ബലം പ്രാപിച്ചു വടക്കെദേശത്തിലെ രാജാവിന്റെ കോട്ടയിൽ കടന്നു അവരുടെ നേരെ പ്രവർത്തിച്ചു ജയിക്കും.

11:8 അവരുടെ ദേവന്മാരെയും ബിംബങ്ങളെയും വെള്ളിയും പൊന്നുംകൊണ്ടുള്ള മനോഹരവസ്തുക്കളെയും അവൻ എടുത്തു മിസ്രയീമിലേക്കു കൊണ്ടുപോകും; പിന്നെ അവൻ കുറെ സംവത്സരത്തോളം വടക്കെദേശത്തിലെ രാജാവിനോടു പൊരുതാതിരിക്കും.

11:9 അവൻ തെക്കെ ദേശത്തിലെ രാജാവിന്റെ രാജ്യത്തേക്കു ചെന്നു സ്വദേശത്തേക്കു മടങ്ങിപ്പോരും.

11:10 അവന്റെ പുത്രന്മാരോ വീണ്ടും യുദ്ധം ആരംഭിക്കയും ബഹുപുരുഷാരം അടങ്ങിയ മഹാസൈന്യങ്ങളെ ശേഖരിക്കയും ചെയ്യും; അതു വന്നു കവിഞ്ഞു കടന്നുപോകും; പിന്നെ അവൻ മടങ്ങിച്ചെന്നു അവന്റെ കോട്ടവരെ യുദ്ധം നടത്തും

 < 
11:11 അപ്പോൾ തെക്കെദേശത്തിലെ രാജാവു ദ്വേഷ്യംപൂണ്ടു പുറപ്പെട്ടു വടക്കെദേശത്തിലെ രാജാവിനോടു യുദ്ധം ചെയ്യും; അവൻ വലിയോരു സമൂഹത്തെ അണിനിരത്തും; എന്നാൽ ആ സമൂഹം മറ്റവന്റെ കയ്യിൽ ഏല്പിക്കപ്പെടും.

11:12 ആ ജനസമൂഹം മുടിഞ്ഞുപോകും; അവന്റെ ഹൃദയം ഗർവ്വിച്ചു, അവൻ പതിനായിരം പതിനായിരം പേരെ വീഴുമാറാക്കും; എങ്കിലും അവൻ പ്രാബല്യം പ്രാപിക്കയില്ല.

11:13 വടക്കെദേശത്തിലെ രാജാവു മടങ്ങിവന്നു, മുമ്പിലത്തേതിനെക്കാൾ വലിയോരു ജനസമൂഹത്തെ അണിനിരത്തും; ചില സംവത്സരം കഴിഞ്ഞിട്ടു അവൻ വലിയോരു സൈന്യത്തോടും വളരെ സമ്പത്തോടുംകൂടെ പോരും.

11:14 ആ കാലത്തു പലരും തെക്കെദേശത്തിലെ രാജാവിന്റെ നേരെ എഴുന്നേല്ക്കും; നിന്റെ ജനത്തിലുള്ള അക്രമികൾ ദർശനത്തെ നിവർത്തിപ്പാൻ തക്കവണ്ണം മത്സരിക്കും; എങ്കിലും അവർ ഇടറിവീഴും.

11:15 എന്നാൽ വടക്കെദേശത്തിലെ രാജാവു വന്നു വാടകോരി ഉറപ്പുള്ള പട്ടണങ്ങളെ പിടിക്കും; തെക്കെപടക്കൂട്ടങ്ങളും അവന്റെ ശ്രേഷ്ഠജനവും ഉറെച്ചുനിൽക്കയില്ല; ഉറെച്ചുനില്പാൻ അവർക്കു ശക്തിയുണ്ടാകയുമില്ല.

 < 
11:16 അവന്റെ നേരെ വരുന്നവൻ ഇഷ്ടംപോലെ പ്രവർത്തിക്കും. ആരും അവന്റെ മുമ്പാകെ നിൽക്കയില്ല; അവൻ മനോഹരദേശത്തു നില്ക്കും; അവന്റെ കയ്യിൽ സംഹാരം ഉണ്ടായിരിക്കും.

11:17 അവൻ തന്റെ സർവ്വരാജ്യത്തിന്റെയും ശക്തിയോടുകൂടെ വരുവാൻ താല്പര്യം വെക്കും; എന്നാൽ അവൻ അവനോടു ഒരു ഉടമ്പടി ചെയ്തു, അവന്നു നാശത്തിന്നായി തന്റെ മകളെ ഭാര്യയായി കൊടുക്കും; എങ്കിലും അവൾ നിൽക്കയില്ല; അവന്നു ഇരിക്കയുമില്ല.

11:18 പിന്നെ അവൻ തീരപ്രദേശങ്ങളിലേക്കു മുഖം തിരിച്ചു പലതും പിടിക്കും; എന്നാൽ അവൻ കാണിച്ച നിന്ദ ഒരു അധിപതി നിർത്തലാക്കും; അത്രയുമല്ല, അവന്റെ നിന്ദ അവന്റെമേൽ തന്നേ വരുത്തും.

11:19 പിന്നെ അവൻ സ്വദേശത്തിലെ കോട്ടകളുടെ നേരെ മുഖം തിരിക്കും; എങ്കിലും അവൻ ഇടറിവീണു, ഇല്ലാതെയാകും;

11:20 അവന്നു പകരം എഴുന്നേല്ക്കുന്നവൻ തന്റെ രാജ്യത്തിന്റെ മനോഹരഭാഗത്തുകൂടി ഒരു അപഹാരിയെ അയ്യക്കും; എങ്കിലും കുറെ ദിവസത്തിന്നകം അവൻ സംഹരിക്കപ്പെടും. കോപത്താലല്ല, യുദ്ധത്താലുമല്ല.

 < 
11:21 അവന്നു പകരം നിന്ദ്യനായ ഒരുത്തൻ എഴുന്നേല്ക്കും; അവന്നു അവർ രാജത്വത്തിന്റെ പദവി കൊടുപ്പാൻ വിചാരിച്ചിരുന്നില്ല; എങ്കിലും അവൻ സമാധാനകാലത്തു വന്നു ഉപായത്തോടെ രാജത്വം കൈവശമാക്കും.

11:22 പ്രാളയതുല്യമായ സൈന്യങ്ങളും നിയമത്തിന്റെ പ്രഭുവും കൂടെ അവന്റെ മുമ്പിൽ പ്രവഹിക്കപ്പെട്ടു തകർന്നുപോകും.

11:23 ആരെങ്കിലും അവനോടു സഖ്യത ചെയ്താൽ അവൻ വഞ്ചന പ്രവർത്തിക്കും; അവൻ പുറപ്പെട്ടു അല്പം പടജ്ജനവുമായി വന്നു ജയം പ്രാപിക്കും.

11:24 അവൻ സമാധാനകാലത്തു തന്നേ സംസ്ഥാനത്തിലെ പുഷ്ടിയേറിയ സ്ഥലങ്ങളിൽ വന്നു, തന്റെ പിതാക്കന്മാരോ പിതാമഹന്മാരോ ഒരുനാളും ചെയ്യാത്തതു ചെയ്യും; അവൻ കവർച്ചയും കൊള്ളയും സമ്പത്തും അവർക്കു വിതറിക്കൊടുക്കും; അവൻ കോട്ടകളുടെ നേരെ ഉപായം പ്രയോഗിക്കും; എന്നാൽ കുറെക്കാലത്തേക്കേയുള്ളു.

11:25 അവൻ ഒരു മഹാസൈന്യത്തോടു കൂടെ തെക്കെദേശത്തിലെ രാജാവിന്റെ നേരെ തന്റെ ശക്തിയും ധൈര്യവും പ്രയോഗിക്കും; തെക്കെദേശത്തിലെ രാജാവും ഏറ്റവും വലിയതും ശക്തിയേറിയതുമായ സൈന്യത്തോടുകൂടെ യുദ്ധത്തിന്നു പുറപ്പെടും; എങ്കിലും അവർ അവന്റെ നേരെ ഉപായം പ്രയോഗിക്കകൊണ്ടു അവൻ ഉറെച്ചു നിൽക്കയില്ല.

 < 
11:26 അവന്റെ അന്നംകൊണ്ടു ഉപജീവനം കഴിക്കുന്നവൻ അവനെ നശിപ്പിക്കും; അവന്റെ സൈന്യം ഒഴുകിപ്പേകും; പലരും നിഹതന്മാരായി വീഴും.

11:27 ഈ രാജാക്കന്മാർ ഇരുവരും ദുഷ്ടത പ്രവർത്തിപ്പാൻ ഭാവിച്ചുംകൊണ്ടു ഒരേ മേശയിങ്കൽവെച്ചു ഭോഷ്കു സംസാരിക്കും; എങ്കിലും അതു സാധിക്കയില്ല; നിയമിക്കപ്പെട്ട സമയത്തു മാത്രമേ അവസാനം വരികയുള്ളു.

11:28 പിന്നെ അവൻ വളരെ സമ്പത്തോടുംകൂടെ സ്വദേശത്തേക്കു മടങ്ങിപ്പോകും; അവൻ വിശുദ്ധ നിയമത്തിന്നു വിരോധമായി മനോഗതം വെച്ചു, അതു അനുഷ്ഠിച്ചു സ്വദേശത്തേക്കു മടങ്ങിപ്പോകും.

11:29 നിയമിക്കപ്പെട്ട കാലത്തു അവൻ വീണ്ടും തെക്കോട്ടു വരും; എങ്കിലും ഈ പ്രാവശ്യം മുമ്പിലത്തെപ്പോലെ സാദ്ധ്യമാകയില്ല.

11:30 കിത്തീംകപ്പലുകൾ അവന്റെ നേരെ വരും; അതുകൊണ്ടു അവൻ വ്യസനിച്ചു മടങ്ങിച്ചെന്നു, വിശുദ്ധനിയമത്തിന്നു നേരെ ക്രുദ്ധിച്ചു പ്രവർത്തിക്കും; അവൻ മടങ്ങിച്ചെന്നു വിശുദ്ധനിയമത്തെ ഉപേക്ഷിക്കുന്നവരെ ആദരിച്ചുകൊള്ളും.

 < 
11:31 അവൻ അയച്ച സൈന്യങ്ങൾ അണിനിരന്നു, വിശുദ്ധമന്ദിരമായ കോട്ടയെ അശുദ്ധമാക്കി നിരന്തരഹോമം നിർത്തൽചെയ്തു ശൂന്യമാക്കുന്ന മ്ളേച്ഛ ബിംബത്തെ പ്രതിഷ്ഠിക്കും.

11:32 നിയമത്തിന്നു വിരോധമായി ദുഷ്ടത പ്രവർത്തിക്കുന്നവരെ അവൻ ഉപായംകൊണ്ടു വഷളാക്കും; എങ്കിലും തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറെച്ചുനിന്നു വീര്യം പ്രവർത്തിക്കും.

11:33 ജനത്തിൽ ബുദ്ധിമാന്മാരായവർ പലർക്കും ബോധം വരുത്തും; എങ്കിലും കുറെക്കാലത്തേക്കു അവർ വാൾ കൊണ്ടും തീകൊണ്ടും പ്രവാസംകൊണ്ടും കവർച്ചകൊണ്ടും വീണുകൊണ്ടിരിക്കും;

11:34 വീഴുമ്പോൾ അവർ അല്പസഹായത്താൽ രക്ഷപ്രാപിക്കും; പലരും കപടഭാവത്തോടെ അവരോടു ചേർന്നുകൊള്ളും.

11:35 എന്നാൽ അന്ത്യകാലംവരെ അവരിൽ പരിശോധനയും ശുദ്ധീകരണവും നിർമ്മലീകരണവും സാധിക്കേണ്ടതിന്നു ബുദ്ധിമാന്മാരിൽ ചിലർ വീഴും; നിശ്ചയിക്കപ്പെട്ടകാലത്തു മാത്രം അന്തം വരും.

 < 
11:36 രാജാവേ, ഇഷ്ടംപോലെ പ്രവർത്തിക്കും; അവൻ തന്നെത്താൻ ഉയർത്തി, ഏതു ദേവന്നും മേലായി മഹത്വീകരിക്കയും ദൈവാധിദൈവത്തിന്റെ നേരെ അപൂർവ്വകാര്യങ്ങളെ സംസാരിക്കയും, കോപം നിവൃത്തിയാകുവോളം അവന്നു സാധിക്കയും ചെയ്യും; നിർണ്ണയിക്കപ്പെട്ടിരിക്കുന്നതു സംഭവിക്കുമല്ലോ.

11:37 അവൻ എല്ലാറ്റിന്നും മേലായി തന്നെത്താൽ മഹത്വീകരിക്കയാൽ തന്റെ പിതാക്കന്മാരുടെ ദേവന്മാരെയും സ്ത്രീകളുടെ ഇഷ്ടദേവനെയും യാതൊരു ദേവനെയും കൂട്ടാക്കുകയില്ല.

11:38 അതിന്നു പകരം അവൻ കോട്ടകളുടെ ദേവനെ ബഹുമാനിക്കും; അവന്റെ പിതാക്കന്മാർ അറിയാത്ത ഒരു ദേവനെ അവൻ പൊന്നു കൊണ്ടും വെള്ളികൊണ്ടും രത്നങ്ങൾകൊണ്ടും മനോഹരവസ്തുക്കൾകൊണ്ടും ബഹുമാനിക്കും.

11:39 അവൻ ഒരു അന്യദേവന്റെ ജനത്തെ കോട്ടകളുടെ കൊത്തളങ്ങളിന്മേൽ ആക്കിവെക്കും; അവനെ സ്വീകരിക്കുന്നവന്നു അവൻ മഹത്വം വർദ്ധിപ്പിക്കും; അവൻ അവരെ പലർക്കും അധിപതികളാക്കി ദേശത്തെ പ്രതിഫലമായി വിഭാഗിച്ചുകൊടുക്കും.

11:40 പിന്നെ അന്ത്യകാലത്തു തെക്കെദേശത്തിലെ രാജാവു അവനോടു എതിർത്തുമുട്ടും; വടക്കെ ദേശത്തിലെ രാജാവു രഥങ്ങളോടും കുതിരച്ചേവകരോടും വളരെ കപ്പലുകളോടും കൂടെ ചുഴലിക്കാറ്റുപോലെ അവന്റെ നേരെ വരും; അവൻ ദേശങ്ങളിലേക്കു വന്നു കവിഞ്ഞു കടന്നുപോകും;

 < 
11:41 അവൻ മനോഹരദേശത്തിലേക്കും കടക്കും; പതിനായിരം പതിനായിരം പേർ ഇടറിവീഴും; എങ്കിലും എദോമും മോവാബും അമ്മോന്യശ്രേഷ്ഠന്മാരും അവന്റെ കയ്യിൽ നിന്നു വഴുതിപ്പോകും.

11:42 അവൻ ദേശങ്ങളുടെ നേരെ കൈ നീട്ടും; മിസ്രയീംദേശവും ഒഴിഞ്ഞുപോകയില്ല.

11:43 അവൻ പൊന്നും വെള്ളിയുമായ നിക്ഷേപങ്ങളെയും മിസ്രയീമിലെ മനോഹര വസ്തുക്കളെയും കൈവശമാക്കും; ലൂബ്യരും കൂശ്യരും അവന്റെ അനുചാരികൾ ആയിരിക്കും.

11:44 എന്നാൽ കിഴക്കുനിന്നും വടക്കുനിന്നും ഉള്ള വർത്തമാനങ്ങളാൽ അവൻ പരവശനാകും; അങ്ങനെ അവൻ പലരെയും നശിപ്പിച്ചു നിർമ്മൂലനാശം വരുത്തേണ്ടതിന്നു മഹാ ക്രോധത്തോടെ പുറപ്പെടും. പിന്നെ അവൻ സമുദ്രത്തിന്നും മഹത്വമുള്ള വിശുദ്ധപർവ്വതത്തിന്നും മദ്ധ്യേ മണിപ്പന്തൽ ഇടും; അവിടെ അവൻ അന്തരിക്കും; ആരും അവനെ രക്ഷിക്കയുമില്ല.

11:45

 < 

* ----------------------------------------

ദാനീയേൽ അദ്ധ്യായം 12  <  1 2 3 4 5 6 7 8 9 10 11 12 13

12:1 ആ കാലത്തു നിന്റെ സ്വജാതിക്കാർക്കു തുണനില്ക്കുന്ന മഹാപ്രഭുവായ മീഖായേൽ എഴുന്നേല്ക്കും; ഒരു ജാതി ഉണ്ടായതുമുതൽ ഈ കാലംവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും; അന്നു നിന്റെ ജനം, പുസ്തകത്തിൽ എഴുതിക്കാണുന്ന ഏവനും തന്നേ, രക്ഷ പ്രാപിക്കും.

12:2 നിലത്തിലെ പൊടിയിൽ നിദ്ര കൊള്ളുന്നവരിൽ പലരും ചിലർ നിത്യജീവന്നായും ചിലർ ലജ്ജെക്കും നിത്യനിന്ദെക്കുമായും ഉണരും.

12:3 എന്നാൽ ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിന്റെ പ്രഭുപോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും.

12:4 നീയോ ദാനീയേലേ, അന്ത്യകാലംവരെ ഈ വചനങ്ങളെ അടെച്ചു പുസ്തകത്തിന്നു മുദ്രയിടുക; പലരും അതിനെ പരിശോധിക്കയും ജ്ഞാനം വർദ്ധിക്കുകയും ചെയ്യും.

12:5 അനന്തരം ദാനീയേലെന്ന ഞാൻ നോക്കിയപ്പോൾ, മറ്റുരണ്ടാൾ ഒരുത്തൻ നദീതീരത്തു ഇക്കരെയും മറ്റവൻ നദീതീരത്തു അക്കരെയും നില്ക്കുന്നതു കണ്ടു.

 < 
12:6 എന്നാൽ ഒരുവൻ ശണവസ്ത്രം ധരിച്ചു നദിയിലെ വെള്ളത്തിന്മീതെ നില്ക്കുന്ന പുരുഷനോടു: ഈ അതിശയകാര്യങ്ങളുടെ അവസാനം എപ്പോൾ വരും എന്നു ചോദിച്ചു.

12:7 ശണവസ്ത്രം ധരിച്ചു നദിയിലെ വെള്ളത്തിന്മീതെ നില്ക്കുന്ന പുരുഷൻ വലങ്കയ്യും ഇടങ്കയ്യും സ്വർഗ്ഗത്തേക്കുയർത്തി: എന്നേക്കും ജീവിച്ചിരിക്കുന്നവനാണ, ഇനി കാലവും കാലങ്ങളും കാലാർദ്ധവും ചെല്ലും; അവർ വിശുദ്ധജനത്തിന്റെ ബലത്തെ തകർത്തുകളഞ്ഞശേഷം ഈ കാര്യങ്ങൾ ഒക്കെയും നിവൃത്തിയാകും എന്നിങ്ങനെ സത്യം ചെയ്യുന്നതു ഞാൻ കേട്ടു.

12:8 ഞാൻ കേട്ടു എങ്കിലും ഗ്രഹിച്ചില്ല; ആകയാൽ ഞാൻ: യജമാനനേ, ഈ കാര്യങ്ങളുടെ അവസാനം എന്തായിരിക്കും എന്നു ചോദിച്ചു.

12:9 അതിന്നു അവൻ ഉത്തരം പറഞ്ഞതു: ദാനീയേലേ, പൊയ്ക്കൊൾക; ഈ വചനങ്ങൾ അന്ത്യകാലത്തേക്കു അടെച്ചും മുദ്രയിട്ടും ഇരിക്കുന്നു.

12:10 പലരും തങ്ങളെ ശുദ്ധീകരിച്ചു നിർമ്മലീകരിച്ചു ശോധനകഴിക്കും; ദുഷ്ടന്മാരോ, ദുഷ്ടതപ്രവർത്തിക്കും; ദുഷ്ടന്മാരിൽ ആരും അതു തിരിച്ചറികയില്ല; ബുദ്ധിമാന്മാരോ ഗ്രഹിക്കും.

 < 
12:11 നിരിന്തരഹോമയാഗം നിർത്തലാക്കുകയും ശൂന്യമാക്കുന്ന മ്ളേച്ഛബിംബത്തെ പ്രതിഷ്ഠിക്കയും ചെയ്യുന്ന കാലംമുതൽ ആയിരത്തിരുനൂറ്റിത്തൊണ്ണൂറു ദിവസം ചെല്ലും.

12:12 ആയിരത്തി മുന്നൂറ്റിമുപ്പത്തഞ്ചു ദിവസത്തോളം കാത്തു ജീവിച്ചിരിക്കുന്നവൻ ഭാഗ്യവാൻ.

12:13 നീയോ അവസാനം വരുവോളം പൊയ്ക്കൊൾക; നീ വിശ്രമിച്ചു കാലാവസാനത്തിങ്കൽ നിന്റെ ഓഹരി ലഭിപ്പാൻ എഴുന്നേറ്റുവരും.

* ----------------------------------------

അന്തം  < 
































Daniel

Indian Malayalam Bible (IMM)