A         A         A         A

030 ആമോസ് - Amos

ബൈബിള്‍ - സത്യവേദപുസ്തകം
 <  1 2 3 4 5 6 7 8 9

* ----------------------------------------

ആമോസ് അദ്ധ്യായം 1  <  1 2 3 4 5 6 7 8 9 10 11 12 13 14 15

1:1 തെക്കോവയിലെ ഇടയന്മാരിൽ ഒരുത്തനായ ആമോസ് യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തും യിസ്രായേൽരാജാവായ യോവാശിന്റെ മകനായ യൊരോബെയാമിന്റെ കാലത്തും ഭൂകമ്പത്തിന്നു രണ്ടു സംവത്സരം മുമ്പെ യിസ്രായേലിനെക്കുറിച്ചു ദർശിച്ച വചനങ്ങൾ.

1:2 അവൻ പറഞ്ഞതോ യഹോവ സീയോനിൽനിന്നു ഗർജ്ജിച്ചു, യെരൂശലേമിൽനിന്നു തന്റെ നാദം കേൾപ്പിക്കും. അപ്പോൾ ഇടയന്മാരുടെ മേച്ചല്പുറങ്ങൾ ദുഃഖിക്കും; കർമ്മേലിന്റെ കൊടുമുടി വാടിപ്പോകും.

1:3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദമ്മേശെക്കിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ ഗിലെയാദിനെ ഇരിമ്പുമെതിവണ്ടികൊണ്ടു മെതിച്ചിരിക്കയാൽ തന്നേ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.

1:4 ഞാൻ ഹസായേൽഗൃഹത്തിൽ ഒരു തീ അയക്കും; അതു ബെൻ ഹദദിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.

1:5 ഞാൻ ദമ്മേശെക്കിന്റെ ഓടാമ്പൽ തകർത്തു, ആവെൻ താഴ്വരയിൽനിന്നു നിവാസിയെയും ഏദെൻ ഗൃഹത്തിൽനിന്നു ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും; അരാമ്യർ ബദ്ധന്മാരായി കീറിലേക്കു പോകേണ്ടിവരും എന്നു യഹോവ അരുളിച്ചെയ്യുന്നു.

 < 
1:6 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഗസ്സയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ എദോമിന്നു ഏല്പിക്കേണ്ടതിന്നും ബദ്ധന്മാരെ ആസകലം കൊണ്ടുപോയിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.

1:7 ഞാൻ ഗസ്സയുടെ മതിലിന്നകത്തു ഒരു തീ അയക്കും; അതു അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.

1:8 ഞാൻ അസ്തോദിൽനിന്നു നിവാസിയെയും അസ്കെലോനിൽനിന്നു ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും; എന്റെ കൈ എക്രോന്റെ നേരെ തിരിക്കും; ഫെലിസ്ത്യരിൽ ശേഷിപ്പുള്ളവർ നശിച്ചുപോകും എന്നു യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു.

1:9 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ സഹോദരസഖ്യത ഓർക്കാതെ ബദ്ധന്മാരെ ആസകലം എദോമിന്നു ഏല്പിച്ചുകളഞ്ഞിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.

1:10 ഞാൻ സോരിന്റെ മതിലിന്നകത്തു ഒരു തീ അയക്കും; അതു അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.

 < 
1:11 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എദോമിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവൻ തന്റെ സഹോദരനെ വാളോടുകൂടെ പിന്തുടർന്നു, തന്റെ കോപം സദാകാലം കടിച്ചുകീറുവാൻ തക്കവണ്ണം സഹതാപം വിട്ടുകളകയും ദ്വേഷ്യം സദാകാലം വെച്ചുകൊൾകയും ചെയ്തിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.

1:12 ഞാൻ തേമാനിൽ ഒരു തീ അയക്കും; അതു ബൊസ്രയിലെ അരമനകളെ ദഹിപ്പിച്ചുകളയും.

1:13 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അമ്മോന്യരുടെ മൂന്നോ നാലോ അതിക്രമം നിമിത്തം, അവർ തങ്ങളുടെ അതിർ വിസ്താരമാക്കേണ്ടതിന്നു ഗിലെയാദിലെ ഗർഭിണികളെ പിളർന്നുകളഞ്ഞിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.

1:14 ഞാൻ രബ്ബയുടെ മതിലിന്നകത്തു ഒരു തീ കത്തിക്കും; അതു യുദ്ധദിവസത്തിലെ ആർപ്പോടും പിശറുള്ള നാളിലെ കൊടുങ്കാറ്റോടുംകൂടെ അതിലെ അരമനകളെ ദഹിപ്പിച്ചുകളയും.

1:15 അവരുടെ രാജാവു പ്രവാസത്തിലേക്കു പോകേണ്ടിവരും; അവനും അവന്റെ പ്രഭുക്കന്മാരും ഒരുപോലെ തന്നേ എന്നു യഹോവ അരുളിച്ചെയ്യുന്നു.

 < 

* ----------------------------------------

ആമോസ് അദ്ധ്യായം 2  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16

2:1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മോവാബിന്റെ മൂന്നോ നാലോ അതിക്രമം നിമിത്തം അവൻ എദോംരാജാവിന്റെ അസ്ഥികളെ ചുട്ടു കുമ്മായമാക്കിക്കളഞ്ഞിരിക്കയാൽ തന്നെ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.

2:2 ഞാൻ മോവാബിൽ ഒരു തീ അയക്കും; അതു കെരീയോത്തിന്റെ അരമനകളെ ദഹിപ്പിച്ചുകളയും; മോവാബ് കലഹത്തോടും ആർപ്പോടും കാഹളനാദത്തോടും കൂടെ മരിക്കും.

2:3 ഞാൻ ന്യായാധിപതിയെ അതിന്റെ നടുവിൽനിന്നു ഛേദിച്ചു, അതിന്റെ സകലപ്രഭുക്കന്മാരെയും അവനോടുകൂടെ കൊല്ലും എന്നു യഹോവ അരുളിച്ചെയ്യുന്നു.

2:4 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യെഹൂദയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ യഹോവയുടെ ന്യായപ്രമാണത്തെ നിരസിക്കയും അവന്റെ ചട്ടങ്ങളെ പ്രമാണിക്കാതെയിരിക്കയും അവരുടെ പിതാക്കന്മാർ പിന്തുടർന്നുപോന്ന അവരുടെ വ്യാജമൂർത്തികൾ അവരെ തെറ്റിനടക്കുമാറാക്കുകയും ചെയ്തിരിക്കയാൽ തന്നേ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.

2:5 ഞാൻ യെഹൂദയിൽ ഒരു തീ അയക്കും; അതു യെരൂശലേമിലെ അരമനകളെ ദഹിപ്പിച്ചുകളയും.

 < 
2:6 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേലിന്റെ മൂന്നോ നാലോ അതിക്രമം നിമിത്തം, അവർ നീതിമാനെ പണത്തിന്നും ദരിദ്രനെ ഒരുകൂട്ടു ചെരിപ്പിന്നും വിറ്റുകളഞ്ഞിരിക്കയാൽ തന്നേ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.

2:7 അവർ എളിയവരുടെ തലയിൽ മൺപൊടി കാണ്മാൻ കാംക്ഷിക്കയും സാധുക്കളുടെ വഴി മറിച്ചുകളകയും ചെയ്യുന്നു: എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കുവാൻ തക്കവണ്ണം ഒരു പുരുഷനും അവന്റെ അപ്പനും ഒരേ യുവതിയുടെ അടുക്കൽ ചെല്ലുന്നു.

2:8 അവർ ഏതു ബലിപീഠത്തിന്നരികത്തും പണയം വാങ്ങിയ വസ്ത്രം വിരിച്ചു കിടന്നുറങ്ങുകയും പിഴ അടെച്ചവരുടെ വീഞ്ഞു തങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽവെച്ചു കുടിക്കയും ചെയ്യുന്നു.

2:9 ഞാനോ അമോർയ്യനെ അവരുടെ മുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞു; അവന്റെ ഉയരം ദേവദാരുക്കളുടെ ഉയരംപോലെയായിരുന്നു; അവർ കരുവേലകങ്ങൾപോലെ ശക്തിയുള്ളവനുമായിരുന്നു; എങ്കിലും ഞാൻ മീതെ അവന്റെ ഫലവും താഴെ അവന്റെ വേരും നശിപ്പിച്ചുകളഞ്ഞു.

2:10 ഞാൻ നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, അമോർയ്യന്റെ ദേശത്തെ കൈവശമാക്കേണ്ടതിന്നു നിങ്ങളെ നാല്പതു സംവത്സരം മരുഭൂമിയൽകൂടി നടത്തി.

 < 
2:11 ഞാൻ നിങ്ങളുടെ പുത്രന്മാരിൽ ചിലരെ പ്രവാചകന്മാരായും നിങ്ങളുടെ യൌവനക്കാരിൽ ചിലരെ വ്രതസ്ഥന്മാരായും എഴുന്നേല്പിച്ചു; അങ്ങനെ തന്നേ അല്ലയോ യിസ്രായേൽമക്കളേ, എന്നു യഹോവയുടെ അരുളപ്പാടു.

2:12 എന്നാൽ നിങ്ങൾ വ്രതസ്ഥന്മാർക്കു വീഞ്ഞു കുടിപ്പാൻ കൊടുക്കയും പ്രവാചകന്മാരോടു: പ്രവചിക്കരുതു എന്നു കല്പിക്കയും ചെയ്തു.

2:13 കറ്റ കയറ്റി വണ്ടി അമർത്തുന്നതുപോലെ ഞാൻ നിങ്ങളെ നിങ്ങൾ ഇരിക്കുന്നിടത്തു അമർത്തിക്കളയും.

2:14 അങ്ങനെ വേഗവാന്മാർക്കു ശരണം നശിക്കും; ബലവാന്റെ ശക്തി നിലനിൽക്കയില്ല; വീരൻ തന്റെ ജീവനെ രക്ഷിക്കയില്ല;

2:15 വില്ലാളി ഉറെച്ചുനിൽക്കയില്ല; ശീഘ്രഗാമി തന്നെത്താൻ വിടുവിക്കയില്ല; കുതിര കയറി ഓടുന്നവൻ തന്റെ ജീവനെ രക്ഷിക്കയുമില്ല.

 < 
2:16 വീരന്മാരിൽ ധൈര്യമേറിയവൻ അന്നാളിൽ നഗ്നനായി ഓടിപ്പോകും എന്നു യഹോവയുടെ അരുളപ്പാടു.


* ----------------------------------------

ആമോസ് അദ്ധ്യായം 3  <  1 2 3 4 5 6 7 8 9 10 11 12 13 14 15

3:1 യിസ്രായേൽമക്കളേ, നിങ്ങളെക്കുറിച്ചും ഞാൻ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച സർവ്വവംശത്തെക്കുറിച്ചും യഹോവ അരുളിച്ചെയ്തിരിക്കുന്ന ഈ വചനം കേൾപ്പിൻ!

3:2 ഭൂമിയിലെ സകലവംശങ്ങളിലുംവെച്ചു ഞാൻ നിങ്ങളെ മാത്രം തിരഞ്ഞെടുത്തിരിക്കുന്നു; അതുകൊണ്ടു ഞാൻ നിങ്ങളുടെ അകൃത്യങ്ങളൊക്കെയും നിങ്ങളിൽ സന്ദർശിക്കും.

3:3 രണ്ടുപേർ തമ്മിൽ ഒത്തിട്ടല്ലാതെ ഒരുമിച്ചു നടക്കുമോ? ഇരയില്ലാതിരിക്കുമ്പോൾ സിംഹം കാട്ടിൽ അലറുമോ?

3:4 ഒന്നിനെയും പിടിച്ചിട്ടല്ലാതെ ബാലസിംഹം ഗുഹയിൽനിന്നു ഒച്ച പുറപ്പെടുവിക്കുമോ?

3:5 കുടുക്കില്ലാതിരിക്കെ പക്ഷി നിലത്തെ കണിയിൽ അകപ്പെടുമോ? ഒന്നും പിടിപെടാതെ കണി നിലത്തുനിന്നു പൊങ്ങുമോ?

 < 
3:6 നഗരത്തിൽ കാഹളം ഊതുമ്പോൾ ജനം പേടിക്കാതിരിക്കുമോ? യഹോവ വരുത്തീട്ടല്ലാതെ നഗരത്തിൽ അനർത്ഥം ഭവിക്കുമോ?

3:7 യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.

3:8 സിംഹം ഗർജ്ജിച്ചിരിക്കുന്നു; ആർ ഭയപ്പെടാതിരിക്കും? യഹോവയായ കർത്താവു അരുളിച്ചെയ്തിരിക്കുന്നു; ആർ പ്രവചിക്കാതിരിക്കും?

3:9 ശമർയ്യാപർവ്വതങ്ങളിൽ വന്നുകൂടി അതിന്റെ നടുവിലുള്ള മഹാ കലഹങ്ങളെയും അതിന്റെ മദ്ധ്യേയുള്ള പീഡനങ്ങളെയും നോക്കുവിൻ എന്നു അസ്തോദിലെ അരമനകളിന്മേലും മിസ്രയീംദേശത്തിലെ അരമനകളിന്മേലും ഘോഷിച്ചുപറവിൻ!

3:10 തങ്ങളുടെ അരമനകളിൽ അന്യായവും സാഹസവും സംഗ്രഹിച്ചുവെക്കുന്നവർ ന്യായം പ്രവർത്തിപ്പാൻ അറിയുന്നില്ല എന്നു യഹോവയുടെ അരുളപ്പാടു.

 < 
3:11 അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ദേശത്തിന്നു ചുറ്റും ഒരു വൈരി ഉണ്ടാകും; അവൻ നിന്റെ ഉറപ്പു നിങ്കൽനിന്നു താഴ്ത്തിക്കളയും; നിന്റെ അരമനകൾ കൊള്ളയായ്യ്തീരും.

3:12 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരു ഇടയൻ രണ്ടു കാലോ ഒരു കാതോ സിംഹത്തിന്റെ വായിൽനിന്നു വലിച്ചെടുക്കുന്നതുപോലെ ശമർയ്യയിൽ കിടക്കയുടെ കോണിലും പട്ടുമെത്തമേലും ഇരിക്കുന്ന യിസ്രായേൽമക്കൾ വിടുവിക്കപ്പെടും.

3:13 നിങ്ങൾ കേട്ടു യാക്കോബ്ഗൃഹത്തോടു സാക്ഷീകരിപ്പിൻ എന്നു സൈന്യങ്ങളുടെ ദൈവമായ യഹോവയായ കർത്താവിന്റെ അരുളപ്പാടു.

3:14 ഞാൻ യിസ്രായേലിന്റെ അതിക്രമങ്ങൾനിമിത്തം അവനെ സന്ദർശിക്കുന്ന നാളിൽ ബലിപീഠത്തിന്റെ കൊമ്പുകൾ മുറിഞ്ഞു നിലത്തു വീഴുവാന്തക്കവണ്ണം ഞാൻ ബേഥേലിലെ ബലിപീഠങ്ങളെയും സന്ദർശിക്കും. ഞാൻ ഹേമന്തഗൃഹവും ഗ്രീഷ്മഗൃഹവും ഒരുപോലെ തകർത്തുകളയും; ദന്തഭവനങ്ങൾ നശിച്ചുപോകും; പലവീടുകളും മുടിഞ്ഞുപോകും എന്നു യഹോവയുടെ അരുളപ്പാടു.

3:15

 < 

* ----------------------------------------

ആമോസ് അദ്ധ്യായം 4  <  1 2 3 4 5 6 7 8 9 10 11 12 13

4:1 എളിയവരെ പീഡിപിക്കയും ദരിദ്രന്മാരെ തകർക്കുകയും തങ്ങളുടെ ഭർത്താക്കന്മാരോടു: കൊണ്ടുവരുവിൻ; ഞങ്ങൾ കുടിക്കട്ടെ എന്നു പറകയും ചെയ്യുന്ന ശമർയ്യാപർവ്വതത്തിലെ ബാശാന്യപശുക്കളേ, ഈ വചനം കേൾപ്പിൻ.

4:2 ഞാൻ നിങ്ങളെ കൊളുത്തുകൊണ്ടും നിങ്ങളുടെ സന്തതിയെ ചൂണ്ടൽകൊണ്ടും പിടിച്ചു കൊണ്ടുപോകുന്ന കാലം നിങ്ങൾക്കു വരും എന്നു യഹോവയായ കർത്താവു തന്റെ വിശുദ്ധിയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു.

4:3 അപ്പോൾ നിങ്ങൾ ഓരോരുത്തി നേരെ മുമ്പോട്ടു മതിൽ പിളർപ്പുകളിൽകൂടി പുറത്തുചെല്ലുകയും രിമ്മോനെ എറിഞ്ഞുകളകയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു.

4:4 ബേഥേലിൽചെന്നു അതിക്രമം ചെയ്‍വിൻ; ഗില്ഗാലിൽ ചെന്നു അതിക്രമം വർദ്ധിപ്പിപ്പിൻ; രാവിലെതോറും നിങ്ങളുടെ ഹനനയാഗങ്ങളെയും മൂന്നാംനാൾ തോറും നിങ്ങളുടെ ദശാംശങ്ങളെയും കൊണ്ടു ചെല്ലുവിൻ.

4:5 പുളിച്ചമാവുകൊണ്ടുള്ള സ്തോത്ര യാഗം അർപ്പിപ്പിൻ; സ്വമേധാർപ്പിതങ്ങളെ ഘോഷിച്ചു പ്രസിദ്ധമാക്കുവിൻ; അങ്ങനെ അല്ലോ, യിസ്രായേൽമക്കളേ നിങ്ങൾക്കു ഇഷ്ടമായിരിക്കുന്നതു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.

 < 
4:6 നിങ്ങളുടെ എല്ലാപട്ടണങ്ങളിലും ഞാൻ നിങ്ങൾക്കു പല്ലിന്റെ വെടിപ്പും എല്ലായിടങ്ങളിലും അപ്പത്തിന്റെ കുറവും വരുത്തീട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.

4:7 കൊയ്ത്തിന്നു ഇനി മൂന്നു മാസമുള്ളപ്പോൾ ഞാൻ നിങ്ങൾക്കു മഴ മുടക്കിക്കളഞ്ഞു; ഞാൻ ഒരു പട്ടണത്തിൽ മഴ പെയ്യിക്കയും മറ്റെ പട്ടണത്തിൽ മഴ പെയ്യിക്കാതിരിക്കയും ചെയ്തു; ഒരു കണ്ടത്തിൽ മഴ പെയ്തു; മഴ പെയ്യാത്ത മറ്റെ കണ്ടം വരണ്ടുപോയി.

4:8 രണ്ടുമൂന്നു പട്ടണം വെള്ളം കുടിപ്പാൻ ഒരു പട്ടണത്തിലേക്കു ഉഴന്നുചെന്നു, ദാഹം തീർന്നില്ലതാനും; എന്നിട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.

4:9 ഞാൻ നിങ്ങളെ വെൺകതിർകൊണ്ടും വിഷമഞ്ഞുകൊണ്ടും ശിക്ഷിച്ചു; നിങ്ങളുടെ തോട്ടങ്ങളെയും മുന്തിരിപ്പറമ്പുകളെയും അത്തിവൃക്ഷങ്ങളെയും ഒലിവുമരങ്ങളെയും പലപ്പോഴും തുള്ളൻ തിന്നുകളഞ്ഞു; എന്നിട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.

4:10 മിസ്രയീമിൽ എന്നപ്പോലെ ഞാൻ മഹാമാരി നിങ്ങളടെ ഇടയിൽ അയച്ചു നിങ്ങളുടെ യൌവനക്കാരെ വാൾകൊണ്ടു കൊന്നു നിങ്ങളുടെ കുതിരകളെ പിടിച്ചു കൊണ്ടുപോയി; നിങ്ങളുടെ പാളയങ്ങളിലെ നാറ്റം ഞാൻ നിങ്ങളുടെ മൂക്കിൽ കയറുമാറാക്കി; എന്നിട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.

 < 
4:11 ദൈവം സൊദോമിനെയും ഗൊമോരയെയും ഉന്മൂലനാശം ചെയ്തതുപോലെ ഞാൻ നിങ്ങളുടെ ഇടയിൽ ഒരു ഉന്മൂലനാശം വരുത്തി, നിങ്ങൾ കത്തുന്ന തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിപോലെ ആയിരുന്നു; എന്നിട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.

4:12 അതുകൊണ്ടു യിസ്രായേലേ, ഞാൻ ഇങ്ങനെ നിന്നോടു ചെയ്യും; യിസ്രായേലേ, ഞാൻ ഇതു നിന്നോടു ചെയ്‍വാൻ പോകുന്നതു കൊണ്ടു നിന്റെ ദൈവത്തെ എതിരേല്പാൻ ഒരുങ്ങിക്കൊൾക.

4:13 പർവ്വതങ്ങളെ നിർമ്മക്കയും കാറ്റിനെ സൃഷ്ടിക്കയും മനുഷ്യനോടു അവന്റെ നിരൂപണം ഇന്നതെന്നു അറിയിക്കയും പ്രഭാതത്തെ അന്ധകാരമാക്കുകയും ഭൂമിയുടെ ഉന്നതികളിന്മേൽ നടകൊള്ളുകയും ചെയ്യുന്ന ഒരുത്തനുണ്ടു; സൈന്യങ്ങളുടെ ദൈവമായ യഹോവ എന്നാകുന്നു അവന്റെ നാമം.


* ----------------------------------------

ആമോസ് അദ്ധ്യായം 5  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27

5:1 യിസ്രായേൽഗൃഹമേ, ഞാൻ നിങ്ങളെക്കുറിച്ചു വിലാപംചൊല്ലുന്ന ഈ വചനം കേൾപ്പിൻ!

5:2 യിസ്രായേൽകന്യക വീണിരിക്കുന്നു; ഇനി എഴുന്നേൽക്കയും ഇല്ല; അവൾ നിലത്തോടു പറ്റിക്കിടക്കുന്നു; അവളെ നിവിർക്കുവാൻ ആരുമില്ല.

5:3 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹത്തിൽ ആയിരം പേരുമായി പുറപ്പെട്ട പട്ടണത്തിൽ നൂറുപേർ മാത്രം ശേഷിക്കും; നൂറു പേരുമായി പുറപ്പെട്ടതിന്നു പത്തുപേർ മാത്രം ശേഷിക്കും.

5:4 യഹോവ യിസ്രായേൽഗൃഹത്തോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നു എന്നെ അന്വേഷിപ്പിൻ.

5:5 ബേഥേലിനെ അന്വേഷിക്കരുതു; ഗില്ഗാലിലേക്കു ചെല്ലരുതു; ബേർ-ശേബയിലേക്കു കടക്കയുമരുതു; ഗില്ഗാൽ പ്രവാസത്തിലേക്കു പോകേണ്ടിവരും; ബേഥേൽ നാസ്തിയായി ഭവിക്കും.

 < 
5:6 നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നു യഹോവയെ അന്വേഷിപ്പിൻ; അല്ലെങ്കിൽ അവൻ ബേഥേലിൽ ആർക്കും കെടുത്തുവാൻ കഴിയാത്ത ഒരു തീപോലെ യോസേഫ്ഗൃഹത്തിന്മേൽ ചാടി അതിനെ ദഹിപ്പിച്ചുകളയും.

5:7 ന്യായത്തെ കാഞ്ഞിരം ആക്കിത്തീർക്കുകയും നീതിയെ നിലത്തു തള്ളിയിട്ടുകളകയും ചെയ്യുന്നവരേ,

5:8 കാർത്തികയെയും മകയിരത്തെയും സൃഷ്ടിക്കയും അന്ധതമസ്സിനെ പ്രഭാതമാക്കി മാറ്റുകയും പകലിനെ രാത്രിയാക്കി ഇരുട്ടുകയും സമുദ്രത്തിലെ വെള്ളത്തെ വിളിച്ചു ഭൂതലത്തിൽ പകരുകയും ചെയ്യുന്നവനെ അന്വേഷിപ്പിൻ; യഹോവ എന്നാകുന്നു അവന്റെ നാമം.

5:9 അവൻ കോട്ടെക്കു നാശം വരുവാൻ തക്കവണ്ണം ബലവാന്റെ മേൽ നാശം മിന്നിക്കുന്നു.

5:10 ഗോപുരത്തിങ്കൽ ന്യായം വിധിക്കുന്നവനെ അവർ ദ്വേഷിക്കയും പരമാർത്ഥം സംസാരിക്കുന്നവനെ വെറുക്കുകയും ചെയ്യുന്നു.

 < 
5:11 അങ്ങിനെ നിങ്ങൾ എളിയവനെ ചവിട്ടിക്കളകയും അവനോടു കോഴയായി ധാന്യം വാങ്ങുകയും ചെയ്യുന്നതിനാൽ നിങ്ങൾ വെട്ടുകല്ലുകൊണ്ടു വീടു പണിയും; അതിൽ പാർക്കയില്ലതാനും; നിങ്ങൾ മനോഹരമായ മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കും; അവയിലെ വീഞ്ഞു കുടിക്കയില്ലതാനും;

5:12 നീതിമാനെ ക്ളേശിപ്പിച്ചു കൈക്കൂലി വാങ്ങുകയും ഗോപുരത്തിങ്കൽ ദരിദ്രന്മാരുടെ ന്യായം മറിച്ചുകളകയും ചെയ്യുന്നവരേ, നിങ്ങളുടെ അതിക്രമങ്ങൾ അനവധിയും നിങ്ങളുടെ പാപങ്ങൾ കഠിനവും എന്നു ഞാൻ അറിയുന്നു.

5:13 അതുകൊണ്ടു ബുദ്ധിമാൻ ഈ കാലത്തു മിണ്ടാതിരിക്കുന്നു; ഇതു ദുഷ്കാലമല്ലോ;

5:14 നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നു തിന്മയല്ല നന്മ തന്നേ അന്വേഷിപ്പിൻ; അപ്പോൾ നിങ്ങൾ പറയുന്നതുപോലെ സൈന്യങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടുകൂടെ ഇരിക്കും.

5:15 നിങ്ങൾ തിന്മ ദ്വേഷിച്ചു നന്മ ഇച്ഛിച്ചു ഗോപുരത്തിങ്കൽ ന്യായം നിലനിർത്തുവിൻ; പക്ഷേ സൈന്യങ്ങളുടെ ദൈവമായ യഹോവ യോസേഫിൽ ശേഷിപ്പുള്ളവരോടു കൃപ കാണിക്കും.

 < 
5:16 അതുകൊണ്ടു സൈന്യങ്ങളുടെ ദൈവമായ യഹോവ എന്ന കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; സകല വീഥികളിലും വിലാപം ഉണ്ടാകും; എല്ലാ തെരുക്കളിലും അവർ: അയ്യോ, അയ്യോ എന്നു പറയും; അവർ കൃഷിക്കാരെ ദുഃഖിപ്പാനും പ്രലാപജ്ഞന്മാരെ വിലാപിപ്പാനും വിളിക്കും.

5:17 ഞാൻ നിന്റെ നടുവിൽ കൂടി കടന്നുപോകുന്നതുകൊണ്ടു എല്ലാ മുന്തിരിത്തോട്ടങ്ങളിലും വിലാപമുണ്ടാകും എന്നു യഹോവ അരുളിച്ചെയ്യുന്നു.

5:18 യഹോവയുടെ ദിവസത്തിന്നായി വാഞ്ഛിക്കുന്ന നിങ്ങൾക്കു അയ്യോ കഷ്ടം! യഹോവയുടെ ദിവസംകൊണ്ടു നിങ്ങൾക്കു എന്തു ഗുണം! അതു വെളിച്ചമല്ല ഇരുട്ടത്രേ.

5:19 അതു ഒരുത്തൻ സിംഹത്തിന്റെ മുമ്പിൽനിന്നു ഓടിപ്പോയിട്ടു കരടി അവന്നു എതിർപ്പെടുകയോ വീട്ടിൽ ചെന്നു കൈവെച്ചു ചുമരോടു ചാരീട്ടു സർപ്പം അവനെ കടിക്കയോ ചെയ്യുന്നതുപോലെ ആകുന്നു.

5:20 യഹോവയുടെ ദിവസം വെളിച്ചമല്ല, ഇരുൾ തന്നെയല്ലോ; ഒട്ടും പ്രകാശമില്ലാതെ അന്ധതമസ്സു തന്നേ.

 < 
5:21 നിങ്ങളുടെ മത്സരങ്ങളെ ഞാൻ ദ്വേഷിച്ചു നിരസിക്കുന്നു; നിങ്ങളുടെ സഭായോഗങ്ങളിൽ എനിക്കു പ്രസാദമില്ല.

5:22 നിങ്ങൾ എനിക്കു ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചാലും ഞാൻ പ്രസാദിക്കയില്ല; തടിച്ച മൃഗങ്ങൾകൊണ്ടുള്ള നിങ്ങളുടെ സമാധാനയാഗങ്ങളെ ഞാൻ കടാക്ഷിക്കയില്ല.

5:23 നിന്റെ പാട്ടുകളുടെ സ്വരം എന്റെ മുമ്പിൽനിന്നു നീക്കുക; നിന്റെ വീണാനാദം ഞാൻ കേൾക്കയില്ല.

5:24 എന്നാൽ ന്യായം വെള്ളംപോലെയും നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകട്ടെ.

5:25 യിസ്രായേൽഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ?

 < 
5:26 നിങ്ങൾക്കു ഉണ്ടാക്കിയ വിഗ്രഹങ്ങളായി നിങ്ങളുടെ നക്ഷത്രദേവനായ കീയൂനെയും നിങ്ങളുടെ രാജാവായ സിക്കൂത്തിനെയും നിങ്ങൾ ചുമന്നുകൊണ്ടു പോകേണ്ടിവരും.

5:27 ഞാൻ നിങ്ങളെ ദമ്മേശെക്കിന്നു അപ്പുറം പ്രവാസത്തിലേക്കു പോകുമാറാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു; സൈന്യങ്ങളുടെ ദൈവം എന്നാകുന്നു അവന്റെ നാമം.


* ----------------------------------------

ആമോസ് അദ്ധ്യായം 6  <  1 2 3 4 5 6 7 8 9 10 11 12 13 14

6:1 സീയോനിൽ സ്വൈരികളായി ശമർയ്യാപർവ്വതത്തിൽ നിർഭയരായി ജാതികളിൽ പ്രധാനമായതിൽ ശ്രേഷ്ഠന്മാരായി യിസ്രായേൽഗൃഹം വന്നു ചേരുന്നവരായുള്ളോരേ, നിങ്ങൾക്കു അയ്യോ കഷ്ടം!

6:2 നിങ്ങൾ കല്നെക്കു ചെന്നു നോക്കുവിൻ; അവിടെ നിന്നു മഹതിയായ ഹമാത്തിലേക്കു പോകുവിൻ; ഫെലിസ്ത്യരുടെ ഗത്തിലേക്കു ചെല്ലുവിൻ; അവ ഈ രാജ്യങ്ങളെക്കാൾ നല്ലവയോ? അവയുടെ ദേശം നിങ്ങളുടെ ദേശത്തെക്കാൾ വിസ്താരമുള്ളതോ?

6:3 നിങ്ങൾ ദുർദ്ദിവസം അകറ്റിവെക്കുകയും സാഹസത്തിന്റെ ഇരിപ്പിടം അടുപ്പിക്കയും ചെയ്യുന്നു.

6:4 നിങ്ങൾ ആനക്കൊമ്പു കൊണ്ടുള്ള കട്ടിലുകളിന്മേൽ ചാരിയിരിക്കയും നിങ്ങളുടെ ശയ്യകളിന്മേൽ നിവിർന്നു കിടക്കയും ആട്ടിൻ കൂട്ടത്തിൽനിന്നു കുഞ്ഞാടുകളെയും തൊഴുത്തിൽനിന്നു പശുക്കിടാക്കളെയും തിന്നുകയും ചെയ്യുന്നു.

6:5 നിങ്ങൾ വീണാനാദത്തോടെ വ്യർത്ഥസംഗീതം ചെയ്തു ദാവീദ് എന്നപോലെ വാദിത്രങ്ങളെ ഉണ്ടാക്കുന്നു.

 < 
6:6 നിങ്ങൾ കലശങ്ങളിൽ വീഞ്ഞു കുടിക്കയും വിശേഷതൈലം പൂശുകയും ചെയ്യുന്നു; യോസേഫിന്റെ കേടിനെക്കുറിച്ചു വ്യസനിക്കുന്നില്ലതാനും.

6:7 അതുകൊണ്ടു അവർ ഇപ്പോൾ പ്രവാസികളിൽ മുമ്പരായി പ്രവാസത്തിലേക്കു പോകും; നിവിർന്നു കിടക്കുന്നവരുടെ മദ്യപാനഘോഷം തീർന്നുപോകും.

6:8 യഹോവയായ കർത്താവു തന്നെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു എന്നു സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ അരുളപ്പാടു: ഞാൻ യാക്കോബിന്റെ ഗർവ്വത്തെ വെറുത്തു അവന്റെ അരമനകളെ ദ്വേഷിക്കുന്നു; ഞാൻ പട്ടണവും അതിലുള്ളതൊക്കെയും ഏല്പിച്ചുകൊടുക്കും;

6:9 ഒരു വീട്ടിൽ പത്തു പുരുഷന്മാർ ശേഷിച്ചിരുന്നാലും അവർ മരിക്കും;

6:10 ഒരു മനുഷ്യന്റെ ചാർച്ചക്കാരൻ, അവനെ ദഹിപ്പിക്കേണ്ടുന്നവൻ തന്നേ, അവന്റെ അസ്ഥികളെ വീട്ടിൽനിന്നു നീക്കേണ്ടതിന്നു അവനെ ചുമന്നുകൊണ്ടു പോകുമ്പോൾ അവൻ വീട്ടിന്റെ അകത്തെ മൂലയിൽ ഇരിക്കുന്നവനോടു: നിന്റെ അടുക്കൽ ഇനി വല്ലവരും ഉണ്ടോ? എന്നു ചോദിക്കുന്നതിന്നു അവൻ: ആരുമില്ല എന്നു പറഞ്ഞാൽ അവൻ: യഹോവയുടെ നാമത്തെ കീർത്തിച്ചുകൂടായ്കയാൽ നീ മിണ്ടാതിരിക്ക എന്നു പറയും.

 < 
6:11 യഹോവ കല്പിച്ചിട്ടു വലിയ വീടു ഇടിഞ്ഞും ചെറിയ വീടു പിളർന്നും തകർന്നുപോകും.

6:12 കുതിര പാറമേൽ ഓടുമോ? അവിടെ കാളയെ പൂട്ടു ഉഴുമോ? എന്നാൽ നിങ്ങൾ ന്യായത്തെ നഞ്ചായും നീതിഫലത്തെ കാഞ്ഞിരമായും മാറ്റിയിരിക്കുന്നു.

6:13 നിങ്ങൾ മിത്ഥ്യാവസ്തുവിൽ സന്തോഷിച്ചുംകൊണ്ടു: സ്വന്തശക്തിയാൽ ഞങ്ങൾ പ്രാബല്യം പ്രാപിച്ചിട്ടില്ലയോ എന്നു പറയുന്നു.

6:14 എന്നാൽ യിസ്രായേൽഗൃഹമേ, ഞാൻ നിങ്ങളുടെ നേരെ ഒരു ജാതിയെ എഴുന്നേല്പിക്കും; അവർ ഹമാത്തിലേക്കുള്ള പ്രവേശനംമുതൽ അരാബയിലെ തോടുവരെ നിങ്ങളെ ഞെരുക്കും എന്നു സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ അരുളപ്പാടു.


* ----------------------------------------

ആമോസ് അദ്ധ്യായം 7  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17

7:1 യഹോവയായ കർത്താവു എനിക്കു കാണിച്ചു തന്നതെന്തെന്നാൽ: പുല്ലു രണ്ടാമതു മുളെച്ചു തുടങ്ങിയപ്പോൾ അവൻ വിട്ടിലുകളെ നിർമ്മിച്ചു: അതു രാജാവിന്റെ വക പുല്ലു അരിഞ്ഞ ശേഷം മുളെച്ച രണ്ടാമത്തെ പുല്ലു ആയിരുന്നു.

7:2 എന്നാൽ അവ ദേശത്തിലെ സസ്യം തിന്നുതീർന്നപ്പോൾ ഞാൻ: യഹോവയായ കർത്താവേ, ക്ഷമിക്കേണമേ; യാക്കോബ് എങ്ങനെ നിവിർന്നുനില്ക്കും? അവൻ ചെറിയവനല്ലോ എന്നു പറഞ്ഞു.

7:3 യഹോവ അതിനെക്കുറിച്ചു അനുതപിച്ചു; അതു സംഭവിക്കയില്ല എന്നു യഹോവ അരുളിച്ചെയ്തു.

7:4 യഹോവയായ കർത്താവു എനിക്കു കാണിച്ചുതന്നതെന്തെന്നാൽ: യഹോവയായ കർത്താവു തീയാൽ വ്യവഹരിപ്പാൻ അതിനെ വിളിച്ചു; അതു വലിയ ആഴിയെ വറ്റിച്ചുകളഞ്ഞിട്ടു യഹോവയുടെ ഓഹരിയെയും തിന്നുകളവാൻ ഭാവിച്ചു.

7:5 അപ്പോൾ ഞാൻ: യഹോവയായ കർത്താവേ, മതിയാക്കേണമേ; യാക്കോബ് എങ്ങനെ നിവിർന്നുനില്ക്കും? അവൻ ചെറിയവനല്ലോ എന്നു പറഞ്ഞു.

 < 
7:6 യഹോവ അതിനെക്കുറിച്ചു അനുതപിച്ചു; അതു സംഭവിക്കയില്ല എന്നു യഹോവയായ കർത്താവു അരുളിച്ചെയ്തു.

7:7 അവൻ എനിക്കു കാണിച്ചുതന്നതെന്തെന്നാൽ: കർത്താവു കയ്യിൽ തൂക്കുകട്ട പിടിച്ചുകൊണ്ടു തൂക്കുകട്ട തൂക്കിയുണ്ടാക്കിയോരു മതിലിന്മേൽ നിന്നു.

7:8 യഹോവ എന്നോടു: ആമോസേ, നീ എന്തു കാണുന്നു എന്നു ചോദിച്ചതിന്നു ഒരു തൂക്കുകട്ട എന്നു ഞാൻ പറഞ്ഞു. അതിന്നു കർത്താവു: ഞാൻ എന്റെ ജനമായ യിസ്രായേലിന്റെ നടുവിൽ ഒരു തൂക്കുകട്ട പിടിക്കും; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല;

7:9 യിസ്ഹാക്കിന്റെ പൂജാഗിരികൾ പാഴും യിസ്രായേലിന്റെ വിശുദ്ധമന്ദിരങ്ങൾ ശൂന്യവുമായ്തീരും; ഞാൻ യൊരോബെയാംഗൃഹത്തോടു വാളുമായി എതിർത്തുനില്ക്കും എന്നു അരുളിച്ചെയ്തു.

7:10 എന്നാൽ ബേഥേലിലെ പുരോഹിതനായ അമസ്യാവു യിസ്രായേൽരാജാവായ യൊരോബെയാമിന്റെ അടുക്കൽ ആളയച്ചു: ആമോസ് യിസ്രായേൽഗൃഹത്തിന്റെ മദ്ധ്യേ നിനക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കുന്നു; അവന്റെ വാക്കു ഒക്കെയും സഹിപ്പാൻ ദേശത്തിന്നു കഴിവില്ല.

 < 
7:11 യൊരോബെയാം വാൾകൊണ്ടു മരിക്കും; യിസ്രായേൽ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും എന്നിങ്ങനെ ആമോസ് പറയുന്നു എന്നു പറയിച്ചു.

7:12 എന്നാൽ ആമോസിനോടു അമസ്യാവു: എടോ ദർശകാ, യെഹൂദാദേശത്തിലേക്കു ഓടിപ്പൊയ്ക്കൊൾക; അവിടെ പ്രവചിച്ചു അഹോവൃത്തി കഴിച്ചുകൊൾക.

7:13 ബേഥേലിലോ ഇനി പ്രവചിക്കരുതു; അതു രാജാവിന്റെ വിശുദ്ധമന്ദിരവും രാജധാനിയുമല്ലോ എന്നു പറഞ്ഞു.

7:14 അതിന്നു ആമോസ് അമസ്യാവോടു: ഞാൻ പ്രവാചകനല്ല, പ്രവാചകശിഷ്യനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രേ.

7:15 ഞാൻ ആടുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ യഹോവ എന്നെ പിടിച്ചു: നീ ചെന്നു എന്റെ ജനമായ യിസ്രായേലിനോടു പ്രവചിക്ക എന്നു യഹോവ എന്നോടു കല്പിച്ചു എന്നു ഉത്തരം പറഞ്ഞു.

 < 
7:16 ആകയാൽ നീ യഹോവയുടെ വചനം കേൾക്ക: യിസ്രായേലിനെക്കുറിച്ചു പ്രവചിക്കരുതു; യിസ്ഹാക്ഗൃഹത്തിന്നു നിന്റെ വചനം പൊഴിക്കരുതു എന്നു നീ പറയുന്നുവല്ലോ.

7:17 അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഭാര്യ നഗരത്തിൽ വേശ്യയാകും; നിന്റെ പുത്രന്മാരും പുത്രിമാരും വാൾകൊണ്ടു വീഴും; നിന്റെ ദേശം അളവു നൂൽകൊണ്ടു വിഭാഗിക്കപ്പെടും; നീയോ ഒരു അശുദ്ധദേശത്തുവെച്ചു മരിക്കും; യിസ്രായേൽ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും.


* ----------------------------------------

ആമോസ് അദ്ധ്യായം 8  <  1 2 3 4 5 6 7 8 9 10 11 12 13 14

8:1 യഹോവയായ കർത്താവു എനിക്കു ഒരു കൊട്ട പഴുത്ത പഴം കാണിച്ചുതന്നു.

8:2 ആമോസേ, നീ എന്തു കാണുന്നു എന്നു അവൻ ചോദിച്ചതിന്നു: ഒരു കൊട്ട പഴുത്തപഴം എന്നു ഞാൻ പറഞ്ഞു. യഹോവ എന്നോടു അരുളിച്ചെയ്തതു: എന്റെ ജനമായ യിസ്രായേലിന്നു പഴുപ്പു വന്നിരിക്കുന്നു; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല.

8:3 അന്നാളിൽ മന്ദിരത്തിലെ ഗീതങ്ങൾ മുറവിളിയാകും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. ശവം അനവധി! എല്ലാടത്തും അവയെ എറിഞ്ഞുകളയും; മിണ്ടരുതു.

8:4 ഞങ്ങൾ ഏഫയെ കുറെച്ചു ശേക്കേലിനെ വലുതാക്കി കള്ളത്തുലാസ്സുകൊണ്ടു വഞ്ചന പ്രവർത്തിച്ചു എളിയവരെ പണത്തിന്നും ദരിദ്രന്മാരെ ഒരു കൂട്ടു ചെരിപ്പിന്നും മേടിക്കേണ്ടതിന്നും കോതമ്പിന്റെ പതിർ വിൽക്കേണ്ടതിന്നും

8:5 ധാന്യവ്യാപാരം ചെയ്‍വാൻ തക്കവണ്ണം അമാവാസിയും കോതമ്പുപീടിക തുറന്നുവെപ്പാൻ തക്കവണ്ണം ശബ്ബത്തും എപ്പോൾ കഴിഞ്ഞുപോകും എന്നു പറഞ്ഞു,

 < 
8:6 ദരിദ്രന്മാരെ വിഴുങ്ങുവാനും ദേശത്തിലെ സാധുക്കളെ ഇല്ലാതാക്കുവാനും പോകുന്നവരേ, ഇതു കേൾപ്പിൻ.

8:7 ഞാൻ അവരുടെ പ്രവൃത്തികളിൽ യാതൊന്നും ഒരുനാളും മറക്കയില്ല എന്നു യഹോവ യാക്കോബിന്റെ മഹിമയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു.

8:8 അതു നിമിത്തം ഭൂമി നടുങ്ങുകയും അതിൽ പാർക്കുന്ന ഏവനും ഭ്രമിച്ചുപോകയും ചെയ്കയില്ലയോ? അതു മുഴുവനും നീലനദിപോലെ പൊങ്ങും; മിസ്രയീമിലെ നദിപോലെ പൊങ്ങുകയും താഴുകയും ചെയ്യും.

8:9 അന്നാളിൽ ഞാൻ ഉച്ചെക്കു സൂര്യനെ അസ്തമിപ്പിക്കയും പട്ടാപ്പകൽ ഭൂമിയെ ഇരുട്ടാക്കുകയും ചെയ്യും.

8:10 ഞാൻ നിങ്ങളുടെ ഉത്സവങ്ങളെ ദുഃഖമായും നിങ്ങളുടെ ഗീതങ്ങളെ വിലാപമായും മാറ്റും; ഞാൻ ഏതു അരയിലും രട്ടും ഏതു തലയിലും കഷണ്ടിയും വരുത്തും; ഞാൻ അതിനെ ഒരു ഏകജാതനെക്കുറിച്ചുള്ള വിലാപംപോലെയും അതിന്റെ അവസാനത്തെ കൈപ്പുള്ള ദിവസംപോലെയും ആക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.

 < 
8:11 അപ്പത്തിന്നായുള്ള വിശപ്പല്ല വെള്ളത്തിന്നായുള്ള ദാഹവുമല്ല, യഹോവയുടെ വചനങ്ങളെ കേൾക്കേണ്ടതിന്നുള്ള വിശപ്പുതന്നേ ഞാൻ ദേശത്തേക്കു അയക്കുന്ന നാളുകൾ വരുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.

8:12 അന്നു അവർ സമുദ്രംമുതൽ സമുദ്രംവരെയും വടക്കുമുതൽ കിഴക്കുവരെയും ഉഴന്നുചെന്നു യഹോവയുടെ വചനം അന്വേഷിച്ചു അലഞ്ഞുനടക്കും; കണ്ടുകിട്ടുകയില്ലതാനും.

8:13 അന്നാളിൽ സൌന്ദര്യമുള്ള കന്യകമാരും യൌവനക്കാരും ദാഹംകൊണ്ടു ബോധംകെട്ടുവീഴും.

8:14 ദാനേ, നിന്റെ ദൈവത്താണ, ബേർ-ശേബാമാർഗ്ഗത്താണ എന്നു പറഞ്ഞുംകൊണ്ടു ശമർയ്യയുടെ അകൃത്യത്തെച്ചൊല്ലി സത്യം ചെയ്യുന്നവർ വീഴും; ഇനി എഴുന്നേൽക്കയുമില്ല.


* ----------------------------------------

ആമോസ് അദ്ധ്യായം 9  <  1 2 3 4 5 6 7 8 9 10 11 12 13 14 15

9:1 യഹോവ യാഗപീഠത്തിന്നു മീതെ നില്ക്കുന്നതു ഞാൻ കണ്ടു; അവൻ അരുളിച്ചെയ്തതെന്തെന്നാൽ: ഉത്തരങ്ങൾ കുലുങ്ങുമാറു നീ പോതികയെ അടിക്ക; അവ എല്ലാവരുടെയും തലമേൽ വീഴുവാൻ തക്കവണ്ണം തകർത്തു കളക; അവരുടെ സന്തതിയെ ഞാൻ വാൾ കൊണ്ടു കൊല്ലും; അവരിൽ ആരും ഓടിപ്പോകയില്ല. അവരിൽ ആരും വഴുതിപ്പോകയുമില്ല.

9:2 അവർ പാതാളത്തിൽ തുരന്നുകടന്നാലും അവിടെനിന്നു എന്റെ കൈ അവരെ പിടിക്കും; അവർ ആകാശത്തിലേക്കു കയറിപ്പോയാലും അവിടെനിന്നു ഞാൻ അവരെ ഇറക്കും.

9:3 അവർ കർമ്മേലിന്റെ കൊടുമുടിയിൽ ഒളിച്ചിരുന്നാലും ഞാൻ അവരെ തിരഞ്ഞു അവിടെനിന്നു പിടിച്ചുകൊണ്ടുവരും; അവർ എന്റെ ദൃഷ്ടിയിൽനിന്നു സമുദ്രത്തിന്റെ അടിയിൽ മറഞ്ഞിരുന്നാലും ഞാൻ അവിടെ സർപ്പത്തോടു കല്പിച്ചിട്ടു അതു അവരെ കടിക്കും.

9:4 അവർ ശത്രുക്കളുടെ മുമ്പിൽ പ്രവാസത്തിലേക്കു പോയാലും ഞാൻ അവിടെ വാളിനോടു കല്പിച്ചിട്ടു അതു അവരെ കൊല്ലും. നന്മെക്കായിട്ടല്ല തിന്മെക്കായിട്ടു തന്നേ ഞാൻ അവരുടെ മേൽ ദൃഷ്ടിവെക്കും.

9:5 സൈന്യങ്ങളുടെ യഹോവയായ കർത്താവു ദേശത്തെ തൊടുന്നു; അതു ഉരുകിപ്പോകുന്നു; അതിൽ പാർക്കുന്നവർ ഒക്കെയും വിലപിക്കും; അതു മുഴുവനും നീലനദിപോലെ പൊങ്ങുകയും മിസ്രയീമിലെ നദിപോലെ താഴുകയും ചെയ്യും.

 < 
9:6 അവൻ ആകാശത്തിൽ തന്റെ മാളികമുറികളെ പണിയുകയും ഭൂമിയിൽ തന്റെ കമാനത്തിന്നു അടിസ്ഥാനം ഇടുകയും സമുദ്രത്തിലെ വെള്ളത്തെ വിളിച്ചു ഭൂതലത്തിൽ പകരുകയും ചെയ്യുന്നു; യഹോവ എന്നാകുന്നു അവന്റെ നാമം.

9:7 യിസ്രായേൽമക്കളേ നിങ്ങൾ എനിക്കു കൂശ്യരെപ്പോലെ അല്ലയോ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ യിസ്രായേലിനെ മിസ്രയീംദേശത്തുനിന്നും ഫെലിസ്ത്യരെ കഫ്തോരിൽനിന്നും അരാമ്യരെ കീറിൽനിന്നും കൊണ്ടുവന്നില്ലയോ?

9:8 യഹോവയായ കർത്താവിന്റെ ദൃഷ്ടി പാപമുള്ള രാജ്യത്തിന്മേൽ ഇരിക്കുന്നു; ഞാൻ അതിനെ ഭൂതലത്തിൽനിന്നു നശിപ്പിക്കും; എങ്കിലും ഞാൻ യാക്കോബ്ഗൃഹത്തെ മുഴുവനും നശിപ്പിക്കയില്ല എന്നു യഹോവയുടെ അരുളപ്പാടു.

9:9 അരിപ്പകൊണ്ടു അരിക്കുന്നതുപോലെ ഞാൻ യിസ്രായേൽഗൃഹത്തെ സകലജാതികളുടെയും ഇടയിൽ അരിപ്പാൻ കല്പിക്കും; ഒരു മണിപോലും നിലത്തു വീഴുകയില്ല.

9:10 അനർത്ഥം ഞങ്ങളെ തുടർന്നെത്തുകയില്ല, എത്തിപ്പിടക്കയുമില്ല എന്നു പറയുന്നവരായി എന്റെ ജനത്തിലുള്ള സകലപാപികളും വാൾകൊണ്ടു മരിക്കും.

 < 
9:11 അവർ എദോമിൽ ശേഷിച്ചിരിക്കുന്നവരുടെയും എന്റെ നാമം വിളക്കപ്പെടുന്ന സകല ജാതികളുടെയും ദേശത്തെ കൈവശമാക്കേണ്ടതിന്നു വീണുപോയ

9:12 ദാവീദിൻ കൂടാരത്തെ ഞാൻ അന്നാളിൽ നിവിർത്തുകയും അതിന്റെ പിളർപ്പുകളെ അടെക്കയും അവന്റെ ഇടിവുകളെ തീർക്കുകയും അതിനെ പുരാതനകാലത്തിൽ എന്നപോലെ പണിയുകയും ചെയ്യും എന്നാകുന്നു ഇതു അനുഷ്ഠിക്കുന്ന യഹോവയുടെ അരുളപ്പാടു.

9:13 ഉഴുന്നവൻ കൊയ്യുന്നവനെയും മുന്തിരിപ്പഴം ചവിട്ടുന്നവൻ വിതെക്കുന്നവനെയും തുടർന്നെത്തുകയും പർവ്വതങ്ങൾ പുതുവീഞ്ഞു പൊഴിക്കയും എല്ലാ കുന്നുകളും ഉരുകിപ്പോകയും ചെയ്യുന്ന നാളുകൾ വരും എന്നു യഹോവയുടെ അരുളപ്പാടു.

9:14 അപ്പോൾ ഞാൻ എന്റെ ജനമായ യിസ്രായേലിന്റെ പ്രവാസികളെ മടക്കിവരുത്തും ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങളെ അവർ പണിതു പാർക്കയും മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ വീഞ്ഞു കുടിക്കയും തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കയും ചെയ്യും.

9:15 ഞാൻ അവരെ അവരുടെ ദേശത്തു നടും; ഞാൻ അവർക്കു കൊടുത്തിരിക്കുന്ന ദേശത്തുനിന്നു അവരെ ഇനി പറിച്ചുകളകയുമില്ല എന്നു നിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.

 < 
* ----------------------------------------

അന്തം  < 
































Amos

Indian Malayalam Bible (IMM)