A         A         A         A

035 ഹബക്കൂക്‍ - Habakkuk

ബൈബിള്‍ - സത്യവേദപുസ്തകം
 <  1 2 3

* ----------------------------------------

ഹബക്കൂക്‍ അദ്ധ്യായം 1  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17

1:1 ഹബക്കൂൿ പ്രവാചകൻ ദർശിച്ച പ്രവാചകം.

1:2 യഹോവേ, എത്രത്തോളം ഞാൻ അയ്യം വിളിക്കയും നീ കേൾക്കാതിരിക്കയും ചെയ്യും? സാഹസംനിമിത്തം ഞാൻ എത്രത്തോളം നിന്നോടു നിലവിളിക്കയും നീ രക്ഷിക്കാതിരിക്കയും ചെയ്യും?

1:3 നീ എന്നെ നീതികേടു കാണുമാറാക്കുന്നതും പീഡനം വെറുതെ നോക്കുന്നതും എന്തിനു? കവർച്ചയും സാഹസവും എന്റെ മുമ്പിൽ ഉണ്ടു; കലഹം നടക്കുന്നു; ശണ്ഠ ഉളവായി വരും.

1:4 അതുകൊണ്ടു ന്യായപ്രമാണം അയഞ്ഞിരിക്കുന്നു; ന്യായം ഒരുനാളും വെളിപ്പെട്ടുവരുന്നതുമില്ല; ദുഷ്ടൻ നീതിമാനെ വളഞ്ഞിരിക്കുന്നു; അതുകൊണ്ടു ന്യായം വക്രതയായി വെളിപ്പെട്ടുവരുന്നു.

1:5 ജാതികളുടെ ഇടയിൽ ദൃഷ്ടിവെച്ചു നോക്കുവിൻ! ആശ്ചര്യപ്പെട്ടു വിസ്മയിപ്പിൻ! ഞാൻ നിങ്ങളുടെ കാലത്തു ഒരു പ്രവൃത്തി ചെയ്യും; അതു വിവരിച്ചുകേട്ടാൽ നിങ്ങൾ വിശ്വസിക്കയില്ല.

 < 
1:6 ഞാൻ ഉഗ്രതയും വേഗതയുമുള്ള ജാതിയായ കല്ദയരെ ഉണർത്തും; അവർ തങ്ങളുടേതല്ലാത്ത വാസസ്ഥലങ്ങളെ കൈവശമാക്കേണ്ടതിന്നു ഭൂമണ്ഡലത്തിൽ നീളെ സഞ്ചരിക്കുന്നു.

1:7 അവർ ഘോരവും ഭയങ്കരവുമായുള്ളവർ; അവരുടെ ന്യായവും ശ്രേഷ്ഠതയും അവരിൽനിന്നു തന്നേ പുറപ്പെടുന്നു.

1:8 അവരുടെ കുതിരകൾ പുള്ളിപ്പുലികളെക്കാൾ വേഗതയും വൈകുന്നേരത്തെ ചെന്നായ്ക്കളെക്കാൾ ഉഗ്രതയുമുള്ളവ; അവരുടെ കുതിരച്ചേവകർ ഗർവ്വിച്ചോടിക്കുന്നു; അവരുടെ കുതിരച്ചേവകർ ദൂരത്തുനിന്നു വരുന്നു; തിന്നുവാൻ ബദ്ധപ്പെടുന്ന കഴുകനെപ്പോലെ അവർ പറന്നു വരുന്നു.

1:9 അവർ ഏവരും സംഹാരത്തിന്നായി വരുന്നു; അവരുടെ മുഖം മുമ്പോട്ടു ബദ്ധപ്പെടുന്നു; അവർ മണൽപോലെ ബദ്ധന്മാരെ പിടിച്ചുചേർക്കുന്നു.

1:10 അവർ രാജാക്കന്മാരെ പരിഹസിക്കുന്നു; പ്രഭുക്കന്മാർ അവർക്കു ഹാസ്യമായിരിക്കുന്നു; അവർ ഏതു കോട്ടയെയും കുറിച്ചു ചിരിക്കുന്നു; അവർ മണ്ണു കുന്നിച്ചു അതിനെ പിടിക്കും.

 < 
1:11 അന്നു അവൻ കാറ്റുപോലെ അടിച്ചുകടന്നു അതിക്രമിച്ചു കുറ്റക്കാരനായ്തീരും; സ്വന്തശക്തിയല്ലോ അവന്നു ദൈവം.

1:12 എന്റെ ദൈവമായ യഹോവേ, നീ പുരാതനമേ എന്റെ പരിശുദ്ധനല്ലയോ? ഞങ്ങൾ മരിക്കയില്ല; യഹോവേ, നീ അവനെ ന്യായവിധിക്കായി നിയമിച്ചിരിക്കുന്നു; പാറയായുള്ളോവേ, ശിക്ഷെക്കായി നീ അവനെ നിയോഗിച്ചിരിക്കുന്നു.

1:13 ദോഷം കണ്ടുകൂടാതവണ്ണം നിർമ്മലദൃഷ്ടിയുള്ളവനും പീഡനം കാണ്മാൻ കഴിയാത്തവനുമായുള്ളോവേ, ദ്രോഹം പ്രവർത്തിക്കുന്നവരെ നീ വെറുതെ നോക്കുന്നതും ദുഷ്ടൻ തന്നിലും നീതിമാനായവനെ വിഴുങ്ങുമ്പോൾ

1:14 നീ മിണ്ടാതിരിക്കുന്നതും മനുഷ്യരെ സമുദ്രത്തിലെ മത്സ്യങ്ങളെപ്പോലെയും അധിപതിയില്ലാത്ത ഇഴജാതികളെപ്പോലെയും ആക്കുന്നതും എന്തു?

1:15 അവൻ അവയെ ഒക്കെയും ചൂണ്ടൽകൊണ്ടു പിടിച്ചെടുക്കുന്നു; അവൻ വലകൊണ്ടു അവയെ വലിച്ചെടുക്കുന്നു; കോരുവലയിൽ ചേർത്തുകൊള്ളുന്നു; അതുകൊണ്ടു അവൻ സന്തോഷിച്ചാനന്ദിക്കുന്നു.

 < 
1:16 അതു ഹേതുവായി അവൻ തന്റെ വലെക്കു ബലികഴിക്കുന്നു; കോരുവലെക്കു ധൂപം കാട്ടുന്നു; അവയാലല്ലോ അവന്റെ ഓഹരി പുഷ്ടിയുള്ളതും അവന്റെ ആഹാരം പൂർത്തിയുള്ളതുമായ്തീരുന്നതു.

1:17 അതുനിമിത്തം അവൻ തന്റെ വല കുടഞ്ഞു, ജാതികളെ ആദരിക്കാതെ നിത്യം കൊല്ലുവാൻ പോകുമോ?


* ----------------------------------------

ഹബക്കൂക്‍ അദ്ധ്യായം 2  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20

2:1 ഞാൻ കൊത്തളത്തിൽനിന്നു കാവൽകാത്തുകൊണ്ടു: അവൻ എന്നോടു എന്തരുളിച്ചെയ്യും എന്നും എന്റെ ആവലാധിസംബന്ധിച്ചു ഞാൻ എന്തുത്തരം പറയേണ്ടു എന്നും കാണേണ്ടതിന്നു ദൃഷ്ടിവെക്കും.

2:2 യഹോവ എന്നോടു ഉത്തരം അരുളിയതു: നീ ദർശനം എഴുതുക; ഓടിച്ചു വായിപ്പാൻ തക്കവണ്ണം അതു പലകയിൽ തെളിവായി വരെക്കുക.

2:3 ദർശനത്തിന്നു ഒരു അവധിവെച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല.

2:4 അവന്റെ മനസ്സു അവനിൽ അഹങ്കരിച്ചിരിക്കുന്നു; അതു നേരുള്ളതല്ല; നീതിമാനോ വിശ്വാസത്താൽ ജീവിച്ചിരിക്കും.

2:5 വീഞ്ഞു വിശ്വാസപാതകനാകുന്നു; അഹമ്മതിയുള്ള പുരുഷൻ നിലനിൽക്കയില്ല; അവൻ പാതാളംപോലെ വിസ്താരമായി വായ് പിളർക്കുന്നു; മരണംപോലെ തൃപ്തിപ്പെടാതെയുമിരിക്കുന്നു; അവൻ സകലജാതികളെയും തന്റെ അടുക്കൽ കൂട്ടി, സകലവംശങ്ങളെയും തന്റെ അടുക്കൽ ചേർക്കുന്നു.

 < 
2:6 അവർ ഒക്കെയും അവനെക്കുറിച്ചു ഒരു സദൃശവും അവനെക്കുറിച്ചു പരിഹാസമായുള്ളോരു പഴഞ്ചൊല്ലും ചൊല്ലി; തന്റെതല്ലാത്തതു വർദ്ധിപ്പിക്കയും--എത്രത്തോളം?--പണയപണ്ടം ചുമന്നു കൂട്ടുകയും ചെയ്യുന്നവന്നു അയ്യോ കഷ്ടം എന്നു പറകയില്ലയോ?

2:7 നിന്റെ കടക്കാർ പെട്ടെന്നു എഴുന്നേൽക്കയും നിന്നെ ബുദ്ധിമുട്ടിക്കുന്നവർ ഉണരുകയും നീ അവർക്കു കൊള്ളയായ്തീരുകയും ഇല്ലയോ?

2:8 നീ പലജാതികളോടും കവർച്ച ചെയ്തതുകൊണ്ടു ജാതികളിൽ ശേഷിപ്പുള്ളവരൊക്കെയും മനുഷ്യരുടെ രക്തംനിമിത്തവും നീ ദേശത്തോടും നഗരത്തോടും അതിന്റെ സകലനിവാസികളോടും ചെയ്ത സാഹസം നിമിത്തവും നിന്നോടും കവർച്ച ചെയ്യും.

2:9 അനർത്ഥത്തിൽനിന്നു വിടുവിക്കപ്പെടുവാൻ തക്കവണ്ണം ഉയരത്തിൽ കൂടുവെക്കേണ്ടതിന്നു തന്റെ വീട്ടിന്നുവേണ്ടി ദുരാദായം ആഗ്രഹിക്കുന്നവന്നു അയ്യോ കഷ്ടം!

2:10 പലജാതികളെയും ഛേദിച്ചുകളഞ്ഞതിനാൽ നീ നിന്റെ വീട്ടിന്നു ലജ്ജ നിരൂപിച്ചു നിന്റെ സ്വന്ത പ്രാണനോടു പാപം ചെയ്തിരിക്കുന്നു.

 < 
2:11 ചുവരിൽനിന്നു കല്ലു നിലവിളിക്കയും മരപ്പണിയിൽനിന്നു തുലാം ഉത്തരം പറകയും ചെയ്യുമല്ലോ.

2:12 രക്തപാതകംകൊണ്ടു പട്ടണം പണിയുകയും നീതികേടുകൊണ്ടു നഗരം സ്ഥാപിക്കയും ചെയ്യുന്നവന്നു അയ്യോ കഷ്ടം!

2:13 ജാതികൾ തീക്കു ഇരയാകുവാൻ അദ്ധ്വാനിക്കുന്നതും വംശങ്ങൾ വെറുതെ തളർന്നുപോകുന്നതും സൈന്യങ്ങളുടെ യഹോവയുടെ ഹിതത്താൽ അല്ലയോ?

2:14 വെള്ളം സമുദ്രത്തിൽ നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ മഹത്വത്തിന്റെ പരിജ്ഞാനത്താൽ പൂർണ്ണമാകും.

2:15 കൂട്ടുകാരുടെ നഗ്നത കാണേണ്ടതിന്നു അവർക്കു കുടിപ്പാൻ കൊടുക്കയും നഞ്ചു കൂട്ടിക്കലർത്തി ലഹരിപിടിപ്പിക്കയും ചെയ്യുന്നവന്നു അയ്യോ കഷ്ടം!

 < 
2:16 നിനക്കു മഹത്വംകൊണ്ടല്ല, ലജ്ജകൊണ്ടു തന്നേ പൂർത്തിവന്നിരിക്കുന്നു; നീയും കുടിക്ക; നിന്റെ അഗ്രചർമ്മം അനാവൃതമാക്കുക; യഹോവയുടെ വലങ്കയ്യിലെ പാനപാത്രം നിന്റെ അടുക്കൽ വരും; മഹത്വത്തിന്നു പകരം നിനക്കു അവമാനം ഭവിക്കും.

2:17 മനുഷ്യരുടെ രക്തവും ദേശത്തോടും നഗരത്തോടും അതിന്റെ സകലനിവാസികളോടും ചെയ്ത സാഹസവും ഹേതുവായി ലെബാനോനോടു ചെയ്ത ദ്രോഹവും മൃഗങ്ങളെ പേടിപ്പിച്ച സംഹാരവും നിന്നെ മൂടും.

2:18 പണിക്കാരൻ ഒരു ബിംബത്തെ കൊത്തിയുണ്ടാക്കുവാൻ അതിനാലോ, പണിക്കാരൻ വ്യാജം ഉപദേശിക്കുന്ന വാർപ്പുവിഗ്രഹത്തിൽ ആശ്രയിച്ചുകൊണ്ടു ഊമ മിത്ഥ്യാമൂർത്തികളെ ഉണ്ടാക്കുവാൻ അതിനാലോ എന്തു പ്രയോജനം ഉള്ളു?

2:19 മരത്തോടു: ഉണരുക എന്നും ഊമക്കല്ലിനോടു: എഴുന്നേൽക്ക എന്നും പറയുന്നവന്നു അയ്യോ കഷ്ടം! അതു ഉപദേശിക്കുമോ? അതു പൊന്നും വെള്ളിയും പൊതിഞ്ഞിരിക്കുന്നു; അതിന്റെ ഉള്ളിൽ ശ്വാസം ഒട്ടും ഇല്ലല്ലോ.

2:20 എന്നാൽ യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ടു; സർവ്വ ഭൂമിയും അവന്റെ സന്നിധിയിൽ മൌനമായിരിക്കട്ടെ.

 < 

* ----------------------------------------

ഹബക്കൂക്‍ അദ്ധ്യായം 3  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19

3:1 വിഭ്രമരാഗത്തിൽ ഹബക്കൂൿ പ്രവാചകന്റെ ഒരു പ്രാർത്ഥനാഗീതം.

3:2 യഹോവേ, ഞാൻ നിന്റെ കേൾവി കേട്ടു ഭയപ്പെട്ടുപോയി; യഹോവേ, ആണ്ടുകൾ കഴിയുംമുമ്പെ നിന്റെ പ്രവൃത്തിയെ ജീവിപ്പിക്കേണമേ; ആണ്ടുകൾ കഴിയുംമുമ്പെ അതിനെ വെളിപ്പെടുത്തേണമേ; ക്രോധത്തിങ്കൽ കരുണ ഓർക്കേണമേ.

3:3 ദൈവം തേമാനിൽനിന്നും പരിശുദ്ധൻ പാറാൻ പർവ്വതത്തിൽനിന്നും വരുന്നു. സേലാ. അവന്റെ പ്രഭ ആകാശത്തെ മൂടുന്നു; അവന്റെ സ്തുതിയാൽ ഭൂമി നിറഞ്ഞിരിക്കുന്നു.

3:4 സൂര്യപ്രകാശംപോലെ ഒരു ശോഭ ഉളവായ്‍വരുന്നു; കിരണങ്ങൾ അവന്റെ പാർശ്വത്തുനിന്നു പുറപ്പെടുന്നു; അവിടെ അവന്റെ വല്ലഭത്വം മറഞ്ഞിരിക്കുന്നു.

3:5 മഹാമാരി അവന്റെ മുമ്പിൽ നടക്കുന്നു; ജ്വരാഗ്നി അവന്റെ പിന്നാലെ ചെല്ലുന്നു.

 < 
3:6 അവൻ നിന്നു ഭൂമിയെ കുലുക്കുന്നു; അവൻ നോക്കി ജാതികളെ ചിതറിക്കുന്നു; ശാശ്വതപർവ്വതങ്ങൾ പിളർന്നുപോകുന്നു; പുരാതനഗിരികൾ വണങ്ങി വീഴുന്നു; അവൻ പുരാതനപാതകളിൽ നടക്കുന്നു.

3:7 ഞാൻ കൂശാന്റെ കൂടാരങ്ങളെ അനർത്ഥത്തിൽ കാണുന്നു; മിദ്യാൻ ദേശത്തിലെ തിരശ്ശീലകൾ വിറെക്കുന്നു.

3:8 യഹോവ നദികളോടു നീരസപ്പെട്ടിരിക്കുന്നുവോ? നിന്റെ കോപം നദികളുടെ നേരെ വരുന്നുവോ? നീ കുതരിപ്പുറത്തും ജയരഥത്തിലും കയറിയിരിക്കയാൽ നിന്റെ ക്രോധം സമുദ്രത്തിന്റെ നേരെ ഉള്ളതോ?

3:9 നിന്റെ വില്ലു മുറ്റും അനാവൃതമായിരിക്കുന്നു; വചനത്തിന്റെ ദണ്ഡനങ്ങൾ ആണകളോടുകൂടിയിരിക്കുന്നു. സേലാ. നീ ഭൂമിയെ നദികളാൽ പിളർക്കുന്നു.

3:10 പർവ്വതങ്ങൾ നിന്നെ കണ്ടു വിറെക്കുന്നു; വെള്ളത്തിന്റെ പ്രവാഹം കടന്നുപോകുന്നു; ആഴി മുഴക്കം പുറപ്പെടുവിക്കുന്നു; ഉയരത്തിലേക്കു കൈ ഉയർത്തുന്നു.

 < 
3:11 നിന്റെ അസ്ത്രങ്ങൾ പായുന്ന പ്രകാശത്തിങ്കലും മിന്നിച്ചാടുന്ന കുന്തത്തിന്റെ ശോഭയിങ്കലും സൂര്യനും ചന്ദ്രനും സ്വഗൃഹത്തിൽ നില്ക്കുന്നു.

3:12 ക്രോധത്തോടെ നീ ഭൂമിയിൽ ചവിട്ടുന്നു; കോപത്തോടെ ജാതികളെ മെതിക്കുന്നു.

3:13 നിന്റെ ജനത്തിന്റെ രക്ഷെക്കായിട്ടും നിന്റെ അഭിഷിക്തന്റെ രക്ഷെക്കായിട്ടും നീ പുറപ്പെടുന്നു; നീ ദുഷ്ടന്റെ വീട്ടിൽനിന്നു മോന്തായം തകർത്തു, അടിസ്ഥാനത്തെ കഴുത്തോളം അനാവൃതമാക്കുന്നു. സേലാ.

3:14 നീ അവന്റെ കുന്തങ്ങൾകൊണ്ടു അവന്റെ യോദ്ധാക്കളുടെ തല കുത്തിത്തുളെക്കുന്നു; എന്നെ ചിതറിക്കേണ്ടതിന്നു അവർ ചുഴലിക്കാറ്റുപോലെ വരുന്നു; എളിയവനെ മറവിൽവെച്ചു വിഴുങ്ങുവാൻ പോകുന്നതുപോലെ അവർ ഉല്ലസിക്കുന്നു.

3:15 നിന്റെ കുതിരകളോടുകൂടെ നീ സമുദ്രത്തിൽ, പെരുവെള്ളക്കൂട്ടത്തിൽ തന്നേ, നടകൊള്ളുന്നു.

 < 
3:16 ഞാൻ കേട്ടു എന്റെ ഉദരം കുലുങ്ങിപ്പോയി, മുഴക്കം ഹേതുവായി എന്റെ അധരം വിറെച്ചു; അവൻ ജനത്തെ ആക്രമിപ്പാൻ പുറപ്പെടുമ്പോൾ കഷ്ടദിവസത്തിൽ ഞാൻ വിശ്രമിച്ചിരിക്കേണ്ടതുകൊണ്ടു എന്റെ അസ്ഥികൾക്കു ഉരുക്കം തട്ടി, ഞാൻ നിന്ന നിലയിൽ വിറെച്ചുപോയി.

3:17 അത്തിവൃക്ഷം തളിർക്കയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായ്പോകും; നിലങ്ങൾ ആഹാരം വിളയിക്കയില്ല; ആട്ടിൻ കൂട്ടം തൊഴുത്തിൽനിന്നു നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല.

3:18 എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.

3:19 യഹോവയായ കർത്താവു എന്റെ ബലം ആകുന്നു; അവൻ എന്റെ കാൽ പേടമാൻ കാൽപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു. സംഗീതപ്രമാണിക്കു തന്ത്രിനാദത്തോടെ.

* ----------------------------------------

അന്തം  < 
































Habakkuk

Indian Malayalam Bible (IMM)