A         A         A         A

037 ഹഗ്ഗായി - Haggai

ബൈബിള്‍ - സത്യവേദപുസ്തകം
 <  1 2

* ----------------------------------------

ഹഗ്ഗായി അദ്ധ്യായം 1  <  1 2 3 4 5 6 7 8 9 10 11 12 13 14 15

1:1 ദാർയ്യാവേശ് രാജാവിന്റെ രണ്ടാം ആണ്ടു, ആറാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു ഹഗ്ഗായിപ്രവാചകൻ മുഖാന്തരം യെഹൂദാദേശാധിപതിയായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലിന്നും മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവെക്കും ഉണ്ടായതെന്തെന്നാൽ:

1:2 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയുടെ ആലയം പണിവാനുള്ള കാലം വന്നിട്ടില്ലെന്നു ഈ ജനം പറയുന്നുവല്ലോ.

1:3 ഹഗ്ഗായി പ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:

1:4 ഈ ആലയം ശൂന്യമായിരിക്കെ നിങ്ങൾക്കു തട്ടിട്ട വീടുകളിൽ പാർപ്പാൻ കാലമായോ?

1:5 ആകയാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ.

 < 
1:6 നിങ്ങൾ വളരെ വിതെച്ചിട്ടും അല്പമേ കൊണ്ടുവരുന്നുള്ളു; നിങ്ങൾ ഭക്ഷിച്ചിട്ടും പൂർത്തിവരുന്നില്ല; പാനം ചെയ്തിട്ടും തൃപ്തിവരുന്നില്ല വസ്ത്രം ധരിച്ചിട്ടും ആർക്കും കുളിർ മാറുന്നില്ല; കൂലിക്കാരൻ ഓട്ടസഞ്ചിയിൽ ഇടുവാൻ കൂലിവാങ്ങുന്നു.

1:7 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ.

1:8 നിങ്ങൾ മലയിൽ ചെന്നു മരം കൊണ്ടുവന്നു ആലയം പണിവിൻ; ഞാൻ അതിൽ പ്രസാദിച്ചു മഹത്വപ്പെടും എന്നു യഹോവ കല്പിക്കുന്നു.

1:9 നിങ്ങൾ അധികം കിട്ടുമെന്നു കാത്തിരുന്നു; എന്നാൽ അതു അല്പമായ്തീർന്നു; നിങ്ങൾ അതു വീട്ടിൽ കൊണ്ടുവന്നു; ഞാനോ അതു ഊതിക്കളഞ്ഞു; അതെന്തുകൊണ്ടു? എന്റെ ആലയം ശൂന്യമായ്ക്കിടക്കയും നിങ്ങൾ ഓരോരുത്തനും താന്താന്റെ വീട്ടിലേക്കു ഓടുകയും ചെയ്യുന്നതുകൊണ്ടു തന്നേ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

1:10 അതുകൊണ്ടു നിങ്ങൾനിമിത്തം ആകാശം മഞ്ഞു പെയ്യാതെ അടഞ്ഞിരിക്കുന്നു; ഭൂമി അനുഭവം തരുന്നതുമില്ല.

 < 
1:11 ഞാൻ ദേശത്തിന്മേലും മലകളിന്മേലും ധാന്യത്തിന്മേലും വീഞ്ഞിന്മേലും എണ്ണയിന്മേലും നിലത്തെ വിളവിന്മേലും മനുഷ്യരുടെമേലും മൃഗങ്ങളുടെ മേലും കൈകളുടെ സകല പ്രയത്നത്തിന്മേലും വറുതിയെ വിളിച്ചുവരുത്തിയിരിക്കുന്നു.

1:12 അങ്ങനെ ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലും മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവയും ജനത്തിൽ ശേഷിപ്പുള്ള ഏവരുമായി തങ്ങളുടെ ദൈവമായ യഹോവയുടെ വാക്കും തങ്ങളുടെ ദൈവമായ യഹോവയുടെ നിയോഗത്തിന്നു ഒത്തവണ്ണം ഹഗ്ഗായി പ്രവാചകന്റെ വചനങ്ങളും കേട്ടനുസരിച്ചു; ജനം യഹോവയെ ഭയപ്പെടുകയും ചെയ്തു.

1:13 അപ്പോൾ യഹോവയുടെ ദൂതനായ ഹഗ്ഗായി യഹോവയുടെ ദൂതായി ജനത്തോടു: ഞാൻ നിങ്ങളോടു കൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു എന്നു പറഞ്ഞു.

1:14 യഹോവ യെഹൂദാദേശാധിപതിയായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലിന്റെ മനസ്സും മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവയുടെ മനസ്സും ജനത്തിൽ ശേഷിപ്പുള്ള ഏവരുടെയും മനസ്സും ഉണർത്തി; അവർ വന്നു തങ്ങളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിങ്കൽ വേല ചെയ്തു.

1:15 ദാർയ്യാവേശ് രാജാവിന്റെ രണ്ടാം ആണ്ടു ആറാം മാസം ഇരുപത്തുനാലാം തിയ്യതി തന്നേ.

 < 

* ----------------------------------------

ഹഗ്ഗായി അദ്ധ്യായം 2  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23

2:1 ഏഴാം മാസം ഇരുപത്തൊന്നാം തിയ്യതി ഹഗ്ഗായിപ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:

2:2 നീ യെഹൂദാദേശാധിപതിയായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലിനോടും മഹാ പുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവയോടും ജനത്തിൽ ശേഷിപ്പുള്ളവരോടും പറയേണ്ടതെന്തെന്നാൽ:

2:3 നിങ്ങളിൽ ഈ ആലയത്തെ അതിന്റെ ആദ്യമഹത്വത്തോടെ കണ്ടവരായി ആർ ശേഷിച്ചിരിക്കുന്നു? ഇപ്പോൾ കണ്ടിട്ടു നിങ്ങൾക്കു എന്തു തോന്നുന്നു? ഏതുമില്ലാത്തതുപോലെ തോന്നുന്നില്ലയോ?

2:4 ഇപ്പോഴോ സെരുബ്ബാബേലേ, ധൈര്യപ്പെടുക എന്നു യഹോവയുടെ അരുളപ്പാടു; മഹാപുരോഹിതനായി യഹോസാദാക്കിന്റെ മകനായ യോശുവേ, ധൈര്യപ്പെടുക; ദേശത്തിലെ സകലജനവുമായുള്ളോരേ, ധൈര്യപ്പെട്ടു വേല ചെയ്‍വിൻ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിങ്ങളോടുകൂടെ ഉണ്ടല്ലോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

2:5 നിങ്ങൾ മിസ്രയീമിൽ നിന്നു പുറപ്പെട്ടപ്പോൾ ഞാൻ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ വചനം ഓർപ്പിൻ; എന്റെ ആത്മാവു നിങ്ങളുടെ ഇടയിൽ വസിക്കുന്നു; നിങ്ങൾ ഭയപ്പെടേണ്ടാ.

 < 
2:6 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ടു ഞാൻ ആകാശത്തെയും ഭൂമിയെയും കടലിനെയും കരയെയും ഇളക്കും.

2:7 ഞാൻ സകല ജാതികളെയും ഇളക്കും; സകല ജാതികളുടെയും മനോഹരവസ്തു വരികയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്വപൂർണ്ണമാക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

2:8 വെള്ളി എനിക്കുള്ളതു, പൊന്നും എനിക്കുള്ളതു എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

2:9 ഈ ആലയത്തിന്റെ പിന്നത്തെ മഹത്വം മുമ്പിലേത്തതിലും വലുതായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഈ സ്ഥലത്തു ഞാൻ സമാധാനം നല്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

2:10 ദാർയ്യാവേശിന്റെ രണ്ടാം ആണ്ടു, ഒമ്പതാം മാസം, ഇരുപത്തുനാലാം തിയ്യതി ഹഗ്ഗായി പ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:

 < 
2:11 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ പുരോഹിതന്മാരോടു ന്യായപ്രമാണത്തെക്കുറിച്ചു ചോദിക്കേണ്ടതെന്തെന്നാൽ:

2:12 ഒരുത്തൻ തന്റെ വസ്ത്രത്തിന്റെ കോന്തലെക്കൽ വിശുദ്ധമാംസം വഹിച്ചു, ആ കോന്തലകൊണ്ടു അപ്പമോ പായസമോ വീഞ്ഞോ എണ്ണയോ ഏതെങ്കിലും ഒരു ഭക്ഷണസാധനമോ തൊട്ടാൽ അതു വിശുദ്ധമാകുമോ? അതിന്നു പുരോഹിതന്മാർ ഇല്ല എന്നുത്തരം പറഞ്ഞു.

2:13 എന്നാൽ ഹഗ്ഗായി: ശവത്താൽ അശുദ്ധനായ ഒരുത്തൻ അവയിൽ ഒന്നു തൊടുന്നുവെങ്കിൽ അതു അശുദ്ധമാകുമോ എന്നു ചോദിച്ചതിന്നു: അതു അശുദ്ധമാകും എന്നു പുരോഹിതന്മാർ ഉത്തരം പറഞ്ഞു.

2:14 അതിന്നു ഹഗ്ഗായി ഉത്തരം പറഞ്ഞതെന്തെന്നാൽ: അങ്ങനെ തന്നേ ഈ ജനവും അങ്ങനെ തന്നേ ഈ ജാതിയും എന്റെ സന്നിധിയിൽ ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു. അവരുടെ കൈകളുടെ പ്രവൃത്തിയൊക്കെയും അങ്ങനെ തന്നേ; അവർ അവിടെ അർപ്പിക്കുന്നതും അശുദ്ധം അത്രേ.

2:15 ആകയാൽ നിങ്ങൾ ഇന്നു തൊട്ടു പിന്നോക്കം, യഹോവയുടെ മന്ദിരത്തിങ്കൽ കല്ലിന്മേൽ കല്ലു വെച്ചതിന്നു മുമ്പുള്ളകാലം വിചാരിച്ചുകൊൾവിൻ.

 < 
2:16 ആ കാലത്തു ഒരുത്തൻ ഇരുപതു പറയുള്ള കൂമ്പാരത്തിലേക്കു ചെല്ലുമ്പോൾ പത്തു മാത്രമേ കാണുകയുള്ളു; ഒരുത്തൻ അമ്പതു പാത്രം കോരുവാൻ ചക്കാലയിൽ ചെല്ലുമ്പോൾ ഇരുപതു മാത്രമേ കാണുകയുള്ളു.

2:17 വെൺകതിരും വിഷമഞ്ഞും കൽമഴയുംകൊണ്ടു ഞാൻ നിങ്ങളെ നിങ്ങളുടെ കൈകളുടെ സകല പ്രവൃത്തികളിലും ദണ്ഡിപ്പിച്ചു; എങ്കിലും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.

2:18 നിങ്ങൾ ഇന്നുതൊട്ടു മുമ്പോട്ടു ദൃഷ്ടിവെക്കുവിൻ; ഒമ്പതാം മാസം, ഇരുപത്തു നാലാം തിയ്യതിമുതൽ, യഹോവയുടെ മന്ദിരത്തിന്നു അടിസ്ഥാനം ഇട്ട ദിവസം തുടങ്ങിയുള്ള കാലത്തിൽ തന്നേ ദൃഷ്ടിവെക്കുവിൻ.

2:19 വിത്തു ഇനിയും കളപ്പുരയിൽ കിടക്കുന്നുവോ? മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളവും ഒലിവുമരവും കായക്കുന്നില്ലയോ? ഇന്നുമുതൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കും.

2:20 ഇരുപത്തു നാലാം തിയ്യതി യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം ഹഗ്ഗായിക്കുണ്ടായതെന്തെന്നാൽ:

 < 
2:21 നീ യെഹൂദാദേശാധിപതിയായ സെരുബ്ബാബേലിനോടു പറയേണ്ടതു: ഞാൻ ആകാശത്തെയും ഭൂമിയെയും ഇളക്കും.

2:22 ഞാൻ രാജ്യങ്ങളുടെ സിംഹാസനം മറിച്ചിടും; ജാതികളുടെ രാജ്യങ്ങളുടെ ബലം നശിപ്പിച്ചുകളയും; ഞാൻ രഥത്തെയും അതിൽ കയറി ഓടിക്കുന്നവരെയും മറിച്ചുകളയും; കുതിരകളും പുറത്തു കയറി ഓടിക്കുന്നവരും ഓരോരുത്തൻ താന്താന്റെ സഹോദരന്റെ വാളിനാൽ വീഴും.

2:23 അന്നാളിൽ--സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു--എന്റെ ദാസനായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലേ, ഞാൻ നിന്നെ എടുത്തു മുദ്രമോതിരമാക്കും എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

* ----------------------------------------

അന്തം  < 
































Haggai

Indian Malayalam Bible (IMM)