A         A         A         A

105 പ്രവൃത്തികൾ - Acts

ബൈബിള്‍ - സത്യവേദപുസ്തകം
 <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28

* ----------------------------------------

പ്രവൃത്തികൾ അദ്ധ്യായം 1  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26

1:1 തെയോഫിലൊസേ, ഞാൻ എഴുതിയ ഒന്നാമത്തെ ചരിത്രം യേശു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാർക്കു പരിശുദ്ധാത്മാവിനാൽ കല്പന കൊടുത്തിട്ടു ആരോഹണം ചെയ്തനാൾവരെ അവൻ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയും കുറിച്ചു ആയിരുന്നുവല്ലോ.

1:2 അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ

1:3 പറഞ്ഞുകൊണ്ടു താൻ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കു കാണിച്ചു കൊടുത്തു.

1:4 അങ്ങനെ അവൻ അവരുമായി കൂടിയിരിക്കുമ്പോൾ അവരോടു: നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം;

1:5 യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.

 < 
1:6 ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോടു: കർത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു എന്നു ചോദിച്ചു.

1:7 അവൻ അവരോടു: പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല.

1:8 എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.

1:9 ഇതു പറഞ്ഞശേഷം അവർ കാൺകെ അവൻ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടീട്ടു അവൻ അവരുടെ കാഴ്ചെക്കു മറഞ്ഞു.

1:10 അവൻ പോകുന്നേരം അവർ ആകാശത്തിലേക്കു ഉറ്റുനോക്കുമ്പോൾ വെള്ള വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അവരുടെ അടുക്കൽനിന്നു:

 < 
1:11 ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനില്ക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ വീണ്ടും വരും എന്നു പറഞ്ഞു.

1:12 അവർ യെരൂശലേമിന്നു സമീപത്തു ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരമുള്ള ഒലീവ് മലവിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

1:13 അവിടെ എത്തിയപ്പോൾ അവർ പാർത്ത മാളികമുറിയിൽ കയറിപ്പോയി, പത്രൊസ്, യോഹന്നാൻ, യാക്കോബ്, അന്ത്രെയാസ്, ഫിലിപ്പൊസ്, തോമസ്, ബർത്തൊലൊമായി, മത്തായി, അൽഫായുടെ മകനായ യക്കോബ്, എരിവുകരനായ ശിമോൻ, യാക്കോബിന്റെ മകനായ യൂദാ ഇവർ എല്ലാവരും

1:14 സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റേ സഹോദരന്മാരോടും കൂടെ ഒരുമനപ്പെട്ടു പ്രാർത്ഥന കഴിച്ചു പോന്നു.

1:15 ആ കാലത്തു ഏകദേശം നൂറ്റിരുപതു പേരുള്ള ഒരു സംഘം കൂടിയിരിക്കുമ്പോൾ പത്രൊസ് സഹോദരന്മാരുടെ നടുവിൽ എഴുന്നേറ്റുനിന്നു പറഞ്ഞതു:

 < 
1:16 സഹോദരന്മാരായ പുരുഷന്മാരേ, യേശുവിനെ പിടിച്ചവർക്കു വഴികാട്ടിയായിത്തീർന്ന യൂദയെക്കുറിച്ചു പരിശുദ്ധാത്മാവു ദാവീദ് മുഖാന്തരം മുൻപറഞ്ഞ തിരുവെഴുത്തിന്നു നിവൃത്തിവരുവാൻ ആവശ്യമായിരുന്നു.

1:17 അവൻ ഞങ്ങളുടെ എണ്ണത്തിൽ ഉൾപ്പെട്ടവനായി ഈ ശുശ്രൂഷയിൽ പങ്കുലഭിച്ചിരുന്നുവല്ലോ.

1:18 അവൻ അനീതിയുടെ കൂലികൊണ്ടു ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവെ പിളർന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി.

1:19 അതു യെരൂശലേമിൽ പാർക്കുന്ന എല്ലാവരും അറിഞ്ഞതാകകൊണ്ടു ആ നിലത്തിന്നു അവരുടെ ഭാഷയിൽ രക്തനിലം എന്നർത്ഥമുള്ള അക്കൽദാമാ എന്നു പേർ ആയി.

1:20 സങ്കീർത്തനപുസ്തകത്തിൽ: “അവന്റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു.

 < 
1:21 ആകയാൽ കർത്താവായ യേശു യോഹന്നാന്റെ സ്നാനം മുതൽ നമ്മെ വിട്ടു ആരോഹണം ചെയ്ത നാൾ വരെ നമ്മുടെ ഇടയിൽ സഞ്ചരിച്ചുപോന്ന

1:22 കാലത്തെല്ലൊം ഞങ്ങളോടു കൂടെ നടന്ന പുരുഷന്മാരിൽ ഒരുത്തൻ ഞങ്ങളോടു കൂടെ അവന്റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം.

1:23 അങ്ങനെ അവർ യുസ്തൊസ് എന്നു മറുപേരുള്ള ബർശബാ എന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടുപേരെ നിറുത്തി:

1:24 സകല ഹൃദയങ്ങളെയും അറിയുന്ന കർത്താവേ, തന്റെ സ്ഥലത്തേക്കു പോകേണ്ടതിന്നു യൂദാ ഒഴിഞ്ഞുപോയ ഈ ശുശ്രൂഷയുടെയും അപ്പൊസ്തലത്വത്തിന്റെയും സ്ഥാനം ലഭിക്കേണ്ടതിന്നു

1:25 ഈ ഇരുവരിൽ ഏവനെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരേണമേ എന്നു പ്രാർത്ഥിച്ചു അവരുടെ പേർക്കു ചീട്ടിട്ടു:

 < 
1:26 ചീട്ടു മത്ഥിയാസിന്നു വീഴുകയും അവനെ പതിനൊന്നു അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ എണ്ണുകയും ചെയ്തു.


* ----------------------------------------

പ്രവൃത്തികൾ അദ്ധ്യായം 2  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47

2:1 പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു.

2:2 പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു.

2:3 അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു.

2:4 എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി.

2:5 അന്നു ആകാശത്തിൻ കീഴുള്ള സകല ജാതികളിൽ നിന്നും യെരൂശലേമിൽ വന്നു പാർക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ ഉണ്ടായിരുന്നു.

 < 
2:6 ഈ മുഴക്കം ഉണ്ടായപ്പോൾ പുരുഷാരം വന്നു കൂടി, ഓരോരുത്തൻ താന്താന്റെ ഭാഷയിൽ അവർ സംസാരിക്കുന്നതു കേട്ടു അമ്പരന്നു പോയി.

2:7 എല്ലാവരും ഭ്രമിച്ചു ആശ്ചര്യപ്പെട്ടു: ഈ സംസാരിക്കുന്നവർ എല്ലാം ഗലീലക്കാർ അല്ലയോ?

2:8 പിന്നെ നാം ഓരോരുത്തൻ ജനിച്ച നമ്മുടെ സ്വന്ത ഭാഷയിൽ അവർ സംസാരിച്ചു കേൾക്കുന്നതു എങ്ങനെ?

2:9 പർത്ഥരും മേദ്യരും ഏലാമ്യരും മെസപ്പൊത്താമ്യയിലും യെഹൂദ്യയിലും കപ്പദോക്യയിലും

2:10 പൊന്തൊസിലും ആസ്യയിലും പ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനെക്കു ചേർന്ന ലിബ്യാപ്രദേശങ്ങളിലും പാർക്കുന്നവരും റോമയിൽ നിന്നു വന്നു പാർക്കുന്നവരും യെഹൂദന്മാരും യെഹൂദമതാനുസാരികളും ക്രേത്യരും അറബിക്കാരുമായ നാം

 < 
2:11 ഈ നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിന്റെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്നതു കേൾക്കുന്നുവല്ലോ എന്നു പറഞ്ഞു.

2:12 എല്ലാവരും ഭ്രമിച്ചു ചഞ്ചലിച്ചു; ഇതു എന്തായിരിക്കും എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.

2:13 ഇവർ പുതു വീഞ്ഞു കുടിച്ചിരിക്കുന്നു എന്നു മറ്റു ചിലർ പരിഹസിച്ചു പറഞ്ഞു.

2:14 അപ്പോൾ പത്രൊസ് പതിനൊന്നുപേരോടുകൂടെ നിന്നുകൊണ്ടു ഉറക്കെ അവരോടു പറഞ്ഞതു: യെഹൂദാപുരുഷന്മാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുള്ളോരേ, ഇതു നിങ്ങൾ അറിഞ്ഞിരിക്കട്ടെ; എന്റെ വാക്കു ശ്രദ്ധിച്ചുകൊൾവിൻ.

2:15 നിങ്ങൾ ഊഹിക്കുന്നതുപോലെ ഇവർ ലഹരി പിടിച്ചവരല്ല; പകൽ മൂന്നാംമണിനേരമേ ആയിട്ടുള്ളുവല്ലോ.

 < 
2:16 ഇതു യോവേൽ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാൽ:

2:17 “അന്ത്യകാലത്തു ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവ്വനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.”

2:18 എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും.

2:19 ഞാൻ മീതെ ആകാശത്തിൽ അത്ഭുതങ്ങളും താഴെ ഭൂമിയിൽ അടയാളങ്ങളും കാണിക്കും; രക്തവും തീയും പുകയാവിയും തന്നേ.

2:20 കർത്താവിന്റെ വലുതും പ്രസിദ്ധവുമായ നാൾ വരുംമുമ്പേ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും.

 < 
2:21 എന്നാൽ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.”

2:22 യിസ്രായേൽ പുരുഷന്മാരേ, ഈ വചനം കേട്ടു കൊൾവിൻ. നിങ്ങൾ തന്നേ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവിൽ ചെയ്യിച്ച ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു

2:23 ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു;

2:24 ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.

2:25 “ഞാൻ കർത്താവിനെ എപ്പോഴും എന്റെ മുമ്പിൽ കണ്ടിരിക്കുന്നു; അവൻ എന്റെ വലഭാഗത്തു ഇരിക്കയാൽ ഞാൻ കുലുങ്ങിപോകയില്ല.

 < 
2:26 അതുകൊണ്ട് എന്റെ ഹൃദയം സന്തോഷിച്ചു, എന്റെ നാവു ആനന്ദിച്ചു, എന്റെ ജഡവും പ്രത്യാശയോടെ വസിക്കും.”

2:27 നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല.

2:28 നീ ജീവമാർഗ്ഗങ്ങളെ എന്നോടു അറിയിച്ചു; നിന്റെ സന്നിധിയിൽ എന്നെ സന്തോഷ പൂർണ്ണനാക്കും” എന്നു ദാവീദ് അവനെക്കുറിച്ചു പറയുന്നുവല്ലോ.

2:29 സഹോദരന്മാരായ പുരുഷന്മാരേ, ഗോത്രപിതാവായ ദാവീദിനെക്കുറിച്ച് അവൻ മരിച്ചു അടക്കപ്പെട്ടു എന്നു എനിക്കു നിങ്ങളോടു ധൈര്യമായി പറയാം; അവന്റെ കല്ലറ ഇന്നുവരെ നമ്മുടെ ഇടയിൽ ഉണ്ടല്ലോ.

2:30 എന്നാൽ അവൻ പ്രവാചകൻ ആകയാൽ ദൈവം അവന്റെ കടിപ്രദേശത്തിന്റെ ഫലത്തിൽ നിന്നു ഒരുത്തനെ അവന്റെ സിംഹാസനത്തിൽ ഇരുത്തും എന്നു തന്നോടു സത്യം ചെയ്തു ഉറപ്പിച്ചു എന്നു അറഞ്ഞിട്ടു:

 < 
2:31 അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല: അവന്റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു ക്രിസ്തുവിന്റെ പുനരുത്ഥാനം മുമ്പുകൂട്ടി കണ്ടു പ്രസ്താവിച്ചു. ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു:

2:32 അതിന്നു ഞങ്ങൾ എല്ലാവരും സാക്ഷികൾ ആകുന്നു.

2:33 അവൻ ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു,

2:34 ദാവീദ് സ്വർഗ്ഗാരോഹണം ചെയ്തില്ലല്ലോ. എന്നാൽ അവൻ:

2:35 “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം നീ എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു പറയുന്നു.

 < 
2:36 ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.

2:37 ഇതു കേട്ടിട്ടു അവർ ഹൃദയത്തിൽ കുത്തുകൊണ്ടു പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടും: സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു.

2:38 പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.

2:39 വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു.

2:40 മറ്റു പല വാക്കുകളാലും അവൻ സാക്ഷ്യം പറഞ്ഞു അവരെ പ്രബോധിപ്പിച്ചു; ഈ വക്രതയുള്ള തലമുറയിൽനിന്നു രക്ഷിക്കപ്പെടുവിൻ എന്നു പറഞ്ഞു.

 < 
2:41 അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു.

2:42 അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.

2:43 എല്ലാവർക്കും ഭയമായി; അപ്പൊസ്തലന്മാരാൽ ഏറിയ അത്ഭുതങ്ങളും അടയാളങ്ങളും നടന്നു.

2:44 വിശ്വസിച്ചവർ എല്ലാവരും ഒരുമിച്ചിരുന്നു

2:45 സകലവും പൊതുവക എന്നു എണ്ണുകയും ജന്മഭൂമികളും വസ്തുക്കളും വിറ്റു അവനവന്നു ആവശ്യം ഉള്ളതുപോലെ എല്ലാവർക്കും പങ്കിടുകയും,

 < 
2:46 ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പം നുറുക്കിക്കൊണ്ടു ഉല്ലാസവും ഹൃദയപരമാർത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും ദൈവത്തെ സ്തുതിക്കയും സകല ജനത്തിന്റെയും കൃപ അനുഭവിക്കയും ചെയ്തു. കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു.

2:47


* ----------------------------------------

പ്രവൃത്തികൾ അദ്ധ്യായം 3  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26

3:1 ഒരിക്കൽ പത്രൊസും യോഹന്നാനും ഒമ്പതാം മണിനേരം പ്രാർത്ഥനാസമയത്തു ദൈവാലയത്തിലേക്കു ചെല്ലുമ്പോൾ

3:2 അമ്മയുടെ ഗർഭം മുതൽ മുടന്തനായ ഒരാളെ ചിലർ ചുമന്നു കൊണ്ടു വന്നു; അവനെ ദൈവാലയത്തിൽ ചെല്ലുന്നവരോടു ഭിക്ഷ യാചിപ്പാൻ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കൽ ദിനംപ്രതി ഇരുത്തുമാറുണ്ടു.

3:3 അവൻ പത്രൊസും യോഹന്നാനും ദൈവാലയത്തിൽ കടപ്പാൻ പോകുന്നതു കണ്ടിട്ടു ഭിക്ഷ ചോദിച്ചു.

3:4 പത്രൊസ് യോഹന്നാനോടുകൂടെ അവനെ ഉറ്റുനോക്കി: ഞങ്ങളെ നോക്കു എന്നു പറഞ്ഞു.

3:5 അവൻ വല്ലതും കിട്ടും എന്നു കരുതി അവരെ സൂക്ഷിച്ചു നോക്കി.

 < 
3:6 അപ്പോൾ പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു

3:7 അവനെ വലങ്കൈക്കു പിടിച്ചു എഴുന്നേല്പിച്ചു; ക്ഷണത്തിൽ അവന്റെ കാലും നരിയാണിയും ഉറെച്ചു അവൻ കുതിച്ചെഴുന്നേറ്റു നടന്നു;

3:8 നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയും കൊണ്ടു അവരോടുകൂടെ ദൈവാലയത്തിൽ കടന്നു.

3:9 അവൻ നടക്കുന്നതും ദൈവത്ത പുകഴ്ത്തുന്നതും ജനം ഒക്കെയും കണ്ടു,

3:10 ഇവൻ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കൽ ഭിക്ഷ യാചിച്ചുകൊണ്ടു ഇരുന്നവൻ എന്നു അറിഞ്ഞു അവന്നു സംഭവിച്ചതിനെക്കുറിച്ചു വിസ്മയവും പരിഭ്രമവും നിറഞ്ഞവരായീതീർന്നു.

 < 
3:11 അവൻ പത്രൊസിനോടും യോഹന്നാനോടും ചേർന്നു നില്ക്കുമ്പോൾ ജനം എല്ലാം വിസ്മയംപൂണ്ടു ശലോമോന്റേതു എന്നു പേരുള്ള മണ്ഡപത്തിൽ അവരുടെ അടുക്കൽ ഓടിക്കൂടി.

3:12 അതു കണ്ടിട്ടു പത്രൊസ് ജനങ്ങളോടു പറഞ്ഞതു: യിസ്രായേൽ പുരുഷന്മാരേ, ഇതിങ്കൽ ആശ്ചര്യപ്പെടുന്നതു എന്തു? ഞങ്ങളുടെ സ്വന്ത ശക്തികൊണ്ടോ ഭക്തികൊണ്ടോ ഇവനെ നടക്കുമാറാക്കി എന്നപോലെ ഞങ്ങളെ ഉറ്റു നോക്കുന്നതും എന്തു?

3:13 അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി; അവനെ നിങ്ങൾ ഏല്പിച്ചുകൊടുക്കയും അവനെ വിട്ടയപ്പാൻ വിധിച്ച പീലാത്തൊസിന്റെ മുമ്പിൽവെച്ചു തള്ളിപ്പറയുകയും ചെയ്തു.

3:14 പരിശുദ്ധനും നീതിമാനുമായവനെ നിങ്ങൾ തള്ളിപ്പറഞ്ഞു, കുലപാതകനായവനെ വിട്ടുതരേണം എന്നു ചോദിച്ചു, ജീവനായകനെ കൊന്നുകളഞ്ഞു.

3:15 അവനെ ദൈവം മരിച്ചവരിൽനിന്നു, എഴുന്നേല്പിച്ചു; അതിന്നു ഞങ്ങൾ സാക്ഷികൾ ആകുന്നു.

 < 
3:16 അവന്റെ നാമത്തിലെ വിശ്വാസത്താൽ അവന്റെ നാമം തന്നേ നിങ്ങൾ കാൺകയും അറികയും ചെയ്യുന്ന ഇവൻ ബലം പ്രാപിപ്പാൻ കാരണമായി തീർന്നു; അവൻ മുഖാന്തരമുള്ള വിശ്വാസം ഇന്നു നിങ്ങൾ എല്ലാവരും കാൺകെ ഈ ആരോഗ്യം വരുവാൻ ഹേതുവായി തീർന്നു.

3:17 സഹോദരന്മാരേ, നിങ്ങളുടെ പ്രമാണികളെപ്പോലെ നിങ്ങളും അറിയായ്മകൊണ്ടു പ്രവർത്തിച്ചു എന്നു ഞാൻ അറിയുന്നു.

3:18 ദൈവമോ തന്റെ ക്രിസ്തു കഷ്ടം അനുഭവിക്കും എന്നു സകല പ്രവാചകന്മാരും മുഖാന്തരം മുന്നറിയിച്ചതു ഇങ്ങനെ നിവർത്തിച്ചു.

3:19 ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ; എന്നാൽ കർത്താവിന്റെ സമ്മുഖത്തുനിന്നു

3:20 ആശ്വാസകാലങ്ങൾ വരികയും നിങ്ങൾക്കു മുൻനിയമിക്കപ്പെട്ട ക്രിസ്തുവായ യേശുവിനെ അവൻ അയക്കയും ചെയ്യും.

 < 
3:21 ദൈവം ലോകാരംഭം മുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം അരുളിചെയ്തതു ഒക്കെയും യഥാസ്ഥാനത്താകുന്ന കാലം വരുവോളം സ്വർഗ്ഗം അവനെ കൈക്കൊള്ളേണ്ടതാകുന്നു.

3:22 “ദൈവമായ കർത്താവു നിങ്ങളുടെ സഹോദരന്മാരിൽനിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കു എഴുന്നേല്പിച്ചുതരും; അവൻ നിങ്ങളോടു സംസാരിക്കുന്ന സകലത്തിലും നിങ്ങൾ അവന്റെ വാക്കു കേൾക്കേണം.

3:23 ആ പ്രവാചകന്റെ വാക്കു കേൾക്കാത്ത ഏവനും ജനത്തിന്റെ ഇടയിൽ നിന്നു ഛേദിക്കപ്പെടും.” എന്നു മോശെ പറഞ്ഞുവല്ലോ.

3:24 അത്രയുമല്ല ശമൂവേൽ ആദിയായി സംസാരിച്ച പ്രവാചകന്മാർ ഒക്കെയും ഈ കാലത്തെക്കുറിച്ചു പ്രസ്താവിച്ചു.

3:25 “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ.

 < 
3:26 നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു.


* ----------------------------------------

പ്രവൃത്തികൾ അദ്ധ്യായം 4  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37

4:1 അവർ ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ പുരോഹിതന്മാരും ദൈവാലയത്തിലെ പടനായകനും സദൂക്യരും

4:2 അവരുടെ നേരെ വന്നു, അവർ ജനത്തെ ഉപദേശിക്കയാലും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തെ യേശുവിന്റെ ദൃഷ്ടാന്തത്താൽ അറിയിക്കയാലും നീരസപ്പെട്ടു.

4:3 അവരെ പിടിച്ചു വൈകുന്നേരം ആകകൊണ്ടു പിറ്റെന്നാൾവരെ കാവലിലാക്കി.

4:4 എന്നാൽ വചനം കേട്ടവരിൽ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണംതന്നേ അയ്യായിരത്തോളം ആയി.

4:5 പിറ്റെന്നാൾ അവരുടെ പ്രമാണികളും മൂപ്പന്മാരും ശാസ്ത്രിമാരും യെരൂശലേമിൽ ഒന്നിച്ചുകൂടി;

 < 
4:6 മഹാപുരോഹിതനായ ഹന്നാവും കയ്യഫാവും യോഹന്നാനും അലെക്സന്തരും മഹാപുരോഹിതവംശത്തിലുള്ളവർ ഒക്കെയും ഉണ്ടായിരുന്നു.

4:7 ഇവർ അവരെ നടുവിൽ നിറുത്തി: ഏതു ശക്തികൊണ്ടോ ഏതു നാമത്തിലോ നിങ്ങൾ ഇതു ചെയ്തു എന്നു ചോദിച്ചു.

4:8 പത്രൊസ് പരിശുദ്ധാത്മാവു നിറഞ്ഞവനായി അവരോടു പറഞ്ഞതു: ജനത്തിന്റെ പ്രമാണികളും മൂപ്പന്മാരും ആയുള്ളോരേ,

4:9 ഈ ബലഹീനമനുഷ്യന്നു ഉണ്ടായ ഉപകാരം നിമിത്തം ഇവൻ എന്തൊന്നിനാൽ സൌഖ്യമായി എന്നു ഞങ്ങളെ ഇന്നു വിസ്തരിക്കുന്നു എങ്കിൽ നിങ്ങൾ ക്രൂശിച്ചവനും

4:10 ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നേ ഇവൻ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ.

 < 
4:11 വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ലു ഇവൻ തന്നേ.

4:12 മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.

4:13 അവർ പത്രൊസിന്റെയും യോഹന്നാന്റെയും ധൈര്യം കാണ്കയാലും ഇവർ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യർ എന്നു ഗ്രഹിക്കയാലും ആശ്ചര്യപ്പെട്ടു; അവർ യേശുവിനോടുകൂടെ ആയിരുന്നവർ എന്നും അറിഞ്ഞു.

4:14 സൌഖ്യം പ്രാപിച്ച മനുഷ്യൻ അവരോടുകൂടെ നില്ക്കുന്നതു കണ്ടതുകൊണ്ടു അവർക്കു എതിർ പറവാൻ വകയില്ലായിരുന്നു.

4:15 അവരോടു ന്യായാധിപസംഘത്തിൽനിന്നു പുറത്തുപോകുവാൻ കല്പിച്ചിട്ടു അവർ തമ്മിൽ ആലോചിച്ചു:

 < 
4:16 ഈ മനുഷ്യരെ എന്തു ചെയ്യേണ്ടു? പ്രത്യക്ഷമായോരു അടയാളം അവർ ചെയ്തിരിക്കുന്നു എന്നു യെരൂശലേമിൽ പാർക്കുന്ന എല്ലാവർക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാൻ നമുക്കു കഴിവില്ല.

4:17 എങ്കിലും അതു ജനത്തിൽ അധികം പരക്കാതിരിപ്പാൻ അവർ യാതൊരു മനുഷ്യനോടും ഈ നാമത്തിൽ ഇനി സംസാരിക്കരുതെന്നു നാം അവരെ തർജ്ജനം ചെയ്യേണം എന്നു പറഞ്ഞു.

4:18 പിന്നെ അവരെ വിളിച്ചിട്ടു: യേശുവിന്റെ നാമത്തിൽ അശേഷം സംസാരിക്കരുതു, ഉപദേശിക്കയും അരുതു എന്നു കല്പിച്ചു.

4:19 അതിന്നു പത്രൊസും യോഹന്നാനും: ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവത്തിന്റേ മുമ്പാകെ ന്യായമോ എന്നു വിധിപ്പിൻ.

4:20 ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്താവിക്കാതിരിപ്പാൻ കഴിയുന്നതല്ല എന്നു ഉത്തരം പറഞ്ഞു.

 < 
4:21 എന്നാൽ ഈ സംഭവിച്ച കാര്യംകൊണ്ടു എല്ലാവരും ദൈവത്തെ മഹത്വപ്പെടുത്തുകയാൽ അവരെ ശിക്ഷിക്കുന്നതിനു ജനംനിമിത്തം വഴി ഒന്നും കാണായ്കകൊണ്ടു അവർ പിന്നെയും തർജ്ജനം ചെയ്തു അവരെ വിട്ടയച്ചു.

4:22 ഈ അത്ഭുതത്താൽ സൌഖ്യം പ്രാപിച്ച മനുഷ്യൻ നാല്പതിൽ അധികം വയസ്സുള്ളവനായിരുന്നു.

4:23 വിട്ടയച്ചശേഷം അവർ കൂട്ടാളികളുടെ അടുക്കൽ ചെന്നു മഹാപുരോഹിതന്മാരും മൂപ്പന്മാരും തങ്ങളോടു പറഞ്ഞതു എല്ലാം അറിയിച്ചു.

4:24 അതു കേട്ടിട്ടു അവർ ഒരുമനപ്പെട്ടു ദൈവത്തോടു നിലവിളിച്ചു പറഞ്ഞതു: ആകശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ,

4:25 “ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു?

 < 
4:26 ഭൂമിയിലെ രാജാക്കന്മാർഅണിനിരക്കുകയും അധിപതികൾ കർത്താവിന്നു വിരോധമായും അവന്റെ അഭിഷിക്തന്നു വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു” എന്നു നിന്റെ ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാൽ അരുളിച്ചെയ്തവനേ,

4:27 നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസനു വിരോധമായി ഹെരോദാവും പൊന്തിയൊസ് പീലാത്തൊസും ജാതികളും യിസ്രായേൽ ജനവുമായി ഈ നഗരത്തിൽ ഒന്നിച്ചുകൂടി,

4:28 സംഭവിക്കേണം എന്നു നിന്റെ കയ്യും നിന്റെ ആലോചനയും മുന്നിയമിച്ചതു ഒക്കെയും ചെയ്തിരിക്കുന്നു സത്യം.

4:29 ഇപ്പോഴോ കർത്താവേ, അവരുടെ ഭീഷണികളെ നോക്കേണമേ.

4:30 സൌഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം പൂർണ്ണധൈര്യത്തോടും കൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ.

 < 
4:31 ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.

4:32 വിശ്വസിച്ചവരുടെ കൂട്ടം ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; തനിക്കുള്ളതു ഒന്നും സ്വന്തം എന്നു ആരും പറഞ്ഞില്ല;

4:33 സകലവും അവർക്കു പൊതുവായിരുന്നു. അപ്പൊസ്തലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം പറഞ്ഞുവന്നു; എല്ലാവർക്കും ധാരാളം കൃപ ലഭിച്ചിരുന്നു.

4:34 മുട്ടുള്ളവർ ആരും അവരിൽ ഉണ്ടായിരുന്നില്ല; നിലങ്ങളുടെയോ വീടുകളുടെയോ ഉടമസ്ഥന്മാരായവർ ഒക്കെയും അവയെ വിറ്റു വില കൊണ്ടു വന്നു

4:35 അപ്പൊസ്തലന്മാരുടെ കാൽക്കൽ വെക്കും; പിന്നെ ഓരോരുത്തന്നു അവനവന്റെ ആവശ്യംപോലെ വിഭാഗിച്ചുകൊടുക്കും.

 < 
4:36 പ്രബോധനപുത്രൻ എന്നു അർത്ഥമുള്ള ബർന്നബാസ് എന്നു അപ്പൊസ്തലന്മാർ മറുപേർ വിളിച്ച കുപ്രദ്വീപുകാരനായ യോസേഫ്

4:37 എന്നൊരു ലേവ്യൻ തനിക്കുണ്ടായിരുന്ന നിലം വിറ്റു പണം കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ചു.


* ----------------------------------------

പ്രവൃത്തികൾ അദ്ധ്യായം 5  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42

5:1 എന്നാൽ അനന്യാസ് എന്നു പേരുള്ള ഒരു പുരുഷൻ തന്റെ ഭാര്യയായ സഫീരയോടു കൂടെ ഒരു നിലം വിറ്റു.

5:2 ഭാര്യയുടെ അറിവോടെ വിലയിൽ കുറെ എടുത്തുവെച്ചു ഒരംശം കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാല്കൽ വെച്ചു.

5:3 അപ്പോൾ പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തുവെപ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു?

5:4 അതു വില്ക്കും മുമ്പെ നിന്റേതായിരുന്നില്ലെയോ? വിറ്റശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിനു നീ മനസ്സുവെച്ചതു എന്തു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു.

5:5 ഈ വാക്കു കേട്ടിട്ടു അനന്യാസ് വീണു പ്രാണനെ വിട്ടു; ഇതു കേട്ടവർക്കു എല്ലാവർക്കും മഹാഭയം ഉണ്ടായി.

 < 
5:6 ബാല്യക്കാർ എഴുന്നേറ്റു അവനെ ശീലപൊതിഞ്ഞു പുറത്തു കൊണ്ടുപോയി കുഴിച്ചിട്ടു.

5:7 ഏകദേശം മൂന്നു മണിനേരം കഴിഞ്ഞപ്പോൾ അവന്റെ ഭാര്യ ഈ സംഭവിച്ചതു ഒന്നും അറിയാതെ അകത്തുവന്നു.

5:8 പത്രൊസ് അവളോടു: ഇത്രെക്കോ നിങ്ങൾ നിലം വിറ്റതു? പറക എന്നു പറഞ്ഞു; അതേ, ഇത്രെക്കു തന്നെ എന്നു അവൾ പറഞ്ഞു.

5:9 പത്രൊസ് അവളോടു: കർത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തതു എന്തു? ഇതാ, നിന്റെ ഭർത്താവിനെ കുഴിച്ചിട്ടവരുടെ കാൽ വാതിൽക്കൽ ഉണ്ടു; അവർ നിന്നെയും പുറത്തു കൊണ്ടുപോകും എന്നു പറഞ്ഞു.

5:10 ഉടനെ അവൾ അവന്റെ കാൽക്കൽ വീണു പ്രാണനെ വിട്ടു; ബാല്യക്കാർ അകത്തു വന്നു അവൾ മരിച്ചു എന്നു കണ്ടു പുറത്തു കൊണ്ടുപോയി ഭർത്താവിന്റെ അരികെ കുഴിച്ചിട്ടു.

 < 
5:11 സർവസഭെക്കും ഇതു കേട്ടവർക്കു എല്ലാവർക്കും മഹാഭയം ഉണ്ടായി.

5:12 അപ്പൊസ്തലന്മാരുടെ കയ്യാൽ ജനത്തിന്റെ ഇടയിൽ പല അടയാളങ്ങളും അത്ഭുതങ്ങളും നടന്നു; അവർ എല്ലാവരും ഏകമനസ്സോടെ ശലോമോന്റെ മണ്ഡപത്തിൽ കൂടിവരിക പതിവായിരുന്നു.

5:13 മറ്റുള്ളവരിൽ ആരും അവരോടു ചേരുവാൻ തുനിഞ്ഞില്ല; ജനമോ അവരെ പുകഴ്ത്തിപ്പോന്നു.

5:14 മേല്ക്കുമേൽ അനവധി പുരുഷന്മാരും സ്ത്രീകളും കർത്താവിൽ വിശ്വസിച്ചു ചേർന്നുവന്നു.

5:15 രോഗികളെ പുറത്തുകൊണ്ടുവന്നു, പത്രൊസ് കടന്നുപോകുമ്പോൾ അവന്റെ നിഴൽ എങ്കിലും അവരിൽ വല്ലവരുടെയുംമേൽ വീഴേണ്ടതിന്നു വീഥികളിൽ വിരിപ്പിന്മേലും കിടക്കമേലും കിടത്തും.

 < 
5:16 അതുകൂടാതെ യെരൂശലേമിന്നു ചുറ്റുമുള്ള പട്ടണങ്ങളിൽനിന്നു പുരുഷാരം വന്നുകൂടി രോഗികളെയും അശുദ്ധാത്മാക്കൾ ബാധിച്ചവരെയും കൊണ്ടുവരികയും അവർ എല്ലാവരും സൌഖ്യം പ്രാപിക്കയും ചെയ്യും.

5:17 പിന്നെ മഹാപുരോഹിതനും സദൂക്യരുടെ മതക്കാരായ അവന്റെ പക്ഷക്കാരൊക്കെയും

5:18 അസൂയ നിറഞ്ഞു എഴുന്നേറ്റു അപ്പൊസ്തലന്മാരെ പിടിച്ചു പൊതു തടവിൽ ആക്കി.

5:19 രാത്രിയിലോ കർത്താവിന്റെ ദൂതൻ കാരാഗൃഹവാതിൽ തുറന്നു അവരെ പുറത്തു കൊണ്ടു വന്നു:

5:20 നിങ്ങൾ ദൈവാലയത്തിൽ ചെന്നു ഈ ജീവന്റെ വചനം എല്ലാം ജനത്തോടു പ്രസ്താവിപ്പിൻ എന്നു പറഞ്ഞു.

 < 
5:21 അവർ കേട്ടു പുലർച്ചെക്കു ദൈവാലയത്തിൽ ചെന്നു ഉപദേശിച്ചുകൊണ്ടിരുന്നു; മഹാപുരോഹിതനും കൂടെയുള്ളവരും വന്നു ന്യായാധിപസംഘത്തെയും യിസ്രയേൽമക്കളുടെ മൂപ്പന്മാരെയും എല്ലാം വിളിച്ചുകൂട്ടി, അവരെ കൊണ്ടുവരുവാൻ തടവിലേക്കു ആളയച്ചു.

5:22 ചേവകർ ചെന്നപ്പോൾ അവരെ കാരാഗൃഹത്തിൽ കാണാതെ മടങ്ങിവന്നു: കാരാഗൃഹം നല്ല സൂക്ഷമത്തോടെ പൂട്ടിയിരിക്കുന്നതും കാവൽക്കാർ വാതിൽക്കൽ നില്ക്കുന്നതും ഞങ്ങൾ കണ്ടു;

5:23 തുറന്നപ്പോഴോ അകത്തു ആരെയും കണ്ടില്ല എന്നു അറിയിച്ചു.

5:24 ഈ വാക്കു കേട്ടിട്ടു ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും ഇതു എന്തായിത്തീരും എന്നു അവരെക്കുറിച്ചു ചഞ്ചലിച്ചു.

5:25 അപ്പോൾ ഒരുത്തൻ വന്നു: നിങ്ങൾ തടവിൽ ആക്കിയ പുരുഷന്മാർ ദൈവാലയത്തിൽ നിന്നുകൊണ്ടു ജനത്തെ ഉപദേശിക്കുന്നു എന്നു ബോധിപ്പിച്ചു.

 < 
5:26 പടനായകൻ ചേവകരുമായി ചെന്നു, ജനം കല്ലെറിയും എന്നു ഭയപ്പെടുകയാൽ ബലാൽക്കാരം ചെയ്യാതെ അവരെ കൂട്ടിക്കൊണ്ടുവന്നു.

5:27 അങ്ങനെ അവരെ കൊണ്ടുവന്നു ന്യായാധിപസംഘത്തിന്മുമ്പാകെ നിറുത്തി; മഹാപുരോഹിതൻ അവരോടു:

5:28 ഈ നാമത്തിൽ ഉപദേശിക്കരുതു എന്നു ഞങ്ങൾ നിങ്ങളോടു അമർച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറെച്ചിരിക്കുന്നു; ആ മനുഷ്യന്റെ രക്തം ഞങ്ങളുടെ മേൽ വരുത്തുവാൻ ഇച്ഛിക്കുന്നു. എന്നു പറഞ്ഞു.

5:29 അതിന്നു പത്രൊസും ശേഷം അപ്പൊസ്തലന്മാരും: മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.

5:30 നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു;

 < 
5:31 യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.

5:32 ഈ വസ്തുതെക്കു ഞങ്ങളും ദൈവം തന്നെ അനുസരിക്കുന്നവർക്കു നല്കിയ പരിശുദ്ധാത്മാവും സാക്ഷികൾ ആകുന്നു എന്നു ഉത്തരം പറഞ്ഞു.

5:33 ഇതു കേട്ടപ്പോൾ അവർ കോപപരവശരായി അവരെ ഒടുക്കിക്കളവാൻ ഭാവിച്ചു.

5:34 അപ്പോൾ സർവ്വ ജനത്തിനും ബഹുമാനമുള്ള ധർമ്മോപദേഷ്ടാവായ ഗമാലീയേൽ എന്നൊരു പരീശൻ ന്യായധിപസംഘത്തിൽ എഴുന്നേറ്റു, അവരെ കുറെ നേരം പുറത്താക്കുവാൻ കല്പിച്ചു.

5:35 പിന്നെ അവൻ അവരോടു: യിസ്രായേൽ പുരുഷന്മാരെ, ഈ മനുഷ്യരുടെ കാര്യത്തിൽ നിങ്ങൾ എന്തു ചെയ്യാൻ പോകുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ.

 < 
5:36 ഈ നാളുകൾക്കു മുമ്പെ തദാസ് എന്നവൻ എഴുന്നേറ്റു താൻ മഹാൻ എന്നു നടിച്ചു; ഏകദേശം നാനൂറു പുരുഷന്മാർ അവനോടു ചേന്നുകൂടി; എങ്കിലും അവൻ നശിക്കയും അവനെ അനുസരിച്ചവർ എല്ലാവരും ചിന്നി ഒന്നുമില്ലാതാകയും ചെയ്തു.

5:37 അവന്റെ ശേഷം ഗലീലക്കാരനായ യൂദാ ചാർത്തലിന്റെ കാലത്തു എഴുന്നേറ്റു ജനത്തെ തന്റെ പക്ഷം ചേരുവാൻ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവർ ഒക്കെയും ചിതറിപ്പോയി.

5:38 ആകയാൽ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും;

5:39 ദൈവികം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു.

5:40 അവർ അവനെ അനുസരിച്ചു: അപ്പൊസ്തലന്മാരെ വരുത്തി അടിപ്പിച്ചു, ഇനി യേശുവിന്റെ നാമത്തിൽ സംസാരിക്കരുതു എന്നു കല്പിച്ചു അവരെ വിട്ടയച്ചു.

 < 
5:41 തിരുനാമത്തിന്നു വേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്റെ മുമ്പിൽ നിന്നു പുറപ്പെട്ടുപോയി.

5:42 പിന്നെ അവർ ദിനംപ്രതി ദൈവാലയത്തിലും വീടുതോറും വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്തു എന്നു സുവിശേഷിക്കയും ചെയ്തുകൊണ്ടിരുന്നു.


* ----------------------------------------

പ്രവൃത്തികൾ അദ്ധ്യായം 6  <  1 2 3 4 5 6 7 8 9 10 11 12 13 14 15

6:1 ആ കാലത്തു ശിഷ്യന്മാർ പെരുകിവരുമ്പോൾ തങ്ങളുടെ വിധവമാരെ ദിനംപ്രതിയുള്ള ശുശ്രുഷയിൽ ഉപേക്ഷയായി വിചാരിച്ചു എന്നു യവനഭാഷക്കാർ എബ്രായഭാഷക്കാരുടെ നേരെ പിറുപിറുത്തു.

6:2 പന്തിരുവർ ശിഷ്യന്മാരുടെ കൂട്ടത്തെ വിളിച്ചുവരുത്തി: ഞങ്ങൾ ദൈവവചനം ഉപേക്ഷിച്ചു മേശകളിൽ ശുശ്രൂഷ ചെയ്യുന്നതു യോഗ്യമല്ല.

6:3 ആകയാൽ സഹോദരന്മാരേ, ആത്മാവും ജ്ഞാനവും നിറഞ്ഞു നല്ല സാക്ഷ്യമുള്ള ഏഴു പുരുഷന്മാരെ നിങ്ങളിൽ തന്നേ തിരഞ്ഞുകൊൾവിൻ; അവരെ ഈ വേലെക്കു ആക്കാം.

6:4 ഞങ്ങളോ പ്രാർത്ഥനയിലും വചനശുശ്രൂഷയിലും ഉറ്റിരിക്കും എന്നു പറഞ്ഞു.

6:5 ഈ വാക്കു കൂട്ടത്തിന്നു ഒക്കെയും ബോദ്ധ്യമായി; വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ പുരുഷനായ സ്തെഫാനൊസ്, ഫിലിപ്പൊസ്, പ്രൊഖൊരൊസ്, നിക്കാനോർ, തിമോൻ, പർമ്മെനാസ്, യെഹൂദമതാനുസാരിയായ അന്ത്യോക്യക്കാരൻ നിക്കൊലാവൊസ് എന്നിവരെ തിരഞ്ഞെടുത്തു,

 < 
6:6 അപ്പൊസ്തലന്മാരുടെ മുമ്പാകെ നിറുത്തി; അവർ പ്രാർത്ഥിച്ചു അവരുടെ മേൽ കൈവെച്ചു.

6:7 ദൈവവചനം പരന്നു, യെരൂശലേമിൽ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയോരു കൂട്ടം വിശ്വാസത്തിന്നു അധീനരായിത്തിർന്നു.

6:8 അനന്തരം സ്തെഫാനൊസ് കൃപയും ശക്തിയും നിറഞ്ഞവനായി ജനത്തിൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു.

6:9 ലിബർത്തീനർ എന്നു പേരുള്ള പള്ളിക്കാരിലും കുറേ നക്കാരിലും അലെക്സന്ത്രിയക്കാരിലും കിലിക്യ ആസ്യ എന്ന ദേശക്കാരിലും ചിലർ എഴുന്നേറ്റു സ്തെഫനൊസിനോടു തർക്കിച്ചു.

6:10 എന്നാൽ അവൻ സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും എതിർത്തുനില്പാൻ അവർക്കു കഴിഞ്ഞില്ല.

 < 
6:11 അപ്പോൾ അവർ ചില പുരുഷന്മാരെ വശത്താക്കി: ഇവൻ മോശെക്കും ദൈവത്തിന്നും വിരോധമായി ദൂഷണം പറയുന്നതു ഞങ്ങൾ കേട്ടു എന്നു പറയിച്ചു,

6:12 ജനത്തേയും മൂപ്പന്മാരെയും ശാസ്ത്രിമാരെയും ഇളക്കി, അവന്റെ നേരെ ചെന്നു അവനെ പിടിച്ചു ന്യായാധിപസംഘത്തിൽ കൊണ്ടു പോയി

6:13 കള്ളസ്സാക്ഷികളെ നിറുത്തി: ഈ മനുഷ്യൻ വിശുദ്ധസ്ഥലത്തിന്നും ന്യായപ്രമാണത്തിന്നും വിരോധമായി ഇടവിടാതെ സംസാരിച്ചുവരുന്നു;

6:14 ആ നസറായനായ യേശു ഈ സ്ഥലം നശിപ്പിച്ചു മോശെ നമുക്കു ഏല്പിച്ച മാര്യാദകളെ മാറ്റിക്കളയും എന്നു അവൻ പറയുന്നതു ഞങ്ങൾ കേട്ടു എന്നു പറയിച്ചു.

6:15 ന്യായധിപസംഘത്തിൽ ഇരുന്നവർ എല്ലാവരും അവനെ ഉറ്റുനോക്കി അവന്റെ മുഖം ഒരു ദൈവദൂതന്റെ മുഖം പോലെ കണ്ടു.

 < 

* ----------------------------------------

പ്രവൃത്തികൾ അദ്ധ്യായം 7  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60

7:1 ഇതു ഉള്ളതു തന്നേയോ എന്നു മഹാപുരോഹിതൻ ചോദിച്ചതിന്നു അവൻ പറഞ്ഞതു:

7:2 സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേൾപ്പിൻ. നമ്മുടെ പിതാവായ അബ്രാഹാം ഹാരനിൽ വന്നു പാർക്കും മുമ്പെ മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾ, തന്നേ തേജോമയനായ ദൈവം അവന്നു പ്രത്യക്ഷനായി:

7:3 നിന്റെ ദേശത്തെയും നിന്റെ ചാർച്ചക്കാരെയും വിട്ടു ഞാൻ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു. അങ്ങനെ അവൻ കല്ദായരുടെ ദേശം വിട്ടു ഹാരാനിൽ വന്നു പാർത്തു.

7:4 അവന്റെ അപ്പൻ മരിച്ചശേഷം ദൈവം അവനെ അവിടെനിന്നു നിങ്ങൾ ഇപ്പോൾ പാർക്കുന്ന ഈ ദേശത്തിൽ കൊണ്ടുവന്നു പാർപ്പിച്ചു.

7:5 അവന്നു അതിൽ ഒരു കാലടി നിലംപോലും അവകാശം കൊടുത്തില്ല; അവന്നു സന്തതിയില്ലാതിരിക്കെ അവന്നും അവന്റെ ശേഷം അവന്റെ സന്തതിക്കും അതിനെ കൈവശമായി നല്കുമെന്നു അവനോടു വാഗ്ദത്തം ചെയ്തു.

 < 
7:6 അവന്റെ സന്തതി അന്യദേശത്തു ചെന്നു പാർക്കും; ആ ദേശക്കാർ അവരെ അടിമയാക്കി നാനൂറു സംവത്സരം പീഡീപ്പിക്കും എന്നു ദൈവം കല്പിച്ചു.

7:7 അവർ സേവിക്കുന്ന ജാതിയെ ഞാൻ ന്യായം വിധിക്കും; അതിന്റെ ശേഷം അവർ പുറപ്പെട്ടുവന്നു ഈ സ്ഥലത്തു എന്നെ സേവിക്കും എന്നു ദൈവം അരുളിചെയ്തു.

7:8 പിന്നെ അവന്നു പരിച്ഛേദനയെന്ന നിയമം കൊടുത്തു; അങ്ങനെ അവൻ യിസ്ഹാക്കിനെ ജനിപ്പിച്ചു, എട്ടാം നാൾ പരിച്ഛേദന ചെയ്തു. യിസ്ഹാക്ൿ യാക്കോബിനെയും യാക്കോബ് പന്ത്രണ്ടു ഗോത്രപിതാക്കന്മാരെയും ജനിപ്പിച്ചു.

7:9 ഗോത്രപിതാക്കന്മാർ യോസേഫിനോടു അസൂയപ്പെട്ടു അവനെ മിസ്രയീമിലേക്കു വിറ്റുകളഞ്ഞു.

7:10 എന്നാൽ ദൈവം അവനോടുകൂടെ ഇരുന്നു സകലസങ്കടങ്ങളിൽനിന്നും അവനെ വിടുവിച്ചു മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ അവന്നു കൃപയും ജ്ഞാനവും കൊടുത്തു: അവൻ അവനെ മിസ്രയീമിന്നും തന്റെ സർവ്വഗൃഹത്തിന്നും അധിപതിയാക്കിവെച്ചു.

 < 
7:11 മിസ്രയീംദേശത്തിലും കനാനിലും എല്ലാം ക്ഷാമവും മഹാകഷ്ടവും വന്നാറെ നമ്മുടെ പിതാക്കന്മാർക്കു ആഹാരം കിട്ടാതെയായി.

7:12 മിസ്രായീമിൽ ധാന്യം ഉണ്ടു എന്നു കേട്ടിട്ടു യാക്കോബ് നമ്മുടെ പിതാക്കന്മാരെ ഒന്നാം പ്രാവശ്യം അയച്ചു.

7:13 രണ്ടാം പ്രാവശ്യം യോസേഫ് തന്റെ സഹോദരന്മാരോടു തന്നെത്താൻ അറിയിച്ചു യോസേഫിന്റെ വംശം ഫറവോന്നു വെളിവായ്‍വന്നു.

7:14 യോസേഫ് ആളയച്ചു തന്റെ പിതാവായ യാക്കോബിനെയും കുടുംബത്തെ ഒക്കെയും വരുത്തി; അവർ ആകെ എഴുപത്തഞ്ചുപേരായിരുന്നു.

7:15 യാക്കോബ്, മിസ്രയീമിലേക്കു പോയി; അവനും നമ്മുടെ പിതാക്കന്മാരും മരിച്ചു.

 < 
7:16 അവരെ ശെഖേമിൽ കൊണ്ടുവന്നു ശെഖേമിൽ എമ്മോരിന്റെ മക്കളോടു അബ്രഹാം വിലകൊടുത്തു വാങ്ങിയ കല്ലറയിൽ അടക്കം ചെയ്തു.

7:17 ദൈവം അബ്രാഹാമിനോടു അരുളിച്ചെയ്ത വാഗ്ദത്ത കാലം അടുത്തപ്പോൾ ജനം മിസ്രയീമിൽ വർദ്ധിച്ചു പെരുകി.

7:18 ഒടുവിൽ യോസേഫിനെ അറിയാത്ത വേറൊരു രാജാവു മിസ്രയീമിൽ വാണു.

7:19 അവൻ നമ്മുടെ വംശത്തോടു ഉപായം പ്രയോഗിച്ചു നമ്മുടെ പിതാക്കന്മാരെ പീഡിപ്പിച്ചു, അവരുടെ ശിശുക്കൾ ജീവനോടെ ഇരിക്കരുതു എന്നുവെച്ച അവരെ പുറത്തിടുവിച്ചു.

7:20 ആ കാലത്തു മോശെ ജനിച്ചു, ദിവ്യസുന്ദരനായിരുന്നു; അവനെ മൂന്നു മാസം അപ്പന്റെ വീട്ടിൽ പോറ്റി.

 < 
7:21 പിന്നെ അവനെ പുറത്തിട്ടപ്പോൾ ഫറവോന്റെ മകൾ അവനെ എടുത്തു തന്റെ മകനായി വളർത്തി.

7:22 മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു.

7:23 അവന്നു നാല്പതു വയസ്സു തികയാറായപ്പോൾ യിസ്രായേൽ മക്കളായ തന്റെ സഹോദരന്മാരെ ചെന്നു കാണേണം എന്നു മനസ്സിൽ തോന്നി.

7:24 അവരിൽ ഒരുത്തൻ അന്യായം ഏല്ക്കുന്നതു കണ്ടിട്ടു അവന്നു തുണ നിന്നു, മിസ്രയീമ്യനെ അടിച്ചു കൊന്നു, പീഡിതന്നു വേണ്ടി പ്രതിക്രിയ ചെയ്തു.

7:25 ദൈവം താൻ മുഖാന്തരം അവർക്കു രക്ഷ നല്കും എന്നു സഹോദരന്മാർ ഗ്രഹിക്കും എന്നു അവൻ നിരൂപിച്ചു; എങ്കിലും അവർ ഗ്രഹിച്ചില്ല.

 < 
7:26 പിറ്റെന്നാൾ അവർ കലഹിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ അടുക്കൽ വന്നു: പുരുഷന്മാരെ, നിങ്ങൾ സഹോദരന്മാരല്ലോ; തമ്മിൽ അന്യായം ചെയ്യുന്നതു എന്തു എന്നു പറഞ്ഞു അവരെ സമാധാനപ്പെടുത്തുവാൻ നോക്കി.

7:27 എന്നാൽ കൂട്ടുകാരനോടു അന്യായം ചെയ്യുന്നവൻ അവനെ ഉന്തിക്കളഞ്ഞു: നിന്നെ ഞങ്ങൾക്കു അധികാരിയും ന്യായകർത്താവും ആക്കിയതു ആർ?

7:28 ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ എന്നു പറഞ്ഞു.

7:29 ഈ വാക്കു കേട്ടിട്ടു മോശെ ഓടിപ്പോയി മിദ്യാൻ ദേശത്തു ചെന്നു പാർത്തു, അവിടെ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു.

7:30 നാല്പതാണ്ടു കഴിഞ്ഞപ്പോൾ സീനായ്മലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപടർപ്പിലെ അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി.

 < 
7:31 മോശെ ആ ദർശനം കണ്ടു ആശ്ചര്യപ്പെട്ടു, സൂക്ഷിച്ചുനോക്കുവാൻ അടുത്തുചെല്ലുമ്പോൾ:

7:32 ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമായി അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം ആകുന്നു എന്നു കർത്താവിന്റെ ശബ്ദം കേട്ടു. മോശെ വിറെച്ചിട്ടു നോക്കുവാൻ തുനിഞ്ഞില്ല.

7:33 കർത്താവു അവനോടു: നീ നില്ക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു ഊരിക്കളക.

7:34 മിസ്രയീമിൽ എന്റെ ജനത്തിന്റെ പീഡ ഞാൻ കണ്ടു കണ്ടു, അവരുടെ ഞരക്കവും കേട്ടു, അവരെ വിടുവിപ്പാൻ ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോൾ വരിക; ഞാൻ നിന്നെ മിസ്രയീമിലേക്കു അയക്കും എന്നു പറഞ്ഞു.

7:35 നിന്നെ അധികാരിയും ന്യായകർത്താവും ആക്കിയതാർ എന്നിങ്ങനെ അവർ തള്ളിപ്പറഞ്ഞ ഈ മോശെയെ ദൈവം മുൾപടർപ്പിൽ പ്രത്യക്ഷനായ ദൂതൻ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.

 < 
7:36 അവൻ മിസ്രയീമിലും ചെങ്കടലിലും നാല്പതു സംവത്സരം മരുഭൂമിയിലും അതിശയങ്ങളും അടയാളങ്ങളും ചെയ്തു അവരെ നടത്തിക്കൊണ്ടുവന്നു.

7:37 ദൈവം നിങ്ങളുടെ സഹോദരന്മാരിൽ നിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കു എഴന്നേല്പിച്ചുതരും എന്നു യിസ്രായേൽ മക്കളോടു പറഞ്ഞ മോശെ അവൻ തന്നേ.

7:38 സീനായ്മലയിൽ തന്നോടു സംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കന്മാരോടും കൂടെ മരുഭൂമിയിലെ സഭയിൽ ഇരുന്നവനും നമുക്കു തരുവാൻ ജീവനുള്ള അരുളപ്പാടു ലഭിച്ചവനും അവൻ തന്നേ.

7:39 നമ്മുടെ പിതാക്കന്മാർ അവന്നു കീഴ്പെടുവാൻ മനസ്സില്ലാതെ അവനെ തള്ളിക്കളഞ്ഞു ഹൃദയംകെണ്ടു മിസ്രയീമിലേക്കു പിന്തിരിഞ്ഞു, അഹരോനോടു:

7:40 ഞങ്ങൾക്കു മുമ്പായി നടപ്പാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക; ഞങ്ങളെ മിസ്രയീമിൽനിന്നു നടത്തിക്കൊണ്ടുവന്ന ആ മോശെക്കു എന്തു സംഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു.

 < 
7:41 അന്നേരം അവർ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി, ആ ബിംബത്തിന്നു ബലി കഴിച്ചു തങ്ങളുടെ കൈപ്പണിയിൽ ഉല്ലസിച്ചുകൊണ്ടിരുന്നു.

7:42 ദൈവവും പിന്തിരിഞ്ഞു. ആകാശത്തിലെ സൈന്യത്തെ ആരാധിപ്പാൻ അവരെ കൈവിട്ടു.

7:43 “യിസ്രായേൽ ഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ? നിങ്ങൾ നമസ്കരിപ്പാൻ ഉണ്ടാക്കിയ സ്വരൂപങ്ങളായ മൊലോക്കിന്റെ കൂടാരവും രേഫാൻ ദേവന്റെ നക്ഷത്രവും നിങ്ങൾ എടുത്തു നടന്നുവല്ലോ; എന്നാൽ ഞാൻ നിങ്ങളെ ബാബിലോന്നപ്പുറം പ്രവസിപ്പിക്കും” എന്നു പ്രവാചകന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

7:44 നീ കണ്ട മാതിരിക്കൊത്തവണ്ണം അതിനെ തീർക്കേണം എന്നു മോശെയോടു അരുളിച്ചെയ്തവൻ കല്പിച്ചതു പോലെ നമ്മുടെ പിതാക്കന്മാർക്കു മരുഭൂമിയിൽ സാക്ഷ്യകൂടാരം ഉണ്ടായിരുന്നു.

7:45 നമ്മുടെ പിതാക്കന്മാർ അതു ഏറ്റു വാങ്ങി ദൈവം നമ്മുടെ പിതാക്കന്മാരുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ അവകാശത്തിലേക്കു യോശുവയുമായി കൊണ്ടുവന്നു ദാവീദിന്റെ കാലംവരെ വെച്ചിരുന്നു.

 < 
7:46 അവൻ ദൈവത്തിന്റെ മുമ്പാകെ കൃപലഭിച്ചു, യാക്കോബിന്റെ ദൈവത്തിന്നു ഒരു വാസസ്ഥലം ഉണ്ടാക്കുവാൻ അനുവാദം അപേക്ഷിച്ചു.

7:47 ശലോമോൻ അവന്നു ഒരു ആലയം പണിതു.

7:48 അത്യുന്നതൻ കൈപ്പണിയായതിൽ വസിക്കുന്നില്ലതാനും

7:49 “സ്വർഗ്ഗം എനിക്കു സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു. നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം?

7:50 എന്റെ വിശ്രമസ്ഥലവും ഏതു? ഇതൊക്കെയും എന്റെ കൈയല്ലയോ ഉണ്ടാക്കിയതു എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു പ്രവാചകൻ പറയുന്നുവല്ലോ.

 < 
7:51 ശാഠ്യക്കാരും ഹൃദയത്തിന്നും ചെവിക്കും പരിച്ഛേദന ഇല്ലാത്തവരുമായുള്ളോരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ തന്നേ നിങ്ങളും എല്ലായ്പോഴും പരിശുദ്ധാത്മാവിനോടു മറുത്തു നില്ക്കുന്നു.

7:52 പ്രവാചകന്മാരിൽ ഏവനെ നിങ്ങളുടെ പിതാക്കന്മാർ ഉപദ്രവിക്കാതിരുന്നിട്ടുള്ളു? നീതിമാനായവന്റെ വരവിനെക്കുറിച്ചു മുൻഅറിയിച്ചവരെ അവർ കൊന്നുകളഞ്ഞു.

7:53 അവന്നു നിങ്ങൾ ഇപ്പോൾ ദ്രോഹികളും കുലപാതകരും ആയിത്തീർന്നു; നിങ്ങൾ ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അതു പ്രമാണിച്ചിട്ടില്ല.

7:54 ഇതു കേട്ടപ്പോൾ അവർ കോപപരവശരായി അവന്റെ നേരെ പല്ലുകടിച്ചു.

7:55 അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു:

 < 
7:56 ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു.

7:57 അവർ ഉറക്കെ നിലവിളിച്ചു, ചെവി പൊത്തിക്കൊണ്ടു ഒന്നിച്ചു അവന്റെ നേരെ പാഞ്ഞുചെന്നു,

7:58 അവനെ നഗരത്തിൽനിന്നു തള്ളി പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികൾ തങ്ങളുടെ വസ്ത്രം ശൌൽ എന്നു പേരുള്ള ഒരു ബാല്യക്കാരന്റെ കാൽക്കൽ വെച്ചു.

7:59 കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയിൽ അവർ അവനെ കല്ലെറിഞ്ഞു.

7:60 അവനോ മുട്ടുകുത്തി: കർത്താവേ, അവർക്കു ഈ പാപം നിറുത്തരുതേ എന്നു ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവൻ നിദ്രപ്രാപിച്ചു.

 < 

* ----------------------------------------

പ്രവൃത്തികൾ അദ്ധ്യായം 8  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40

8:1 അവനെ കുലചെയ്തതു ശൌലിന്നു സമ്മതമായിരുന്നു. അന്നു യെരൂശലേമിലെ സഭെക്കു ഒരു വലിയ ഉപദ്രവം നേരിട്ടു; അപ്പൊസ്തലന്മാർ ഒഴികെ എല്ലാവരും യെഹുദ്യ ശമര്യ ദേശങ്ങളിൽ ചിതറിപ്പോയി.

8:2 ഭക്തിയുള്ള പുരുഷന്മാർ സ്തെഫാനൊസിനെ അടക്കം ചെയ്തു. അവനെക്കുറിച്ചു വലിയൊരു പ്രലാപം കഴിച്ചു.

8:3 എന്നാൽ ശൌൽ വീടുതോറും ചെന്നു പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചിഴച്ചു തടവിൽ ഏല്പിച്ചുകൊണ്ടു സഭയെ മുടിച്ചു പോന്നു.

8:4 ചിതറിപ്പോയവർ വചനം സുവിശേഷിച്ചുംകൊണ്ടു അവിടവിടെ സഞ്ചരിച്ചു.

8:5 ഫിലിപ്പൊസ് ശമര്യപട്ടണത്തിൽ ചെന്നു അവരോടു ക്രിസ്തുവിനെ പ്രസംഗിച്ചു.

 < 
8:6 ഫിലിപ്പൊസ് ചെയ്ത അടയാളങ്ങളെ പുരുഷാരങ്ങൾ കേൾക്കയും കാൺകയും ചെയ്കയാൽ അവൻ പറയുന്നതു ഏകമനസ്സോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

8:7 അശുദ്ധാത്മാക്കൾ ബാധിച്ച പലരിൽനിന്നും അവ ഉറക്കെ നിലവിളിച്ചുകൊണ്ടു പുറപ്പെട്ടു; അനേകം പക്ഷവാതക്കാരും മുടന്തരും സൌഖ്യം പ്രാപിച്ചു.

8:8 അങ്ങനെ ആ പട്ടണത്തിൽ വളരെ സന്തോഷം ഉണ്ടായി.

8:9 എന്നാൽ ശിമോൻ എന്നു പേരുള്ളോരു പുരുഷൻ ആ പട്ടണത്തിൽ ആഭിചാരം ചെയ്തു, താൻ മഹാൻ എന്നു പറഞ്ഞു ശമര്യജാതിയെ ഭ്രമിപ്പിച്ചുപോന്നു.

8:10 ഇവൻ മഹതി എന്ന ദൈവശക്തി ആകുന്നു എന്നും പറഞ്ഞു ആബാലവൃദ്ധം എല്ലാവരും അവനെ ശ്രദ്ധിച്ചുവന്നു.

 < 
8:11 ഇവൻ ആഭിചാരംകൊണ്ടു ഏറിയ കാലം അവരെ ഭ്രമിപ്പിക്കയാൽ അത്രേ അവർ അവനെ ശ്രദ്ധിച്ചതു.

8:12 എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു.

8:13 ശിമോൻ താനും വിശ്വസിച്ചു സ്നാനം ഏറ്റു ഫിലിപ്പൊസിനോടു ചേർന്നു നിന്നു, വലിയ വീര്യപ്രവൃത്തികളും അടയാളങ്ങളും നടക്കുന്നതു കണ്ടു ഭ്രമിച്ചു.

8:14 അനന്തരം യെരൂശലേമിലുള്ള അപ്പൊസ്തലന്മാർ, ശമര്യർ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടു പത്രൊസിനെയും യോഹന്നാനെയും അവരുടെ അടുക്കൽ അയച്ചു.

8:15 അവർ ചെന്നു, അവർക്കു പരിശുദ്ധാത്മാവു ലഭിക്കേണ്ടതിന്നു അവർക്കായി പ്രാർത്ഥിച്ചു.

 < 
8:16 അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു.

8:17 അവർ അവരുടെമേൽ കൈ വെച്ചപ്പോൾ അവർക്കു പരിശുദ്ധാത്മാവു ലഭിച്ചു.

8:18 അപ്പൊസ്തലന്മാർ കൈ വെച്ചതിനാൽ പരിശുദ്ധാത്മാവു ലഭിച്ചതു ശിമോൻ കണ്ടാറെ അവർക്കു ദ്രവ്യം കൊണ്ടു വന്നു:

8:19 ഞാൻ ഒരുത്തന്റെ മേൽ കൈ വെച്ചാൽ അവന്നു പരിശുദ്ധാത്മാവു ലഭിപ്പാൻ തക്കവണ്ണം ഈ അധികാരം എനിക്കും തരേണം എന്നു പറഞ്ഞു.

8:20 പത്രൊസ് അവനോടു: ദൈവത്തിന്റെ ദാനം പണത്തിന്നു വാങ്ങിക്കൊള്ളാം എന്നു നീ നിരൂപിക്കകൊണ്ടു നിന്റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ.

 < 
8:21 നിന്റെ ഹൃദയം ദൈവ സന്നിധിയിൽ നേരുള്ളതല്ലായ്കകൊണ്ടു ഈ കാര്യത്തിൽ നിനക്കു പങ്കും ഓഹരിയുമില്ല.

8:22 നീ ഈ വഷളത്വം വിട്ടു മാനസാന്തരപ്പെട്ടു കർത്താവിനോടു പ്രാർത്ഥിക്ക; പക്ഷെ നിന്റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും.

8:23 നീ കൈപ്പുള്ള പകയിലും അനീതിയുടെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു.

8:24 എന്നു ഞാൻ കാണുന്നു എന്നു പറഞ്ഞു. അതിന്നു ശിമോൻ: നിങ്ങൾ പറഞ്ഞതു ഒന്നും എനിക്കു ഭവിക്കാതിരിപ്പാൻ കർത്താവിനോടു എനിക്കുവേണ്ടി പ്രാർത്ഥിപ്പിൻ എന്നു ഉത്തരം പറഞ്ഞു.

8:25 അവർ കർത്താവിന്റെ വചനം സാക്ഷീകരിച്ചു പ്രസംഗിച്ചശേഷം ശമര്യക്കാരുടെ അനേക ഗ്രാമങ്ങളിൽ സുവിശേഷം അറിയിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി.

 < 
8:26 അനന്തരം കർത്താവിന്റെ ദൂതൻ ഫിലിപ്പൊസിനോടു: നീ എഴുന്നേറ്റു തെക്കോട്ടു യെരൂശലേമിൽ നിന്നു ഗസെക്കുള്ള നിർജ്ജനമായ വഴിയിലേക്കു പോക എന്നു പറഞ്ഞു.

8:27 അവൻ പുറപ്പെട്ടു ചെന്നപ്പോൾ കന്ദക്ക എന്ന ഐത്യോപ്യാ രാജ്ഞിയുടെ ഒരു ഷണ്ഡനും മഹാനും അവളുടെ സകലഭണ്ഡാരത്തിന്നും മേൽവിചാരകനുമായ ഒരു ഐത്യോപ്യനെ കണ്ടു. അവൻ യെരൂശലേമിൽ നമസ്കരിപ്പാൻ വന്നിട്ടു മടങ്ങിപ്പോകയിൽ

8:28 തേരിൽ ഇരുന്നു യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കയായിരുന്നു.

8:29 ആത്മാവു ഫിലിപ്പൊസിനോടു: നീ അടുത്തുചെന്നു തേരിനോടു ചേർന്നുനടക്ക എന്നു പറഞ്ഞു.

8:30 ഫിലിപ്പൊസ് ഓടിച്ചെല്ലുമ്പോൾ യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കുന്നതു കേട്ടു: നീ വായിക്കുന്നതു ഗ്രഹിക്കുന്നുവോ എന്നു ചോദിച്ചതിന്നു:

 < 
8:31 ഒരുത്തൻ പൊരുൾ തിരിച്ചുതരാഞ്ഞാൽ എങ്ങനെ ഗ്രഹിക്കും എന്നു അവൻ പറഞ്ഞു, ഫിലിപ്പൊസ് കയറി തന്നോടുകൂടെ ഇരിക്കേണം എന്നു അപേക്ഷിച്ചു.

8:32 തിരുവെഴുത്തിൽ അവൻ വായിച്ച ഭാഗമാവിതു:

8:33 “അറുക്കുവാനുള്ള ആടിനെപ്പോലെ അവനെ കൊണ്ടുപോയി; രോമം കത്രിക്കുന്നവന്റെ മുമ്പാകെ മിണ്ടാതിരിക്കുന്ന കുഞ്ഞാടിനെപ്പോലെ അവൻ വായ് തുറക്കാതിരുന്നു. അവന്റെ താഴ്ചയിൽ അവന്നു ന്യായം കിട്ടാതെ പോയി; അവന്റെ തലമുറയെ ആർ വിവരിക്കും? ഭൂമിയിൽ നിന്നു അവന്റെ ജീവനെ എടുത്തുകളയുന്നുവല്ലോ”

8:34 ഷണ്ഡൻ ഫിലിപ്പൊസിനോടു: ഇതു പ്രവാചകൻ ആരെക്കുറിച്ചു പറയുന്നു? തന്നെക്കുറിച്ചോ മറ്റൊരുത്തനെക്കുറിച്ചോ എന്നു പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു.

8:35 ഫിലിപ്പൊസ് ഈ തിരുവെഴുത്തു ആധാരമാക്കി അവനോടു യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിപ്പാൻ തുടങ്ങി.

 < 
8:36 അവർ ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം എന്നു പറഞ്ഞു.

8:37 (അതിന്നു ഫിലിപ്പൊസ്: നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു എന്നു അവൻ ഉത്തരം പറഞ്ഞു).

8:38 അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു;

8:39 അവർ വെള്ളത്തിൽ നിന്നു കയറിയപ്പോൾ കർത്താവിന്റെ ആത്മാവു ഫിലിപ്പൊസിനെ എടുത്തു കൊണ്ടുപോയി; ഷണ്ഡൻ അവനെ പിന്നെ കണ്ടില്ല; അവൻ സന്തോഷിച്ചുകൊണ്ടു തന്റെ വഴിക്കു പോയി.

8:40 ഫിലിപ്പൊസിനെ പിന്നെ അസ്തോദിൽ കണ്ടു; അവൻ സഞ്ചരിച്ചു എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ടു കൈസര്യയിൽ എത്തി.

 < 

* ----------------------------------------

പ്രവൃത്തികൾ അദ്ധ്യായം 9  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43

9:1 ശൌൽ കർത്താവിന്റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും കുലയും നിശ്വസിച്ചുകൊണ്ടു മഹാപുരോഹിതന്റെ അടുക്കൽ ചെന്നു,

9:2 ദമസ്കൊസിൽ ഈ മാർഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാൽ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാന്തക്കവണ്ണം അവിടത്തെ പള്ളികൾക്കു അവനോടു അധികാരപത്രം വാങ്ങി.

9:3 അവൻ പ്രയാണം ചെയ്തു ദമസ്കൊസിന്നു സമീപിച്ചപ്പോൾ പെട്ടെന്നു ആകാശത്തുനിന്നു ഒരു വെളിച്ചം അവന്റെ ചുറ്റും മിന്നി;

9:4 അവൻ നിലത്തു വീണു; ശൌലെ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു.

9:5 നീ ആരാകുന്നു, കർത്താവേ, എന്നു അവൻ ചോദിച്ചതിന്നു: നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ.

 < 
9:6 നീ എഴുന്നേറ്റു പട്ടണത്തിൽ ചെല്ലുക; നീ ചെയ്യേണ്ടുന്നതു അവിടെ വെച്ചു നിന്നോടു പറയും എന്നു അവൻ പറഞ്ഞു.

9:7 അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാർ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചു നിന്നു.

9:8 ശൌൽ നിലത്തുനിന്നു എഴുന്നേറ്റു കണ്ണു തുറന്നാറെ ഒന്നും കണ്ടില്ല; അവർ അവനെ കൈക്കു പിടിച്ചു ദമസ്കൊസിൽ കൂട്ടിക്കൊണ്ടുപോയി;

9:9 അവൻ മൂന്നു ദിവസം കണ്ണു കാണാതെയും തിന്നുകയോ കുടിക്കയോ ചെയ്യാതെയും ഇരുന്നു.

9:10 എന്നാൽ അനന്യാസ് എന്നൊരു ശിഷ്യൻ ദമസ്കൊസിൽ ഉണ്ടായിരുന്നു: അവനെ കർത്താവു ഒരു ദർശനത്തിൽ: അനന്യാസേ എന്നു വിളിച്ചു. കർത്താവേ, അടിയൻ ഇതാ എന്നു അവൻ വിളികേട്ടു.

 < 
9:11 കർത്താവു അവനോടു: നീ എഴുന്നേറ്റു നേർവ്വീഥി എന്ന തെരുവിൽ ചെന്നു, യൂദയുടെ വീട്ടിൽ തർസൊസുകാരനായ ശൌൽ എന്നു പേരുള്ളവനെ അന്വേഷിക്ക;

9:12 അവൻ പ്രാർത്ഥിക്കുന്നു; അനന്യാസ് എന്നൊരു പുരുഷൻ അകത്തു വന്നു താൻ കാഴ്ച പ്രാപിക്കേണ്ടതിന്നു തന്റെ മേല കൈ വെക്കുന്നതു അവൻ കണ്ടിരിക്കുന്നു എന്നു കല്പിച്ചു.

9:13 അതിന്നു അനന്യാസ്: കർത്താവേ, ആ മനുഷ്യൻ യെരൂശലേമിൽ നിന്റെ വിശുദ്ധന്മാർക്കു എത്ര ദോഷം ചെയ്തു എന്നു പലരും പറഞ്ഞു ഞാൻ കേട്ടിരിക്കുന്നു.

9:14 ഇവിടെയും നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെ ഒക്കെയും പിടിച്ചുകെട്ടുവാൻ അവന്നു മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ടു എന്നു ഉത്തരം പറഞ്ഞു.

9:15 കർത്താവു അവനോടു: നീ പോക; അവൻ എന്റെ നാമം ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ വഹിപ്പാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു.

 < 
9:16 എന്റെ നാമത്തിന്നു വേണ്ടി അവൻ എന്തെല്ലാം കഷ്ടം അനുഭവിക്കേണ്ടതാകുന്നു എന്നു ഞാൻ അവനെ കാണിക്കും എന്നു പറഞ്ഞു.

9:17 അങ്ങനെ അനന്യാസ് ആ വീട്ടിൽ ചെന്നു അവന്റെമേൽ കൈ വെച്ചു: ശൌലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂർണ്ണൻ ആകേണ്ടതിന്നു നീ വന്ന വഴിയിൽ നിനക്കു പ്രത്യക്ഷനായ യേശു എന്ന കർത്താവു എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.

9:18 ഉടനെ അവന്റെ കണ്ണിൽ നിന്നു ചെതുമ്പൽ പോലെ വീണു; കാഴ്ച ലഭിച്ചു അവൻ എഴുന്നേറ്റു സ്നാനം ഏൽക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു.

9:19 അവൻ ദമസ്കൊസിലുള്ള ശിഷ്യന്മാരോടു കൂടെ കുറെനാൾ പാർത്തു,

9:20 യേശു തന്നേ ദൈവപുത്രൻ എന്നു പള്ളികളിൽ പ്രസംഗിച്ചു.

 < 
9:21 കേട്ടവർ എല്ലാവരും വിസ്മയിച്ചു: യെരൂശലേമിൽ ഈ നാമം വിളിച്ചപേക്ഷിക്കുന്നവർക്കു നാശം ചെയ്തവൻ ഇവനല്ലയോ? ഇവിടെയും അവരെ പിടിച്ചുകെട്ടി മഹാപുരോഹിതന്മാരുടെ അടുക്കൽ കൊണ്ടുപോകുവാനല്ലോ വന്നതു എന്നു പറഞ്ഞു.

9:22 ശൌലോ മേൽക്കുമേൽ ശക്തിപ്രാപിച്ചു, യേശു തന്നേ ക്രിസ്തു എന്നു തെളിയിച്ചു ദമസ്കൊസിൽ പാർക്കുന്ന യെഹൂദന്മാരെ മിണ്ടാതാക്കി.

9:23 കുറെനാൾ കഴിഞ്ഞപ്പോൾ യെഹൂദന്മാർ അവനെ കൊല്ലുവാൻ ആലോചിച്ചു.

9:24 ശൌൽ അവരുടെ കൂട്ടുകെട്ടു അറിഞ്ഞു; അവനെ കൊല്ലുവാൻ അവർ രാവും പകലും നഗര ഗോപുരങ്ങളിൽ കാവൽ വെച്ചു.

9:25 എന്നാൽ അവന്റെ ശിഷ്യന്മാർ രാത്രിയിൽ അവനെ ഒരു കൊട്ടയിലാക്കി മതിൽവഴിയായി ഇറക്കിവിട്ടു.

 < 
9:26 അവൻ യെരൂശലേമിൽ എത്തിയാറെ ശിഷ്യന്മാരോടു ചേരുവാൻ ശ്രമിച്ചു; എന്നാൽ അവൻ ഒരു ശിഷ്യൻ എന്നു വിശ്വസിക്കാതെ എല്ലാവരും അവനെ പേടിച്ചു.

9:27 ബർന്നബാസോ അവനെ കൂട്ടി അപ്പൊസ്തലന്മാരുടെ അടുക്കൽ കൊണ്ടു ചെന്നു; അവൻ വഴിയിൽ വെച്ചു കർത്താവിനെ കണ്ടതും കർത്താവു അവനോടു സംസാരിച്ചതും ദമസ്കൊസിൽ അവൻ യേശുവിന്റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചതും എല്ലാം അവരോടു വിവരിച്ചു പറഞ്ഞു.

9:28 പിന്നെ അവൻ യെരൂശലേമിൽ അവരുമായി പെരുമാറുകയും കർത്താവിന്റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിക്കയും ചെയ്തു പോന്നു.

9:29 യവനഭാഷക്കാരായ യെഹൂദന്മാരോടും അവൻ സംഭാഷിച്ചു തർക്കിച്ചു; അവരോ അവനെ കൊല്ലുവാൻ വട്ടംകൂട്ടി.

9:30 സഹോദരന്മാർ അതു അറിഞ്ഞു അവനെ കൈസര്യയിലേക്കു കൂട്ടിക്കൊണ്ടുപോയി, അവിടെനിന്നു തർസൊസിലേക്കു അയച്ചു.

 < 
9:31 അങ്ങനെ യെഹൂദ്യാ, ഗലീല, ശമര്യ എന്നീ ദേശങ്ങളിൽ ഒക്കെയും സഭെക്കു സമാധാനം ഉണ്ടായി, അതു ആത്മികവർദ്ധന പ്രാപിച്ചും കർത്താവിനോടുള്ള ഭക്തിയിലും പരിശുദ്ധാത്മാവിന്റെ പ്രബോധനയിലും നടന്നും പെരുകിക്കൊണ്ടിരുന്നു.

9:32 പത്രൊസ് എല്ലാടവും സഞ്ചരിക്കയിൽ ലുദ്ദയിൽ പാർക്കുന്ന വിശുദ്ധന്മാരുടെ അടുക്കലും ചെന്നു;

9:33 അവിടെ പക്ഷവാതം പിടിച്ചു എട്ടു സംവത്സരമായി കിടപ്പിൽ ആയിരുന്ന ഐനെയാസ് എന്നു പേരുള്ളോരു മനുഷ്യനെ കണ്ടു.

9:34 പത്രൊസ് അവനോടു: ഐനെയാസേ, യേശുക്രിസ്തു നിന്നെ സൌഖ്യമാക്കുന്നു; എഴുന്നേറ്റു താനായി തന്നേ കിടക്ക വിരിച്ചുകൊൾക എന്നു പറഞ്ഞു; ഉടനെ അവൻ എഴുന്നേറ്റു.

9:35 ലുദ്ദയിലും ശാരോനിലും പാർക്കുന്നവർ എല്ലാവരും അവനെ കണ്ടു കർത്താവിങ്കലേക്കു തിരിഞ്ഞു.

 < 
9:36 യോപ്പയിൽ പേടമാൻ എന്നർത്ഥമുള്ള തബീഥാ എന്നു പേരുള്ളോരു ശിഷ്യ ഉണ്ടായിരുന്നു; അവൾ വളരെ സൽപ്രവൃത്തികളും ധർമ്മങ്ങളും ചെയ്തുപോന്നവളായിരുന്നു.

9:37 ആ കാലത്ത് അവൾ ദീനം പിടിച്ചു മരിച്ചു; അവർ അവളെ കുളിപ്പിച്ചു ഒരു മാളികമുറിയിൽ കിടത്തി.

9:38 ലുദ്ദ യോപ്പെക്കു സമീപമാകയാൽ പത്രൊസ് അവിടെ ഉണ്ടെന്നു ശിഷ്യന്മാർ കേട്ടു: നീ താമസിയാതെ ഞങ്ങളുടെ അടുക്കലോളം വരേണം എന്നു അപേക്ഷിപ്പാൻ രണ്ടു ആളെ അവന്റെ അടുക്കൽ അയച്ചു.

9:39 പത്രൊസ് എഴുന്നേറ്റു അവരോടുകൂടെ ചെന്നു. എത്തിയപ്പോൾ അവർ അവനെ മാളികമുറിയിൽ കൊണ്ടുപോയി; അവിടെ വിധവമാർ എല്ലാവരും കരഞ്ഞുകൊണ്ടും തബീഥാ തങ്ങളോടുകൂടെ ഉള്ളപ്പോൾ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചുകൊണ്ടും അവന്റെ ചുറ്റും നിന്നു.

9:40 പത്രൊസ് അവരെ ഒക്കെയും പുറത്തിറക്കി മുട്ടുകുത്തി പ്രാർത്ഥിച്ചു ശവത്തിന്റെ നേരെ തിരിഞ്ഞു: തബീത്ഥയേ, എഴുന്നേൽക്കൂ എന്നു പറഞ്ഞു: അവൾ കണ്ണു തുറന്നു പത്രൊസിനെ കണ്ടു എഴുന്നേറ്റു ഇരുന്നു.

 < 
9:41 അവൻ കൈ കൊടുത്തു അവളെ എഴുന്നേല്പിച്ചു, വിശുദ്ധന്മാരെയും വിധവമാരെയും വിളിച്ചു അവളെ ജീവനുള്ളവളായി അവരുടെ മുമ്പിൽ നിറുത്തി.

9:42 ഇതു യോപ്പയിൽ എങ്ങും പ്രസിദ്ധമായി,

9:43 പലരും കർത്താവിൽ വിശ്വസിച്ചു. പിന്നെ അവൻ തോൽക്കൊല്ലനായ ശിമോൻ എന്ന ഒരുത്തനോടുകൂടെ വളരെ നാൾ യോപ്പയിൽ പാർത്തു.


* ----------------------------------------

പ്രവൃത്തികൾ അദ്ധ്യായം 10  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48

10:1 കൈസര്യയിൽ ഇത്താലിക എന്ന പട്ടാളത്തിൽ കൊർന്നേല്യൊസ് എന്നു പേരുള്ളോരു ശതാധിപൻ ഉണ്ടായിരുന്നു.

10:2 അവൻ ഭക്തനും തന്റെ സകല ഗൃഹത്തോടും കൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി ജനത്തിന്നു വളരെ ധർമ്മം കൊടുത്തും എപ്പോഴും ദൈവത്തോടു പ്രാർത്ഥിച്ചും പോന്നു.

10:3 അവൻ പകൽ ഏകദേശം ഒമ്പതാം മണിനേരത്തു ഒരു ദർശനത്തിൽ ഒരു ദൈവദൂതൻ തന്റെ അടുക്കൽ അകത്തു വരുന്നതു സ്പഷ്ടമായി കണ്ടു കൊർന്നേല്യെസേ, എന്നു തന്നോടു പറയുന്നതും കേട്ടു.

10:4 അവൻ അവനെ ഉറ്റു നോക്കി ഭയപരവശനായി: എന്താകുന്നു കർത്താവേ എന്നു ചോദിച്ചു. അവൻ അവനോടു: നിന്റെ പ്രാർത്ഥനയും ധർമ്മവും ദൈവത്തിന്റെ മുമ്പിൽ എത്തിയിരിക്കുന്നു.

10:5 ഇപ്പോൾ യോപ്പയിലേക്കു ആളയച്ചു, പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക.

 < 
10:6 അവൻ തോൽക്കൊല്ലനായ ശിമോൻ എന്നൊരുവനോടു കൂടെ പാർക്കുന്നു. അവന്റെ വീടു കടല്പുറത്തു ആകുന്നു എന്നു പറഞ്ഞു.

10:7 അവനോടു സംസാരിച്ച ദൂതൻ പോയ ശേഷം അവൻ തന്റെ വേലക്കാരിൽ രണ്ടുപേരെയും തന്റെ അടുക്കൽ അകമ്പടി നില്ക്കുന്നവരിൽ ദൈവഭക്തനായോരു പടയാളിയേയും

10:8 വിളിച്ചു സകലവും വിവരിച്ചുപറഞ്ഞു യോപ്പയിലേക്കു അയച്ചു

10:9 പിറ്റെന്നാൾ അവർ യാത്രചെയ്തു പട്ടണത്തോടു സമീപിക്കുമ്പോൾ പത്രൊസ് ആറാം മണിനേരത്തു പ്രാർത്ഥിപ്പാൻ വെണ്മാടത്തിൽ കയറി.

10:10 അവൻ വളരെ വിശന്നിട്ടു ഭക്ഷിപ്പാൻ ആഗ്രഹിച്ചു; അവർ ഒരുക്കുമ്പോഴേക്കു അവന്നു ഒരു വിവശത വന്നു.

 < 
10:11 ആകാശം തുറന്നിരിക്കുന്നതും വലിയൊരു തൂപ്പട്ടിപോലെ നാലു കോണും കെട്ടീട്ടു ഭൂമിയിലേക്കു ഇറക്കിവിട്ടോരു പാത്രം വരുന്നതും അവൻ കണ്ടു.

10:12 അതിൽ ഭൂമിയിലെ സകലവിധ നാൽക്കാലിയും ഇഴജാതിയും ആകാശത്തിലെ പറവയും ഉണ്ടായിരുന്നു.

10:13 പത്രൊസേ, എഴുന്നേറ്റു അറുത്തു തിന്നുക എന്നു ഒരു ശബ്ദം ഉണ്ടായി.

10:14 അതിന്നു പത്രൊസ്: ഒരിക്കലും പാടില്ല, കർത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരുനാളും തിന്നിട്ടില്ലല്ലോ.

10:15 ആ ശബ്ദം രണ്ടാംപ്രാവശ്യം അവനോടു: ദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുതു എന്നു പറഞ്ഞു.

 < 
10:16 ഇങ്ങനെ മൂന്നു പ്രാവശ്യം ഉണ്ടായി; ഉടനെ പാത്രം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു.

10:17 ഈ കണ്ട ദർശനം എന്തായിരിക്കും എന്നു പത്രൊസ് ഉള്ളിൽ ചഞ്ചലിച്ചു കൊണ്ടിരിക്കുമ്പോൾ കൊർന്നേല്യൊസ് അയച്ച പുരുഷന്മാർ ശിമോന്റെ വീടു ചോദിച്ചുകൊണ്ടു പടിവാതിൽക്കൽ നിന്നു:

10:18 പത്രൊസ് എന്നു മറു പേരുള്ള ശിമോൻ ഇവിടെ പാർക്കുന്നുണ്ടോഎന്നു വിളിച്ചു ചോദിച്ചു.

10:19 പത്രൊസ് ദർശനത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ആത്മാവു അവനോടു: മൂന്നു പുരുഷന്മാർ നിന്നെ അന്വേഷിക്കുന്നു;

10:20 നീ എഴുന്നേറ്റു ഇറങ്ങിച്ചെല്ലുക; ഞാൻ അവരെ അയച്ചതാകകൊണ്ടു ഒന്നും സംശയിക്കാതെ അവരോടു കൂടെ പോക എന്നു പറഞ്ഞു.

 < 
10:21 പത്രൊസ് ആ പുരുഷന്മാരുടെ അടുക്കൽ ഇറങ്ങിച്ചെന്നു: നിങ്ങൾ അന്വേഷിക്കുന്നവൻ ഞാൻ തന്നെ; നിങ്ങൾ വന്ന സംഗതി എന്തു എന്നു ചോദിച്ചു.

10:22 അതിന്നു അവർ: നീതിമാനും ദൈവഭക്തനും യെഹൂദന്മാരുടെ സകലജാതിയാലും നല്ല സാക്ഷ്യംകൊണ്ടവനും ആയ കൊർന്നേല്യൊസ് എന്ന ശതാധിപന്നു നിന്നെ വീട്ടിൽ വരുത്തി നിന്റെ പ്രസംഗം കേൾക്കേണം എന്നു ഒരു വിശുദ്ധദൂതനാൽ അരുളപ്പാടുണ്ടായിരിക്കുന്നു എന്നു പറഞ്ഞു.

10:23 അവൻ അവരെ അകത്തു വിളിച്ചു പാർപ്പിച്ചു; പിറ്റെന്നാൾ എഴുന്നേറ്റു അവരോടുകൂടെ പുറപ്പെട്ടു; യോപ്പയിലെ സഹോദരന്മാർ ചിലരും അവനോടുകൂടെ പോയി.

10:24 പിറ്റെന്നാൾ കൈസര്യയിൽ എത്തി; അവിടെ കൊർന്നേല്യൊസ് ചാർച്ചക്കാരെയും അടുത്ത സ്നേഹിതന്മാരെയും കൂട്ടിവരുത്തി, അവർക്കായി കാത്തിരുന്നു.

10:25 പത്രൊസ് അകത്തു കയറിയപ്പോൾ കൊർന്നേല്യൊസ് എതിരേറ്റു അവന്റെ കാൽക്കൽ വീണു നമസ്കരിച്ചു.

 < 
10:26 പത്രൊസോ: എഴുന്നേൽക്ക, ഞാനും ഒരു മനുഷ്യനാത്രെ എന്നു പറഞ്ഞു അവനെ എഴുന്നേല്പിച്ചു.

10:27 അവനോടു സംഭാഷിച്ചും കൊണ്ടു അകത്തു ചെന്നു, അനേകർ വന്നു കൂടിയിരിക്കുന്നതു കണ്ടു അവനോടു:

10:28 അന്യജാതിക്കാരന്റെ അടുക്കൽ ചെല്ലുന്നതും അവനുമായി പെരുമാറ്റം ചെയ്യുന്നതും യെഹൂദന്നു നിഷിദ്ധം എന്നു നിങ്ങൾ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്നു ദൈവം എനിക്കു കാണിച്ചു തന്നിരിക്കുന്നു.

10:29 അതുകൊണ്ടാകുന്നു നിങ്ങൾ ആളയച്ചപ്പോൾ ഞാൻ എതിർ പറയാതെ വന്നതു; എന്നാൽ എന്നെ വിളിപ്പിച്ച സംഗതി എന്തു എന്നു അറിഞ്ഞാൽ കൊള്ളാം എന്നു പറഞ്ഞു.

10:30 അതിന്നു കൊർന്നേല്യൊസ്: നാലാകുന്നാൾ ഈ നേരത്തു ഞാൻ വീട്ടിൽ ഒമ്പതാം മണിനേരത്തെ പ്രാർത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോൾ ശുഭ്രവസ്ത്രം ധരിച്ചോരു പുരുഷൻ എന്റെ മുമ്പിൽ നിന്നു:

 < 
10:31 കൊർന്നേല്യൊസേ, ദൈവം നിന്റെ പ്രാർത്ഥന കേട്ടു നിന്റെ ധർമ്മം ഓർത്തിരിക്കുന്നു.

10:32 യോപ്പയിലേക്കു ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വിളിപ്പിക്ക; അവൻ കടല്പുറത്തു തോൽക്കൊല്ലനായ ശീമോന്റെ വീട്ടിൽ പാർക്കുന്നു എന്നു പറഞ്ഞു.

10:33 ക്ഷണത്തിൽ ഞാൻ നിന്റെ അടുക്കൽ ആളയച്ചു; നീ വന്നതു ഉപകാരം. കർത്താവു നിന്നോടു കല്പിച്ചതൊക്കെയും കേൾപ്പാൻ ഞങ്ങൾ എല്ലാവരും ഇവിടെ ദൈവത്തിന്റെ മുമ്പാകെ കൂടിയിരിക്കുന്നു എന്നു പറഞ്ഞു.

10:34 അപ്പോൾ പത്രൊസ് വായി തുറന്നു പറഞ്ഞു തുടങ്ങിയതു: ദൈവത്തിന്നു മുഖപക്ഷമില്ല എന്നും

10:35 ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യാഥാർത്ഥമായി ഗ്രഹിക്കുന്നു.

 < 
10:36 അവൻ എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേൽ മക്കൾക്കു അയച്ച വചനം,

10:37 യോഹന്നാൻ പ്രസംഗിച്ച സ്നാനത്തിന്റെശേഷം ഗലീലയിൽ തുടങ്ങി യെഹൂദ്യയിൽ ഒക്കെയും ഉണ്ടായ വർത്തമാനം,

10:38 നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.

10:39 യെഹൂദ്യദേശത്തിലും യെരൂശലേമിലും അവൻ ചെയ്ത സകലത്തിനും ഞങ്ങൾ സാക്ഷികൾ ആകുന്നു. അവനെ അവർ മരത്തിന്മേൽ തൂക്കിക്കൊന്നു;

10:40 ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു,

 < 
10:41 സകല ജനത്തിന്നുമല്ല, ദൈവം മുമ്പുകൂട്ടി നിയമിച്ച സാക്ഷികളായി, അവൻ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേറ്റശേഷം അവനോടുകൂടെ തിന്നുകുടിച്ചവരായ ഞങ്ങൾക്കു തന്നേ പ്രത്യക്ഷനാക്കിത്തന്നു.

10:42 ജീവികൾക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവത്താൽ നിയമിക്കപ്പെട്ടവൻ അവൻ തന്നേ എന്നു ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാൻ അവൻ ഞങ്ങളോടു കല്പിച്ചു.

10:43 അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.

10:44 ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു.

10:45 അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേൾക്കയാൽ

 < 
10:46 പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചു.

10:47 നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു.

10:48 പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു.


* ----------------------------------------

പ്രവൃത്തികൾ അദ്ധ്യായം 11  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30

11:1 ജാതികളും ദൈവവചനം കൈകൊണ്ടു എന്നു അപ്പൊസ്തലന്മാരും യെഹൂദ്യയിലുള്ള സഹോദരന്മാരും കേട്ടു.

11:2 പത്രൊസ് യെരൂശലേമിൽ എത്തിയപ്പോൾ പരിച്ഛേദനക്കാർ അവനോടു വാദിച്ചു:

11:3 നീ അഗ്രചർമ്മികളുടെ അടുക്കൽ ചെന്നു അവരോടുകൂടെ ഭക്ഷിച്ചു എന്നു പറഞ്ഞു.

11:4 പത്രൊസ് കാര്യം ആദിമുതൽ ക്രമമായി അവരോടു വിവരിച്ചുപറഞ്ഞതു:

11:5 ഞാൻ യോപ്പാപട്ടണത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ വിവശതയിൽ ഒരുദർശനം കണ്ടു: ആകാശത്തിൽനിന്നു നാലു കോണും കെട്ടി ഇറക്കിയ വലിയ തുപ്പട്ടിപോലെ ഒരു പാത്രം എന്റെ അടുക്കലോളം വന്നു.

 < 
11:6 അതിൽ ഞാൻ സൂക്ഷിച്ചുനോക്കിയപ്പോൾ ഭൂമിയിലെ നാൽക്കാലികളെയും കാട്ടുമൃഗങ്ങളെയും ഇഴജാതികളെയും ആകാശത്തിലെ പറവകളെയും കണ്ടു:

11:7 പത്രൊസേ, എഴുന്നേറ്റു അറുത്തു തിന്നുക എന്നു എന്നോടു പറയുന്നോരു ശബ്ദവും കേട്ടു.

11:8 അതിന്നു ഞാൻ: ഒരിക്കലും പാടില്ല, കർത്താവേ; മലിനമോ അശുദ്ധമോ ആയതൊന്നും ഒരിക്കലും എന്റെ വായിൽ ചെന്നിട്ടില്ലല്ലോ എന്നു പറഞ്ഞു.

11:9 ആ ശബ്ദം പിന്നെയും ആകാശത്തിൽ നിന്നു: ദൈവം ശുദ്ധീകരിച്ചതു നീ മലിനം എന്നു വിചാരിക്കരുതു എന്നു ഉത്തരം പറഞ്ഞു.

11:10 ഇതു മൂന്നു പ്രാവശ്യം ഉണ്ടായി; പിന്നെ എല്ലാം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു.

 < 
11:11 അപ്പോൾ തന്നേ കൈസര്യയിൽ നിന്നു എന്റെ അടുക്കൽ അയച്ചിരുന്ന മൂന്നു പുരുഷന്മാർ ഞങ്ങൾ പാർത്ത വീട്ടിന്റെ മുമ്പിൽ നിന്നിരുന്നു;

11:12 ഒന്നും സംശയിക്കാതെ അവരോടുകൂടെ പോകുവാൻ ആത്മാവു എന്നോടു കല്പിച്ചു. ഈ ആറു സഹോദരന്മാരും എന്നോടുകൂടെ പോന്നു; ഞങ്ങൾ ആ പുരുഷന്റെ വീട്ടിൽ ചെന്നു.

11:13 അവൻ തന്റെ വീട്ടിൽ ഒരു ദൂതൻ നില്ക്കുന്നതു കണ്ടു എന്നും നീ യോപ്പയിലേക്കു ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക;

11:14 നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവൻ നിന്നോടു സംസാരിക്കും എന്നു ദൂതൻ പറഞ്ഞു എന്നും ഞങ്ങളോടു അറിയിച്ചു.

11:15 ഞാൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവു ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെ മേലും വന്നു.

 < 
11:16 അപ്പോൾ ഞാൻ: യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കർത്താവു പറഞ്ഞ വാക്കു ഓർത്തു.

11:17 ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ?

11:18 അവർ ഇതു കേട്ടപ്പോൾ മിണ്ടാതിരുന്നു: അങ്ങനെ ആയാൽ ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.

11:19 സ്തെഫാനൊസ് നിമിത്തം ഉണ്ടായ ഉപദ്രവം ഹേതുവാൽ ചിതറിപ്പോയവർ യെഹൂദന്മാരോടല്ലാതെ മറ്റാരോടും വചനം സംസാരിക്കാതെ ഫൊയ്നിക്യാ, കുപ്രൊസ്, അന്ത്യൊക്ക്യ എന്നീ പ്രദേശങ്ങളോളം സഞ്ചരിച്ചു.

11:20 അവരിൽ ചിലർ കുപ്രൊസ്കാരും കുറേനക്കാരും ആയിരുന്നു; അവർ അന്ത്യൊക്ക്യയിൽഎത്തിയശേഷം യവനന്മാരോടും കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചു.

 < 
11:21 കർത്താവിന്റെ കൈ അവരോടുകൂടെ ഉണ്ടായിരുന്നു; വലിയൊരു കൂട്ടം വിശ്വസിച്ചു കർത്താവിങ്കലേക്കു തിരിഞ്ഞു.

11:22 അവരെക്കുറിച്ചുള്ള ഈ വർത്തമാനം യെരൂശലേമിലെ സഭയുടെ ചെവിയിൽ എത്തിയപ്പോൾ അവർ ബർന്നബാസിനെ അന്ത്യൊക്ക്യയോളം പറഞ്ഞയച്ചു.

11:23 അവൻ ചെന്നു ദൈവകൃപ കണ്ടു സന്തോഷിച്ചു. എല്ലാവരും ഹൃദയനിർണ്ണയത്തോടെ കർത്താവിനോടു ചേർന്നുനില്പാന്തക്കവണ്ണം പ്രബോധിപ്പിച്ചു.

11:24 അവൻ നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും ആയിരുന്നു; വളരെ പുരുഷന്മാരും കർത്താവിനോടു ചേർന്നു.

11:25 അവൻ ശൌലിനെ തിരവാൻ തർസൊസിലേക്കു പോയി, അവനെ കണ്ടെത്തിയാറെ അന്ത്യൊക്ക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നു.

 < 
11:26 അവർ ഒരു സംവത്സരം മുഴുവനും സഭായോഗങ്ങളിൽ കൂടുകയും ബഹുജനത്തെ ഉപദേശിക്കയും ചെയ്തു; ആദ്യം അന്ത്യൊക്ക്യയിൽവെച്ചു ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്നു പേർ ഉണ്ടായി.

11:27 ആ കാലത്തു യെരൂശലേമിൽ നിന്നു പ്രവാചകന്മാർ അന്ത്യൊക്ക്യയിലേക്കു വന്നു.

11:28 അവരിൽ അഗബൊസ് എന്നു പേരുള്ളൊരുവൻ എഴുന്നേറ്റു ലോകത്തിൽ ഒക്കെയും മഹാക്ഷാമം ഉണ്ടാകും എന്നു ആത്മാവിനാൽ പ്രവചിച്ചു; അതു ക്ളൌദ്യൊസിന്റെ കാലത്തു സംഭവിച്ചു.

11:29 അപ്പോൾ യെഹൂദ്യയിൽ പാർക്കുന്ന സഹോദരന്മാരുടെ ഉതവിക്കായി ശിഷ്യന്മാരിൽ ഓരോരുത്തൻ പ്രാപ്തിപോലെ കൊടുത്തയപ്പാൻ നിശ്ചയിച്ചു.

11:30 അവർ അതു നടത്തി, ബർന്നബാസിന്റെയും ശൌലിന്റെയും കയ്യിൽ മൂപ്പന്മാർക്കു കൊടുത്തയച്ചു.

 < 

* ----------------------------------------

പ്രവൃത്തികൾ അദ്ധ്യായം 12  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25

12:1 ആ കാലത്തു ഹെരോദാരാജാവു സഭയിൽ ചിലരെ പീഡിപ്പിക്കേണ്ടതിന്നു കൈ നീട്ടി.

12:2 യോഹന്നാന്റെ സഹോദരനായ യാക്കോബിനെ അവൻ വാൾകൊണ്ടു കൊന്നു.

12:3 അതു യെഹൂദന്മാർക്കു പ്രസാദമായി എന്നു കണ്ടു അവൻ പത്രൊസിനെയും പിടിച്ചു. അപ്പോൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ആയിരുന്നു.

12:4 അവനെ പിടിച്ചശേഷം പെസഹ കഴിഞ്ഞിട്ടു ജനത്തിന്റെ മുമ്പിൽ നിറുത്തുവാൻ ഭാവിച്ചു തടവിലാക്കി അവനെ കാപ്പാൻ നന്നാലു ചേവകർ ഉള്ള നാലു കൂട്ടത്തിന്നു ഏല്പിച്ചു.

12:5 ഇങ്ങനെ പത്രൊസിനെ തടവിൽ സൂക്ഷിച്ചുവരുമ്പോൾ സഭ ശ്രദ്ധയോടെ അവന്നുവേണ്ടി ദൈവത്തോടു പ്രാർത്ഥന കഴിച്ചുപോന്നു.

 < 
12:6 ഹെരോദാവു അവനെ ജനത്തിന്റെ മുമ്പിൽ നിറുത്തുവാൻ ഭാവിച്ചതിന്റെ തലെരാത്രിയിൽ പത്രൊസ് രണ്ടു ചങ്ങലയാൽ ബന്ധിക്കപ്പെട്ടവനായി രണ്ടു പടയാളികളുടെ നടുവിൽ ഉറങ്ങുകയായിരുന്നു; വാതിലിന്റെ മുമ്പിൽ കാവൽക്കാർ കാരാഗൃഹം കാത്തുകൊണ്ടിരുന്നു.

12:7 പെട്ടെന്നു കർത്താവിന്റെ ദൂതൻ അവിടെ പ്രത്യക്ഷനായി, അറയിൽ ഒരു വെളിച്ചം പ്രകാശിച്ചു. അവൻ പത്രൊസിനെ വിലാപ്പുറത്തു തട്ടി: വേഗം എഴുന്നേൽക്ക എന്നു പറഞ്ഞു അവനെ ഉണർത്തി; ഉടനെ അവന്റെ ചങ്ങല കൈമേൽ നിന്നു വീണു പോയി.

12:8 ദൂതൻ അവനോടു: അര കെട്ടി ചെരിപ്പു ഇട്ടു മുറുക്കുക എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു; നിന്റെ വസ്ത്രം പുതെച്ചു എന്റെ പിന്നാലെ വരിക എന്നു പറഞ്ഞു.

12:9 അവൻ പിന്നാലെ ചെന്നു, ദൂതൻ മുഖാന്തരം സംഭവിച്ചതു വാസ്തവം എന്നു അറിയാതെ താൻ ഒരു ദർശനം കാണുന്നു എന്നു നിരൂപിച്ചു.

12:10 അവർ ഒന്നാം കാവലും രണ്ടാമത്തേതും കടന്നു പട്ടണത്തിൽ ചെല്ലുന്ന ഇരിമ്പു വാതിൽക്കൽ എത്തി. അതു അവർക്കു സ്വതവെ തുറന്നു; അവർ പുറത്തിറങ്ങി ഒരു തെരുവു കടന്നു, ഉടനെ ദൂതൻ അവനെ വിട്ടുപോയി.

 < 
12:11 പത്രൊസിന്നു സുബോധം വന്നിട്ടു കർത്താവു തന്റെ ദൂതനെ അയച്ചു ഹെരോദാവിന്റെ കയ്യിൽനിന്നും യെഹൂദജനത്തിന്റെ സകല പ്രതീക്ഷിയിൽനിന്നും എന്നെ വിടുവിച്ചു എന്നു ഞാൻ ഇപ്പോൾ വാസ്തവമായി അറിയുന്നു എന്നു അവൻ പറഞ്ഞു.

12:12 ഇങ്ങനെ ഗ്രഹിച്ച ശേഷം അവൻ മർക്കൊസ് എന്നു മറുപേരുള്ള യോഹന്നാന്റെ അമ്മ മറിയയുടെ വീട്ടിൽ ചെന്നു. അവിടെ അനേകർ ഒരുമിച്ചു കൂടി പ്രാർത്ഥിച്ചുകെണ്ടിരുന്നു.

12:13 അവൻ പടിപ്പുരവാതിൽക്കൽ മുട്ടിയാറെ രോദാ എന്നൊരു ബാല്യക്കാരത്തി വിളികേൾപ്പാൻ അടുത്തുവന്നു.

12:14 പത്രൊസിന്റെ ശബ്ദം തിരിച്ചറിഞ്ഞു, സന്തോഷത്താൽ പടിവാതിൽ തുറക്കാതെ അകത്തേക്കു ഓടി, പത്രൊസ് പടിപ്പുരെക്കൽ നിൽക്കുന്നു എന്നു അറിയിച്ചു.

12:15 അവർ അവളോടു: നിനക്കു ഭ്രാന്തുണ്ടു എന്നു പറഞ്ഞു; അവളോ: അല്ല, ഉള്ളതു തന്നേ എന്നു ഉറപ്പിച്ചുപറയുമ്പോൾ അവന്റെ ദൂതൻ ആകുന്നു എന്നു അവർ പറഞ്ഞു.

 < 
12:16 പത്രൊസ് മുട്ടിക്കൊണ്ടിരുന്നു; അവർ തുറന്നപ്പോൾ അവനെ കണ്ടു വിസ്മയിച്ചു.

12:17 അവർ മിണ്ടാതിരിപ്പാൻ അവൻ ആംഗ്യം കാട്ടി, കർത്താവു തന്നെ തടവിൽനിന്നു പുറപ്പെടുവിച്ച വിവരം പറഞ്ഞു കേൾപ്പിച്ചു; ഇതു യാക്കോബിനോടും ശേഷം സഹോദരന്മാരോടും അറിയിപ്പിൻ എന്നു പറഞ്ഞു; പിന്നെ അവൻ പുറപ്പെട്ടു വേറൊരു സ്ഥലത്തേക്കു പോയി.

12:18 നേരം വെളുത്തപ്പോൾ പത്രൊസ് എവിടെ പോയി എന്നു പടയാളികൾക്കു അല്പമല്ലാത്ത പരിഭ്രമം ഉണ്ടായി

12:19 ഹെരോദാവു അവനെ അന്വേഷിച്ചിട്ടു കാണായ്കയാൽ കാവൽക്കാരെ വിസ്തരിച്ചു അവരെ കൊല്ലുവാൻ കല്പിച്ചു; പിന്നെ അവൻ യെഹൂദ്യ വിട്ടു കൈസര്യയിലേക്കു പോയി അവിടെ പാർത്തു.

12:20 അവൻ സോര്യരുടെയും സിദോന്യരുടെയും നേരെ ക്രുദ്ധിച്ചിരിക്കുമ്പോൾ രാജാവിന്റെ ദേശത്തുനിന്നു തങ്ങളുടെ ദേശത്തിന്നു ആഹാരം കിട്ടിവരികയാൽ അവർ ഏകമനസ്സോടെ അവന്റെ അടുക്കൽ ചെന്നു, രാജാവിന്റെ പള്ളിയറക്കാരനായ ബ്ളസ്തൊസിനെ വശത്താക്കി സന്ധിക്കായി അപേക്ഷിച്ചു.

 < 
12:21 നിശ്ചയിച്ച ദിവസത്തിൽ ഹെരോദാവു രാജവസ്ത്രം ധരിച്ചു ഭദ്രാസനത്തിൽ ഇരുന്നു അവരോടു പ്രസംഗം കഴിച്ചു.

12:22 ഇതു മനുഷ്യന്റെ ശബ്ദമല്ല ഒരു ദേവന്റെ ശബ്ദം അത്രേ എന്നു ജനം ആർത്തു.

12:23 അവൻ ദൈവത്തിന്നു മഹത്വം കൊടുക്കായ്കയാൽ കർത്താവിന്റെ ദൂതൻ ഉടനെ അവനെ അടിച്ചു, അവൻ കൃമിക്കു ഇരയായി പ്രാണനെ വിട്ടു.

12:24 എന്നാൽ ദൈവ വചനം മേല്ക്കുമേൽ പരന്നുകൊണ്ടിരുന്നു.

12:25 ബർന്നാബാസും ശൌലും ശുശ്രൂഷ നിവർത്തിച്ച ശേഷം മർക്കൊസ് എന്നു മറു പേരുള്ള യോഹന്നാനെയും കൂട്ടിക്കൊണ്ടു യെരൂശലേം വിട്ടു മടങ്ങിപ്പോന്നു.

 < 

* ----------------------------------------

പ്രവൃത്തികൾ അദ്ധ്യായം 13  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52

13:1 അന്ത്യൊക്ക്യയിലെ സഭയിൽ ബർന്നബാസ്, നീഗർ എന്നു പേരുള്ള ശിമോൻ, കുറേനക്കാരനായ ലൂക്യൊസ്, ഇട പ്രഭുവമായ ഹെരോദാവോടുകൂടെ വളർന്ന മനായേൻ, ശൌൽ എന്നീ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു.

13:2 അവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോൾ: ഞാൻ ബർന്നബാസിനെയും ശൌലിനെയും വിളിച്ചിരിക്കുന്ന വേലെക്കായിട്ടു അവരെ എനിക്കു വേർതിരിപ്പിൻ എന്നു പരിശുദ്ധാത്മാവു പറഞ്ഞു.

13:3 അങ്ങനെ അവർ ഉപവസിച്ചു പ്രാർത്ഥിച്ചു അവരുടെ മേൽ കൈവെച്ചു അവരെ പറഞ്ഞയച്ചു.

13:4 പരിശുദ്ധാത്മാവു അവരെ പറഞ്ഞയച്ചിട്ടു അവർ സെലൂക്യയിലേക്കു ചെന്നു; അവിടെ നിന്നു കപ്പൽ കയറി കുപ്രൊസ് ദ്വീപിലേക്കുപോയി

13:5 സലമീസിൽ ചെന്നു യെഹൂദന്മാരുടെ പള്ളിയിൽ ദൈവവചനം അറിയിച്ചു. യോഹന്നാൻ അവർക്കു ഭൃത്യനായിട്ടു ഉണ്ടായിരുന്നു.

 < 
13:6 അവർ ദ്വീപിൽകൂടി പാഫൊസ് വരെ ചെന്നപ്പോൾ ബർയേശു എന്നു പേരുള്ള യെഹൂദനായി കള്ള പ്രവാചകനായോരു വിദ്വാനെ കണ്ടു.

13:7 അവൻ ബുദ്ധിമാനായ സെർഗ്ഗ്യൊസ് പൌലൊസ് എന്ന ദേശാധിപതിയോടു കൂടെ ആയിരുന്നു; അവർ ബർന്നബാസിനെയും ശൌലിനെയും വരുത്തി ദൈവവചനം കേൾപ്പാൻ ആഗ്രഹിച്ചു.

13:8 എന്നാൽ എലീമാസ് എന്ന വിദ്വാൻ - ഇതാകുന്നു അവന്റെ പേരിന്റെ അർത്ഥം - അവരോടു എതിർത്തുനിന്നു ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാൻ ശ്രമിച്ചു.

13:9 അപ്പോൾ പൌലൊസ് എന്നും പേരുള്ള ശൌൽ പരിശുദ്ധാത്മപൂർണ്ണനായി അവനെ ഉറ്റുനോക്കി:

13:10 ഹേ സകലകപടവും സകല ധൂർത്തും നിറഞ്ഞവനേ, പിശാചിന്റെ മകനേ, സർവ നീതിയുടെയും ശത്രുവേ, കർത്താവിന്റെ നേർവഴികളെ മറിച്ചുകളയുന്നത് നീ മതിയാക്കുകയില്ലയോ?

 < 
13:11 ഇപ്പോൾ കർത്താവിന്റെ കൈ നിന്റെ മേൽ വീഴും; നീ ഒരു സമയത്തേക്കു സൂര്യനെ കാണാതെ കുരുടനായിരിക്കും എന്നു പറഞ്ഞു. ഉടനെ ഒരു തിമിരവും ഇരുട്ടും അവന്റെ മേൽ വീണു; കൈപിടിച്ചു നടത്തുന്നവരെ തിരഞ്ഞുകൊണ്ടു അവൻ തപ്പിനടന്നു.

13:12 ഈ ഉണ്ടായത് ദേശാധിപതി കണ്ടിട്ടു കർത്താവിന്റെ ഉപദേശത്തിൽ വിസ്മയിച്ചു വിശ്വസിച്ചു.

13:13 പൌലൊസും കൂടെയുള്ളവരും പാഫൊസിൽനിന്നു കപ്പൽ നീക്കി, പംഫുല്യാദേശത്തിലെ പെർഗ്ഗെക്കു ചെന്നു. അവിടെവെച്ചു യോഹന്നാൻ അവരെ വിട്ടുപിരിഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോയി.

13:14 അവരോ പെർഗ്ഗയിൽനിന്നു പുറപ്പെട്ടു പിസിദ്യാദേശത്തിലെ അന്ത്യൊക്ക്യയിൽ എത്തി ശബ്ബത്ത് നാളിൽ പള്ളിയിൽ ചെന്നു ഇരുന്നു.

13:15 ന്യായപ്രമാണവും പ്രവാചകങ്ങളും വായിച്ചുതീർന്നപ്പോൾ പള്ളിപ്രമാണികൾ അവരുടെ അടുക്കൽ ആളയച്ചു: സഹോദരന്മാരേ, നിങ്ങൾക്കു ജനത്തോടു പ്രബോധനം വല്ലതും ഉണ്ടെങ്കിൽ പറവിൻ എന്നു പറയിച്ചു.

 < 
13:16 പൌലൊസ് എഴുന്നേറ്റു ആംഗ്യം കാട്ടി പറഞ്ഞതു: യിസ്രായേൽ പുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളോരെ, കേൾപ്പിൻ.

13:17 യിസ്രായേൽജനത്തിന്റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു, മിസ്രയീംദേശത്തിലെ പ്രവാസകാലത്തു ജനത്തെ വർദ്ധിപ്പിച്ചു, ഭുജവീര്യംകൊണ്ടു അവിടെനിന്നു പുറപ്പെടുവിച്ചു.

13:18 മരുഭൂമിയിൽ നാല്പതു സംവത്സരകാലത്തോളം അവരുടെ സ്വഭാവം സഹിച്ചു,

13:19 കനാൻ ദേശത്തിലെ ഏഴു ജാതികളെ ഒടുക്കി, അവരുടെ ദേശം അവർക്കു അവകാശമായി വിഭാഗിച്ചുകൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റമ്പതു സംവത്സരം കഴിഞ്ഞു.

13:20 അതിന്റെശേഷം അവൻ അവർക്കു ശമൂവേൽ പ്രവാചകൻ വരെ ന്യായാധിപതിമാരെ കൊടുത്തു,

 < 
13:21 അനന്തരം അവർ ഒരു രാജാവിനെ ചോദിച്ചു; ദൈവം അവർക്കു ബെന്യാമീൻ ഗോത്രക്കാരനായ കീശിന്റെ മകൻ ശൌലിനെ നാല്പതാണ്ടേക്കു കൊടുത്തു.

13:22 അവനെ നീക്കീട്ടു ദാവീദിനെ അവർക്കു രാജാവായി വാഴിച്ചു: ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവൻ എന്റെ ഹിതം എല്ലാം ചെയ്യും എന്നു അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു.

13:23 അവന്റെ സന്തതിയിൽനിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിന്നു യേശു എന്ന രക്ഷിതാവിനെ കൊടുത്തു.

13:24 അവന്റെ വരവിന്നു മുമ്പെ യോഹന്നാൻ യിസ്രായേൽജനത്തിന്നു ഒക്കെയും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു.

13:25 യോഹന്നാൻ ജീവകാലം തികവാറായപ്പോൾ: നിങ്ങൾ എന്നെ ആർ എന്നു നിരൂപിക്കുന്നു? ഞാൻ മശീഹയല്ല; അവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ കാലിലെ ചെരിപ്പു അഴിപ്പാൻ ഞാൻ യോഗ്യനല്ല എന്നു പറഞ്ഞു.

 < 
13:26 സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോടു ചേർന്ന ദൈവഭക്തന്മാരുമായുള്ളാരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നതു.

13:27 യെരൂശലേം നിവാസികളും അവരുടെ പ്രമാണികളും അവനെയോ ശബ്ബത്തുതോറും വായിച്ചുവരുന്ന പ്രവാചകന്മാരുടെ വചനങ്ങളെയോ തിരിച്ചറിയാതെ അവനെ ശിക്ഷക്കു വിധിക്കയാൽ അവെക്കു നിവൃത്തിവരുത്തി.

13:28 മരണത്തിന്നു ഒരു ഹേതുവും കാണാഞ്ഞിട്ടും അവനെ കൊല്ലേണം എന്നു അവർ പീലാത്തൊസിനോടു അപേക്ഷിച്ചു.

13:29 അവനെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും തികെച്ചശേഷം അവർ അവനെ മരത്തിൽനിന്നു ഇറക്കി ഒരു കല്ലറയിൽ വെച്ചു.

13:30 ദൈവമോ അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു;

 < 
13:31 അവൻ തന്നോടുകൂടെ ഗലീലയിൽനിന്നു യെരൂശലേമിലേക്കു വന്നവർക്കു ഏറിയ ദിവസം പ്രത്യക്ഷനായി; അവർ ഇപ്പോൾ ജനത്തിന്റെ മുമ്പാകെ അവന്റെ സാക്ഷികൾ ആകുന്നു.

13:32 ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.

13:33 നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നു വല്ലോ.

13:34 ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്നു പറഞ്ഞിരിക്കുന്നു

13:35 മറ്റൊരു സങ്കിർത്തനത്തിലും: നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു.

 < 
13:36 ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനെക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു ദ്രവത്വം കണ്ടു.

13:37 ദൈവം ഉയിർത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല. ആകയാൽ സഹോദരന്മാരേ,

13:38 ഇവൻ മൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നു എന്നും

13:39 മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.

13:40 ആകയാൽ, “ഹേ നിന്ദക്കാരേ, നോക്കുവിൻ ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിൻ. നിങ്ങളുടെ കാലത്തു ഞാൻ ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാൽ നിങ്ങൾ വിശ്വസിക്കാത്ത പ്രവൃത്തി തന്നേ”

 < 
13:41 എന്നു പ്രവാചകപുസ്തകങ്ങളിൽ അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾക്കു ഭവിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.

13:42 അവർ പള്ളിവിട്ടു പോകുമ്പോൾ പിറ്റെ ശബ്ബത്തിൽ ഈ വചനം തങ്ങളോടു പറയേണം എന്നു അവർ അപേക്ഷിച്ചു.

13:43 പള്ളി പിരിഞ്ഞശേഷം യെഹൂദന്മാരിലും ഭക്തിയുള്ള യെഹൂദമതാനുസാരികളിലും പലർ പൌലൊസിനെയും ബർന്നാബാസിനെയും അനുഗമിച്ചു; അവർ അവരോടു സംസാരിച്ചു ദൈവ കൃപയിൽ നിലനിൽക്കേണ്ടതിന്നു അവരെ ഉത്സാഹിപ്പിച്ചു.

13:44 പിറ്റെ ശബ്ബത്തിൽ ഏകദേശം പട്ടണം മുഴുവനും ദൈവവചനം കേൾപ്പാൻ വന്നു കൂടി.

13:45 യെഹൂദന്മാരോ പുരുഷാരത്തെ കണ്ടു അസൂയ നിറഞ്ഞവരായി ദുഷിച്ചുകൊണ്ടു പൌലൊസ് സംസാരിക്കുന്നതിന്നു എതിർ പറഞ്ഞു.

 < 
13:46 അപ്പോൾ പൌലൊസും ബർന്നബാസും ധൈര്യംപൂണ്ടു: ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നതു ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന്നു അയോഗ്യർ എന്നു വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്കു തിരിയുന്നു.

13:47 “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.

13:48 ജാതികൾ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവന്നായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു.

13:49 കർത്താവിന്റെ വചനം ആ നാട്ടിൽ എങ്ങും വ്യാപിച്ചു.

13:50 യെഹൂദന്മാരോ ഭക്തിയുള്ള മാന്യസ്ത്രീകളെയും പട്ടണത്തിലെ പ്രധാനികളെയും ഇളക്കി പൌലൊസിന്റെയും ബർന്നബാസിന്റെയും നേരെ ഉപദ്രവമുണ്ടാക്കി അവരെ തങ്ങളുടെ അതിരുകളിൽ നിന്നു പുറത്താക്കിക്കളഞ്ഞു.

 < 
13:51 എന്നാൽ അവർ തങ്ങളുടെ കാലിലെ പൊടി അവരുടെ നേരെ തട്ടിക്കളഞ്ഞു ഇക്കോന്യയിലേക്കു പോയി.

13:52 ശിഷ്യന്മാർ സന്തോഷവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീർന്നു.


* ----------------------------------------

പ്രവൃത്തികൾ അദ്ധ്യായം 14  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28

14:1 ഇക്കോന്യയിൽ അവർ ഒരുമിച്ചു യെഹൂദന്മാരുടെ പള്ളിയിൽ ചെന്നു യെഹൂദന്മാരിലും യവനന്മാരിലും വലിയോരു പുരുഷാരം വിശ്വസിപ്പാൻ തക്കവണ്ണം സംസാരിച്ചു.

14:2 വിശ്വസിക്കാത്ത യെഹൂദന്മാരോ ജാതികളുടെ മനസ്സു സഹോദരന്മാരുടെ നേരെ ഇളക്കി വഷളാക്കി.

14:3 എന്നാൽ അവർ വളരെക്കാലം അവിടെ പാർത്തു, കർത്താവിൽ ആശ്രയിച്ചു പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുകൊണ്ടിരുന്നു; അവൻ തന്റെ കൃപയുടെ വചനത്തിന്നു സാക്ഷിനിന്നു, അവരുടെ കയ്യാൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുവാൻ വരം നല്കി.

14:4 എന്നാൽ പട്ടണത്തിലെ ജനസമൂഹം ഭിന്നിച്ചു ചിലര്‍ യെഹൂദന്മാരുടെ പക്ഷത്തിലും ചിലർ അപ്പൊസ്തലന്മാരുടെ പക്ഷത്തിലും ആയി.

14:5 അവരെ അവമാനിപ്പാനും കല്ലെറിവാനും ജാതികളും യെഹൂദന്മാരും അവിടത്തെ പ്രമാണികളോടുകൂടി ഒരു ആക്രമം ഭാവിച്ചപ്പോൾ അവർ അതു ഗ്രഹിച്ചു ലുസ്ത്ര,

 < 
14:6 ദെർബ്ബ ഇന്ന ലുക്കവോന്യപട്ടണങ്ങളിലേക്കും ചുറ്റുമുള്ള ദേശത്തിലേക്കും

14:7 ഓടിപ്പോയി അവിടെ സുവിശേഷം അറിയിച്ചുപോന്നു.

14:8 ലുസ്ത്രയിൽ അമ്മയുടെ ഗർഭംമുതൽ മുടന്തനായി ഒരിക്കലും നടന്നിട്ടില്ലാതെയും കാലിന്നു ശക്തിയില്ലാതെയും ഉള്ളോരു പുരുഷൻ ഇരുന്നിരുന്നു.

14:9 അവൻ പൌലൊസ് സംസാരിക്കുന്നതു കേട്ടു; അവൻ അവനെ ഉറ്റു നോക്കി, സൌഖ്യം പ്രാപിപ്പാൻ അവന്നു വിശ്വാസമുണ്ടു എന്നു കണ്ടിട്ടു:

14:10 നീ എഴുന്നേറ്റു കാലൂന്നി നിവിർന്നുനിൽക്ക എന്നു ഉറക്കെ പറഞ്ഞു; അവൻ കുതിച്ചെഴുന്നേറ്റു നടന്നു

 < 
14:11 പൌലൊസ് ചെയ്തതു പുരുഷാരം കണ്ടിട്ടു: ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു എന്നു ലുക്കവോന്യഭാഷയിൽ നിലവിളിച്ചു പറഞ്ഞു.

14:12 ബർന്നബാസിന്നു ഇന്ദ്രൻ എന്നും പൌലൊസ് മുഖ്യപ്രസംഗിയാകയാൽ അവന്നു ബുധൻ എന്നു പേർവിളിച്ചു.

14:13 പട്ടണത്തിന്റെ മുമ്പിലുള്ള ഇന്ദ്രക്ഷേത്രത്തിലെ പുരോഹിതൻ കാളകളെയും പൂമാലകളെയും ഗോപുരത്തിങ്കൽ കൊണ്ടുവന്നു പുരുഷാരത്തോടുകൂടെ യാഗം കഴിപ്പാൻ ഭാവിച്ചു.

14:14 ഇതു അപ്പൊസ്തലന്മാരായ ബർന്നബാസും പൌലൊസും കേട്ടിട്ടു വസ്ത്രം കീറിക്കൊണ്ടു പുരുഷാരത്തിന്റെ ഇടയിലേക്കു ഓടിച്ചെന്നു നിലവിളിച്ചു പറഞ്ഞതു:

14:15 പുരുഷന്മാരേ, നിങ്ങൾ ഈ ചെയ്യുന്നതു എന്തു? ഞങ്ങൾ നിങ്ങളോടു സമസ്വഭാവമുള്ള മനുഷ്യർ അത്രെ; നിങ്ങൾ ഈ വ്യർത്ഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങൾ നിങ്ങളോടു അറിയിക്കുന്നു.

 < 
14:16 കഴിഞ്ഞ കാലങ്ങളിൽ അവൻ സകലജാതികളെയും സ്വന്ത വഴികളിൽ നടപ്പാൻ സമ്മതിച്ചു.

14:17 എങ്കിലും അവൻ നന്മചെയ്കയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങൾക്കു തരികയും ആഹാരവും സന്തോഷവും നല്കി നിങ്ങളെ തൃപ്തരാക്കുകയും ചെയ്തുപോന്നതിനാൽ തന്നെക്കുറിച്ചു സാക്ഷ്യം തരാതിരുന്നിട്ടില്ല.

14:18 അവർ ഇങ്ങനെ പറഞ്ഞു തങ്ങൾക്കു യാഗം കഴിക്കാതവണ്ണം പുരുഷാരത്തെ പ്രയാസത്തോടെ തടുത്തു.

14:19 എന്നാൽ അന്ത്യൊക്ക്യയിൽ നിന്നും ഇക്കോന്യയിൽ നിന്നും യെഹൂദന്മാർ വന്നു കൂടി പുരുഷാരത്തെ വശത്താക്കി പൌലൊസിനെ കല്ലെറിഞ്ഞു; അവൻ മരിച്ചു എന്നു വിചാരിച്ചിട്ടു അവനെ പട്ടണത്തിന്നു പുറത്തേക്കു ഇഴെച്ചു കളഞ്ഞു.

14:20 എന്നാൽ ശിഷ്യന്മാർ അവനെ ചുറ്റിനിൽക്കയിൽ അവൻ എഴുന്നേറ്റു പട്ടണത്തിൽ ചെന്നു; പിറ്റെന്നാൾ ബർന്നബാസിനോടുകൂടെ ദെർബ്ബെക്കു പോയി.

 < 
14:21 ആ പട്ടണത്തിലും സുവിശേഷം അറിയിച്ചു പലരെയും ശിഷ്യരാക്കിയശേഷം അവർ ലുസ്ത്ര, ഇക്കോന്യ, അന്ത്യോക്യ എന്ന പട്ടണങ്ങളിലേക്കു മടങ്ങിച്ചെന്നു,

14:22 വിശ്വാസത്തിൽ നില നിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചു പോന്നു.

14:23 അവർ സഭതോറും അവർക്കു മൂപ്പന്മാരെ നിയമിക്കയും ഉപവസിച്ചും പ്രാർത്ഥിച്ചുംകൊണ്ടു തങ്ങൾ വിശ്വസിച്ച കർത്താവിങ്കൽ അവരെ ഭാരമേല്പിക്കയും ചെയ്തു.

14:24 അവർ പിസിദ്യയിൽകൂടി കടന്നു പംഫുല്യയിൽഎത്തി,

14:25 പെർഗ്ഗയിൽവചനം പ്രസംഗിച്ചശേഷം അത്തല്യെക്കു പോയി

 < 
14:26 അവിടെ നിന്നു കപ്പൽ കയറി അന്ത്യൊക്ക്യയിലേക്കു പോയി; തങ്ങൾ നിവർത്തിച്ച വേലക്കായി ദൈവകൃപയിൽ അവരെ ഭരമേല്പിച്ചയച്ചതു അവിടെനിന്നു ആയിരുന്നുവല്ലോ.

14:27 അവിടെ എത്തിയശേഷം സഭയെ ഒരുമിച്ചു കൂട്ടി, ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കെയും ജാതികൾക്കു വിശ്വാസത്തിന്റെ വാതിൽ തുറന്നുകൊടുത്തതും അറിയിച്ചു.

14:28 പിന്നെ അവൻ ശിഷ്യന്മാരോടുകൂടെ കുറെക്കാലം അവിടെ പാർത്തു.


* ----------------------------------------

പ്രവൃത്തികൾ അദ്ധ്യായം 15  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41

15:1 യെഹൂദ്യയിൽനിന്നു ചിലർ വന്നു: നിങ്ങൾ മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏൽക്കാഞ്ഞാൽ രക്ഷ പ്രാപിപ്പാൻ കഴികയില്ല എന്നു സഹോദരന്മാരെ ഉപദേശിച്ചു.

15:2 പൌലൊസിന്നും ബർന്നബാസിന്നും അവരോടു അല്പമല്ലാത്ത വാദവും തർക്കവും ഉണ്ടായിട്ടു പൌലൊസും ബർന്നബാസും അവരിൽ മറ്റു ചിലരും ഈ തർക്കസംഗതിയെപ്പറ്റി യെരൂശലേമിൽ അപ്പൊസ്തലന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ പോകേണം എന്നു നിശ്ചയിച്ചു.

15:3 സഭ അവരെ യാത്ര അയച്ചിട്ടു അവർ ഫൊയ്നീക്ക്യയിലും ശമര്യയിലും കൂടി കടന്നു ജാതികളുടെ മാനസാന്തരവിവരം അറിയിച്ചു സഹോദരന്മാർക്കു മഹാസന്തോഷം വരുത്തി.

15:4 അവർ യെരൂശലേമിൽ എത്തിയാറെ സഭയും അപ്പൊസ്തലന്മാരും മൂപ്പന്മാരും അവരെ കൈക്കൊണ്ടു; ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കയും അവർ അറിയിച്ചു.

15:5 എന്നാൽ പരീശപക്ഷത്തിൽനിന്നു വിശ്വസിച്ചവർ ചിലർ എഴുന്നേറ്റു അവരെ പരിച്ഛേദന കഴിപ്പിക്കയും മോശെയുടെ ന്യായപ്രമാണം ആചരിപ്പാൻ കല്പിക്കയും വേണം എന്നു പറഞ്ഞു.

 < 
15:6 ഈ സംഗതിയെക്കുറിച്ചു വിചാരിപ്പാൻ അപ്പൊസ്തലന്മാരും മൂപ്പന്മാരും വന്നു കൂടി. വളരെ തർക്കം ഉണ്ടയശേഷം പത്രൊസ് എഴുന്നേറ്റു അവരോടു പറഞ്ഞതു:

15:7 സഹോദരന്മാരേ, കുറെ നാൾ മുമ്പെ ദൈവം നിങ്ങളിൽ വെച്ചു ഞാൻ മുഖാന്തരം ജാതികൾ സുവിശേഷവചനം കേട്ടു വിശ്വസിക്കേണം എന്നു നിശ്ചയിച്ചതു നിങ്ങൾ അറിയുന്നുവല്ലോ.

15:8 ഹൃദയങ്ങളെ അറിയുന്ന ദൈവം നമുക്കു തന്നതുപോലെ അവർക്കും പരിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ടു സാക്ഷിനിന്നു വിശ്വാസത്താൽ

15:9 അവരുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചതിനാൽ നമുക്കും അവർക്കും തമ്മിൽ ഒരു വ്യത്യാസവും വെച്ചിട്ടില്ല.

15:10 ആകയാൽ നമ്മുടെ പിതാക്കന്മാർക്കും നമുക്കും ചുമപ്പാൻ കിഴിഞ്ഞിട്ടില്ലത്ത നുകം ശിഷ്യന്മാരുടെ കഴുത്തിൽ വെപ്പാൻ നിങ്ങൾ ഇപ്പോൾ ദൈവത്തെ പരീക്ഷിക്കുന്നതു എന്തു?

 < 
15:11 കര്‍ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതു പോലെ അവരും വിശ്വസിക്കുന്നു

15:12 ജനസമൂഹം എല്ലാം മിണ്ടാതെ ബർന്നബാസും പൌലൊസും ദൈവം തങ്ങളെക്കൊണ്ടു ജാതികളുടെ ഇടയിൽ ചെയ്യിച്ച അടയാളങ്ങളും അത്ഭുതങ്ങളും എല്ലാം വിവരിക്കുന്നതു കേട്ടുകൊണ്ടിരുന്നു.

15:13 അവർ പറഞ്ഞു നിറുത്തിയശേഷം യാക്കോബ് ഉത്തരം പറഞ്ഞതു:

15:14 സഹോദരന്മാരേ, എന്റെ വാക്കു കേട്ടു കൊൾവിൻ; ദൈവം തന്റെ നാമത്തിന്നായി ജാതികളിൽനിന്നു ഒരു ജനത്തെ എടുത്തുകൊൾവാൻ ആദ്യമായിട്ടു കടാക്ഷിച്ചതു ശിമോൻ വിവരിച്ചുവല്ലോ.

15:15 ഇതിനോടു പ്രവാചകന്മാരുടെ വാക്യങ്ങളും ഒക്കുന്നു.

 < 
15:16 “അനന്തരം ഞാൻ ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്റെ ശൂന്യശിഷ്ടങ്ങളെ വീണ്ടും പണിതു അതിനെ നിവിർത്തും;

15:17 മനുഷ്യരിൽ ശേഷിച്ചവരും എന്റെ നാമം വിളിച്ചിരിക്കുന്ന സകലജാതികളും കർത്താവിനെ അന്വേഷിക്കും എന്നു

15:18 ഇതു പൂർവ്വകാലം മുതൽ അറിയിക്കുന്ന കർത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.

15:19 ആകയാൽ ജാതികളിൽനിന്നു ദൈവത്തിങ്കലേക്കു തിരിയുന്നവരെ നാം അസഹ്യപ്പെടുത്താതെ

15:20 അവർ വിഗ്രഹമാലിന്യങ്ങൾ, പരസംഗം, ശ്വാസംമുട്ടിച്ചത്തതു, രക്തം എന്നിവ വർജ്ജിച്ചിരിപ്പാൻ നാം അവർക്കു എഴുതേണം എന്നു ഞാൻ അഭിപ്രായപ്പെടുന്നു.

 < 
15:21 മോശെയുടെ ന്യായപ്രമാണം ശബ്ബത്തുതോറും പള്ളികളിൽ വായിച്ചുവരുന്നതിനാൽ പൂർവ്വകാലംമുതൽ പട്ടണം തോറും അതു പ്രസംഗിക്കുന്നവർ ഉണ്ടല്ലോ.

15:22 അപ്പോൾ തങ്ങളിൽ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു പൌലൊസിനോടും ബർന്നബാസിനോടും കൂടെ അന്ത്യൊക്ക്യയിലേക്കു അയക്കേണം എന്നു അപ്പൊസ്തലന്മാരും മൂപ്പന്മാരും സർവ്വസഭയും നിർണ്ണയിച്ചു, സഹോദരന്മാരിൽ പ്രമാണപ്പെട്ട പുരുഷന്മാരായ ബർശബാസ് എന്ന യൂദയെയും ശീലാസിനെയും നിയോഗിച്ചു.

15:23 അവരുടെ കൈവശം എഴുതി അയച്ചതെന്തെന്നാൽ: അപ്പൊസ്തലന്മാരും മൂപ്പന്മാരായ സഹോദരന്മാരും അന്ത്യൊക്ക്യയിലും സൂറിയയിലും കിലിക്ക്യയിലും ജാതികളിൽ നിന്നു ചേർന്ന സഹോദരന്മാർക്കു വന്ദനം.

15:24 ഞങ്ങൾ കല്പന കൊടുക്കാതെ ചിലർ ഞങ്ങളുടെ ഇടയിൽനിന്നു പുറപ്പെട്ടു നിങ്ങളെ വാക്കുകളാൽ ഭ്രമിപ്പിച്ചു നിങ്ങളുടെ ഹൃദയങ്ങളെ കലക്കിക്കളഞ്ഞു എന്നു കേൾക്കകൊണ്ടു

15:25 ഞങ്ങൾ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിന്നു വേണ്ടി പ്രാണത്യാഗം ചെയ്തവരായ നമ്മുടെ

 < 
15:26 പ്രീയ ബർന്നബാസോടും പൌലൊസോടും കൂടെ നിങ്ങളുടെ അടുക്കൽ അയക്കേണം എന്നു ഞങ്ങൾ ഒരുമനപ്പെട്ടു നിശ്ചയിച്ചു.

15:27 ആകയാൽ ഞങ്ങൾ യൂദയെയും ശീലാസിനെയും അയച്ചിരിക്കുന്നു; അവർ വാമൊഴിയായും ഇതുതന്നേ അറിയിക്കും.

15:28 വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വർജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേൽ ചുമത്തരുതു എന്നു പരിശുദ്ധാത്മാവിന്നും ഞങ്ങൾക്കും തോന്നിയിരിക്കുന്നു.

15:29 ഇവ വർജ്ജിച്ചു സൂക്ഷിച്ചുകൊണ്ടാൽ നന്നു; ശുഭമായിരിപ്പിൻ.

15:30 അങ്ങനെ അവർ വിടവാങ്ങി അന്ത്യൊക്ക്യയിൽ ചെന്നു ജനസമൂഹത്തെ കൂട്ടിവരുത്തി ലേഖനം കൊടുത്തു.

 < 
15:31 അവർ ഈ ആശ്വാസവചനം വായിച്ചു സന്തോഷിച്ചു.

15:32 യൂദയും ശീലാസും പ്രവാചകന്മാർ ആകകൊണ്ടു പല വചനങ്ങളാലും സഹോദരന്മാരെ പ്രബോധിപ്പിച്ചു ഉറപ്പിച്ചു.

15:33 കുറെനാൾ താമസിച്ചശേഷം സഹോദരന്മാർ അവരെ അയച്ചവരുടെ അടുക്കലേക്കു സമാധാനത്തോടെ പറഞ്ഞയച്ചു.

15:34 എന്നാൽ പൌലൊസും ബർന്നബാസും അന്ത്യൊക്ക്യയിൽ പാർത്തു മറ്റു പലരോടും കൂടി കർത്താവിന്റെ വചനം ഉപദേശിച്ചും സുവിശേഷിച്ചുംകൊണ്ടിരുന്നു.

15:35 കുറെനാൾ കഴിഞ്ഞിട്ടു പൌലൊസ് ബർന്നബാസിനോടു: നാം കർത്താവിന്റെ വചനം അറിയിച്ച പട്ടണംതോറും പിന്നെയും ചെന്നു സഹോദരന്മാർ എങ്ങനെയിരിക്കുന്നു എന്നു നോക്കുക എന്നു പറഞ്ഞു.

 < 
15:36 മർക്കൊസ് എന്ന യോഹന്നാനെയും കൂട്ടിക്കൊണ്ടു പോകുവാൻ ബർന്നബാസ് ഇച്ഛിച്ചു.

15:37 പൌലൊസോ പംഫുല്യയിൽനിന്നു തങ്ങളെ വിട്ടു പ്രവൃത്തിക്കു വരാതെ പോയവനെ കൂട്ടിക്കൊണ്ടു പോകുന്നതു യോഗ്യമല്ല എന്നു നിരൂപിച്ചു.

15:38 അങ്ങനെ അവർ തമ്മിൽ ഉഗ്രവാദമുണ്ടായിട്ടു വേർ പിരിഞ്ഞു. ബർന്നബാസ് മർക്കൊസിനെ കൂട്ടി കപ്പൽകയറി കുപ്രൊസ് ദ്വീപിലേക്കു പോയി.

15:39 പൌലൊസോ ശീലാസിനെ തിരഞ്ഞെടുത്തു സഹോദരന്മാരാൽ കർത്താവിന്റെ കൃപയിൽ ഭരമേല്പിക്കപ്പെട്ടിട്ടു

15:40 യാത്ര പുറപ്പെട്ടു സുറിയാ കിലിക്യാ ദേശങ്ങളിൽ കൂടി സഞ്ചരിച്ചു സഭകളെ ഉറപ്പിച്ചു പോന്നു.

 < 
15:41


* ----------------------------------------

പ്രവൃത്തികൾ അദ്ധ്യായം 16  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40

16:1 അവൻ ദെർബ്ബെയിലും ലുസ്ത്രയിലും ചെന്നു. അവിടെ വിശ്വാസമുള്ളോരു യെഹൂദസ്ത്രീയുടെ മകനായി തിമൊഥെയൊസ് എന്നു പേരുള്ള ഒരു ശിഷ്യൻ ഉണ്ടായിരുന്നു. അവന്റെ അപ്പൻ യവനനായിരുന്നു.

16:2 അവൻ ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാൽ നല്ല സാക്ഷ്യം കൊണ്ടവൻ ആയിരുന്നു.

16:3 അവൻ തന്നോടുകൂടെ പോരേണം എന്നു പൌലൊസ് ഇച്ഛിച്ചു; അവന്റെ അപ്പൻ യവനൻ എന്നു അവിടങ്ങളിലുള്ള യഹൂദന്മാർ എല്ലാവരും അറിഞ്ഞിരുന്നതിനാൽ അവരെ വിചാരിച്ചു അവനെ പരിച്ഛേദന കഴിപ്പിച്ചു.

16:4 അവർ പട്ടണം തോറും ചെന്നു യെരൂശലേമിലെ അപ്പൊസ്തലന്മാരും മൂപ്പന്മാരും വിധിച്ച നിർണ്ണയങ്ങൾ പ്രമാണിക്കേണ്ടതിന്നു അവർക്കു ഏല്പിച്ചുകൊടുത്തു.

16:5 അങ്ങനെ സഭകൾ വിശ്വാസത്തിൽ ഉറെക്കയും എണ്ണത്തിൽ ദിവസേന പെരുകുകയും ചെയ്തു.

 < 
16:6 അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവു വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ചു,

16:7 മുസ്യയിൽ എത്തി ബിഥുന്യെക്കു പോകുവാൻ ശ്രമിച്ചു; യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല.

16:8 അവർ മുസ്യ കടന്നു ത്രോവാസിൽ എത്തി.

16:9 അവിടെവെച്ചു പൌലൊസ് രാത്രിയിൽ മക്കെദോന്യക്കാരനായൊരു പുരുഷൻ അരികെ നിന്നു: നീ മക്കെദോന്യെക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക എന്നു തന്നോടു അപേക്ഷിക്കുന്നതായി ഒരു ദർശനം കണ്ടു.

16:10 ഈ ദർശനം കണ്ടിട്ടു അവരോടു സുവിശേഷം അറിയിപ്പാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്നു നിശ്ചയിച്ചു, ഞങ്ങൾ ഉടനെ മക്കെദോന്യെക്കു പുറപ്പെടുവാൻ ശ്രമിച്ചു.

 < 
16:11 അങ്ങനെ ഞങ്ങൾ ത്രോവാസിൽനിന്നു കപ്പൽ നീക്കി നേരെ സമൊത്രാക്കെയിലേക്കും പിറ്റെന്നാൾ നവപൊലിക്കും അവിടെ നിന്നു ഫിലിപ്പിയിലേക്കും ചെന്നു.

16:12 ഇതു മക്കെദോന്യയുടെ ആ ഭാഗത്തെ ഒരു പ്രധാന പട്ടണവും റോമക്കാർ കുടിയേറിപ്പാർത്തതും ആകുന്നു. ആ പട്ടണത്തിൽ ഞങ്ങൾ ചില ദിവസം പാർത്തു.

16:13 ശബ്ബത്തുനാളിൽ ഞങ്ങൾ ഗോപുരത്തിന്നു പുറത്തേക്കു പോയി അവിടെ പ്രാർത്ഥനാസ്ഥലം ഉണ്ടായിരിക്കും എന്നു ഞങ്ങൾ വിചാരിച്ചു പുഴവക്കത്തു ഇരുന്നു; അവിടെ കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു.

16:14 തുയത്തൈരാപട്ടണക്കാരത്തിയും രക്താംബരം വില്ക്കുന്നവളുമായി ലുദിയ എന്നു പേരുള്ള ദൈവ ഭക്തയായോരു സ്ത്രീ കേട്ടുകൊണ്ടിരുന്നു. പൌലൊസ് സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിന്നു കർത്താവു അവളുടെ ഹൃദയം തുറന്നു

16:15 അവളും കുടുംബവും സ്നാനം ഏറ്റ ശേഷം: നിങ്ങൾ എന്നെ കർത്താവിൽ വിശ്വസ്ത എന്നു എണ്ണിയിരിക്കുന്നുവെങ്കിൽ എന്റെ വീട്ടിൽ വന്നു പാർപ്പിൻ എന്നു അപേക്ഷിച്ചു ഞങ്ങളെ നിർബ്ബന്ധിച്ചു.

 < 
16:16 ഞങ്ങൾ പ്രാർത്ഥനാസ്ഥലത്തേക്കു ചെല്ലുമ്പോൾ വെളിച്ചപ്പാടത്തിയായി ലക്ഷണം പറഞ്ഞു യജമാനന്മാർക്കു വളരെ ലാഭം വരുത്തുന്ന ഒരു ബാല്യക്കാരത്തി ഞങ്ങളെ എതിരേറ്റു.

16:17 അവൾ പൌലൊസിന്റെയും ഞങ്ങളുടെയും പിന്നാലെ വന്നു: ഈ മനുഷ്യർ അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാർ, രക്ഷാമാർഗ്ഗം നിങ്ങളോടു അറിയിക്കുന്നവർ എന്നു വിളിച്ചുപറഞ്ഞു.

16:18 ഇങ്ങനെ അവൾ പലനാൾ ചെയ്തുവന്നു. പൌലൊസ് മുഷിഞ്ഞു തിരിഞ്ഞു നോക്കി അവളിലുള്ള ഭൂതത്തോടു: അവളെ വിട്ടുപോകുവാൻ ഞാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയിൽ തന്നേ അതു അവളെ വിട്ടുപോയി.

16:19 അവളുടെ യജമാനന്മാര്‍ തങ്ങളുടെ ലാഭത്തിന്റെ ആശ പോയ്പോയതു കണ്ടിട്ടു പൌലൊസിനെയും ശീലാസിനെയും പിടിച്ചു, ചന്തസ്ഥലത്തു പ്രമാണികളുടെ അടുക്കലേക്കു വലിച്ചു കൊണ്ടുപോയി

16:20 അധിപതികളുടെ മുമ്പിൽ നിർത്തി; യെഹൂദന്മാരായ ഈ മനുഷ്യർ നമ്മുടെ പട്ടണത്തെ കലക്കി,

 < 
16:21 റോമാക്കാരായ നമുക്കു അംഗീകരിപ്പാനും അനുസരിപ്പാനും ന്യായമല്ലാത്ത ആചാരങ്ങളെ പ്രസംഗിക്കുന്നു എന്നു പറഞ്ഞു.

16:22 പുരുഷാരവും അവരുടെ നേരെ ഇളകി; അധിപതികൾ അവരുടെ വസ്ത്രം പറിച്ചുരിഞ്ഞു കോൽകൊണ്ടു അവരെ അടിപ്പാൻ കല്പിച്ചു.

16:23 അവരെ വളരെ അടിപ്പിച്ചശേഷം തടവിൽ ആക്കി കാരാഗൃഹപ്രമാണിയോടു അവരെ സൂക്ഷമത്തോടെ കാപ്പാൻ കല്പിച്ചു.

16:24 അവൻ ഇങ്ങനെയുള്ള കല്പന കിട്ടുകയാൽ അവരെ അകത്തെ തടവിൽ ആക്കി അവരുടെ കാൽ ആമത്തിൽ ഇട്ടു പൂട്ടി.

16:25 അർദ്ധരാത്രിക്കു പൌലൊസും ശീലാസും പ്രാർത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു: തടവുകാർ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

 < 
16:26 പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി വാതിൽ ഒക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു -

16:27 കരാഗൃഹപ്രമാണി ഉറക്കുണർന്നു കാരാഗൃഹത്തിന്റെ വാതിലുകൾ ഉറന്നിരിക്കുന്നതു കണ്ടിട്ടു ചങ്ങലക്കാർ ഓടിപ്പോയ്ക്കളഞ്ഞു. എന്നു ഊഹിച്ചു വാളൂരി തന്നെത്താൻ കൊല്ലുവാൻ ഭാവിച്ചു.

16:28 അപ്പോൾ പൌലൊസ്: നിനക്കു ഒരു ദോഷവും ചെയ്യരുതു; ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ടല്ലോ എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.

16:29 അവൻ വെളിച്ചം ചോദിച്ചു അകത്തേക്കു ചാടി വിറെച്ചുകൊണ്ടു പൌലൊസിന്റെയും ശീലാസിന്റെയും മുമ്പിൽ വീണു.

16:30 അവരെ പുറത്തു കൊണ്ടുവന്നു: യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു.

 < 
16:31 കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവർ പറഞ്ഞു.

16:32 പിന്നെ അവർ കർത്താവിന്റെ വചനം അവനോടും അവന്റെ വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു.

16:33 അവൻ രാത്രിയിൽ, ആ നാഴികയിൽ തന്നേ, അവരെ കൂട്ടികൊണ്ടുപോയി അവരുടെ മുറിവുകളെ കഴുകി; താനും തനിക്കുള്ളവരെല്ലാവരും താമസിയാതെ സ്നാനം ഏറ്റു.

16:34 പിന്നെ അവരെ വീട്ടിൽ കൈക്കൊണ്ടു അവർക്കു ഭക്ഷണം കൊടുത്തു, ദൈവത്തിൽ വിശ്വസിച്ചതിൽ വീടടക്കം ആനന്ദിച്ചു.

16:35 നേരം പുലർന്നപ്പോൾ അധിപതികൾ കോൽക്കാരെ അയച്ചു: ആ മനുഷ്യരെ വീട്ടയക്കേണം എന്നു പറയിച്ചു.

 < 
16:36 കാരാഗൃഹപ്രമാണി ഈ വാക്കു പൌലൊസിനോടു അറിയിച്ചു: നിങ്ങളെ വിട്ടയപ്പാൻ അധിപതികൾ ആളയിച്ചിരിക്കുന്നു; ആകയാൽ സമാധാനത്തോടെ പോകുവിൻ എന്നു പറഞ്ഞു.

16:37 പൌലൊസ് അവരോടു: റോമപൌരന്മാരായ ഞങ്ങളെ അവർ വിസ്താരം കൂടാതെ പരസ്യമായി അടിപ്പിച്ചു തടവിലാക്കിയല്ലോ; ഇപ്പോൾ രഹസ്യമായി ഞങ്ങളെ പുറത്താക്കുന്നുവോ? അങ്ങനെ അല്ല; അവർ തന്നേ വന്നു ഞങ്ങളെ പുറത്തു കൊണ്ടുപോകട്ടെ എന്നു പറഞ്ഞു.

16:38 കോൽക്കാർ ആ വാക്കു അധിപതികളോടു ബോധിപ്പിച്ചാറെ അവർ റോമ പൌരന്മാർ എന്നു കേട്ടു അവർ ഭയപ്പെട്ടു ചെന്നു അവരോടു നല്ല വാക്കു പറഞ്ഞു.

16:39 അവരെ പുറത്തു കൊണ്ടുവന്നു പട്ടണം വിട്ടുപോകേണം എന്നു അപേക്ഷിച്ചു.

16:40 അവർ തടവു വിട്ടു ലുദിയയുടെ വീട്ടിൽ ചെന്നു സഹോദരന്മാരെ കണ്ടു ആശ്വസിപ്പിച്ചശേഷം പുറപ്പെട്ടു പോയി.

 < 

* ----------------------------------------

പ്രവൃത്തികൾ അദ്ധ്യായം 17  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34

17:1 അവർ അംഫിപൊലിസിലും അപ്പൊലോന്യയിലും കൂടി കടന്നു തെസ്സലൊനീക്കയിൽ എത്തി; അവിടെ യെഹൂദന്മാരുടെ ഒരു പള്ളി ഉണ്ടായിരുന്നു.

17:2 പൌലൊസ് പതിവു പോലെ അവരുടെ അടുക്കൽ ചെന്നു മൂന്നു ശബ്ബത്തിൽ തിരുവെഴുത്തുകളെ ആധാരമാക്കി അവരോടു വാദിച്ചു.

17:3 ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുയും ചെയ്യേണ്ടതു എന്നും ഞാൻ നിങ്ങളോടു അറിയിക്കുന്ന ഈ യേശുതന്നേ ക്രിസ്തു എന്നു തെളിയിച്ചു വിവരിച്ചുകൊണ്ടിരുന്നു.

17:4 അവരിൽ ചിലരും ഭക്തിയുള്ള യവനന്മാരിൽ ഒരു വലിയ കൂട്ടവും മാന്യസ്ത്രീകളിൽ അനേകരും വിശ്വസിച്ചു പൌലൊസിനോടും ശീലാസിനോടും ചേർന്നു.

17:5 യെഹൂദന്മാരോ അസൂയപൂണ്ടു, മിനക്കെട്ടുനടക്കുന്ന ചില ദുഷ്ടന്മാരെ ചേർത്തു പുരുഷാരത്തെ ഇളക്കി പട്ടണത്തിൽ കലഹം ഉണ്ടാക്കി യാസോന്റെ വീടു വളഞ്ഞു അവരെ ജനസമൂഹത്തിൽ കൊണ്ടുവരുവാൻ ശ്രമിച്ചു.

 < 
17:6 അവരെ കാണാഞ്ഞിട്ടു യാസോനെയും ചില സഹോദരന്മാരെയും നഗരാധിപന്മാരുടെ അടുക്കലേക്കു ഇഴെച്ചുകൊണ്ടു: ഭൂലോകത്തെ കലഹിപ്പിച്ചവർ ഇവിടെയും എത്തി;

17:7 യാസോൻ അവരെ കൈക്കൊണ്ടും ഇരിക്കുന്നു; അവർ ഒക്കെയും യേശു എന്ന മറ്റൊരുവൻ രാജാവു എന്നു പറഞ്ഞുകൊണ്ടു കൈസരുടെ നിയമങ്ങൾക്കു പ്രതികൂലമായി പ്രവർത്തിക്കുന്നു എന്നു നിലവിളിച്ചു.

17:8 ഇതു കേട്ടിട്ടു പുരുഷാരവും നഗരാധിപന്മാരും ഭ്രമിച്ചു.

17:9 യാസോൻ മുതലായവരോടു ജാമ്യം വാങ്ങി അവരെ വിട്ടയച്ചു.

17:10 സഹോദരന്മാർ ഉടനെ, രാത്രിയിൽ തന്നേ, പൌലൊസിനെയും ശീലാസിനെയും ബെരോവെക്കു പറഞ്ഞയച്ചു. അവിടെ എത്തിയാറെ അവർ യെഹൂദന്മാരുടെ പള്ളിയിൽ പോയി.

 < 
17:11 അവർ തെസ്സലോനീക്കയിലുള്ളവരെക്കാൾ ഉത്തമന്മാരായിരുന്നു. അവർ വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.

17:12 അവരിൽ പലരും മാന്യരായ യവനസ്ത്രീകളിലും പുരുഷന്മാരിലും അനേകരും വിശ്വസിച്ചു.

17:13 പൌലൊസ് ബെരോവയിലും ദൈവവചനം അറിയച്ചതു തെസ്സലൊനീക്കയിലെ യെഹൂദന്മാർ അറിഞ്ഞു അവിടെയും വന്നു പുരുഷാരത്തെ ഇളക്കി ഭ്രമിപ്പിച്ചു.

17:14 ഉടനെ സഹോദരന്മാർ പൌലൊസിനെ സമുദ്രതീരത്തേക്കു പറഞ്ഞയച്ചു; ശീലാസും തിമൊഥെയോസും അവിടെത്തന്നേ പാർത്തു.

17:15 പൌലൊസിനോടുകൂടെ വഴിത്തുണ പോയവർ അവനെ അഥേനയോളം കൊണ്ടുപോയി; ശീലാസും തിമൊഥെയോസും കഴിയുന്ന വേഗത്തിൽ തന്റെ അടുക്കൽ വരേണം എന്നുള്ള കല്പന വാങ്ങി മടങ്ങിപ്പോന്നു.

 < 
17:16 അഥേനയിൽ പൌലൊസ് അവർക്കായി കാത്തിരിക്കുമ്പോൾ നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നതു കണ്ടു മനസ്സിന്നു ചൂടുപിടിച്ചു.

17:17 അവൻ പള്ളിയിൽവെച്ചു യെഹൂദന്മാരോടും ദൈവഭക്തന്മാരോടും ചന്ത സ്ഥലത്തു ദിവസേന കണ്ടവരോടും സംഭാഷിച്ചുപോന്നു.

17:18 എപ്പിക്കൂര്യരും സ്തോയിക്കരും ആയ തത്വജ്ഞാനികളിൽ ചിലർ അവനോടു വാദിച്ചു: ഈ വിടുവായൻ എന്തു പറവാൻ പോകുന്നു എന്നു ചിലരും അവൻ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്ക കൊണ്ടു: ഇവൻ അന്യദേവതകളെ ഘോഷിക്കുന്നവൻ എന്നു തോന്നുന്നു മറ്റു ചിലരും പറഞ്ഞു

17:19 പിന്നെ അവനെ പിടിച്ചു അരയോപഗക്കുന്നിന്മേൽ കൊണ്ടുചെന്നു: നീ പ്രസ്താവിക്കുന്ന ഈ നവീനോപദേശം ഇന്നതു എന്നു ഞങ്ങൾക്കു അറിയാമോ?

17:20 നീ ചില അപൂർവ്വങ്ങളെ ഞങ്ങളുടെ ചെവിയിൽ കടത്തുന്നുവല്ലോ; അതു എന്തു എന്നു അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു.

 < 
17:21 എന്നാൽ അഥേനർ ഒക്കെയും അവിടെ വന്നു പാർക്കുന്ന പരദേശികളും വല്ല പുതുമയും പറകയോ കേൾക്കയോ ചെയ്‍വാനല്ലാതെ മറ്റൊന്നിന്നും അവസരമുള്ളവരല്ല.

17:22 പൌലൊസ് അരയോപഗമദ്ധ്യേ നിന്നുകൊണ്ടു പറഞ്ഞതു. അഥേനപുരുഷന്മാരേ, നിങ്ങൾ എല്ലാറ്റിലും അതിഭക്തന്മാർ എന്നു ഞാൻ കാണുന്നു.

17:23 ഞാൻ ചുറ്റിനടന്നു നിങ്ങളുടെ പൂജാസ്ഥാനങ്ങളെ നോക്കുമ്പോൾ “അജ്ഞാത ദേവന്നു” എന്നു എഴുത്തുള്ള ഒരു വേദിക്കല്ലു കണ്ടു; എന്നാൽ നിങ്ങൾ അറിയാതെ പൂജിക്കുന്നതു തന്നേ ഞാൻ നിങ്ങളോടു അറിയിക്കുന്നു.

17:24 ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനാകകൊണ്ടു

17:25 കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല. താൻ എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിന്നും മുട്ടുള്ളവൻ എന്നപോലെ മാനുഷ്യകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല.

 < 
17:26 ഭൂതലത്തിൽ എങ്ങു കുടിയിരിപ്പാൻ അവൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശചയിച്ചു.

17:27 അവർ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നു വെച്ചു അവനെ അന്വേഷിക്കേണ്ടതിന്നു തന്നേ. അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ലതാനും.

17:28 അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു. അങ്ങനെ നിങ്ങളുടെ കവിവരന്മാരിലും ചിലർ “നാം അവന്റെ സന്താനമല്ലോ” എന്നു പറഞ്ഞിരിക്കുന്നു.

17:29 നാം ദൈവത്തിന്റെ സന്താനം എന്നു വരികയാൽ ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ടു കൊത്തിത്തീർക്കുന്ന പൊൻ, വെള്ളി, കല്ലു എന്നിവയോടു സദൃശം എന്നു നിരൂപിക്കേണ്ടതല്ല.

17:30 എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു.

 < 
17:31 താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.

17:32 മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു കേട്ടിട്ടു ചിലർ പരിഹസിച്ചു; മറ്റുചിലർ: ഞങ്ങൾ ഇതിനെപ്പറ്റി പിന്നെയും നിന്റെ പ്രസംഗം കേൾക്കാം എന്നു പറഞ്ഞു.

17:33 അങ്ങനെ പൌലൊസ് അവരുടെ നടുവിൽ നിന്നു പോയി

17:34 ചില പുരുഷന്മാർ അവനോടു ചേർന്നു വിശ്വസിച്ചു; അവരിൽ അരയോപഗസ്ഥാനിയായ ദിയൊനുസ്യോസും ദമരീസ് എന്നു പേരുള്ളോരു സ്ത്രീയും മറ്റു ചിലരും ഉണ്ടായിരുന്നു.


* ----------------------------------------

പ്രവൃത്തികൾ അദ്ധ്യായം 18  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28

18:1 അനന്തരം അവൻ അഥേന വിട്ടു കൊരിന്തിൽ ചെന്നു.

18:2 യെഹൂദന്മാർ എല്ലാവരും റോമനഗരം വിട്ടു പോകണം എന്നു ക്ളൌദ്യൊസ് കല്പിച്ചതുകൊണ്ടു ഇത്തല്യയിൽ നിന്നു ആ ഇടെക്കു വന്നവനായി പൊന്തൊസ്കാരൻ അക്വിലാസ് എന്നു പേരുള്ളോരു യെഹൂദനെയും അവന്റെ ഭാര്യ പ്രിസ്കില്ലയെയും കണ്ടു അവരുടെ അടുക്കൽ ചെന്നു.

18:3 തൊഴിൽ ഒന്നാകകൊണ്ടു അവൻ അവരോടുകൂടെ പാർത്തു വേല ചെയ്തുപോന്നു; തൊഴിലോ കൂടാരപ്പണിയായിരുന്നു.

18:4 എന്നാൽ ശബ്ബത്ത്തോറും അവൻ പള്ളിയിൽ സംവാദിച്ചു യെഹൂദന്മാരെയും യവനന്മാരെയും സമ്മതിപ്പിച്ചു.

18:5 ശീലാസും തിമൊഥെയൊസും മക്കെദോന്യയിൽ നിന്നു വന്നാറെ പൌലൊസ് വചനഘോഷണത്തിൽ ശുഷ്കാന്തിപൂണ്ടു യേശു തന്നേ ക്രിസ്തു എന്നു യെഹൂദന്മാർക്കു സാക്ഷീകരിച്ചു.

 < 
18:6 അവർ എതിർ പറയുകയും ദുഷിക്കയും ചെയ്കയാൽ അവൻ വസ്ത്രം കുടഞ്ഞു: നിങ്ങളുടെ നാശത്തിന്നു നിങ്ങൾ തന്നേ ഉത്തരവാദികൾ; ഞാൻ നിർമ്മലൻ: ഇനിമേൽ ഞാൻ ജാതികളുടെ അടുക്കൽ പോകും എന്നു അവരോടു പറഞ്ഞു.

18:7 അവൻ അവിടം വിട്ടു തീത്തൊസ് യുസ്തൊസ് എന്ന ഒരു ദൈവഭക്തന്റെ വീട്ടിൽ ചെന്നു; അവന്റെ വീടു പള്ളിയോടു തൊട്ടിരുന്നു.

18:8 പള്ളി പ്രമാണിയായ ക്രിസ്പൊസ് തന്റെ സകല കുടുംബത്തോടുംകൂടെ കർത്താവിൽ വിശ്വസിച്ചു; കൊരിന്ത്യരിൽ അനേകർ വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു.

18:9 രാത്രിയിൽ കർത്താവു ദർശനത്തിൽ പൌലൊസിനോടു: നീ ഭയപ്പെടാതെ പ്രസംഗിക്ക; മിണ്ടാതിരിക്കരുതു; ഞാൻ നിന്നോടുകൂടെ ഉണ്ടു;

18:10 ആരും നിന്നെ കയ്യേറ്റം ചെയ്തു ദോഷപ്പെടുത്തുകയില്ല; ഈ പട്ടണത്തിൽ എനിക്കു വളരെ ജനം ഉണ്ടു എന്നു അരുളിച്ചെയ്തു.

 < 
18:11 അങ്ങനെ അവൻ ഒരാണ്ടും ആറുമാസവും അവരുടെ ഇടയിൽ ദൈവവചനം ഉപദേശിച്ചുകൊണ്ടു താമസിച്ചു.

18:12 ഗല്ലിയോൻ അഖായയിൽ ദേശഅധിപതിയായി വാഴുമ്പോൾ യെഹൂദന്മാർ പൌലൊസിന്റെ നേരെ ഒരുമനപ്പെട്ടു എഴുന്നേറ്റു, അവനെ ന്യായാസനത്തിന്റെ മുമ്പാകെ കൊണ്ടു ചെന്നു:

18:13 ഇവൻ ന്യായപ്രമാണത്തിന്നു വിരോധമായി ദൈവത്തെ ഭജിപ്പാൻ മനുഷ്യരെ സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു.

18:14 പൌലൊസ് വായ്തുറപ്പാൻ ഭാവിക്കുമ്പോൾ ഗല്ലിയോൻ യെഹൂദന്മാരോടു: യെഹൂദന്മാരേ, വല്ല അന്യായമോ വല്ലാത്ത പാതകമോ ആയിരുന്നെങ്കിൽ ഞാൻ ക്ഷമയോടെ നിങ്ങളുടെ സങ്കടം കേൾക്കുമായിരുന്നു.

18:15 വചനത്തെയും നാമങ്ങളെയും നിങ്ങളുടെ ന്യായപ്രമാണത്തെയും സംബന്ധിച്ചുള്ള തർക്കസംഗതികൾ എങ്കിലോ നിങ്ങൾ തന്നേ നോക്കിക്കൊൾവിൻ; ഈ വകെക്കു ന്യായാധിപതി ആകുവാൻ എനിക്കു മനസ്സില്ല എന്നു പറഞ്ഞു

 < 
18:16 അവരെ ന്യായാസനത്തിങ്കൽനിന്നു പുറത്താക്കി.

18:17 എല്ലാവരും പള്ളിപ്രമാണിയായ സോസ്ഥനേസിനെ പിടിച്ചു ന്യായാസനത്തിന്റെ മുമ്പിൽ വെച്ചു അടിച്ചു; ഇതു ഒന്നും ഗല്ലിയോൻ കൂട്ടാക്കിയില്ല.

18:18 പൌലൊസ് പിന്നെയും കുറെനാൾ പാർത്തശേഷം സഹോദരന്മാരോടു യാത്ര പറഞ്ഞിട്ടു, തനിക്കു ഒരു നേർച്ച ഉണ്ടായിരുന്നതിനാൽ കെംക്രയയിൽ വെച്ചു തല ക്ഷൌരം ചെയ്യിച്ചിട്ടു പ്രിസ്കില്ലയോടും അക്വിലാസിനോടും കൂടെ കപ്പൽ കയറി സുറിയയിലേക്കു പുറപ്പെട്ടു

18:19 എഫെസോസിൽ എത്തി അവരെ അവിടെ വിട്ടു, അവൻ പള്ളിയിൽ ചെന്നു യെഹൂദന്മാരോടു സംഭാഷിച്ചു.

18:20 കുറെ കൂടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചിട്ടു അവൻ സമ്മതിക്കാതെ:

 < 
18:21 ദൈവഹിതമുണ്ടെങ്കിൽ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരും എന്നു പറഞ്ഞു വിടവാങ്ങി എഫെസൊസിൽനിന്നു കപ്പൽ നീക്കി,

18:22 കൈസര്യയിൽ വന്നിറങ്ങി, യെരൂശലേമിലേക്കു ചെന്നു, സഭയെ വന്ദനം ചെയ്തിട്ടു അന്തൊക്ക്യയിലേക്കു പോയി.

18:23 അവിടെ കുറെനാൾ താമസിച്ച ശേഷം പുറപ്പെട്ടു, ക്രമത്താലെ ഗലാത്യദേശത്തിലും ഫ്രുഗ്യയിലും സഞ്ചരിച്ചു ശിഷ്യന്മാരെ ഒക്കെയും ഉറപ്പിച്ചു.

18:24 അലക്സാന്ത്രിയക്കാരനായി വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർത്ഥ്യവുമുള്ള അപ്പൊല്ലോസ് എന്നു പേരുള്ളോരു യെഹൂദൻ എഫെസോസിൽ എത്തി.

18:25 അവൻ കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചവൻ ആയിരുന്നു; യോഹന്നാന്റെ സ്നാനത്തെക്കുറിച്ചു മാത്രം അറിഞ്ഞിരുന്നു എങ്കിലും ആത്മാവിൽ എരിവുള്ളവനാകയാൽ അവൻ യേശുവിന്റെ വസ്തുത സൂക്ഷമമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തു.

 < 
18:26 അവൻ പള്ളിയിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുതുടങ്ങി; അക്വിലാസും പ്രിസ്കില്ലയും അവന്റെ പ്രസംഗം കേട്ടാറെ അവനെ ചേർത്തുകൊണ്ടു ദൈവത്തിന്റെ മാർഗ്ഗം അധികം സ്പഷ്ടമായി അവന്നു തെളിയിച്ചുകൊടുത്തു.

18:27 അവൻ അഖായയിലേക്കു പോകുവാൻ ഇച്ഛിച്ചപ്പോൾ സഹോദരന്മാർ അവനെ ഉത്സാഹിപ്പിക്കയും അവനെ കൈക്കൊള്ളേണ്ടിതിന്നു ശിഷ്യന്മാർക്കു എഴുതുകയും ചെയ്തു; അവിടെ എത്തിയാറെ അവൻ ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തിർന്നു.

18:28 യേശു തന്നേ ക്രിസ്തു എന്നു അവൻ തിരുവെഴുത്തുകളാൽ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞു.


* ----------------------------------------

പ്രവൃത്തികൾ അദ്ധ്യായം 19  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41

19:1 അപ്പൊല്ലോസ് കൊരിന്തിൽ ഇരിക്കുമ്പോൾ പൌലോസ് ഉൾപ്രദേശങ്ങളിൽ കൂടി സഞ്ചരിച്ചു എഫെസോസിൽ എത്തി ചില ശിഷ്യന്മാരെ കണ്ടു:

19:2 നിങ്ങൾ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്നു അവരോടു ചോദിച്ചതിന്നു: പരിശുദ്ധാത്മാവു ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല എന്നു അവർ പറഞ്ഞു.

19:3 എന്നാൽ ഏതായിരുന്നു നിങ്ങളുടെ സ്നാനം എന്നു അവൻ അവരോടു ചോദിച്ചതിന്നു: യോഹന്നാന്റെ സ്നാനം എന്നു അവർ പറഞ്ഞു.

19:4 അതിന്നു പൌലൊസ്: യോഹന്നാൻ മനസാന്തരസ്നാനമത്രേ കഴിപ്പിച്ചു തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കേണം എന്നു ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു.

19:5 ഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു.

 < 
19:6 പൌലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു.

19:7 ആ പുരുഷന്മാർ എല്ലാം കൂടി പന്ത്രണ്ടോളം ആയിരുന്നു.

19:8 പിന്നെ അവൻ പള്ളിയിൽ ചെന്നു ദൈവരാജ്യത്തെക്കുറിച്ചു സംവാദിച്ചും സമ്മതിപ്പിച്ചുംകൊണ്ടു മൂന്നു മാസത്തോളം പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചു.

19:9 എന്നാൽ ചിലർ കഠിനപ്പെട്ടു അനുസരിക്കാതെ പുരുഷാരത്തിന്റെ മുമ്പാകെ ഈ മാർഗ്ഗത്തെ ദുഷിച്ചപ്പോൾ അവൻ അവരെ വിട്ടു ശിഷ്യന്മാരെ വേർതിരിച്ചു, തുറന്നൊസിന്റെ പാഠശാലയിൽ ദിനംപ്രതി സംവാദിച്ചുപോന്നു.

19:10 അതു രണ്ടു സംവത്സരത്തോളം നടക്കയാൽ ആസ്യയിൽ പാർക്കുന്ന യെഹൂദന്മാരും യവനന്മാരും എല്ലാം കർത്താവിന്റെ വചനം കേൾപ്പാൻ ഇടയായി.

 < 
19:11 ദൈവം പൌലൊസ് മുഖാന്തരം അസാധാരണയായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാൽ

19:12 അവന്റെ മെയ്മേൽനിന്നു റൂമാലും ഉത്തരീയവും രോഗികളുടെമേൽ കൊണ്ടുവന്നിടുകയും വ്യാധികൾ അവരെ വിട്ടുമാറുകയും ദുരാത്മാക്കൾ പുപ്പെടുകയും ചെയ്തു.

19:13 എന്നാൽ ദേശാന്തരികളായി നടക്കുന്ന മന്ത്രവാദികളായ ചില യെഹൂദന്മാർ: പൌലൊസ് പ്രസംഗിക്കുന്ന യേശുവിന്റെ നാമത്തിൽ ഞാൻ നിങ്ങളോടു ആണയിടുന്നു എന്നു പറഞ്ഞു യേശുവിന്റെ നാമം ചൊല്ലുവാൻ തുനിഞ്ഞു.

19:14 ഇങ്ങനെ ചെയ്തവർ മഹാപുരോഹിതനായ സ്കേവാ എന്ന ഒരു യെഹൂദന്റെ ഏഴു പുത്രന്മാർ ആയിരുന്നു.

19:15 ദുരാത്മാവു അവരോടു: യേശുവിനെ ഞാൻ അറിയുന്നു; പൌലൊസിനെയും പരിചയമുണ്ടു; എന്നാൽ നിങ്ങൾ ആർ എന്നു ചോദിച്ചു.

 < 
19:16 പിന്നെ ദുരാത്മാവുള്ള മനുഷ്യൻ അവരുടെമേൽ ചാടി അവരെ ഇരുവരെയും കീഴടക്കി ജയിക്കയാൽ അവർ നഗ്നരും മുറിവേറ്റവരുമായി ആ വീട്ടിൽനിന്നു ഓടിപ്പോയി.

19:17 ഇതു എഫേസൊസിൽ പാർക്കുന്ന സകല യെഹൂദന്മാരും യവനന്മാരും അറിഞ്ഞു; അവർക്കു ഒക്കെയും ഭയം തട്ടി, കർത്താവായ യേശുവിന്റെ നാമം മഹിമപ്പെട്ടു

19:18 വിശ്വസിച്ചവരിൽ അനേകരും വന്നു തങ്ങളുടെ പ്രവർത്തികളെ ഏറ്റുപറഞ്ഞു അറിയിച്ചു.

19:19 ക്ഷുദ്രപ്രയോഗം ചെയ്തിരുന്ന പലരും തങ്ങളുടെ പുസ്തകങ്ങളെ കൊണ്ടുവന്നു എല്ലാവരും കാൺകെ ചുട്ടുകളഞ്ഞു; അവയുടെ വില കണക്കുകൂട്ടിയാറെ അമ്പതിനായിരം വെള്ളിക്കാശു എന്നു കണ്ടു.

19:20 ഇങ്ങനെ കർത്താവിന്റെ വചനം ശക്തിയോടെ പരന്നു പ്രബലപ്പെട്ടു.

 < 
19:21 ഇതു കഴിഞ്ഞിട്ടു പൌലൊസ് മക്കെദോന്യയിലും അഖായയിലും കൂടി കടന്നു യെരൂശലേമിലേക്കും പോകേണം എന്നു മനസ്സിൽ നിശ്ചയിച്ചു: ഞാൻ അവിടെ ചെന്നശേഷം റോമയും കാണേണം എന്നു പറഞ്ഞു.

19:22 തനിക്കു ശുശ്രൂഷ ചെയ്യുന്നവരിൽ തിമൊഥെയൊസ്, എരസ്തൊസ് എന്ന രണ്ടുപേരെ മക്കെദോന്യയിലേക്കു അയച്ചിട്ടു താൻ കുറെക്കാലം ആസ്യയിൽ താമസിച്ചു.

19:23 ആ കാലത്തു ഈ മാർഗ്ഗത്തെച്ചൊല്ലി വലിയ കലഹം ഉണ്ടായി.

19:24 വെള്ളികൊണ്ടു അർത്തെമിസ് ദേവിയുടെ ക്ഷേത്രരൂപങ്ങളെ തീർക്കുന്ന ദെമേത്രിയൊസ് എന്ന തട്ടാൻ തൊഴിൽക്കാർക്കു വളരെ ലാഭം വരുത്തി വന്നു.

19:25 അവൻ അവരെയും ആ വകയിൽ ഉൾപ്പെട്ട വേലക്കാരെയും കൂട്ടിവരുത്തി: പുരുഷന്മാരേ, നമ്മുടെ സമ്പാദ്യം ഈ തൊഴിൽകൊണ്ടു ആകുന്നു എന്നു നിങ്ങൾക്കു ബോദ്ധ്യമല്ലോ.

 < 
19:26 എന്നാൽ ഈ പൌലൊസ് എന്നവൻ കയ്യാൽ തീർത്തതു ദേവന്മാർ അല്ല എന്നു പറഞ്ഞുകൊണ്ടു എഫെസൊസിൽ മാത്രമല്ല, മിക്കവാറും ആസ്യയിൽ ഒക്കെയും വളരെ ജനങ്ങളെ സമ്മതിപ്പിച്ചു മറിച്ചുകളഞ്ഞു എന്നു നിങ്ങൾ കണ്ടും കേട്ടും ഇരിക്കുന്നുവല്ലോ.

19:27 അതിനാൽ നമ്മുടെ ഈ കാര്യം ആക്ഷേപത്തിൽ ആകുവാൻ അടുത്തിരിക്കുന്നതുമല്ലാതെ അർത്തെമിസ് മഹാദേവിയുടെ ക്ഷേത്രം ഏതുമില്ല എന്നു വരികയും ആസ്യമുഴുവനും ഭൂതലവും ഭജിച്ചുപോരുന്നവളുടെ മാഹാത്മ്യം ഒടുങ്ങിപ്പോകയും ചെയ്യും എന്നു പറഞ്ഞു.

19:28 അവർ ഇതു കേട്ടു ക്രോധം നിറഞ്ഞവരായി: എഫെസ്യരുടെ അർത്തെമിസ് മഹാദേവി എന്നു ആർത്തു.

19:29 പട്ടണം മുഴുവനും കലഹം കൊണ്ടു നിറഞ്ഞു, അവർ പൌലൊസിന്റെ കൂട്ടുയാത്രക്കാരായ ഗായൊസ് അരിസ്തർഹോസ് എന്ന മക്കെദോന്യരെ പിടിച്ചുകൊണ്ടു രംഗസ്ഥലത്തേക്കു ഒരുമനപ്പെട്ടു പാഞ്ഞു ചെന്നു.

19:30 പൌലൊസ് ജനസമൂഹത്തിൽ ചെല്ലുവാൻ ഭാവിച്ചാറെ ശിഷ്യന്മാർ അവനെ വിട്ടില്ല.

 < 
19:31 ആസ്യധിപന്മാരിൽ ചിലർ അവന്റെ സ്നേഹിതന്മാർ ആകയാൽ: രംഗസ്ഥലത്തു ചെന്നു പോകരുതു എന്നു അവരും അവന്റെ അടുക്കൽ ആളയച്ചു അപേക്ഷിച്ചു.

19:32 ജനസംഘം കലക്കത്തിലായി മിക്കപേരും തങ്ങൾ വന്നുകൂടിയ സംഗതി എന്തെന്നു അറിയായ്കയാൽ ചിലർ ഇങ്ങനെയും ചിലർ അങ്ങനെയും ആർത്തു.

19:33 യെഹൂദന്മാർ മുമ്പോട്ടു ഉന്തിക്കൊണ്ടുവന്ന അലക്സന്തരിനെ പുരുഷാരത്തിൽ ചിലർ സംസാരിപ്പാൻ ഉത്സാഹിപ്പിച്ചു; അലക്സാന്തർ ആംഗ്യം കാട്ടി ജനസമൂഹത്തോടു പ്രതിവാദിപ്പാൻ ഭാവിച്ചു.

19:34 എന്നാൽ അവൻ യെഹൂദൻ എന്നു അറിഞ്ഞപ്പോൾ: എഫെസ്യരുടെ അർത്തെമിസ് മഹാദേവി എന്നു എല്ലാവരും കൂടി രണ്ടു മണിനേരത്തോളം ഏകശബ്ദത്തോടെ ആർത്തുകൊണ്ടിരുന്നു.

19:35 പിന്നെ പട്ടണമേനവൻ പുരുഷാരത്തെ അമർത്തി പറഞ്ഞതു: എഫെസ്യപുരുഷന്മാരേ, എഫെസോസ് പട്ടണം അർത്തെമിസ് മഹാദേവിക്കും ദ്യോവിൽനിന്നു വീണ ബിംബത്തിന്നും ക്ഷേത്രപലക എന്നു അറിയാത്ത മനുഷ്യൻ ആർ?

 < 
19:36 ഇതു എതിർമൊഴിയില്ലാത്തതാകയാൽ നിങ്ങൾ തിടുക്കമായി ഒന്നും ചെയ്യാതെ അടങ്ങിപ്പാർക്കേണ്ടതാകുന്നു.

19:37 ഈ പുരുഷന്മാരെ നിങ്ങൾ കൂട്ടികൊണ്ടുവന്നുവല്ലോ; അവർ ക്ഷേത്രം കവർച്ച ചെയ്യുന്നവരല്ല, നമ്മുടെ ദേവിയെ ദുഷിക്കുന്നവരുമല്ല.

19:38 എന്നാൽ ദെമേത്രിയൊസിന്നും കൂടെയുള്ള തൊഴിൽക്കാർക്കും വല്ലവന്റെയും നേരെ ഒരു സംഗതി ഉണ്ടെങ്കിൽ വിസ്താരദിവസങ്ങൾ വെച്ചിട്ടുണ്ടു, ദേശാധിപതികളും ഉണ്ടു; തമ്മിൽ വ്യവഹരിക്കട്ടെ.

19:39 വേറെ കാര്യം ചൊല്ലി ആകുന്നു വാദം എങ്കിൽ ധർമ്മസഭയില്‍ തീർക്കാമല്ലോ.

19:40 ഇന്നത്തെ കലഹത്തിന്നു കാരണമില്ലായ്കയാൽ അതു നിമിത്തം നമ്മുടെ പേരിൽ കുറ്റം ചുമത്തുവാൻ ഇടയുണ്ടു സ്പഷ്ടം; ഈ ആൾക്കൂട്ടത്തിന്നു ഉത്തരം പറവാൻ നമുക്കു വക ഒന്നുമില്ലല്ലോ.

 < 
19:41 ഇങ്ങനെ പറഞ്ഞു അവൻ സഭയയെ പിരിച്ചുവിട്ടു.


* ----------------------------------------

പ്രവൃത്തികൾ അദ്ധ്യായം 20  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38

20:1 കലഹം ശമിച്ചശേഷം പൌലൊസ് ശിഷ്യന്മാരെ കൂട്ടിവരുത്തി പ്രബോധിപ്പിച്ചിട്ടു യാത്രപറഞ്ഞു മക്കെദോന്യെക്കു പുറപ്പെട്ടു പോയി.

20:2 ആ പ്രദേശങ്ങളിൽ കൂടി സഞ്ചരിച്ചു അവരെ ഏറിയോന്നു പ്രബോധിപ്പിച്ചിട്ടു യവനദേശത്തു എത്തി.

20:3 അവിടെ മൂന്നു മാസം കഴിച്ചിട്ടു സുറിയെക്കു കപ്പൽ കയറിപ്പോകുവാൻ ഭാവിക്കുമ്പോൾ യെഹൂദന്മാർ അവന്റെ നേരെ കൂട്ടുകെട്ടു ഉണ്ടാക്കുകയാൽ മക്കെദോന്യവഴിയായി മടങ്ങിപ്പോകുവാൻ നിശ്ചയിച്ചു.

20:4 ബെരോവയിലെ പുറൊസിന്റെ മകൻ സോപത്രൊസും തെസ്സലോനിക്ക്യരായ അരിസ്തർഹൊസും സെക്കുന്തൊസും ദെർബ്ബെക്കാരനായ ഗായൊസും തിമൊഥെയൊസും ആസ്യക്കാരായ തുഹിക്കൊസും ത്രൊഫിമൊസും ആസ്യവരെ അവനോടു കൂടെ പോയി.

20:5 അവർ മുമ്പെ പോയി ത്രോവാസിൽ ഞങ്ങൾക്കായി കാത്തിരുന്നു.

 < 
20:6 ഞങ്ങളോ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ കഴിഞ്ഞിട്ടു ഫിലിപ്പിയിൽ നിന്നു കപ്പൽ കയറി അഞ്ചു ദിവസംകൊണ്ടു ത്രോവാസിൽ അവരുടെ അടുക്കൽ എത്തി, ഏഴു ദിവസം അവിടെ പാർത്തു.

20:7 ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ പൌലൊസ് പിറ്റെന്നാൾ പുറപ്പെടുവാൻ ഭാവിച്ചതുകൊണ്ടു അവരോടു സംഭാഷിച്ചു പാതിരവരെയും പ്രസംഗം നീട്ടി.

20:8 ഞങ്ങൾ കൂടിയിരുന്ന മാളികയിൽ വളരെ വിളക്കു ഉണ്ടായിരുന്നു. അവിടെ യൂത്തിക്കൊസ് എന്ന യൌവനക്കാരൻ കിളിവാതിൽക്കൽ ഇരുന്നു ഗാഢനിദ്ര പിടിച്ചു.

20:9 പൌലൊസ് വളരെ നേരം സംഭാഷിക്കയാൽ നിദ്രാവശനായി മൂന്നാം തട്ടിൽ നിന്നു താഴെ വീണു; അവനെ മരിച്ചവനായി എടുത്തു കൊണ്ടുവന്നു.

20:10 പൌലൊസ് ഇറങ്ങിച്ചെന്നു അവന്റെമേൽ വീണു തഴുകി ഭ്രമിക്കേണ്ടാ; അവന്റെ പ്രാണൻ അവനിൽ ഉണ്ടു എന്നു പറഞ്ഞു.

 < 
20:11 പിന്നെ അവൻ കയറിച്ചെന്നു അപ്പം നുറുക്കി തിന്നു പുലരുവോളം സംഭാഷിച്ചു പുറപ്പെട്ടു പോയി.

20:12 അവർ ആ ബാലനെ ജീവനുള്ളവനായി കൊണ്ടുവന്നു അത്യന്തം ആശ്വസിച്ചു.

20:13 ഞങ്ങൾ മുമ്പായി കപ്പല്‍ കയറി പൌലൊസിനെ അസ്സൊസിൽ വെച്ചു കയറ്റിക്കൊൾവാൻ വിചാരിച്ചു അവിടേക്കു ഓടി; അവൻ കാൽനടയായി വരുവാൻ വിചാരിച്ചു ഇങ്ങനെ ചട്ടംകെട്ടിയിരുന്നു.

20:14 അവൻ അസ്സൊസിൽ ഞങ്ങളോടു ചേർന്നപ്പോൾ അവനെ കയറ്റി മിതുലേനയിൽ എത്തി;

20:15 അവിടെ നിന്നു നീക്കി, പിറ്റെന്നാൾ ഖിയൊസ് ദ്വീപിന്റെ തൂക്കിൽ എത്തി, മറുനാൾ സാമൊസ് ദ്വീപിൽ അണഞ്ഞു. പിറ്റേന്നു മിലേത്തൊസിൽ എത്തി.

 < 
20:16 കഴിയും എങ്കിൽ പെന്തകൊസ്തു നാളേക്കു യെരൂശലേമിൽ എത്തേണ്ടതിന്നു പൌലൊസ് ബദ്ധപ്പെടുകയാൽ ആസ്യയിൽ കാലതാമസം വരരുതു എന്നുവെച്ചു എഫെസൊസിൽ അടുക്കാതെ ഓടേണം എന്നു നിശ്ചയിച്ചിരുന്നു.

20:17 മിലേത്തൊസിൽ നിന്നു അവൻ എഫെസൊസിലേക്കു ആളയച്ചു സഭയിലെ മൂപ്പന്മാരെ വരുത്തി.

20:18 അവർ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ അവരോടു പറഞ്ഞതു:

20:19 ഞാൻ ആസ്യയിൽ വന്ന ഒന്നാം നാൾ മുതൽ എല്ലായ്പോഴും നിങ്ങളോടുകൂടെ എങ്ങനെയിരുന്നു എന്നും വളരെ താഴ്മയോടും കണ്ണുനീരോടും യെഹൂദന്മാരുടെ കൂട്ടുകെട്ടുകളാൽ എനിക്കു ഉണ്ടായ കഷ്ടങ്ങളോടും കൂടെ

20:20 കർത്താവിനെ സേവിച്ചു വന്നു എന്നും പ്രായോജനമുള്ളതു ഒന്നും മറെച്ചുവെക്കാതെ പരസ്യമായും വീടുതോറും നിങ്ങളോടു അറിയക്കയും ഉപദേശിക്കയും ചെയ്തു എന്നും

 < 
20:21 ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ.

20:22 ഇപ്പോൾ ഇതാ ഞാൻ ആത്മാവിനാൽ ബന്ധിക്കപ്പെട്ടവാനയി യേരൂശലേമിലേക്കു പോകുന്നു.

20:23 ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു എന്നു പരിശുദ്ധാത്മാവു പട്ടണം തോറും സാക്ഷ്യം പറയുന്നതല്ലാതെ അവിടെ എനിക്കു നേരിടുവാനുള്ള ഒന്നും ഞാൻ അറിയുന്നില്ല.

20:24 എങ്കിലും ഞാൻ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിന്നു സാക്ഷ്യം പറയേണ്ടതിന്നു കർത്താവായ യേശുതന്ന ശുശ്രൂഷയും തികെക്കേണം എന്നേ എനിക്കുള്ളു.

20:25 എന്നാൽ നിങ്ങളുടെ ഇടയിൽ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ടു നടന്നവനായ എന്റെ മുഖം നിങ്ങൾ ആരും ഇനി കാൺകയില്ല എന്നു ഞാൻ അറിയുന്നു.

 < 
20:26 അതുകൊണ്ടു നിങ്ങളിൽ ആരെങ്കിലും നശിച്ചുപോയാൽ ഞാൻ കുറ്റക്കാരനല്ല എന്നു ഞാൻ ഇന്നേ ദിവസം നിങ്ങളോടു സാക്ഷ്യം പറയുന്നു.

20:27 ദൈവത്തിന്റെ ആലോചന ഒട്ടും മറെച്ചുവെക്കാതെ ഞാൻ മുഴുവനും അറിയിച്ചുതന്നിരിക്കുന്നുവല്ലോ.

20:28 നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ.

20:29 ഞാൻ പോയ ശേഷം ആട്ടിൻ കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു.

20:30 ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽ നിന്നും എഴുന്നേല്ക്കും.

 < 
20:31 അതു കൊണ്ടു ഉണർന്നിരിപ്പിൻ; ഞാൻ മൂന്നു സംവത്സരം രാപ്പകൽ ഇടവിടാതെ കണ്ണുനീർ വാർത്തുംകൊണ്ടു ഓരോരുത്തന്നു ബുദ്ധിപറഞ്ഞുതന്നതു ഓർത്തുകൊൾവിൻ.

20:32 നിങ്ങൾക്കു ആത്മികവർദ്ധന വരുത്തുവാനും സകല വിശുദ്ധന്മാരോടുംകൂടെ അവകാശം തരുവാനും കഴിയുന്ന ദൈവത്തിലും അവന്റെ കൃപയുടെ വചനത്തിലും ഞാൻ ഇപ്പോൾ നിങ്ങളെ ഭരമേല്പിക്കുന്നു.

20:33 ആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ ഞാൻ മോഹിച്ചിട്ടില്ല.

20:34 എന്റെ മുട്ടിനും എന്നോടുകൂടെയുള്ളവർക്കും വേണ്ടി ഞാൻ ഈ കൈകളാൽ അദ്ധ്വാനിച്ചു എന്നു നങ്ങൾ തന്നേ അറിയുന്നുവല്ലോ.

20:35 ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സാഹായിക്കയും, വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്നു കർത്താവായ യേശുതാൻ പറഞ്ഞ വാക്കു ഓർത്തുകൊൾകയും വേണ്ടതു എന്നു ഞാൻ എല്ലാം കൊണ്ടും നിങ്ങൾക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു.

 < 
20:36 ഇങ്ങനെ പറഞ്ഞിട്ടു അവൻ മുട്ടുകുത്തി അവരെല്ലാവരോടും കൂടെ പ്രാർത്ഥിച്ചു.

20:37 എല്ലാവരും വളരെ കരഞ്ഞു.

20:38 ഇനിമേൽ അവന്റെ മുഖം കാണുകയില്ല എന്നു പറഞ്ഞ വാക്കിനാൽ അവർ ഏറ്റവും ദുഃഖിച്ചു പൌലൊസിന്റെ കഴുത്തിൽ കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു കപ്പലോളം അവനോടുകൂടെ വന്നു അവനെ യാത്രയയച്ചു.


* ----------------------------------------

പ്രവൃത്തികൾ അദ്ധ്യായം 21  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40

21:1 അവരെ വിട്ടുപിരിഞ്ഞു നീക്കിയശേഷം ഞങ്ങൾ നേരെ ഓടി കോസിലും പിറ്റെന്നാൾ രൊദൊസിലും അവിടം വിട്ടു പത്തരയിലും എത്തി.

21:2 ഫൊയ്നീക്ക്യയിലേക്കു പോകുന്ന ഒരു കപ്പൽ കണ്ടിട്ടു ഞങ്ങൾ അതിൽ കയറി ഓടി.

21:3 കുപ്രോസ് ദ്വീപു കണ്ടു അതിനെ ഇടത്തുപുറം വിട്ടു സുറിയയിലേക്കു ഓടി സോരിൽ വന്നിറങ്ങി; കപ്പൽ അവിടെ ചരക്കു ഇറക്കുവാനുള്ളതായിരുന്നു; ഞങ്ങൾ ശിഷ്യന്മാരെ കണ്ടെത്തി, ഏഴുനാൾ അവിടെ പാർത്തു.

21:4 അവർ പൌലൊസിനോടു യെരൂശലേമിൽ പോകുരുതു എന്നു ആത്മാവിനാൽ പറഞ്ഞു.

21:5 അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങൾ വിട്ടുപോകുമ്പോൾ അവർ എല്ലാവരും സ്ത്രീകളും കുട്ടികളുമായി പട്ടണത്തിന്നു പുറത്തോളം ഞങ്ങളോടുകൂടെ വന്നു കടൽക്കരയിൽ മുട്ടുകുത്തി പ്രാർത്ഥിച്ചു തമ്മിൽ യാത്ര പറഞ്ഞിട്ടു ഞങ്ങൾ കപ്പൽ കയറി;

 < 
21:6 അവർ വീട്ടിലേക്കു മടങ്ങിപ്പോയി.

21:7 ഞങ്ങൾ സോർ വിട്ടു കപ്പലോട്ടം തികെച്ചു പ്തൊലെമായിസിൽ എത്തി സഹോദരന്മാരെ വന്ദനം ചെയ്തു ഒരു ദിവസം അവരോടുകൂടെ പാർത്തു.

21:8 പിറ്റെന്നാൾ ഞങ്ങൾ പുറപ്പെട്ടു കൈസര്യയിൽ എത്തി, ഏഴുവരിൽ ഒരുവനായ ഫിലപ്പൊസ് എന്ന സുവിശേഷകന്റെ വീട്ടിൽ ചെന്നു അവനോടുകൂടെ പാർത്തു.

21:9 അവന്നു കന്യകമാരും പ്രവചിക്കുന്നവരുമായ നാലു പുത്രിമാർ ഉണ്ടായിരുന്നു.

21:10 ഞങ്ങൾ അവിടെ വളരെ ദിവസം പാർത്തിരിക്കുമ്പോൾ അഗബൊസ് എന്ന ഒരു പ്രവാചകൻ യെഹൂദ്യയിൽ നിന്നു വന്നു.

 < 
21:11 അവൻ ഞങ്ങളുടെ അടുക്കൽ വന്നു പൌലൊസിന്റെ അരക്കച്ച എടുത്തു തന്റെ കൈകാലുകളെ കെട്ടി: ഈ അരക്കച്ചയുടെ ഉടമസ്ഥനെ യെഹൂദന്മാർ യെരൂശലേമിൽ ഇങ്ങനെ കെട്ടി ജാതികളുടെ കയ്യിൽ ഏല്പിക്കും എന്നു പരിശുദ്ധാത്മാവു പറയുന്നു എന്നു പറഞ്ഞു.

21:12 ഇതു കേട്ടാറെ യെരൂശലേമിൽ പോകരുതു എന്നു ഞങ്ങളും അവിടത്തുകാരും അവനോടു അപേക്ഷിച്ചു.

21:13 അതിന്നു പൌലൊസ്: നിങ്ങൾ കരഞ്ഞു എന്റെ ഹൃദയം ഇങ്ങനെ തകർക്കുന്നതു എന്തു? കർത്താവായ യേശുവിന്റെ നാമത്തിന്നു വേണ്ടി ബന്ധിക്കപ്പെടുവാൻ മാത്രമല്ല യെരൂശലേമിൽ മരിപ്പാനും ഞാൻ ഒരുങ്ങിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.

21:14 അവനെ സമ്മതിപ്പിച്ചുകൂടായ്കയാൽ: കർത്താവിന്റെ ഇഷ്ടം നടക്കട്ടെ എന്നു പറഞ്ഞു ഞങ്ങൾ മിണ്ടാതിരുന്നു.

21:15 അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങൾ യാത്രെക്കു കോപ്പുകൂട്ടി യെരൂശലേമിലേക്കു പോയി.

 < 
21:16 കൈസര്യയിലെ ശിഷ്യന്മാരിൽ ചിലരും ഞങ്ങളോടുകൂടെ പോന്നു, കുപ്രൊസ്കാരനായ മ്നാസോൻ എന്ന ഒരു പഴയശിഷ്യനോടുകൂടെ അതിഥികളായ്പാർക്കേണ്ടതിന്നു ഞങ്ങളെ അവന്റെ അടുക്കൽ കൂട്ടിക്കൊണ്ടുപോയി.

21:17 യെരൂശലേമിൽ എത്തിപ്പോൾ സഹോദരന്മാർ ഞങ്ങളെ സന്തോഷത്തോട കൈക്കൊണ്ടു.

21:18 പിറ്റെന്നു പൌലെസും ഞങ്ങളും യാക്കോബിന്റെ അടുക്കൽ പോയി; മൂപ്പന്മാരും എല്ലാം അവിടെ വന്നു കൂടി.

21:19 അവൻ അവരെ വന്ദനം ചെയ്തു തന്റെ ശുശ്രൂഷയാൽ ദൈവം ജാതികളുടെ ഇടയിൽ ചെയ്യിച്ചതു ഓരോന്നായി വിവരിച്ചു പറഞ്ഞു.

21:20 അവർ കേട്ടു ദൈവത്തെ മഹത്വപ്പെടുത്തി. പിന്നെ അവനോടു പറഞ്ഞതു: സഹോദരാ, യെഹൂദന്മാരുടെ ഇടയിൽ വിശ്വസിച്ചിരിക്കുന്നവർ എത്ര ആയിരം ഉണ്ടു എന്നു നീ കാണുന്നുവല്ലോ; അവർ എല്ലാവരും ന്യായപ്രമാണതല്പരന്മാർ ആകുന്നു.

 < 
21:21 മക്കളെ പരിച്ഛേദന ചെയ്യരുതു എന്നും നമ്മുടെ മര്യാദ അനുസരിച്ചു നടക്കരുതു എന്നും നീ ജാതികളുടെ ഇടയിലുള്ള സകല യെഹൂദന്മാരോടും പറഞ്ഞു മോശെയെ ഉപേക്ഷിച്ചുകളവാൻ ഉപദേശിക്കുന്നു എന്നു അവർ നിന്നെക്കുറിച്ചു ധരിച്ചിരിക്കുന്നു.

21:22 ആകയാൽ എന്താകുന്നു വേണ്ടതു? നീ വന്നിട്ടുണ്ടു എന്നു അവർ കേൾക്കും നിശ്ചയം.

21:23 ഞങ്ങൾ നിന്നോടു ഈ പറയുന്നതു ചെയ്ക; നേർച്ചയുള്ള നാലു പുരുഷന്മാർ ഞങ്ങളുടെ ഇടയിൽ ഉണ്ടു.

21:24 അവരെ കൂട്ടിക്കൊണ്ടു അവരോടുകൂടെ നിന്നെ ശുദ്ധിവരുത്തി അവരുടെ തല ക്ഷൌരം ചെയ്യേണ്ടതിന്നു അവർക്കു വേണ്ടി ചെലവു ചെയ്ക; എന്നാൽ നിന്നെക്കൊണ്ടു കേട്ടതു ഉള്ളതല്ല എന്നും നീയും ന്യായപ്രമാണത്തെ ആചരിച്ചു ക്രമമായി നടക്കുന്നവൻ എന്നും എല്ലാവരും അറിയും.

21:25 വിശ്വസിച്ചിരിക്കുന്ന ജാതികളെ സംബന്ധിച്ചോ അവർ വിഗ്രഹാർപ്പിതവും രക്തവും ശ്വാസംമുട്ടിച്ചത്തതും പരസംഗവും മാത്രം ഒഴിഞ്ഞിരിക്കേണം എന്നു വിധിച്ചു എഴുതി അയച്ചിട്ടുണ്ടല്ലോ.

 < 
21:26 അങ്ങനെ പൌലൊസ് ആ പുരുഷന്മാരെ കൂട്ടിക്കൊണ്ടു പിറ്റെന്നാൾ അവരോടുകൂടെ തന്നെ ശുദ്ധിവരുത്തി ദൈവാലയത്തിൽ ചെന്നു; അവരിൽ ഓരോരുത്തന്നുവേണ്ടി വഴിപാടു കഴിപ്പാനുള്ള ശുദ്ധീകരണകാലം തികഞ്ഞു എന്നു ബോധിപ്പിച്ചു.

21:27 ആ ഏഴു ദിവസം തീരാറായപ്പോൾ ആസ്യയിൽ നിന്നു വന്ന യെഹൂദന്മാർ അവനെ ദൈവാലയത്തിൽ കണ്ടിട്ടു പുരുഷാരത്തെ ഒക്കെയും ഇളക്കി അവനെ പിടിച്ചു;

21:28 യിസ്രായേൽപുരുഷന്മാരേ, സഹായിപ്പിൻ ഇവൻ ആകുന്നു ജനത്തിന്നും ന്യായപ്രമാണത്തിന്നും ഈ സ്ഥലത്തിന്നും വിരോധമായി എല്ലായിടത്തും എല്ലാവരെയും ഉപദേശിക്കുന്നവൻ; അവൻ യവനന്മാരെയും ദൈവാലയത്തിൽ കൂട്ടിക്കൊണ്ടുവന്നു ഈ വിശുദ്ധ സ്ഥലം തീണ്ടിച്ചുകളഞ്ഞു എന്നു വിളിച്ചുകൂകി.

21:29 അവർ മുമ്പെ എഫെസ്യനായ ത്രോഫിമോസിനെ അവനോടുകൂടെ നഗരത്തിൽ കണ്ടതിനാൽ പൌലൊസ് അവനെ ദൈവാലത്തിൽ കൂട്ടിക്കൊണ്ടുവന്നു എന്നു നിരൂപിച്ചു.

21:30 നഗരം എല്ലാം ഇളകി ജനം ഓടിക്കൂടി പൌലൊസിനെ പിടിച്ചു ദൈവാലയത്തിന്നു പുറത്തേക്കു ഇഴെച്ചു കൊണ്ടുപോയി; ഉടനെ വാതിലുകൾ അടെച്ചുകളഞ്ഞു.

 < 
21:31 അവർ അവനെ കൊല്ലുവാൻ ശ്രമിക്കുമ്പോൾ യെരൂശലേം ഒക്കെയും കലക്കത്തിൽ ആയി എന്നു പട്ടാളത്തിന്റെ സഹസ്രാധിപന്നു വർത്തമാനം എത്തി.

21:32 അവൻ ക്ഷണത്തിൽ പടയാളികളെയും ശതാധിപന്മാരെയും കൂട്ടിക്കൊണ്ടു അവരുടെ നേരെ പാഞ്ഞുവന്നു; അവർ സഹസ്രാധിപനെയും പടയാളികളെയും കണ്ടപ്പോൾ പൌലൊസിനെ അടിക്കുന്നതു നിറുത്തി.

21:33 സഹസ്രാധിപൻ അടത്തുവന്നു അവനെ പിടിച്ചു രണ്ടു ചങ്ങലവെപ്പാൻ കല്പിച്ചു; ആർ എന്നും എന്തു ചെയ്തു എന്നും ചോദിച്ചു.

21:34 പുരുഷാരത്തിൽ ചിലർ ഇങ്ങനെയും ചിലർ അങ്ങനെയും നിലവിളിച്ചുകൊണ്ടിരുന്നു; ആരവാരം ഹേതുവായി നിശ്ചയം ഒന്നും അറിഞ്ഞുകൂടായ്കയാൽ അവനെ കോട്ടയിലേക്കു കൊണ്ടുപോകുവാൻ കല്പിച്ചു.

21:35 പടിക്കെട്ടിന്മേൽആയപ്പോൾ: അവനെ കൊന്നുകളക എന്നു ആർത്തുകൊണ്ടു ജനസമൂഹം പിൻചെല്ലുകയാൽ

 < 
21:36 പുരുഷാരത്തിന്റെ ബലാൽക്കാരം പേടിച്ചിട്ടു പടയാളികൾ അവനെ എടുക്കേണ്ടിവന്നു.

21:37 കോട്ടയിൽ കടക്കുമാറായപ്പോൾ പൌലൊസ് സഹസ്രാധിപനോടു: എനിക്കു നിന്നോടു ഒരു വാക്കു പറയാമോ എന്നു ചോദിച്ചു. അതിന്നു അവൻ: നിനക്കു യവനഭാഷ അറിയാമോ?

21:38 കുറെ നാൾ മുമ്പെ കലഹം ഉണ്ടാക്കി നാലായിരം കട്ടാരക്കാരെ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടുപോയ മിസ്രയീമ്യൻ നീ അല്ലയോ എന്നു ചോദിച്ചു.

21:39 അതിന്നു പൌലൊസ്: ഞാൻ കിലിക്യയിൽ തർസൊസ് എന്ന പ്രസിദ്ധനഗരത്തിലെ പൌരനായോരു യെഹൂദൻ ആകുന്നു. ജനത്തോടു സംസാരിപ്പാൻ അനുവദിക്കേണം എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.

21:40 അവൻ അനുവദിച്ചപ്പോൾ പൌലൊസ് പടിക്കെട്ടിന്മേൽ നിന്നുകൊണ്ടു ജനത്തോടു ആംഗ്യം കാട്ടി, വളരെ മൌനമായ ശേഷം എബ്രായഭാഷയിൽ വിളിച്ചുപറഞ്ഞതാവിതു:

 < 

* ----------------------------------------

പ്രവൃത്തികൾ അദ്ധ്യായം 22  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30

22:1 സഹോദരന്മാരും പിതാക്കന്മാരുമായുള്ളോരേ, എനിക്കു ഇന്നു നിങ്ങളോടുള്ള പ്രതിവാദം കേട്ടുകൊൾവിൻ.

22:2 എന്നാൽ എബ്രായഭാഷയിൽ സംസാരിക്കുന്നതു കേട്ടിട്ടു അവർ അധികം മൌനമായി നിന്നു. അവൻ പറഞ്ഞതെന്തെന്നാൽ:

22:3 ഞാൻ കിലിക്യയിലെ തർസൊസിൽ ജനിച്ച യെഹൂദനും ഈ നഗരത്തിൽ വളർന്നു ഗമാലിയേലിന്റെ കാൽക്കൽ ഇരുന്നു പിതാക്കനാരുടെ ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ചവനുമാകയാൽ നിങ്ങൾ എല്ലാവരും ഇന്നു ഇരിക്കുന്നതുപോലെ ദൈവസേവയിൽ എരിവുള്ളവനായിരുന്നു.

22:4 ഞാൻ പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചു കെട്ടി തടവിൽ ഏല്പിച്ചും ഈ മാർഗ്ഗക്കാരെ കൊല്ലുവാനും മടിക്കാതെ ഉപദ്രവിച്ചുംവന്നു.

22:5 അതിന്നു മഹാപുരോഹിതനും മൂപ്പന്മാരുടെ സംഘം ഒക്കെയും എനിക്കു സാക്ഷികൾ; അവരോടു സഹോദരന്മാർക്കായി എഴുത്തു വാങ്ങിക്കൊണ്ടു ദമസ്കൊസിൽ പാർക്കുന്നവരെയും പിടിച്ചുകെട്ടി ദണ്ഡനത്തിന്നായി യെരൂശലേമിലേക്കു കൊണ്ടുവരേണ്ടതിന്നു ഞാൻ അവിടേക്കു യാത്രയായി.

 < 
22:6 അങ്ങനെ പ്രയാണം ചെയ്തു ദമസ്കൊസിനോടു അടുത്തപ്പോൾ ഏകദേശം ഉച്ചെക്കു പെട്ടെന്നു ആകശത്തുനിന്നു വലിയോരു വെളിച്ചം എന്റെ ചുറ്റും മിന്നി.

22:7 ഞാൻ നിലത്തു വീണു: ശൌലേ, ശൌലെ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു എന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു.

22:8 കർത്താവേ, നീ ആർ എന്നു ഞാൻ ചോദിച്ചതിന്നു: നീ ഉപദ്രവിക്കുന്ന നസറായനായ യേശു ആകുന്നു ഞാൻ എന്നു അവൻ എന്നോടു പറഞ്ഞു.

22:9 എന്നോടു കൂടെയുള്ളവർ വെളിച്ചം കണ്ടു എങ്കിലും എന്നോടു സംസാരിക്കുന്നവന്റെ ശബ്ദം കേട്ടില്ല.

22:10 കർത്താവേ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചുതിന്നു കർത്താവു എന്നോടു; എഴുന്നേറ്റു ദമസ്കൊസിലേക്കു പോക; നീ ചെയ്യേണ്ടതിന്നു വിധിച്ചിരിക്കുന്നതെല്ലാം അവിടെ നിന്നോടു പറയും എന്നു കല്പിച്ചു.

 < 
22:11 ആ വെളിച്ചത്തിന്റെ തേജസ്സു ഹേതുവായിട്ടു കണ്ണു കാണായ്കയാൽ കൂടെയുള്ളവർ എന്നെ കൈക്കു പിടിച്ചു നടത്തി; അങ്ങനെ ഞാൻ ദമസ്കൊസിൽ എത്തി.

22:12 അവിടെ പാർക്കുന്ന സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനായി ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനായ അനന്യാസ് എന്നൊരുത്തൻ എന്റെ അടുക്കൽ വന്നുനിന്നു;

22:13 സഹോദരനായ ശൌലെ, കാഴ്ചപ്രാപിക്ക എന്നു പറഞ്ഞു; ആ നാഴികയിൽ തന്നേ ഞാൻ കാഴ്ച പ്രാപിച്ചു അവനെ കണ്ടു.

22:14 അപ്പോൾ അവൻ എന്നോടു: നമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ തന്റെ ഇഷ്ടം അറിവാനും നീതിമാനായവനെ കാണ്മാനും അവന്റെ വായിൽ നിന്നും വചനം കേൾപ്പാനും നിയമിച്ചിരിക്കുന്നു.

22:15 നീ കാണ്കയും കേൾക്കയും ചെയ്തതിന്നു സകലമനുഷ്യർക്കും നീ അവന്റെ സാക്ഷിയായിത്തീരും.

 < 
22:16 ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു.

22:17 പിന്നെ ഞാൻ യെരൂശലേമിൽ മടങ്ങിച്ചെന്നു ദൈവാലയത്തിൽ പ്രാർത്ഥിക്കുന്നേരം ഒരു വിവശതയിൽ ആയി അവനെ കണ്ടു:

22:18 നീ ബദ്ധപ്പെട്ടു വേഗം യെരൂശലേം വിട്ടുപോക; നീ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം അവർ കൈക്കൊൾകയില്ല എന്നു എന്നോടു കല്പിച്ചു

22:19 അതിന്നു ഞാൻ: കർത്താവേ, നിന്നിൽ വിശ്വസിക്കുന്നവരെ ഞാൻ തടവിൽ ആക്കുകയും പള്ളിതോറും അടിപ്പിക്കയും ചെയ്തു എന്നും

22:20 നിന്റെ സാക്ഷിയായ സ്തെഫാനൊസിന്റെ രക്തം ചൊരിഞ്ഞപ്പോൾ ഞാനും സമ്മതിച്ചു അരികെ നിന്നു അവനെ കൊല്ലുന്നവരുടെ വസ്ത്രം കാത്തുകൊണ്ടിരുന്നു എന്നും അവർ അറിയുന്നുവല്ലോ എന്നു പറഞ്ഞു.

 < 
22:21 അവൻ എന്നോടു: നീ പോക; ഞാൻ നിന്നെ ദൂരത്തു ജാതികളുടെ അടുക്കലേക്കു അയക്കും എന്നു കല്പിച്ചു.

22:22 ഈ വാക്കോളം അവർ അവന്നു ചെവികൊടുത്തു; പിന്നെ: ഇങ്ങനെത്തവനെ ഭൂമിയിൽനിന്നു നീക്കിക്കളക; അവൻ ജീവിച്ചിരിക്കുന്നതു യോഗ്യമല്ല എന്നു നിലവിളിച്ചു പറഞ്ഞു.

22:23 അവർ കൂക്കലിട്ടും വസ്ത്രം കീറിക്കളഞ്ഞും പൂഴി വാരി മേലോട്ടു എറിഞ്ഞും കൊണ്ടിരിക്കുമ്പോൾ

22:24 അവർ ഇങ്ങനെ അവന്റെ നേരെ ആർക്കുവാൻ സംഗതി എന്തു എന്നു അറിയേണ്ടതിന്നു ചമ്മട്ടികൊണ്ടു അവനോടു ചോദ്യം ചെയ്യേണം എന്നു സഹസ്രാധിപൻ പറഞ്ഞു അവനെ കോട്ടയിലേക്കു കൊണ്ടുപോകുവാൻ കല്പിച്ചു.

22:25 തന്നെ വാറു കൊണ്ടു കെട്ടുമ്പോൾ പൌലൊസ് അരികെ നില്ക്കുന്ന ശതാധിപനോടു: റോമപൌരനും വിസ്താരം കഴിയാത്തവനുമായ മനുഷ്യനെ ചമ്മട്ടി കൊണ്ടു അടിക്കുന്നതു വിഹിതമോ എന്നു ചോദിച്ചു.

 < 
22:26 ഇതു കേട്ടിട്ടു ശതാധിപൻ ചെന്നു സഹസ്രാധിപനോടു: നീ എന്തു ചെയ്‍വാൻ പോകുന്നു? ഈ മനുഷ്യൻ റോമപൌരൻ ആകുന്നു എന്നു ബോധിപ്പിച്ചു.

22:27 സഹസ്രാധിപൻ വന്നു: നീ റോമപൌരൻ തന്നേയോ? എന്നോടു പറക എന്നു ചോദിച്ചതിന്നു:

22:28 അതെ എന്നു അവൻ പറഞ്ഞു. ഞാൻ ഏറിയ മുതൽ കൊടുത്തു ഈ പൌരത്വം സമ്പാദിച്ചു എന്നു സഹസ്രാധിപൻ പറഞ്ഞതിന്നു: ഞാനോ അങ്ങനെ ജനിച്ചിരിക്കുന്നു എന്നു പൌലൊസ് പറഞ്ഞു.

22:29 ഭേദ്യം ചെയ്‍വാൻ ഭാവിച്ചവർ ഉടനെ അവനെ വിട്ടുമാറി; സഹസ്രാധിപനും അവൻ റോമപൌരൻ എന്നു അറിഞ്ഞപ്പോൾ അവനെ ബന്ധിച്ചതുകൊണ്ടു ഭയപ്പെട്ടു.

22:30 പിറ്റെന്നു യെഹൂദന്മാർ പൌലൊസിന്മേൽ ചുമത്തുന്ന കുറ്റത്തിന്റെ സൂക്ഷ്മം അറിവാൻ ഇച്ഛിച്ചിട്ടു അവൻ മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും കൂടി വരുവാൻ കല്പിച്ചു അവനെ കെട്ടഴിച്ചു താഴെ കൊണ്ടുചെന്നു അവരുടെ മുമ്പിൽ നിറുത്തി.

 < 

* ----------------------------------------

പ്രവൃത്തികൾ അദ്ധ്യായം 23  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35

23:1 പൌലൊസ് ന്യായാധിപസംഘത്തെ ഉറ്റുനോക്കി: സഹോദരന്മാരേ, ഞാൻ ഇന്നേ ദിവസത്തോളവും കേവലം നല്ല മനസ്സാക്ഷിയോടുംകൂടെ ദൈവത്തിന്റെ മുമ്പാകെ നടന്നിരിക്കുന്നു എന്നു പറഞ്ഞു.

23:2 അപ്പോൾ മഹാപുരോഹിതനായ അനന്യാസ് അരികെ നില്ക്കുന്നവരോടു അവന്റെ വായിക്കു അടിപ്പാൻ കല്പിച്ചു.

23:3 പൌലൊസ് അവനോടു: ദൈവം നിന്നെ അടിക്കും വെള്ള തേച്ച ചുവരേ; നീ ന്യായപ്രമാണപ്രകാരം എന്നെ വിസ്തരിപ്പാൻ ഇരിക്കയും ന്യായപ്രമാണത്തിന്നു വിരോധമായി എന്നെ അടിപ്പാൻ കല്പിക്കയും ചെയ്യുന്നുവോ എന്നു പറഞ്ഞു.

23:4 അരികെ നില്ക്കുന്നവർ: നീ ദൈവത്തിന്റെ മഹാപുരോഹിതനെ ശകാരിക്കുന്നുവോ എന്നു ചോദിച്ചു.

23:5 അതിന്നു പെലൊസ്: സഹോദരന്മാരേ, മഹാപുരോഹിതൻ എന്നു ഞാൻ അറിഞ്ഞില്ല; “നിന്റെ ജനത്തിന്റെ അധിപതിയെ ദുഷിക്കരുതു എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

 < 
23:6 എന്നാൽ ന്യായാധിപസംഘത്തിൽ ഒരു പക്ഷം സദൂക്യരും ഒരുപക്ഷം പരീശന്മാരും ആകുന്നു എന്നു പൌലൊസ് അറിഞ്ഞു: സഹോദരന്മാരേ, ഞാൻ ഒരു പരീശനും പരീശന്മാരുടെ മകനും ആകുന്നു; മരിച്ചവരുടെ പ്രത്യാശയെയും പുനരുത്ഥാനത്തെയും കുറിച്ചു ഞാൻ വിസ്താരത്തിലായിരിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.

23:7 അവൻ ഇതു പറഞ്ഞപ്പോൾ പരീശന്മാരും സദൂക്യരും തമ്മിൽ ഇടഞ്ഞു സംഘം ഛിദ്രിച്ചു.

23:8 പുനരുത്ഥാനം ഇല്ല ദൂതനും ആത്മാവും ഇല്ല എന്നു സദൂക്യർ പറയുന്നു; പരീശന്മാരോ രണ്ടും ഉണ്ടെന്നു പ്രമാണിക്കുന്നു.

23:9 അങ്ങനെ വലിയോരു നിലവിളി ഉണ്ടായി; പരീശപക്ഷത്തിലെ ശാസ്ത്രിമാരിൽ ചിലർ എഴുന്നേറ്റു വാദിച്ചു: ഈ മനുഷ്യനിൽ ഞങ്ങൾ ഒരു കുറ്റവും കാണുന്നില്ല; ഒരാത്മാവോ ഒരു ദൂതനോ അവനോടു സംസാരിച്ചു എന്നു വന്നേക്കാം എന്നു പറഞ്ഞു.

23:10 അങ്ങനെ വലിയ ഇടച്ചൽ ആയതുകൊണ്ടു അവർ പൌലൊസിനെ ചീന്തിക്കളയും എന്നു സഹസ്രാധിപൻ പേടിച്ചു, പടയാളികൾ ഇറങ്ങിവന്നു അവനെ അവരുടെ നടുവിൽ നിന്നു പിടിച്ചെടുത്തു കോട്ടയിൽ കൊണ്ടുപോകുവാൻ കല്പിച്ചു.

 < 
23:11 രാത്രിയിൽ കർത്താവു അവന്റെ അടുക്കൽ നിന്നു: ധൈര്യമായിരിക്ക; നീ എന്നെക്കുറിച്ചു യെരൂശലേമിൽ സാക്ഷീകരിച്ചതുപോലെ റോമയിലും സാക്ഷീകരിക്കേണ്ടതാകുന്നു എന്നു അരുളിച്ചെയ്തു.

23:12 നേരം വെളുത്തപ്പോൾ ചില യെഹൂദന്മാർ തമ്മിൽ യോജിച്ചു പൌലൊസിനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്നു ശപഥം ചെയ്തു.

23:13 ഈ ശപഥം ചെയ്തവർ നാല്പതിൽ അധികംപേർ ആയിരുന്നു.

23:14 അവർ മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ ചെന്നു: ഞങ്ങൾ പൌലൊസിനെ കൊന്നുകളയുവോളം ഒന്നും ആസ്വദിക്കയില്ല എന്നൊരു കഠിനശപഥം ചെയ്തിരിക്കുന്നു.

23:15 ആകയാൽ നിങ്ങൾ അവന്റെ കാര്യം അധികം സൂക്ഷമത്തോടെ പരിശോധിക്കേണം എന്നുള്ള ഭാവത്തിൽ അവനെ നിങ്ങളുടെ അടുക്കൽ താഴെ കൊണ്ടുവരുവാൻ ന്യായാധിപസംഘവുമായി സഹസ്രാധിപനോടു അപേക്ഷിപ്പിൻ; എന്നാൽ അവൻ സമീപിക്കും മുമ്പെ ഞങ്ങൾ അവനെ ഒടുക്കിക്കളവാൻ ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.

 < 
23:16 ഈ പതിയിരിപ്പിനെക്കുറിച്ചു പൌലൊസിന്റെ പെങ്ങളുടെ മകൻ കേട്ടിട്ടു ചെന്നു കോട്ടയിൽ കടന്നു പൌലൊസിനോടു അറിയിച്ചു.

23:17 പൌലൊസ് ശതാധിപന്മാരിൽ ഒരുത്തനെ വിളിച്ചു: ഈ യൌവനക്കാരന്നു സഹസ്രാധിപനോടു ഒരു കാര്യം അറിയിപ്പാനുള്ളതിനാൽ അവനെ അങ്ങോട്ടു കൊണ്ടു പോകേണം എന്നു പറഞ്ഞു.

23:18 അവൻ അവനെ കൂട്ടി സഹസ്രാധിപന്റെ അടുക്കൽ കൊണ്ടുചെന്നു: തടവുകാരനായ പൌലൊസ് എന്നെ വിളിച്ചു, നിന്നോടു ഒരു കാര്യം പറവാനുള്ള ഈ യൌവനക്കാരനെ നിന്റെ അടുക്കൽ കൊണ്ടുവരുവാൻ എന്നോടു അപേക്ഷിച്ചു എന്നു പറഞ്ഞു.

23:19 സഹസ്രാധിപൻ അവനെ കൈക്കു പിടിച്ചു മാറിനിന്നു: എന്നോടു ബോധിപ്പിപ്പാനുള്ളതു എന്തു എന്നു സ്വകാര്യമായി ചോദിച്ചു.

23:20 അതിന്നു അവൻ: യെഹൂദന്മാർ പൌലൊസിനെക്കുറിച്ചു അധികം സൂക്ഷമത്തോടെ വിസ്താരം കഴിക്കേണമെന്നുള്ള ഭാവത്തിൽ വന്നു നാളെ അവനെ ന്യായാധിപസംഘത്തിലേക്കു കൊണ്ടുവരേണ്ടതിന്നു നിന്നോടു അപേക്ഷിപ്പാൻ ഒത്തു കൂടിയിരിക്കുന്നു.

 < 
23:21 നീ അവരെ വിശ്വസിച്ചു പോകരുതു; അവരിൽ നാല്പതിൽ അധികം പേർ അവനെ ഒടുക്കിക്കളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്നു ശപഥംചെയ്തു അവന്നായി പതിയിരിക്കുന്നു; നിന്റെ വാഗ്ദത്തം കിട്ടും എന്നു ആശിച്ചു അവർ ഇപ്പോൾ ഒരുങ്ങി നില്ക്കുന്നു എന്നു പറഞ്ഞു.

23:22 നീ ഇതു എന്നോടു അറിയിച്ചു എന്നു ആരോടും മിണ്ടരുതു എന്നു സഹസ്രാധിപൻ കല്പിച്ചു യൌവനക്കാരനെ പറഞ്ഞയച്ചു.

23:23 പിന്നെ അവൻ ശതാധിപന്മാരിൽ രണ്ടുപേരെ വരുത്തി: ഈ രാത്രിയിൽ മൂന്നാം മണിനേരത്തു കൈസര്യക്കു പോകുവാൻ ഇരുനൂറു കാലാളെയും എഴുപതു കുതിരച്ചേവകരെയും ഇരുനൂറു കുന്തക്കാരെയും ഒരുക്കുവിൻ.

23:24 പൌലൊസിനെ കയറ്റി ദേശാധിപതിയായ ഫേലിക്സിന്റെ അടുക്കൽ ക്ഷേമത്തോട എത്തിപ്പാൻ മൃഗവാഹനങ്ങളെയും സംഭരിപ്പിൻ എന്നു കല്പിച്ചു.

23:25 താഴെ പറയുന്ന വിധത്തിൽ ഒരു എഴുത്തും എഴുതി:

 < 
23:26 ക്ളൌദ്യൊസ് ലുസിയാസ് രാജശ്രീ ഫേലിക്സ് ദേശാധിപതിക്കു വന്ദനം.

23:27 ഈ പുരുഷനെ യെഹൂദന്മാർ പിടിച്ചു കൊല്ലുവാൻ ഭാവിച്ചപ്പോൾ റോമപൌരൻ എന്നു അറിഞ്ഞു ഞാൻ പട്ടാളത്തോടും കൂടെ നേരിട്ടു ചെന്നു അവനെ വിടുവിച്ചു.

23:28 അവന്റെമേൽ കുറ്റം ചുമത്തുന്ന സംഗതി ഗ്രഹിപ്പാൻ ഇച്ഛിച്ചിട്ടു അവരുടെ ന്യായാധിപസംഘത്തിലേക്കു അവനെ കൊണ്ടുചെന്നു.

23:29 എന്നാൽ അവരുടെ ന്യായപ്രമാണം സംബന്ധിച്ചുള്ള തർക്കങ്ങളെക്കുറിച്ചു കുറ്റം ചുമത്തുന്നതല്ലാതെ മരണത്തിന്നോ ചങ്ങലെക്കോ യോഗ്യമായതു ഒന്നും ഇല്ല എന്നു കണ്ടു.

23:30 അനന്തരം ഈ പുരുഷന്റെ നേരെ അവർ കൂട്ടുകെട്ടു ഉണ്ടാക്കുന്നു എന്നു തുമ്പുകിട്ടിയപ്പോൾ ഞാൻ തൽക്ഷണം അവനെ നിന്റെ അടുക്കലേക്കു അയച്ചിരിക്കുന്നു; അവന്റെ നേരെയുള്ള അന്യായം സന്നിധാനത്തിൽ ബോധിപ്പിപ്പാൻ വാദികളോടു കല്പിച്ചുമിരിക്കുന്നു; ശുഭമായിരിക്കട്ടെ.

 < 
23:31 പടയാളികൾ കല്പനപ്രകാരം പൌലൊസിനെ കൂട്ടി രാത്രിയിൽ അന്തിപത്രിസോളം കൊണ്ടുചെന്നു,

23:32 പിറ്റെന്നാൾ കുതിരച്ചേവകരെ അവനോടുകൂടെ അയച്ചു കോട്ടയിലേക്കു മടങ്ങിപോന്നു.

23:33 മറ്റവർ കൈസര്യയിൽ എത്തി ദേശാധിപതിക്കു എഴുത്തു കൊടുത്തു പൌലൊസിനെയും അവന്റെ മുമ്പിൽ നിർത്തി.

23:34 അവൻ എഴുത്തു വായിച്ചിട്ടു ഏതു സംസ്ഥാനക്കാരൻ എന്നു ചോദിച്ചു. കിലിക്യക്കാരൻ എന്നു കേട്ടാറെ:

23:35 വാദികളും കൂടെ വന്നു ചേരുമ്പോൾ നിന്നെ വിസ്തരിക്കാം എന്നു പറഞ്ഞു ഹെരോദാവിന്റെ ആസ്ഥാനത്തിൽ അവനെ കാത്തുകൊൾവാൻ കല്പിച്ചു.

 < 

* ----------------------------------------

പ്രവൃത്തികൾ അദ്ധ്യായം 24  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27

24:1 അഞ്ചുനാൾ കഴിഞ്ഞശേഷം മഹാപുരോഹിതനായ അനന്യാസ് മൂപ്പന്മാരോടും തെർത്തുല്ലൊസ് എന്ന ഒരു വ്യവഹാരജ്ഞനോടും കൂടി വന്നു. പൌലൊസിന്റെ നേരെ ദേശാധിപതിയുടെ മുമ്പാകെ അന്യായം ബോധിപ്പിച്ചു.

24:2 അവനെ വിളിച്ചാറെ തെർത്തുല്ലൊസ് അന്യായം വിവരിച്ചു പറഞ്ഞതെന്തെന്നാൽ:

24:3 രാജശ്രീ ഫേലിക്സേ, നീമുഖാന്തരം ഞങ്ങൾ വളരെ സമാധാനം അനുഭവിക്കുന്നതും നിന്റെ പരിപാലനത്താൽ ഈ ജാതിക്കു ഏറിയ ഗുണീകരണങ്ങൾ സാധിച്ചിരിക്കുന്നതും ഞങ്ങൾ എപ്പോഴും എല്ലായിടത്തും പൂർണ്ണനന്ദിയോടും കൂടെ അംഗീകരിക്കുന്നു.

24:4 എങ്കിലും നിന്നെ അധികം അസഹ്യപ്പെടുത്തരുതു എന്നുവെച്ചു ക്ഷമയോടെ ചുരുക്കത്തിൽ ഞങ്ങളുടെ അന്യായം കേൾക്കേണം എന്നു അപേക്ഷിക്കുന്നു.

24:5 ഈ പുരുഷൻ ഒരു ബാധയും ലോകത്തിലുള്ള സകല യെഹൂദന്മാരുടെയും ഇടയിൽ കലഹമുണ്ടാക്കുന്നവനും നസറായമതത്തിന്നു മുമ്പനും എന്നു ഞങ്ങൾ കണ്ടിരിക്കുന്നു.

 < 
24:6 അവൻ ദൈവാലയം തീണ്ടിപ്പാനും ശ്രമിച്ചു. അവനെ ഞങ്ങൾ പിടിച്ചു (ഞങ്ങളുടെ ന്യായപ്രമാണപ്രകാരം വിസ്തരിപ്പാൻ വിചാരിച്ചു.

24:7 എങ്കിലും സഹസ്രാധിപനായ ലുസിയാസ് വളരെ ബലത്തോടു വന്നു അവനെ ഞങ്ങളുടെ കയ്യിൽനിന്നു പിടിച്ചുകൊണ്ടുപോയി.

24:8 അവന്റെ വാദികൾ നിന്റെ മുമ്പാകെ വരുവാൻ കല്പിച്ചു) നീ തന്നേ അവനെ വിസ്തരിച്ചാൽ ഞങ്ങൾ അന്യായം ബോധിപ്പിക്കുന്ന ഈ സകല സംഗതികളും അറിഞ്ഞുകൊൾവാൻ ഇടയാകും.

24:9 അതു അങ്ങനെ തന്നേ എന്നു യെഹൂദന്മാരും യോജിച്ചു പറഞ്ഞു.

24:10 സംസാരിക്കാം എന്നു ദേശാധിപതി ആംഗ്യം കാട്ടിയാറെ പൌലൊസ് ഉത്തരം പറഞ്ഞതു: ഈ ജാതിക്കു നീ അനേകസംവത്സരമായി ന്യായാധിപതി ആയിരിക്കുന്നു എന്നു അറികകൊണ്ടു എന്റെ കാര്യത്തിൽ ഞാൻ ധൈര്യത്തോടെ പ്രതിവാദം ചെയ്യുന്നു.

 < 
24:11 ഞാൻ യെരൂശലേമിൽ നമസ്കരിപ്പാൻ പോയിട്ടു പന്ത്രണ്ടു നാളിൽ അധികമായില്ല എന്നു നിനക്കു അറിയാകുന്നതാകുന്നു.

24:12 ദൈവാലയത്തിലോ പള്ളികളിലോ നഗരങ്ങളിലോവെച്ചു ആരോടും വാദിക്കയെങ്കിലും പുരുഷാരത്തിൽ കലഹം ഉണ്ടാക്കുകയെങ്കിലും ചെയ്യുന്നാതായി അവർ എന്നെ കണ്ടില്ല.

24:13 ഇന്നു എന്റെ നേരെ ബോധിപ്പിക്കുന്ന അന്യായം നിന്റെ മുമ്പാകെ തെളിയിപ്പാൻ അവർക്കു കഴിയുന്നതുമല്ല.

24:14 എന്നാൽ ഒന്നു ഞാൻ സമ്മതിക്കുന്നു: മതഭേദം എന്നു ഇവർ പറയുന്ന മാർഗ്ഗപ്രകാരം ഞാൻ പിതാക്കന്മാരുടെ ദൈവത്തെ ആരാധിക്കയും ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും എഴുതിയിരിക്കുന്നതു ഒക്കെയും വിശ്വസിക്കയും ചെയ്യുന്നു.

24:15 നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്നു ഇവർ കാത്തിരിക്കുന്നതുപോലെ ഞാനും ദൈവത്തിങ്കൽ ആശവെച്ചിരിക്കുന്നു.

 < 
24:16 അതു കൊണ്ടു എനിക്കു ദൈവത്തോടും മനുഷ്യരോടും കുറ്റമില്ലാത്ത മനസ്സാക്ഷി എല്ലായ്പോഴും ഉണ്ടായിരിപ്പാൻ ഞാൻ ശ്രമിക്കുന്നു.

24:17 പലസംവത്സരം കൂടീട്ടു ഞാൻ എന്റെ ജാതിക്കാർക്കു ധർമ്മം കൊണ്ടുവരുവാനും വഴിപാടു കഴിപ്പാനും വന്നു.

24:18 അതു അനുഷ്ഠിക്കുമ്പോൾ അവർ എന്നെ ദൈവാലയത്തിൽവെച്ചു ശുദ്ധീകരണം കഴിഞ്ഞവനായി കണ്ടു; പുരുഷാരത്തോടു കൂടിയല്ല, കലഹത്തോടുകൂടിയുമല്ല.

24:19 എന്നാൽ ആസ്യക്കാരായ ചില യെഹൂദന്മാർ ഉണ്ടായിരുന്നു; അവർക്കു എന്റെ നേരെ അന്യായം ഉണ്ടെങ്കിൽ നിന്റെ മുമ്പിൽ വന്നു ബോധിപ്പിക്കേണ്ടതായിരുന്നു.

24:20 അല്ല, ഞാൻ ന്യായാധിപസംഘത്തിന്റെ മുമ്പിൽ നില്ക്കുമ്പോൾ മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു ഇന്നു നിങ്ങൾ എന്നെ വിസ്തരിക്കുന്നു എന്നു ഞാൻ വിളിച്ചു പറഞ്ഞോരു വാക്കല്ലാതെ

 < 
24:21 അവിടെ വെച്ചു എന്റെ പക്കൽ വല്ല കുറ്റവും കണ്ടിട്ടുണ്ടങ്കിൽ ഇവർ തന്നേ പറയട്ടെ

24:22 ഫേലിക്സിന്നു ഈ മാർഗ്ഗം സംബന്ധിച്ചു സൂക്ഷ്മമായ അറിവു ഉണ്ടായിരുന്നിട്ടും: ലുസിയാസ് സഹസ്രാധിപൻ വരുമ്പോൾ ഞാൻ നിങ്ങളുടെ കാര്യം തീർച്ചപ്പെടുത്തും എന്നു പറഞ്ഞു അവധിവെച്ചു,

24:23 ശതാധിപനോടു അവനെ തടവിൽ തന്നേ സൂക്ഷിച്ചു ദയകാണിപ്പാനും അവന്റെ സ്നേഹിതന്മാർ അവന്നു ശുശ്രൂഷ ചെയ്യുന്നതു വിരോധിക്കാതിരിപ്പാനും കല്പിച്ചു.

24:24 കുറെനാൾ കഴിഞ്ഞിട്ടു ഫേലിക്സ് യെഹൂദ സ്ത്രീയായ തന്റെ ഭാര്യ ദ്രുസില്ലയുമായി വന്നു, പൌലൊസിനെ വരുത്തി ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെക്കുറിച്ചു അവന്റെ പ്രസംഗം കേട്ടു.

24:25 എന്നാൽ അവൻ നീതി, ഇന്ദ്രീയജയം, വരുവാനുള്ള ന്യായവിധി എന്നിവയെക്കുറിച്ചു സംസാരിക്കുമ്പോൾ ഫേലിക്സ് ഭയപരവശനായി: തൽക്കാലം പോകാം; അവസരം ഉള്ളപ്പോൾ നിന്നെ വിളിപ്പിക്കാം എന്നു പറഞ്ഞു.

 < 
24:26 പൌലൊസ് തനിക്കു ദ്രവ്യം തരും എന്നു ആശിച്ചു പലപ്പോഴും അവനെ വരുത്തി അവനോടു സംഭാഷിച്ചു പോന്നു.

24:27 രണ്ടാണ്ടു കഴിഞ്ഞിട്ടു ഫേലിക്സിന്നു പിൻവാഴിയായി പൊർക്ക്യൊസ് ഫെസ്തൊസ് വന്നപ്പോൾ ഫേലിക്സ് യെഹൂദന്മാരുടെ പ്രീതി സമ്പാദിക്കേണം എന്നു വെച്ചു പൌലൊസിനെ തടവുകാരനായി വിട്ടേച്ചുപോയി.


* ----------------------------------------

പ്രവൃത്തികൾ അദ്ധ്യായം 25  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27

25:1 ഫെസ്തൊസ് സംസ്ഥാനത്തിൽ വന്നിട്ടു മൂന്നു നാൾ കഴിഞ്ഞശേഷം കൈസര്യയിൽ നിന്നു യെരൂശലേമിലേക്കു പോയി..

25:2 അപ്പോൾ മഹാപുരോഹിതന്മാരും യെഹൂദന്മാരുടെ പ്രധാനികളും പൌലൊസിന്റെ നേരെ അവന്റെ സന്നിധിയിൽ അന്യായം ബോധിപ്പിച്ചു;

25:3 ദയചെയ്തു അവനെ യെരൂശലേമിലേക്കു വരുത്തേണ്ടതിന്നു അവർ പൌലൊസിന്നു പ്രതികൂലമായി അവനോടു അപേക്ഷിച്ചു;

25:4 വഴിയിൽവെച്ചു അവനെ ഒടുക്കിക്കളവാൻ അവർ ഒരു പതിയിരിപ്പുനിർത്തി. അതിന്നു ഫെസ്തൊസ്: പൌലൊസിനെ കൈസര്യയിൽ സൂക്ഷിച്ചിരിക്കുന്നു; ഞാൻ വേഗം അവിടേക്കു പോകുന്നുണ്ടു;

25:5 നിങ്ങളിൽ പ്രാപ്തിയുള്ളവർ കൂടെ വന്നു ആ മനുഷ്യന്റെ നേരെ അന്യായം ഉണ്ടെങ്കിൽ ബോധിപ്പിക്കട്ടെ എന്നു ഉത്തരം പറഞ്ഞു.

 < 
25:6 അവൻ ഏകദേശം എട്ടു പത്തു ദിവസം അവരുടെ ഇടയിൽ താമസിച്ചശേഷം കൈസര്യക്കു മടങ്ങിപ്പോയി; പിറ്റെന്നു ന്യായാസനത്തിൽ ഇരുന്നു പൌലൊസിനെ വരുത്തുവാൻ കല്പിച്ചു.

25:7 അവൻ വന്നാറെ യെരൂശലേമിൽ നിന്നു വന്ന യെഹൂദന്മാർ ചുറ്റും നിന്നു അവന്റെ നേരെ കഠിനകുറ്റം പലതും ബോധിപ്പിച്ചു.

25:8 പൌലൊസോ: യെഹൂദന്മാരുടെ ന്യായപ്രമാണത്തോടാകട്ടെ ദൈവാലയത്തോടാകട്ടെ കൈസരോടാകട്ടെ ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നു പ്രതിവാദിച്ചാറെ ആ കുറ്റങ്ങളെ തെളിയിപ്പാൻ അവർക്കു കഴിഞ്ഞില്ല.

25:9 എന്നാൽ ഫെസ്തൊസ് യെഹൂദന്മാരുടെ പ്രീതി സമ്പാദിപ്പാൻ ഇച്ഛിച്ചു പൌലൊസിനോടു: യെരൂശലേമിലേക്കു ചെന്നു അവിടെ എന്റെ മുമ്പിൽവെച്ചു ഈ സംഗതികളെക്കുറിച്ചു വിസ്താരംനടപ്പാൻ നിനക്കു സമ്മതമുണ്ടോ എന്നു ചോദിച്ചതിന്നു പൌലൊസ് ഞാൻ കൈസരുടെ ന്യായാസനത്തിന്നു മുമ്പാകെ നില്ക്കുന്നു;

25:10 അവിടെ എന്നെ വിസ്തരിക്കേണ്ടതാകുന്നു; യെഹൂദന്മാരോടു ഞാൻ ഒരു അന്യായവും ചെയ്തിട്ടില്ല; അതു നീയും നല്ലവണ്ണം അറിഞ്ഞിരിക്കുന്നു.

 < 
25:11 ഞാൻ അന്യായം ചെയ്തു മരണയോഗ്യമായതു വല്ലതും പ്രവൃത്തിച്ചിട്ടുണ്ടെങ്കിൽ മരണശിക്ഷ ഏല്ക്കുന്നതിന്നു എനിക്കു വിരോധമില്ല. ഇവർ എന്റെനേരെ ബോധിപ്പിക്കുന്ന അന്യായം നേരല്ല എന്നു വരികിലോ എന്നെ അവർക്കു ഏല്പിച്ചുകൊടുപ്പാൻ ആർക്കും കഴിയുന്നതല്ല;

25:12 ഞാൻ കൈസരെ അഭയംചൊല്ലുന്നു എന്നു പറഞ്ഞു. അപ്പോൾ ഫെസ്തൊസ് തന്റെ ആലോചന സഭയോടു സംസാരിച്ചിട്ടു: കൈസരെ നീ അഭയം ചൊല്ലിയിരിക്കുന്നു; കൈസരുടെ അടുക്കലേക്കു നീ പോകും എന്നു ഉത്തരം പറഞ്ഞു.

25:13 ഒട്ടുനാൾ കഴിഞ്ഞശേഷം അഗ്രിപ്പാരാജാവും ബെർന്നീക്കയും ഫെസ്തോസിനെ വന്ദനം ചെയ്‍വാൻ കൈസര്യയിൽ എത്തി.

25:14 കുറെ നാൾ അവിടെ പാർക്കുമ്പോൾ ഫെസ്തൊസ് പൌലൊസിന്റെ സംഗതി രാജാവിനോടു വിവരിച്ചു പറഞ്ഞതു: ഫേലിക്സ് വിട്ടേച്ചുപോയോരു തടവുകാരൻ ഉണ്ടു.

25:15 ഞാൻ യെരൂശലേമിൽ ചെന്നപ്പോൾ യെഹൂദന്മാരുടെ മഹാപുരോഹീതന്മാരും മൂപ്പന്മാരും എന്റെ അടുക്കൽ വന്നു അവന്റെ നേരെ അന്യായം ബോധിപ്പിച്ചു. വിധിക്കു അപേക്ഷിച്ചു.

 < 
25:16 എന്നാൽ പ്രതിവാദികളെ അഭിമുഖമായി കണ്ടു അന്യായത്തെക്കുറിച്ചു പ്രതിവാദിപ്പാൻ ഇടകിട്ടുംമുമ്പെ യാതൊരു മനുഷ്യനെയും ഏല്പിച്ചു കൊടുക്കുന്നതു റോമക്കാർക്കു മര്യാദയല്ല എന്നു ഞാൻ അവരോടു ഉത്തരം പറഞ്ഞു.

25:17 ആകയാൽ അവർ ഇവിടെ വന്നു കൂടിയാറെ ഞാൻ ഒട്ടും താമസിയാതെ പിറ്റെന്നു തന്നേ ന്യായാസനത്തിൽ ഇരുന്നു ആ പുരുഷനെ കൊണ്ടുവരുവാൻ കല്പിച്ചു.

25:18 വാദികൾ അവന്റെ ചുറ്റും നിന്നു ഞാൻ നിരൂപിച്ചിരുന്ന കുറ്റം

25:19 ഒന്നും ബോധിപ്പിക്കാതെ സ്വന്തമതത്തെക്കുറിച്ചും ജീവിച്ചിരിക്കുന്നു എന്നു പൌലൊസ് പറയുന്ന മരിച്ചുപോയ യേശു എന്നൊരുവനെക്കുറിച്ചും ചില തർക്കസംഗതികളെ കൊണ്ടുവന്നതേയുള്ളു.

25:20 ഇങ്ങനെയുള്ള വിഷയങ്ങളിൽ വിചാരണ നടത്തേണ്ടതു എങ്ങനെയെന്നു ഞാൻ അറിയായ്കയാൽ: നിനക്കു യെരൂശലേമിലേക്കു പോയി അവിടെ ഈ സംഗതികളെക്കുറിച്ചു വിസ്താരം നടപ്പാൻ സമ്മതമുണ്ടോ എന്നു ചോദിച്ചു.

 < 
25:21 എന്നാൽ പൌലൊസ് ചക്രവർത്തിതിരുമനസ്സിലെ വിധിക്കായി തന്നെ സൂക്ഷിക്കേണം എന്നു അഭയംചൊല്ലുകയാൽ കൈസരുടെ അടുക്കൽ അയക്കുവോളം അവനെ സൂക്ഷിപ്പാൻ കല്പിച്ചു.

25:22 ആ മനുഷ്യന്റെ പ്രസംഗം കേൾപ്പാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു എന്നു അഗ്രിപ്പാവു ഫെസ്തൊസിനോടു പറഞ്ഞതിന്നു: നാളെ കേൾക്കാം എന്നു അവൻ പറഞ്ഞു.

25:23 പിറ്റെന്നു അഗ്രിപ്പാവു ബെർന്നീക്കയുമായി വളരെ ആഡംബരത്തോടെ വന്നു. സഹസ്രാധിപതികളോടും നഗരത്തിലെ പ്രധാനികളോടും കൂടെ വിചാരണമണ്ഡപത്തിൽ വന്നാറെ ഫെസ്തൊസിന്റെ കല്പനയാൽ പൌലൊസിനെ കൊണ്ടുവന്നു.

25:24 അപ്പോൾ ഫെസ്തൊസ് പറഞ്ഞതു: അഗ്രിപ്പാരാജാവേ, ഇവിടെ വന്നു കൂടിയിരിക്കുന്ന സകല പുരുഷന്മാരുമായുള്ളോരേ, യെഹൂദന്മാരുടെ സമൂഹം എല്ലാം യെരൂശലേമിലും ഇവിടെയും വെച്ചു എന്നോടു അപേക്ഷിക്കയും അവനെ ജീവനോടെ വെച്ചേക്കരുതു എന്നു നിലവിളിക്കയും ചെയ്ത ഈ മനുഷ്യനെ നിങ്ങൾ കാണുന്നുവല്ലോ.

25:25 അവൻ മരണയോഗ്യമായതു ഒന്നും ചെയ്തിട്ടില്ല എന്നു ഞാൻ ഗ്രഹിച്ചു; അവൻ തന്നെയും ചക്രവർത്തിതിരുമനസ്സിലെ അഭയം ചൊല്ലുകയാൽ അവനെ അയക്കേണം എന്നു വിധിച്ചിരിക്കുന്നു.

 < 
25:26 അവനെക്കുറിച്ചു തിരുമേനിക്കു എഴുതുവാൻ എനിക്കു നിശ്ചയമായതു ഒന്നുമില്ല; അതുകൊണ്ടു വിസ്താരം കഴിഞ്ഞിട്ടു എഴുതുവാൻ വല്ലതും ഉണ്ടാകേണ്ടതിന്നു അവനെ നിങ്ങളുടെ മുമ്പിലും വിശേഷാൽ അഗ്രിപ്പാരാജാവേ, തിരുമുമ്പിലും വരുത്തിയിരിക്കുന്നു.

25:27 തടവുകാരനെ അയക്കുമ്പോൾ അവന്റെ പേരിലുള്ള കുറ്റം കാണിക്കാതിരിക്കുന്നതു യുക്തമല്ല എന്നു തോന്നുന്നു.


* ----------------------------------------

പ്രവൃത്തികൾ അദ്ധ്യായം 26  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32

26:1 അഗ്രിപ്പാവു പൌലൊസിനോടു: നീന്റെ കാര്യം പറവാൻ അനുവാദം ഉണ്ടു എന്നു പറഞ്ഞപ്പോൾ പൌലൊസ് കൈനീട്ടി പ്രതിവാദിച്ചതെന്തെന്നാൽ:

26:2 അഗ്രിപ്പാരാജാവേ, യെഹൂദന്മാർ എന്റെ മേൽ ചുമത്തുന്ന എല്ലാ കുറ്റങ്ങളെയും കുറിച്ചു ഇന്നു തിരുമുമ്പാകെ പ്രതിവാദിപ്പാൻ ഇടവന്നതുകൊണ്ടു,

26:3 വിശേഷാൽ നീ യെഹൂദന്മാരുടെ ഇടയിലെ ആചാരങ്ങളും തർക്കങ്ങളും എല്ലാം അറിയുന്നവൻ ആകയാൽ ഞാൻ ഭാഗ്യവാൻ എന്നു നിരൂപിക്കുന്നു; അതുകൊണ്ടു എന്റെ പ്രതിവാദം ക്ഷമയോടേ കേൾക്കേണമെന്നു അപേക്ഷിക്കുന്നു.

26:4 എന്റെ ജാതിക്കാരുടെ ഇടയിലും യെരൂശലേമിലും ആദിമുതൽ ബാല്യംതുടങ്ങിയുള്ള എന്റെ നടപ്പു യെഹൂദന്മാർ എല്ലാവരും അറിയുന്നു.

26:5 ഞാൻ നമ്മുടെ മാർഗ്ഗത്തിൽ സൂക്ഷ്മത ഏറിയ മതഭേദപ്രകാരം പരീശനായി ജീവിച്ചു എന്നു അവർ ആദിമുതൽ അറിയുന്നു; അവർക്കു മനസ്സുണ്ടെങ്കിൽ സാക്ഷ്യം പറയാം.

 < 
26:6 ദൈവത്താൽ നമ്മുടെ പിതാക്കന്മാർക്കു ലഭിച്ചതും

26:7 നമ്മുടെ പന്ത്രണ്ടു ഗോത്രങ്ങളും രാപ്പകൽ ശ്രദ്ധയോടെ ആരാധിച്ചുകൊണ്ടു എത്തിപ്പിടിപ്പാൻ ആശിക്കുന്നതും ആയ വാഗ്ദത്തത്തിലുള്ള പ്രത്യാശഹേതുവായിട്ടത്രേ ഞാൻ ഇപ്പോൾ വിസ്താരത്തിൽ ആയിരിക്കുന്നതു. ആ പ്രത്യാശയെച്ചൊല്ലി ആകുന്നു രാജാവേ, യെഹൂദന്മാർ എന്റെമേൽ കുറ്റം ചുമത്തുന്നതു.

26:8 ദൈവം മരിച്ചവരെ ഉയിർപ്പിക്കുന്നതു വിശ്വാസയോഗ്യമല്ല എന്നു നിങ്ങൾക്കു തോന്നുന്നതു എന്തു?

26:9 നസറായനായ യേശുവിന്റെ നാമത്തിന്നു വിരോധമായി പലതും പ്രവർത്തിക്കേണം എന്നു ഞാനും വിചാരിച്ചു സത്യം.

26:10 അതു ഞാൻ യെരൂശലേമിൽ ചെയ്തിട്ടുമുണ്ടു; മഹാ പുരോഹിതന്മാരോടു അധികാരപത്രം വാങ്ങി വിശുദ്ധന്മാരിൽ പലരെയും തടവിൽ ആക്കി അടെച്ചു; അവരെ നിഗ്രഹിക്കുന്ന സമയം ഞാനും സമ്മതം കൊടുത്തു.

 < 
26:11 ഞാൻ എല്ലാ പള്ളികളിലും അവരെ പലപ്പോഴും ദണ്ഡിപ്പിച്ചുംകൊണ്ടു ദൂഷണം പറവാൻ നിർബന്ധിക്കയും അവരുടെ നേരെ അത്യന്തം ഭ്രാന്തുപിടിച്ചു അന്യപട്ടണങ്ങളോളവും ചെന്നു അവരെ ഉപദ്രവിക്കയും ചെയ്തു.

26:12 ഇങ്ങനെ ചെയ്തുവരികയിൽ ഞാൻ മഹാപുരോഹിതന്മാരുടെ അധികാരത്തോടും ആജ്ഞയോടും കൂടെ ദമസ്കൊസിലേക്കു യാത്രപോകുമ്പോൾ,

26:13 രാജാവേ, നട്ടുച്ചെക്കു ഞാൻ വഴിയിൽവെച്ചു സൂര്യന്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം ആകാശത്തിൽ നിന്നു എന്നെയും എന്നോടു കൂടെ യാത്രചെയ്യുന്നവരെയും ചുറ്റി പ്രകാശിക്കുന്നതു കണ്ടു.

26:14 ഞങ്ങൾ എല്ലാവരും നിലത്തു വീണപ്പോൾ: ശൌലെ, ശൌലെ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു? മുള്ളിന്റെ നേരെ ഉതെക്കുന്നതു നിനക്കു വിഷമം ആകുന്നു എന്നു എബ്രായഭാഷയിൽ എന്നോടു പറയുന്നൊരു ശബ്ദം ഞാൻ കേട്ടു.

26:15 നീ ആരാകുന്നു കർത്താവേ, എന്നു ഞാൻ ചോദിച്ചതിന്നു കർത്താവു: നീ ഉപദ്രവിക്കുന്ന യേശു തന്നേ ഞാൻ;

 < 
26:16 എങ്കിലും എഴുന്നേറ്റു നിവിർന്നു നിൽക്ക; നീ എന്നെ കണ്ടതിന്നും ഇനി ഞാൻ നിനക്കു പ്രത്യക്ഷൻ ആവാനിരിക്കുന്നതിന്നും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാൻ ഞാൻ നിനക്കു പ്രത്യക്ഷനായി.

26:17 ജനത്തിന്റെയും ജാതികളുടെയും കയ്യിൽനിന്നു ഞാൻ നിന്നെ രക്ഷിക്കും.

26:18 അവർക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു എന്നു കല്പിച്ചു.

26:19 അതുകൊണ്ടു അഗ്രിപ്പാരാജാവേ, ഞാൻ സ്വർഗ്ഗീയദർശനത്തിന്നു അനുസരണക്കേടു കാണിക്കാതെ

26:20 ആദ്യം ദമസ്കൊസിലും യെരൂശലേമിലും യെഹൂദ്യദേശത്തെങ്ങും ഉള്ളവരോടും പിന്നെ ജാതികളോടും മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്കു തിരിഞ്ഞു മാനസാന്തരത്തിന്നു യോഗ്യമായ പ്രവൃത്തികൾ ചെയ്യേണം എന്നു പ്രസംഗിച്ചു.

 < 
26:21 ഇതു നിമിത്തം യെഹൂദന്മാർ ദൈവാലയത്തിൽ വെച്ചു എന്നെ പിടിച്ചു കൊല്ലുവാൻ ശ്രമിച്ചു.

26:22 എന്നാൽ ദൈവത്തിന്റെ സഹായം ലഭിക്കയാൽ ഞാൻ ഇന്നുവരെ നിൽക്കയും ചെറിയവരോടും വലിയവരോടും സാക്ഷ്യം പറഞ്ഞു പോരുകയും ചെയ്യുന്നു.

26:23 ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരുടെ പുനരുത്ഥാനത്തിൽ ആദ്യനായി ജനത്തോടും ജാതികളോടും വെളിച്ചം അറിയിക്കയും ചെയ്യും എന്നു പ്രവാചകന്മാരും മോശെയും ഭാവികാലത്തെക്കുറിച്ചു പ്രസ്താവിച്ചതൊഴികെ വേറെയൊന്നും ഞാൻ പറയുന്നില്ല.

26:24 ഇങ്ങനെ പ്രതിവാദിക്കയിൽ ഫെസ്തൊസ്: പൌലൊസേ, നിനക്കു ഭ്രാന്തുണ്ടു; വിദ്യാ ബഹുത്വത്താൽ നിനക്കു ഭ്രാന്തു പിടിച്ചിരിക്കുന്നു എന്നു ഉറക്കെ പറഞ്ഞു.

26:25 അതിന്നു പൌലൊസ്: രാജശ്രീ ഫെസ്തൊസേ, എനിക്കു ഭ്രാന്തില്ല; ഞാൻ സത്യവും സുബോധവുമായ വാക്കത്രേ സംസാരിക്കുന്നതു.

 < 
26:26 രാജാവിന്നു ഇതിനെക്കുറിച്ചു അറിവുള്ളതുകൊണ്ടു അവനോടു ഞാൻ പ്രാഗത്ഭ്യത്തോടെ സംസാരിക്കുന്നു; അവന്നു ഇതു ഒന്നും മറവായിരിക്കുന്നില്ല എന്നു എനിക്കു നിശ്ചയമുണ്ടു; അതു ഒരു കോണിൽ നടന്നതല്ല.

26:27 അഗ്രിപ്പാരാജാവേ, പ്രവാചകന്മാരെ വിശ്വസിക്കുന്നുവോ? വിശ്വസിക്കുന്നു എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.

26:28 അഗ്രിപ്പാ പൌലൊസിനോടു: ഞാൻ ക്രിസ്ത്യാനിയായിത്തിരുവാൻ നീ എന്നെ അല്പംകൊണ്ടു സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു. - അതിന്നു പൌലൊസ്;

26:29 നീ മാത്രമല്ല, ഇന്നു എന്റെ പ്രസംഗം കേൾക്കുന്നവർ എല്ലാവരും അല്പംകൊണ്ടാകട്ടെ അധികം കൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം എന്നു ഞാൻ ദൈവത്തോടു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.

26:30 അപ്പോൾ രാജാവും ദേശാധിപതിയും ബെർന്നീക്കയും അവരോടുകൂടെ ഇരുന്നവരും എഴുന്നേറ്റു മാറി നിന്നു:

 < 
26:31 ഈ മനുഷ്യൻ മരണത്തിന്നോ ചങ്ങലെക്കോ യോഗ്യമായതു ഒന്നും ചെയ്തിട്ടില്ല എന്നു തമ്മിൽ പറഞ്ഞു.

26:32 കൈസരെ അഭയം ചൊല്ലിയിരുന്നില്ലെങ്കിൽ അവനെ വിട്ടയപ്പാൻ കഴിയുമായിരുന്നു എന്നു അഗ്രിപ്പാവു ഫെസ്തൊസിനോടു പറഞ്ഞു.


* ----------------------------------------

പ്രവൃത്തികൾ അദ്ധ്യായം 27  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44

27:1 ഞങ്ങൾ കപ്പൽ കയറി ഇതല്യെക്കു പോകേണം എന്നു കല്പനയായപ്പോൾ പൌലൊസിനെയും മറ്റു ചില തടവുകാരെയും ഔഗുസ്ത്യപട്ടാളത്തിലെ ശതാധിപനായ യൂലിയൊസിനെ ഏല്പിച്ചു.

27:2 അങ്ങനെ ഞങ്ങൾ ആസ്യക്കര പറ്റി ഓടുവാനുള്ള ഒരു അദ്രമുത്ത്യകപ്പലിൽ കയറി നീക്കി; തെസ്സലൊനിക്കയിൽ നിന്നുള്ള മക്കെദോന്യക്കാരനായ അരിസ്തർഹൊസും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു.

27:3 പിറ്റെന്നു ഞങ്ങൾ സീദോനിൽ എത്തി; യൂലിയൊസ് പൌലൊസിനോടു ദയ കാണിച്ചു, സ്നേഹിതന്മാരുടെ അടുക്കൽ പോയി സൽക്കാരം കൈക്കൊൾവാൻ അനുവദിച്ചു.

27:4 അവിടെ നിന്നു ഞങ്ങൾ നീക്കി, കാറ്റു പ്രതികൂലമാകയാൽ കുപ്രൊസ് ദ്വീപിന്റെ മറപറ്റി ഓടി;

27:5 കിലിക്യ പംഫുല്യ കടൽവഴിയായി ചെന്നു ലുക്കിയയിലെ മുറാപ്പട്ടണത്തിൽ എത്തി.

 < 
27:6 അവിടെ ശതാധിപൻ ഇതല്യെക്കു പോകുന്ന ഒരു അലെക്സന്ത്രിയക്കപ്പൽ കണ്ടു ഞങ്ങളെ അതിൽ കയറ്റി.

27:7 പിന്നെ ഞങ്ങൾ ബഹുദിവസം പതുക്കെ ഓടി, ക്നീദൊസ് തൂക്കിൽ പ്രയാസത്തോടെ എത്തി, കാറ്റു സമ്മതിക്കായ്കയാൽ ക്രേത്തദ്വീപിന്റെ മറപറ്റി ശല്മോനെക്കു നേരെ ഓടി,

27:8 കരപറ്റി പ്രയാസത്തോടെ ലസയ്യപട്ടണത്തിന്റെ സമീപത്തു ശുഭതുറമുഖം എന്നു പേരുള്ള സ്ഥലത്തു എത്തി.

27:9 ഇങ്ങനെ വളരെ നാൾ ചെന്നശേഷം നോമ്പും കഴിഞ്ഞിരിക്കെ കപ്പലോട്ടം വൈഷമ്യം ആകകൊണ്ടു പൌലൊസ്:

27:10 പുരുഷന്മാരേ, ഈ യാത്രയിൽ ചരക്കിന്നും കപ്പലിന്നും മാത്രമല്ല നമ്മുടെ പ്രാണങ്ങൾക്കും ഏറിയ കഷ്ടനഷ്ടങ്ങൾ വരും എന്നു ഞാൻ കാണുന്നു എന്നു അവരെ പ്രബോധിപ്പിച്ചു.

 < 
27:11 ശതാധിപനോ പൌലൊസ് പറഞ്ഞതിനെക്കാൾ മാലുമിയുടെയും കപ്പലുടമസ്ഥന്റെയും വാക്കു അധികം വിശ്വസിച്ചു.

27:12 ആ തുറമുഖം ശീതകാലം കഴിപ്പാൻ തക്കതല്ലായ്കയാൽ അവിടെ നിന്നു നീക്കി തെക്കുപടിഞ്ഞാറായും വടക്കുപടിഞ്ഞാറായും തുറന്നു കിടക്കുന്ന ഫൊയ്നീക്യ എന്ന ക്രേത്തതുറമുഖത്തു കഴിവുണ്ടെങ്കിൽ ചെന്നു ശീതകാലം കഴിക്കേണം എന്നു മിക്കപേരും ആലോചന പറഞ്ഞു.

27:13 തെക്കൻ കാറ്റു മന്ദമായി ഊതുകയാൽ താല്പര്യം സാധിച്ചു എന്നു തോന്നി, അവർ അവിടെ നിന്നു നങ്കൂരം എടുത്തു ക്രേത്ത ദ്വീപിന്റെ മറപറ്റി ഓടി.

27:14 കുറെ കഴിഞ്ഞിട്ടു അതിന്നു വിരോധമായി ഈശാനമൂലൻ എന്ന കൊടങ്കാറ്റു അടിച്ചു.

27:15 കപ്പൽ കാറ്റിന്റെ നേരെ നില്പാൻ കഴിയാതവണ്ണം കുടുങ്ങുകയാൽ ഞങ്ങൾ കൈവിട്ടു അങ്ങനെ പാറിപ്പോയി.

 < 
27:16 ക്ളൌദ എന്ന ചെറിയ ദ്വീപിന്റെ മറപറ്റി ഓടീട്ടു പ്രയാസത്തോടെ തോണി കൈവശമാക്കി.

27:17 അതു വലിച്ചുകയറ്റീട്ടു അവർ കപ്പൽ ചുറ്റിക്കെട്ടിയും മറ്റും ഉറപ്പുവരുത്തി; പിന്നെ മണത്തിട്ടമേൽ അകപ്പെടും എന്നു പേടിച്ചു പായി ഇറക്കി അങ്ങനെ പാറിപ്പോയി.

27:18 ഞങ്ങൾ കൊടുങ്കാറ്റിനാൽ അത്യന്തം അലയുകകൊണ്ടു പിറ്റെന്നു അവർ ചരക്കു പുറത്തുകളഞ്ഞു.

27:19 മൂന്നാം നാൾ അവർ സ്വന്തകയ്യാൽ കപ്പൽകോപ്പും കടലിൽ ഇട്ടുകളഞ്ഞു.

27:20 വളരെ നാളായിട്ടു സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാതെയും വല്ലാത്ത കൊടുങ്കാറ്റു അടിച്ചുകൊണ്ടും ഇരിക്കയാൽ ഞങ്ങൾ രക്ഷപ്പെടും എന്നുള്ള ആശ ഒക്കെയും അറ്റുപോയി.

 < 
27:21 അവർ വളരെ പട്ടിണി കിടന്നശേഷം പൌലോസ് അവരുടെ നടുവിൽ നിന്നുകൊണ്ടു പറഞ്ഞതു: പുരുഷന്മാരേ, എന്റെ വാക്കു അനുസരിച്ചു ക്രേത്തയിൽനിന്നു നീക്കാതെയും ഈ കഷ്ട നഷ്ടങ്ങൾ സമ്പാദിക്കാതെയും ഇരിക്കേണ്ടതായിരുന്നു.

27:22 എങ്കിലും ഇപ്പോൾ ധൈര്യത്തോടിരിപ്പാൻ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു; കപ്പലിന്നു അല്ലാതെ നിങ്ങളിൽ ആരുടെയും പ്രാണന്നു ഹാനി വരികയില്ല.

27:23 എന്റെ ഉടയവനും ഞാൻ സേവിച്ചുവരുന്നവനുമായ ദൈവത്തിന്റെ ദൂതൻ ഈ രാത്രിയിൽ എന്റെ അടുക്കൽനിന്നു:

27:24 പൌലൊസേ, ഭയപ്പെടരുതു; നീ കൈസരുടെ മുമ്പിൽ നിൽക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്രചെയ്യുന്നവരെ ഒക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.

27:25 അതുകൊണ്ടു പുരുഷന്മാരേ, ധൈര്യത്തോടിരിപ്പിൻ; എന്നോടു അരുളിച്ചെയ്തതു പോലെ തന്നേ സംഭവിക്കും എന്നു ഞാൻ ദൈവത്തെ വിശ്വസിക്കുന്നു.

 < 
27:26 എങ്കിലും നാം ഒരു ദ്വീപിന്മേൽ മുട്ടി വീഴേണ്ടതാകുന്നു.

27:27 പതിന്നാലാം രാത്രിയായപ്പോൾ ഞങ്ങൾ അദ്രിയക്കടലിൽ അലയുന്നേരം അർദ്ധരാത്രിയിൽ ഒരു കരെക്കു സമീപിക്കുന്നു എന്നു കപ്പൽക്കാർക്കു തോന്നി.

27:28 അവർ ഈയം ഇട്ടു ഇരുപതു മാറെന്നു കണ്ടു കുറയ അപ്പുറം പോയിട്ടു വീണ്ടും ഈയം ഇട്ടു പതിനഞ്ചു മറ്റൊന്നു കണ്ടു.

27:29 പാറ സ്ഥലങ്ങളിൽ അകപ്പെടും എന്നു പേടിച്ചു അവർ അമരത്തു നിന്നു നാലു നങ്കൂരം ഇട്ടു, നേരം വെളുപ്പാൻ ആഗ്രഹിച്ചുകൊണ്ടിരുന്നു.

27:30 എന്നാൽ കപ്പൽക്കാർ കപ്പൽ വിട്ടു ഓടിപ്പോകുവാൻ വിചാരിച്ചു അണിയത്തുനിന്നു നങ്കൂരം ഇടുവാൻ പോകുന്നു എന്നുള്ള ഭാവത്തിൽ തോണി കടലിൽ ഇറക്കി.

 < 
27:31 അപ്പോൾ പൌലൊസ് ശതാധിപനോടും പടയാളികളോടും: ഇവർ കപ്പലിൽ താമസിച്ചല്ലാതെ നിങ്ങൾക്കു രക്ഷപ്പെടുവാൻ കഴിയുന്നതല്ല എന്നു പറഞ്ഞു.

27:32 പടയാളികൾ തോണിയുടെ കയറു അറുത്തു അതു വീഴിച്ചുകളഞ്ഞു.

27:33 നേരം വെളുക്കാറായപ്പോൾ പൌലൊസ് എല്ലാവരോടും ഭക്ഷണം കഴിക്കേണ്ടതിന്നു അപേക്ഷിച്ചു: നിങ്ങൾ ഒന്നും ഭക്ഷിക്കാതെ കാത്തുകൊണ്ടു പട്ടിണി കിടക്കുന്നതു ഇന്നു പതിന്നാലാം ദിവസം ആകുന്നുവല്ലോ.

27:34 അതുകൊണ്ടു ആഹാരം കഴിക്കേണം എന്നു ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു; അതു നിങ്ങളുടെ രക്ഷെക്കുള്ളതല്ലോ; നിങ്ങളിൽ ഒരുത്തന്റെയും തലയിലെ ഒരു രോമംപോലും നഷ്ടമാകയില്ല നിശ്ചയം എന്നു പറഞ്ഞു.

27:35 ഇങ്ങനെ പറഞ്ഞിട്ടു അപ്പം എടുത്തു എല്ലാവരും കാൺകെ ദൈവത്തെ വാഴ്ത്തിട്ടു നുറുക്കി തിന്നുതുടങ്ങി.

 < 
27:36 അപ്പോൾ എല്ലാവരും ധൈര്യപ്പെട്ടു ഭക്ഷണം കഴിച്ചു.

27:37 കപ്പലിൽ ഞങ്ങൾ ആകപ്പാടെ ഇരുനൂറ്റെഴുപത്താറു ആൾ ഉണ്ടായിരുന്നു.

27:38 അവർ തിന്നു തൃപ്തിവന്നശേഷം ധാന്യം കടലിൽ കളഞ്ഞു കപ്പലിന്റെ ഭാരം കുറെച്ചു.

27:39 വെളിച്ചമായപ്പോൾ ഇന്ന ദേശം എന്നു അവർ അറിഞ്ഞില്ല എങ്കിലും കരയുള്ളോരു തുറ കണ്ടു, കഴിയും എങ്കിൽ കപ്പൽ അതിലേക്കു ഓടിക്കേണം എന്നു ഭാവിച്ചു.

27:40 നങ്കൂരം അറുത്തു കടലിൽ വിട്ടു ചുക്കാന്റെ കെട്ടും അഴിച്ചു പെരുമ്പായ് കാറ്റുമുഖമായി കൊടുത്തു കരെക്കു നേരെ ഓടി.

 < 
27:41 ഇരുകടൽ കൂടിയോരു സ്ഥലത്തിന്മേൽ ചെന്നു കയറുകയാൽ കപ്പൽ അടിഞ്ഞു അണിയം ഉറെച്ചു ഇളക്കമില്ലാതെയായി; അമരം തിരയുടെ കേമത്താൽ ഉടഞ്ഞുപോയി.

27:42 തടവുകാരിൽ ആരും നീന്തി ഓടിപ്പോകാതിരിപ്പാൻ അവരെ കൊല്ലേണം എന്നു പടയാളികൾ ആലോചിച്ചു.

27:43 ശതാധിപനോ പൌലൊസിനെ രക്ഷിപ്പാൻ ഇച്ഛിച്ചിട്ടു അവരുടെ താല്പര്യം തടുത്തു, നീന്തുവാൻ കഴിയുന്നവർ ആദ്യം ചാടി കരെക്കു പറ്റുവാനും

27:44 ശേഷമുള്ളവർ പലകമേലും കപ്പലിന്റെ ഖണ്ഡങ്ങളുടെ മേലുമായി എത്തുവാനും കല്പിച്ചു; ഇങ്ങനെ എല്ലാവരും കരയിൽ എത്തി രക്ഷപ്പെടുവാൻ സംഗതിവന്നു.


* ----------------------------------------

പ്രവൃത്തികൾ അദ്ധ്യായം 28  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31

28:1 രക്ഷപ്പെട്ടശേഷം ദ്വീപിന്റെ പേർ മെലിത്ത എന്നു ഞങ്ങൾ ഗ്രഹിച്ചു.

28:2 അവിടത്തെ ബർബരന്മാർ ഞങ്ങൾക്കു അസാധാരണ ദയ കാണിച്ചു മഴയും ശീതവും നിമിത്തം തീ കൂട്ടി ഞങ്ങളെ ഒക്കെയും കൈക്കൊണ്ടു.

28:3 പൌലൊസ് കുറെ വിറകു പെറുക്കി തീയിൽ ഇട്ടപ്പൊൾ ഒരു അണലി ചൂടുനിമിത്തം പുറപ്പെട്ടു അവന്റെ കൈക്കു പറ്റി.

28:4 ആ ജന്തു അവന്റെ കൈമേൽ തൂങ്ങുന്നതു ബർബരന്മാർ കണ്ടപ്പോൾ: ഈ മനുഷ്യൻ ഒരു കുലപാതകൻ സംശയമില്ല; കടലിലൽ നിന്നു രക്ഷപ്പെട്ടിട്ടും നീതിദേവി അവനെ ജീവിച്ചിരിപ്പാൻ സമ്മതിക്കുന്നില്ല എന്നു തമ്മിൽ പറഞ്ഞു.

28:5 അവനോ ആ ജന്തുവിനെ തീയിൽ കുടഞ്ഞു കളഞ്ഞു, ദോഷം ഒന്നും പറ്റിയില്ല.

 < 
28:6 അവൻ വീർക്കുകയോ പെട്ടെന്നു ചത്തു വീഴുകയോ ചെയ്യും എന്നു വെച്ചു അവർ കാത്തുനിന്നു; വളരെ നേരം കാത്തുനിന്നിട്ടും അവന്നു ആപത്തു ഒന്നും ഭവിക്കുന്നില്ല എന്നു കണ്ടു മനസ്സു മാറി അവൻ ഒരു ദേവൻ എന്നു പറഞ്ഞു.

28:7 ആ സ്ഥലത്തിന്റെ സമീപത്തു പുബ്ളിയൊസ് എന്ന ദ്വീപുപ്രമാണിക്കു ഒരു ജന്മഭൂമി ഉണ്ടായിരുന്നു; അവൻ ഞങ്ങളെ ചേർത്തു മൂന്നു ദിവസം ആദരവോടെ അതിഥിസൽക്കാരം ചെയ്തു.

28:8 പുബ്ളിയൊസിന്റെ അപ്പൻ പനിയും അതിസാരവും പിടിച്ചു കിടപ്പായിരുന്നു. പൌലൊസ് അവന്റെ അടുക്കൽ അകത്തു ചെന്നു പ്രാർത്ഥിച്ചു അവന്റെമേൽ കൈവെച്ചു സൌഖ്യം വരുത്തി.

28:9 ഇതു സംഭവിച്ചശേഷം ദ്വീപിലെ മറ്റു ദീനക്കാരും വന്നു സൌഖ്യം പ്രാപിച്ചു.

28:10 അവരും ഏറിയ സമ്മാനം തന്നു ഞങ്ങളെ മാനിച്ചു; ഞങ്ങൾ കപ്പൽ കയറുന്ന സമയം ആവശ്യമുള്ളതു കയറ്റിത്തന്നു.

 < 
28:11 മൂന്നു മാസം കഴിഞ്ഞശേഷം ആ ദ്വീപിൽ ശീതകാലം കഴിച്ചു കിടന്നിരുന്ന അശ്വനി ചിഹ്നമുള്ളോരു അലെക്സന്ത്രിയകപ്പലിൽ ഞങ്ങൾ കയറി പുറപ്പെട്ടു,

28:12 സുറക്കൂസയിൽ കരെക്കിറിങ്ങി മൂന്നു നാൾ പാർത്തു; അവിടെ നിന്നു ചുറ്റി ഓടി രേഗ്യൊനിൽ എത്തി.

28:13 ഒരു ദിവസം കഴിഞ്ഞിട്ടു തെക്കങ്കാറ്റു അടിച്ചതിനാൽ പിറ്റേന്നു പുത്യൊലിയിൽ എത്തി.

28:14 അവിടെ സഹോദരന്മാരെ കണ്ടു തങ്ങളോടു കൂടെ ഏഴു നാൾ താമസിക്കേണം എന്നു അവൻ അപേക്ഷിച്ചു; പിന്നെ ഞങ്ങൾ റോമയിൽ എത്തി.

28:15 അവിടത്തെ സഹോദരന്മാർ ഞങ്ങളുടെ വർത്തമാനം കേട്ടിട്ടു അപ്യപുരവും ത്രിമണ്ഡപവും വരെ ഞങ്ങളെ എതിരേറ്റു വന്നു; അവരെ കണ്ടിട്ടു പൌലൊസ് ദൈവത്തെ വാഴ്ത്തി ധൈര്യം പ്രാപിച്ചു.

 < 
28:16 റോമയിൽ എത്തിയശേഷം തനിക്കു കാവലായ പടയാളിയോടുകൂടെ വേറിട്ടു പാർപ്പാൻ പൌലൊസിന്നു അനുവാദം കിട്ടി.

28:17 മൂന്നു ദിവസം കഴിഞ്ഞിട്ടു അവൻ യെഹൂദന്മാരിൽ പ്രധാനികളായവരെ വിളിപ്പിച്ചു. അവർ വന്നുകൂടിയപ്പോൾ അവരോടു പറഞ്ഞതു: സഹോദരന്മാരേ, ഞാൻ ജനത്തിന്നോ പിതാക്കന്മാരുടെ ആചാരങ്ങൾക്കോ വിരോധം ഒന്നും ചെയ്തിട്ടില്ലാതിരിക്കെ എന്നെ യെരൂശലേമിൽനിന്നു ബദ്ധനായി റോമക്കാരുടെ കയ്യിൽ ഏല്പിച്ചു.

28:18 അവർ വിസ്തരിച്ചാറെ മരണയോഗ്യമായതു ഒന്നും എന്നിൽ കാണായ്കയാൽ എന്നെ വിട്ടയപ്പാൻ അവർക്കു മനസുണ്ടായിരുന്നു

28:19 എന്നാൽ യെഹൂദന്മാർ എതിർപറകയാൽ ഞാൻ കൈസരെ അഭയം ചൊല്ലേണ്ടിവന്നു; എന്റെ ജാതിയുടെ നേരെ അന്യായം ബോധിപ്പിപ്പാൻ എനിക്കു യാതൊന്നും ഉണ്ടായിട്ടല്ലതാനും.

28:20 ഇതു ഹേതുവായി നിങ്ങളെ കണ്ടു സംസാരിക്കേണം എന്നുവെച്ചു ഞാൻ നിങ്ങളെ വിളിപ്പിച്ചു. യിസ്രായേലിന്റെ പ്രത്യാശനിമിത്തം ആകുന്നു ഞാൻ ഈ ചങ്ങല ചുമക്കുന്നതു.

 < 
28:21 അവർ അവനോടു; നിന്റെ സംഗതിക്കു യെഹൂദ്യയിൽ നിന്നു ഞങ്ങൾക്കു എഴുത്തു വരികയോ സഹോദരന്മാരിൽ ആരും വന്നു നിന്നെക്കൊണ്ടു യാതൊരു ദോഷവുംപറകയോ ചെയ്തിട്ടില്ല.

28:22 എങ്കിലും ഈ മതഭേദത്തിന്നു എല്ലായിടത്തും വിരോധം പറയുന്നു എന്നു ഞങ്ങൾ അറിയുന്നതിനാൽ നിന്റെ മതം ഇന്നതു എന്നു നീ തന്നേ പറഞ്ഞുകേൾപ്പാൻ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു.

28:23 ഒരു ദിവസം നിശ്ചയിച്ചിട്ടു പലരും അവന്റെ പാർപ്പിടത്തിൽ അവന്റെ അടുക്കൽ വന്നു; അവരോടു അവൻ ദൈവരാജ്യത്തിന്നു സാക്ഷ്യം പറഞ്ഞു മോശെയുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ചു അവർക്കു ബോധം വരുമാറു രാവിലെ തുടങ്ങി സന്ധ്യവരെ വിവരിച്ചു.

28:24 അവൻ പറഞ്ഞതു ചിലർ സമ്മതിച്ചു; ചിലർ വിശ്വസിച്ചില്ല.

28:25 അവർ തമ്മിൽ യോജിക്കാതെ പിരിഞ്ഞുപോകുമ്പോൾ പൌലൊസ് അവരോടു ഒരു വാക്കു പറഞ്ഞതെന്തെന്നാൽ:

 < 
28:26 “നിങ്ങൾ ചെവികൊണ്ടു കേട്ടിട്ടും ഗ്രഹിക്കാതിരിക്കും; കണ്ണുകൊണ്ടു കണ്ടിട്ടും കാണാതിരിക്കും; കണ്ണുകൊണ്ടു കാണാതെയും ചെവികൊണ്ടു കേൾക്കാതെയും ഹൃദയംകൊണ്ടു ഗ്രഹിച്ചു മനന്തിരിയാതെയും.

28:27 ഞാൻ അവരെ സൌഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു. അവരുടെ ചെവി കേൾപ്പാൻ മന്ദമായിരിക്കുന്നു; അവരുടെ കണ്ണു അടെച്ചിരിക്കുന്നു എന്നു ഈ ജനത്തിന്റെ അടുക്കൽ പോയി പറക” എന്നിങ്ങനെ പരിശുദ്ധാത്മാവു യെശയ്യാപ്രവാചകൻ മുഖാന്തരം നിങ്ങളുടെ പിതാക്കന്മാരോടു പറഞ്ഞിരിക്കുന്നതു ശരി തന്നേ.

28:28 ആകയാൽ ദൈവം തന്റെ ഈ രക്ഷ ജാതികൾക്കു അയച്ചിരിക്കുന്നു; അവർ കേൾക്കും എന്നു നിങ്ങൾ അറിഞ്ഞുകൊൾവിൻ.

28:29 അവൻ കൂലിക്കു വാങ്ങിയ വീട്ടിൽ രണ്ടു സംവത്സരം മുഴുവൻ പാർത്തു, തന്റെ അടുക്കൽ വരുന്നവരെ ഒക്കെയും കൈക്കൊണ്ടു

28:30 പൂർണ്ണ പ്രാഗത്ഭ്യത്തോടെ വിഘ്നംകൂടാതെ ദൈവരാജ്യം പ്രസംഗിച്ചും കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു ഉപദേശിച്ചും പോന്നു.

 < 
28:31

* ----------------------------------------

അന്തം  < 
































Acts

Indian Malayalam Bible (IMM)