A         A         A         A

106 റോമർ - Romans

ബൈബിള്‍ - സത്യവേദപുസ്തകം
 <  1 2 3 4 5 6 7 8 9 10 11 12 13 14 15 16

* ----------------------------------------

റോമർ അദ്ധ്യായം 1  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32

1:1 ദൈവം തന്റെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെക്കുറിച്ചു

1:2 വിശുദ്ധരേഖകളിൽ തന്റെ പ്രവാചകന്മാർ മുഖാന്തരം മുമ്പുകൂട്ടി വാഗ്ദത്തം ചെയ്ത സുവിശേഷത്തിന്നായി വേർതിരിച്ചു വിളിക്കപ്പെട്ട അപ്പൊസ്തലനും യേശുക്രിസ്തുവിന്റെ ദാസനുമായ പൌലൊസ്

1:3 റോമയിൽ ദൈവത്തിന്നു പ്രിയരും വിളിക്കപ്പെട്ട വിശുദ്ധന്മാരുമായ എല്ലാവർക്കും എഴുതുന്നതു:

1:4 നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

1:5 ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയിൽനിന്നു ജനിക്കയും മരിച്ചിട്ടു ഉയിർത്തെഴുന്നേൽക്കയാൽ വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവപുത്രൻ എന്നു ശക്തിയോടെ നിർണ്ണയിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ ഞങ്ങൾ

 < 
1:6 അവന്റെ നാമത്തിന്നായി സകലജാതികളുടെയും ഇടയിൽ വിശ്വാസത്തിന്നു അനുസരണം വരുത്തേണ്ടതിന്നു കൃപയും അപ്പൊസ്തലത്വവും പ്രാപിച്ചതു.

1:7 അവരിൽ യേശുക്രിസ്തുവിന്നായി വിളിക്കപ്പെട്ട നിങ്ങളും ഉൾപ്പെട്ടിരിക്കുന്നു.

1:8 നിങ്ങളുടെ വിശ്വാസം സർവ്വലോകത്തിലും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ ആദ്യം തന്നേ എന്റെ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം നിങ്ങൾക്കെല്ലാവർക്കും വേണ്ടി സ്തോത്രം ചെയ്യുന്നു.

1:9 ഞാൻ ഇടവിടാതെ നിങ്ങളെ ഓർത്തുകൊണ്ടു ദൈവേഷ്ടത്താൽ എപ്പോൾ എങ്കിലും നിങ്ങളുടെ അടുക്കൽ വരുവാൻ സാധിക്കേണ്ടതിന്നു എന്റെ പ്രാർത്ഥനയിൽ എപ്പോഴും യാചിക്കുന്നു

1:10 എന്നുള്ളതിന്നു അവന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തിൽ ഞാൻ എന്റെ ആത്മാവിൽ ആരാധിക്കുന്ന ദൈവം എനിക്കു സാക്ഷി.

 < 
1:11 നിങ്ങളുടെ സ്ഥിരീകരണത്തിന്നായി ആത്മികവരം വല്ലതും നിങ്ങൾക്കു നല്കേണ്ടതിന്നു,

1:12 അതായതു നിങ്ങൾക്കും എനിക്കും ഒത്തൊരുമിച്ചുള്ള വിശ്വാസത്താൽ നിങ്ങളോടുകൂടെ എനിക്കും ആശ്വാസം ലഭിക്കേണ്ടതിന്നു ഞാൻ നിങ്ങളെ കാണ്മാൻ വാഞ്ഛിക്കുന്നു.

1:13 എന്നാൽ സഹോദരന്മാരേ, എനിക്കു ശേഷം ജാതികളിൽ എന്നപോലെ നിങ്ങളിലും വല്ല ഫലവും ഉണ്ടാകേണ്ടതിന്നു നിങ്ങളുടെ അടുക്കൽ വരുവാൻ പലപ്പോഴും ഭാവിച്ചു എങ്കിലും ഇതുവരെ മുടക്കം വന്നു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു.

1:14 യവനന്മാർക്കും ബർബരന്മാർക്കും ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു.

1:15 അങ്ങനെ റോമയിലുള്ള നിങ്ങളോടും സുവിശേഷം അറിയിപ്പാൻ എന്നാൽ ആവോളം ഞാൻ ഒരുങ്ങിയിരിക്കുന്നു.

 < 
1:16 സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവന്നും ആദ്യം യെഹൂദന്നും പിന്നെ യവനവന്നും അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ.

1:17 അതിൽ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും വെളിപ്പെടുന്നു. “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ.

1:18 അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽ നിന്നു വെളിപ്പെടുന്നു.

1:19 ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവർക്കു വെളിവായിരിക്കുന്നു;

1:20 ദൈവം അവർക്കു വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.

 < 
1:21 അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.

1:22 ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി;

1:23 അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു.

1:24 അതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്തശരീരങ്ങളെ തമ്മിൽ തമ്മിൽ അവമാനിക്കേണ്ടതിന്നു അശുദ്ധിയിൽ ഏല്പിച്ചു.

1:25 ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; അവൻ എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ.

 < 
1:26 അതുകൊണ്ടു ദൈവം അവരെ അവമാനരാഗങ്ങളിൽ ഏല്പിച്ചു; അവരുടെ സ്ത്രീകൾ സ്വാഭാവികഭോഗത്തെ സ്വഭാവവിരുദ്ധമാക്കിക്കളഞ്ഞു.

1:27 അവ്വണ്ണം പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോടു ആൺ അവലക്ഷണമായതു പ്രവർത്തിച്ചു. ഇങ്ങനെ അവർ തങ്ങളുടെ വിഭ്രമത്തിന്നു യോഗ്യമായ പ്രതിഫലം തങ്ങളിൽ തന്നേ പ്രാപിച്ചു.

1:28 ദൈവത്തെ പരിജ്ഞാനത്തിൽ ധരിപ്പാൻ ഇഷ്ടമില്ലാഞ്ഞതിന്നു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്‍വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു.

1:29 അവർ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുർബ്ബുദ്ധിയും നിറഞ്ഞവർ; അസൂയ, കുല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവർ,

1:30 കുരളക്കാർ, ഏഷണിക്കാർ, ദൈവദ്വേഷികൾ, നിഷ്ഠൂരന്മാർ, ഗർവ്വിഷ്ഠന്മാർ, ആത്മപ്രശംസക്കാർ, പുതുദോഷം സങ്കല്പിക്കുന്നവർ, മാതാപിതാക്കന്മാരെ അനുസരിക്കാത്തവർ,

 < 
1:31 ബുദ്ധിഹീനർ, നിയമലംഘികൾ, വാത്സല്യമില്ലാത്തവർ, കനിവറ്റവർ

1:32 ഈ വക പ്രവൃത്തിക്കുന്നവർ മരണയോഗ്യർ എന്നുള്ള ദൈവന്യായം അവർ അറിഞ്ഞിട്ടും അവയെ പ്രവർത്തിക്ക മാത്രമല്ല പ്രവർത്തിക്കുന്നവരിൽ പ്രസാദിക്കയുംകൂടെ ചെയ്യുന്നു.


* ----------------------------------------

റോമർ അദ്ധ്യായം 2  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29

2:1 അതുകൊണ്ടു വിധിക്കുന്ന ഏതു മനുഷ്യനുമായുള്ളോവേ, നിനക്കു പ്രതിവാദം പറവാൻ ഇല്ല; അന്യനെ വിധിക്കുന്നതിൽ നീ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു; വിധിക്കുന്ന നീ അതു തന്നേ പ്രവർത്തിക്കുന്നുവല്ലോ.

2:2 എന്നാൽ ആവക പ്രവർത്തിക്കുന്നവരുടെ നേരെ ദൈവത്തിന്റെ വിധി സത്യാനുസരണയായിരിക്കുന്നു എന്നു നാം അറിയുന്നു.

2:3 ആവക പ്രവർത്തിക്കുന്നവരെ വിധിക്കയും അതു തന്നേ പ്രവർത്തിക്കയും ചെയ്യുന്ന മനുഷ്യ, നീ ദൈവത്തിന്റെ വിധിയിൽനിന്നു തെറ്റി ഒഴിയും എന്നു നിനെക്കുന്നുവോ?

2:4 അല്ല, ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്നു അറിയാതെ നീ അവന്റെ ദയ, ക്ഷമ, ദീർഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ?

2:5 എന്നാൽ നിന്റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്കു നിനക്കു തന്നേ കോപം ചരതിച്ചുവെക്കുന്നു.

 < 
2:6 അവൻ ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും.

2:7 നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരത പൂണ്ടു തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവർക്കു

2:8 നിത്യജീവനും, ശാഠ്യം പൂണ്ടു സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവർക്കു കോപവും ക്രോധവും കൊടുക്കും.

2:9 തിന്മ പ്രവർത്തിക്കുന്ന ഏതു മനുഷ്യാത്മാവിന്നും കഷ്ടവും സങ്കടവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും വരും.

2:10 നന്മ പ്രവർത്തിക്കുന്ന ഏവന്നും മഹത്വവും മാനവും സമാധാനവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും ലഭിക്കും.

 < 
2:11 ദൈവത്തിന്റെ പക്കൽ മുഖപക്ഷം ഇല്ലല്ലോ.

2:12 ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണത്താൽ വിധിക്കപ്പെടും.

2:13 ന്യായപ്രമാണം കേൾക്കുന്നവരല്ല ദൈവസന്നിധിയിൽ നീതിമാന്മാർ; ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതികരിക്കപ്പെടുന്നതു.

2:14 ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു.

2:15 അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു;

 < 
2:16 ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളിൽ തന്നേ.

2:17 നീയോ യെഹൂദൻ എന്നു പേർകൊണ്ടും ന്യായപ്രമാണത്തിൽ ആശ്രയിച്ചും

2:18 ദൈവത്തിൽ പ്രശംസിച്ചും ന്യായപ്രമാണത്തിൽ നിന്നു പഠിക്കയാൽ അവന്റെ ഇഷ്ടം അറിഞ്ഞും ഭേദാഭേദങ്ങൾ വിവേചിച്ചും

2:19 ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സ്വരൂപം ന്യായപ്രമാണത്തിൽ നിന്നു നിനക്കു ലഭിച്ചതുകൊണ്ടു നീ കുരുടർക്കു വഴി കാട്ടുന്നവൻ,

2:20 ഇരുട്ടിലുള്ളവർക്കു വെളിച്ചം, മൂഢരെ പഠിപ്പിക്കുന്നവൻ, ശിശുക്കൾക്കു ഉപദേഷ്ടാവു എന്നു ഉറെച്ചുമിരിക്കുന്നെങ്കിൽ-

 < 
2:21 ഹേ, അന്യനെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നെ ഉപദേശിക്കാത്തതു എന്തു? മോഷ്ടിക്കരുതു എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ?

2:22 വ്യഭിചാരം ചെയ്യരുതു എന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രം കവർച്ച ചെയ്യുന്നുവോ?

2:23 ന്യായപ്രമാണത്തിൽ പ്രശംസിക്കുന്ന നീ ന്യായപ്രമാണലംഘനത്താൽ ദൈവത്തെ അപമാനിക്കുന്നുവോ?

2:24 “നിങ്ങൾ നിമിത്തം ദൈവത്തിന്റെ നാമം ജാതികളുടെ ഇടയിൽ ദുഷിക്കപ്പെടുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.

2:25 നീ ന്യായപ്രമാണം ആചരിച്ചാൽ പരിച്ഛേദന പ്രയോജനമുള്ളതു സത്യം; ന്യായപ്രമാണലംഘിയായാലോ നിന്റെ പരിച്ഛേദന അഗ്രചർമ്മമായിത്തീർന്നു.

 < 
2:26 അഗ്രചർമ്മി ന്യായപ്രമാണത്തിന്റെ നിയമങ്ങളെ പ്രമാണിച്ചാൽ അവന്റെ അഗ്രചർമ്മം പരിച്ഛേദന എന്നു എണ്ണുകയില്ലയോ?

2:27 സ്വഭാവത്താൽ അഗ്രചർമ്മിയായവൻ ന്യായപ്രമാണം അനുഷ്ഠിക്കുന്നു എങ്കിൽ അക്ഷരവും പരിച്ഛേദനയുമുള്ള ന്യായപ്രമാണലംഘിയായ നിന്നെ അവൻ വിധിക്കയില്ലയോ?

2:28 പുറമെ യെഹൂദനായവൻ യെഹൂദനല്ല; പുറമെ ജഡത്തിലുള്ളതു പരിച്ഛേദനയുമല്ല;

2:29 അകമെ യെഹൂദനായവനത്രേ യെഹൂദൻ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അവന്നു മനുഷ്യരാലല്ല ദൈവത്താൽ തന്നേ പുകഴ്ച ലഭിക്കും.


* ----------------------------------------

റോമർ അദ്ധ്യായം 3  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31

3:1 എന്നാൽ യെഹൂദന്നു എന്തു വിശേഷത? അല്ല, പരിച്ഛേദനയാൽ എന്തു പ്രയോജനം?

3:2 സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.

3:3 ചിലർ വിശ്വസിച്ചില്ല എങ്കിൽ അവരുടെ അവിശ്വാസത്താൽ ദൈവത്തിന്റെ വിശ്വസ്തതെക്കു നീക്കം വരുമോ? ഒരുനാളും ഇല്ല.

3:4 “നിന്റെ വാക്കുകളിൽ നീ നീതീകരിക്കപ്പെടുവാനും, നിന്റെ ന്യായവിസ്താരത്തിൽ ജയിപ്പാനും” എന്നു എഴുതിയിരിക്കുന്നതുപോലെ ദൈവം സത്യവാൻ, സകല മനുഷ്യരും ഭോഷ്കു പറയുന്നവർ എന്നേ വരൂ.

3:5 എന്നാൽ നമ്മുടെ അനീതി ദൈവത്തിന്റെ നീതിയെ പ്രസിദ്ധമാക്കുന്നു എങ്കിൽ നാം എന്തു പറയും? ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവൻ എന്നോ? ഞാൻ മാനുഷരീതിയിൽ പറയുന്നു — ഒരുനാളുമല്ല;

 < 
3:6 അല്ലെങ്കിൽ ദൈവം ലോകത്തെ എങ്ങനെ വിധിക്കും?

3:7 ദൈവത്തിന്റെ സത്യം എന്റെ ഭോഷ്കിനാൽ അവന്റെ മഹത്വത്തിന്നായി അധികം തെളിവായി എങ്കിൽ എന്നെ പാപി എന്നു വിധിക്കുന്നതു എന്തു?

3:8 നല്ലതു വരേണ്ടതിന്നു തീയതുചെയ്ക എന്നു പറയരുതോ? ഞങ്ങൾ അങ്ങനെ പറയുന്നു എന്നു ചിലർ ഞങ്ങളെ ദുഷിച്ചുപറയുന്നുവല്ലോ. ഇവർക്കു വരുന്ന ശിക്ഷാവിധി നീതിയുള്ളതു തന്നേ.

3:9 ആകയാൽ എന്തു? നമുക്കു വിശേഷതയുണ്ടോ? അശേഷമില്ല; യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിൻ കീഴാകുന്നു എന്നു നാം മുമ്പെ തെിളിയിച്ചുവല്ലോ;

3:10 “നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല.

 < 
3:11 ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല.

3:12 എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല.

3:13 അവരുടെ തൊണ്ട തുറന്ന ശവക്കുഴി: നാവുകൊണ്ടു അവർ ചതിക്കുന്നു; സർപ്പവിഷം അവരുടെ അധരങ്ങൾക്കു കീഴെ ഉണ്ടു.

3:14 അവരുടെ വായിൽ ശാപവും കൈപ്പും നിറഞ്ഞിരിക്കുന്നു.

3:15 അവരുടെ കാൽ രക്തം ചൊരിയുവാൻ ബദ്ധപ്പെടുന്നു.

 < 
3:16 നാശവും അരിഷ്ടതയും അവരുടെ വഴികളിൽ ഉണ്ടു.

3:17 സമാധാനമാർഗ്ഗം അവർ അറിഞ്ഞിട്ടില്ല.

3:18 അവരുടെ ദൃഷ്ടയിൽ ദൈവഭയം ഇല്ല” എന്നിങ്ങനെ എഴുതിയിരിക്കുന്നുവല്ലോ.

3:19 ന്യായപ്രമാണം പറയുന്നതു എല്ലാം ന്യായപ്രമാണത്തിൻ കീഴുള്ളവരോടു പ്രസ്താവിക്കുന്നു എന്നു നാം അറിയുന്നു. അങ്ങനെ ഏതു വായും അടഞ്ഞു സർവ്വലോകവും ദൈവസന്നിധിയിൽ ശിക്ഷായോഗ്യമായിത്തീരേണ്ടതത്രേ.

3:20 അതുകൊണ്ടു ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും അവന്റെ സന്നിധിയിൽ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താൽ പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നതു.

 < 
3:21 ഇപ്പോഴോ ദൈവത്തിന്റെ നീതി, വിശ്വസിക്കുന്ന എല്ലാവർക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതി, തന്നേ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു.

3:22 അതിന്നു ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.

3:23 ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു,

3:24 അവന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നതു.

3:25 വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ,

 < 
3:26 താൻ നീതിമാനും യേശുവിൽ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന്നു ഇക്കാലത്തു തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ തന്നേ അങ്ങനെ ചെയ്തതു.

3:27 ആകയാൽ പ്രശംസ എവിടെ? അതുപൊയ്പോയി. ഏതു മാർഗ്ഗത്താൽ? കർമ്മ മാർഗ്ഗത്താലോ? അല്ല, വിശ്വാസമാർഗ്ഗത്താലത്രേ.

3:28 അങ്ങനെ മനുഷ്യൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൂടാതെ വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു.

3:29 അല്ല, ദൈവം യെഹൂദന്മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതേ ജാതികളുടെയും ദൈവം ആകുന്നു.

3:30 ദൈവം ഏകനല്ലോ; അവൻ വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താൽ അഗ്രചർമ്മികളെയും നീതീകരിക്കുന്നു.

 < 
3:31 ആകയാൽ നാം വിശ്വാസത്താൽ ന്യായപ്രമാണത്തെ ദുർബ്ബലമാക്കുന്നുവോ? ഒരു നാളും ഇല്ല; നാം ന്യായപ്രമാണത്തെ ഉറപ്പിക്കയത്രേ ചെയ്യുന്നു.


* ----------------------------------------

റോമർ അദ്ധ്യായം 4  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25

4:1 എന്നാൽ നമ്മുടെ പൂർവ്വപിതാവായ അബ്രാഹാം ജഡപ്രകാരം എന്തു പ്രാപിച്ചു എന്നു പറയേണ്ടു?

4:2 അബ്രാഹാം പ്രവൃത്തിയാൽ നീതീകരിക്കപ്പെട്ടു എങ്കിൽ അവന്നു പ്രശംസിപ്പാൻ സംഗതി ഉണ്ടു; ദൈവസന്നിധിയിൽ ഇല്ലതാനും,

4:3 തിരുവെഴുത്തു എന്തു പറയുന്നു? “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു” എന്നു തന്നേ.

4:4 എന്നാൽ പ്രവർത്തിക്കുന്നവന്നു കൂലി കണക്കിടുന്നതു കൃപയായിട്ടല്ല കടമായിട്ടത്രേ.

4:5 പ്രവർത്തിക്കാത്തവൻ എങ്കിലും അഭക്തനെ നിതീകരിക്കുന്നവനിൽ വിശ്വസിക്കുന്നവന്നോ അവന്റെ വിശ്വാസം നീതിയായി കണക്കിടുന്നു.

 < 
4:6 ദൈവം പ്രവൃത്തിക്കുടാതെ നീതികണക്കിടുന്ന മനുഷ്യന്റെ ഭാഗ്യം ദാവീദും വർണ്ണിക്കുന്നതു:

4:7 “അധർമ്മം മോചിച്ചും പാപം മറെച്ചും കിട്ടിയവർ ഭാഗ്യവാന്മാർ.

4:8 കർത്താവു പാപം കണക്കിടാത്ത മനുഷ്യൻ ഭാഗ്യവാൻ.”

4:9 ഈ ഭാഗ്യവർണ്ണനം പരിച്ഛേദനെക്കോ? അഗ്രചർമ്മത്തിന്നു കൂടെയോ? അബ്രാഹാമിന്നു വിശ്വാസം നീതിയായി കണക്കിട്ടു എന്നല്ലോ നാം പറയുന്നതു.

4:10 എങ്ങനെ കണക്കിട്ടതു? പരിച്ഛേദനയിലോ? അഗ്രചർമ്മത്തിലോ? പരിച്ഛേദനയിലല്ല. അഗ്രചർമ്മത്തിലത്രേ.

 < 
4:11 അഗ്രചർമ്മത്തിൽവെച്ചു ഉണ്ടായിരുന്നു വിശ്വാസനീതിക്കു മുദ്രയായി പരിച്ഛേദന എന്ന അടയാളം അവന്നു ലഭിച്ചതു അഗ്രചർമ്മത്തോട വിശ്വസിക്കുന്നവർക്കും കൂടെ നീതി കണക്കിടപ്പെടുവാന്തക്കവണ്ണം താൻ അവർക്കു എല്ലാവർക്കും പിതാവായിരിക്കേണ്ടതിന്നും

4:12 പരിച്ഛേദന മാത്രമുള്ളവരല്ല നമ്മുടെ പിതാവായ അബ്രാഹാമിന്നു അഗ്രചർമ്മത്തിൽവെച്ചു ഉണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുന്നവരുമായ പരിച്ഛേദനക്കാർക്കു പിതാവായിരിക്കേണ്ടതിന്നും തന്നേ.

4:13 ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.

4:14 എന്നാൽ ന്യായപ്രമാണമുള്ളവർ അവകാശികൾ എങ്കിൽ വിശ്വാസം വ്യർത്ഥവും വാഗ്ദത്തം ദുർബ്ബലവും എന്നു വരും.

4:15 ന്യായപ്രമാണമോ കോപത്തിന്നു ഹേതുവാകുന്നു; ന്യായപ്രമാണം ഇല്ലാത്തേടത്തു ലംഘനവുമില്ല.

 < 
4:16 അതുകൊണ്ടു കൃപാദാനം എന്നു വരേണ്ടതിന്നു വിശ്വാസത്താലത്രേ അവകാശികൾ ആകുന്നതു; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവർക്കു മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസമുള്ളവർക്കും കൂടെ ഉറപ്പാകേണ്ടതിന്നു തന്നെ.

4:17 മരിച്ചവരെ ജീവിപ്പിക്കയും ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കയും ചെയ്യുന്നവനായി താൻ വിശ്വസിച്ച ദൈവത്തിന്റെ ദൃഷ്ടിയിൽ അവൻ നമുക്കെല്ലാവർക്കും പിതാവാകേണ്ടതിന്നു തന്നേ. “ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കിവെച്ചു” എന്നു എഴുതിയിരിക്കുന്നുവല്ലോ.

4:18 “നിന്റെ സന്തതി ഇവ്വണ്ണം ആകും എന്നു അരുളിച്ചെയ്തിരിക്കുന്നതുപോലെ താൻ ബഹുജാതികൾക്കു പിതാവാകും എന്നു അവൻ ആശെക്കു വിരോധമായി ആശയോടെ വിശ്വസിച്ചു.

4:19 അവൻ ഏകദേശം നൂറു വയസ്സുള്ളവനാകയാൽ തന്റെ ശരീരം നിർജ്ജീവമായിപ്പോയതും സാറയുടെ ഗർഭപാത്രത്തിന്റെ നിർജ്ജീവത്വവും ഗ്രഹിച്ചിട്ടും വിശ്വാസത്തിൽ ക്ഷീണിച്ചില്ല.

4:20 ദൈവത്തിന്റെ വാഗ്ദത്തത്തിങ്കൽ അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു ദൈവത്തിന്നു മഹത്വം കൊടുത്തു,

 < 
4:21 അവൻ വാഗ്ദത്തം ചെയ്തതു പ്രവർത്തിപ്പാനും ശക്തൻ എന്നു പൂർണ്ണമായി ഉറെച്ചു.

4:22 അതുകൊണ്ടു അതു അവന്നു നീതിയായി കണക്കിട്ടു.

4:23 അവന്നു കണക്കിട്ടു എന്നു എഴുതിയിരിക്കുന്നതു അവനെ വിചാരിച്ചു മാത്രം അല്ല,

4:24 നമ്മെ വിചാരിച്ചുംകൂടെ ആകുന്നു. നമ്മുടെ അതിക്രമങ്ങൾ നിമിത്തം മരണത്തിന്നു ഏല്പിച്ചും നമ്മുടെ നീതീകരണത്തിന്നായി ഉയിർപ്പിച്ചുമിരിക്കുന്ന

4:25 നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്നു ഉയർപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാൽ തന്നേ.

 < 

* ----------------------------------------

റോമർ അദ്ധ്യായം 5  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21

5:1 വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു.

5:2 നാം നില്ക്കുന്ന ഈ കൃപയിലേക്കു നമുക്കു അവന്മൂലം വിശ്വാസത്താൽ പ്രവേശനവും ലഭിച്ചിരിക്കുന്നു; നാം ദൈവതേജസ്സിന്റെ പ്രത്യാശയിൽ പ്രശംസിക്കുന്നു.

5:3 അതു തന്നേ അല്ല, കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞു

5:4 നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു.

5:5 പ്രത്യാശെക്കോ ഭംഗം വരുന്നില്ല; ദൈവത്തിന്റെ സ്നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നുവല്ലോ.

 < 
5:6 നാം ബലഹീനർ ആയിരിക്കുമ്പോൾ തന്നേ ക്രിസ്തു തക്കസമയത്തു അഭക്തർക്കുവേണ്ടി മരിച്ചു.

5:7 നീതിമാന്നുവേണ്ടി ആരെങ്കിലും മരിക്കുന്നതു ദുർല്ലഭം; ഗുണവാന്നുവേണ്ടി പക്ഷേ മരിപ്പാൻ തുനിയുമായിരിക്കും.

5:8 ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.

5:9 അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽ നിന്നു രക്ഷിക്കപ്പെടും.

5:10 ശത്രുക്കളായിരിക്കുമ്പോൾ തന്നേ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും.

 < 
5:11 അത്രയുമല്ല, നമുക്കു ഇപ്പോൾ നിരപ്പു ലഭിച്ചതിന്നു കാരണമായ നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നാം ദൈവത്തിൽ പ്രശംസിക്കയും ചെയ്യുന്നു.

5:12 അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.

5:13 പാപമോ ന്യായപ്രമാണംവരെ ലോകത്തിൽ ഉണ്ടായിരുന്നു; എന്നാൽ ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോൾ പാപത്തെ കണക്കിടുന്നില്ല.

5:14 എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു.

5:15 എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.

 < 
5:16 ഏകൻ പാപം ചെയ്തതിന്റെ ഫലവും ദാനത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ പാപം ശിക്ഷാവിധി കല്പിപ്പാൻ ഹേതുവായിത്തീർന്നു. കൃപാവരമോ അനേക ലംഘനങ്ങളെ മോചിക്കുന്ന നീതീകരണ വിധിക്കു ഹേതുവായിത്തിർന്നു.

5:17 ഏകന്റെ ലംഘനത്താൽ മരണം ആ ഏകൻ നിമിത്തം വാണു എങ്കിൽ കൃപയുടെയും നീതിദാനത്തിന്റെയും സമൃദ്ധിലഭിക്കുന്നവർ യേശുക്രിസ്തു എന്ന ഏകൻ നിമിത്തം ഏറ്റവും അധികമായി ജീവനിൽ വാഴും.

5:18 അങ്ങനെ ഏകലംഘനത്താൽ സകലമനുഷ്യർക്കും ശിക്ഷാവിധിവന്നതുപോലെ ഏകനീതിയാൽ സകലമനുഷ്യർക്കും ജീവകാരണമായ നീതീകരണവും വന്നു.

5:19 ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും.

5:20 എന്നാൽ ലംഘനം പെരുകേണ്ടതിന്നു ന്യായപ്രമാണവും ഇടയിൽ ചേർന്നുവന്നു; എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വർദ്ധിച്ചു.

 < 
5:21 പാപം മരണത്താൽ വാണതുപോല കൃപയും നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ നിത്യജീവന്നായി വാഴേണ്ടതിന്നു തന്നേ.


* ----------------------------------------

റോമർ അദ്ധ്യായം 6  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23

6:1 ആകയാൽ നാം എന്തു പറയേണ്ടു? കൃപ പെരുകേണ്ടതിന്നു പാപം ചെയ്തുകൊണ്ടിരിക്ക എന്നോ? ഒരുനാളും അരുതു.

6:2 പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നതു എങ്ങനെ?

6:3 അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?

6:4 അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.

6:5 അവന്റെ മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും.

 < 
6:6 നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു.

6:7 അങ്ങനെ മരിച്ചവൻ പാപത്തിൽ നിന്നു മോചനം പ്രാപിച്ചിരിക്കുന്നു.

6:8 നാം ക്രിസ്തുവിനോടുകൂടെ മരിച്ചു എങ്കിൽ അവനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു.

6:9 ക്രിസ്തു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കയാൽ ഇനി മരിക്കയില്ല; മരണത്തിന്നു അവന്റെമേൽ ഇനി കർത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ.

6:10 അവൻ മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു; അവൻ ജീവിക്കുന്നതോ ദൈവത്തിന്നു ജീവിക്കുന്നു.

 < 
6:11 അവ്വണ്ണം നിങ്ങളും പാപ സംബന്ധമായി മരിച്ചവർ എന്നു ക്രിസ്തുയേശുവിൽ ദൈവത്തിന്നു ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നേ എണ്ണുവിൻ.

6:12 ആകയാൽ പാപം നിങ്ങളുടെ മർത്യശരീരത്തിൽ അതിന്റെ മോഹങ്ങളെ അനുസരിക്കുമാറു ഇനി വാഴരുതു,

6:13 നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന്നു സമർപ്പിക്കയും അരുതു. നിങ്ങളെത്തന്നേ മരിച്ചിട്ടു ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിന്നു സമർപ്പിച്ചുകൊൾവിൻ.

6:14 നിങ്ങൾ ന്യായപ്രമാണത്തിന്നല്ല, കൃപെക്കത്രെ അധീനരാകയാൽ പാപം നിങ്ങളിൽ കർത്തൃത്വം നടത്തുകയില്ലല്ലോ.

6:15 എന്നാൽ എന്തു? ന്യായപ്രമാണത്തിന്നല്ല കൃപെക്കത്രെ അധീനരാകയാൽ നാം പാപം ചെയ്ക എന്നോ? ഒരുനാളും അരുതു.

 < 
6:16 നിങ്ങൾ ദാസന്മാരായി അനുസരിപ്പാൻ നിങ്ങളെത്തന്നേ സമർപ്പിക്കയും നിങ്ങൾ അനുസരിച്ചു പോരുകയും ചെയ്യുന്നവന്നു ദാസന്മാർ ആകുന്നു എന്നു അറിയുന്നില്ലയോ? ഒന്നുകിൽ മരണത്തിന്നായി പാപത്തിന്റെ ദാസന്മാർ, അല്ലെങ്കിൽ നീതിക്കായി അനുസരണത്തിന്റെ ദാസന്മാർ തന്നേ.

6:17 എന്നാൽ നിങ്ങൾ പാപത്തിന്റെ ദാസന്മാർ ആയിരുന്നുവെങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ ഹൃദയപൂർവ്വം അനുസരിച്ചു

6:18 പാപത്തിൽനിന്നു സ്വാതന്ത്ര്യം ലഭിച്ചു നീതിക്കു ദാസന്മാരായിത്തീർന്നതുകൊണ്ടു ദൈവത്തിന്നു സ്തോത്രം.

6:19 നിങ്ങളുടെ ജഡത്തിന്റെ ബലഹീനതനിമിത്തം ഞാൻ മാനുഷരീതിയിൽ പറയുന്നു. നിങ്ങളുടെ അവയവങ്ങളെ അധർമ്മത്തിന്നായി അശുദ്ധിക്കും അധർമ്മത്തിന്നും അടിമകളാക്കി സമർപ്പിച്ചതുപോലെ ഇപ്പോൾ നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീകരണത്തിന്നായി നീതിക്കു അടിമകളാക്കി സമർപ്പിപ്പിൻ.

6:20 നിങ്ങൾ പാപത്തിന്നു ദാസന്മാരായിരുന്നപ്പോൾ നീതിയെ സംബന്ധിച്ചു സ്വതന്ത്രരായിരുന്നുവല്ലോ.

 < 
6:21 നിങ്ങൾക്കു അന്നു എന്തൊരു ഫലം ഉണ്ടായിരുന്നു? ഇപ്പോൾ നിങ്ങൾക്കു ലജ്ജ തോന്നുന്നതു തന്നേ. അതിന്റെ അവസാനം മരണമല്ലോ.

6:22 എന്നാൽ ഇപ്പോൾ പാപത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന്നു ദാസന്മാരായിരിക്കയാൽ നിങ്ങൾക്കു ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്റെ അന്തം നിത്യജീവനും ആകുന്നു.

6:23 പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.


* ----------------------------------------

റോമർ അദ്ധ്യായം 7  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25

7:1 സഹോദരന്മാരേ, ന്യായപ്രമാണം അറിയുന്നവരോടല്ലോ ഞാൻ സംസാരിക്കുന്നതു: മനുഷ്യൻ ജീവനോടിരിക്കും കാലത്തൊക്കെയും ന്യായപ്രമാണത്തിന്നു അവന്റെമേൽ അധികാരമുണ്ടു എന്നു നിങ്ങൾ അറിയുന്നില്ലയോ?

7:2 ഭർത്താവുള്ള സ്ത്രീ ജീവിച്ചിരിക്കുന്ന ഭർത്താവിനോടു ന്യായപ്രമാണത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭർത്താവു മരിച്ചാൽ അവൾ ഭർത്തൃന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവളായി.

7:3 ഭർത്താവു ജീവിച്ചിരിക്കുമ്പോൾ അവൾ വേറെ പുരുഷന്നു ആയാൽ വ്യഭിചാരിണി എന്നു പേർവരും; ഭർത്താവു മരിച്ചു എങ്കിലോ അവൾ വേറെ പുരുഷന്നു ആയാൽ വ്യഭിചാരിണി എന്നു വരാതവണ്ണം ന്യായപ്രമാണത്തിൽനിന്നു സ്വതന്ത്രയാകുന്നു.

7:4 അതുകൊണ്ടു സഹോദരന്മാരേ, നാം ദൈവത്തിന്നു ഫലം കായ്ക്കുമാറു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവനായ വേറോരുവന്നു ആകേണ്ടതിന്നു നിങ്ങളും ക്രിസ്തുവിന്റെ ശരീരം മുഖാന്തരം ന്യായപ്രമാണസംബന്ധമായി മരിച്ചിരിക്കുന്നു.

7:5 നാം ജഡത്തിലായിരുന്നപ്പോൾ ന്യായപ്രമാണത്താൽ ഉളവായ പാപരാഗങ്ങൾ മരണത്തിന്നു ഫലം കായ്ക്കത്തക്കവണ്ണം നമ്മുടെ അവയവങ്ങളിൽ വ്യാപരിച്ചുപോന്നു.

 < 
7:6 ഇപ്പോഴോ, നമ്മെ പിടിച്ചടക്കിയിരുന്ന ന്യായപ്രമാണം സംബന്ധിച്ചു മരിച്ചിരിക്കകൊണ്ടു അക്ഷരത്തിന്റെ പഴക്കത്തിലല്ല ആത്മാവിന്റെ പുതുക്കത്തിൽ തന്നേ സേവിക്കേണ്ടതിന്നു നാം ന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവരായിരിക്കുന്നു.

7:7 ആകയാൽ നാം എന്തു പറയേണ്ടു? ന്യായപ്രമാണം പാപം എന്നോ? ഒരുനാളും അരുതു. എങ്കിലും ന്യായപ്രമാണത്താൽ അല്ലാതെ ഞാൻ പാപത്തെ അറിഞ്ഞില്ല; മോഹിക്കരുതു എന്നു ന്യായപ്രമാണം പറയാതിരുന്നെങ്കിൽ ഞാൻ മോഹത്തെ അറികയില്ലായിരുന്നു.

7:8 പാപമോ അവസരം ലഭിച്ചിട്ടു കല്പനയാൽ എന്നിൽ സകലവിധ മോഹത്തെയും ജനിപ്പിച്ചു; ന്യായപ്രമാണം കൂടാതെ പാപം നിർജ്ജീവമാകുന്നു.

7:9 ഞാൻ ഒരുകാലത്തു ന്യായപ്രമാണം കൂടാതെ ജീവിച്ചിരുന്നു; എന്നാൽ കല്പന വന്നപ്പോൾ പാപംവീണ്ടും ജീവിക്കയും ഞാൻ മരിക്കയും ചെയ്തു.

7:10 ഇങ്ങനെ ജീവന്നായി ലഭിച്ചിരുന്ന കല്പന എനിക്കു മരണ ഹേതുവായിത്തീർന്നു എന്നു ഞാൻ കണ്ടു.

 < 
7:11 പാപം അവസരം ലഭിച്ചിട്ടു കല്പനയാൽ എന്നെ ചതിക്കയും കൊല്ലുകയും ചെയ്തു.

7:12 ആകയാൽ ന്യായപ്രമാണം വിശുദ്ധം; കല്പന വിശുദ്ധവും ന്യായവും നല്ലതും തന്നേ.

7:13 എന്നാൽ നന്മയായുള്ളതു എനിക്കു മരണകാരണമായിത്തീർന്നു എന്നോ? ഒരുനാളും അരുതു, പാപമത്രേ മരണമായിത്തീർന്നതു; അതു നന്മയായുള്ളതിനെക്കൊണ്ടു എനിക്കു മരണം ഉളവാക്കുന്നതിനാൽ പാപം എന്നു തെളിയേണ്ടതിന്നും കല്പനയാൽ അത്യന്തം പാപമായിത്തീരേണ്ടതിന്നും തന്നേ.

7:14 ന്യായപ്രമാണം ആത്മികം എന്നു നാം അറിയുന്നുവല്ലോ; ഞാനോ ജഡമയൻ, പാപത്തിന്നു ദാസനായി വിൽക്കപ്പെട്ടവൻ തന്നേ.

7:15 ഞാൻ പ്രവർത്തിക്കുന്നതു ഞാൻ അറിയുന്നില്ല; ഞാൻ ഇച്ഛിക്കുന്നതിനെ അല്ല പകെക്കുന്നതിനെ അത്രേ ചെയ്യുന്നതു.

 < 
7:16 ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ ന്യായപ്രമാണം നല്ലതു എന്നു ഞാൻ സമ്മതിക്കുന്നു.

7:17 ആകയാൽ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ.

7:18 എന്നിൽ എന്നുവെച്ചാൽ എന്റെ ജഡത്തിൽ നന്മ വസിക്കുന്നില്ല എന്നു ഞാൻ അറിയുന്നു; നന്മ ചെയ്‍വാനുള്ള താല്പര്യം എനിക്കുണ്ടു; പ്രവർത്തിക്കുന്നതോ ഇല്ല.

7:19 ഞാൻ ചെയ്‍വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നതു.

7:20 ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ.

 < 
7:21 അങ്ങനെ നന്മ ചെയ്‍വാൻ ഇച്ഛിക്കുന്ന ഞാൻ തിന്മ എന്റെ പക്കൽ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു.

7:22 ഉള്ളംകൊണ്ടു ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു.

7:23 എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അതു എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു.

7:24 അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിന്നു അധീനമായ ശരീരത്തിൽനിന്നു എന്നെ ആർ വിടുവിക്കും?

7:25 നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. ഇങ്ങനെ ഞാൻ തന്നേ ബുദ്ധികൊണ്ടു ദൈവത്തിന്റെ പ്രമാണത്തെയും ജഡംകൊണ്ടു പാപത്തിന്റെ പ്രമാണത്തെയും സേവിക്കുന്നു.

 < 

* ----------------------------------------

റോമർ അദ്ധ്യായം 8  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39

8:1 അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല.

8:2 ജീവന്റെ ആത്മാവിന്റെ പ്രമാണം എനിക്കു പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്നു ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു.

8:3 ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാൻ ) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.

8:4 ജഡത്തെയല്ല ആത്മാവിനെ അത്രേ അനുസരിച്ചു നടക്കുന്ന നമ്മിൽ ന്യായപ്രമാണത്തിന്റെ നീതി നിവൃത്തിയാകേണ്ടതിന്നു തന്നേ.

8:5 ജഡസ്വഭാവമുള്ളവർ ജഡത്തിന്നുള്ളതും ആത്മസ്വഭാവമുള്ളവർ ആത്മാവിന്നുള്ളതും ചിന്തിക്കുന്നു.

 < 
8:6 ജഡത്തിന്റെ ചിന്ത മരണം; ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നേ.

8:7 ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്റെ ന്യായപ്രമാണത്തിന്നു കീഴ്പെടുന്നില്ല, കീഴ്പെടുവാൻ കഴിയുന്നതുമില്ല.

8:8 ജഡസ്വഭാവമുള്ളവർക്കു ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിവില്ല.

8:9 നിങ്ങളോ, ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവന്നുള്ളവനല്ല.

8:10 ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ശരീരം പാപംനിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവു നീതിനിമിത്തം ജീവനാകുന്നു.

 < 
8:11 യേശുവിനെ മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽനിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും.

8:12 ആകയാൽ സഹോദരന്മാരേ, നാം ജഡത്തെ അനുസരിച്ചു ജീവിക്കേണ്ടതിന്നു ജഡത്തിന്നല്ല കടക്കാരാകുന്നതു.

8:13 നിങ്ങൾ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കിൽ മരിക്കും നിശ്ചയം; ആത്മാവിനാൽ ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിലോ നിങ്ങൾ ജീവിക്കും.

8:14 ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു.

8:15 നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിന്നു ദാസ്യത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചതു.

 < 
8:16 നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു.

8:17 നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന്നു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ.

8:18 നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു.

8:19 സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

8:20 സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു കീഴ്പെട്ടിരിക്കുന്നു;

 < 
8:21 മനഃപൂർവ്വമായിട്ടല്ല, അതിനെ കീഴ്പെടുത്തിയവന്റെ കല്പനനിമിത്തമത്രേ.

8:22 സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ.

8:23 ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു.

8:24 പ്രത്യാശയാലല്ലാ നാം രക്ഷിക്കപ്പെടിരിക്കുന്നതു. കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല; ഒരുത്തൻ കാണുന്നതിന്നായി ഇനി പ്രത്യാശിക്കുന്നതു എന്തിന്നു?

8:25 നാം കാണാത്തതിന്നായി പ്രത്യാശിക്കുന്നു എങ്കിലോ അതിന്നായി ക്ഷമയോടെ കാത്തിരിക്കുന്നു.

 < 
8:26 അവ്വണ്ണം തന്നേ ആത്മാവു നമ്മുടെ ബലഹീനതെക്കു തുണനില്ക്കുന്നു. വേണ്ടുംപോലെ പ്രാർത്ഥിക്കേണ്ടതു എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവു തന്നേ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാൽ നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു.

8:27 എന്നാൽ ആത്മാവു വിശുദ്ധർക്കു വേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നതുകൊണ്ടു ആത്മാവിന്റെ ചിന്ത ഇന്നതെന്നു ഹൃദയങ്ങളെ പരിശോധിക്കുന്നവൻ അറിയുന്നു.

8:28 എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.

8:29 അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.

8:30 മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.

 < 
8:31 ഇതു സംബന്ധിച്ചു നാം എന്തു പറയേണ്ടു? ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?

8:32 സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കും വേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ?

8:33 ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം.

8:34 ശിക്ഷവിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവൻ തന്നേ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.

8:35 ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?

 < 
8:36 “നിന്റെ നിമിത്തം ഞങ്ങളെ ഇടവിടാതെ കൊല്ലുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.

8:37 നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു.

8:38 മരണത്തിന്നോ ജീവന്നോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മറ്റു യാതൊരു സൃഷ്ടിക്കോ

8:39 നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.


* ----------------------------------------

റോമർ അദ്ധ്യായം 9  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33

9:1 ഞാൻ ക്രിസ്തുവിൽ സത്യം പറയുന്നു; ഞാൻ പറയുന്നതു ഭോഷ്കല്ല.

9:2 എനിക്കു വലിയ ദുഃഖവും ഹൃദയത്തിൽ ഇടവിടാതെ നോവും ഉണ്ടു എന്നു എന്റെ മനസ്സാക്ഷി എനിക്കു പരിശുദ്ധാത്മാവിൽ സാക്ഷിയായിരിക്കുന്നു.

9:3 ജഡപ്രകാരം എന്റെ ചാർച്ചക്കാരായ എന്റെ സഹോദരന്മാർക്കു വേണ്ടി ഞാൻ തന്നേ ക്രിസ്തുവിനോടു വേറുവിട്ടു ശാപഗ്രസ്തനാവാൻ ഞാൻ ആഗ്രഹിക്കാമായിരുന്നു.

9:4 അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ;

9:5 പിതാക്കന്മാരും അവർക്കുള്ളവർ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ.

 < 
9:6 ആമേൻ. ദൈവവചനം വൃഥാവായിപ്പോയി എന്നല്ല; യിസ്രായേലിൽനിന്നു ഉത്ഭവിച്ചവർ എല്ലാം യിസ്രായേല്യർ എന്നും

9:7 അബ്രാഹാമിന്റെ സന്തതിയാകയാൽ എല്ലാവരും മക്കൾ എന്നു വരികയില്ല; “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും” എന്നേയുള്ളു.

9:8 അതിന്റെ അർത്ഥമോ: ജഡപ്രകാരം ജനിച്ച മക്കൾ അല്ല ദൈവത്തിന്റെ മക്കൾ; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്നു എണ്ണുന്നു.

9:9 “ഈ സമയത്തേക്കു ഞാൻ വരും; അപ്പോൾ സാറെക്കു ഒരു മകൻ ഉണ്ടാകും” എന്നല്ലോ വാഗ്ദത്തവചനം.

9:10 അത്രയുമല്ല, റിബെക്കയും നമ്മുടെ പിതാവായ യിസ്ഹാൿ എന്ന ഏകനാൽ ഗർഭം ധരിച്ചു,

 < 
9:11 കുട്ടികൾ ജനിക്കയോ ഗുണമാകട്ടെ ദോഷമാകട്ടെ ഒന്നും പ്രവർത്തിക്കയോ ചെയ്യുംമുമ്പേ തിരഞ്ഞെടുപ്പിൻ പ്രകാരമുള്ള ദൈവനിർണ്ണയം പ്രവൃത്തികൾ നിമിത്തമല്ല വിളിച്ചവന്റെ ഇഷ്ടം നിമിത്തം തന്നേ വരേണ്ടതിന്നു:

9:12 “മൂത്തവൻ ഇളയവനെ സേവിക്കും” എന്നു അവളോടു അരുളിച്ചെയ്തു.

9:13 “ഞാൻ യാക്കോബിനെ സ്നേഹിച്ചു ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.

9:14 ആകയാൽ നാം എന്തു പറയേണ്ടു? ദൈവത്തിന്റെ പക്കൽ അനീതി ഉണ്ടോ? ഒരു നാളും ഇല്ല.

9:15 “എനിക്കു കരുണ തോന്നേണം എന്നുള്ളവനോടു കരുണ തോന്നുകയും എനിക്കു കനിവു തോന്നേണം എന്നുള്ളവനോടു കനിവു തോന്നുകയും ചെയ്യും” എന്നു അവൻ മോശെയോടു അരുളിച്ചെയ്യുന്നു.

 < 
9:16 അതുകൊണ്ടു ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധിക്കുന്നതു.

9:17 “ഇതിന്നായിട്ടു തന്നേ ഞാൻ നിന്നെ നിർത്തിയിരിക്കുന്നതു; നിന്നിൽ എന്റെ ശക്തി കാണിക്കേണ്ടതിന്നും എന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും തന്നേ” എന്നു തിരുവെഴുത്തിൽ ഫറവോനോടു അരുളിച്ചെയ്യുന്നു.

9:18 അങ്ങനെ തനിക്കു മനസ്സുള്ളവനോടു അവന്നു കരുണ തോന്നുന്നു; തനിക്കു മനസ്സുള്ളവരെ അവൻ കഠിനനാക്കുന്നു.

9:19 ആകയാൽ അവൻ പിന്നെ കുറ്റം പറയുന്നതു എന്തു? ആർ അവന്റെ ഇഷ്ടത്തോടു എതിർത്തു നില്ക്കുന്നു എന്നു നീ എന്നോടു ചോദിക്കും.

9:20 അയ്യോ, മനുഷ്യാ, ദൈവത്തൊടു പ്രത്യുത്തരം പറയുന്ന നീ ആർ? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോടു: നീ എന്നെ ഇങ്ങനെ ചമെച്ചതു എന്തു എന്നു ചോദിക്കുമോ? അല്ല,

 < 
9:21 കുശവന്നു അതേ പിണ്ഡത്തിൽനിന്നു ഒരു പാത്രം മാനത്തിന്നും മറ്റൊരു പാത്രം അപമാനത്തിന്നും ഉണ്ടാക്കുവാൻ മണ്ണിന്മേൽ അധികാരം ഇല്ലയോ?

9:22 എന്നാൽ ദൈവം തന്റെ കോപം കാണിപ്പാനും ശക്തി വെളിപ്പെടുത്തുവാനും യെഹൂദന്മാരിൽനിന്നു മാത്രമല്ല

9:23 ജാതികളിൽനിന്നും വിളിച്ചു തേജസ്സിന്നായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മിൽ

9:24 തന്റെ തേജസ്സിന്റെ ധനം വെളിപ്പെടുത്തുവാനും ഇച്ഛിച്ചിട്ടു നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീർഘക്ഷമയോടെ സഹിച്ചു എങ്കിൽ എന്തു?

9:25 “എന്റെ ജനമല്ലാത്തവരെ എന്റെ ജനം എന്നും പ്രിയയല്ലാത്തവളെ പ്രിയ എന്നും ഞാൻ വിളിക്കും..

 < 
9:26 നിങ്ങൾ എന്റെ ജനമല്ല എന്നു അവരോടു പറഞ്ഞ ഇടത്തിൽ അവർ ജീവനുള്ള ദൈവത്തിന്റെ മക്കൾ എന്നു വിളിക്കപ്പെടും”

9:27 എന്നു ഹോശേയാപുസ്തകത്തിലും അരുളിച്ചെയ്യുന്നുവല്ലോ. യെശയ്യാവോ യിസ്രായേലിനെക്കുറിച്ചു:

9:28 “യിസ്രായേൽമക്കളുടെ എണ്ണം കടൽക്കരയിലെ മണൽപോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ. കർത്താവു ഭൂമിയിൽ തന്റെ വചനം നിവർത്തിച്ചു ക്ഷണത്തിൽ തീർക്കും” എന്നു വിളിച്ചു പറയുന്നു.

9:29 “സൈന്യങ്ങളുടെ കർത്താവു നമുക്കു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കിൽ നാം സൊദോമെപ്പോലെ ആകുമായിരുന്നു, ഗൊമോറെക്കു സദൃശമാകുമായിരുന്നു” എന്നു യെശയ്യാ മുമ്പുകൂട്ടി പറഞ്ഞിരിക്കുന്നുവല്ലോ.

9:30 ആകയാൽ നാം എന്തു പറയേണ്ടു? നീതിയെ പിന്തുടരാത്ത ജാതികൾ നീതിപ്രാപിച്ചു, വിശ്വാസത്താലുള്ള നീതി തന്നേ.

 < 
9:31 നീതിയുടെ പ്രമാണം പിന്തുടർന്ന യിസ്രായേലോ ആ പ്രമാണത്തിങ്കൽ എത്തിയില്ല.

9:32 അതെന്തുകൊണ്ടു? വിശ്വാസത്താലല്ല, പ്രവൃത്തികളാൽ അന്വേഷിച്ചതുകൊണ്ടു തന്നേ അവർ ഇടർച്ചക്കല്ലിന്മേൽ തട്ടി ഇടറി:

9:33 “ഇതാ, ഞാൻ സീയോനിൽ ഇടർച്ചക്കല്ലും തടങ്ങൽ പാറയും വെക്കുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചു പോകയില്ല” എന്നു എഴുതിയിരിക്കുന്നുവല്ലോ.


* ----------------------------------------

റോമർ അദ്ധ്യായം 10  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21

10:1 സഹോദരന്മാരേ, അവർ രക്ഷിക്കപ്പെടേണം എന്നു തന്നേ എന്റെ ഹൃദയവാഞ്ഛയും അവർക്കുവേണ്ടി ദൈവത്തൊടുള്ള യാചനയും ആകുന്നു.

10:2 അവർ പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ചു എരിവുള്ളവർ എന്നു ഞാൻ അവർക്കു സാക്ഷ്യം പറയുന്നു.

10:3 അവർ ദൈവത്തിന്റെ നീതി അറിയാതെ സ്വന്ത നീതി സ്ഥാപിപ്പാൻ അന്വേഷിച്ചുകൊണ്ടു ദൈവത്തിന്റെ നീതിക്കു കീഴ്പെട്ടില്ല.

10:4 വിശ്വസിക്കുന്ന ഏവന്നും നീതി ലഭിപ്പാൻ ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനം ആകുന്നു.

10:5 ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ചു: “അതു ചെയ്ത മനുഷ്യൻ അതിനാൽ ജീവിക്കും” എന്നു മോശെ എഴുതിയിരിക്കുന്നുവല്ലോ.

 < 
10:6 വിശ്വാസത്താലുള്ള നീതിയോ ഇവ്വണ്ണം പറയുന്നു: “ക്രിസ്തുവിനെ ഇറക്കേണം എന്നു വിചാരിച്ചു ആർ സ്വർഗ്ഗത്തിൽ കയറും എന്നോ,

10:7 ക്രിസ്തുവിനെ മരിച്ചവരുടെ ഇടയിൽ നിന്നു കയറ്റേണം എന്നു വിചാരിച്ചു ആർ പാതാളത്തിൽ ഇറങ്ങും എന്നോ നിന്റെ ഹൃദയത്തിൽ പറയരുതു.”

10:8 എന്നാൽ അതു എന്തു പറയുന്നു? “വചനം നിനക്കു സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങൾ പ്രസംഗിക്കുന്ന വിശ്വാസ വചനം തന്നേ.

10:9 യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.

10:10 ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.

 < 
10:11 “അവനിൽ വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചു പോകയില്ല” എന്നു തിരുവെഴുത്തിൽ അരുളിച്ചെയ്യുന്നുവല്ലോ.

10:12 യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവർക്കും കർത്താവു ഒരുവൻ തന്നേ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നൽകുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു.

10:13 “കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ.

10:14 എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും?

10:15 ആരും അയക്കാതെ എങ്ങനെ പ്രസംഗിക്കും? “നന്മ സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരം” എന്നു എഴുതിയിരിക്കുന്നുവല്ലോ.

 < 
10:16 എങ്കിലും എല്ലാവരും സുവിശേഷം അനുസരിച്ചിട്ടില്ല: “കർത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചു” എന്നു യെശയ്യാവു പറയുന്നുവല്ലോ.

10:17 ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.

10:18 എന്നാൽ അവർ കേട്ടില്ലയോ എന്നു ഞാൻ ചോദിക്കുന്നു. കേട്ടിരിക്കുന്നു നിശ്ചയം: “അവരുടെ നാദം സർവ്വ ഭൂമിയിലും അവരുടെ വചനം ഭൂതലത്തിന്റെ അറ്റത്തോളവും പരന്നു.”

10:19 എന്നാൽ യിസ്രായേൽ ഗ്രഹിച്ചില്ലയോ എന്നു ഞാൻ ചോദിക്കുന്നു. “ജനമല്ലാത്തവരെക്കൊണ്ടു ഞാൻ നിങ്ങൾക്കു എരിവു വരുത്തും; മൂഡജാതിയെക്കൊണ്ടു നിങ്ങൾക്കു കോപം ജനിപ്പിക്കും” എന്നു ഒന്നാമതു മോശെ പറയുന്നു.

10:20 യെശയ്യാവോ: “എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി; എന്നെ ചോദിക്കാത്തവർക്കു ഞാൻ പ്രത്യക്ഷനായി” എന്നു ധൈര്യത്തോടെ പറയുന്നു.

 < 
10:21 യിസ്രായേലിനെക്കുറിച്ചോ: “അനുസരിക്കാത്തതും മറുത്തുപറയുന്നതുമായ ജനത്തിങ്കലേക്കു ഞാൻ ഇടവിടാതെ കൈനീട്ടി” എന്നു അവൻ പറയുന്നു.


* ----------------------------------------

റോമർ അദ്ധ്യായം 11  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36

11:1 എന്നാൽ ദൈവം സ്വജനത്തെ തള്ളിക്കളഞ്ഞുവോ എന്നു ഞാൻ ചോദിക്കുന്നു. ഒരു നാളും ഇല്ല; ഞാനും യിസ്രായേല്യനല്ലോ; അബ്രാഹാമിന്റെ സന്തതിയിൽ ബെന്യാമീൻ ഗോത്രത്തിൽ ജനിച്ചവൻ തന്നേ.

11:2 ദൈവം മുന്നറിഞ്ഞിട്ടുള്ള തന്റെ ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല. ഏലീയാവിന്റെ ചരിത്രത്തിൽ തിരുവെഴുത്തു പറയുന്നതു അറിയുന്നില്ലയോ?

11:3 അവൻ യിസ്രായേലിന്നു വിരോധമായി: “കർത്താവേ, അവർ നിന്റെ പ്രവാചകന്മാരെ കൊന്നു നിന്റെ യാഗപീഠങ്ങളെ ഇടിച്ചു കളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു”

11:4 എന്നു ദൈവത്തോടു വാദിക്കുമ്പോൾ അവന്നു അരുളപ്പാടു ഉണ്ടായതു എന്തു? “ബാലിന്നു മുട്ടുകുത്താത്ത ഏഴായിരം പേരെ ഞാൻ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു” എന്നു തന്നേ.

11:5 അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തിരഞ്ഞെടുപ്പിൻ പ്രകാരം ഒരു ശേഷിപ്പുണ്ടു.

 < 
11:6 കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല.

11:7 ആകയാൽ എന്തു? യിസ്രായേൽ താൻ തിരഞ്ഞതു പ്രാപിച്ചില്ല; തിരഞ്ഞെടുക്കപ്പെട്ടവർ അതു പ്രാപിച്ചു: ശേഷമുള്ളവരോ കഠിനപ്പെട്ടിരിക്കുന്നു.

11:8 “ദൈവം അവർക്കു ഇന്നുവരെ ഗാഢ നിദ്രയും കാണാത്ത കണ്ണും കേൾക്കാത്ത ചെവിയും കൊടുത്തു” എന്നു എഴുതിയിരിക്കുന്നുവല്ലോ.

11:9 “അവരുടെ മേശ അവർക്കു കെണിക്കയും കുടുക്കും ഇടർച്ചയും പ്രതികാരവുമായിത്തീരട്ടെ;.

11:10 അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ മുതുകു എല്ലായ്പോഴും കുനിയിക്കേണമേ” എന്നു ദാവീദും പറയുന്നു.

 < 
11:11 എന്നാൽ അവർ വീഴേണ്ടതിന്നോ ഇടറിയതു എന്നു ഞാൻ ചോദിക്കുന്നു. ഒരു നാളും അല്ല; അവർക്കു എരിവു വരുത്തുവാൻ അവരുടെ ലംഘനം ഹേതുവായി ജാതികൾക്കു രക്ഷ വന്നു എന്നേയുള്ളു.

11:12 എന്നാൽ അവരുടെ ലംഘനം ലോകത്തിന്നു ധനവും അവരുടെ നഷ്ടം ജാതികൾക്കു സമ്പത്തും വരുവാൻ കാരണമായി എങ്കിൽ അവരുടെ യഥാസ്ഥാനം എത്ര അധികം?

11:13 എന്നാൽ ജാതികളായ നിങ്ങളോടു ഞാൻ പറയുന്നതു: ജാതികളുടെ അപ്പൊസ്തലനായിരിക്കയാൽ ഞാൻ എന്റെ

11:14 സ്വജാതിക്കാർക്കു വല്ലവിധേനയും സ്പർദ്ധ ജനിപ്പിച്ചു, അവരിൽ ചിലരെ രക്ഷിക്കാമെങ്കിലോ എന്നു വെച്ചു തന്നേ ഞാൻ എന്റെ ശുശ്രൂഷയെ പുകഴ്ത്തുന്നു.

11:15 അവരുടെ ഭ്രംശം ലോകത്തിന്റെ നിരപ്പിന്നു ഹേതുവായി എങ്കിൽ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിർപ്പെന്നല്ലാതെ എന്താകും?

 < 
11:16 ആദ്യഭാഗം വിശുദ്ധം എങ്കിൽ പിണ്ഡം മുഴുവനും അങ്ങനെ തന്നേ; വേർ വിശുദ്ധം എങ്കിൽ കൊമ്പുകളും അങ്ങനെ തന്നേ.

11:17 കൊമ്പുകളിൽ ചിലതു ഒടിച്ചിട്ടു കാട്ടൊലീവായ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചു ചേർത്തു ഒലീവുമരത്തിന്റെ ഫലപ്രദമായ വേരിന്നു പങ്കാളിയായിത്തീർന്നു എങ്കിലോ,

11:18 കൊമ്പുകളുടെ നേരെ പ്രശംസിക്കരുതു; പ്രശംസിക്കുന്നുവെങ്കിൽ നീ വേരിനെ അല്ല വേർ നിന്നെയത്രേ ചുമക്കുന്നു എന്നു ഓർക്ക.

11:19 എന്നാൽ എന്നെ ഒട്ടിക്കേണ്ടതിന്നു കൊമ്പുകളെ ഒടിച്ചു കളഞ്ഞു എന്നു നീ പറയും.

11:20 ശരി; അവിശ്വാസത്താൽ അവ ഒടിഞ്ഞുപോയി; വിശ്വാസത്താൽ നീ നില്ക്കുന്നു; ഞെളിയാതെ ഭയപ്പെടുക.

 < 
11:21 സ്വാഭാവികകൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കിൽ നിന്നെയും ആദരിക്കാതെ വന്നേക്കും.

11:22 ആകയാൽ ദൈവത്തിന്റെ ദയയും ഖണ്ഡിതവും കാൺക; വീണവരിൽ ദൈവത്തിന്റെ ഖണ്ഡിതവും; നിന്നിലോ നീ ദയയിൽ നിലനിന്നാൽ ദയയും തന്നേ; അല്ലെങ്കിൽ നീയും ഛേദിക്കപ്പെടും.

11:23 അവിശ്വാസത്തിൽ നിലനിൽക്കാഞ്ഞാൽ അവരെയും കൂടെ ഒട്ടിക്കും; അവരെ വീണ്ടും ഒട്ടിപ്പാൻ ദൈവം ശക്തനല്ലോ.

11:24 സ്വഭാവത്താൽ കാട്ടുമരമായതിൽനിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവത്തിന്നു വിരോധമായി നല്ല ഒലിവുമരത്തിൽ ഒട്ടിച്ചു എങ്കിൽ, സ്വാഭാവികകൊമ്പുകളായവരെ സ്വന്തമായ ഒലിവുമരത്തിൽ എത്ര അധികമായി ഒട്ടിക്കും.

11:25 സഹോദരന്മാരേ, നിങ്ങൾ ബുദ്ധിമാന്മാരെന്നു നിങ്ങൾക്കു തന്നേ തോന്നാതിരിപ്പാൻ ഈ രഹസ്യം അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു; ജാതികളുടെ പൂർണ്ണസംഖ്യ ചേരുവോളം യിസ്രായേലിന്നു അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു.

 < 
11:26 ഇങ്ങനെ യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും.

11:27 “വിടുവിക്കുന്നവൻ സീയോനിൽനിന്നു വരും; അവൻ യാക്കോബിൽ നിന്നു അഭക്തിയെ മാറ്റും. ഞാൻ അവരുടെ പാപങ്ങളെ നീക്കുമ്പോൾ ഇതു ഞാൻ അവരോടു ചെയ്യുന്ന നിയമം” എന്നു എഴുതിയിരിക്കുന്നുവല്ലോ.

11:28 സുവിശേഷം സംബന്ധിച്ചു അവർ നിങ്ങൾ നിമിത്തം ശത്രുക്കൾ; തിരഞ്ഞെടുപ്പു സംബന്ധിച്ചോ പിതാക്കന്മാർനിമിത്തം പ്രിയന്മാർ.

11:29 ദൈവം തന്റെ കൃപാവരങ്ങളെയും വിളിയെയും കുറിച്ചു അനുതപിക്കുന്നില്ലല്ലോ.

11:30 നിങ്ങൾ മുമ്പെ ദൈവത്തെ അനുസരിക്കാതിരുന്നിട്ടു അവരുടെ അനുസരണക്കേടിനാൽ ഇപ്പോൾ കരുണ ലഭിച്ചതുപോലെ,

 < 
11:31 നിങ്ങൾക്കു ലഭിച്ച കരുണയാൽ അവർക്കു കരുണ ലഭിക്കേണ്ടതിന്നു അവരും ഇപ്പോൾ അനുസരിക്കാതിരിക്കുന്നു.

11:32 ദൈവം എല്ലാവരോടും കരുണ ചെയ്യേണ്ടതിന്നു എല്ലാവരെയും അനുസരണക്കേടിൽ അടെച്ചുകളഞ്ഞു.

11:33 ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു.

11:34 കർത്താവിന്റെ മനസ്സു അറിഞ്ഞവൻ ആർ?

11:35 അവന്നു മന്ത്രിയായിരുന്നവൻ ആർ? അവന്നു വല്ലതും മുമ്പെ കൊടുത്തിട്ടു പ്രതിഫലം വാങ്ങുന്നവൻ ആർ?

 < 
11:36 സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം ആമേൻ.


* ----------------------------------------

റോമർ അദ്ധ്യായം 12  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21

12:1 സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ.

12:2 ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.

12:3 ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാൻ എനിക്കു ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു.

12:4 ഒരു ശരീരത്തിൽ നമുക്കു പല അവയവങ്ങൾ ഉണ്ടല്ലോ; എല്ലാ അവയവങ്ങൾക്കും പ്രവൃത്തി ഒന്നല്ലതാനും;

12:5 അതുപോലെ പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും എല്ലാവരും തമ്മിൽ അവയവങ്ങളും ആകുന്നു.

 < 
12:6 ആകയാൽ നമുക്കു ലഭിച്ച കൃപെക്കു ഒത്തവണ്ണം വെവ്വേറെ വരം ഉള്ളതുകൊണ്ടു പ്രവചനം എങ്കിൽ വിശ്വാസത്തിന്നു ഒത്തവണ്ണം,

12:7 ശുശ്രൂഷ എങ്കിൽ ശുശ്രൂഷയിൽ, ഉപദേശിക്കുന്നവൻ എങ്കിൽ ഉപദേശത്തിൽ, പ്രബോധിപ്പിക്കുന്നവൻ എങ്കിൽ

12:8 പ്രബോധനത്തിൽ, ദാനം ചെയ്യുന്നവൻ ഏകാഗ്രതയോടെ, ഭരിക്കുന്നവൻ ഉത്സാഹത്തോടെ, കരുണചെയ്യുന്നവൻ പ്രസന്നതയോടെ ആകട്ടെ.

12:9 സ്നേഹം നിർവ്യാജം ആയിരിക്കട്ടെ: തീയതിനെ വെറുത്തു നല്ലതിനോടു പറ്റിക്കൊൾവിൻ.

12:10 സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടു കൊൾവിൻ.

 < 
12:11 ഉത്സാഹത്തിൽ മടുപ്പില്ലാതെ ആത്മാവിൽ എരിവുള്ളവരായി കർത്താവിനെ സേവിപ്പിൻ.

12:12 ആശയിൽ സന്തോഷിപ്പിൻ;

12:13 കഷ്ടതയിൽ സഹിഷ്ണത കാണിപ്പിൻ; പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ; വിശുദ്ധന്മാരുടെ ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്കയും അതിഥിസൽക്കാരം ആചരിക്കയും ചെയ്‍വിൻ.

12:14 നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ; ശപിക്കാതെ അനുഗ്രഹിപ്പിൻ.

12:15 സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരകയും ചെയ്‍വിൻ.

 < 
12:16 തമ്മിൽ ഐകമത്യമുള്ളവരായി വലിപ്പം ഭാവിക്കാതെ എളിയവരോടു ചേർന്നുകൊൾവിൻ; നിങ്ങളെത്തന്നേ ബുദ്ധിമാന്മാർ എന്നു വിചാരിക്കരുതു.

12:17 ആർക്കും തിന്മെക്കു പകരം തിന്മ ചെയ്യാതെ സകലമനുഷ്യരുടെയും മുമ്പിൽ യോഗ്യമായതു മുൻകരുതി,

12:18 കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ.

12:19 പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളതു; ഞാൻ പകരം ചെയ്യും എന്നു കർത്താവു അരുളിച്ചെയ്യുന്നു, എന്നാൽ

12:20 “നിന്റെ ശത്രുവിന്നു വിശക്കുന്നു എങ്കിൽ അവന്നു തിന്മാൻ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക; അങ്ങനെ ചെയ്താൽ നീ അവന്റെ തലമേൽ തീക്കനൽ കുന്നിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ.

 < 
12:21 തിന്മയോടു തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കുക.


* ----------------------------------------

റോമർ അദ്ധ്യായം 13  <  1 2 3 4 5 6 7 8 9 10 11 12 13 14

13:1 ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു.

13:2 ആകയാൽ അധികാരത്തോടു മറുക്കുന്നവൻ ദൈവ വ്യവസ്ഥയോടു മറുക്കുന്നു. മറുക്കുന്നവരോ ശിക്ഷാവിധി പ്രാപിക്കും.

13:3 വാഴുന്നവർ സൽപ്രവൃത്തിക്കല്ല ദുഷ്‌പ്രവൃത്തിക്കത്രേ ഭയങ്കരം. അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാൻ ഇച്ഛിക്കുന്നുവോ? നന്മചെയ്ക; എന്നാൽ അവനോടു പുകഴ്ച ലഭിക്കും.

13:4 നിന്റെ നന്മെക്കായിട്ടല്ലോ അവൻ ദൈവശുശ്രൂഷക്കാരനായിരിക്കുന്നതു; നീ തിന്മ ചെയ്താലോ ഭയപ്പെടുക; വെറുതെ അല്ല അവൻ വാൾ വഹിക്കുന്നതു; അവൻ ദോഷം പ്രവർത്തിക്കുന്നവന്റെ ശിക്ഷെക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരൻ തന്നേ.

13:5 അതുകൊണ്ടു ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം.

 < 
13:6 അതുകൊണ്ടു നിങ്ങൾ നികുതിയും കൊടുക്കുന്നു. അവർ ദൈവശുശ്രൂഷകന്മാരും ആ കാര്യം തന്നേ നോക്കുന്നവരുമാകുന്നു.

13:7 എല്ലാവർക്കും കടമായുള്ളതു കൊടുപ്പിൻ; നികുതി കൊടുക്കേണ്ടവന്നു നികുതി; ചുങ്കം കൊടുക്കേണ്ടവന്നു ചുങ്കം; ഭയം കാണിക്കേണ്ടവന്നു ഭയം; മാനം കാണിക്കേണ്ടവന്നു മാനം.

13:8 അന്യോന്യം സ്നേഹിക്കുന്നതു അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുതു; അന്യനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നുവല്ലോ.

13:9 വ്യഭിചാരം ചെയ്യരുതു, കുല ചെയ്യരുതു, മോഷ്ടിക്കരുതു, മോഹിക്കരുതു, എന്നുള്ളതും മറ്റു ഏതു കല്പനയും കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക എന്നീ വചനത്തിൽ സംക്ഷേപിച്ചിരിക്കുന്നു.

13:10 സ്നേഹം കൂട്ടുകാരന്നു ദോഷം പ്രവർത്തിക്കുന്നില്ല; ആകയാൽ സ്നേഹം ന്യായപ്രമാണത്തിന്റെ നിവൃത്തി തന്നേ.

 < 
13:11 ഇതു ചെയ്യേണ്ടതു ഉറക്കത്തിൽനിന്നു ഉണരുവാൻ നാഴിക വന്നിരിക്കുന്നു എന്നിങ്ങനെ നിങ്ങൾ സമയത്തെ അറികയാൽ തന്നേ; നാം വിശ്വസിച്ച സമയത്തെക്കാൾ രക്ഷ ഇപ്പോൾ നമുക്കു അധികം അടുത്തിരിക്കുന്നു.

13:12 രാത്രി കഴിവാറായി പകൽ അടുത്തിരിക്കുന്നു അതുകൊണ്ടു നാം ഇരുട്ടിന്റെ പ്രവൃത്തികളെ വെച്ചുകളഞ്ഞു വെളിച്ചത്തിന്റെ ആയുധവർഗ്ഗം ധരിച്ചുകൊൾക.

13:13 പകൽസമയത്തു എന്നപോലെ നാം മര്യാദയായി നടക്ക; വെറിക്കൂത്തുകളിലും മദ്യപാനങ്ങളിലുമല്ല, ശയനമോഹങ്ങളിലും ദുഷ്കാമങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലുമല്ല.

13:14 കർത്താവായ യേശുക്രിസ്തുവിനെത്തന്നേ ധരിച്ചുകൊൾവിൻ. മോഹങ്ങൾ ജനിക്കുമാറു ജഡത്തിന്നായി ചിന്തിക്കരുതു.


* ----------------------------------------

റോമർ അദ്ധ്യായം 14  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23

14:1 സംശയവിചാരങ്ങളെ വിധിക്കാതെ വിശ്വാസത്തിൽ ബലഹീനനായവനെ ചേർത്തുകൊൾവിൻ.

14:2 ഒരുവൻ എല്ലാം തിന്നാമെന്നു വിശ്വസിക്കുന്നു; ബലഹീനനോ സസ്യാദികളെ തിന്നുന്നു.

14:3 തിന്നുന്നവൻ തിന്നാത്തവനെ ധിക്കരിക്കരുതു; തിന്നാത്തവൻ തിന്നുന്നവനെ വിധിക്കരുതു; ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ.

14:4 മറ്റൊരുത്തന്റെ ദാസനെ വിധിപ്പാൻ നീ ആർ? അവൻ നില്ക്കുന്നതോ വീഴുന്നതോ സ്വന്തയജമാനന്നത്രേ; അവൻ നില്ക്കുംതാനും; അവനെ നില്ക്കുമാറാക്കുവാൻ കർത്താവിന്നു കഴിയുമല്ലോ.

14:5 ഒരുവൻ ഒരു ദിവസത്തെക്കാൾ മറ്റൊരു ദിവസത്തെ മാനിക്കുന്നു; വേറൊരുവൻ സകലദിവസങ്ങളെയും മാനിക്കുന്നു; ഓരോരുത്തൻ താന്താന്റെ മനസ്സിൽ ഉറെച്ചിരിക്കട്ടെ.

 < 
14:6 ദിവസത്തെ ആദരിക്കുന്നവൻ കർത്താവിന്നായി ആദരിക്കുന്നു; തിന്നുന്നവൻ കർത്താവിന്നായി തിന്നുന്നു; അവൻ ദൈവത്തെ സ്തുതിക്കുന്നുവല്ലോ; തിന്നാത്തവൻ കർത്താവിന്നായി തിന്നാതിരിക്കുന്നു; അവനും ദൈവത്തെ സ്തുതിക്കുന്നു.

14:7 നമ്മിൽ ആരും തനിക്കായി തന്നേ ജീവിക്കുന്നില്ല. ആരും തനിക്കായി തന്നേ മരിക്കുന്നതുമില്ല.

14:8 ജീവിക്കുന്നു എങ്കിൽ നാം കർത്താവിന്നായി ജീവിക്കുന്നു; മരിക്കുന്നു എങ്കിൽ കർത്താവിന്നായി മരിക്കുന്നു; അതുകൊണ്ടു ജീവിക്കുന്നു എങ്കിലും മരിക്കുന്നു എങ്കിലും നാം കർത്താവിന്നുള്ളവർ തന്നേ.

14:9 മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും കർത്താവു ആകേണ്ടതിന്നല്ലോ ക്രിസ്തു മരിക്കയും ഉയിർക്കയും ചെയ്തതു.

14:10 എന്നാൽ നീ സഹോദരനെ വിധിക്കുന്നതു എന്തു? അല്ല നീ സഹോദരനെ ധിക്കരിക്കുന്നതു എന്തു? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന്നു മുമ്പാകെ നിൽക്കേണ്ടിവരും.

 < 
14:11 “എന്നാണ എന്റെ മുമ്പിൽ എല്ലാമുഴങ്കാലും മടങ്ങും, എല്ലാനാവും ദൈവത്തെ സ്തുതിക്കും എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.

14:12 ആകയാൽ നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും.

14:13 അതുകൊണ്ടു നാം ഇനി അന്യോന്യം വിധിക്കരുതു; സഹോദരന്നു ഇടർച്ചയോ തടങ്ങലോ വെക്കാതിരിപ്പാൻ മാത്രം ഉറെച്ചുകൊൾവിൻ

14:14 യാതൊന്നും സ്വതവെ മലിനമല്ല എന്നു ഞാൻ കർത്താവായ യേശുവിൽ അറിഞ്ഞും ഉറെച്ചുമിരിക്കുന്നു. വല്ലതും മലിനം എന്നു എണ്ണുന്നവന്നു മാത്രം അതു മലിനം ആകുന്നു.

14:15 നിന്റെ ഭക്ഷണംനിമിത്തം സഹോദരനെ വ്യസനിപ്പിച്ചാൽ നീ സ്നേഹപ്രകാരം നടക്കുന്നില്ല. ആർക്കുവേണ്ടി ക്രിസ്തു മരിച്ചുവോ അവനെ നിന്റെ ഭക്ഷണംകൊണ്ടു നശിപ്പിക്കരുതു.

 < 
14:16 നിങ്ങളുടെ നന്മെക്കു ദൂഷണം വരുത്തരുതു.

14:17 ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ.

14:18 അതിൽ ക്രിസ്തുവിനെ സേവിക്കുന്നവൻ ദൈവത്തെ പ്രസാദിപ്പിക്കുന്നവനും മനുഷ്യർക്കു കൊള്ളാകുന്നവനും തന്നേ.

14:19 ആകയാൽ നാം സമാധാനത്തിന്നും അന്യോന്യം ആത്മികവദ്ധനെക്കും ഉള്ളതിന്നു ശ്രമിച്ചുകൊൾക.

14:20 ഭക്ഷണംനിമിത്തം ദൈവനിർമ്മാണത്തെ അഴിക്കരുതു. എല്ലാം ശുദ്ധം തന്നേ; എങ്കിലും ഇടർച്ച വരുത്തുമാറു തിന്നുന്ന മനുഷ്യനു അതു ദോഷമത്രേ.

 < 
14:21 മാംസം തിന്നാതെയും വീഞ്ഞു കുടിക്കാതെയും സഹോദരന്നു ഇടർച്ച വരുത്തുന്ന യാതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലതു.

14:22 നിനക്കുള്ള വിശ്വാസം ദൈവസന്നിധിയിൽ നിനക്കു തന്നേ ഇരിക്കട്ടെ; താൻ സ്വീകരിക്കുന്നതിൽ തന്നെത്താൻ വിധിക്കാത്തവൻ ഭാഗ്യവാൻ.

14:23 എന്നാൽ സംശയിക്കുന്നവൻ തിന്നുന്നു എങ്കിൽ അതു വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കായ്കകൊണ്ടു അവൻ കുറ്റക്കാരനായിരിക്കുന്നു. വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ.


* ----------------------------------------

റോമർ അദ്ധ്യായം 15  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33

15:1 എന്നാൽ ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കുകയും നമ്മിൽ തന്നേ പ്രസാദിക്കാതിരിക്കയും വേണം.

15:2 നമ്മിൽ ഓരോരുത്തൻ കൂട്ടുകാരനെ നന്മെക്കായിട്ടു ആത്മിക വർദ്ധനെക്കു വേണ്ടി പ്രസാദിപ്പിക്കേണം.

15:3 “നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണു” എന്നു എഴുതിയിരിക്കുന്നുതു പോലെ ക്രിസ്തുവും തന്നിൽ തന്നേ പ്രസാദിച്ചില്ല.

15:4 എന്നാൽ മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ എഴുതിയിരിക്കുന്നു.

15:5 എന്നാൽ നിങ്ങൾ ഐകമത്യപെട്ടു, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന്നു

 < 
15:6 സ്ഥിരതയും ആശ്വാസവും നല്കുന്ന ദൈവം നിങ്ങൾക്കു ക്രിസ്തുയേശുവിന്നു അനുരൂപമായി തമ്മിൽ ഏകചിന്തയോടിരിപ്പാൻ കൃപ നല്കുമാറാകട്ടെ.

15:7 അതുകൊണ്ടു ക്രിസ്തു ദൈവത്തിന്റെ മഹത്വത്തിന്നായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊൾവിൻ.

15:8 പിതാക്കന്മാർക്കു ലഭിച്ച വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന്നു

15:9 ക്രിസ്തു ദൈവത്തിന്റെ സത്യംനിമിത്തം പരിച്ഛേദനെക്കു ശുശ്രൂഷക്കാരനായിത്തീർന്നു എന്നും ജാതികൾ ദൈവത്തെ അവന്റെ കരുണനിമിത്തം മഹത്വീകരിക്കേണം എന്നും ഞാൻ പറയുന്നു.

15:10 “അതുകൊണ്ടു ഞാൻ ജാതികളുടെ ഇടയിൽ നിന്നെ വാഴ്ത്തി നിന്റെ നാമത്തിന്നു സ്തുതി പാടും”

 < 
15:11 എന്നു എഴുതിയിരിക്കുന്നവല്ലോ. മറ്റൊരേടത്തു: “ജാതികളേ, അവന്റെ ജനത്തൊടു ഒന്നിച്ചു ആനന്ദിപ്പിൻ”എന്നും പറയുന്നു. “സകല ജാതികളുമായുള്ളോരേ, കർത്താവിനെ സ്തുതിപ്പിൻ, സകല വംശങ്ങളും അവനെ സ്തുതിക്കട്ടെ” എന്നും പറയുന്നു.

15:12 “യിശ്ശയിയുടെ വേരും ജാതികളെ ഭരിപ്പാൻ എഴുന്നേല്ക്കുന്നവനുമായവൻ ഉണ്ടാകും; അവനിൽ ജാതികൾ പ്രത്യാശവെക്കും”

15:13 എന്നു യെശയ്യാവു പറയുന്നു. എന്നാൽ പ്രത്യാശ നല്കുന്ന ദൈവം പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങൾ പ്രത്യാശയിൽ സമൃദ്ധിയുള്ളവരായി വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറെക്കുമാറാകട്ടെ.

15:14 സഹോദരന്മാരേ, നിങ്ങൾ തന്നേ ദയാപൂർണ്ണരും സകല ജ്ഞാനവും നിറഞ്ഞവരും അന്യോന്യം പ്രബോധിപ്പിപ്പാൻ പ്രാപ്തരും ആകുന്നു എന്നു ഞാൻ നിങ്ങളെക്കുറിച്ചു ഉറെച്ചിരിക്കുന്നു.

15:15 എങ്കിലും ജാതികൾ എന്ന വഴിപാടു പരിശുദ്ധാത്മാവിനാൽ വിശുദ്ധീകരിക്കപ്പെട്ടു പ്രസാദകരമായിത്തീരുവാൻ ഞാൻ ദൈവത്തിന്റെ സുവിശേഷഘോഷണം പുരോഹിതനായി അനുഷ്ഠിച്ചുകൊണ്ടു ജാതികളിൽ ക്രിസ്തുയേശുവിന്റെ ശുശ്രൂഷകനായിരിക്കേണ്ടതിന്നു

 < 
15:16 ദൈവം എനിക്കു നല്കിയ കൃപ നിമിത്തം നിങ്ങളെ ഓർമ്മപ്പെടുത്തുംവണ്ണം ഞാൻ ചിലേടത്തു അതിധൈര്യമായി നിങ്ങൾക്കു എഴുതിയിരിക്കുന്നു.

15:17 ക്രിസ്തുയേശുവിൽ എനിക്കു ദൈവസംബന്ധമായി പ്രശംസ ഉണ്ടു.

15:18 ക്രിസ്തു ഞാൻ മുഖാന്തരം ജാതികളുടെ അനുസരണത്തിന്നായിട്ടു വചനത്താലും പ്രവൃത്തിയാലും അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും ശക്തികൊണ്ടും പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടും പ്രവർത്തിച്ചതു അല്ലാതെ മറ്റൊന്നും മിണ്ടുവാൻ ഞാൻ തുനിയുകയില്ല.

15:19 അങ്ങനെ ഞാൻ യെരൂശലേം മുതൽ ഇല്ലുര്യദേശത്തോളം ചുറ്റിസഞ്ചരിച്ചു ക്രിസ്തുവിന്റെ സുവിശേഷഘോഷണം പൂരിപ്പിച്ചിരിക്കുന്നു.

15:20 ഞാൻ മറ്റൊരുവന്റെ അടിസ്ഥാനത്തിന്മേൽ പണിയാതിരിക്കേണ്ടതിന്നു ക്രിസ്തുവിന്റെ നാമം അറിഞ്ഞിട്ടുള്ള ഇടത്തിലല്ല,

 < 
15:21 “അവനെക്കുറിച്ചു അറിവുകിട്ടീട്ടില്ലാത്തവർ കാണും; കേട്ടിട്ടില്ലാത്തവർ ഗ്രഹിക്കും” എന്നു എഴുതിയിരിക്കുന്നുതുപോലെ അത്രേ, സുവിശേഷം അറിയിപ്പാൻ അഭിമാനിക്കുന്നതു.

15:22 അതുകൊണ്ടു തന്നേ ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നതിന്നു പലപ്പോഴും മുടക്കം വന്നു.

15:23 ഇപ്പോഴോ എനിക്കു ഈ ദിക്കുകളിൽ ഇനി സ്ഥലമില്ലായ്കയാലും അങ്ങോട്ടു വരുവാൻ അനേകസംവത്സരമായി വാഞ്ഛ ഉണ്ടാകകൊണ്ടും,

15:24 ഞാൻ സ്പാന്യയിലേക്കു യാത്ര ചെയ്യുമ്പോൾ പോകുന്ന വഴിക്കു നിങ്ങളെ കാണ്മാനും ആദ്യം നിങ്ങളെ കണ്ടു സന്തോഷിച്ചശേഷം നിങ്ങളാൽ യാത്ര അയക്കപ്പെടുവാനും ആശിക്കുന്നു.

15:25 ഇപ്പോഴോ ഞാൻ വിശുദ്ധന്മാർക്കു ശുശ്രൂഷ ചെയ്‍വാൻ യെരൂശലേമിലേക്കു യാത്രയാകുന്നു.

 < 
15:26 യെരൂശലേമിലെ വിശുദ്ധന്മാരിൽ ദരിദ്രരായവർക്കു ഏതാനും ധർമ്മോപകാരം ചെയ്‍വാൻ മക്കെദോന്യയിലും അഖായയിലും ഉള്ളവർക്കു ഇഷ്ടം തോന്നി.

15:27 അവർക്കു ഇഷ്ടം തോന്നി എന്നു മാത്രമല്ല, അതു അവർക്കു കടവും ആകുന്നു; ജാതികൾ അവരുടെ ആത്മികനന്മകളിൽ കൂട്ടാളികൾ ആയെങ്കിൽ ഐഹികനന്മകളിൽ അവർക്കു ശുശ്രൂഷ ചെയ്‍വാൻ കടമ്പെട്ടിരിക്കുന്നുവല്ലോ.

15:28 ഞാൻ അതു നിവർത്തിച്ചു ഈ ഫലം അവർക്കു ഏല്പിച്ചു ബോദ്ധ്യം വരുത്തിയ ശേഷം നിങ്ങളുടെ വഴിയായി സ്പാന്യയിലേക്കു പോകും.

15:29 ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ ക്രിസ്തുവിന്റെ അനുഗ്രഹപൂർത്തിയോടെ വരും എന്നു ഞാൻ അറിയുന്നു.

15:30 എന്നാൽ സഹോദരന്മാരേ, യെഹൂദ്യയിലെ അവിശ്വാസികളുടെ കയ്യിൽനിന്നു എന്നെ രക്ഷിക്കേണ്ടതിന്നും യെരൂശലേമിലേക്കു ഞാൻ കൊണ്ടുപോകുന്ന സഹായം വിശുദ്ധന്മാർക്കു

 < 
15:31 പ്രസാദമായിത്തീരേണ്ടതിന്നും ഇങ്ങനെ ഞാൻ ദൈവവേഷ്ടത്താൽ സന്തോഷത്തോടെ നിങ്ങളുടെ അടുക്കൽ വന്നു നിങ്ങളോടുകൂടെ മനം തണുക്കേണ്ടതിന്നും നിങ്ങൾ എനിക്കു വേണ്ടി ദൈവത്തോടുള്ള പ്രാർത്ഥനയിൽ എന്നോടുകൂടെ പോരാടേണം

15:32 എന്നു നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ആത്മാവിന്റെ സ്നേഹത്തെയും ഓർപ്പിച്ചു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.

15:33 സമാധാനത്തിന്റെ ദൈവം നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.


* ----------------------------------------

റോമർ അദ്ധ്യായം 16  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27

16:1 നമ്മുടെ സഹോദരിയും കെംക്രെയസഭയിലെ ശുശ്രൂഷക്കാരത്തിയുമായ ഫേബയെ

16:2 നിങ്ങൾ വിശുദ്ധന്മാർക്കു യോഗ്യമാംവണ്ണം കർത്താവിന്റെ നാമത്തിൽ കൈക്കൊണ്ടു, അവൾക്കു നിങ്ങളുടെ സഹായം വേണ്ടുന്ന ഏതു കാര്യത്തിലും സഹായിക്കേണ്ടതിന്നു ഞാൻ നിങ്ങളെ ഭാരമേല്പിക്കുന്നു. അവളും പലർക്കും വിശേഷാൽ എനിക്കും സഹായം ചെയ്തിരിക്കുന്നു.

16:3 ക്രിസ്തുയേശുവിൽ എന്റെ കൂട്ടുവേലക്കാരായ പ്രിസ്കയെയും അക്വിലാവെയും വന്ദനം ചെയ്‍വിൻ.

16:4 അവർ എന്റെ പ്രാണന്നു വേണ്ടി തങ്ങളുടെ കഴുത്തു വെച്ചുകൊടുത്തവരാകുന്നു; അവർക്കു ഞാൻ മാത്രമല്ല, ജാതികളുടെ സകലസഭകളും കൂടെ നന്ദിപറയുന്നു.

16:5 അവരുടെ വീട്ടിലെ സഭയെയും വന്ദനം ചെയ്‍വിൻ; ആസ്യയിൽ ക്രിസ്തുവിന്നു ആദ്യഫലമായി എനിക്കു പ്രിയനായ എപ്പൈനത്തൊസിന്നു വന്ദനം ചൊല്ലുവിൻ.

 < 
16:6 നിങ്ങൾക്കായി വളരെ അദ്ധ്വാനിച്ചവളായ മറിയെക്കു വന്ദനം ചൊല്ലുവിൻ.

16:7 എന്റെ ചാർച്ചക്കാരും സഹബദ്ധന്മാരായ അന്ത്രൊനിക്കൊസിന്നും യൂനിയാവിന്നും വന്ദനം ചൊല്ലുവിൻ; അവർ അപ്പൊസ്തലന്മാരുടെ ഇടയിൽ പേർകൊണ്ടവരും എനിക്കു മുമ്പെ ക്രിസ്തുവിൽ വിശ്വസിച്ചവരും ആകുന്നു.

16:8 കർത്താവിൽ എനിക്കു പ്രിയനായ അംപ്ളിയാത്തൊസിന്നു വന്ദനം ചൊല്ലുവിൻ.

16:9 ക്രിസ്തുവിൽ ഞങ്ങളുടെ കൂട്ടുവേലക്കാരനായ ഉർബ്ബാനൊസിന്നും എനിക്കു പ്രിയനായ സ്താക്കുവിന്നും വന്ദനം ചൊല്ലുവിൻ.

16:10 ക്രിസ്തുവിൽ സമ്മതനായ അപ്പെലേസിന്നു വന്ദനം ചൊല്ലുവിൻ. അരിസ്തൊബൂലൊസിന്റെ ഭവനക്കാർക്കു വന്ദനം ചൊല്ലുവിൻ.

 < 
16:11 എന്റെ ചാർച്ചക്കാരനായ ഹെരോദിയോന്നു വന്ദനം ചൊല്ലുവിൻ; നർക്കിസ്സൊസിന്റെ ഭവനക്കാരിൽ കർത്താവിൽ വിശ്വസിച്ചവർക്കു വന്ദനം ചൊല്ലുവിൻ.

16:12 കർത്താവിൽ അദ്ധ്വാനിക്കുന്നവരായ ത്രുഫൈനെക്കും ത്രുഫോസെക്കും വന്ദനം ചൊല്ലുവിൻ. കർത്താവിൽ വളരെ അദ്ധ്വാനിച്ചവളായ പ്രിയ പെർസിസിന്നു വന്ദനം ചൊല്ലുവിൻ.

16:13 കർത്താവിൽ പ്രസിദ്ധനായ രൂഫൊസിനെയും എനിക്കും അമ്മയായ അവന്റെ അമ്മയെയും വന്ദനം ചെയ്‍വിൻ.

16:14 അസുംക്രിതൊസിന്നും പ്ളെഗോന്നും ഹെർമ്മോസിന്നും പത്രൊബാസിന്നും ഹെർമ്മാസിന്നും കൂടെയുള്ള സഹോദരന്മാർക്കും വന്ദനം ചൊല്ലുവിൻ.

16:15 ഫിലൊലൊഗൊസിന്നും യൂലിയെക്കും നെരെയുസിന്നും അവന്റെ സഹോദരിക്കും ഒലുമ്പാസിന്നും അവരോടുകൂടെയുള്ള സകല വിശുദ്ധന്മാർക്കും വന്ദനം ചൊല്ലുവിൻ.

 < 
16:16 വിശുദ്ധചുംബനംകൊണ്ടു അന്യോന്യം വന്ദനം ചെയ്‍വിൻ. ക്രിസ്തുവിന്റെ സകലസഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു.

16:17 സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിന്നു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോടു അകന്നു മാറുവിൻ.

16:18 അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനെ അല്ല തങ്ങളുടെ വയറ്റിനെയത്രേ സേവിക്കയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളകയും ചെയ്യുന്നു.

16:19 നിങ്ങളുടെ അനുസരണം പരക്കെ എല്ലാവർക്കും പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ടു ഞാൻ നിങ്ങൾ നിമിത്തം സന്തോഷിക്കുന്നു; എങ്കിലും നിങ്ങൾ നന്മെക്കു ജ്ഞാനികളും തിന്മെക്കു അജ്ഞന്മാരും ആകേണം എന്നു ഞാൻ ഇച്ഛിക്കുന്നു.

16:20 സമാധാനത്തിന്റെ ദൈവമോ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതെച്ചുകളയും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

 < 
16:21 എന്റെ കൂട്ടുവേലക്കാരനായ തിമൊഥെയൊസും എന്റെ ചാർച്ചക്കാരയ ലൂക്യൊസും യാസോനും സോസിപത്രൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.

16:22 ഈ ലേഖനം എഴുതിയ തെർതൊസ് എന്ന ഞാൻ നിങ്ങളെ കർത്താവിൽ വന്ദനം ചെയ്യുന്നു.

16:23 എനിക്കും സർവ്വസഭെക്കും അതിഥിസൽക്കാരം ചെയ്യുന്ന ഗായൊസ് നിങ്ങളെ വന്ദനം ചെയ്യുന്നു. പട്ടണത്തിന്റെ ഭണ്ഡാരവിചാരകനായ എരസ്തൊസും സഹോദരനായ ക്വർത്തൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.

16:24 പൂർവ്വകാലങ്ങളിൽ മറഞ്ഞിരുന്നിട്ടു ഇപ്പോൾ വെളിപ്പെട്ടുവന്നതും നിത്യദൈവത്തിന്റെ നിയോഗപ്രകാരം സകലജാതികൾക്കും വിശ്വാസത്തിന്റെ അനുസരണത്തിന്നായി പ്രവാചകന്മാരുടെ എഴുത്തുകളാൽ

16:25 അറിയിച്ചിരിക്കുന്നതുമായ മർമ്മത്തിന്റെ വെളിപ്പാടിന്നു അനുസരണമായുള്ള എന്റെ സുവിശേഷത്തിന്നും യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രസംഗത്തിന്നും ഒത്തവണ്ണം നിങ്ങളെ സ്ഥിരപ്പെടുത്തുവാൻ കഴിയുന്ന

 < 
16:26 ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.

16:27

* ----------------------------------------

അന്തം  < 
































Romans

Indian Malayalam Bible (IMM)