A         A         A         A

121 പത്രൊസ് 1 - Peter 1

ബൈബിള്‍ - സത്യവേദപുസ്തകം
 <  1 2 3 4 5

* ----------------------------------------

പത്രൊസ് 1 അദ്ധ്യായം 1  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25

1:1 യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായ പത്രൊസ് പൊന്തൊസിലും ഗലാത്യയിലും കപ്പദൊക്യയിലും ആസ്യയിലും ബിഥുന്യയിലും ചിതറിപ്പാർക്കുന്ന പരദേശികളും

1:2 പിതാവായ ദൈവത്തിന്റെ മുന്നറിവിന്നു ഒത്തവണ്ണം ആത്മാവിന്റെ വിശുദ്ധീകരണം പ്രാപിച്ചു അനുസരണം കാണിപ്പാനും യേശുക്രിസ്തുവിന്റെ രക്തത്താൽ തളിക്കപ്പെടുവാനുമായി വൃതന്മാരുമായവർക്കു എഴുതുന്നതു: നിങ്ങൾക്കു കൃപയും സമാധാനവും വർദ്ധിക്കുമാറാകട്ടെ.

1:3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി,

1:4 അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കു വേണ്ടി സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും

1:5 ക്ഷയം, മാലിന്യം, വാട്ടം, എന്നിവ ഇല്ലാത്തതുമായ അവകാശത്തിന്നായി തന്നേ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.

 < 
1:6 അതിൽ നിങ്ങൾ ഇപ്പോൾ അല്പനേരത്തേക്കു നാനാപരീക്ഷകളാൽ ദുഃഖിച്ചിരിക്കേണ്ടിവന്നാലും ആനന്ദിക്കുന്നു.

1:7 അഴിഞ്ഞുപോകുന്നതും തീയിൽ ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയതു എന്നു യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ പുകഴ്ചെക്കും തേജസ്സിന്നും മാനത്തിന്നുമായി കാണ്മാൻ അങ്ങനെ ഇടവരും.

1:8 അവനെ നിങ്ങൾ കണ്ടിട്ടില്ലെങ്കിലും സ്നേഹിക്കുന്നു; ഇപ്പോൾ കാണാതെ വിശ്വസിച്ചുംകൊണ്ടു

1:9 നിങ്ങളുടെ വിശ്വാസത്തിന്റെ അന്തമായ ആത്മരക്ഷ പ്രാപിക്കയും പറഞ്ഞുതീരാത്തതും മഹിമയുള്ളതുമായ സന്തോഷത്തോടെ ആനന്ദിക്കയും ചെയ്യുന്നു.

1:10 നിങ്ങൾക്കു വരുവാനിരിക്കുന്ന കൃപയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെ ആരാഞ്ഞു അന്വേഷിച്ചിരുന്നു.

 < 
1:11 അവരിലുള്ള ക്രിസ്തുവിൻ ആത്മാവു ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി,

1:12 തങ്ങൾക്കായിട്ടല്ല നിങ്ങൾക്കായിട്ടത്രേ തങ്ങൾ ആ ശുശ്രൂഷ ചെയ്യുന്നു എന്നു അവർക്കു വെളിപ്പെട്ടു; സ്വർഗ്ഗത്തിൽ നിന്നു അയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവർ അതു ഇപ്പോൾ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നു.

1:13 ആകയാൽ നിങ്ങളുടെ മനസ്സു ഉറപ്പിച്ചു നിർമ്മദരായി യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിങ്കൽ നിങ്ങൾക്കു വരുവാനുള്ള കൃപയിൽ പൂർണ്ണ പ്രത്യാശ വെച്ചുകൊൾവിൻ.

1:14 പണ്ടു നിങ്ങളുടെ അജ്ഞാനകാലത്തു ഉണ്ടായിരുന്ന മോഹങ്ങളെ

1:15 മാതൃകയാക്കാതെ നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ.

 < 
1:16 “ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ ” എന്നു എഴുതിയിരിക്കുന്നുവല്ലോ.

1:17 മുഖപക്ഷം കൂടാതെ ഓരോരുത്തന്റെ പ്രവൃത്തിക്കു തക്കവണ്ണം ന്യായം വിധിക്കുന്നവനെ നിങ്ങൾ പിതാവു എന്നു വിളിക്കുന്നു എങ്കിൽ നിങ്ങളുടെ പ്രവാസകാലം ഭയത്തോടെ കഴിപ്പിൻ.

1:18 വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടു ത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല,

1:19 ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ.

1:20 അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.

 < 
1:21 നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ വെച്ചുകൊള്ളേണ്ടതിന്നു ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു, അവന്നു തേജസ്സു കൊടുത്തുമിരിക്കുന്നു.

1:22 എന്നാൽ സത്യം അനുസരിക്കയാൽ നിങ്ങളുടെ ആത്മാക്കളെ നിർവ്യാജമായ സഹോദരപ്രീതിക്കായി നിർമ്മലീകരിച്ചിരിക്കകൊണ്ടു ഹൃദയപൂർവ്വം അന്യോന്യം ഉറ്റുസ്നേഹിപ്പിൻ.

1:23 കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.

1:24 “സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗി എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ലു വാടി പൂവുതിർന്നുപോയി;

1:25 കർത്താവിന്റെ വചനമോ എന്നേക്കും നിലനില്ക്കുന്നു.” അതു ആകുന്നു നിങ്ങളോടു പ്രസംഗിച്ച വചനം.

 < 

* ----------------------------------------

പത്രൊസ് 1 അദ്ധ്യായം 2  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25

2:1 ആകയാൽ സകലദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാനുണയും നീക്കിക്കളഞ്ഞു

2:2 ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ

2:3 വാഞ്ഛിപ്പിൻ. കർത്താവു ദയാലു എന്നു നിങ്ങൾ ആസ്വദിച്ചിട്ടുണ്ടല്ലോ.

2:4 മനുഷ്യർ തള്ളിയതെങ്കിലും ദൈവസന്നിധിയിൽ ശ്രേഷ്ഠവും മാന്യവുമായ ജീവനുള്ള കല്ലായ അവന്റെ അടുക്കൽ വന്നിട്ടു

2:5 നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തുമുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗമാകേ ണ്ടതിന്നു പണിയപ്പെടുന്നു.

 < 
2:6 “ഞാൻ ശ്രേഷ്ഠവും മാന്യവുമായോരു മൂലക്കല്ലു സീയോനിൽ ഇടുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചുപോകയില്ല” എന്നു തിരുവെഴുത്തിൽ കാണുന്നുവല്ലോ.

2:7 വിശ്വസിക്കുന്ന നിങ്ങൾക്കു ആ മാന്യതയുണ്ടു; വിശ്വസിക്കാത്തവർക്കോ “വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു തന്നേ മൂലക്കല്ലും ഇടർച്ചക്കല്ലും തടങ്ങൽ പാറയുമായിത്തീർന്നു.”

2:8 അവർ വചനം അനുസരിക്കായ്കയാൽ ഇടറിപ്പോകുന്നു; അതിന്നു അവരെ വെച്ചുമിരിക്കുന്നു.

2:9 നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.

2:10 മുമ്പെ നിങ്ങൾ ജനമല്ലാത്തവർ; ഇപ്പോഴോ ദൈവത്തിന്റെ ജനം; കരുണ ലഭിക്കാത്തവർ; ഇപ്പോഴോ കരുണ ലഭിച്ചവർ തന്നേ.

 < 
2:11 പ്രിയമുള്ളവരേ, പ്രവാസികളും പരദേശികളുമായ നിങ്ങളെ ആത്മാവിനോടു പോരാടുന്ന ജഡമോഹങ്ങളെ വിട്ടകന്നു ജാതികൾ നിങ്ങളെ ദുഷ്‌പ്രവൃത്തിക്കാർ എന്നു ദുഷിക്കുന്തോറും

2:12 നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദർശനദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു അവരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു.

2:13 സകല മാനുഷനിയമത്തിന്നും കർത്താവിൻ നിമിത്തം കീഴടങ്ങുവിൻ.

2:14 ശ്രേഷ്ഠാധികാരി എന്നുവെച്ചു രാജാവിന്നും ദുഷ്‌പ്രവൃത്തിക്കാരുടെ ദണ്ഡനത്തിന്നും സൽപ്രവൃത്തിക്കാരുടെ മാനത്തിന്നുമായി അവനാൽ അയക്കപ്പെട്ടവർ എന്നുവെച്ചു നാടുവാഴികൾക്കും കീഴടങ്ങുവിൻ.

2:15 നിങ്ങൾ നന്മ ചെയ്തുകൊണ്ടു ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഭോഷത്വം മിണ്ടാതാക്കേണം എന്നുള്ളതു ദൈവേഷ്ടം ആകുന്നു.

 < 
2:16 സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതെക്കു മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായും നടപ്പിൻ.

2:17 എല്ലാവരെയും ബഹുമാനിപ്പിൻ; സഹോദരവർഗ്ഗത്തെ സ്നേഹിപ്പിൻ; ദൈവത്തെ ഭയപ്പെടുവിൻ; രാജാവിനെ ബഹുമാനിപ്പിൻ.

2:18 വേലക്കാരേ, പൂർണ്ണഭയത്തോടെ യജമാനന്മാർക്കു, നല്ലവർക്കും ശാന്തന്മാർക്കും മാത്രമല്ല, മൂർഖന്മാർക്കും കൂടെ കീഴടങ്ങിയിരിപ്പിൻ.

2:19 ഒരുത്തൻ ദൈവത്തെക്കുറിച്ചുള്ള മനോബോധം നിമിത്തം അന്യായമായി കഷ്ടവും ദുഃഖവും സഹിച്ചാൽ അതു പ്രസാദം ആകുന്നു.

2:20 നിങ്ങൾ കുറ്റം ചെയ്തിട്ടു അടികൊള്ളുന്നതു സഹിച്ചാൽ എന്തു യശസ്സുള്ളു? അല്ല, നന്മ ചെയ്തിട്ടു കഷ്ടം സഹിച്ചാൽ അതു ദൈവത്തിന്നു പ്രസാദം.

 < 
2:21 അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു.

2:22 അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല.

2:23 തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തതു.

2:24 നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൌഖ്യം വന്നിരിക്കുന്നു.

2:25 നിങ്ങൾ തെറ്റി ഉഴലുന്ന ആടുകളെപ്പോലെ ആയിരുന്നു; ഇപ്പോഴോ നിങ്ങളുടെ ആത്മാക്കളുടെ ഇടയനും അദ്ധ്യക്ഷനുമായവങ്കലേക്കു മടങ്ങിവന്നിരിക്കുന്നു.

 < 

* ----------------------------------------

പത്രൊസ് 1 അദ്ധ്യായം 3  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22

3:1 ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിപ്പിൻ; അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിർമ്മലമായ നടപ്പു കണ്ടറിഞ്ഞു

3:2 വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാൽ ചേർന്നുവരുവാൻ ഇടയാകും.

3:3 നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല,

3:4 സൌമ്യതയും സാവധാനതയുമുള്ള മനസ്സു എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്റെ ഗൂഢമനുഷ്യൻ തന്നേ ആയിരിക്കേണം; അതു ദൈവസന്നിധിയിൽ വിലയേറിയതാകുന്നു.

3:5 ഇങ്ങനെയല്ലോ പണ്ടു ദൈവത്തിൽ പ്രത്യാശവെച്ചിരുന്ന വിശുദ്ധസ്ത്രീകൾ തങ്ങളെത്തന്നേ അലങ്കരിച്ചു ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിരുന്നതു.

 < 
3:6 അങ്ങനെ സാറാ അബ്രാഹാമിനെ യജമാനൻ എന്നു വിളിച്ചു അനുസരിച്ചിരുന്നു; നന്മ ചെയ്തു യാതൊരു ഭീഷണിയും പേടിക്കാതിരുന്നാൽ നിങ്ങൾ അവളുടെ മക്കൾ ആയിത്തീർന്നു.

3:7 അങ്ങനെ തന്നേ ഭർത്താക്കന്മാരേ, നിങ്ങളുടെ പ്രാർത്ഥനെക്കു മുടക്കം വരാതിരിക്കേണ്ടതിന്നു വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ചു, സ്ത്രീജനം ബലഹീനപാത്രം എന്നും അവർ ജീവന്റെ കൃപെക്കു കൂട്ടവകാശികൾ എന്നും ഓർത്തു അവർക്കു ബഹുമാനം കൊടുപ്പിൻ.

3:8 തീർച്ചെക്കു എല്ലാവരും ഐകമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും വിനയബുദ്ധിയുമുള്ളവരായിരിപ്പിൻ.

3:9 ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ.

3:10 “ജീവനെ ആഗ്രഹിക്കയും ശുഭകാലം കാണ്മാൻ ഇച്ഛിക്കയും ചെയ്യുന്നവൻ ദോഷം ചെയ്യാതെ തന്റെ നാവിനെയും വ്യാജം പറയാതെ അധരത്തെയും അടക്കിക്കൊള്ളട്ടെ.

 < 
3:11 അവൻ ദോഷം വിട്ടകന്നു ഗുണം ചെയ്കയും സമാധാനം അന്വേഷിച്ചു പിന്തുടരുകയും ചെയ്യട്ടെ.

3:12 കർത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു; എന്നാൽ കർത്താവിന്റെ മുഖം ദുഷ്‌പ്രവൃത്തിക്കാർക്കു പ്രതികൂലമായിരിക്കുന്നു.”

3:13 നിങ്ങൾ നന്മ ചെയ്യുന്നതിൽ ശൂഷ്കാന്തിയുള്ളവർ ആകുന്നു എങ്കിൽ നിങ്ങൾക്കു ദോഷം ചെയ്യുന്നവൻ ആർ?

3:14 നീതിനിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും നിങ്ങൾ ഭാഗ്യവാന്മാർ. അവരുടെ ഭീഷണത്തിങ്കൽ ഭയപ്പെടുകയും കലങ്ങുകയുമരുതു; എന്നാൽ ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ.

3:15 നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ.

 < 
3:16 ക്രിസ്തുവിൽ നിങ്ങൾക്കുള്ള നല്ല നടപ്പിനെ ദുഷിക്കുന്നവർ നിങ്ങളെ പഴിച്ചു പറയുന്നതിൽ ലജ്ജിക്കേണ്ടതിന്നു നല്ലമനസ്സാക്ഷിയുള്ളവരായിരിപ്പിൻ.

3:17 നിങ്ങൾ കഷ്ടം സഹിക്കേണം എന്നു ദൈവഹിതമെങ്കിൽ തിന്മ ചെയ്തിട്ടല്ല, നന്മ ചെയ്തിട്ടു സഹിക്കുന്നതു ഏറ്റവും നന്നു.

3:18 ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.

3:19 ആത്മാവിൽ അവൻ ചെന്നു, പണ്ടു നോഹയുടെ കാലത്തു പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീർഘക്ഷമയോടെ കാത്തിരിക്കുമ്പോൾ അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോടു പ്രസംഗിച്ചു.

3:20 ആ പെട്ടകത്തിൽ അല്പജനം, എന്നുവെച്ചാൽ എട്ടുപേർ, വെള്ളത്തിൽകൂടി രക്ഷ പ്രാപിച്ചു.

 < 
3:21 അതു സ്നാനത്തിന്നു ഒരു മുൻകുറി. സ്നാനമോ ഇപ്പോൾ ജഡത്തിന്റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു.

3:22 അവൻ സ്വർഗ്ഗത്തിലേക്കു പോയി ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവന്നു കീഴ്പെട്ടുമിരിക്കുന്നു.


* ----------------------------------------

പത്രൊസ് 1 അദ്ധ്യായം 4  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19

4:1 ക്രിസ്തു ജഡത്തിൽ കഷ്ടമനുഭവിച്ചതുകൊണ്ടു നിങ്ങളും ആ ഭാവം തന്നേ ആയുധമായി ധരിപ്പിൻ.

4:2 ജഡത്തിൽ കഷ്ടമനുഭവിച്ചവൻ ജഡത്തിൽ ശേഷിച്ചിരിക്കുംകാലം ഇനി മനുഷ്യരുടെ മോഹങ്ങൾക്കല്ല, ദൈവത്തിന്റെ ഇഷ്ടത്തിന്നത്രേ ജീവിക്കേണ്ടതിന്നു പാപം വിട്ടൊഴിഞ്ഞിരിക്കുന്നു.

4:3 കാമാർത്തികളിലും മോഹങ്ങളിലും വീഞ്ഞുകുടിയിലും വെറിക്കൂത്തുകളിലും മദ്യപാനത്തിലും ധർമ്മവിരുദ്ധമായ വിഗ്രഹാരാധനയിലും നടന്നു ജാതികളുടെ ഇഷ്ടം പ്രവർത്തിച്ചുകൊണ്ടു കാലം പോക്കിയതു മതി.

4:4 ദുർന്നടപ്പിന്റെ അതേ കവിച്ചലിൽ നിങ്ങൾ അവരോടു ചേർന്നു നടക്കാതിരിക്കുന്നതു അപൂർവ്വം എന്നുവെച്ചു അവർ ദുഷിക്കുന്നു.

4:5 ജീവികളെയും മരിച്ചവരെയും ന്യായം വിധിപ്പാൻ ഒരുങ്ങിയിരിക്കുന്നവന്നു അവർ കണക്കു ബോധിപ്പിക്കേണ്ടിവരും.

 < 
4:6 ഇതിന്നായിട്ടല്ലോ മരിച്ചവരോടും സുവിശേഷം അറിയിച്ചതു. അവർ ജഡസംബന്ധമായി മനുഷ്യരെപ്പോലെ വിധിക്കപ്പെടുകയും ആത്മാവുസംബന്ധമായി ദൈവത്തിന്നൊത്തവണ്ണം ജീവിക്കയും ചെയ്യേണ്ടതിന്നു തന്നേ.

4:7 എന്നാൽ എല്ലാറ്റിന്റെയും അവസാനം സമീപിച്ചിരിക്കുന്നു; ആകയാൽ പ്രാർത്ഥനെക്കു സുബോധമുള്ളവരും നിർമ്മദരുമായിരിപ്പിൻ.

4:8 സകലത്തിന്നും മുമ്പെ തമ്മിൽ ഉറ്റ സ്നേഹം ഉള്ളവരായിരിപ്പിൻ. സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു.

4:9 പിറുപിറുപ്പു കൂടാതെ തമ്മിൽ അതിഥിസൽക്കാരം ആചരിപ്പിൻ.

4:10 ഓരോരുത്തന്നു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിൻ.

 < 
4:11 ഒരുത്തൻ പ്രസംഗിക്കുന്നു എങ്കിൽ ദൈവത്തിന്റെ അരുളപ്പാടു പ്രസ്താവിക്കുന്നു എന്നപോലെയും ഒരുത്തൻ ശുശ്രൂഷിക്കുന്നു എങ്കിൽ ദൈവം നല്കുന്ന പ്രാപ്തിക്കു ഒത്തവണ്ണവും ആകട്ടെ. എല്ലാറ്റിലും ദൈവം യേശുക്രിസ്തുമൂലം മഹത്വപ്പെടുവാൻ ഇടവരട്ടെ. മഹത്വവും ബലവും എന്നെന്നേക്കും അവന്നുള്ളതു. ആമേൻ.

4:12 പ്രിയമുള്ളവരേ, നിങ്ങൾക്കു പരീക്ഷക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവ്വകാര്യം നിങ്ങൾക്കു വന്നുകൂടി എന്നു വച്ചു അതിശയിച്ചുപോകരുതു.

4:13 ക്രിസ്തുവിന്റെ കഷ്ടങ്ങൾക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചുകൊൾവിൻ. അങ്ങനെ നിങ്ങൾ അവന്റെ തേജസ്സിന്റെ പ്രത്യക്ഷതയിൽ ഉല്ലസിച്ചാനന്ദിപ്പാൻ ഇടവരും.

4:14 ക്രിസ്തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ; മഹത്വത്തിന്റെ ആത്മാവായ ദൈവാത്മാവു നിങ്ങളുടെമേൽ ആവസിക്കുന്നുവല്ലോ.

4:15 നിങ്ങളിൽ ആരും കുലപാതകനോ കള്ളനോ ദുഷ്‌പ്രവൃത്തിക്കാരനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടതു; പരകാര്യത്തിൽ ഇടപെടുന്നവനായിട്ടുമല്ല;

 < 
4:16 ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹക്കേണ്ടിവന്നാലോ ലജ്ജിക്കരുതു; ഈ നാമം ധരിച്ചിട്ടു ദൈവത്തെ മഹത്വപ്പെടുത്തുകയത്രേ വേണ്ടതു.

4:17 ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിപ്പാൻ സമയമായല്ലോ. അതു നമ്മിൽ തുടങ്ങിയാൽ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും?

4:18 നീതിമാൻ പ്രയാസേന രക്ഷപ്രാപിക്കുന്നു എങ്കിൽ അഭക്തന്റെയും പാപിയുടെയും ഗതി എന്താകും?

4:19 അതുകൊണ്ടു ദൈവേഷ്ടപ്രകാരം കഷ്ടം സഹിക്കുന്നവർ നന്മ ചെയ്തുകൊണ്ടു തങ്ങളുടെ പ്രാണനെ വിശ്വസ്തനായ സ്രഷ്ടാവിങ്കൽ ഭരമേല്പിക്കട്ടെ.


* ----------------------------------------

പത്രൊസ് 1 അദ്ധ്യായം 5  <  1 2 3 4 5 6 7 8 9 10 11 12 13 14

5:1 നിങ്ങളിലുള്ള മൂപ്പന്മാരെ ഒരു കൂട്ടുമൂപ്പനും ക്രിസ്തുവിന്റെ കഷ്ടാനുഭവത്തിന്നു സാക്ഷിയും വെളിപ്പെടുവാനുള്ള തേജസ്സിന്നു കൂട്ടാളിയുമായ ഞാൻ പ്രബോധിപ്പിക്കുന്നതു:

5:2 നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻ കൂട്ടത്തെ മേയിച്ചുകൊൾവിൻ. നിർബ്ബന്ധത്താലല്ല, ദൈവത്തിന്നു ഹിതമാംവണ്ണം മനഃപൂർവ്വമായും ദുരാഗ്രഹത്തോടെയല്ല,

5:3 ഉന്മേഷത്തോടെയും ഇടവകകളുടെമേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല. ആട്ടിൻ കൂട്ടത്തിന്നു മാതൃകകളായിത്തീർന്നുകൊണ്ടും അദ്ധ്യക്ഷത ചെയ്‍വിൻ.

5:4 എന്നാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾ തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും.

5:5 അവ്വണ്ണം ഇളയവരേ, മൂപ്പന്മാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ; ദൈവം നിഗളികളോടു എതിർത്തുനില്ക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു;

 < 
5:6 അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ.

5:7 അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ.

5:8 നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു.

5:9 ലോകത്തിൽ നിങ്ങൾക്കുള്ള സഹോദരവർഗ്ഗത്തിന്നു ആവക കഷ്ടപ്പാടുകൾ തന്നേ പൂർത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോടു എതിർത്തു നില്പിൻ.

5:10 എന്നാൽ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്റെ നിത്യതേജസ്സിന്നായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും.

 < 
5:11 ബലം എന്നെന്നേക്കും അവന്നുള്ളതു. ആമേൻ.

5:12 നിങ്ങളെ പ്രബോധിപ്പിച്ചും നിങ്ങൾ ഈ നില്ക്കുന്നതു ദൈവത്തിന്റെ സത്യകൃപയിൽ ആകുന്നു എന്നു സാക്ഷീകരിച്ചുംകൊണ്ടു ഞാൻ നിങ്ങൾക്കു വിശ്വസ്തസഹോദരൻ എന്നു നിരൂപിക്കുന്ന സില്വാനൊസ് മുഖാന്തരം ചുരുക്കത്തിൽ എഴുതിയിരിക്കുന്നു.

5:13 നിങ്ങളുടെ സഹവൃതയായ ബാബിലോനിലെ സഭയും എനിക്കു മകനായ മർക്കൊസും നിങ്ങൾക്കു വന്ദനം ചൊല്ലുന്നു.

5:14 സ്നേഹചുബനത്താൽ തമ്മിൽ വന്ദനം ചെയ്‍വിൻ. ക്രിസ്തുവിലുള്ള നിങ്ങൾക്കു എല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ.

* ----------------------------------------

അന്തം  < 
































Peter 1

Indian Malayalam Bible (IMM)