A         A         A         A

123 യോഹന്നാൻ 1 - John 1

ബൈബിള്‍ - സത്യവേദപുസ്തകം
 <  1 2 3 4 5

* ----------------------------------------

യോഹന്നാൻ 1 അദ്ധ്യായം 1  <  1 2 3 4 5 6 7 8 9 10

1:1 ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും

1:2 ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു — ജീവൻ പ്രത്യക്ഷമായി, ഞങ്ങൾ കണ്ടു സാക്ഷീകരിക്കയും പിതാവിനോടുകൂടെയിരുന്നു ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോടു അറിയിക്കയും ചെയ്യുന്നു —

1:3 ഞങ്ങൾ കണ്ടും കേട്ടുമുള്ളതു നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിന്നു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു.

1:4 നമ്മുടെ സന്തോഷം പൂർണ്ണമാകുവാൻ ഞങ്ങൾ ഇതു നിങ്ങൾക്കു എഴുതുന്നു.

1:5 ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ടു ഒട്ടും ഇല്ല എന്നുള്ളതു ഞങ്ങൾ അവനോടു കേട്ടു നിങ്ങളോടു അറിയിക്കുന്ന ദൂതാകുന്നു.

 < 
1:6 അവനോടു കൂട്ടായ്മ ഉണ്ടു എന്നു പറകയും ഇരുട്ടിൽ നടക്കയും ചെയ്താൽ നാം ഭോഷ്കു പറയുന്നു; സത്യം പ്രവർത്തിക്കുന്നതുമില്ല.

1:7 അവൻ വെളിച്ചത്തിൽ ഇരിക്കുന്നതു പോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ നമുക്കു തമ്മിൽ കൂട്ടായ്മ ഉണ്ടു; അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.

1:8 നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി.

1:9 നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.

1:10 നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കിൽ അവനെ അസത്യവാദിയാക്കുന്നു; അവന്റെ വചനം നമ്മിൽ ഇല്ലാതെയായി.

 < 

* ----------------------------------------

യോഹന്നാൻ 1 അദ്ധ്യായം 2  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29

2:1 എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു.

2:2 അവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിന്നു മാത്രം അല്ല, സർവ്വലോകത്തിന്റെ പാപത്തിന്നും തന്നേ.

2:3 അവന്റെ കല്പനകളെ പ്രമാണിക്കുന്നു എങ്കിൽ നാം അവനെ അറിഞ്ഞിരിക്കുന്നു എന്നു അതിനാൽ അറിയുന്നു.

2:4 അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ കള്ളൻ ആകുന്നു; സത്യം അവനിൽ ഇല്ല.

2:5 എന്നാൽ ആരെങ്കിലും അവന്റെ വചനം പ്രമാണിക്കുന്നു എങ്കിൽ അവനിൽ ദൈവസ്നേഹം വാസ്തവമായി തികഞ്ഞിരിക്കുന്നു. നാം അവനിൽ ഇരിക്കുന്നു എന്നു ഇതിനാൽ നമുക്കു അറിയാം.

 < 
2:6 അവനിൽ വസിക്കുന്നു എന്നു പറയുന്നവൻ അവൻ നടന്നതുപോലെ നടക്കേണ്ടതാകുന്നു.

2:7 പ്രിയമുള്ളവരേ, പുതിയോരു കല്പനയല്ല ആദിമുതൽ നിങ്ങൾക്കുള്ള പഴയ കല്പനയത്രേ ഞാൻ നിങ്ങൾക്കു എഴുതുന്നതു. ആ പഴയ കല്പന നിങ്ങൾ കേട്ട വചനം തന്നേ.

2:8 പുതിയോരു കല്പന ഞാൻ നിങ്ങൾക്കു എഴുതുന്നു എന്നും പറയാം. അതു അവനിലും നിങ്ങളിലും സത്യമായിരിക്കുന്നു; ഇരുട്ടു നീങ്ങിപോകുന്നു; സത്യവെളിച്ചം ഇതാ പ്രകാശിക്കുന്നു.

2:9 വെളിച്ചത്തിൽ ഇരിക്കുന്നു എന്നു പറകയും സഹോദരനെ പകെക്കയും ചെയ്യുന്നവൻ ഇന്നെയോളം ഇരുട്ടിൽ ഇരിക്കുന്നു.

2:10 സഹോദരനെ സ്നേഹിക്കുന്നവൻ വെളിച്ചത്തിൽ വസിക്കുന്നു; ഇടർച്ചെക്കു അവനിൽ കാരണമില്ല.

 < 
2:11 സഹോദരനെ പകെക്കുന്നവനോ ഇരുട്ടിൽ ഇരിക്കുന്നു; ഇരുട്ടിൽ നടക്കയും ചെയ്യുന്നു. ഇരുട്ടു അവന്റെ കണ്ണു കുരുടാക്കുകയാൽ എവിടേക്കു പോകുന്നു എന്നു അവൻ അറിയുന്നില്ല.

2:12 കുഞ്ഞുങ്ങളേ, നിങ്ങൾക്കു അവന്റെ നാമം നിമിത്തം പാപങ്ങൾ മോചിച്ചിരിക്കയാൽ ഞാൻ നിങ്ങൾക്കു എഴുതുന്നു.

2:13 പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കയാൽ നിങ്ങൾക്കു എഴുതുന്നു. ബാല്യക്കാരേ, നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കയാൽ നിങ്ങൾക്കു എഴുതുന്നു. കുഞ്ഞുങ്ങളേ, നിങ്ങൾ പിതാവിനെ അറിഞ്ഞിരിക്കയാൽ ഞാൻ നിങ്ങൾക്കു എഴുതിയിരിക്കുന്നു.

2:14 പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കയാൽ ഞാൻ നിങ്ങൾക്കു എഴുതിയിരിക്കുന്നു. ബാല്യക്കാരേ, നിങ്ങൾ ശക്തരാകയാലും ദൈവവചനം നിങ്ങളിൽ വസിക്കയാലും നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കയാലും ഞാൻ നിങ്ങൾക്കു എഴുതിയിരിക്കുന്നു.

2:15 ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല.

 < 
2:16 ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു.

2:17 ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.

2:18 കുഞ്ഞുങ്ങളേ, ഇതു അന്ത്യനാഴിക ആകുന്നു; എതിർക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ എഴുന്നേറ്റിരിക്കയാൽ അന്ത്യനാഴിക ആകുന്നു എന്നു നമുക്കു അറിയാം.

2:19 അവർ നമ്മുടെ ഇടയിൽനിന്നു പുറപ്പെട്ടു എങ്കിലും നമുക്കുള്ളവർ ആയിരുന്നില്ല; അവർ നമുക്കുള്ളവർ ആയിരുന്നു എങ്കിൽ നമ്മോടുകൂടെ പാർക്കുമായിരുന്നു; എന്നാൽ എല്ലാവരും നമുക്കുള്ളവരല്ല എന്നു പ്രസിദ്ധമാകേണ്ടതല്ലോ.

2:20 നിങ്ങളോ പരിശുദ്ധനാൽ അഭിഷേകം പ്രാപിച്ചു സകലവും അറിയുന്നു.

 < 
2:21 നിങ്ങൾ സത്യം അറിയായ്കകൊണ്ടല്ല, നിങ്ങൾ അതു അറികയാലും ഭോഷ്കു ഒന്നും സത്യത്തിൽനിന്നു വരായ്കയാലുമത്രേ ഞാൻ നിങ്ങൾക്കു എഴുതിയിരിക്കുന്നതു.

2:22 യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു.

2:23 പുത്രനെ നിഷേധിക്കുന്നവന്നു പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവനു പിതാവും ഉണ്ടു.

2:24 നിങ്ങൾ ആദിമുതൽ കേട്ടതു നിങ്ങളിൽ വസിക്കട്ടെ. ആദിമുതൽ കേട്ടതു നിങ്ങളിൽ വസിക്കുന്നു എങ്കിൽ നിങ്ങൾ പുത്രനിലും പിതാവിലും വസിക്കും.

2:25 ഇതാകുന്നു അവൻ നമുക്കു തന്ന വാഗ്ദത്തം: നിത്യജീവൻ തന്നേ.

 < 
2:26 നിങ്ങളെ തെറ്റിക്കുന്നവരെ ഓർത്തു ഞാൻ ഇതു നിങ്ങൾക്കു എഴുതിയിരിക്കുന്നു.

2:27 അവനാൽ പ്രാപിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിപ്പാൻ ആവശ്യമില്ല; അവന്റെ അഭിഷേകം തന്നേ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയാലും അതു ഭോഷ്കല്ല സത്യം തന്നേ ആയിരിക്കയാലും അതു നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങൾ അവനിൽ വസിപ്പിൻ.

2:28 ഇനിയും കുഞ്ഞുങ്ങളേ, അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവന്റെ സന്നിധിയിൽ ലജ്ജിച്ചുപോകാതെ അവന്റെ പ്രത്യക്ഷതയിൽ നമുക്കു ധൈര്യം ഉണ്ടാകേണ്ടതിന്നു അവനിൽ വസിപ്പിൻ.

2:29 അവൻ നീതിമാൻ എന്നു നിങ്ങൾ ഗ്രഹിച്ചിരിക്കുന്നു എങ്കിൽ നീതി ചെയ്യുന്നവൻ ഒക്കെയും അവനിൽനിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നു.


* ----------------------------------------

യോഹന്നാൻ 1 അദ്ധ്യായം 3  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24

3:1 കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല.

3:2 പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കും പോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.

3:3 അവനിൽ ഈ പ്രത്യാശയുള്ളവൻ എല്ലാം അവൻ നിർമ്മലനായിരിക്കുന്നതുപോലെ തന്നെത്തന്നേ നിർമ്മലീകരിക്കുന്നു.

3:4 പാപം ചെയ്യുന്നവൻ എല്ലാം അധർമ്മവും ചെയ്യുന്നു; പാപം അധർമ്മം തന്നേ.

3:5 പാപങ്ങളെ നീക്കുവാൻ അവൻ പ്രത്യക്ഷനായി എന്നു നിങ്ങൾ അറിയുന്നു; അവനിൽ പാപം ഇല്ല.

 < 
3:6 അവനിൽ വസിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല. പാപം ചെയ്യുന്നവൻ ആരും അവനെ കണ്ടിട്ടില്ല, അറിഞ്ഞിട്ടുമില്ല.

3:7 കുഞ്ഞുങ്ങളേ, ആരും നിങ്ങളെ തെറ്റിക്കരുതു; അവൻ നീതിമാനായിരിക്കുന്നതുപോലെ നീതി ചെയ്യുന്നവൻ നീതിമാൻ ആകുന്നു.

3:8 പാപം ചെയ്യുന്നവൻ പിശാചിന്റെ മകൻ ആകുന്നു. പിശാചു ആദിമുതൽ പാപം ചെയ്യുന്നുവല്ലോ. പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ ദൈവപുത്രൻ പ്രത്യക്ഷനായി.

3:9 ദൈവത്തിൽനിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്തു അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവന്നു പാപം ചെയ്‍വാൻ കഴികയുമില്ല.

3:10 ദൈവത്തിന്റെ മക്കൾ ആരെന്നും പിശാചിന്റെ മക്കൾ ആരെന്നും ഇതിനാൽ തെളിയുന്നു; നീതി പ്രവർത്തിക്കാത്തവൻ ആരും സഹോദരനെ സ്നേഹിക്കാത്തവനും ദൈവത്തിൽനിന്നുള്ളവനല്ല.

 < 
3:11 നിങ്ങൾ ആദിമുതൽ കേട്ട ദൂതു: നാം അന്യോന്യം സ്നേഹിക്കേണം എന്നല്ലോ ആകുന്നു.

3:12 കയീൻ ദുഷ്ടനിൽനിന്നുള്ളവനായി സഹോദരനെ കൊന്നതുപോലെ അല്ല; അവനെ കൊല്ലുവാൻ സംഗതി എന്തു? തന്റെ പ്രവൃത്തി ദോഷവും സഹോദരന്റേതു നീതിയുമുള്ളതാകകൊണ്ടത്രേ.

3:13 സഹോദരന്മാരേ, ലോകം നിങ്ങളെ പകെക്കുന്നു എങ്കിൽ ആശ്ചര്യപ്പെടരുതു.

3:14 നാം മരണം വിട്ടു ജീവനിൽ കടന്നിരിക്കുന്നു എന്നു സഹോദരന്മാരെ സ്നേഹിക്കുന്നതിനാൽ നമുക്കു അറിയാം. സ്നേഹിക്കാത്തവൻ മരണത്തിൽ വസിക്കുന്നു.

3:15 സഹോദരനെ പകെക്കുന്നവൻ എല്ലാം കുലപാതകൻ ആകുന്നു. യാതൊരു കുലപാതകന്നും നിത്യജീവൻ ഉള്ളിൽ വസിച്ചിരിപ്പില്ല എന്നു നിങ്ങൾ അറിയുന്നു.

 < 
3:16 അവൻ നമുക്കു വേണ്ടി തന്റെ പ്രാണനെ വെച്ചുകൊടുത്തതിനാൽ നാം സ്നേഹം എന്തു എന്നു അറിഞ്ഞിരിക്കുന്നു; നാമും സഹോദരന്മാർക്കു വേണ്ടി പ്രാണനെ വെച്ചുകൊടുക്കേണ്ടതാകുന്നു.

3:17 എന്നാൽ ഈ ലോകത്തിലെ വസ്തുവകയുള്ളവൻ ആരെങ്കിലും തന്റെ സഹോദരന്നു മുട്ടുള്ളതു കണ്ടിട്ടു അവനോടു മനസ്സലിവു കാണിക്കാഞ്ഞാൽ ദൈവത്തിന്റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും?

3:18 കുഞ്ഞുങ്ങളേ, നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നേ സ്നേഹിക്കുക.

3:19 നാം സത്യത്തിന്റെ പക്ഷത്തു നില്ക്കുന്നവർ എന്നു ഇതിനാൽ അറിയും;

3:20 ഹൃദയം നമ്മെ കുറ്റം വിധിക്കുന്നു എങ്കിൽ ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും എന്നു നമ്മുടെ ഹൃദയത്തെ അവന്റെ സന്നിധിയിൽ ഉറപ്പിക്കാം.

 < 
3:21 പ്രിയമുള്ളവരേ, ഹൃദയം നമ്മെ കുററം വിധിക്കുന്നില്ലെങ്കിൽ നമുക്കു ദൈവത്തോടു പ്രാഗത്ഭ്യം ഉണ്ടു.

3:22 അവന്റെ കല്പനകളെ നാം പ്രമാണിച്ചു അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു എന്തു യാചിച്ചാലും അവങ്കൽനിന്നു ലഭിക്കും.

3:23 അവന്റെ കല്പനയോ, അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നാം വിശ്വസിക്കയും അവൻ നമുക്കു കല്പന തന്നതുപോലെ അന്യോന്യം സ്നേഹിക്കയും വേണം എന്നുള്ളതു തന്നേ.

3:24 അവന്റെ കല്പനകളെ പ്രമാണിക്കുന്നവൻ അവനിലും അവൻ ഇവനിലും വസിക്കുന്നു. അവൻ നമ്മിൽ വസിക്കുന്നു എന്നു അവൻ നമുക്കു തന്ന ആത്മാവിനാൽ നാം അറിയുന്നു.


* ----------------------------------------

യോഹന്നാൻ 1 അദ്ധ്യായം 4  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21

4:1 പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാൽ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്‍വിൻ.

4:2 ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു.

4:3 യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല. അതു എതിർക്രിസ്തുവിന്റെ ആത്മാവു തന്നേ; അതു വരും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അതു ഇപ്പോൾ തന്നേ ലോകത്തിൽ ഉണ്ടു.

4:4 കുഞ്ഞുങ്ങളേ, നിങ്ങൾ ദൈവത്തിൽനിന്നുള്ളവർ ആകുന്നു; അവരെ ജയിച്ചുമിരിക്കുന്നു. നിങ്ങളിലുള്ളവൻ ലോകത്തിൽ ഉള്ളവനെക്കാൾ വലിയവനല്ലോ.

4:5 അവർ ലൌകികന്മാർ ആകയാൽ ലൌകികമായതു സംസാരിക്കുന്നു; ലോകം അവരുടെ വാക്കു കേൾക്കുന്നു.

 < 
4:6 ഞങ്ങൾ ദൈവത്തിൽനിന്നുള്ളവരാകുന്നു; ദൈവത്തെ അറിയുന്നവൻ ഞങ്ങളുടെ വാക്കു കേൾക്കുന്നു. ദൈവത്തിൽനിന്നല്ലാത്തവൻ ഞങ്ങളുടെ വാക്കു കേൾക്കുന്നില്ല. സത്യത്തിന്റെ ആത്മാവു ഏതു എന്നും വഞ്ചനയുടെ ആത്മാവു ഏതു എന്നും നമുക്കു ഇതിനാൽ അറിയാം.

4:7 പ്രയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക; സ്നേഹം ദൈവത്തിൽനിന്നു വരുന്നു. സ്നേഹിക്കുന്നവനെല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു, ദൈവത്തെ അറികയും ചെയ്യുന്നു.

4:8 സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നേ.

4:9 ദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിന്നു ലോകത്തിലേക്കു അയച്ചു എന്നുള്ളതിനാൽ ദൈവത്തിന്നു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി.

4:10 നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചതു തന്നേ സാക്ഷാൽ സ്നേഹം ആകുന്നു.

 < 
4:11 പ്രിയമുള്ളവരേ, ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു എങ്കിൽ നാമും അന്യോന്യം സ്നേഹിക്കേണ്ടതാകുന്നു.

4:12 ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. നാം അന്യേന്യം സ്നേഹിക്കുന്നുവെങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവന്റെ സ്നേഹം നമ്മിൽ തികഞ്ഞുമിരിക്കുന്നു.

4:13 നാം അവനിലും അവൻ നമ്മിലും വസിക്കുന്നു എന്നു അവൻ തന്റെ ആത്മാവിനെ തന്നതിനാൽ നാം അറിയുന്നു.

4:14 പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടു സാക്ഷ്യം പറയുന്നു.

4:15 യേശു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ദൈവവും അവൻ ദൈവത്തിലും വസിക്കുന്നു.

 < 
4:16 ഇങ്ങനെ ദൈവത്തിന്നു നമ്മോടുള്ള സ്നേഹത്തെ നാം അറിഞ്ഞും വിശ്വസിച്ചുമിരിക്കുന്നു. ദൈവം സ്നേഹം തന്നേ; സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു; ദൈവം അവനിലും വസിക്കുന്നു.

4:17 ന്യായവിധിദിവസത്തിൽ നമുക്കു ധൈര്യം ഉണ്ടാവാൻ തക്കവണ്ണം ഇതിനാൽ സ്നേഹം നമ്മോടു തികഞ്ഞിരിക്കുന്നു. അവൻ ഇരിക്കുന്നതുപോലെ ഈ ലോകത്തിൽ നാമും ഇരിക്കുന്നു.

4:18 സ്നേഹത്തിൽ ഭയമില്ല; ഭയത്തിന്നു ദണ്ഡനം ഉള്ളതിനാൽ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു; ഭയപ്പെടുന്നവൻ സ്നേഹത്തിൽ തികഞ്ഞവനല്ല.

4:19 അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു.

4:20 ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുന്നതല്ല.

 < 
4:21 ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനെയും സ്നേഹിക്കേണം എന്നീ കല്പന നമുക്കു അവങ്കൽനിന്നു ലഭിച്ചിരിക്കുന്നു.


* ----------------------------------------

യോഹന്നാൻ 1 അദ്ധ്യായം 5  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21

5:1 യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവൻ എല്ലാം അവനിൽനിന്നു ജനിച്ചവനെയും സ്നേഹിക്കുന്നു.

5:2 നാം ദൈവത്തെ സ്നേഹിച്ചു അവന്റെ കല്പനകളെ അനുസരിച്ചു നടക്കുമ്പോൾ ദൈവമക്കളെ സ്നേഹിക്കുന്നു എന്നു അതിനാൽ അറിയാം.

5:3 അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകൾ ഭാരമുള്ളവയല്ല.

5:4 ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ.

5:5 യേശു ദൈവപുത്രൻ എന്നു വിശ്വസിക്കുന്നവൻ അല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവൻ?

 < 
5:6 ജലത്താലും രക്തത്താലും വന്നവൻ ഇവൻ ആകുന്നു: യേശുക്രിസ്തു തന്നേ; ജലത്താൽ മാത്രമല്ല, ജലത്താലും രക്തത്താലും തന്നേ.

5:7 ആത്മാവും സാക്ഷ്യം പറയുന്നു; ആത്മാവു സത്യമല്ലോ.

5:8 സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ടു: ആത്മാവു, ജലം, രക്തം; ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നുതന്നേ.

5:9 നാം മനുഷ്യരുടെ സാക്ഷ്യം കൈക്കൊള്ളുന്നു എങ്കിൽ ദൈവത്തിന്റെ സാക്ഷ്യം അതിലും വലുതാകുന്നു. ദൈവത്തിന്റെ സാക്ഷ്യമോ അവൻ തന്റെ പുത്രനെക്കുറിച്ചു സാക്ഷീകരിച്ചിരിക്കുന്നതു തന്നേ.

5:10 ദൈവപുത്രനിൽ വിശ്വസിക്കുന്നവന്നു ഉള്ളിൽ ആ സാക്ഷ്യം ഉണ്ടു. ദൈവത്തെ വിശ്വസിക്കാത്തവൻ ദൈവം തന്റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കയാൽ അവനെ അസത്യവാദിയാക്കുന്നു.

 < 
5:11 ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ടു എന്നുള്ളതു തന്നേ.

5:12 പുത്രനുള്ളവന്നു ജീവൻ ഉണ്ടു; ദൈവപുത്രനില്ലാത്തവന്നു ജീവൻ ഇല്ല.

5:13 ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു ഞാൻ ഇതു എഴുതിയിരിക്കുന്നതു നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിന്നു തന്നേ.

5:14 അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു.

5:15 നാം എന്തു അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു.

 < 
5:16 സഹോദരൻ മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നതു ആരെങ്കിലും കണ്ടാൽ അപേക്ഷിക്കാം; ദൈവം അവന്നു ജീവനെ കൊടുക്കും; മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നവർക്കു തന്നേ; മരണത്തിന്നുള്ള പാപം ഉണ്ടു; അതിനെക്കുറിച്ചു അപേക്ഷിക്കേണം എന്നു ഞാൻ പറയുന്നില്ല.

5:17 ഏതു അനീതിയും പാപം ആകുന്നു; മരണത്തിന്നല്ലാത്ത പാപം ഉണ്ടു താനും.

5:18 ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല എന്നും നാം അറിയുന്നു; ദൈവത്തിൽനിന്നു ജനിച്ചവൻ തന്നെത്താൻ സൂക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുന്നതുമില്ല.

5:19 നാം ദൈവത്തിൽനിന്നുള്ളവർ എന്നു നാം അറിയുന്നു. സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.

5:20 ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.

 < 
5:21 കുഞ്ഞുങ്ങളേ, വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചുകൊൾവിൻ.

* ----------------------------------------

അന്തം  < 
































John 1

Indian Malayalam Bible (IMM)