A         A         A         A

127 വെളിപ്പാടു - Revelation

ബൈബിള്‍ - സത്യവേദപുസ്തകം
 <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22

* ----------------------------------------

വെളിപ്പാടു അദ്ധ്യായം 1  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20

1:1 യേശുക്രിസ്തുവിന്റെ വെളിപ്പാടു: വേഗത്തിൽ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിന്നു ദൈവം അതു അവന്നു കൊടുത്തു. അവൻ അതു തന്റെ ദൂതൻ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദർശിപ്പിച്ചു.

1:2 അവൻ ദൈവത്തിന്റെ വചനവും യേശുക്രിസ്തുവിന്റെ സാക്ഷ്യവുമായി താൻ കണ്ടതു ഒക്കെയും സാക്ഷീകരിച്ചു.

1:3 ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാർ; സമയം അടുത്തിരിക്കുന്നു.

1:4 യോഹന്നാൻ ആസ്യയിലെ ഏഴു സഭകൾക്കും എഴുതുന്നതു: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽ നിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ പക്കൽനിന്നും

1:5 വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും ആയ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

 < 
1:6 നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിന്നു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന്നു എന്നെന്നേക്കും മഹത്വവും ബലവും; ആമേൻ.

1:7 ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വു, ആമേൻ.

1:8 ഞാൻ അല്ഫയും ഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള ദൈവമായ കർത്താവു അരുളിച്ചെയ്യുന്നു.

1:9 നിങ്ങളുടെ സഹോദരനും യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണതയിലും കൂട്ടാളിയുമായ യോഹന്നാൻ എന്ന ഞാൻ ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു.

1:10 കർത്തൃദിവസത്തിൽ ഞാൻ ആത്മവിവശനായി:

 < 
1:11 നീ കാണുന്നതു ഒരു പുസ്തകത്തിൽ എഴുതി എഫെസൊസ്, സ്മുർന്നാ; പെർഗ്ഗമൊസ്, തുയഥൈര, സർദ്ദീസ്, ഫിലദെൽഫ്യ, ലവൊദിക്ക്യാ എന്ന ഏഴു സഭകൾക്കും അയക്കുക എന്നിങ്ങനെ കാഹളത്തിന്നൊത്ത ഒരു മഹാനാദം എന്റെ പുറകിൽ കേട്ടു.

1:12 എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു.

1:13 തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.

1:14 അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണു അഗ്നിജ്വാലെക്കു ഒത്തതും

1:15 കാൽ ഉലയിൽ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും ആയിരുന്നു. അവന്റെ വലങ്കയ്യിൽ ഏഴു നക്ഷത്രം ഉണ്ടു;

 < 
1:16 അവന്റെ വായിൽ നിന്നു മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതു പോലെ ആയിരുന്നു.

1:17 അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു. അവൻ വലങ്കൈ എന്റെ മേൽ വെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു.

1:18 ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു.

1:19 നീ കണ്ടതും ഇപ്പോൾ ഉള്ളതും ഇനി സംഭവിപ്പാനിരിക്കുന്നതും

1:20 എന്റെ വലങ്കയ്യിൽ കണ്ട ഏഴു നക്ഷത്രത്തിന്റെ മർമ്മവും ഏഴു പൊൻനിലവിളക്കിന്റെ വിവരവും എഴുതുക. ഏഴു നക്ഷത്രം ഏഴു സഭകളുടെ ദൂതന്മാരാകുന്നു; ഏഴു നിലവിളക്കു ഏഴു സഭകൾ ആകുന്നു എന്നു കല്പിച്ചു.

 < 

* ----------------------------------------

വെളിപ്പാടു അദ്ധ്യായം 2  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29

2:1 എഫെസൊസിലെ സഭയുടെ ദൂതന്നു എഴുതുക: ഏഴു നക്ഷത്രം വലങ്കയ്യിൽ പിടിച്ചും കൊണ്ടു ഏഴു പൊൻനിലവിളക്കുകളുടെ നടുവിൽ നടക്കുന്നവൻ അരുളിച്ചെയ്യുന്നതു:

2:2 ഞാൻ നിന്റെ പ്രവൃത്തിയും പ്രയത്നവും സഹിഷ്ണതയും കൊള്ളരുതാത്തവരെ നിനക്കു സഹിച്ചുകൂടാത്തതും അപ്പൊസ്തലന്മാരല്ലാതിരിക്കെ തങ്ങൾ അപ്പൊസ്തലന്മാർ എന്നു പറയുന്നവരെ നീ പരീക്ഷിച്ചു കള്ളന്മാർ എന്നു കണ്ടതും,

2:3 നിനക്കു സഹിഷ്ണതയുള്ളതും എന്റെ നാമംനിമിത്തം നീ സഹിച്ചതും തളന്നുപോകാഞ്ഞതും ഞാൻ അറിയുന്നു.

2:4 എങ്കിലും നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്നു ഒരു കുറ്റം നിന്നെക്കുറിച്ചു പറവാനുണ്ടു.

2:5 നീ ഏതിൽനിന്നു വീണിരിക്കുന്നു എന്നു ഓർത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാൽ ഞാൻ വരികയും നീ മാനസാന്തരപ്പെടാഞ്ഞാൽ നിന്റെ നിലവിളക്കു അതിന്റെ നിലയിൽനിന്നു നീക്കുകയും ചെയ്യും.

 < 
2:6 എങ്കിലും നിക്കൊലാവ്യരുടെ നടപ്പു നീ പകെക്കുന്നു എന്നൊരു നന്മ നിനക്കുണ്ടു.

2:7 അതു ഞാനും പകെക്കുന്നു. ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു ഞാൻ ദൈവത്തിന്റെ പരദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും.

2:8 സ്മൂർന്നയിലെ സഭയുടെ ദൂതന്നു എഴുതുക: മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നതു:

2:9 ഞാൻ നിന്റെ കഷ്ടതയും ദാരിദ്ര്യവും — നീ ധനവാനാകുന്നു താനും — തങ്ങൾ യെഹൂദർ എന്നു പറയുന്നുവെങ്കിലും യെഹൂദരല്ല, സാത്താന്റെ പള്ളിക്കാരായവരുടെ ദൂഷണവും അറിയുന്നു.

2:10 നീ സഹിപ്പാനുള്ളതു പേടിക്കേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നു പിശാചു നിങ്ങളിൽ ചിലരെ തടവിൽ ആക്കുവാൻ പോകുന്നു; പത്തു ദിവസം നിങ്ങൾക്കു ഉപദ്രവം ഉണ്ടാകും; മരണ പര്യന്തം വിശ്വസ്തനായിരിക്ക; എന്നാൽ ഞാൻ ജീവ കിരീടം നിനക്കു തരും.

 < 
2:11 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു രണ്ടാം മരണത്താൽ ദോഷം വരികയില്ല.

2:12 പെർഗ്ഗമൊസിലെ സഭയുടെ ദൂതന്നു എഴുതുക: മൂർച്ചയേറിയ ഇരുവായ്ത്തലവാൾ ഉള്ളവൻ അരുളിച്ചെയ്യുന്നതു:

2:13 നീ എവിടെ പാർക്കുന്നു എന്നും അതു സാത്താന്റെ സിംഹാസനം ഉള്ളേടം എന്നും ഞാൻ അറിയുന്നു; നീ എന്റെ നാമം മുറുകെ പിടിച്ചിരിക്കുന്നു; നിങ്ങളുടെ ഇടയിൽ, സാത്താൻ പാർക്കുന്നേടത്തു തന്നേ, എന്റെ സാക്ഷിയും വിശ്വസ്തനുമായ അന്തിപ്പാസിനെ കൊന്ന കാലത്തുപോലും നീ എങ്കലുള്ള വിശ്വാസം നിഷേധിച്ചിട്ടില്ല.

2:14 എങ്കിലും നിന്നെക്കുറിച്ചു കുറഞ്ഞോരു കുറ്റം പറവാൻ ഉണ്ടു; യിസ്രായേൽമക്കൾ വിഗ്രഹാർപ്പിതം തിന്നേണ്ടതിന്നും ദുർന്നടപ്പു ആചരിക്കേണ്ടതിന്നും അവരുടെ മുമ്പിൽ ഇടർച്ചവെപ്പാൻ ബാലാക്കിന്നു ഉപദേശിച്ചുകൊടുത്ത ബിലെയാമിന്റെ ഉപദേശം പിടിച്ചിരിക്കുന്നവർ അവിടെ നിനക്കുണ്ടു.

2:15 അവ്വണ്ണം നിക്കൊലാവ്യരുടെ ഉപദേശം കൈക്കൊള്ളുന്നവർ നിനക്കും ഉണ്ടു.

 < 
2:16 ആകയാൽ മാനസാന്തരപ്പെടുക; അല്ലാഞ്ഞാൽ ഞാൻ വേഗത്തിൽ വന്നു എന്റെ വായിലെ വാളുകൊണ്ടു അവരോടു പോരാടും.

2:17 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു ഞാൻ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാൻ അവന്നു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും.

2:18 തുയഥൈരയിലെ സഭയുടെ ദൂതന്നു എഴുതുക: അഗ്നിജ്വാലെക്കു ഒത്ത കണ്ണും വെള്ളോട്ടിന്നു സദൃശമായ കാലും ഉള്ള ദൈവപുത്രൻ അരുളിച്ചെയ്യുന്നതു:

2:19 ഞാൻ നിന്റെ പ്രവൃത്തിയും നിന്റെ സ്നേഹം, വിശ്വാസം, ശുശ്രൂഷ, സഹിഷ്ണത എന്നിവയും നിന്റെ ഒടുവിലത്തെ പ്രവൃത്തി ആദ്യത്തേതിലും ഏറെയെന്നും അറിയുന്നു.

2:20 എങ്കിലും താൻ പ്രവാചകി എന്നു പറഞ്ഞു ദുർന്നടപ്പു ആചരിപ്പാനും വിഗ്രഹാർപ്പിതം തിന്മാനും എന്റെ ദാസന്മാരെ ഉപദേശിക്കയും തെറ്റിച്ചുകളകയും ചെയ്യുന്ന ഈസബേൽ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു എന്നൊരു കുറ്റം നിന്നെക്കുറിച്ചു പറവാൻ ഉണ്ടു.

 < 
2:21 ഞാൻ അവൾക്കു മാനസാന്തരപ്പെടുവാൻ സമയം കൊടുത്തിട്ടും ദുർന്നടപ്പുവിട്ടു മാനസാന്തരപ്പെടുവാൻ അവൾക്കു മനസ്സില്ല.

2:22 ഞാൻ അവളെ കിടപ്പിലും അവളുമായി വ്യഭിചരിക്കുന്നവരെ അവളുടെ നടപ്പു വിട്ടു മാനസാന്തരപ്പെടാതിരുന്നാൽ വലിയ കഷ്ടതയിലും ആക്കിക്കളയും.

2:23 അവളുടെ മക്കളെയും ഞാൻ കൊന്നുകളയും; ഞാൻ ഉൾപൂവുകളെയും ഹൃദയങ്ങളെയും ആരായുന്നവൻ എന്നു സകലസഭകളും അറിയും; നിങ്ങളുടെ പ്രവൃത്തിക്കു തക്കവണ്ണം ഞാൻ നിങ്ങൾക്കു ഏവർക്കും പകരം ചെയ്യും.

2:24 എന്നാൽ ഈ ഉപദേശം കൈക്കൊള്ളാതെയും അവർ പറയുംപോലെ സാത്താന്റെ ആഴങ്ങൾ അറിഞ്ഞിട്ടില്ലാതെയും തുയഥൈരയിലെ ശേഷം പേരോടു: വേറൊരു ഭാരം ഞാൻ നിങ്ങളുടെ മേൽ ചുമത്തുന്നില്ല.

2:25 എങ്കിലും നിങ്ങൾക്കുള്ളതു ഞാൻ വരുംവരെ പിടിച്ചുകൊൾവിൻ എന്നു ഞാൻ കല്പിക്കുന്നു.

 < 
2:26 ജയിക്കയും ഞാൻ കല്പിച്ച പ്രവൃത്തികളെ അവസാനത്തോളം അനുഷ്ഠിക്കയും ചെയ്യുന്നവന്നു എന്റെ പിതാവു എനിക്കു തന്നതുപോലെ ഞാൻ ജാതികളുടെ മേൽ അധികാരം കൊടുക്കും.

2:27 അവൻ ഇരിമ്പുകോൽകൊണ്ടു അവരെ മേയിക്കും; അവർ കുശവന്റെ പാത്രങ്ങൾപോലെ നുറുങ്ങിപ്പോകും.

2:28 ഞാൻ അവന്നു ഉദയനക്ഷത്രവും കൊടുക്കും.

2:29 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ.


* ----------------------------------------

വെളിപ്പാടു അദ്ധ്യായം 3  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22

3:1 സർദ്ദിസിലെ സഭയുടെ ദൂതന്നു എഴുതുക. ദൈവത്തിന്റെ ഏഴാത്മാവും ഏഴു നക്ഷത്രവും ഉള്ളവൻ അരുളിച്ചെയുന്നതു: ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ജീവനുള്ളവൻ എന്നു നിനക്കു പേർ ഉണ്ടു എങ്കിലും നീ മരിച്ചവനാകുന്നു.

3:2 ഉണർന്നുകൊൾക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക; ഞാൻ നിന്റെ പ്രവൃത്തി എന്റെ ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണതയുള്ളതായി കണ്ടില്ല.

3:3 ആകയാൽ നീ പ്രാപിക്കയും കേൾക്കയും ചെയ്തതു എങ്ങനെ എന്നു ഓർത്തു അതു കാത്തുകൊൾകയും മാനസാന്തരപ്പെടുകയും ചെയ്ക. നീ ഉണരാതിരുന്നാൽ ഞാൻ കള്ളനെപ്പോലെ വരും; ഏതു നാഴികെക്കു നിന്റെമേൽ വരും എന്നു നീ അറികയും ഇല്ല.

3:4 എങ്കിലും ഉടുപ്പു മലിനമാകാത്ത കുറേ പേർ സർദ്ദിസിൽ നിനക്കുണ്ടു.

3:5 അവർ യോഗ്യന്മാരാകയാൽ വെള്ളധരിച്ചുംകൊണ്ടു എന്നോടുകൂടെ നടക്കും. ജയിക്കുന്നവൻ വെള്ളയുടുപ്പു ധരിക്കും; അവന്റെ പേർ ഞാൻ ജീവപുസ്തകത്തിൽനിന്നു മാച്ചുകളയാതെ എന്റെ പിതാവിന്റെ സന്നിധിയിലും അവന്റെ ദൂതന്മാരുടെ മുമ്പിലും അവന്റെ പേർ ഏറ്റുപറയും.

 < 
3:6 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ.

3:7 ഫിലദെൽഫ്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോലുള്ളവനും ആയി ആരും അടെക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടെക്കുകയും ചെയ്യുന്നവൻ അരുളിച്ചെയ്യുന്നതു:

3:8 ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ഇതാ ഞാൻ നിന്റെ മുമ്പിൽ ഒരു വാതിൽ തുറന്നുവെച്ചിരിക്കുന്നു; അതു ആർക്കും അടെച്ചുകൂടാ. നിനക്കു അല്പമേ ശക്തിയുള്ളു എങ്കിലും നീ എന്റെ വചനം കാത്തു, എന്റെ നാമം നിഷേധിച്ചിട്ടില്ല.

3:9 യെഹൂദരല്ലാതിരിക്കെ യെഹൂദരെന്നു കളവായി പറയുന്ന ചിലരെ ഞാൻ സാത്താന്റെ പള്ളിയിൽ നിന്നു വരുത്തും; അവർ നിന്റെ കാൽക്കൽ വന്നു നമസ്കരിപ്പാനും ഞാൻ നിന്നെ സ്നേഹിച്ചു എന്നു അറിവാനും സംഗതി വരുത്തും.

3:10 സഹിഷ്ണതയെക്കുറിച്ചുള്ള എന്റെ വചനം നീ കാത്തുകൊണ്ടതിനാൽ ഭൂമിയിൽ വസിക്കുന്നവരെ പരീക്ഷിക്കേണ്ടതിന്നു ഭൂതലത്തിൽ എങ്ങും വരുവാനുള്ള പരീക്ഷാകാലത്തു ഞാനും നിന്നെ കാക്കും.

 < 
3:11 ഞാൻ വേഗം വരുന്നു; നിന്റെ കിരീടം ആരും എടുക്കാതിരിപ്പാന്തക്കവണ്ണം നിനക്കുള്ളതു പിടിച്ചുകൊൾക.

3:12 ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്നു, സ്വർഗ്ഗത്തിൽനിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെ മേൽ എഴുതും.

3:13 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ.

3:14 ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു:

3:15 ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു; നീ ഉഷ്ണവാനുമല്ല; ശീതവാനുമല്ല; ശീതവാനോ ഉഷ്ണവാനോ ആയിരുന്നു എങ്കിൽ കൊള്ളായിരുന്നു.

 < 
3:16 ഇങ്ങനെ ശീതവാനുമല്ല ഉഷ്ണവാനുമല്ല, ശിതോഷ്ണവാനാകയാൽ നിന്നെ എന്റെ വായിൽ നിന്നു ഉമിണ്ണുകളയും.

3:17 ഞാൻ ധനവാൻ; സമ്പന്നനായിരിക്കുന്നു; എനിക്കു ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ടു നീ നിർഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്നു അറിയാതിരിക്കയാൽ

3:18 നീ സമ്പന്നൻ ആകേണ്ടതിന്നു തീയിൽ ഊതിക്കഴിച്ച പൊന്നും നിന്റെ നഗ്നതയുടെ ലജ്ജ വെളിവാകാതവണ്ണം ധരിക്കേണ്ടതിന്നു വെള്ളയുടുപ്പും നിനക്കു കാഴ്ച ലഭിക്കേണ്ടതിന്നു കണ്ണിൽ എഴുതുവാൻ ലേപവും എന്നോടു വിലെക്കുവാങ്ങുവാൻ ഞാൻ നിന്നോടു ബുദ്ധിപറയുന്നു.

3:19 എനിക്കു പ്രിയമുള്ളവരെ ഒക്കെയും ഞാൻ ശാസിക്കയും ശിക്ഷിക്കയും ചെയ്യുന്നു; ആകയാൽ നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക.

3:20 ഞാൻ വാതിൽക്കൽ നിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും.

 < 
3:21 ജയിക്കുന്നവന്നു ഞാൻ എന്നോടുകൂടെ എന്റെ സിംഹാസനത്തിൽ ഇരിപ്പാൻ വരം നല്കും; ഞാനും ജയിച്ചു എന്റെ പിതാവിനോടുകൂടെ അവന്റെ സിംഹാസനത്തിൽ ഇരുന്നതുപോലെ തന്നേ.

3:22 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ.


* ----------------------------------------

വെളിപ്പാടു അദ്ധ്യായം 4  <  1 2 3 4 5 6 7 8 9 10 11

4:1 അനന്തരം സ്വർഗ്ഗത്തിൽ ഒരു വാതിൽ തുറന്നിരിക്കുന്നതു ഞാൻ കണ്ടു; കാഹളനാദംപോലെ എന്നോടു സംസാരിച്ചു കേട്ട ആദ്യത്തെ ശബ്ദം എന്നോടു: ഇവിടെ കയറിവരിക; മേലാൽ സംഭവിപ്പാനുള്ളതു ഞാൻ നിനക്കു കാണിച്ചുതരാം എന്നു കല്പിച്ചു.

4:2 ഉടനെ ഞാൻ ആത്മവിവശനായി സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടു.

4:3 ഇരിക്കുന്നവൻ കാഴ്ചെക്കു സൂര്യകാന്തത്തോടും പത്മരാഗത്തോടും സദൃശൻ; സിംഹാസനത്തിന്റെ ചുറ്റും കാഴ്ചെക്കു മരതകത്തോടു സദൃശമായോരു പച്ചവില്ലു;

4:4 സിംഹാസനത്തിന്റെ ചുറ്റിലും ഇരുപത്തുനാലു സിംഹാസനം; വെള്ളയുടുപ്പു ധരിച്ചുംകൊണ്ടു സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തുനാലു മൂപ്പന്മാർ; അവരുടെ തലയിൽ പൊൻകിരീടം;

4:5 സിംഹാസനത്തിൽനിന്നു മിന്നലും നാദവും ഇടിമുഴക്കവും പുറപ്പെടുന്നു; ദൈവത്തിന്റെ ഏഴു ആത്മാക്കളായ ഏഴുദീപങ്ങൾ സിംഹാസനത്തിന്റെ മുമ്പിൽ ജ്വലിച്ചുകൊണ്ടിരിക്കുന്നു;

 < 
4:6 സിംഹാസനത്തിന്റെ മുമ്പിൽ പളുങ്കിന്നൊത്ത കണ്ണാടിക്കടൽ; സിംഹാസനത്തിന്റെ നടുവിലും സിംഹാസനത്തിന്റെ ചുറ്റിലും നാലു ജീവികൾ; അവെക്കു മുമ്പുറവും പിമ്പുറവും കണ്ണു നിറഞ്ഞിരിക്കുന്നു.

4:7 ഒന്നാം ജീവി സിംഹത്തിന്നു സദൃശം; രണ്ടാം ജീവി കാളെക്കു സദൃശം മൂന്നാംജീവി മനുഷ്യനെപ്പോലെ മുഖമുള്ളതും; നാലാം ജീവി പറക്കുന്ന കഴുകിന്നു സദൃശം.

4:8 നാലു ജീവികളും ഒരോന്നിന്നു ആറാറു ചിറകുള്ളതായി ചുറ്റിലും അകത്തും കണ്ണു നിറഞ്ഞിരിക്കുന്നു. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.

4:9 എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനായി സിംഹാസനത്തിൽ ഇരിക്കുന്നവന്നു ആ ജീവികൾ മഹത്വവും ബഹുമാനവും സ്തോത്രവും കൊടുക്കുമ്പോഴൊക്കെയും

4:10 ഇരുപത്തുനാലു മൂപ്പന്മാരും സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുമ്പിൽ വീണു, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ നമസ്കരിച്ചു:

 < 
4:11 കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.


* ----------------------------------------

വെളിപ്പാടു അദ്ധ്യായം 5  <  1 2 3 4 5 6 7 8 9 10 11 12 13 14

5:1 ഞാൻ സിംഹാസനത്തിൽ ഇരിക്കുന്നവന്റെ വലങ്കയ്യിൽ അകത്തും പുറത്തും എഴുത്തുള്ളതായി ഏഴു മുദ്രയാൽ മുദ്രയിട്ടൊരു പുസ്തകം കണ്ടു.

5:2 ആ പുസ്തകം തുറപ്പാനും അതിന്റെ മുദ്ര പൊട്ടിപ്പാനും യോഗ്യൻ ആരുള്ളു എന്നു അത്യുച്ചത്തിൽ ഘോഷിക്കുന്ന ശക്തനായോരു ദൂതനെയും കണ്ടു.

5:3 പുസ്തകം തുറപ്പാനോ നോക്കുവാനോ സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും ആർക്കും കഴിഞ്ഞില്ല.

5:4 പുസ്തകം തുറന്നു വായിപ്പാനെങ്കിലും അതു നോക്കുവാനെങ്കിലും യോഗ്യനായി ആരെയും കാണായ്കകൊണ്ടു ഞാൻ ഏറ്റവും കരഞ്ഞു.

5:5 അപ്പോൾ മൂപ്പന്മാരിൽ ഒരുത്തൻ എന്നോടു: കരയേണ്ട; യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ വേരുമായവൻ പുസ്തകവും അതിന്റെ ഏഴുമുദ്രയും തുറപ്പാൻ തക്കവണ്ണം ജയം പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു.

 < 
5:6 ഞാൻ സിംഹസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാടു അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു കണ്ടു: അതിന്നു ഏഴു കൊമ്പും സർവ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കൾ ആയ ഏഴു കണ്ണും ഉണ്ടു.

5:7 അവൻ വന്നു സിംഹാസനത്തിൽ ഇരിക്കുന്നവന്റെ വലങ്കയ്യിൽ നിന്നു പുസ്തകം വാങ്ങി.

5:8 വാങ്ങിയപ്പോൾ നാലുജീവികളും ഇരുപത്തുനാലു മൂപ്പന്മാരും ഓരോരുത്തൻ വീണയും വിശുദ്ധന്മാരുടെ പ്രാർത്ഥന എന്ന ധൂപവർഗ്ഗം നിറഞ്ഞ പൊൻകലശവും പിടിച്ചുകൊണ്ടു കുഞ്ഞാടിന്റെ മുമ്പാകെ വീണു.

5:9 പുസ്തകം വാങ്ങുവാനും അതിന്റെ മുദ്ര പൊട്ടിപ്പാനും നീ യോഗ്യൻ; നീ അറുക്കപ്പെട്ടു നിന്റെ രക്തം കൊണ്ടു സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിന്നായി വിലെക്കു വാങ്ങി;

5:10 ഞങ്ങളുടെ ദൈവത്തിന്നു അവരെ രാജ്യവും പുരോഹിതന്മാരും ആക്കിവെച്ചു; അവർ ഭൂമിയിൽ വാഴുന്നു എന്നൊരു പുതിയ പാട്ടു അവർ പാടുന്നു.

 < 
5:11 പിന്നെ ഞാൻ ദർശനത്തിൽ സിംഹാസനത്തിന്റെയും ജീവികളുടെയും മൂപ്പന്മാരുടെയും ചുറ്റിലും ഏറിയ ദൂതന്മാരുടെ ശബ്ദം കേട്ടു; അവരുടെ എണ്ണം പതിനായിരം പതിനായിരവും ആയിരം ആയിരവും ആയിരുന്നു.

5:12 അവർ അത്യുച്ചത്തിൽ: അറുക്കപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ എന്നു പറഞ്ഞു.

5:13 സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയും അവയിലുള്ളതു ഒക്കെയും: സിംഹാസനത്തിൽ ഇരിക്കുന്നവനും കുഞ്ഞാടിനും സ്തോത്രവും ബഹുമാനവും മഹത്വവും ബലവും എന്നെന്നേക്കും ഉണ്ടാകട്ടെ എന്നു പറയുന്നതു ഞാൻ കേട്ടു.

5:14 നാലു ജീവികളും: ആമേൻ എന്നു പറഞ്ഞു; മൂപ്പന്മാർ വീണു നമസ്കരിച്ചു.


* ----------------------------------------

വെളിപ്പാടു അദ്ധ്യായം 6  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17

6:1 കുഞ്ഞാടു മുദ്രകളിൽ ഒന്നു പൊട്ടിച്ചപ്പോൾ: നീ വരിക എന്നു നാലു ജീവികളിൽ ഒന്നു ഇടി മുഴക്കം പോലെ പറയുന്നതു ഞാൻ കേട്ടു.

6:2 അപ്പോൾ ഞാൻ ഒരു വെള്ളക്കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്റെ കയ്യിൽ ഒരു വില്ലുണ്ടു; അവന്നു ഒരു കിരീടവും ലഭിച്ചു; അവൻ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു.

6:3 അവൻ രണ്ടാം മുദ്ര പൊട്ടിച്ചപ്പോൾ: വരിക എന്നു രണ്ടാം ജീവി പറയുന്നതു ഞാൻ കേട്ടു.

6:4 അപ്പോൾ ചുവന്നതായ മറ്റൊരു കുതിര പുറപ്പെട്ടു; അതിന്റെ പുറത്തു ഇരിക്കുന്നവന്നു മനുഷ്യർ അന്യോന്യം കൊല്ലുവാൻ തക്കവണ്ണം ഭൂമിയിൽ നിന്നു സമാധാനം എടുത്തുകളയേണ്ടതിന്നു അധികാരം ലഭിച്ചു; ഒരു വലിയ വാളും അവന്നു കിട്ടി.

6:5 മൂന്നാം മുദ്രപൊട്ടിച്ചപ്പോൾ: വരിക എന്നു മൂന്നാം ജീവി പറയുന്നതു ഞാൻ കേട്ടു. അപ്പോൾ ഞാൻ ഒരു കറുത്ത കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവൻ ഒരു തുലാസു കയ്യിൽ പിടിച്ചിരുന്നു.

 < 
6:6 ഒരു പണത്തിന്നു ഒരിടങ്ങഴി കോതമ്പു; ഒരു പണത്തിന്നു മൂന്നിടങ്ങഴി യവം; എന്നാൽ എണ്ണെക്കും വീഞ്ഞിന്നും കേടു വരുത്തരുതു എന്നു നാലു ജീവികളുടെയും നടുവിൽ നിന്നു ഒരു ശബ്ദം ഞാൻ കേട്ടു.

6:7 നാലാം മുദ്ര പൊട്ടിച്ചപ്പോൾ: വരിക എന്നു നാലാം ജീവി പറയുന്നതു ഞാൻ കേട്ടു.

6:8 അപ്പോൾ ഞാൻ മഞ്ഞനിറമുള്ളോരു കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്നു മരണം എന്നു പേർ; പാതാളം അവനെ പിന്തുടർന്നു; അവർക്കു വാളുകൊണ്ടും ക്ഷാമംകൊണ്ടും മഹാവ്യാധികൊണ്ടും ഭൂമിയിലെ കാട്ടുമൃഗങ്ങളെക്കൊണ്ടും കൊന്നുകളവാൻ ഭൂമിയുടെ കാലംശത്തിന്മേൽ അധികാരം ലഭിച്ചു.

6:9 അവൻ അഞ്ചാം മുദ്ര പൊട്ടിച്ചപ്പോൾ: ദൈവവചനം നിമിത്തവും തങ്ങൾ പറഞ്ഞ സാക്ഷ്യം ഹേതുവായും അറുക്കപ്പെട്ടവരുടെ ആത്മാക്കളെ ഞാൻ യാഗപീഠത്തിങ്കീഴിൽ കണ്ടു;

6:10 വിശുദ്ധനും സത്യവാനും ആയ നാഥാ, ഭൂമിയിൽ വസിക്കുന്നവരോടു ഞങ്ങളുടെ രക്തത്തെക്കുറിച്ചു നീ എത്രത്തോളം ന്യായവിധിയും പ്രതികാരവും നടത്താതെയിരിക്കും എന്നു അവർ ഉറക്കെ നിലവിളിച്ചു.

 < 
6:11 അപ്പോൾ അവരിൽ ഓരോരുത്തന്നും വെള്ളനിലയങ്കി കൊടുത്തു; അവരെപ്പോലെ കൊല്ലപ്പെടുവാനിരിക്കുന്ന സഹഭൃത്യന്മാരും സഹോദരന്മാരും വന്നുതികയുവോളം അല്പകാലം കൂടെ സ്വസ്ഥമായി പാർക്കേണം എന്നു അവർക്കു അരുളപ്പാടുണ്ടായി.

6:12 ആറാം മുദ്ര പൊട്ടിച്ചപ്പോൾ വലിയോരു ഭൂകമ്പം ഉണ്ടായി; സൂര്യൻ കരിമ്പടംപോലെ കറുത്തു; ചന്ദ്രൻ മുഴുവനും രക്തതുല്യമായിത്തീർന്നു.

6:13 അത്തിവൃക്ഷം പെരുങ്കാറ്റുകൊണ്ടു കുലുങ്ങീട്ടു കായി ഉതിർക്കുമ്പോലെ ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂമിയിൽ വീണു.

6:14 പുസ്തകച്ചുരുൾ ചുരുട്ടുംപോലെ ആകാശം മാറിപ്പോയി; എല്ലാമലയും ദ്വീപും സ്വസ്ഥാനത്തുനിന്നു ഇളകിപ്പോയി.

6:15 ഭൂമിയിലെ രാജാക്കന്മാരും മഹത്തുക്കളും സഹസ്രാധിപന്മാരും ധനവാന്മാരും ബലവാന്മാരും സകലദാസനും സ്വതന്ത്രനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചുകൊണ്ടു മലകളോടും പാറകളോടും;

 < 
6:16 ഞങ്ങളുടെ മേൽ വീഴുവിൻ; സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുഖം കാണാതവണ്ണവും കുഞ്ഞാട്ടിന്റെ കോപം തട്ടാതവണ്ണവും ഞങ്ങളെ മറെപ്പിൻ.

6:17 അവരുടെ മഹാകോപദിവസം വന്നു; ആർക്കു നില്പാൻ കഴിയും എന്നു പറഞ്ഞു.


* ----------------------------------------

വെളിപ്പാടു അദ്ധ്യായം 7  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17

7:1 അതിന്റെശേഷം ഭൂമിമേലും കടലിന്മേലും യാതൊരു വൃക്ഷത്തിന്മേലും കാറ്റു ഊതാതിരിക്കേണ്ടതിന്നു നാലു ദൂതന്മാർ ഭൂമിയിലെ നാലു കാറ്റും പിടിച്ചുകൊണ്ടു ഭൂമിയുടെ നാലു കോണിലും നില്ക്കുന്നതു ഞാൻ കണ്ടു.

7:2 മറ്റൊരു ദൂതൻ ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി കിഴക്കുനിന്നു കയറുന്നതും കണ്ടു. അവൻ ഭൂമിക്കും സമുദ്രത്തിന്നും കേടുവരുത്തുവാൻ അധികാരം ലഭിച്ച നാലു ദൂതന്മാരോടു:

7:3 നമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയിൽ ഞങ്ങൾ മുദ്രയിട്ടു കഴിയുവോളം ഭൂമിക്കും സമൂദ്രത്തിന്നും വൃക്ഷങ്ങൾക്കും കേടുവരുത്തരുതു എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.

7:4 മുദ്രയേറ്റവരുടെ എണ്ണവും ഞാൻ കേട്ടു; യിസ്രായേൽമക്കളുടെ സകല ഗോത്രത്തിലും നിന്നു മുദ്രയേറ്റവർ നൂറ്റിനാല്പത്തിനാലായിരം പേർ.

7:5 യെഹൂദാഗോത്രത്തിൽ മുദ്രയേറ്റവർ പന്തീരായിരം; രൂബേൻ ഗോത്രത്തിൽ പന്തീരായിരം; ഗാദ് ഗോത്രത്തിൽ പന്തീരായിരം;

 < 
7:6 ആശേർഗോത്രത്തിൽ പന്തീരായിരം; നപ്താലിഗോത്രത്തിൽ പന്തീരായിരം; മനശ്ശെഗോത്രത്തിൽ പന്തീരായിരം;

7:7 ശിമെയോൻ ഗോത്രത്തിൽ പന്തീരായിരം; ലേവി ഗോത്രത്തില്‍ പന്തീരായിരം; യിസ്സാഖാർ ഗോത്രത്തിൽ പന്തീരായിരം;

7:8 സെബൂലോൻ ഗോത്രത്തിൽ പന്തീരായിരം; യോസേഫ് ഗോത്രത്തിൽ പന്തീരായിരം; ബെന്യാമീൻ ഗോത്രത്തിൽ മുദ്രയേറ്റവർ പന്തിരായിരം പേർ.

7:9 ഇതിന്റെ ശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കയ്യിൽ കുരുത്തോലയുമായി സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നില്ക്കുന്നതു ഞാൻ കണ്ടു.

7:10 രക്ഷ എന്നുള്ളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം എന്നു അവർ അത്യുച്ചത്തിൽ ആർത്തുകൊണ്ടിരുന്നു.

 < 
7:11 സകലദൂതന്മാരും സിംഹാസനത്തിന്റെയും മൂപ്പന്മാരുടെയും നാലു ജീവികളുടെയും ചുറ്റും നിന്നു സിംഹാസനത്തിന്റെ മുമ്പിൽ കവിണ്ണു വീണു; ആമേൻ;

7:12 നമ്മുടെ ദൈവത്തിന്നു എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും; ആമേൻ എന്നു പറഞ്ഞു ദൈവത്തെ നമസ്കരിച്ചു.

7:13 മൂപ്പന്മാരിൽ ഒരുത്തൻ എന്നോടു: വെള്ളനിലയങ്കി ധരിച്ചിരിക്കുന്ന ഇവർ ആർ? എവിടെ നിന്നു വന്നു എന്നു ചോദിച്ചു.

7:14 യജമാനൻ അറിയുമല്ലോ എന്നു ഞാൻ പറഞ്ഞതിന്നു അവൻ എന്നോടു പറഞ്ഞതു: ഇവർ മഹാകഷ്ടത്തിൽനിന്നു വന്നവർ; കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.

7:15 അതുകൊണ്ടു അവർ ദൈവത്തിന്റെ സിംഹാസനത്തിൻ മുമ്പിൽ ഇരുന്നു അവന്റെ ആലയത്തിൽ രാപ്പകൽ അവനെ ആരാധിക്കുന്നു; സിംഹാസനത്തിൽ ഇരിക്കുന്നവൻ അവർക്കു കൂടാരം ആയിരിക്കും.

 < 
7:16 ഇനി അവർക്കു വിശക്കയില്ല ദാഹിക്കയും ഇല്ല; വെയിലും യാതൊരു ചൂടും അവരുടെ മേൽ തട്ടുകയുമില്ല.

7:17 സിംഹാസനത്തിന്റെ മദ്ധ്യേ ഉള്ള കുഞ്ഞാടു അവരെ മേച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളകയും ചെയ്യും.


* ----------------------------------------

വെളിപ്പാടു അദ്ധ്യായം 8  <  1 2 3 4 5 6 7 8 9 10 11 12 13

8:1 അവൻ ഏഴാം മുദ്രപൊട്ടിച്ചപ്പോൾ സ്വർഗ്ഗത്തിൽ ഏകദേശം അര മണിക്കൂറോളം മൌനത ഉണ്ടായി.

8:2 അപ്പോൾ ദൈവസന്നിധിയിൽ ഏഴു ദൂതന്മാർ നില്ക്കുന്നതു ഞാൻ കണ്ടു; അവർക്കു ഏഴു കാഹളം ലഭിച്ചു.

8:3 മറ്റൊരു ദൂതൻ ഒരു സ്വർണ്ണധൂപകലശവുമായി വന്നു യാഗപീഠത്തിന്നരികെ നിന്നു. സീംഹാസനത്തിൻ മുമ്പിലുള്ള സ്വർണ്ണപീഠത്തിൻ മേൽ സകലവിശുദ്ധന്മാരുടെയും പ്രാർത്ഥനയോടു ചേർക്കേണ്ടതിന്നു വളരെ ധൂപവർഗ്ഗം അവന്നു കൊടുത്തു.

8:4 ധൂപവർഗ്ഗത്തിന്റെ പൂക വിശുദ്ധന്മാരുടെ പ്രാർത്ഥനയോടുകൂടെ ദൂതന്റെ കയ്യിൽനിന്നു ദൈവസന്നിധിയിലേക്കു കയറി.

8:5 ദൂതൻ ധൂപകലശം എടുത്തു യാഗപീഠത്തിലെ കനൽ നിറെച്ചു ഭൂമിയിലേക്കു എറിഞ്ഞു; ഉടനെ ഇടിമുഴക്കവും നാദവും മിന്നലും ഭൂകമ്പവും ഉണ്ടായി.

 < 
8:6 ഏഴു കാഹളമുള്ള ദൂതന്മാർ ഏഴുവരും കാഹളം ഊതുവാൻ ഒരുങ്ങിനിന്നു.

8:7 ഒന്നാമത്തവൻ ഊതി; അപ്പോൾ രക്തം കലർന്ന കല്മഴയും തീയും ഭൂമിമേൽ ചൊരിഞ്ഞിട്ടു ഭൂമിയിൽ മൂന്നിലൊന്നു വെന്തുപോയി; വൃക്ഷങ്ങളിൽ മൂന്നിലൊന്നു വെന്തുപോയി; എല്ലാ പച്ചപ്പുല്ലും വെന്തുപോയി.

8:8 രണ്ടാമത്തെ ദൂതൻ ഊതി; അപ്പോൾ തീ കത്തുന്ന വൻമലപോലെയൊന്നു സമുദ്രത്തിലേക്കു എറിഞ്ഞിട്ടു കടലിൽ മൂന്നിലൊന്നു രക്തമായിത്തീർന്നു.

8:9 സമുദ്രത്തിൽ പ്രാണനുള്ള സൃഷ്ടികളിൽ മൂന്നിലൊന്നു ചത്തുപോയി; കപ്പലുകളിലും മൂന്നിലൊന്നു ചേതം വന്നു.

8:10 മൂന്നാമത്തെ ദൂതൻ ഊതി; അപ്പോൾ ദീപം പോലെ ജ്വലിക്കുന്ന ഒരു മഹാ നക്ഷത്രം ആകാശത്തുനിന്നു വീണു; നദികളിൽ മൂന്നിലൊന്നിന്മേലും നീരുറവുകളിന്മേലും ആയിരുന്നു വീണതു.

 < 
8:11 ആ നക്ഷത്രത്തിന്നു കാഞ്ഞിരം എന്നു പേർ; വെള്ളത്തിൽ മൂന്നിലൊന്നു കാഞ്ഞിരംപോലെ ആയി; വെള്ളം കൈപ്പായതിനാൽ മനുഷ്യരിൽ പലരും മരിച്ചുപോയി.

8:12 നാലാമത്തെ ദൂതൻ ഊതി; അപ്പോൾ സൂര്യനിൽ മൂന്നിലൊന്നിനും ചന്ദ്രനിൽ മൂന്നിലൊന്നിന്നും നക്ഷത്രങ്ങളിൽ മൂന്നിലൊന്നിന്നും ബാധ തട്ടി; അവയിൽ മൂന്നിലൊന്നു ഇരുണ്ടുപോയി രാവും പകലും മൂന്നിലൊന്നു വെളിച്ചമില്ലാതെയായി.

8:13 അനന്തരം ഒരു കഴുകു: ഇനി കാഹളം ഊതുവാനുള്ള മൂന്നു ദൂതന്മാരുടെ കാഹളനാദം ഹേതുവായി ഭൂവാസികൾക്കു കഷ്ടം, കഷ്ടം, കഷ്ടം എന്നു ഉറക്കെ പറഞ്ഞുകൊണ്ടു ആകാശമദ്ധ്യേ പറക്കുന്നതു ഞാൻ കാൺകയും കേൾക്കയും ചെയ്തു.


* ----------------------------------------

വെളിപ്പാടു അദ്ധ്യായം 9  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21

9:1 അഞ്ചാമത്തെ ദൂതൻ ഊതി; അപ്പോൾ ഒരു നക്ഷത്രം ആകാശത്തുനിന്നു ഭൂമിയിൽ വീണുകിടക്കുന്നതു ഞാൻ കണ്ടു; അവന്നു അഗാധകൂപത്തിന്റെ താക്കോൽ ലഭിച്ചു.

9:2 അവൻ അഗാധകൂപം തുറന്നു; ഉടനെ പെരുഞ്ചൂളയിലെ പുകപോലെ കൂപത്തിൽനിന്നു പുകപൊങ്ങി; കൂപത്തിന്റെ പുകയാൽ സൂര്യനും ആകാശവും ഇരുണ്ടുപോയി.

9:3 പുകയിൽനിന്നു വെട്ടുക്കിളി ഭൂമിയിൽ പുറപ്പെട്ടു അതിന്നു ഭൂമിയിലെ തേളിന്നുള്ള ശക്തി ലഭിച്ചു.

9:4 നെറ്റിയിൽ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യർക്കല്ലാതെ ഭൂമിയിലെ പുല്ലിന്നും പച്ചയായതൊന്നിന്നും യാതൊരു വൃക്ഷത്തിന്നും കേടുവരുത്തരുതു എന്നു അതിന്നു കല്പന ഉണ്ടായി.

9:5 അവരെ കൊല്ലുവാനല്ല, അഞ്ചുമാസം ദണ്ഡിപ്പിപ്പാനത്രേ അതിന്നു അധികാരം ലഭിച്ചതു; അവരുടെ വേദന, തേൾ മനുഷ്യനെ കുത്തുമ്പോൾ ഉള്ള വേദനപോലെ തന്നേ.

 < 
9:6 ആ കാലത്തു മനുഷ്യർ മരണം അന്വേഷിക്കും; കാൺകയില്ലതാനും; മരിപ്പാൻ കൊതിക്കും; മരണം അവരെ വിട്ടു ഓടിപ്പോകും.

9:7 വെട്ടുക്കിളിയുടെ രൂപം യുദ്ധത്തിന്നു ചമയിച്ച കുതിരെക്കു സമം; തലയിൽ പൊൻകിരീടം ഉള്ളതുപോലെയും മുഖം മാനുഷമുഖംപോലെയും ആയിരുന്നു.

9:8 സ്ത്രീകളുടെ മുടിപോലെ അതിന്നു മുടി ഉണ്ടു; പല്ലു സിംഹത്തിന്റെ പല്ലുപോലെ ആയിരുന്നു.

9:9 ഇരിമ്പുകവചംപോലെ കവചം ഉണ്ടു; ചിറകിന്റെ ഒച്ച പടെക്കു ഓടുന്ന അനേകം കുതിരത്തേരുകളുടെ ഒച്ചപോലെ ആയിരുന്നു.

9:10 തേളിന്നുള്ളതുപോലെ വാലും വിഷമുള്ളും ഉണ്ടു; മനുഷ്യരെ അഞ്ചുമാസം ഉപദ്രവിപ്പാൻ അതിന്നുള്ള ശക്തി വാലിൽ ആയിരുന്നു.

 < 
9:11 അഗാധദൂതൻ അതിന്നു രാജാവായിരുന്നു; അവന്നു എബ്രായഭാഷയിൽ അബദ്ദോൻ എന്നും യവനഭാഷയിൽ അപ്പൊല്ലുവോൻ എന്നും പേർ.

9:12 കഷ്ടം ഒന്നു കഴിഞ്ഞു; ഇനി രണ്ടു കഷ്ടം പിന്നാലെ വരുന്നു.

9:13 ആറാമത്തെ ദൂതൻ ഊതി; അപ്പോൾ ദൈവസന്നിധിയിലെ സ്വർണ്ണ പീഠത്തിന്റെ കൊമ്പുകളിൽനിന്നു ഒരു ശബ്ദം കാഹളമുള്ള ആറാം ദൂതനോടു:

9:14 യുഫ്രാത്തേസ് എന്ന മഹാനദീതീരത്തു ബന്ധിച്ചിരിക്കുന്ന നാലു ദൂതന്മാരെയും അഴിച്ചുവിടുക എന്നു പറയുന്നതു ഞാൻ കേട്ടു.

9:15 ഉടനെ മനുഷ്യരിൽ മൂന്നിലൊന്നിനെ കൊല്ലുവാൻ ഇന്ന ആണ്ടു, മാസം, ദിവസം, നാഴികെക്കു ഒരുങ്ങിയിരുന്ന നാലു ദൂതന്മാരെയും അഴിച്ചുവിട്ടു.

 < 
9:16 കുതിരപ്പടയുടെ സംഖ്യപതിനായിരം മടങ്ങു ഇരുപതിനായിരം എന്നു ഞാൻ കേട്ടു.

9:17 ഞാൻ കുതിരകളെയും കുതിരപ്പുറത്തു ഇരിക്കുന്നവരെയും ദർശനത്തിൽ കണ്ടതു എങ്ങനെ എന്നാൽ അവർക്കു തീനിറവും രക്തനീലവും ഗന്ധകവർണ്ണവുമായ കവചം ഉണ്ടായിരുന്നു; കുതിരകളുടെ തല സിംഹങ്ങളുടെ തലപോലെ ആയിരുന്നു; വായിൽ നിന്നു തീയും പുകയും ഗന്ധകവും പുറപ്പെട്ടു.

9:18 വായിൽ നിന്നു പറപ്പെടുന്ന തീ, പുക, ഗന്ധകം എന്നീ മൂന്നു ബാധയാൽ മനുഷ്യരിൽ മൂന്നിലൊന്നു മരിച്ചുപോയി.

9:19 കുതിരകളുടെ ശക്തി വായിലും വാലിലും ആയിരുന്നു; വാലോ സർപ്പത്തെപ്പോലെയും തലയുള്ളതും ആയിരുന്നു;

9:20 ഇവയാലത്രേ കേടു വരുത്തുന്നതു. ഈ ബാധകളാൽ മരിച്ചുപോകാത്ത ശേഷം മനുഷ്യരോ ദുർഭൂതങ്ങളെയും, കാണ്മാനും കേൾപ്പാനും നടപ്പാനും വഹിയാത്ത പൊന്നു, വെള്ളി, ചെമ്പു, കല്ലു, മരം ഇവകൊണ്ടുള്ള ബിംബങ്ങളെയും നമസ്കരിക്കാതവണ്ണം തങ്ങളുടെ കൈപ്പണി വിട്ടു മാനസാന്തരപ്പെട്ടില്ല.

 < 
9:21 തങ്ങളുടെ കുലപാതകം, ക്ഷുദ്രം, ദുർന്നടപ്പു, മോഷണം എന്നിവ വിട്ടു മാനസാന്തരപ്പെട്ടതുമില്ല.


* ----------------------------------------

വെളിപ്പാടു അദ്ധ്യായം 10  <  1 2 3 4 5 6 7 8 9 10 11

10:1 ബലവാനായ മറ്റൊരു ദൂതൻ സ്വർഗ്ഗത്തിൽനിന്നിറങ്ങുന്നതു ഞാൻ കണ്ടു. അവൻ മേഘം ഉടുത്തും തലയിൽ ആകാശവില്ലുധരിച്ചും മുഖം സൂര്യനെപ്പോലെയും കാൽ തീത്തൂണുപോലെയും ഉള്ളവൻ.

10:2 അവന്റെ കയ്യിൽ തുറന്നോരു ചെറുപുസ്തകം ഉണ്ടായിരുന്നു. അവൻ വലങ്കാൽ സമുദ്രത്തിന്മേലും

10:3 ഇടങ്കാൽ ഭൂമിമേലും വെച്ചു, സിംഹം അലറുംപോലെ അത്യുച്ചത്തിൽ ആർത്തു; ആർത്തപ്പോൾ ഏഴു ഇടിയും നാദം മുഴക്കി.

10:4 ഏഴു ഇടി നാദം മുഴക്കിയപ്പോൾ ഞാൻ എഴുതുവാൻ ഭാവിച്ചു; എന്നാൽ ഏഴു ഇടി മുഴക്കിയതു എഴുതാതെ മുദ്രയിട്ടേക്ക എന്നു സ്വർഗ്ഗത്തിൽനിന്നു ഒരുശബ്ദം കേട്ടു.

10:5 സമുദ്രത്തിന്മേലും ഭൂമിമേലും നില്ക്കുന്നവനായി ഞാൻ കണ്ട ദൂതൻ വലങ്കൈ ആകാശത്തെക്കു ഉയർത്തി:

 < 
10:6 ഇനി കാലം ഉണ്ടാകയില്ല; ഏഴാമത്തെ ദൂതൻ കാഹളം ഊതുവാനിരിക്കുന്ന നാദത്തിന്റെ കാലത്തു ദൈവത്തിന്റെ മർമ്മം അവൻ തന്റെ ദാസന്മാരായ പ്രവാചകന്മാർക്കു അറിയിച്ചു കൊടുത്തതുപോലെ നിവൃത്തിയാകുമെന്നു ആകാശവും അതിലുള്ളതും

10:7 ഭൂമിയും അതിലുള്ളതും സമുദ്രവും അതിലുള്ളതും സൃഷ്ടിച്ചവനായി എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെച്ചൊല്ലി സത്യം ചെയ്തു.

10:8 ഞാൻ സ്വർഗ്ഗത്തിൽ നിന്നു കേട്ട ശബ്ദം പിന്നെയും എന്നോടു സംസാരിച്ചു: നീ ചെന്നു സമുദ്രത്തിന്മേലും ഭൂമിമേലും നില്ക്കുന്ന ദൂതന്റെ കയ്യിൽ തുറന്നിരിക്കുന്ന പുസ്തകം വാങ്ങുക എന്നു കല്പിച്ചു.

10:9 ഞാൻ ദൂതന്റെ അടുക്കൽ ചെന്നു ആ ചെറുപുസ്തകം തരുവാൻ പറഞ്ഞു. അവൻ എന്നോടു: നീ ഇതു വാങ്ങി തിന്നുക; അതു നിന്റെ വയറ്റിനെ കൈപ്പിക്കും എങ്കിലും വായിൽ തേൻ പോലെ മധുരിക്കും എന്നു പറഞ്ഞു.

10:10 ഞാൻ ദൂതന്റെ കയ്യിൽ നിന്നു ചെറുപുസ്തകം വാങ്ങിതിന്നു; അതു എന്റെ വായിൽ തേൻ പോലെ മധുരമായിരുന്നു; തിന്നു കഴിഞ്ഞപ്പോൾ എന്റെ വയറു കൈച്ചുപോയി.

 < 
10:11 അവൻ എന്നോടു: നീ ഇനിയും അനേകം വംശങ്ങളെയും ജാതികളെയും ഭാഷകളെയും രാജാക്കന്മാരെയും കുറിച്ചു പ്രവചിക്കേണ്ടിവരും എന്നു പറഞ്ഞു.


* ----------------------------------------

വെളിപ്പാടു അദ്ധ്യായം 11  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19

11:1 പിന്നെ ദണ്ഡുപോലെയുള്ള ഒരു കോൽ എന്റെ കയ്യിൽ കിട്ടി കല്പന ലഭിച്ചതു: നീ എഴുന്നേറ്റു ദൈവത്തിന്റെ ആലയത്തെയും യാഗപീഠത്തെയും അതിൽ നമസ്കരിക്കുന്നവരെയും അളക്കുക.

11:2 ആലയത്തിന്നു പുറത്തുള്ള പ്രാകാരം അളക്കാതെ വിട്ടേക്ക; അതു ജാതികൾക്കു കൊടുത്തിരിക്കുന്നു; അവർ വിശുദ്ധനഗരത്തെ നാല്പത്തുരണ്ടു മാസം ചവിട്ടും.

11:3 അന്നു ഞാൻ എന്റെ രണ്ടു സാക്ഷികൾക്കും വരം നല്കും; അവർ രട്ട് ഉടുത്തുകൊണ്ടു ആയിരത്തിരുനൂറ്ററുപതു ദിവസം പ്രവചിക്കും.

11:4 അവർ ഭൂമിയുടെ കർത്താവിന്റെ സന്നിധിയിൽ നില്ക്കുന്ന രണ്ടു ഒലീവ് വൃക്ഷവും രണ്ടു നിലവിളക്കും ആകുന്നു.

11:5 ആരെങ്കിലും അവർക്കു ദോഷം ചെയ്‍വാൻ ഇച്ഛിച്ചാൽ അവരുടെ വായിൽ നിന്നു തീ പുറപ്പെട്ടു അവരുടെ ശത്രുക്കളെ ദഹിപ്പിച്ചുകളയും; അവർക്കു ദോഷം വരുത്തുവാൻ ഇച്ഛിക്കുന്നവൻ ഇങ്ങനെ മരിക്കേണ്ടിവരും.

 < 
11:6 അവരുടെ പ്രവചനകാലത്തു മഴപെയ്യാതവണ്ണം ആകാശം അടെച്ചുകളവാൻ അവർക്കു അധികാരം ഉണ്ടു. വെള്ളത്തെ രക്തമാക്കുവാനും ഇച്ഛിക്കുമ്പോഴൊക്കെയും സകലബാധകൊണ്ടും ഭൂമിയെ ദണ്ഡിപ്പിപ്പാനും അധികാരം ഉണ്ടു.

11:7 അവർ തങ്ങളുടെ സാക്ഷ്യം തികെച്ചശേഷം ആഴത്തിൽ നിന്നു കയറി വരുന്ന മൃഗം അവരോടു പടവെട്ടി അവരെ ജയിച്ചു കൊന്നുകളയും.

11:8 അവരുടെ കർത്താവു ക്രൂശിക്കപ്പെട്ടതും ആത്മികമായി സൊദോം എന്നും മിസ്രയീം എന്നും പേരുള്ളതുമായ മഹാനഗരത്തിന്റെ വീഥിയിൽ അവരുടെ ശവം കിടക്കും.

11:9 സകലവംശക്കാരും ഗോത്രക്കാരും ഭാഷക്കാരും ജാതിക്കാരും അവരുടെ ശവം മൂന്നരദിവസം കാണും; അവരുടെ ശവം കല്ലറയിൽ വെപ്പാൻ സമ്മതിക്കയില്ല.

11:10 ഈ പ്രവാചകന്മാർ ഇരുവരും ഭൂമിയിൽ വസിക്കുന്നവരെ ദണ്ഡിപ്പിച്ചതുകൊണ്ടു ഭൂവാസികൾ അവർ നിമിത്തം സന്തോഷിച്ചു ആനന്ദിക്കയും അന്യോന്യം സമ്മാനം കൊടുത്തയക്കയും ചെയ്യും.

 < 
11:11 മൂന്നര ദിവസം കഴിഞ്ഞശേഷം ദൈവത്തിൽനിന്നു ജീവശ്വാസം അവരിൽ വന്നു അവർ കാൽ ഉൂന്നിനിന്നു — അവരെ കണ്ടവർ ഭയപരവശരായിത്തീർന്നു —

11:12 ഇവിടെ കയറിവരുവിൻ എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതു കേട്ടു, അവർ മേഘത്തിൽ സ്വർഗ്ഗത്തിലേക്കു കയറി; അവരുടെ ശത്രുക്കൾ അവരെ നോക്കിക്കൊണ്ടിരുന്നു.

11:13 ആ നാഴികയിൽ വലിയോരു ഭൂകമ്പം ഉണ്ടായി; നഗരത്തിൽ പത്തിലൊന്നു ഇടിഞ്ഞുവീണു; ഭൂകമ്പത്തിൽ ഏഴായിരം പേർ മരിച്ചുപോയി; ശേഷിച്ചവർ ഭയപരവശരായി സ്വർഗ്ഗത്തിലെ ദൈവത്തിന്നു മഹത്വം കൊടുത്തു.

11:14 രണ്ടാമത്തെ കഷ്ടം കഴിഞ്ഞു; മൂന്നാമത്തെ കഷ്ടം വേഗം വരുന്നു.

11:15 ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.

 < 
11:16 ദൈവസന്നിധിയിൽ സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തുനാലു മൂപ്പന്മാരും കവിണ്ണുവീണു ദൈവത്തെ നമസ്കരിച്ചു പറഞ്ഞതു.

11:17 സർവ്വശക്തിയുള്ള കർത്താവായ ദൈവമേ, ഇരിക്കുന്നവനും ഇരുന്നവനുമായുള്ളോവേ, നീ മഹാശക്തി ധരിച്ചു വാഴുകയാൽ ഞങ്ങൾ നിന്നെ സ്തുതിക്കുന്നു.

11:18 ജാതികൾ കോപിച്ചു: നിന്റെ കോപവും വന്നു: മരിച്ചവരെ ന്യായം വിധിപ്പാനും നിന്റെ ദാസന്മാരായ പ്രവാചകന്മാർക്കും വിശുദ്ധന്മാർക്കും ചെറിയവരും വലിയവരുമായി നിന്റെ ഭക്തന്മാർക്കും പ്രതിഫലം കൊടുപ്പാനും ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിപ്പാനും ഉള്ള കാലവും വന്നു.

11:19 അപ്പോൾ സ്വർഗ്ഗത്തിലെ ദൈവാലയം തുറന്നു, അവന്റെ നിയമപ്പെട്ടകം അവന്റെ ആലയത്തിൽ പ്രത്യക്ഷമായി; മിന്നലും നാദവും ഇടിമുഴക്കവും ഭൂകമ്പവും വലിയ കന്മഴയും ഉണ്ടായി.


* ----------------------------------------

വെളിപ്പാടു അദ്ധ്യായം 12  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18

12:1 സ്വർഗ്ഗത്തിൽ വലിയൊരു അടയാളം കാണായി: സൂര്യനെ അണിഞ്ഞോരു സ്ത്രീ; അവളുടെ കാൽക്കീഴ് ചന്ദ്രനും അവളുടെ തലയിൽ പന്ത്രണ്ടു നക്ഷത്രംകൊണ്ടുള്ള കിരീടവും ഉണ്ടായിരുന്നു.

12:2 അവൾ ഗർഭിണിയായി നോവുകിട്ടി വേദനപ്പെട്ടു നിലവിളിച്ചു.

12:3 സ്വർഗ്ഗത്തിൽ മറ്റൊരു അടയാളം കാണായി: ഏഴു തലയും പത്തു കൊമ്പും തലയിൽ ഏഴു രാജമുടിയുമായി തീനിറമുള്ളോരു മഹാസർപ്പം.

12:4 അതിന്റെ വാൽ ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ വലിച്ചുകൂട്ടി ഭൂമിയിലേക്കു എറിഞ്ഞുകളഞ്ഞു. പ്രസവിപ്പാറായ സ്ത്രീ പ്രസവിച്ച ഉടനെ കുട്ടിയെ തിന്നുകളവാൻ മഹാസർപ്പം അവളുടെ മുമ്പിൽ നിന്നു.

12:5 അവൾ സകലജാതികളെയും ഇരിമ്പുകോൽ കൊണ്ടു മേയ്പാനുള്ളോരു ആൺകുട്ടിയെ പ്രസവിച്ചു; കുട്ടി ദൈവത്തിന്റെ അടുക്കലേക്കും അവന്റെ സിംഹാസനത്തിലേക്കും പെട്ടെന്നു എടുക്കപ്പെട്ടു.

 < 
12:6 സ്ത്രീ മരുഭൂമിയിലേക്കു ഓടിപ്പോയി; അവിടെ അവളെ ആയിരത്തിരുനൂറ്ററുപതു ദിവസം പോറ്റേണ്ടതിന്നു ദൈവം ഒരുക്കിയോരു സ്ഥലം അവൾക്കുണ്ടു.

12:7 പിന്നെ സ്വർഗ്ഗത്തിൽ യുദ്ധം ഉണ്ടായി; മീഖായേലും അവന്റെ ദൂതന്മാരും മഹാസർപ്പത്തോടു പടവെട്ടി; തന്റെ ദൂതന്മാരുമായി മഹാസർപ്പവും പടവെട്ടി ജയിച്ചില്ലതാനും.

12:8 സ്വർഗ്ഗത്തിൽ അവരുടെ സ്ഥലം പിന്നെ കണ്ടതുമില്ല.

12:9 ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടു കൂടെ തള്ളിക്കളഞ്ഞു.

12:10 അപ്പോൾ ഞാൻ സ്വർഗ്ഗത്തിൽ ഒരു മഹാശബ്ദം പറഞ്ഞുകേട്ടതു: ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവന്റെ ക്രിസ്തുവിന്റെ ആധിപത്യവും തുടങ്ങിയിരിക്കുന്നു; നമ്മുടെ സഹോദരന്മാരെ രാപ്പകൽ ദൈവ സന്നിധിയിൽ കുറ്റം ചുമത്തുന്ന അപവാദിയെ തള്ളിയിട്ടുകളഞ്ഞുവല്ലോ.

 < 
12:11 അവർ അവനെ കുഞ്ഞാടിന്റെ രക്തം ഹേതുവായിട്ടും തങ്ങളുടെ സാക്ഷ്യവചനം ഹേതുവായിട്ടും ജയിച്ചു; മരണപര്യന്തം തങ്ങളുടെ പ്രാണനെ സ്നേഹിച്ചതുമില്ല.

12:12 ആകയാൽ സ്വർഗ്ഗവും അതിൽ വസിക്കുന്നവരുമായുള്ളോരേ, ആനന്ദിപ്പിൻ; ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.

12:13 തന്നെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു എന്നു മഹാസർപ്പം കണ്ടിട്ടു ആൺകുട്ടിയെ പ്രസവിച്ചസ്ത്രീയെ ഉപദ്രവിച്ചുതുടങ്ങി.

12:14 അപ്പോൾ സ്ത്രീക്കു മരുഭൂമിയിൽ തന്റെ സ്ഥലത്തെക്കു പറന്നുപോകേണ്ടതിന്നു വലിയ കഴുകിന്റെ രണ്ടു ചിറകുലഭിച്ചു; അവിടെ അവളെ സർപ്പത്തോടു അകലെ ഒരുകാലവും ഇരുകാലവും അരക്കാലവും പോറ്റി രക്ഷിച്ചു.

12:15 സർപ്പം സ്ത്രീയെ ഒഴുക്കിക്കളയേണ്ടതിന്നു അവളുടെ പിന്നാലെ തന്റെ വായിൽ നിന്നു നദിപോലെ വെള്ളം ചാടിച്ചു.

 < 
12:16 എന്നാൽ ഭൂമി സ്ത്രീക്കു തുണനിന്നു; മഹാസർപ്പം വായിൽനിന്നു ചാടിച്ച നദിയെ ഭൂമി വായ്തുറന്നു വിഴുങ്ങിക്കളഞ്ഞു.

12:17 മഹാസർപ്പം സ്ത്രീയോടു കോപിച്ചു, ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടു; അവൻ കടല്പുറത്തെ മണലിന്മേൽ നിന്നു.

12:18


* ----------------------------------------

വെളിപ്പാടു അദ്ധ്യായം 13  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18

13:1 അപ്പോൾ പത്തുകൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രാജമുടിയും തലയിൽ ദൂഷ്ണനാമങ്ങളും ഉള്ളോരു മൃഗം സമുദ്രത്തിൽ നിന്നു കയറുന്നതു ഞാൻ കണ്ടു.

13:2 ഞാൻ കണ്ട മൃഗം പുള്ളിപ്പുലിക്കു സദൃശവും അതിന്റെ കാൽ കരടിയുടെ കാൽപോലെയും വായ് സിംഹത്തിന്റെ വായ് പോലെയും ആയിരുന്നു. അതിന്നു മഹാസർപ്പം തന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു.

13:3 അതിന്റെ തലകളിൽ ഒന്നു മരണകരമായ മുറിവേറ്റതുപോലെ ഞാൻ കണ്ടു; അതിന്റെ മരണകരമായ മുറിവു പൊറുത്തുപോയി; സർവ്വഭൂമിയും മൃഗത്തെ കണ്ടു വിസ്മയിച്ചു.

13:4 മൃഗത്തിന്നു അധികാരം കൊടുത്തതുകൊണ്ടു അവർ മഹാസർപ്പത്തെ നമസ്ക്കരിച്ചു: മൃഗത്തോടു തുല്യൻ ആർ? അതിനോടു പൊരുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു മൃഗത്തെയും നമസ്കരിച്ചു.

13:5 വമ്പും ദൂഷണവും സംസാരിക്കുന്ന വായ് അതിന്നു ലഭിച്ചു; നാല്പത്തിരണ്ടു മാസം പ്രവർത്തിപ്പാൻ അധികാരവും ലഭിച്ചു.

 < 
13:6 അതു ദൈവത്തിന്റെ നാമത്തെയും അവന്റെ കൂടാരത്തെയും സ്വർഗ്ഗത്തിൽ വസിക്കുന്നവരെയും ദുഷിപ്പാൻ ദൈവദൂഷണത്തിന്നായി വായ്തുറന്നു.

13:7 വിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ ജയിപ്പാനും അതിന്നു അധികാരം ലഭിച്ചു; സകല ഗോത്രത്തിന്മേലും വംശത്തിന്മേലും ഭാഷമേലും ജാതിമേലും അധികാരവും ലഭിച്ചു.

13:8 ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതീട്ടില്ലാത്ത ഭൂവാസികൾ ഒക്കെയും അതിനെ നമസ്കരിക്കും.

13:9 ചെവിയുള്ളവൻ കേൾക്കട്ടെ.

13:10 അടിമയാക്കി കൊണ്ടുപോകുന്നവൻ അടിമയായിപ്പോകും; വാൾകൊണ്ടു കൊല്ലുന്നവൻ വാളാൽ മരിക്കേണ്ടിവരും; ഇവിടെ വിശുദ്ധന്മാരുടെ സഹിഷ്ണതയും വിശ്വാസവും കൊണ്ടു ആവശ്യം.

 < 
13:11 മറ്റൊരു മൃഗം ഭൂമിയിൽ നിന്നു കയറുന്നതു ഞാൻ കണ്ടു; അതിന്നു കുഞ്ഞാടിന്നുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു; അതു മഹാ സർപ്പം എന്നപോലെ സംസാരിച്ചു.

13:12 അതു ഒന്നാമത്തെ മൃഗത്തിന്റെ മുമ്പാകെ അതിന്റെ അധികാരം എല്ലാം നടത്തി ഭൂമിയെയും അതിൽ വസിക്കുന്നവരെയും മരണകരമായ മുറിവു പൊറുത്തുപോയ ഒന്നാം മൃഗത്തെ നമസ്കരിക്കുമാറാക്കുന്നു.

13:13 അതു മനുഷ്യർ കാൺകെ ആകാശത്തുനിന്നു ഭൂമിയിലേക്കു തീ ഇറങ്ങുമാറു വലിയ അടയാളങ്ങൾ പ്രവൃത്തിക്കയും മൃഗത്തിന്റെ മുമ്പിൽ പ്രവൃത്തിപ്പാൻ തനിക്കു ബലം കിട്ടിയ അടയാളങ്ങളെക്കൊണ്ടു ഭൂവാസികളെ തെറ്റിക്കുകയും വാളാൽ മുറിവേറ്റിട്ടും ജീവിച്ച മൃഗത്തിന്നു പ്രതിമ ഉണ്ടാക്കുവാൻ ഭൂവാസികളോടു പറകയും ചെയ്യുന്നു.

13:14

13:15 മൃഗത്തിന്റെ പ്രതിമ സംസാരിക്കേണ്ടതിന്നും മൃഗത്തിന്റെ പ്രതിമയെ നമസ്കരിക്കാത്തവരെ ഒക്കെയും കൊല്ലിക്കേണ്ടതിന്നു മൃഗത്തിന്റെ പ്രതിമെക്കു ആത്മാവിനെ കൊടുപ്പാൻ അതിന്നു ബലം ലഭിച്ചു.

 < 
13:16 അതു ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും സ്വതന്ത്രന്മാരും ദാസന്മാരുമായ എല്ലാവർക്കും വലങ്കൈമേലോ നെറ്റിയിലോ മുദ്ര കിട്ടുമാറും

13:17 മൃഗത്തിന്റെ പേരോ പേരിന്റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വില്ക്കുകയോ ചെയ്‍വാൻ വഹിയാതെയും ആക്കുന്നു.

13:18 ഇവിടെ ജ്ഞാനംകൊണ്ടു ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ: അതു ഒരു മനുഷ്യന്റെ സംഖ്യയത്രെ. അതിന്റെ സംഖ്യ അറുനൂറ്ററുപത്താറു.


* ----------------------------------------

വെളിപ്പാടു അദ്ധ്യായം 14  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20

14:1 പിന്നെ ഞാൻ സീയോൻ മലയിൽ കുഞ്ഞാടും അവനോടുകൂടെ നെറ്റിയിൽ അവന്റെ നാമവും പിതാവിന്റെ നാമവും എഴുതിയിരിക്കുന്ന നൂറ്റിനാല്പത്തിനാലായിരം പേരും നില്ക്കുന്നതു കണ്ടു.

14:2 പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും വലിയോരു ഇടിമുഴക്കംപോലെയും സ്വർഗ്ഗത്തിൽനിന്നു ഒരു ഘോഷം കേട്ടു; ഞാൻ കേട്ട ഘോഷം വൈണികന്മാർ വീണമീട്ടുന്നതുപോലെ ആയിരുന്നു.

14:3 അവർ സിംഹാസനത്തിന്നും നാലു ജീവികൾക്കും മൂപ്പന്മാർക്കും മുമ്പാകെ ഒരു പുതിയ പാട്ടുപാടി; ഭൂമിയിൽ നിന്നു വിലെക്കു വാങ്ങിയിരുന്ന നൂറ്റിനാല്പത്തിനാലായിരം പേർക്കല്ലാതെ ആർക്കും ആ പാട്ടു പഠിപ്പാൻ കഴിഞ്ഞില്ല.

14:4 അവർ കന്യകമാരാകയാൽ സ്ത്രീകളോടുകൂടെ മാലിന്യപ്പെടാത്തവർ. കുഞ്ഞാടുപോകുന്നേടത്തൊക്കെയും അവർ അവനെ അനുഗമിക്കുന്നു; അവരെ ദൈവത്തിന്നും കുഞ്ഞാടിന്നും ആദ്യഫലമായി മനുഷ്യരുടെ ഇടയിൽനിന്നു വീണ്ടെടുത്തിരിക്കുന്നു.

14:5 ഭോഷ്കു അവരുടെ വായിൽ ഉണ്ടായിരുന്നില്ല; അവർ കളങ്കമില്ലാത്തവർ തന്നേ.

 < 
14:6 വേറൊരു ദൂതൻ ആകാശമദ്ധ്യേ പറക്കുന്നതു ഞാൻ കണ്ടു; ഭൂവാസികളായ സകലജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു അറിയിപ്പാൻ അവന്റെ പക്കൽ ഒരു നിത്യസുവിശേഷം ഉണ്ടായിരുന്നു.

14:7 ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു. ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിൻ എന്നു അവൻ അത്യുച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു.

14:8 രണ്ടാമതു വേറൊരു ദൂതൻ പിൻചെന്നു: വീണുപോയി; തന്റെ ദുർന്നടപ്പിന്റെ ക്രോധമദ്യം സകലജാതികളെയും കുടിപ്പിച്ച മഹതിയാം ബാബിലോൻ വീണുപോയി എന്നു പറഞ്ഞു.

14:9 മൂന്നാമതു വേറൊരു ദൂതൻ അവരുടെ പിന്നാലെ വന്നു അത്യുച്ചത്തിൽ പറഞ്ഞതു: മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിച്ചു നെറ്റിയിലോ കൈമേലോ മുദ്ര ഏല്ക്കുന്നവൻ

14:10 ദൈവകോപത്തിന്റെ പാത്രത്തിൽ കലർപ്പില്ലാതെ പകർന്നിരിക്കുന്ന ദൈവക്രോധമദ്യം കുടിക്കേണ്ടിവരും; വിശുദ്ധദൂതന്മാർക്കും കുഞ്ഞാടിന്നും മുമ്പാകെ അഗ്നിഗന്ധകങ്ങളിൽ ദണ്ഡനം അനുഭവിക്കും.

 < 
14:11 അവരുടെ ദണ്ഡനത്തിന്റെ പുക എന്നെന്നേക്കും പൊങ്ങും; മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിക്കുന്നവർക്കും അതിന്റെ പേരിന്റെ മുദ്ര ഏല്ക്കുന്ന ഏവന്നും രാവും പകലും ഒരു സ്വസ്ഥതയും ഉണ്ടാകയില്ല.

14:12 ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണതകൊണ്ടു ഇവിടെ ആവശ്യം.

14:13 ഞാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദംകേട്ടു; അതു പറഞ്ഞതു: എഴുതുക: ഇന്നുമുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ; അതേ, അവർ തങ്ങളുടെ പ്രയത്നങ്ങളിൽ നിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്നു ആത്മാവു പറയുന്നു.

14:14 പിന്നെ ഞാൻ വെളുത്തോരു മേഘവും മേഘത്തിന്മേൽ മനുഷ്യപുത്രന്നു സദൃശനായ ഒരുത്തൻ തലയിൽ പൊൻകിരീടവും കയ്യിൽ മൂർച്ചയുള്ള അരിവാളുമായി ഇരിക്കുന്നതും കണ്ടു.

14:15 മറ്റൊരു ദൂതൻ ദൈവാലത്തിൽ നിന്നു പുറപ്പെട്ടു, മേഘത്തിന്മേൽ ഇരിക്കുന്നവനോടു: കൊയ്ത്തിന്നു സമയം വന്നതുകൊണ്ടു നിന്റെ അരിവാൾ അയച്ചു കൊയ്ക; ഭൂമിയിലെ വിളവു വിളഞ്ഞുണങ്ങിയിരിക്കുന്നു എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.

 < 
14:16 മേഘത്തിന്മേൽ ഇരിക്കുന്നവൻ അരിവാൾ ഭൂമിയിലേക്കു എറിഞ്ഞു ഭൂമിയിൽ കൊയ്ത്തു നടന്നു.

14:17 മറ്റൊരു ദൂതൻ സ്വർഗ്ഗത്തിലെ ആയലത്തിൽനിന്നു പുറപ്പെട്ടു; അവൻ മൂർച്ചയുള്ളോരു കോങ്കത്തി പിടിച്ചിരുന്നു.

14:18 തീയുടെമേൽ അധികാരമുള്ള വേറൊരു ദൂതൻ യാഗപീഠത്തിങ്കൽ നിന്നു പുറപ്പെട്ടു, മൂർച്ചയുള്ള കോങ്കത്തി പിടിച്ചിരുന്നവനോടു: ഭൂമിയിലെ മുന്തിരിങ്ങ പഴുത്തിരിക്കയാൽ നിന്റെ മൂർച്ചയുള്ള കോങ്കത്തി അയച്ചു മുന്തിരിവള്ളിയുടെ കുല അറുക്കുക എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.

14:19 ദൂതൻ കോങ്കത്തി ഭൂമിയിലേക്കു എറിഞ്ഞു, ഭൂമിയിലെ മുന്തിരിക്കുല അറുത്തു, ദൈവകോപത്തിന്റെ വലിയ ചക്കിൽ ഇട്ടു.

14:20 ചക്കു നഗരത്തിന്നു പുറത്തുവെച്ചു മെതിച്ചു; ചക്കിൽനിന്നു രക്തം കുതിരകളുടെ കടിവാളങ്ങളോളം പൊങ്ങി ഇരുനൂറു നാഴിക ദൂരത്തോളം ഒഴുകി.

 < 

* ----------------------------------------

വെളിപ്പാടു അദ്ധ്യായം 15  <  1 2 3 4 5 6 7 8

15:1 ഞാൻ വലുതും അത്ഭുതവുമായ മറ്റൊരു അടയാളം സ്വർഗ്ഗത്തിൽ കണ്ടു; ഒടുക്കത്തെ ഏഴു ബാധയുമുള്ള ഏഴു ദൂതന്മാരെ തന്നേ; അതോടുകൂടെ ദൈവക്രോധം തീർന്നു.

15:2 തീ കലർന്ന പളുങ്കുകടൽ പോലെ ഒന്നും മൃഗത്തോടും അതിന്റെ പ്രതിമയോടും പേരിന്റെ സംഖ്യയോടും ജയിച്ചവർ ദൈവത്തിന്റെ വീണകൾ പിടിച്ചുംകൊണ്ടു പളുങ്കുകടലിന്നരികെ നില്ക്കുന്നതും ഞാൻ കണ്ടു.

15:3 അവർ ദൈവത്തിന്റെ ദാസനായ മോശെയുടെ പാട്ടും കുഞ്ഞാടിന്റെ പാട്ടും പാടി ചൊല്ലിയതു: സർവ്വശക്തിയുള്ള ദൈവമായ കർത്താവേ, നിന്റെ പ്രവൃത്തികൾ വലുതും അത്ഭുതവുമായവ; സർവ്വജാതികളുടെയും രാജാവേ, നിന്റെ വഴികൾ നീതിയും സത്യവുമുള്ളവ:

15:4 കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകല ജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും.

15:5 ഇതിന്റെ ശേഷം സ്വർഗ്ഗത്തിലെ സാക്ഷ്യകൂടാരമായ ദൈവാലയം തുറന്നതു ഞാൻ കണ്ടു.

 < 
15:6 ഏഴു ബാധയുള്ള ഏഴു ദൂതന്മാരും ശുദ്ധവും ശുഭ്രവുമായുള്ള ശണവസ്ത്രം ധരിച്ചും മാറത്തു പൊൻകച്ച കെട്ടിയും കൊണ്ടു ദൈവാലയത്തിൽ നിന്നു പുറപ്പെട്ടുവന്നു.

15:7 അപ്പോൾ നാലു ജീവികളിൽ ഒന്നു എന്നെന്നേക്കും ജീവിച്ചിരിക്കുന്ന ദൈവത്തിന്റെ ക്രോധം നിറഞ്ഞ ഏഴു പൊൻകലശം ആ ഏഴു ദൂതന്മാർക്കു കൊടുത്തു.

15:8 ദൈവത്തിന്റെ തേജസ്സും ശക്തിയും ഹേതുവായിട്ടു ദൈവാലയം പുകകൊണ്ടു നിറഞ്ഞു; ഏഴു ദൂതന്മാരുടെ ബാധ ഏഴും കഴിയുവോളം ദൈവാലയത്തിൽ കടപ്പാൻ ആർക്കും കഴിഞ്ഞില്ല.


* ----------------------------------------

വെളിപ്പാടു അദ്ധ്യായം 16  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21

16:1 നിങ്ങൾ പോയി ക്രോധകലശം ഏഴും ഭൂമിയിൽ ഒഴിച്ചുകളവിൻ എന്നു ഒരു മഹാ ശബ്ദം ദൈവാലയത്തിൽനിന്നു ഏഴു ദൂതന്മാരോടും പറയുന്നതു ഞാൻ കേട്ടു.

16:2 ഒന്നാമത്തവൻ പോയി തന്റെ കലശം ഭൂമിയിൽ ഒഴിച്ചു; അപ്പോൾ മൃഗത്തിന്റെ മുദ്രയുള്ളവരും അതിന്റെ പ്രതിമയെ നമസ്കരിക്കുന്നവരുമായ മനുഷ്യർക്കു വല്ലാത്ത ദുർവ്രണം ഉണ്ടായി.

16:3 രണ്ടാമത്തവൻ തന്റെ കലശം സമുദ്രത്തിൽ ഒഴിച്ചു; അപ്പോൾ അതു മരിച്ചവന്റെ രക്തംപോലെ ആയിത്തിർന്നു; സമുദ്രത്തിലെ ജീവജന്തു ഒക്കെയും ചത്തുപോയി.

16:4 മൂന്നാമത്തെ ദൂതൻ തന്റെ കലശം നദികളിലും നീരുറവുകളിലും ഒഴിച്ചു; അവ രക്തമായിത്തീർന്നു.

16:5 അപ്പോൾ ജലാധിപതിയായ ദൂതൻ ഇവ്വണ്ണം പറയുന്നതു ഞാൻ കേട്ടു: ഇരിക്കുന്നവനും ഇരുന്നവനുമായി പരിശുദ്ധനായുള്ളോവേ, നീ ഇങ്ങനെ ന്യായം വിധിച്ചതു കൊണ്ടു നീതിമാൻ ആകുന്നു.

 < 
16:6 വിശുദ്ധന്മാരുടെയും പ്രവാചകന്മാരുവടെയും രക്തം അവർ ചിന്നിച്ചതുകൊണ്ടു നീ അവർക്കു രക്തം കുടിപ്പാൻ കൊടുത്തു; അതിന്നു അവർ യോഗ്യർ തന്നേ.

16:7 അവ്വണം യാഗപീഠവും: അതേ, സർവ്വശക്തിയുള്ള ദൈവമായ കർത്താവേ, നിന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ എന്നു പറയുന്നതു ഞാൻ കേട്ടു.

16:8 നാലാമത്തവൻ തന്റെ കലശം സൂര്യനിൽ ഒഴിച്ചു; അപ്പൊൾ തീകൊണ്ടു മനുഷ്യരെ ചുടുവാൻ തക്കവണ്ണം അതിന്നു അധികാരം ലഭിച്ചു.

16:9 മനുഷ്യർ അത്യുഷ്ണത്താൽ വെന്തുപോയി; ഈ ബാധകളുടെമേൽ അധികാരമുള്ള ദൈവത്തിന്റെ നാമത്തെ ദുഷിച്ചതല്ലാതെ അവന്നു മഹത്വം കൊടുപ്പാൻ തക്കവണ്ണം മാനസാന്തരപ്പെട്ടില്ല.

16:10 അഞ്ചാമത്തവൻ തന്റെ കലശം മൃഗത്തിന്റെ സിംഹാസനത്തിന്മേൽ ഒഴിച്ചു; അപ്പോൾ അതിന്റെ രാജ്യം ഇരുണ്ടുപോയി.

 < 
16:11 അവർ കഷ്ടതനിമിത്തം നാവു കടിച്ചുംകൊണ്ടു കഷ്ടങ്ങളും വ്രണങ്ങളും ഹേതുവാൽ സ്വർഗ്ഗത്തിലെ ദൈവത്തെ ദുഷിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെ വിട്ടു മാനസാന്തരപ്പെട്ടില്ല.

16:12 ആറാമത്തവൻ തന്റെ കലശം യൂഫ്രാത്തേസ് എന്ന മഹാനദിയിൽ ഒഴിച്ചു; കിഴക്കു നിന്നു വരുന്ന രാജാക്കന്മാർക്കു വഴി ഒരുങ്ങേണ്ടതിന്നു അതിലെ വെള്ളം വറ്റിപ്പോയി.

16:13 മഹാസർപ്പത്തിന്റെ വായിൽ നിന്നും മൃഗത്തിന്റെ വായിൽ നിന്നും കള്ളപ്രവാചകന്റെ വായിൽനിന്നും തവളയെപ്പോലെ മൂന്നു അശുദ്ധാത്മാക്കൾ പുറപ്പെടുന്നതു ഞാൻ കണ്ടു.

16:14 ഇവ സർവ്വഭൂതത്തിലും ഉള്ള രാജാക്കന്മാരെ സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന്നു കൂട്ടിച്ചേർപ്പാൻ അത്ഭുതങ്ങൾ ചെയ്തുകൊണ്ടു അവരുടെ അടുക്കലേക്കു പറുപ്പെടുന്ന ഭൂതാത്മാക്കൾ തന്നേ. —

16:15 ഞാൻ കള്ളനെപ്പോലെ വരും; തന്റെ ലജ്ജകാണുമാറു നഗ്നനായി നടക്കാതിരിപ്പാൻ തന്റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവൻ ഭാഗ്യവാൻ. —

 < 
16:16 അവ അവരെ എബ്രായഭാഷയിൽ ഹർമ്മഗെദ്ദോൻ എന്നു പേരുള്ള സ്ഥലത്തിൽ കൂട്ടിച്ചേർത്തു.

16:17 ഏഴാമത്തവൻ തന്റെ കലശം ആകശത്തിൽ ഒഴിച്ചു; അപ്പോൾ സംഭവിച്ചുതീർന്നു എന്നു ഒരു മഹാശബ്ദം ദൈവലായത്തിലെ സിംഹാസനത്തിൽ നിന്നു വന്നു.

16:18 മിന്നലും നാദവും ഇടിമുഴക്കവും വലിയ ഭൂകമ്പവും ഉണ്ടായി; ഭൂമിയിൽ മനുഷ്യർ ഉണ്ടായതുമുതൽ അതുപോലെ അത്ര വലുതായോരു ഭൂകമ്പം ഉണ്ടായിട്ടില്ല.

16:19 മഹാനഗരം മൂന്നംശമായി പിരിഞ്ഞു; ജാതികളുടെ പട്ടണങ്ങളും വീണു പോയി; ദൈവകോപത്തിന്റെ ക്രോധമദ്യമുള്ള പാത്രം മഹാബാബിലോന്നു കൊടുക്കേണ്ടതിന്നു അവളെ ദൈവസന്നിധിയിൽ ഓർത്തു.

16:20 സകലദ്വീപും ഓടിപ്പോയി; മലകൾ കാണ്മാനില്ലാതെയായി.

 < 
16:21 താലന്തോളം ഘനമുള്ള കല്ലായി വലിയ കല്മഴ ആകാശത്തു നിന്നു മനുഷ്യരുടെ മേൽ പെയ്തു; കന്മഴയുടെ ബാധ ഏറ്റവും വലുതാകകൊണ്ടു മനുഷ്യൻ ആ ബാധനിമിത്തം ദൈവത്തെ ദുഷിച്ചു.


* ----------------------------------------

വെളിപ്പാടു അദ്ധ്യായം 17  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18

17:1 പിന്നെ ഏഴു കലശമുള്ള ഏഴു ദൂതന്മാരിൽ ഒരുവൻ വന്നു എന്നോടു സംസാരിച്ചു: വരിക, ഭൂമിയിലെ രാജാക്കന്മാരോടു വേശ്യാവൃത്തി ചെയ്തു തന്റെ വേശ്യാവൃത്തിയുടെ മദ്യത്താൽ

17:2 ഭൂവാസികളെ മത്തരാക്കിയവളായി പെരുവെള്ളത്തിന്മീതെ ഇരിക്കുന്ന മഹാവേശ്യയുടെ ന്യായവിധി ഞാൻ കാണിച്ചുതരാം എന്നു പറഞ്ഞു.

17:3 അവൻ എന്നെ ആത്മാവിൽ മരുഭൂമിയിലേക്കു കൊണ്ടുപോയി. അപ്പോൾ ഏഴു തലയും പത്തു കൊമ്പും ഉള്ളതായി ദൂഷണനാമങ്ങൾ നിറഞ്ഞു കടുഞ്ചുവപ്പുള്ളോരു മൃഗത്തിന്മേൽ ഒരു സ്ത്രീ ഇരിക്കുന്നതു ഞാൻ കണ്ടു.

17:4 ആ സ്ത്രീ ധൂമ്രവർണ്ണവും കടുഞ്ചുവപ്പു നിറവും ഉള്ള വസ്ത്രം ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളായി തന്റെ വേശ്യവൃത്തിയുടെ മ്ളേച്ഛതയും അശുദ്ധിയും നിറഞ്ഞ സ്വർണ്ണപാനപാത്രം കയ്യിൽ പിടിച്ചിരുന്നു.

17:5 മർമ്മം: മഹതിയാം ബാബിലോൻ; വേശ്യമാരുടെയും മ്ളേച്ഛതകളുടെയും മാതാവു എന്നൊരു പേർ അവളുടെ നെറ്റിയിൽ എഴുതീട്ടുണ്ടു.

 < 
17:6 വിശുദ്ധന്മാരുടെ രക്തവും യേശുവിന്റെ സാക്ഷികളുടെ രക്തവും കുടിച്ചു സ്ത്രീ മത്തയായിരിക്കുന്നതു ഞാൻ കണ്ടു; അവളെ കണ്ടിട്ടു അത്യന്തം ആശ്ചര്യപ്പെട്ടു.

17:7 ദൂതൻ എന്നോടു പറഞ്ഞതു: നീ ആശ്ചര്യപ്പെടുന്നതു എന്തു? ഈ സ്ത്രീയുടെയും ഏഴു തലയും പത്തു കൊമ്പും ഉള്ളതായി അവളെ ചുമക്കുന്ന മൃഗത്തിന്റെയും മർമ്മം ഞാൻ പറഞ്ഞുതരാം.

17:8 നീ കണ്ട മൃഗമോ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും ഇനി അഗാധത്തിൽനിന്നു കയറി നാശത്തിലേക്കു പോകുവാൻ ഇരിക്കുന്നതും ആകുന്നു; ഉണ്ടായിരുന്നതും ഇല്ലാത്തതും വരുവാനുള്ളതുമായ മൃഗത്തെ ലോകസ്ഥാപനം മുതൽ ജീവപുസ്തകത്തിൽ പേർ എഴുതാതിരിക്കുന്ന ഭൂവാസികൾ കണ്ടു അതിശയിക്കും.

17:9 ഇവിടെ ജ്ഞാന ബുദ്ധി ഉണ്ടു; തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു.

17:10 അവ ഏഴു രാജാക്കന്മാരും ആകുന്നു; അഞ്ചുപേർ വീണുപോയി; ഒരുത്തൻ ഉണ്ടു; മറ്റവൻ ഇതുവരെ വന്നിട്ടില്ല; വന്നാൽ പിന്നെ അവൻ കുറഞ്ഞോന്നു ഇരിക്കേണ്ടതാകുന്നു.

 < 
17:11 ഉണ്ടായിരുന്നതും ഇല്ലാത്തതുമായ മൃഗം എട്ടാമത്തവനും എഴുവരിൽ ഉൾപ്പെട്ടവനും തന്നേ; അവൻ നാശത്തിലേക്കു പോകുന്നു.

17:12 നീ കണ്ട പത്തു കൊമ്പു പത്തു രാജാക്കന്മാർ; അവർ ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ല; മൃഗത്തോടു ഒന്നിച്ചു ഒരു നാഴിക നേരത്തേക്കു രാജാക്കന്മാരേപ്പോലെ അധികാരം പ്രാപിക്കും താനും.

17:13 ഇവർ ഒരേ അഭിപ്രായമുള്ളവർ; തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിന്നു ഏല്പിച്ചുകൊടുക്കുന്നു.

17:14 അവർ കുഞ്ഞാടിനോടു പോരാടും; താൻ കർത്താധികർത്താവും രാജാധിരാജാവും ആകകൊണ്ടു കുഞ്ഞാടു തന്നോടുകൂടെയുള്ള വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായി അവരെ ജയിക്കും.

17:15 പിന്നെ അവൻ എന്നോടു പറഞ്ഞതു: നീ കണ്ടതും വേശ്യ ഇരിക്കുന്നതുമായ വെള്ളം വംശങ്ങളും പുരുഷാരങ്ങളും ജാതികളും ഭാഷകളും അത്രേ.

 < 
17:16 നീ കണ്ട പത്തു കൊമ്പും മൃഗവും വേശ്യയെ ദ്വേഷിച്ചു ശൂന്യവും നഗ്നവുമാക്കി അവളുടെ മാംസം തിന്നുകളയും; അവളെ തീകൊണ്ടു ദഹിപ്പിക്കയും ചെയ്യും.

17:17 ദൈവത്തിന്റെ വചനം നിവൃത്തിയാകുവോളം തന്റെ ഹിതം ചെയ്‍വാനും ഒരേ അഭിപ്രായം നടത്തുവാനും തങ്ങടെ രാജത്വം മൃഗത്തിന്നു കൊടുപ്പാനും ദൈവം അവരുടെ ഹൃദയത്തിൽ തോന്നിച്ചു.

17:18 നീ കണ്ട സ്ത്രീയോ ഭൂരാജാക്കന്മാരുടെ മേൽ രാജത്വമുള്ള മഹാനഗരം തന്നേ.


* ----------------------------------------

വെളിപ്പാടു അദ്ധ്യായം 18  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24

18:1 അനന്തരം ഞാൻ വലിയ അധികാരമുള്ള മറ്റൊരു ദൂതൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങുന്നതു കണ്ടു; അവന്റെ തേജസ്സിനാൽ ഭൂമി പ്രകാശിച്ചു.

18:2 അവൻ ഉറക്കെ വിളിച്ചുപറഞ്ഞതു: വീണുപോയി: മഹതിയാം ബാബിലോൻ വീണുപോയി; ദുർഭൂതങ്ങളുടെ പാർപ്പിടവും സകല അശുദ്ധാത്മാക്കളുടെയും തടവും അശുദ്ധിയും അറെപ്പുമുള്ള സകലപക്ഷികളുടെയും തടവുമായിത്തിർന്നു.

18:3 അവളുടെ വേശ്യാവൃത്തിയുടെ ക്രോധമദ്യം സകലജാതികളും കുടിച്ചു; ഭൂമിയിലെ രാജാക്കന്മാർ അവളോടു വേശ്യാസംഗം ചെയ്കയും ഭൂമിയിലെ വ്യാപാരികൾ അവളുടെ പുളെപ്പിന്റെ ആധിക്യത്താൽ സമ്പന്നരാകയും ചെയ്തു.

18:4 വേറോരു ശബ്ദം സ്വർഗ്ഗത്തിൽ നിന്നു പറയുന്നതായി ഞാൻ കേട്ടതു. എന്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടു പോരുവിൻ.

18:5 അവളുടെ പാപം ആകാശത്തോളം കുന്നിച്ചിരിക്കുന്നു; അവളുടെ അകൃത്യം ദൈവം ഓർത്തിട്ടുമുണ്ടു.

 < 
18:6 അവൾ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങൾ അവൾക്കു പകരം ചെയ്‍വിൻ; അവളുടെ പ്രവൃത്തികൾക്കു തക്കവണ്ണം അവൾക്കു ഇരട്ടിച്ചു കൊടുപ്പിൻ; അവൾ കലക്കിത്തന്ന പാനപാത്രത്തിൽ അവൾക്കു ഇരട്ടി കലക്കിക്കൊടുപ്പിൻ;

18:7 അവൾ തന്നെത്താൻ മഹത്വപ്പെടുത്തി പുളെച്ചേടത്തോളം അവൾക്കു പീഡയും ദുഃഖവും കൊടുപ്പിൻ. രാജ്ഞിയായിട്ടു ഞാൻ ഇരിക്കുന്നു; ഞാൻ വിധവയല്ല; ദുഃഖം കാൺകയുമില്ല എന്നു അവൾ ഹൃദയംകൊണ്ടു പറയുന്നു.

18:8 അതുനിമിത്തം മരണം, ദുഃഖം, ക്ഷാമം എന്നിങ്ങനെ അവളുടെ ബാധകൾ ഒരു ദിവസത്തിൽ തന്നേ വരും; അവളെ തീയിൽ ഇട്ടു ചുട്ടുകളയും; അവളെ ന്യായം വിധിച്ച ദൈവമായ കർത്താവു ശക്തനല്ലോ.

18:9 അവളോടു കൂടെ വേശ്യാസംഗം ചെയ്തു പുളെച്ചിരിക്കുന്ന ഭൂരാജാക്കന്മാർ അവളുടെ പീഡനിമിത്തം ഭയപ്പെട്ടു ദൂരത്തു നിന്നുകൊണ്ടു അവളുടെ ദഹനത്തിന്റെ പുക കാണുമ്പോൾ അവളെച്ചൊല്ലി കരഞ്ഞും മാറത്തടിച്ചുംകൊണ്ടു:

18:10 അയ്യോ, അയ്യോ, മഹാനഗരമായ ബാബിലോനേ, ബലമേറിയ പട്ടണമേ, ഒരു മണിക്കൂറുകൊണ്ടു നിന്റെ ന്യായവിധി വന്നല്ലോ എന്നു പറയും

 < 
18:11 ഭൂമിയിലെ വ്യാപാരികൾ പൊന്നു, വെള്ളി, രത്നം, മുത്തു, നേരിയ തുണി, ധൂമ്ര വസ്ത്രം, പട്ടു, കടുഞ്ചുവപ്പു, ചന്ദനത്തരങ്ങൾ,

18:12 ആനക്കൊമ്പുകൊണ്ടുള്ള സകലവിധ സാമാനങ്ങൾ, വിലയേറിയ മരവും പിച്ചളയും ഇരിമ്പും മർമ്മരക്കല്ലുംകൊണ്ടുള്ള ഓരോ സാമാനം,

18:13 ലവംഗം, ഏലം, ധൂപവർഗ്ഗം, മൂറു, കുന്തുരുക്കം, വീഞ്ഞു, എണ്ണ, നേരിയ മാവു, കോതമ്പു, കന്നുകാലി, ആടു, കുതിര, രഥം, മാനുഷദേഹം, മാനുഷപ്രാണൻ എന്നീ ചരക്കു ഇനി ആരും വാങ്ങായ്കയാൽ അവളെച്ചൊല്ലി കരഞ്ഞു ദുഃഖിക്കുന്നു.

18:14 നീ കൊതിച്ച കായ്കനിയും നിന്നെ വിട്ടുപോയി; സ്വാദും ശോഭയും ഉള്ളതെല്ലാം നിനക്കു ഇല്ലാതെയായി; നീ ഇനി അവയെ ഒരിക്കലും കാണുകയില്ല.

18:15 ഈ വകകൊണ്ടു വ്യാപാരം ചെയ്തു അവളാൽ സമ്പന്നരായവർ അവൾക്കുള്ള പീഡ ഭയപ്പെട്ടു ദൂരത്തുനിന്നു:

 < 
18:16 അയ്യോ, അയ്യോ, മഹാനഗരമേ, നേരിയ തുണിയും ധൂമ്രവർണ്ണവും കടുഞ്ചുവപ്പും ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളേ, ഇത്രവലിയ സമ്പത്തു ഒരു മണിക്കൂറുകൊണ്ടു നശിച്ചുപോയല്ലോ എന്നു പറഞ്ഞു കരഞ്ഞു ദുഃഖിക്കും.

18:17 ഏതു മാലുമിയും ഓരോ ദിക്കിലേക്കു കപ്പലേറി പോകുന്ന ഏവനും കപ്പൽക്കാരും കടലിൽ തൊഴിൽ ചെയ്യുന്നവരൊക്കയും

18:18 ദൂരത്തുനിന്നു അവളുടെ ദഹനത്തിന്റെ പുക കണ്ടു: മഹാനഗരത്തോടു തുല്യമായ നഗരം ഏതു എന്നു നിലവിളിച്ചുപറഞ്ഞു.

18:19 അവർ തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു: അയ്യോ, അയ്യോ, കടലിൽ കപ്പലുള്ളവർക്കു എല്ലാം തന്റെ ഐശ്വര്യത്താൽ സമ്പത്തു വർദ്ധിപ്പിച്ച മഹാനഗരം ഒരു മണിക്കൂറുകൊണ്ടു നശിച്ചു പോയല്ലോ എന്നു പറഞ്ഞു കരഞ്ഞും ദുഃഖിച്ചുംകൊണ്ടു നിലവിളിച്ചു.

18:20 സ്വർഗ്ഗമേ, വിശുദ്ധന്മാരും അപ്പൊസ്തലന്മാരും പ്രവാചകന്മാരുമായുള്ളോരേ, ദൈവം അവളോടു നിങ്ങൾക്കുവേണ്ടി പ്രതികാരം നടത്തിയതുകൊണ്ടു അവളെച്ചൊല്ലി ആനന്ദിപ്പിൻ.

 < 
18:21 പിന്നെ ശക്തനായോരു ദൂതൻ തിരികല്ലോളം വലുതായോരു കല്ലു എടുത്തു സമുദ്രത്തിൽ എറിഞ്ഞു പറഞ്ഞതു: ഇങ്ങിനെ ബാബിലോൻ മഹാനഗരത്തെ ഹേമത്തോടെ എറിഞ്ഞുകളയും; ഇനി അതിനെ കാണുകയില്ല.

18:22 വൈണികന്മാർ, വാദ്യക്കാർ, കുഴലൂത്തുകാർ, കാഹളക്കാർ എന്നിവരുടെ സ്വരം നിന്നിൽ ഇനി കേൾക്കയില്ല; യാതൊരു കൌശലപ്പണിയും ചെയ്യുന്ന ഒരു ശില്പിയെയും നിന്നിൽ ഇനി കാണുകയില്ല; തിരികല്ലിന്റെ ഒച്ച ഇനി നിന്നിൽ കേൾക്കയില്ല.

18:23 വിളക്കിന്റെ വെളിച്ചം ഇനി നിന്നിൽ പ്രകാശിക്കയില്ല; മണവാളന്റെയും മണവാട്ടിയുടെയും സ്വരം ഇനി നിന്നിൽ കേൾക്കയില്ല; നിന്റെ വ്യാപാരികൾ ഭൂമിയിലെ മഹത്തുക്കൾ ആയിരുന്നു; നിന്റെ ക്ഷുദ്രത്താൽ സകലജാതികളും വശീകരിക്കപ്പെട്ടിരുന്നു.

18:24 പ്രവാചകന്മാരുടെയും വിശുദ്ധന്മാരുടെയും ഭൂമിയിൽവെച്ചു കൊന്നുകളഞ്ഞ എല്ലാവരുടെയും രക്തം അവളിൽ അല്ലോ കണ്ടതു.


* ----------------------------------------

വെളിപ്പാടു അദ്ധ്യായം 19  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21

19:1 അനന്തരം ഞാൻ സ്വർഗ്ഗത്തിൽ വലിയോരു പുരുഷാരത്തിന്റെ മഹാഘോഷം പോലെ കേട്ടതു: ഹല്ലെലൂയ്യാ! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്നുള്ളതു.

19:2 വേശ്യാവൃത്തികൊണ്ടു ഭൂമിയെ വഷളാക്കിയ മഹാവേശ്യക്കു അവൻ ശിക്ഷ വിധിച്ചു തന്റെ ദാസന്മാരുടെ രക്തം അവളുടെ കയ്യിൽനിന്നു ചോദിച്ചു പ്രതികാരം ചെയ്കകൊണ്ടു അവന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ.

19:3 അവർ പിന്നെയും: ഹല്ലെലൂയ്യാ! അവളുടെ പുക എന്നെന്നേക്കും പൊങ്ങുന്നു എന്നു പറഞ്ഞു.

19:4 ഇരുപത്തുനാലു മൂപ്പന്മാരും നാലു ജീവികളും: ആമേൻ, ഹല്ലെലൂയ്യാ! എന്നു പറഞ്ഞു സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ വീണു നമസ്കരിച്ചു.

19:5 നമ്മുടെ ദൈവത്തിന്റെ സകലദാസന്മാരും ഭക്തന്മാരുമായി ചെറിയവരും വലിയവരും ആയുള്ളോരേ, അവനെ വാഴ്ത്തുവിൻ എന്നു പറയുന്നോരു ശബ്ദം സിംഹാസനത്തിൽ നിന്നു പുറപ്പെട്ടു.

 < 
19:6 അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും ഞാൻ കേട്ടതു; ഹല്ലെലൂയ്യാ! സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവു രാജത്വം ഏറ്റിരിക്കുന്നു.

19:7 നാം സന്തോഷിച്ചു ഉല്ലസിച്ചു അവന്നു മഹത്വം കൊടുക്കുക; കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു.

19:8 അവൾക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാൻ കൃപ ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ തന്നേ.

19:9 പിന്നെ അവൻ എന്നോടു: കുഞ്ഞാടിന്റെ കല്യാണസദ്യെക്കു ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാന്മാർ എന്നു എഴുതുക എന്നു പറഞ്ഞു. ഇതു ദൈവത്തിന്റെ സത്യവചനം എന്നും എന്നോടു പറഞ്ഞു.

19:10 ഞാൻ അവനെ നമസ്കരിക്കേണ്ടതിന്നു അവന്റെ കാൽക്കൽ വീണു; അപ്പോൾ അവൻ എന്നോടു: അതരുതു: ഞാൻ നിനക്കും യേശുവിന്റെ സാക്ഷ്യം ഉള്ള നിന്റെ സഹോദരന്മാർക്കും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക; യേശുവിന്റെ സാക്ഷ്യമോ പ്രവചനത്തിന്റെ ആത്മാവു തന്നേ എന്നു പറഞ്ഞു.

 < 
19:11 അനന്തരം സ്വർഗ്ഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേൽ ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേർ. അവൻ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു.

19:12 അവന്റെ കണ്ണു അഗ്നിജ്വാല, തലയിൽ അനേകം രാജമുടികൾ; എഴുതീട്ടുള്ള ഒരു നാമവും അവന്നുണ്ടു; അതു അവന്നല്ലാതെ ആർക്കും അറിഞ്ഞുകൂടാ.

19:13 അവൻ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു; അവന്നു ദൈവവചനം എന്നു പേർ പറയുന്നു.

19:14 സ്വർഗ്ഗത്തിലെ സൈന്യം നിർമ്മലവും ശുഭ്രവുമായ വിശേഷ വസ്ത്രം ധരിച്ചു വെള്ളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു.

19:15 ജാതികളെ വെട്ടുവാൻ അവന്റെ വായിൽ നിന്നു മൂർച്ചയുള്ളവാൾ പുറപ്പെടുന്നു; അവൻ ഇരിമ്പുകോൽ കൊണ്ടു അവരെ മേയക്കും; സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു അവൻ മെതിക്കുന്നു.

 < 
19:16 രാജാധിരാജാവും കർത്താധികർത്താവും എന്ന നാമം അവന്റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു.

19:17 ഒരു ദൂതൻ സൂര്യനിൽ നില്ക്കുന്നതു ഞാൻ കണ്ടു; അവൻ ആകാശമദ്ധ്യേ പറക്കുന്ന സകല പക്ഷികളോടും:

19:18 രാജാക്കന്മാരുടെ മാംസവും സഹസ്രാധിപന്മാരുടെ മാംസവും വീരന്മാരുടെ മാംസവും കുതിരകളുടെയും കുതിരപ്പുറത്തിരിക്കുന്നവരുടെയും മാംസവും സ്വതന്ത്രന്മാരും ദാസന്മാരും ചെറിയവരും വലിയവരുമായ എല്ലാവരുടെയും മാംസവും തിന്മാൻ മഹാദൈവത്തിന്റെ അത്താഴത്തിന്നു വന്നു കൂടുവിൻ എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.

19:19 കുതിരപ്പുറത്തിരിക്കുന്നവനോടും അവന്റെ സൈന്യത്തോടും യുദ്ധം ചെയ്‍വാൻ മൃഗവും ഭൂരാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചു വന്നു കൂടിയതു ഞാൻ കണ്ടു.

19:20 മൃഗത്തെയും അതിന്റെ മുമ്പാകെ താൻ ചെയ്ത അടയാളങ്ങളാൽ മനുഷ്യരെ ചതിച്ചു മൃഗത്തിന്റെ മുദ്ര ഏല്പിക്കയും അതിന്റെ പ്രതിമയെ നമസ്കരിപ്പിക്കയും ചെയ്ത കള്ളപ്രവാചകനെയും പിടിച്ചു കെട്ടി ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിൽ ജീവനോടെ തള്ളിക്കളഞ്ഞു.

 < 
19:21 ശേഷിച്ചവരെ കുതിരപ്പുറത്തിരിക്കുന്നവന്റെ വായിൽ നിന്നു പുറപ്പെടുന്ന വാൾകൊണ്ടു കൊന്നു അവരുടെ മാംസം തിന്നു സകല പക്ഷികൾക്കും തൃപ്തിവന്നു.


* ----------------------------------------

വെളിപ്പാടു അദ്ധ്യായം 20  <  1 2 3 4 5 6 7 8 9 10 11 12 13 14 15

20:1 അനന്തരം ഒരു ദൂതൻ അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കയ്യിൽ പിടിച്ചുകൊണ്ടു സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങുന്നതു ഞാൻ കണ്ടു.

20:2 അവൻ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയിട്ടു.

20:3 ആയിരം ആണ്ടു കഴിയുവോളം ജാതികളെ വഞ്ചിക്കാതിരിപ്പാൻ അവനെ അഗാധത്തിൽ തള്ളിയിട്ടു അടെച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിന്റെ ശേഷം അവനെ അല്പകാലത്തേക്കു അഴിച്ചു വിടേണ്ടതാകുന്നു.

20:4 ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്കു ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാൻ കണ്ടു. അവർ ജീവിച്ചു ആയിരമാണ്ടു ക്രിസ്തുവിനോടുകൂടി വാണു.

20:5 മരിച്ചവരിൽ ശേഷമുള്ളവർ ആയിരം ആണ്ടു കഴിയുവോളം ജീവിച്ചില്ല.

 < 
20:6 ഇതു ഒന്നാമത്തെ പുനരുത്ഥാനം. ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; അവരുടെ മേൽ രണ്ടാം മരണത്തിന്നു അധികാരം ഇല്ല; അവർ ദൈവത്തിന്നും ക്രിസ്തുവിന്നും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു വാഴും.

20:7 ആയിരം ആണ്ടു കഴിയുമ്പോഴോ സാത്താനെ തടവിൽ നിന്നു അഴിച്ചുവിടും.

20:8 അവൻ ഭൂമിയുടെ നാലു ദിക്കിലുമുള്ള ജാതികളായി സംഖ്യയിൽ കടല്പുറത്തെ മണൽപോലെയുള്ള ഗോഗ്, മാഗോഗ് എന്നവരെ യുദ്ധത്തിന്നായി കൂട്ടിച്ചേർക്കേണ്ടതിന്നു വശീകരിപ്പാൻ പുറപ്പെടും.

20:9 അവർ ഭൂമിയിൽ പരക്കെ ചെന്നു വിശുദ്ധന്മാരുടെ പാളയത്തെയും പ്രിയനഗരത്തെയും വളയും; എന്നാൽ ആകാശത്തു നിന്നു തീ ഇറങ്ങി അവരെ ദഹിപ്പിച്ചുകളയും.

20:10 അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും.

 < 
20:11 ഞാൻ വലിയോരു വെള്ളസിംഹാസനവും അതിൽ ഒരുത്തൻ ഇരിക്കുന്നതും കണ്ടു; അവന്റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല.

20:12 മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി.

20:13 സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി.

20:14 മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.

20:15 ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും.

 < 

* ----------------------------------------

വെളിപ്പാടു അദ്ധ്യായം 21  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27

21:1 ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല.

21:2 പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭർത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ഇറങ്ങുന്നതും ഞാൻ കണ്ടു.

21:3 സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.

21:4 അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും.

21:5 ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു.

 < 
21:6 പിന്നെയും അവൻ എന്നോടു അരുളിച്ചെയ്തതു: സംഭവിച്ചുതീർന്നു; ഞാൻ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന്നു ഞാൻ ജിവനീരുറവിൽ നിന്നു സൌജന്യമായി കൊടുക്കും.

21:7 ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും.

21:8 എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ അറെക്കപ്പെട്ടവർ കുലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ: അതു രണ്ടാമത്തെ മരണം.

21:9 അന്ത്യബാധ ഏഴും നിറഞ്ഞ ഏഴു കലശം ഉണ്ടായിരുന്ന ഏഴു ദൂതന്മാരിൽ ഒരുത്തൻ വന്നു എന്നോടു: വരിക, കുഞ്ഞാടിന്റെ കാന്തയായ മണവാട്ടിയെ കാണിച്ചുതരാം എന്നു പറഞ്ഞു.

21:10 അവൻ എന്നെ ആത്മവിവശതയിൽ ഉയർന്നോരു വന്മലയിൽ കൊണ്ടുപോയി, യെരൂശലേമെന്ന വിശുദ്ധനഗരം സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ദൈവതേജസ്സുള്ളതായി ഇറങ്ങുന്നതു കാണിച്ചുതന്നു.

 < 
21:11 അതിന്റെ ജ്യോതിസ്സു ഏറ്റവും വിലയേറിയ രത്നത്തിന്നു തുല്യമായി സ്ഫടികസ്വച്ഛതയുള്ള സൂര്യകാന്തം പോലെ ആയിരുന്നു.

21:12 അതിന്നു പൊക്കമുള്ള വന്മതിലും പന്ത്രണ്ടു ഗോപുരവും ഗോപുരങ്ങളിൽ പന്ത്രണ്ടു ദൂതന്മാരും ഉണ്ടു; യിസ്രായേൽമക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെയും പേർ കൊത്തീട്ടും ഉണ്ടു.

21:13 കിഴക്കു മൂന്നു ഗോപുരം, വടക്കു മൂന്നു ഗോപുരം, തെക്കു മൂന്നു ഗോപുരം, പടിഞ്ഞാറു മൂന്നു ഗോപുരം.

21:14 നഗരത്തിന്റെ മതിലിന്നു പന്ത്രണ്ടു അടിസ്ഥാനവും അതിൽ കുഞ്ഞാടിന്റെ പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പന്ത്രണ്ടു പേരും ഉണ്ടു.

21:15 എന്നോടു സംസാരിച്ചവനു നഗരത്തെയും അതിന്റെ ഗോപുരങ്ങളെയും മതിലിനെയും അളക്കേണ്ടതിന്നു പൊന്നുകൊണ്ടുള്ള ഒരു അളവുകോൽ ഉണ്ടായിരുന്നു.

 < 
21:16 നഗരം സമചതുരമായി കിടക്കുന്നു; അതിന്റെ വീതിയും നീളവും സമം. അളവുകോൽകൊണ്ടു അവൻ നഗരത്തെ അളന്നു, ആയിരത്തിരുനൂറു നാഴിക കണ്ടു; അതിന്റെ നീളവും വീതിയും ഉയരവും സമം തന്നേ.

21:17 അതിന്റെ മതിൽ അളന്നു; മനുഷ്യന്റെ അളവിന്നു എന്നുവെച്ചാൽ ദൂതന്റെ അളവിന്നു തന്നേ, നൂറ്റിനാല്പത്തിനാലു മുഴം ഉണ്ടായിരുന്നു.

21:18 മതിലിന്റെ പണി സൂര്യകാന്തവും നഗരം സ്വച്ഛസ്ഫടികത്തിന്നൊത്ത തങ്കവും ആയിരുന്നു.

21:19 നഗരമതിലിന്റെ അടിസ്ഥാനങ്ങൾ സകല രത്നവുംകൊണ്ടു അലങ്കരിച്ചിരിക്കുന്നു; ഒന്നാം അടിസ്ഥാനം സൂര്യകാന്തം രണ്ടാമത്തേതു നീലരത്നം, മൂന്നാമത്തേതു മാണിക്യം, നാലാമത്തേതു മരതകം,

21:20 അഞ്ചാമത്തേതു നഖവർണ്ണി, ആറാമത്തേതു ചുവപ്പുകല്ലു, ഏഴാമത്തേതു പീതരത്നം, എട്ടാമത്തേതു ഗോമേദകം, ഒമ്പതാമത്തേതു പുഷ്യരാഗം, പത്താമത്തേതു വൈഡൂര്യം, പതിനൊന്നാമത്തേതു പത്മരാഗം, പന്ത്രണ്ടാമത്തേതു സുഗന്ധീ രത്നം.

 < 
21:21 പന്ത്രണ്ടു ഗോപുരവും പന്ത്രണ്ടു മുത്തു; ഓരോ ഗോപുരം ഓരോ മുത്തുകൊണ്ടുള്ളതും നഗരത്തിന്റെ വീഥി സ്വച്ഛസ്ഫടികത്തിന്നു തുല്യമായ തങ്കവും ആയിരുന്നു.

21:22 മന്ദിരം അതിൽ കണ്ടില്ല; സർവ്വശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആകുന്നു.

21:23 നഗരത്തിൽ പ്രകാശിപ്പാൻ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സു അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാടു അതിന്റെ വിളക്കു ആകുന്നു.

21:24 ജാതികൾ അതിന്റെ വെളിച്ചത്തിൽ നടക്കും; ഭൂമിയുടെ രാജാക്കന്മാർ തങ്ങളുടെ മഹത്വം അതിലേക്കു കൊണ്ടുവരും.

21:25 അതിന്റെ ഗോപുരങ്ങൾ പകൽക്കാലത്തു അടെക്കുകയില്ല; രാത്രി അവിടെ ഇല്ലല്ലോ.

 < 
21:26 ജാതികളുടെ മഹത്വവും ബഹുമാനവും അതിലേക്കു കൊണ്ടുവരും.

21:27 കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധമായതു യാതൊന്നും മ്ളേച്ഛതയും ഭോഷ്കും പ്രവർത്തിക്കുന്നവൻ ആരും അതിൽ കടക്കയില്ല.


* ----------------------------------------

വെളിപ്പാടു അദ്ധ്യായം 22  <  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21

22:1 വീഥിയുടെ നടുവിൽ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽ നിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജലനദിയും അവൻ എന്നെ കാണിച്ചു.

22:2 നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടുവിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു.

22:3 യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും; അവന്റെ ദാസന്മാർ അവനെ ആരാധിക്കും.

22:4 അവർ അവന്റെ മുഖംകാണും; അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും.

22:5 ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും.

 < 
22:6 പിന്നെ അവൻ എന്നോടു: ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കർത്താവു വേഗത്തിൽ സംഭവിക്കേണ്ടുന്നതു തന്റെ ദാസന്മാർക്കു കാണിച്ചുകൊടുപ്പാൻ തന്റെ ദൂതനെ അയച്ചു

22:7 ഇതാ, ഞാൻ വേഗത്തിൽ വരുന്നു; ഈ പുസ്തകത്തിലെ പ്രവചനം പ്രമാണിക്കുന്നവൻ ഭാഗ്യവാൻ എന്നു പറഞ്ഞു.

22:8 ഇതു കേൾക്കയും കാണുകയും ചെയ്തതു യോഹന്നാൻ എന്ന ഞാൻ തന്നേ. കേൾക്കയും കാൺകയും ചെയ്തശേഷം അതു എനിക്കു കാണിച്ചുതന്ന ദൂതന്റെ കാൽക്കൽ ഞാൻ വീണു നമസ്കരിച്ചു.

22:9 എന്നാൽ അവൻ എന്നോടു: അതരുതു: ഞാൻ നിന്റെയും നിന്റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവരുടെയും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക എന്നു പറഞ്ഞു.

22:10 അവൻ പിന്നെയും എന്നോടു പറഞ്ഞതു: സമയം അടുത്തിരിക്കയാൽ ഈ പുസ്തകത്തിലെ പ്രവചനം മുദ്രയിടരുതു.

 < 
22:11 അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.

22:12 ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.

22:13 ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു.

22:14 ജീവന്റെ വൃക്ഷത്തിൽ തങ്ങൾക്കു അധികാരം ഉണ്ടാകേണ്ടതിന്നും ഗോപുരങ്ങളിൽ കൂടി നഗരത്തിൽ കടക്കേണ്ടതിന്നും തങ്ങളുടെ വസ്ത്രം അലക്കുന്നവർ ഭാഗ്യവാന്മാർ.

22:15 നായ്ക്കളും ക്ഷുദ്രക്കാരും ദുർന്നടപ്പുകാരും കുലപാതകന്മാരും ബിംബാരാധികളും ഭോഷ്കിൽ പ്രിയപ്പെടുകയും അതിനെ പ്രവർത്തിക്കയും ചെയ്യുന്ന ഏവനും പുറത്തു തന്നേ.

 < 
22:16 യേശു എന്ന ഞാൻ സഭകൾക്കുവേണ്ടി നിങ്ങളോടു ഇതു സാക്ഷീകരിപ്പാൻ എന്റെ ദൂതനെ അയച്ചു; ഞാൻ ദാവീദിന്റെ വേരും വംശവും ശുഭ്രമായ ഉദയനക്ഷത്രവുമാകുന്നു.

22:17 വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ.

22:18 ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോടു ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും.

22:19 ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽ നിന്നു ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശം ദൈവം നീക്കിക്കളയും.

22:20 ഇതു സാക്ഷീകരിക്കുന്നവൻ: അതേ, ഞാൻ വേഗം വരുന്നു എന്നു അരുളിച്ചെയ്യുന്നു; ആമേൻ, കർത്താവായ യേശുവേ, വരേണമേ,

 < 
22:21 കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ; ആമേൻ.

* ----------------------------------------

അന്തം  < 
































Revelation

Indian Malayalam Bible (IMM)